Home/Evangelize/Article
Trending Articles
കുട്ടിക്കാലത്തെ ഒരു സംഭവത്തിലൂടെ കര്‍ത്താവ് നല്കിയ വിലപ്പെട്ട ബോധ്യങ്ങള്‍
ഒരിക്കല്‍ ദിവ്യകാരുണ്യസന്നിധിയില്‍ ഇരുന്നപ്പോള്‍ പഴയ ഒരു സംഭവം ഈശോ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അധ്യാപകര്‍ക്ക് മീറ്റിംഗ് ഉള്ളതിനാല്‍ മൂന്ന് മണിക്ക് സ്കൂള്‍ വിട്ട ദിവസം. സാധാരണയായി സ്കൂള്‍ വിട്ടാല്‍ ടൗണിലുള്ള പപ്പയുടെ ബേക്കറിക്കടയിലേക്ക് പോകുകയാണ് ചെയ്യുക. അവിടെ മമ്മിയുമുണ്ടാകും. അവിടെ ചെന്നിട്ടാണ് വീട്ടിലേക്ക് പോകുക. അന്നും പതിവുപോലെ സ്കൂളില്‍നിന്നും ഇറങ്ങി കൂട്ടുകാരനൊപ്പം നടന്നു. വരുന്ന വഴിയില്‍ ഒരു സിനിമാതിയറ്ററുണ്ട്. അവിടെയെത്തിയപ്പോള്‍ പെട്ടെന്ന് ഒരു ആഗ്രഹം, ‘സിനിമ കണ്ടാലോ?’ അപ്പോഴാകട്ടെ കൃത്യം ഷോ തുടങ്ങുന്ന നേരവുമാണ്. പിന്നെ ഒന്നും ആലോചിച്ചില്ല. കൈയിലുള്ള നിസാരതുക ഉപയോഗിച്ച് ടിക്കറ്റ് എടുത്ത് ഞാനും കൂട്ടുകാരനുംകൂടി സിനിമ കണ്ടു.
സിനിമ കഴിഞ്ഞ് തിരിച്ചിറങ്ങി കടയിലേക്ക് നടക്കുമ്പോള്‍ മനസ് ആകെ അസ്വസ്ഥമാകാന്‍ തുടങ്ങി. സമയം 5.30 ആയിട്ടുണ്ട്. സാധാരണയായി സ്കൂള്‍ വിട്ട് 4.15 ആകുമ്പോള്‍ കടയിലെത്തുന്ന ഞങ്ങള്‍ എന്തുകൊണ്ടാണ് താമസിച്ചത് എന്ന് വീട്ടുകാര്‍ അന്വേഷിക്കും. എന്ത് മറുപടി പറയുമെന്ന് ചിന്തിച്ച് പല കാരണങ്ങളും തേടി. അങ്ങനെ കടയിലെത്തി. കൗണ്ടറില്‍ മമ്മി ഇരിക്കുന്നു. പപ്പയെ കാണുന്നില്ല. അല്പം ആശ്വാസം. ഉടനെ മമ്മി ചോദിച്ചു, “എന്താടാ താമസിച്ചത്?”
ധൈര്യം സംഭരിച്ച് ആദ്യത്തെ നുണ കാച്ചി. “ഇന്ന് സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു.”
മമ്മിക്ക് അത് വിശ്വാസമായില്ലെന്ന് മുഖം കണ്ടപ്പോള്‍ മനസിലായി. മമ്മി അടുത്ത ചോദ്യം, “നിന്റെ സ്കൂളിലെ കുട്ടികള്‍ 3.30 ആയപ്പോള്‍ പോകുന്നത് കണ്ടല്ലോ?”
മമ്മിയുടെ ചോദ്യങ്ങള്‍ക്ക് ഓരോ കള്ളങ്ങള്‍ പറഞ്ഞ് പിടിച്ചുനിന്നുകൊണ്ടിരിക്കുകയാണ് ഞാന്‍. പെട്ടെന്ന് പപ്പ അവിടെയെത്തി. പിന്നെ ചോദ്യവും ഉത്തരവും ഒന്നും ഉണ്ടായിരുന്നില്ല, അടിയും വഴക്കുംമാത്രം! വേഗം മമ്മി ഇടപെട്ട് പപ്പയെ ശാന്തനാക്കി. ഞാന്‍ കരഞ്ഞുകൊണ്ട് മമ്മിയെ നോക്കി വീണ്ടും എന്നെ സ്വയം ന്യായീകരിക്കാന്‍ തുടങ്ങി, “എന്തിനാണ് പപ്പ എന്നെ അടിച്ചത്? ഇന്ന് ശരിക്കും സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. വേണമെങ്കില്‍ എന്റെ കൂട്ടുകാരോട് ചോദിച്ചുനോക്ക്.”
അതുകേട്ടതേ പപ്പയുടെ അടുത്ത അടി എനിക്ക് കിട്ടുമെന്ന് മനസിലായ മമ്മി വേഗം എന്നോട് പറഞ്ഞു, “നീ നുണ പറഞ്ഞതിനാ പപ്പ നിന്നെ അടിച്ചത്.”
അത് കേട്ടപ്പോള്‍ വീണ്ടും എന്നെത്തന്നെ ന്യായീകരിക്കാന്‍ ശ്രമം തുടങ്ങുന്നതുകണ്ട് മമ്മി പെട്ടെന്നുതന്നെ എന്നോട് പറഞ്ഞു, “സിനിമ തുടങ്ങിക്കഴിഞ്ഞല്ലേ നീയും കൂട്ടുകാരനും ബാല്‍ക്കണിയിലെ സീറ്റുകളില്‍ പോയിരുന്നത്? അതിന് തൊട്ടുപിന്നില്‍ പപ്പ ഇരിക്കുന്നുണ്ടായിരുന്നു!!”
ഞാന്‍ സ്തബ്ധനായി. പിന്നെ ഒന്നും പറയാനില്ലായിരുന്നു. ഞാന്‍ ചെയ്തതെല്ലാം വ്യക്തമായി കണ്ടതിനാലാണ് ഞാന്‍ പറഞ്ഞ കള്ളം പപ്പയെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
ഈ ‘സിനിമാക്കഥ’ ഓര്‍മിപ്പിച്ചതിലൂടെ കര്‍ത്താവ് എനിക്ക് ചില ബോധ്യങ്ങള്‍ തന്നു. അത് മൂന്ന് വ്യത്യസ്ത തലങ്ങളെക്കുറിച്ചായിരുന്നു.
ജഡികതലമാണ് ആദ്യത്തേത്. ഞാന്‍ മാതാപിതാക്കളുടെ അനുവാദമില്ലാതെയാണ് സിനിമ കാണാന്‍ പോയത്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇതുപോലുള്ള പ്രലോഭനങ്ങള്‍ കടന്നുവരാറുണ്ട്. അത്തരം പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാതെവരുന്നു. റോമാ 8/8 ഓര്‍മിപ്പിക്കുന്നത് ഇങ്ങനെയാണ്, “ജഡികപ്രവണതകളനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല.”
ലൗകികതലമാണ് രണ്ടാമത്തേത്. സിനിമ കണ്ടിട്ടും കണ്ടില്ല എന്ന് ഞാന്‍ നുണ പറഞ്ഞു. ചെയ്ത തെറ്റിനെ മറയ്ക്കാന്‍ വീണ്ടും വീണ്ടും തെറ്റുചെയ്യുന്ന അവസ്ഥ. അങ്ങനെ നാം ദൈവത്തില്‍നിന്ന് അകന്ന് നാശത്തിലേക്ക് പോകുകയും ചെയ്യുന്നു. “അവന് നുണയനും നുണയുടെ പിതാവുമാണ്” (യോഹന്നാന് 8/44).
മൂന്നാമത്തേത് ആത്മീയതലമാണ്. സിനിമ കണ്ടിട്ട് വന്നപ്പോള്‍ മമ്മിയുടെ ചോദ്യത്തിന് മറുപടിയായി സത്യം പറയുകയും ‘തെറ്റിപ്പോയി, മേലില്‍ ചെയ്യുകയില്ല’ڔഎന്ന് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ പപ്പ എന്നെ ശിക്ഷിക്കുകയില്ലായിരുന്നു. “കള്ളം പറയുന്ന അധരങ്ങള്‍ കര്ത്താവിന് വെറുപ്പാണ്. വിശ്വസ്തതയോടെ പെരുമാറുന്നവര്‍ കര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു” (സുഭാഷിതങ്ങള്‍ 12/22).
പാപികളെ കാത്തിരിക്കുന്ന ഒരു ദൈവമാണ് നമ്മുടെ കര്‍ത്താവ്. പാപത്തില്‍ വീഴുമ്പോള്‍ സ്വയം ന്യായീകരിക്കാതെ പാപം ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് തിരിച്ചുവരുമ്പോള്‍ കര്‍ത്താവ് നമ്മെ കൂടുതല്‍ സ്നേഹിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 32/5- “എന്റെ പാപം അവിടുത്തോട് ഞാന്‍ ഏറ്റുപറഞ്ഞു; എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോട് ഞാന്‍ ഏറ്റുപറയും എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ പാപം അവിടുന്ന് ക്ഷമിച്ചു.”
മറ്റൊരു ചിന്തകൂടി മനസിലേക്ക് വന്നു. ഞാന്‍ തിയറ്ററില്‍ കടന്നുചെല്ലുന്നതും സിനിമ കാണുന്നതും എല്ലാം എന്റെ അപ്പന് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അപ്പനെ കണ്ടില്ലെന്നേയുള്ളൂ. അതുകൊണ്ട് അപ്പനില്‍നിന്ന് രക്ഷപ്പെടാന്‍ എനിക്ക് സാധിക്കുകയില്ലായിരുന്നു. ഇതുപോലെയാണ് നമ്മുടെ എല്ലാ പ്രവൃത്തികളും.
നാം ചെയ്യുന്ന നന്മയും തിന്മയും എല്ലാം സ്വര്‍ഗത്തിലെ പിതാവ് കണ്ടുകൊണ്ടിരിക്കുന്നു. “ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെനിന്ന് മനസിലാക്കുന്നു. എന്റെ നടപ്പും കിടപ്പും അങ്ങ് പരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്ക് നന്നായറിയാം” (സങ്കീര്‍ത്തനങ്ങള്‍ 139/2-3). ഒന്നും അവിടുന്നില്‍നിന്ന് മറച്ചുവയ്ക്കുക സാധ്യമല്ല. അതിനാല്‍ത്തന്നെ വിശുദ്ധ കുമ്പസാരമെന്ന കൂദാശയിലൂടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് നമുക്ക് അവിടുത്തെ മുമ്പിലേക്ക് ചെല്ലാം. അവിടുന്ന് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും.
Joji Joseph
മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പകരം സന്യാസിനികളോട് അദ്ദേഹം വ്യത്യസ്തമായ കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടു ഇറ്റലിയിലെ കെരാസ്കോ ഗ്രാമം. ടീച്ചറായ റോസാ കാര്‍ഡോണ കൊച്ചുകുട്ടികളുടെ ക്ലാസില്‍ ഒരു ചോദ്യം ചോദിച്ചു, "വലുതാകുമ്പോള്‍ ആരായിത്തീരണം?" പല കുട്ടികളും ഉത്തരം നല്കി. പക്ഷേ കുറച്ചുനേരമായിട്ടും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് ആറുവയസ്സുകാരന് ജയിംസ് അല്‍ബേരിയോണ്‍. "നീയോ ജെയിംസേ? നീ താറാവിനെ വളര്‍ത്താന്‍ പോവാണോ?" അവന്റെ മറുപടി പെട്ടെന്നായിരുന്നു. "എനിക്കൊരു പുരോഹിതനാവണം." സ്കൂളില്‍ നടന്ന ഈ സംഭാഷണമെല്ലാം അറിഞ്ഞ അവന്റെ അമ്മ പറഞ്ഞു, 'ഒരു പുരോഹിതനാകാനാണ് നിന്റെ ആഗ്രഹമെങ്കില്‍ നന്നായി പഠിക്കണം, നന്നായി പണി ചെയ്യണം, നിന്റെ സഹോദരന്മാരെക്കാള് കൂടുതലായി നീ മുതിര്‍ന്നവരെ അനുസരിക്കണം.' ജയിംസ് അതെല്ലാം ഗൗരവമായിത്തന്നെ എടുത്തു. അവന്റെ സ്വഭാവം കുറേക്കൂടി നന്നായി. 1884 ഏപ്രില്‍ 4 ന് ആണ് മൈക്കിള്‍ അല്‍ബേരിയോണിന്റെയും തെരേസ റോസ അലോക്കോയുടെയും ആറുമക്കളില്‍ നാലാമത്തവന്‍ ആയി ഇറ്റലിയില്‍ ക്യൂണിയോവിലുള്ള ഫോസ്സാനോ എന്ന സ്ഥലത്ത് അവന് ജനിച്ചത്. അധികസമയം ജീവനോടെയിരിക്കുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ വേഗം തന്നെ പള്ളിയില്‍ കൊണ്ടുപോയി മാമോദീസ കൊടുത്തിരുന്നു. വൈദികനാകാനുള്ള അവന്റെ താല്പര്യം കണ്ട് അപ്പന് അവനെ സെമിനാരിയില്‍ ചേര്‍ത്തു. ആദ്യകാലങ്ങളില്‍ വളരെ തീക്ഷ്ണതയോടെ, പഠിക്കുന്നതിലും പ്രാര്‍ത്ഥിക്കുന്നതിലും നിയമങ്ങള്‍ അനുസരിക്കുന്നതിലും തിരുത്തലുകള്‍ സ്വീകരിക്കുന്നതിലുമൊക്കെ താല്പര്യം കാണിച്ചിരുന്ന ജെയിംസ് പിന്നീട് വായനയിലേക്ക് ചുരുങ്ങി. പഠിപ്പിലും പ്രാര്‍ത്ഥനയിലും താല്പര്യം കുറഞ്ഞു. ഒടുവില്‍ അവനെ സെമിനാരിയില്‍നിന്ന് തിരികെ അയക്കേണ്ടിവന്നു. 1900 ഏപ്രിലില്‍ അവന് വീട്ടില്‍ തിരിച്ചെത്തി. താമസിയാതെ, ഒരു പുരോഹിതനാകാനുള്ള ആഗ്രഹം വീണ്ടും അവനില്‍ കത്തിപടര്‍ന്നു. ഇടവക വികാരി മോണ്ടര്‍സീനൊ അച്ചനെ ചെന്നുകണ്ടു. പരിശുദ്ധ കുര്‍ബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവന്റെ സ്നേഹം പൂര്‍വാധികം ശക്തിയായി തിരിച്ചു വന്നു. വീണ്ടും ശ്രമിക്കാനും പുരോഹിതനാകാനും അച്ചന് അവനെ ഉപദേശിച്ചു. അതേ കൊല്ലം വീണ്ടും ആല്‍ബയിലെ സെമിനാരിയില്‍ അവന് ചേര്‍ന്നു. പുതിയ നൂറ്റാണ്ടില്‍ ... ഡിസംബര്‍ 31, 1900. പുതുവത്സരത്തിലേക്കും പുതുനൂറ്റാണ്ടിലേക്കും ലോകം കടക്കവേ, അന്ന് രാത്രി മണിക്കൂറുകളോളം ജെയിംസ് മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന അവന് തീക്ഷ്ണമായ പ്രാര്‍ത്ഥനയിലും ദൈവസാന്നിധ്യത്തിലും മുഴുകിയിരിക്കവേ തന്റെ വിളിയെക്കുറിച്ച് ഉത്തമബോധ്യം കൈവന്നു. പുതിയ നൂറ്റാണ്ടില്‍ പുതിയ ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം തന്നെ വിളിക്കുന്നു എന്നവന് മനസ്സിലായി. പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും ആര്‍ത്തിപിടിച്ചു വായിച്ചിരുന്ന, ന്യൂസ് പേപ്പറിലെ കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ ശ്രദ്ധിച്ചിരുന്ന ജെയിംസിന് പ്രസ്സിനും റേഡിയോ, സിനിമ പോലുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്കും ആളുകളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. 'അതെന്റെ കടമയായി എനിക്ക് തോന്നി...' അദ്ദേഹം പിന്നീട് എഴുതി. സെമിനാരിയില്‍ ജെയിംസിന് ഒരു സുഹൃത്തുണ്ടായിരുന്നു. തത്വശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസറായ കാനന്‍ കിയെസ. പിന്നീട് 40 കൊല്ലത്തോളം അദ്ദേഹം അവന്റെ ഗൈഡും ആത്മീയ പിതാവും ഒക്കെയായിരുന്നു. 'എല്ലാത്തിനെയും ദൈവത്തിന് മുന്നില്‍ ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമുള്ള വിഷയങ്ങളാക്കി മാറ്റാന്‍, ആരാധിക്കാന്‍, നന്ദി പറയാന്‍, പരിഹാരം ചെയ്യാന്‍, താഴ്മയോടെ പ്രാര്‍ത്ഥിക്കാന്‍- എല്ലാം ഞാന്‍ പഠിച്ചത് ഫാ. കിയെസയില്‍ നിന്നായിരുന്നു,' എന്നാണ് ജെയിംസ് അതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആശയങ്ങള്‍ ഒരുപാട് മനസ്സില്‍ ഉണ്ടായിരുന്ന ജെയിംസിന് അദ്ദേഹം ഉപദേശങ്ങള്‍ നല്കി നയിച്ചു. കാനന്‍ കിയെസ ഇപ്പോള്‍ ധന്യപദവിയിലാണ്. ഡോണ്‍ബോസ്കോയുടെ കൂടെ അനാരോഗ്യം പലപ്പോഴും തളര്‍ത്തിയെങ്കിലും ജെയിംസ് സെമിനാരിപഠനം പൂര്‍ത്തിയാക്കി ഇരുപത്തിമൂന്നാം വയസ്സില്‍, 1907 ജൂണ്‍ 29-ന് ആല്‍ബയിലെ കത്തീഡ്രലില്‍വച്ച് പുരോഹിതനായി അഭിഷിക്തനായി. ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു വരവേ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1908-ന്റെ അവസാനം ബിഷപ്, ജെയിംസിനെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീയോപദേഷ്ടാവായും കുമ്പസാരക്കാരനായും നിയമിച്ചു. ഇക്കാലത്ത്, ഫാദര്‍ അല്‍ബേരിയോണ്‍ തന്റെ ഒരു വൈദികസുഹൃത്തിനോട് പറഞ്ഞു, "ഡോണ്‍ ബോസ്കോ ചെയ്തതുപോലെ ധാരാളം യുവാക്കളെ ഒന്നിച്ചു ചേര്‍ത്ത് അപ്പസ്തോലിക വേലകള്‍ക്കായി ഒരുക്കാന്‍ എനിക്ക് ഇഷ്ടമാണ്. വെറുതെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും പഠിപ്പിക്കാനും അല്ല, എഡിറ്റിങ് പഠിപ്പിച്ച്, പുസ്തകങ്ങളും ന്യൂസ് പേപ്പറുകളും പ്രസിദ്ധീകരിച്ച്, സമൂഹത്തില്‍ ക്രിസ്ത്യാനികളെ വാര്‍ത്തെടുക്കാന്‍ അവരെ ഒരുക്കാന്‍." പൗളൈന്‍ കുടുംബത്തിന്റെ സ്ഥാപകന്‍ യുവവൈദികനായിരിക്കെത്തന്നെ അല്‍ബേരിയോണ്‍ പുസ്തകങ്ങള്‍ എഴുതാനും Gazetta d'Alba എന്ന, രൂപതയിലെ പ്രതിവാര ന്യൂസ് പേപ്പറിലേക്ക് ലേഖനങ്ങള്‍ എഴുതാനും തുടങ്ങിയിരുന്നു. 1912ല്‍ 'pastoral notes' പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 12, 1913 ല്‍ മാസ് മീഡിയ വഴിയുള്ള അപ്പസ്തോലികസേവനത്തില്‍ മുഴുവനായും ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് മനസ്സര്‍പ്പിക്കാനുള്ള വഴി ദൈവം തുറന്നു. ബിഷപ്പ് ഫ്രാന്‍സിസ് റേ Gazetta d'Alba യുടെ എഡിറ്ററും പ്രൊപ്രൈറ്ററും ആക്കിക്കൊണ്ട് മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്നും അദേഹത്തെ സ്വതന്ത്രനാക്കി. തുടര്‍ന്ന് ഫാ. അല്‍ബേരിയോണിന്റെ പരിശ്രമഫലമായി, നിര്‍മാണത്തിലും വിതരണത്തിലും കിടപിടിക്കാന്‍ വേറെ ആരുമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ പബ്ലിഷിങ് ഹൗസ് ആയിരുന്ന സെന്റ് പോള്‍സ് സ്ഥാപിക്കപ്പെട്ടു. വേറൊരു കത്തോലിക്ക പ്രസിദ്ധീകരണശാലയും ബൈബിള്‍ അത്രയധികം അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നില്ല. അവര്‍ പ്രസിദ്ധീകരിച്ചിരുന്ന Faminglia Crustiana എന്ന മാസികക്ക്, അഭൂതപൂര്‍വമായ വിധം വരിക്കാരാണ് അന്നുണ്ടായിരുന്നത്. 1914-ല്‍ ഫാദര്‍ അല്‍ബേരിയോണ്‍, സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് പ്രസ്സ് നടത്തി പരിശീലനം കൊടുക്കാനായി ആല്‍ബയില്‍ ഒരു പ്രിന്റിംഗ് സ്കൂള്‍ തുടങ്ങി. ഇതായിരുന്നു socitey of St. Paul സ്ഥാപനങ്ങളുടെ തുടക്കം. ഇതെല്ലാം കൂടിച്ചേര്‍ന്ന് 'ഗവണ്മെന്റ്, വിദ്യാഭ്യാസം, നിയമം, കുടുംബം, രാജ്യാന്തര ബന്ധങ്ങള്‍ ഇവയുടെയെല്ലാം നവീകരണം' എന്ന ദൗത്യവുമായി Pauline Family ആയിത്തീര്‍ന്നു. പൊതുവായ വിളി സുവിശേഷപ്രഘോഷണം ആയിരുന്നെങ്കിലും ഈ മിനിസ്ട്രികള്‍ സവിശേഷവും പരസ്പരപൂരകങ്ങളും എന്ന നിലയില്‍ വ്യത്യസ്തങ്ങളായിരുന്നു. പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കാനായി വന്ന, ഇപ്പോള്‍ 'ധന്യ' പദവിയിലേക്കുയര്‍ത്തപ്പെട്ട, മദര്‍ ടെക്ല തെരേസ മെര്‍ലോയുടെ സഹായത്തോടെ The daughters of St. Paul 1915-ല്‍ സ്ഥാപിച്ചു. 1923ലെ ക്രിസ്മസിനോടനുബന്ധിച്ച് 'Sister Disciples of the Divine Master‑' ന് തുടക്കമായി. അവരില്‍ ഒരു ഗ്രൂപ്പിനോട്, മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പരിഹാരമായി ദിവ്യകാരുണ്യആരാധന ശാന്തമായി നടത്താന്‍ ആവശ്യപ്പെട്ടു. 1938, ഒക്ടോബര്‍ 7-ന് 'Institute of the Sisters of Jesus the Good Shepherd' (pastorelle sisters)ന്റെ സ്ഥാപനത്തോടെ ഇടവകകളില്‍ പുരോഹിതര്‍ക്ക് ഒപ്പം വേല ചെയ്യാന്‍ സാധിക്കുന്ന സ്ന്യാസിനികളുടെ ഒരു സമൂഹം രൂപപ്പെട്ടു. 1959ല്‍ പുരോഹിത സന്യാസ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യവുമായി Sisters of the Queen of the Apostles‑ ലെ സ്ഥാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി നാല് സഭകള്‍ കൂടെ അദ്ദേഹം സ്ഥാപിച്ചു. അല്പനാള് കഴിഞ്ഞ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് ക്ഷണം ലഭിച്ചു. സോഷ്യല്‍ കമ്മ്യൂണിക്കേഷനുള്ള അപ്പസ്തോലേറ്റ് അംഗീകരിക്കപ്പെട്ടു എന്നാണ് ഫാ. അല്‍ബേരിയോണ്‍ അതേക്കുറിച്ച് പറഞ്ഞത്. ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട് അനാരോഗ്യം അല്‍ബേരിയോണിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു എല്ലായ്പോഴും. 1923ല്‍ ശ്വാസകോശത്തില്‍ ക്ഷയരോഗം പിടിപെട്ടു. ജോലികളില്‍നിന്ന് തീര്‍ത്തും പിന്മാറി പൂര്‍ണ്ണവിശ്രമം എടുക്കണമായിരുന്നു. കൂടിവന്നാല്‍ ഒന്നരകൊല്ലത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ കൊടുത്തത്. ആ സമയത്ത് കര്‍ത്താവ് ഫാദര്‍ ജെയിംസ് അല്‍ബേരിയോണിനെ ധൈര്യപ്പെടുത്തി, "ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്." തന്റെ അസുഖത്തില്‍നിന്ന് മോചിതനായപ്പോള്‍ ഫാദര്‍ അല്‍ബേരിയോണ്‍ ആ വാക്കുകളെ തന്റെ ജീവിതക്രമമായി തിരഞ്ഞെടുത്തു. അതിരാവിലെ എണീറ്റ് തന്റെ തിരക്കുപിടിച്ച ദിനചര്യകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അനേകമണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു. ജീവിതത്തില്‍ ആദ്യത്തെ 52 കൊല്ലങ്ങള്‍ ഫൊസ്സാനോയിലും കെരാസ്കോയിലും ആല്‍ബയിലുമൊക്കെയായി ചെലവഴിച്ച അല്‍ബേരിയോണ്‍ 1936 ല്‍ റോമിലേക്ക് പോയി. ചെറുപ്പം തൊട്ടേയുള്ള വാതരോഗം കൊണ്ടുള്ള വേദന വളരെയധികം കൂടിയതുകൊണ്ട് അവസാന വര്‍ഷങ്ങളില്‍ ഫാദര്‍ അല്‍ബേരിയോണിന് തന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വന്നു. അപ്പോഴും തന്റെ അപ്പസ്തോലേറ്റിനെ കൂടുതല്‍ നേരമെടുത്തുള്ള പ്രാര്‍ത്ഥന കൊണ്ട്, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കാല്‍മുട്ടിന്റെ പണി'കൊണ്ട് അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു. 1971 നവംബര്‍ 24-ന് രോഗം മൂര്‍ഛിച്ചു. ഒരു അപ്രതീക്ഷിതസന്ദര്‍ശനം നടത്തിയ പോള്‍ ആറാമന്‍ പാപ്പയില്‍ നിന്ന് അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. പാപ്പാ പോയതിന് പിന്നാലെ, നവംബര്‍ 26, വൈകുന്നേരം 6.15 ന് ഫാദര്‍ അല്‍ബേരിയോണ്‍ നിത്യതയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ വ്യക്തമായി അടുത്തുള്ളവര്‍ കേട്ടു, 'ഞാന്‍ മരിക്കുകയാണ്. എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗം! മറിയമേ സ്വസ്തി!' റോമില്‍ ശ്ലീഹന്മാരുടെ രാജ്ഞിയുടെ ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം വിശ്രമിക്കുന്നു. 2003 ഏപ്രില്‍ 27-ന് ജോണ്‍പോള്‍ രണ്ടാമന് പാ പ്പാ അദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നി രയിലേക്ക് ഉയര്‍ത്തി, നവംബര്‍ 26 തിരുനാ ള്‍ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
By: Jills Joy
Moreമനസുതളര്‍ന്ന് കിടന്നിരുന്ന മുറിയില്‍ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു... നാളുകള്‍ക്കുമുമ്പ്, ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ച് ദൂരെയായി മാറി താമസിക്കേണ്ട ഒരു സാഹചര്യം വന്നു. 2013-ലായിരുന്നു അത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം ഏറെ പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയായിരുന്നു. അവിടെ താമസം തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ശാലോം ടൈംസ് മാസികയൊന്നും ലഭിച്ചിരുന്നില്ല. എനിക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു മാസികയായിരുന്നു ശാലോം ടൈംസ്. ഒരു മാസിക കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെ അടുത്ത വീട്ടിലെ ഒരു ചേട്ടന് ഞങ്ങള്‍ക്ക് 2016 ലെ ശാലോം കലണ്ടര്‍ കൊണ്ടുവന്നു തന്നു. അത് ഒരു വലിയ സന്തോഷമായിരുന്നു. ജനുവരിമാസം മുതല്‍ ശാലോം ടൈംസ് തരാമെന്നും പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ അതിനായി കാത്തിരുന്നു. ആയിടക്ക് ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി. തിരിച്ച് വന്നപ്പോള്‍ ഞങ്ങള്‍ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരാള്‍ മറ്റ് പലരുടെയും വാക്കുകേട്ട് ഞങ്ങളെ തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്റെ അധീനതയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണമൂലമുണ്ടായ അസ്വസ്ഥതയാല്‍ അതുവരെ പറഞ്ഞ വ്യവസ്ഥകള്‍ എല്ലാം അദ്ദേഹം മാറ്റിപ്പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറിത്തരണമെന്ന് ആവശ്യപ്പെട്ടു. വളരെ വേദനാജനകമായ അവസ്ഥ. ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമായി പെട്ടെന്ന് എങ്ങോട്ട് മാറും? ഞാനാകെ തളര്‍ന്നു. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എല്ലാ സമയവും കിടപ്പുതന്നെ. "സാരമില്ല, എല്ലാം ദൈവം കാണുന്നുണ്ടല്ലോ. ജീവിതത്തില്‍ പ്രശ്നങ്ങളെ തരണം ചെയ്യണം" ഭാര്യ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നെങ്കിലും എനിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചതേയില്ല. മാനസിക സംഘര്‍ഷം താങ്ങാനാകാതെ ഒരാഴ്ചയോളം ഞാന്‍ കിടപ്പായിരുന്നു. ഞാന്‍ കിടന്നിരുന്ന മുറിയിലാണ് 2016 ലെ ശാലോം കലണ്ടര്‍ കിടന്നിരുന്നത്. ആ കലണ്ടറിന്റെ മുന്‍പേജിലെ വചനം ഇതായിരുന്നു: "ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു" (ഏശയ്യാ 60/1). ആ വചനം പലയാവര്‍ത്തി വായിച്ചപ്പോള്‍ അതെന്നെ ധൈര്യപ്പെടുത്തി. "ഈ വചനം നമുക്ക് ഉള്ളതാണ്!" ഞാന്‍ ഭാര്യയോട് പറഞ്ഞു. അതുകേട്ട് അവള് മറുപടി നല്കി, "ശരിയാണ്, നമ്മുടെ ഈ പ്രശ്നത്തെ ദൈവം നേരത്തേ അറിഞ്ഞാണ് ആ ചേട്ടനിലൂടെ നമുക്ക് ഈ കലണ്ടര്‍ തന്നത്." പിന്നീട് മൂന്നോ നാലോ ദിവസത്തോളം ഞങ്ങള്‍ എപ്പോഴും ഈ വചനം വായിച്ചു കൊണ്ടിരുന്നു. ആ വചനത്തിന്റെ ശക്തിയാല്‍ അപ്പോഴത്തെ പ്രശ്നത്തെ തരണം ചെയ്യാനും ആ വ്യക്തിയോട് വെറുപ്പില്ലാതിരിക്കാനും ദൈവം സഹായിച്ചു. കാലം കടന്നുപോയപ്പോള്‍, ഒരു ശാലോം ടൈംസിനായി കൊതിച്ച ഞങ്ങളെ ശാലോം ഏജന്റായി കര്‍ത്താവ് മാറ്റി. ഇന്ന് 50 പേര്‍ക്ക് ശാലോം ടൈംസ് നല്കാന് ഞങ്ങള്‍ക്ക് സാധിക്കുന്നു. ജറെമിയ 29/11- "കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുളള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുളള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി."
By: ജോബി ജോര്‍ജ്
Moreക്രിസ്മസിനായി എങ്ങനെ ഒരുങ്ങണമെന്ന് പരിശുദ്ധ ദൈവമാതാവ് എന്നെ പഠിപ്പിച്ചു. ഉണ്ണീശോയെക്കൂടാതെ പരിശുദ്ധ അമ്മ കാണപ്പെട്ട് എന്നോട് പറഞ്ഞു, "എന്റെ മകളേ, നിന്റെ ഹൃദയത്തില്‍ വസിക്കുന്ന ഈശോയ്ക്ക് എപ്പോഴും വിശ്രമിക്കാന്‍ സാധിക്കത്തക്കവിധം നിശബ്ദതയിലും എളിമയിലും നീ ജീവിക്കണം. നിന്റെ ഹൃദയത്തില്‍ നീ അവനെ ആരാധിക്കണം. നിന്റെ ആന്തരികതയില്‍നിന്ന് നീ ഒരിക്കലും പുറത്തുപോകരുത്. എന്റെ മകളേ, നിന്റെ ഉത്തരവാദിത്വങ്ങള്‍ നിഷ്ഠയോടുകൂടി അനുഷ്ഠിക്കുമ്പോഴും ആന്തരികതക്ക് ഭംഗം വരാതിരിക്കാനുള്ള കൃപാവരം ഞാന്‍ നിനക്കായി നേടിത്തരാം. നീ നിന്റെ ഹൃദയത്തില്‍ എപ്പോഴും അവനോടൊന്നിച്ച് വസിക്കണം. അവനാണ് നിന്റെ ശക്തി..."
By: Shalom Tidings
Moreജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, പ്രത്യാശ കൈവിടരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. ശാരീരിക അസ്വസ്ഥതകളാല്‍ ഇന്ന് അവധിയെടുത്തു. ശരീരം മുഴുവന്‍ നീരും വേദനയും. രണ്ടര വര്‍ഷമായി ഈശോയുടെ 'ഒളിച്ചേ, കണ്ടേ' കളി തുടങ്ങിയിട്ട്. അല്പം കലിപ്പിലാണ് ഈശോയോട് സംസാരിച്ചത്. "ഈശോയേ ഇതിനൊരു പരിഹാരം ഇല്ലേ? സഹനം മാറ്റാന്‍ ഞാന്‍ പറയുന്നില്ലല്ലോ? രോഗം എന്താണെന്നെങ്കിലും കണ്ടുപിടിച്ചു തന്നുകൂടേ?" നാല് ദിവസമായി ബൈബിളിലെ ജ്ഞാനത്തിന്റെ പുസ്തകം ഒമ്പതാം അദ്ധ്യായം ദിവസവും ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നു, രോഗം എന്താണെന്ന് ഒന്ന് കണ്ടുപിടിക്കാന്‍. എല്ലുരോഗ വിദഗ്ധര്‍ ചെയ്യാവുന്ന എല്ലാ ടെസ്റ്റുകളും ചെയ്തതാണ്. വാതരോഗത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് സംശയിച്ച് മെഡിക്കല്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുള്ള എല്ലാ ബ്ലഡ് ടെസ്റ്റുകളും ചെയ്തു. പതിനേഴ് MRI ചെയ്തു. എന്നിട്ടും രോഗം എന്തെന്ന് മനസ്സിലാകുന്നില്ല. ശരീരം മുഴുവന്‍ പരിമിതികളില്‍നിന്ന് കൂടുതല്‍ പരിമിതികളിലേക്കു നീങ്ങിക്കൊണ്ടിരുന്നു. രോഗം എന്ത് എന്ന ചോദ്യം മാത്രം ഉത്തരം ഇല്ലാതെ അവശേഷിച്ചു. കുറച്ചു സമയത്തേക്ക് മുറിയില്‍ നിശബ്ദത അലയടിച്ചു. സ്വര്‍ഗം മുഴുവന്‍ ആകാംക്ഷയോടെ ഈശോയെ നോക്കുകയാണ്. അടുത്ത നിമിഷം കട്ടിലില്‍ കിടക്കുന്ന എന്റെ വലതു കാതില്‍ ഒരു മൃദുസ്വരം കേട്ടു... R . A . FACTOR. നഴ്സ് ആയതു കൊണ്ട് ഈശോ പറഞ്ഞത് എനിക്ക് മനസ്സിലായി. വയ്യാതിരുന്നിട്ടു കൂടി ഉടനെ ആശുപത്രിയിലേക്ക് യാത്രയായി. ഡോക്ടറെ സന്ദര്‍ശിച്ചു കാര്യം പറഞ്ഞു, "ആര്.എ ഫാക്ടര്‍ ബ്ലഡില്‍ ചെക്ക് ചെയ്യണം." ഡോക്ടര്‍ ആകാംക്ഷയോടെ എന്നെ നോക്കി പറഞ്ഞു, "ആന്‍, ആര്.എ ഫാക്ടര്‍ ഒരു കണ്‍ഫര്‍മേറ്ററി ടെസ്റ്റ് അല്ല. അതൊഴികെ ചെയ്യാനുള്ള എല്ലാ ടെസ്റ്റുകളും ഏഴ് തവണ നമ്മള് ആവര്‍ത്തിച്ചു ചെയ്തിട്ടുള്ളതാണ്. എല്ലാ ടെസ്റ്റുകളും നെഗറ്റീവും ആണ്. ഇനി ഈ ടെസ്റ്റിന്റെ ആവശ്യം ഉണ്ടോ?" ഞാന്‍ ഡോക്ടറോട് പറഞ്ഞു, "ഡോക്ടറുടെ വാക്കുകള്‍ സത്യമാണ്. ചെയ്യാനുള്ളതെല്ലാം അതിന്റെ പാരമ്യത്തില്‍ ചെയ്തിട്ടുണ്ട്. ഇനി ഇത് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരുപക്ഷേ ഇതിലൂടെ എന്തെങ്കിലും ദൈവം ചെയ്താലോ?" എന്റെ വേദനയും പരിമിതികളും അറിയുന്ന ഡോക്ടര്‍ ആര്.എ ഫാക്ടര്‍ ടെസ്റ്റ് ഓര്‍ഡര്‍ ചെയ്തു. ലാബിലേക്ക് പോകുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലിനുവേണ്ടി ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ലാബിലുള്ളവര്‍ക്കു ഞാന്‍ സുപരിചിതയാണ്. കാരണം അത്രയും ടെസ്റ്റുകള്‍ ചെയ്തിട്ടുള്ളതാണ്. ഇന്ന് അവരും ആഗ്രഹിച്ചു രോഗനിര്‍ണ്ണയം സംഭവിക്കുവാന്‍. ഉച്ചയോടുകൂടി റിസള്‍ട്ട് ലഭിച്ചു. എനിക്ക് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഫാക്ടര്‍ പോസിറ്റീവ് ആണ്. ഈശോയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. സ്നേഹചുംബനങ്ങള് കൊണ്ട് മൂടി. ഈശോയെ ആശ്വസിപ്പിച്ചു, "ഈശോ നീ കരയല്ലേ. രണ്ടര വര്‍ഷം എന്നെ രോഗാവസ്ഥ അറിയിക്കാതെ, രോഗം അറിഞ്ഞു ഞാന്‍ വിഷമിക്കാതിരിക്കാന്‍ നിന്റെ ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിക്കാന്‍മാത്രം നീ എന്നെ സ്നേഹിച്ചല്ലോ. ആ സ്നേഹത്തിന് ഞാന്‍ എന്താണ് പകരം നല്‍കുക..." ഈശോയും ഞാനും ഭയങ്കര 'സെന്റി'യായി. റിസള്‍ട്ട് അടുത്ത ദിവസം ഡോക്ടറെ അറിയിച്ചു. ഉടനെതന്നെ റൂമറ്റോളജിസ്റ്റിനെ വിളിച്ചു, അവര്‍ അപ്പോയ്ന്റ്മെന്റ് വാങ്ങിത്തന്നു. 2021 ഓഗസ്റ്റ് 29-ന് എന്റെ രോഗം നിര്‍ണയിക്കപ്പെട്ടു. സ്പോണ്ടിലോ ആര്‍ത്രൈറ്റിസ് & ഫൈബ്രോമയാള്‍ജിയ. ഒരു രോഗമോ വേദനയോ ഒക്കെ നമ്മുടെ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ ഈശോയെ കുറ്റപ്പെടുത്താനും പഴിചാരാനും ഒക്കെ സാധ്യതകള്‍ ഉണ്ട്. പക്ഷെ നമ്മെക്കാള്‍ ഏറെ ഈശോ വേദനിക്കുന്നു. കാരണം തന്റെ കുഞ്ഞിന്റെ കരച്ചില് കാണാന്‍ കഴിയാത്ത അമ്മയെപ്പോലെ ഈശോയുടെ ഹൃദയം വിങ്ങുന്നു. ഒരു ഗാനത്തിന്റെ ഈരടികള്‍ ഓര്‍ത്തു പോകുകയാണ് 'എന്റെ മുഖം വാടിയാല്‍ ദൈവത്തിന് മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന് മിഴി നിറയും. ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഈശോ എന്റെ രോഗനിര്‍ണ്ണയം നടപ്പിലാക്കി. ഈശോക്ക് അടുത്ത പണി കൊടുക്കാന്‍ ഞാന്‍ തയ്യാറായി. എട്ട് വര്‍ഷമായി രോഗം നിര്‍ണയിക്കാന്‍ സാധിക്കാതെ തൃശ്ശൂരിലും എറണാകുളത്തുമായി എല്ലാ പ്രശസ്ത ആശുപത്രികളും കയറി ഇറങ്ങി ചികിത്സ ഇനി വേണ്ടെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു എന്റെ അമ്മ. യൂറിനറി ഇന്ഫെക്ഷന് ആയി തുടങ്ങി പിന്നീട് ഹൃദയഭേദകമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു . കിഡ്നിയും യൂറിനറി ബ്ളാഡറും എല്ലാം ചുരുങ്ങിത്തുടങ്ങി. മൂത്രം പോകാന്‍ വളരെ ബുദ്ധിമുട്ട്. പുകയുന്ന വേദന. ഐസ് വെള്ളം എടുത്തു പലപ്പോഴും വയറിനു മുകളിലൂടെ ഒഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എട്ട് വര്‍ഷത്തെ യാതനകള്‍ കഠിനമായിരുന്നു. എങ്കിലും അമ്മ പരാതികളില്ലാതെ വിശുദ്ധ ഗ്രന്ഥം വയറിനുമുകളില്‍ വച്ച് കിടക്കുമായിരുന്നു. ഈശോയോട് ഞാന്‍ വീണ്ടും വഴക്കിട്ടു. എന്റെ അമ്മയാണ് കൂടുതല്‍ വേദന സഹിച്ചത്. അതുകൊണ്ട് രോഗനിര്‍ണയം അമ്മക്ക് ഇനി വൈകാന്‍ പാടില്ല. ഇത്രയും പറഞ്ഞ് ഏഴ് ദിവസങ്ങള്‍ ജ്ഞാനം 9 പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏഴാം ദിവസം ഗൂഗിളില്‍ ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുകയായിരുന്നു, എന്റെ രോഗാവസ്ഥയെക്കുറിച്ച്. പെട്ടെന്ന് മറ്റൊരു ആര്‍ട്ടിക്കിള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. OBSTRUCTIVE UROPATHY RELATED TO RHEUMATOID ARTHRITIS അത് വായിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ ഒരു ചിന്ത. അമ്മക്ക് രോഗം ഇതായിരിക്കുമെന്ന്. പ്രായത്തിന്റേതായ ചില വേദനകള്‍ ജോയിന്റുകളില്‍ ഉണ്ടാവുന്നതല്ലാതെ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളായി അവയെ പരിഗണിച്ചിരുന്നില്ല. ഈ രോഗാവസ്ഥ ആര്‍ത്രൈറ്റിസില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു കോംപ്ലിക്കേഷന് ആണ്. ഈശോയോട് ചോദിച്ചു, എന്ത് ചെയ്യണം എന്ന്. ഈശോയുടെ മറുപടിയനുസരിച്ച് എനിക്ക് ചെയ്ത ചില ബ്ലഡ് ടെസ്റ്റുകള്‍ തൊട്ടടുത്ത ദിവസത്തില്‍ അമ്മക്ക് ചെയ്തു. റിസള്‍ട്ട് എല്ലാം വളരെ ഉയര്‍ന്ന റീഡിങ്ങുകള്‍ ആയിരുന്നു. പിന്നീട് അമ്മയ്ക്കും ചികിത്സ ആരംഭിച്ചു. ഈശോയുടെ കരുണയാല്‍ അല്പം ആശ്വാസം ലഭിക്കാന്‍ തുടങ്ങി. "ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!" (ജ്ഞാനം 9/16-17). ജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, നിരാശപ്പെടരുത്. പ്രത്യാശ കൈവിടരുത്. ചെങ്കടല്‍ കടന്നവര്‍ ജോര്‍ദാന്‍ നദിക്കു മുന്പില് പരിഭ്രമിക്കരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. അവന് വിളിക്കുംമുന്‍പേ ഉത്തരം നല്കുന്നവനാണ്. പ്രാര്‍ത്ഥിച്ചു തീരും മുന്‍പേ കേള്‍ക്കുന്നവനാണ്. "അവന്റെ മുന്പില് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുന്പില് സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്ക് ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്" (ഹെബ്രായര്‍ 4/13).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreഅന്നും പതിവുപോലെ ക്ലാസിലെത്തി രണ്ടാം ക്ലാസിലെ കൊച്ചുകൂട്ടുകാരോട് കുശലാന്വേഷണമൊക്കെ കഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് രസകരമായ കണക്കിന്റെ വഴികളിലൂടെ നീങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു കരച്ചില്! കുഞ്ഞുകൂട്ടുകാരന് ആഷിക്കാണ്, "ടീച്ചറേ, പല്ല് വേദനിക്കുന്നു..." ക്ലാസെടുക്കുന്നതിനിടയില്‍ ഇതുപോലെ തലവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് കൊച്ചുകൂട്ടുകാര്‍ കരയാറുണ്ട്. അപ്പോള്‍, ടീച്ചര്‍ വേദനിക്കുന്ന കുട്ടിയുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കും, മറ്റ് കുട്ടികള്‍ കൈകളുയര്‍ത്തി സ്തുതിക്കും. ഇന്ന് പല്ലുവേദനനിമിത്തം കരയുന്ന കുട്ടിയുടെയടുത്ത് ഇങ്ങനെ പ്രാര്‍ത്ഥിക്കണോ? അല്പം ശങ്കയോടെ ബോര്‍ഡില്‍ എഴുതിക്കൊണ്ടിരുന്നത് നിര്‍ത്തിവച്ച് കരയുന്ന കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചറിയിക്കുന്നതിനായി ഞാന്‍ ഓഫീസിലേക്ക് പോയി. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ജോലിസ്ഥലത്തുനിന്ന് സ്കൂള്‍ വിടുന്ന നേരത്തേ എത്താനാവുകയുള്ളൂ എന്നായിരുന്നു മറുപടി കിട്ടിയത്. എന്തുചെയ്യുമെന്നറിയാതെ തിടുക്കത്തില്‍ ക്ലാസിലേക്ക് തിരിച്ചെത്തിയ ഞാന്‍ കണ്ടത് ചിരിച്ചുകൊണ്ട് കണക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആഷിക്കിനെയാണ്! എന്റെ അമ്പരപ്പ് കണ്ടിട്ടെന്നോണം മറ്റ് കുട്ടികള്‍ പറഞ്ഞു, "ടീച്ചറങ്ങ് പോയപ്പോള്‍ സോന പറഞ്ഞു നമ്മുടെ ടീച്ചര്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ഈശോയോട് പ്രാര്‍ത്ഥിച്ചാലോ എന്ന്. അപ്പോള്‍ ഞങ്ങളെല്ലാവരും കൂടി പ്രാര്‍ത്ഥിച്ചു. ആഷിക്കിന്റെ പല്ലുവേദനയും മാറി." "അവന് ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍വച്ച് അനുഗ്രഹിച്ചു" (മര്‍ക്കോസ് 10/16)
By: Sister Vimal Rose CHF
Moreസ്നേഹവും ലാളിത്യവും ഊഷ്മളതയും നിറഞ്ഞ ഫ്രാന്‍സിസ്കന്‍ സഹോദരനായിരുന്നു ജൂണിപ്പര്‍. പക്ഷേ ആരെങ്കിലും അദ്ദേഹത്തോട് മുഖം കറുപ്പിച്ചാല്‍, ഉറക്കെ സംസാരിച്ചാല്‍ അദ്ദേഹമാകെ വാടിത്തളരും. ആക്ഷേപിക്കുന്നവരോട് ക്ഷമിക്കാനുള്ള ഉള്‍ക്കരുത്തുമില്ലായിരുന്നു ജൂണിപ്പറിന്. എന്നാല്‍, ഈ ബലഹീനതകളെപ്പറ്റി ബോധവാനായിരുന്നു അദ്ദേഹം. അതിനാല്‍ത്തന്നെ ഈ ബലഹീനതകളെ കീഴടക്കാന്‍ അദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. എത്ര ക്രൂരമായ അധിക്ഷേപത്തിന്റെ മുമ്പിലും ധീരതയോടെ നിശബ്ദത പാലിക്കുക, അതൃപ്തിയോടെ ആരെങ്കിലും തന്നെക്കുറിച്ച് സംസാരിക്കുന്നത് കേട്ടാല്‍ പ്രതികരിക്കരുത്, മറ്റുള്ളവര്‍ ശകാരിച്ചാല്‍പ്പോലും ശാന്തനായിരിക്കണം- ഇതൊക്കെയായിരുന്നു ജൂണിപ്പര്‍ സ്വയം നിയന്ത്രിക്കാന്‍ സ്വീകരിച്ച ചില പ്രായോഗികമാര്‍ഗങ്ങള്‍. തന്റെ നാക്കാണ് ഏറ്റവും ഉപദ്രവകാരി എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നാവിനെ നിലയ്ക്കുനിര്‍ത്താന്‍ മൗനവ്രതം എടുക്കാന്‍ തീരുമാനിച്ചു. പിതാവിന്റെ സ്നേഹവും പുത്രനായ യേശുവിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സ്നേഹവും പിന്നെ പരിശുദ്ധ കന്യാമറിയവും വിശുദ്ധ ഫ്രാന്‍സിസുമൊക്കെയായിരുന്നു ഓരോ ദിവസത്തെ ധ്യാനവിഷയങ്ങള്‍. അത്യാവശ്യകാര്യങ്ങള്‍ക്ക് ആംഗ്യങ്ങള്‍കൊണ്ട് മറുപടി നല്‍കും. അങ്ങനെ തുടര്‍ന്ന മൗനപാലനം ആറുമാസങ്ങള്‍ നീണ്ടു. അങ്ങനെയിരിക്കേ ഒരു ദിവസം ഒട്ടും സഹിക്കാന്‍ സാധിക്കാത്തവിധം ചില സഹോദരന്മാര് തന്നെക്കുറിച്ച് സംസാരിക്കുന്നത് ജൂണിപ്പര്‍ കേട്ടു. മൗനമായിരിക്കാന്‍ അദ്ദേഹം അതിതീവ്രശ്രമം നടത്തേണ്ടിവന്നു. അതിന്റെ ഫലമായി നെഞ്ചിനുള്ളിലെ ഞരമ്പുകള്‍ പൊട്ടി. പുറത്തേക്ക് തുപ്പിയത് രക്തം. അതോടൊപ്പം കടുത്ത മാനസിക സംഘര്‍ഷവും. സഹിക്കാനാവാതെ അദ്ദേഹം ദൈവാലയത്തിലേക്ക് ഓടി. ക്രൂശിതനെ കെട്ടിപ്പിടിച്ച് കേണു, "നാഥാ, അങ്ങയോടുള്ള സ്നേഹത്തെപ്രതിയാണ് ഇതെല്ലാം ഞാന്‍ സഹിക്കുന്നത്. എന്നെ അനുഗ്രഹിക്കണമേ..." ഒരു അത്ഭുതമാണ് തുടര്‍ന്ന് അവിടെ ഉണ്ടായത്. ക്രൂശിതരൂപത്തില്‍നിന്നും യേശുവിന്റെ വലംകൈ സാവധാനം താഴ്ന്നു. ജൂണിപ്പറിന്റെ മാറില്‍ ആ കൈ വച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു, "മകനേ, നിനക്കുവേണ്ടി ഞാന്‍ സഹിച്ചത് ഓര്‍ക്കൂ, നീയത് മനസിലാക്കുന്നില്ലേ?" ജൂണിപ്പര്‍ സഹോദരന്റെ അവസ്ഥ അവര്ണനീയമായിരുന്നു. പിന്നീടങ്ങോട്ട് ദൈവികവരദാനത്തിന്റെ പ്രകടമായ ശക്തി ജൂണിപ്പറിന് അനുഭവപ്പെട്ടു. അപ്പോള്‍മുതല്‍ ഏത് അധിക്ഷേപവും സന്തോഷത്തോടെ സഹിക്കാമെന്നായി.
By: Shalom Tidings
Moreതിരുപ്പട്ടത്തിന് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ സിസ്റ്ററിന് കത്തയക്കുന്നത് അനുചിതമാകുമോയെന്ന് ചിന്തിക്കാതെയാണ് അത് ചെയ്തത്... പെദ്രോയ്ക്ക് നാലുവയസുള്ള സമയം. വെറുതെ കൈയിലെടുത്ത ഒരു പുസ്തകം വായിച്ചുകൊടുക്കാന് തന്റെ വീട്ടിലെ ഒരാളോട് ആ ബ്രസീലിയന്‍ ബാലന് ആവശ്യപ്പെട്ടു. 'ഒരു ആത്മാവിന്റെ കഥ' എന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ പുസ്തകമായിരുന്നു അത്. അന്നുമുതല്‍ പെദ്രോക്ക് ആ ഫ്രഞ്ച് കര്‍മലീത്താസന്യാസിനിയോടുള്ള ഇഷ്ടം വളര്‍ന്നുകൊണ്ടിരുന്നു. പില്ക്കാലത്ത് പെദ്രോ റോമില്‍ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിപഠനകാലത്ത് സഹപാഠികളൊരുമിച്ച് ഫ്രാന്‍സിലെ ലിസ്യൂവിലേക്ക് ഒരു യാത്ര. അവിടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ കുടുംബം താമസിച്ചിരുന്ന വീടും 14 വയസുമുതല്‍ 24 വയസുവരെ വിശുദ്ധ ജീവിച്ചിരുന്ന മഠവുമെല്ലാം സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. അവിടെവച്ച് പെദ്രോ വിശുദ്ധ കൊച്ചുത്രേസ്യയുടെ സഹോദരിയായ സിസ്റ്റര്‍ സെലിനെ കാണുകയും ചെയ്തു. അന്ന് രാത്രി ആ കര്‍മ്മലമഠത്തിന് സമീപമുള്ള പുരുഷന്മാരുടെ താമസസ്ഥലത്ത് അത്താഴസമയത്ത് പെദ്രോയ്ക്ക് അതാ ഒരു സമ്മാനം എത്തുകയാണ്. കവര്‍ തുറന്നുനോക്കിയപ്പോള്‍ അതില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ മുടിച്ചുരുളായിരുന്നു. സെലിന് പെദ്രോയ്ക്കായി പ്രത്യേകം കൊടുത്തുവിട്ട സമ്മാനമായിരുന്നു അത്. "ആ രാത്രി സന്തോഷം നിമിത്തം എനിക്കുറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?" എന്നാണ് അതേക്കുറിച്ച് പെദ്രോ ചോദിക്കുന്നത്. "കൊച്ചുത്രേസ്യയെയും സെലിനെയും കുറിച്ച് എന്തെല്ലാം വായിച്ചിട്ടുള്ളതാണ്! ഇപ്പോഴിതാ സെലിന് സമ്മാനിച്ച വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് എനിക്ക് കിട്ടിയിരിക്കുന്നു! ഞാന്‍ സന്തോഷംകൊണ്ട് നിറഞ്ഞു. പിന്നീട് അത്താഴം കഴിച്ചോ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഞാന്‍ അത്രയേറെ സംതൃപ്തനായിക്കഴിഞ്ഞിരുന്നു." നാളുകള്‍ക്കുശേഷം അവരുടെ ബാച്ചിലെല്ലാവരുടെയും തിരുപ്പട്ടം അടുത്തുവന്ന സമയം. 24 വയസ് തികയാത്തതിനാല്‍ കാനന്‍ നിയപ്രകാരം പെദ്രോയ്ക്ക് തിരുപ്പട്ടം സ്വീകരിക്കാനാവില്ല എന്ന് അറിയിപ്പ് ലഭിച്ചു. അത് വളരെ സങ്കടകരമായിരുന്നു. ആ സമയത്തുതന്നെയാണ് സിസ്റ്റര്‍ സെലിന് തീര്‍ത്തും രോഗിയായിരിക്കുകയാണ് എന്ന് പെദ്രോ അറിയുന്നതും. സിസ്റ്ററിന് ഒരു കത്തയക്കാന്‍ പെദ്രോ തീരുമാനിച്ചു. "സിസ്റ്റര്‍ സെലിന്, മാര്‍ച്ച് 14-നുമുമ്പ് ഈ ദിവസങ്ങളില്‍ നിങ്ങള്‍ മരിക്കുകയാണെങ്കില്‍ മാര്‍ച്ച് 14-ന് നടക്കുന്ന തിരുപ്പട്ടസ്വീകരണത്തില്‍ എനിക്കും പങ്കുചേരാന്‍ സാധിക്കണമെന്ന് വിശുദ്ധ കൊച്ചുത്രേസ്യയോട് പറയണം." മരണാസന്നയായിരിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെയൊരു കത്തയക്കുന്നത് അനൗചിത്യമാണോ എന്നൊന്നും അന്ന് പെദ്രോ ചിന്തിച്ചില്ല. എന്തായാലും ആ കത്ത് അയച്ചതിനുശേഷം പെദ്രോയ്ക്ക് പൗരോഹിത്യം സ്വീകരിക്കാനുള്ള കര്‍ദിനാളിന്റെ പ്രത്യേക അനുമതി ലഭിച്ചു. അതിനുശേഷമാണ് ഫെബ്രുവരി 25-ന് സിസ്റ്റര്‍ സെലിന് മരിച്ചുവെന്ന് പെദ്രോ അറിയുന്നത്. താന്‍ പറഞ്ഞുവിട്ട കാര്യം സെലിന് കൊച്ചുത്രേസ്യയോട് പറഞ്ഞുവെന്ന് പെദ്രോയ്ക്ക് ഉറപ്പായി. 1959-ല്‍ നടന്ന ഈ സംഭവം പെദ്രോയ്ക്ക് വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള സ്നേഹം ഒന്നുകൂടി വര്‍ധിപ്പിച്ചു. ഇന്ന് 64 വര്‍ഷത്തെ പൗരോഹിത്യജീവിതം പൂര്‍ത്തിയാക്കിയ 87കാരനാണ് ഫാ. പെദ്രോ തിക്സീറ കാവല്‍കാന്റെ. 'ദൈവത്തിന്റെ കരുണയുടെ ഫലമായും പരിശുദ്ധ മാതാവിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും മാധ്യസ്ഥ്യത്താലും വൈദികനായവനാണ് ഞാന്‍,' അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
By: Shalom Tidings
Moreഫരിസേയന് എന്ന് കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ചെറുപ്പത്തിലുണ്ടല്ലോ, ചില സ്റ്റേജ് പ്രോഗ്രാമിലൊക്കെ തല കാണിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അത്ര വലിയ സംഭവമൊന്നുമല്ല, ഇടവകദൈവാലയത്തിലെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് ചെയ്ത ചില സ്കിറ്റ് നാടകങ്ങള്‍. അതില്‍ നല്ല അഭിനന്ദനം കിട്ടിയ ഒന്നായിരുന്നു, നരകവും ലൂസിഫറിനെയുമൊക്കെ കാണിച്ചു കൊണ്ട് ഞങ്ങള്‍ ചെയ്ത സ്കിറ്റ്. എന്റെ ചേട്ടനായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. 1001 ഫലിതങ്ങള്‍ എന്ന പുസ്തകത്തിലെ ഒരു തമാശയുടെ ചുവടുപിടിച്ചായിരുന്നു ആദ്യത്തെ സീന്‍. മരിച്ചുപോയ രണ്ട് പേര് തമ്മില്‍ കണ്ട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തമാശ വച്ച്.... അന്ന് ഞാനാണ് ആ ആശയം ചേട്ടന് പറഞ്ഞ് കൊടുത്തത്. അതുകൊണ്ടുതന്നെ എനിക്കൊരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അതില്‍ കൗണ്ടര്‍ തമാശ പറയുന്ന കഥാപാത്രം എനിക്കാകണമെന്ന്. പക്ഷേ ചേട്ടനും സമ്മതിച്ചില്ല, കൂടെയുള്ളവരും സമ്മതിച്ചില്ല. അവരെല്ലാം സനോഷ് ആ കഥാപാത്രം ചെയ്താല്‍ മതിയെന്ന് കട്ടായം പറഞ്ഞു. കോമഡി നന്നായി കൈകാര്യം ചെയ്യുന്ന ഒരു കിടു ആര്‍ട്ടിസ്റ്റ് ആണ് സനോഷെങ്കിലും, എനിക്കതങ്ങ് വിട്ട് കൊടുക്കാന്‍ ഒരു വൈക്ലബ്യം... എന്നിട്ടെന്താവാന്‍... മനസ്സില്ലാമനസ്സോടെ ഞാന്‍ എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. സനോഷിന്റെ കൂടെ നില്ക്കുന്ന കഥാപാത്രം ചെയ്തു. റിഹേഴ്സല്‍ തുടങ്ങിയ ശേഷം, എനിക്ക് ഈഗോ ഇല്ലായിരുന്നു. സനോഷിന്റെ ഡയലോഗിന് ജനം ചിരിക്കുകയും കൈ കൊട്ടുകയും ചെയ്തപ്പോള്‍ എനിക്കും സന്തോഷമായിരുന്നു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്, എനിക്ക് 'ഷൈന്‍' ചെയ്യാനും കൈയടി കിട്ടുന്നതിനും വേണ്ടിയായിരുന്നു ഞാനന്ന് വാശി പിടിച്ചതെന്ന്. ഒരു 13 വയസുകാരനില്‍ നിറഞ്ഞ് നിന്ന ഫരിസേയ മനോഭാവം കണ്ടില്ലേ. ഫരിസേയന് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ഫരിസേയന് ഞാനാണെന്ന തിരിച്ചറിവാണ് വിശുദ്ധീകരണത്തിലേക്കുള്ള ആദ്യ ചുവട്. സ്വാഭാവികമായി നമ്മിലെ നന്മ ആളുകള്‍ കണ്ടോട്ടെ, പക്ഷെ പ്രശംസ മാത്രം ലക്ഷ്യമാക്കി 'നന്മമരം' ആവരുത്. "നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" (മത്തായി 5/20). നാമറിയാതെ നമ്മില്‍ കയറി വരുന്ന ഫരിസേയ മനോഭാവം തിരിച്ചറിയാനും, അവയെ അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ, ആമ്മേന്‍
By: ഫാദർ ജോസഫ് അലക്സ്
Moreഅയല്‍ക്കാരുടെ പ്രവൃത്തികളെ എടുത്തുചാടി വിമര്‍ശിക്കുന്നതും അവരെ ദുഷിച്ച് സംസാരിക്കുന്നതും എളിമ എന്ന സുകൃതത്തിന് കടകവിരുദ്ധമായ തിന്മകളാണ്. എളിമയില്ലാതെ ഉപവിയില്ല. എന്റെ സഹോദരരെ വിധിക്കാന്‍ ആരാണ് എനിക്ക് അധികാരം നല്‍കിയത്? അന്യരെ വിധിക്കുന്നതിലൂടെ, ദൈവത്തിനുമാത്രമുള്ള അവകാശം ഞാന്‍ അപഹരിക്കുകയാണ്. മറ്റുള്ളവരെ വിധിക്കുകയും ദുഷിച്ചു സംസാരിക്കുകയും ചെയ്യുന്നവരുടെ ഹൃദയത്തില്‍ പ്രീശന്റേതുപോലുള്ള അഹങ്കാരം നിലനില്ക്കുന്നു. മറ്റുള്ളവരെ ഇകഴ്ത്തുന്നതിലൂടെ സ്വയം പുകഴ്ത്തുകയാണ് അവര്‍ ചെയ്യുന്നത്. മറ്റുള്ളവരുടെ ദൗര്‍ബല്യം കണ്ടുപിടിക്കാന്‍ തത്രപ്പെടുകയും സ്വന്തം ബലഹീനതകളുടെ നേര്‍ക്ക് കണ്ണടക്കുകയും ചെയ്യുന്നത് അഹങ്കാരത്തിന്റെ ഫലമാണ്.
By: Shalom Tidings
Moreഒക്ടോബര്‍ 11, 1933 - വ്യാഴം - വളരെ പ്രയാസപ്പെട്ട് തിരുമണിക്കൂര്‍ ഞാന്‍ ആരംഭിച്ചു. ഒരു പ്രത്യേക അഭിവാഞ്ഛ എന്റെ ഹൃദയത്തെ പിളര്‍ന്നുകൊണ്ടിരുന്നു. ഏറ്റം ലളിതമായ പ്രാര്‍ത്ഥനപോലും മനസിലാക്കാന്‍ പറ്റാത്തവിധം എന്റെ മനസ് മന്ദീഭവിച്ചു. അങ്ങനെ പ്രാര്‍ത്ഥനയുടെ ഒരു മണിക്കൂര്‍, അല്ല മല്പിടുത്തത്തിന്റെ മണിക്കൂര്‍, കടന്നുപോയി. ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. എന്നാല്‍ എന്റെ ആന്തരികസഹനം കൂടിവന്നു. വലിയ വിരസതയും വരള്‍ച്ചയും എനിക്ക് അനുഭവപ്പെട്ടു. മൂന്നാമത് ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിശ്ചയിച്ചു. ഈ മണിക്കൂര്‍ യാതൊരു താങ്ങുമില്ലാതെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ശരീരം വിശ്രമത്തിനായി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഞാന്‍ ഒരു വിധത്തിലും കീഴ്പ്പെട്ടില്ല. കൈകള്‍ വിരിച്ചുപിടിച്ചു. ഒരു വാക്കും ഉച്ചരിച്ചില്ലെങ്കിലും മനോധൈര്യത്തോടെ പിടിച്ചുനിന്നു. കുറച്ചുസമയത്തിനുശേഷം, എന്റെ മോതിരം ഊരിയെടുത്ത് ഈശോയോടുള്ള നിത്യഐക്യത്തിന്റെ അടയാളമായ അതിലേക്കു നോക്കാന്‍ ഞാന്‍ ഈശോയോട് ആവശ്യപ്പെട്ടു. നിത്യവ്രതവാഗ്ദാനത്തിന്റെ ദിവസം എനിക്കുണ്ടായ വികാരവായ്പുകളെ ഈശോയ്ക്കു സമര്‍പ്പിച്ചു. കുറച്ചുസമയത്തിനുശേഷം എന്റെ ഹൃദയം സ്നേഹത്തിന്റെ തിരമാലയുടെ തരംഗങ്ങളാല്‍ പൂരിതമായി; ആത്മാവിന്റെ പെട്ടെന്നുള്ള പ്രവര്‍ത്തനം, ഇന്ദ്രിയങ്ങള്‍ ശാന്തമായി, എന്റെ ആത്മാവ് ദൈവസാന്നിധ്യത്താല്‍ പൂരിതമായി. എനിക്ക് ഇത്രമാത്രം അറിയാം: ഈശോയും ഞാനും മാത്രമായിരുന്നു അപ്പോള്‍. എന്റെ നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് തിരു മണിക്കൂര്‍ ആരാധന നടത്തിയപ്പോള്‍ ഈശോ പ്രത്യക്ഷപ്പെട്ടപോലെ, ഈശോ എന്റെ സമീപം നില്ക്കുന്നതായി ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടും ശരീരം മുഴുവനും മുറിവിനാല്‍ ആവരണം ചെയ്യപ്പെട്ടും നയനങ്ങള്‍ രക്തത്താലും കണ്ണീരാലും നിറഞ്ഞൊഴുകിയും വിരൂപമാക്കപ്പെട്ട മുഖം തുപ്പലുകളാല്‍ ആവൃതമായും ഈശോ എന്റെ മുമ്പില്‍ നിന്നു. അപ്പോള്‍ കര്‍ത്താവ് എന്നോടു പറഞ്ഞു: മണവാട്ടി മണവാളന് സദൃശ്യയായിരിക്കണം. ആ വാക്കുകളുടെ അര്‍ത്ഥത്തിന്റെ വ്യാപ്തി എനിക്ക് മനസിലായി. ഇവിടെ ഒരു സംശയത്തിനും ഇടമില്ലായിരുന്നു. സഹനത്തിലും എളിമയിലുമാണ് ഈശോയുമായി സാദൃശ്യം പ്രാപിക്കേണ്ടത്. കാണുക, മനുഷ്യരോടുള്ള സ്നേഹം എന്നോടെന്താണ് ചെയ്തത്? എന്റെ മകളേ, വളരെ ആത്മാക്കള്‍ എനിക്കു നിരസിക്കുന്നതെല്ലാം ഞാന്‍ നിന്റെ ഹൃദയത്തില്‍ കണ്ടെത്തുന്നു. നിന്റെ ഹൃദയം എന്റെ വിശ്രമസ്ഥലമാണ്. പലപ്പോഴും പ്രാര്‍ത്ഥനയുടെ അവസാനംവരെ ഞാന്‍ വലിയ കൃപകളുമായി കാത്തുനില്ക്കുന്നു. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന്
By: Shalom Tidings
Moreആരും പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ മേരി ആന്‍ എന്ന സഹോദരി, തന്നെക്കുറിച്ചുതന്നെ വെളിപ്പെടുത്തുകയുണ്ടായി. ’17 വര്‍ഷങ്ങളായി മാനസികാരോഗ്യകേന്ദ്രങ്ങള്‍ മാറിമാറി കയറിയിറങ്ങിയ വ്യക്തിയാണ് ഞാന്‍. ഡോക്ടര്‍മാര്‍ എന്നെ ഒരു ഉന്മാദ-വിഷാദരോഗിയായി മുദ്രകുത്തി. ഷോക് ട്രീറ്റ്മെന്റ് ഒഴികെയെല്ലാം അവര്‍ എന്നില്‍ പരീക്ഷിച്ചു. പക്ഷേ, സൗഖ്യത്തിന്റെ പ്രതീക്ഷ അവര്‍ക്കും അസ്തമിച്ചപ്പോള്‍ വിഷാദത്തിനുള്ള മെഡിസിന് സ്ഥിരമായി കഴിക്കാന്‍ നിര്‍ദേശിച്ച് അവര്‍ എന്നെ ‘നൈസാ’യി ഒഴിവാക്കി. എല്ലാ ദിവസവും ഉറങ്ങുംമുമ്പ്, ഉറക്കത്തില്‍ എന്നെ തിരിച്ചു വിളിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. കാരണം ഓരോ പ്രഭാതത്തെയും ഞാന്‍ അത്രമാത്രം ഭയപ്പെട്ടു. പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോള്‍ ഞാന്‍ ദൈവാലയത്തിലേക്ക് പോയി. വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ, ഓരോ ദിവ്യബലിയും എന്നെ വൈകാരികമായും ആത്മീയമായും സുഖപ്പെടുത്തിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഞാന്‍ ക്രിസ്തുവില്‍ പുതിയ സൃഷ്ടിയാണ്. പ്രഭാതങ്ങളെ എനിക്കിന്ന് ഭയമില്ല. ദിവ്യകാരുണ്യത്തില്‍ ഞാന്‍ സ്വീകരിക്കുന്ന ഉയിര്‍ത്തെഴുന്നേറ്റ ഈശോയുമായി ഞാന്‍ ഐക്യപ്പെടും, അങ്ങനെ അവിടുന്ന് എന്നില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. എത്ര സജീവമായാണോ ഞാന്‍ ദിവ്യബലിയില്‍ പങ്കുചേരുന്നത്, അത്രമാത്രം അവിടുന്ന് എന്നില്‍ നിറയുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്യുന്നത് ഞാന്‍ അനുഭവിക്കുന്നു.’ സത്യമായും ദൈവാലയവും തിരുക്കര്‍മ്മങ്ങളും സൗഖ്യത്തിന്റെ ഉറവിടങ്ങളാണ്.’ അതിനാല്‍ ഒരു വൈദികന് പങ്കുവച്ച സംഭവം നമ്മെ ആശങ്കപ്പെടുത്തണം. ഒരു ദു:ഖവെള്ളിയാഴ്ച, ദൈവാലയത്തിലെ ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങള്‍ക്കിടയില്‍ കൊച്ചുകുട്ടികളുടെ വലിയ ബഹളം. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് വ്യക്തമായത്. ഈശോ നമുക്കുവേണ്ടി സഹിച്ച പീഡകളെ ധ്യാനിക്കാനും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനുമുള്ള ദുഖവെള്ളിയാഴ്ച, ഒരു പിതാവ് മക്കളോടൊപ്പം ദൈവാലയനടയില്‍ ഇരുന്ന് മൊബൈലില്‍ സ്ക്രോള്‍ ചെയ്ത് രസിക്കുകയും രണ്ടു കുഞ്ഞുങ്ങളെ കാണിച്ച് രസിപ്പിക്കുകയും ചെയ്യുന്നു. മൊബൈലിലെ കോമഡികള്‍ കണ്ട് തുള്ളിച്ചാടി ആര്‍ത്തു ചിരിക്കുന്ന കുഞ്ഞുങ്ങള്‍..! "ദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും” (ജോബ് 8/13) എന്ന തിരുവെഴുത്ത് ഭയത്തോടെ ഓര്‍ക്കണം. പള്ളിക്കുള്ളില്‍, സൗഖ്യത്തിന്റെ, അനുഗ്രഹങ്ങളുടെ വലിയ വിരുന്ന് നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുകയോ മക്കളെ പങ്കെടുപ്പിക്കുകയോ ചെയ്യാതെ നമുക്കും മക്കള്‍ക്കും എങ്ങനെ മേരി ആന്‍-നെപ്പോലെ സൗഖ്യവും ഉയര്‍ച്ചയും സംലഭ്യമാകും? സ്വന്തം മക്കള്‍ക്ക്, അടുത്ത തലമുറയ്ക്ക് ഏതുവിധത്തിലുള്ള സന്ദേശമായിരിക്കും ഇത്തരം മാതാപിതാക്കള്‍ നല്‍കുന്നത്…! ന്യൂജനറേഷനെ എന്തിനുമേതിനും പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍കൂടി ഗൗനിക്കേണ്ടതല്ലേ? ‘…എന്റെ വിശുദ്ധദിവസത്തില്‍ സ്വന്തം ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുക; … കര്‍ത്താവിന്റെ വിശുദ്ധദിനത്തെ ബഹുമാന്യമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താല്പര്യങ്ങള് അന്വേഷിക്കാതെയും വ്യര്‍ത്ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക. അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നത സ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും’ (ഏശയ്യാ 58/13,14).
By: ആൻസി മോൾ ജോസഫ്
Moreഇറാക്ക്: ഇറാക്കിന്റെ നിനവേ സമതലപട്ടണങ്ങളിലും മൊസൂളിലും ഐ.എസ്.ഐ.എസ് ഭീകരര്‍ ആധിപത്യമേറ്റെടുത്തപ്പോഴത്തെ നോവിക്കുന്ന മാറ്റങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇ.ഡബ്ളിയു.ടി.എന്‍ ഡോക്യൂയമെന്ററി തയാറാക്കിയിരിക്കുന്നു. 2000 വര്‍ഷത്തോളം പഴക്കമുള്ള ഇറാക്കിലെ ക്രൈസ്തവജീവിതത്തിന് ഐ.എസ്.ഐ.എസ് 10 വര്‍ഷംകൊണ്ട് ഏല്പിച്ച ആഘാതങ്ങളും അതിനെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്ന ക്രൈസ്തവികതയും കണ്ടറിയാന്‍ സഹായിക്കുന്ന ഡോക്യുമെന്ററിയാണ്, Christians Fight To Survive: ISIS in Iraq. നിനവേയുടെ താഴ്വാരങ്ങളിലെ അനേകം ക്രൈസ്തവര്‍ ഐ.എസ്.ഐ.എസ് അധിനിവേശത്തിന് കീഴില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഇര്‍ബില്‍ അതിരൂപത ആര്‍ച്ച്ബിഷപ് ബാഷര്‍ മാത്തി വാര്‍ദ, മൊസൂള്‍ അതിരൂപത ആര്‍ച്ച്ബിഷപ് ബനഡിക്തൂസ് യൗനാന്‍ ഹാനോ , നാലാം നൂറ്റാണ്ടില്‍ സ്ഥാപിതമായ സിറിയന്‍ കത്തോലിക്കാ ആശ്രമത്തിന്റെ പ്രസിഡന്റ് ഫാ. മാസിന് മട്ടോക്ക എന്നിവരുടെ പങ്കുവയ്ക്കലുകളും ശ്രദ്ധേയമാണ്. ഒരു മണിക്കൂറാണ് ഡോക്യൂമെന്ററിയുടെ ദൈര്‍ഘ്യം. തകര്‍ക്കപ്പെട്ട ദൈവാലയങ്ങളുടെയും ഗ്രാമങ്ങളുടെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളും ഡോക്യൂയമെന്ററിയില് കാണാം.
By: Shalom Tidings
Moreപ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം അത്ര എളുപ്പമായിരുന്നില്ല. പല പരീക്ഷകളിലും തോല്‍വി രുചിക്കേണ്ടിവന്നതിനാല് വീണ്ടും ‘സപ്ലി’ എഴുതി പഠനം പൂര്‍ത്തിയാക്കി. പഠനം കഴിഞ്ഞപ്പോഴാകട്ടെ ജോലി ലഭിച്ചതുമില്ല. ആ അവസ്ഥ എനിക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ അസ്വസ്ഥത സമ്മാനിച്ചു. അങ്ങനെയിരിക്കേയാണ് ഇടുക്കി സ്വദേശിയായ എനിക്ക് പോണ്ടിച്ചേരിയില്‍ ഒരു ജോലി ശരിയായത്. എന്നാല്‍ അവിടത്തെ കാലാവസ്ഥയോടും സാഹചര്യങ്ങളോടും ഒത്തുപോകാന്‍ കഴിയാതെ അല്പനാളുകള്ക്കകം ആ ജോലി ഉപേക്ഷിച്ച് പോരേണ്ടിവന്നു. പിന്നീട് വന്നത് പ്രളയകാലം. അന്ന് ജീസസ് യൂത്തിനോടും സഭാകൂട്ടായ്മയോടുമൊപ്പം ഈശോയ്ക്കായി പ്രവര്‍ത്തിക്കാന്‍ സാഹചര്യങ്ങള്‍ ലഭിച്ചിരുന്നു. സന്നദ്ധസേവനങ്ങളില്‍ സജീവമായി. പക്ഷേ ജോലിയില്ലാത്തത് വലിയ പ്രശ്നമായി അവശേഷിച്ചു. അന്നാളുകളിലെല്ലാം പ്രാര്‍ത്ഥന എന്നാല്‍ ഈശോയോട് ‘വഴക്ക്’ ആയിരുന്നു. ‘നീ എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്തിനാണ്? ശരിക്കും ഈശോ, നീയുണ്ടോ?’ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍. പക്ഷേ വഴക്ക് കൂടാനായിട്ടാണെങ്കിലും ഓടിയണയാന്‍ ഉണ്ടായിരുന്നത് ആ സന്നിധിതന്നെ. പിന്നീട് കൊവിഡ് കാലത്തും ഇടുക്കി രൂപത യുവജനകൂട്ടായ്മയോടുചേര്ന്ന് സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അന്നാളുകളില്‍ നേരില്‍ കണ്ടറിഞ്ഞ, കൊവിഡ് രോഗികളുടെയും പ്രിയപ്പെട്ടവര്‍ മരിച്ചവരുടെയുമെല്ലാം ദൈവാനുഭവങ്ങള്‍ എന്നെയും ഏറെ സ്വാധീനിച്ചു. എങ്കിലും ഒരു ജോലി ലഭിക്കാത്തതിനാല്‍ ആകെ മടുപ്പ് അനുഭവപ്പെട്ടിരുന്നു. കുറച്ചുനാളുകള്‍ക്കകം കാനഡയിലേക്ക് വരാന്‍ അവസരം ഒരുങ്ങി. ഇവിടെയെത്തിയപ്പോഴും പ്രതിസന്ധികള്‍ ഏറെയായിരുന്നു. കൂട്ടുകാരോ പ്രിയപ്പെട്ടവരോ ഒന്നുമില്ലാത്ത ഏകാന്തതയായിരുന്നു ഏറ്റം വിഷമകരം. നാട്ടിലും ഇവിടെയും ഒരുപോലെയുള്ളത് ക്രൂശിതനായ ഈശോയും മാതാവും മാത്രമാണെന്നാണ് എനിക്ക് തോന്നിയത്. അതിനാല്‍ എല്ലാം പറയാന്‍ അവര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറെ സങ്കടപ്പെട്ട് ഏതെങ്കിലും പള്ളിയില്‍ ഇരിക്കുമ്പോള്‍ ആരിലൂടെയെങ്കിലും അവിടുന്ന് ഇടപെടും. ഉദാഹരണത്തിന്, പലപ്പോഴും, ഒരു പരിചയവുമില്ലാത്തവര്‍ വന്ന് തോളില്‍ത്തട്ടി പേര് ചോദിച്ച് പരിചയപ്പെടും. എന്നിട്ട് പറയും, "ടോമിന്, എവെരിതിംഗ് വില്‍ ബി ആള്‍റൈറ്റ്-എല്ലാം ശരിയാകും!” അങ്ങനെയൊക്കെ ഈശോ എന്നോട് സംസാരിക്കുന്ന അനുഭവമുണ്ടായപ്പോള്‍ ഈശോ യഥാര്‍ത്ഥത്തില്‍ ആ കുരിശില്‍ കിടക്കുകയല്ല പലരുടെയും രൂപത്തില്‍ ഇറങ്ങിനടക്കുകയാണ് എന്നെനിക്ക് തോന്നി. അതുകൊണ്ട് ‘നീ ശരിക്കും ആ ക്രൂശില്ത്തന്നെയാണോ ഉള്ളത്?’ എന്ന് അതിശയത്തോടെയും സ്നേഹത്തോടെയും ചോദിച്ചിട്ടുണ്ട്. കാനഡയില്‍ നില്‍ക്കാനുള്ള സ്റ്റേ ബാക്ക് അനുമതി തീരാറായ സമയം. പ്രാര്‍ത്ഥിക്കുകയും പലരോടും പ്രാര്‍ത്ഥനാസഹായം ചോദിക്കുകയും ചെയ്തുകഴിഞ്ഞ് അതെപ്പറ്റിയുള്ള ആകുലത ഞാന്‍ ഉപേക്ഷിച്ചു. ഒടുവില്‍, രണ്ടുദിവസംമാത്രം അവശേഷിക്കേ അവിടെനില്ക്കാനുള്ള സമയം നീട്ടിക്കൊണ്ട് ‘എക്സ്റ്റന്‍ഷന്‍’ ലഭിച്ചു! ഇങ്ങനെയുള്ള അനുഭവങ്ങള്‍ എന്നെ ദൈവവിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. ഇത്രമാത്രം ഈശോയുടെ സ്നേഹം അനുഭവിക്കുമ്പോള്‍ വചനം സത്യമാണെന്ന് എനിക്കുറപ്പ്, ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയ 29/11). ‘
By: ടോമിന് അഗസ്റ്റിന്, കാനഡ
Moreനിത്യരാധന ചാപ്പലില്‍, ഈശോയോട് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചപ്പോഴൊക്കെ, ‘സമയമായില്ല’എന്ന തോന്നലായിരുന്നു ജൂലിയയുടെ ഉള്ളില്‍ ഉത്തരമായി ഉയര്‍ന്നുവന്നിരുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന POTS (Ptosural Orthtosatic Tachycardia Syndrome) എന്ന അസുഖമായിരുന്നു അവള്‍ക്ക്. നല്ലൊരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവളെയും ആറ് സഹോദരങ്ങളെയും, ഈശോക്ക് ഒന്നാം സ്ഥാനം നല്കാന് അവരുടെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്നു. ചിക്കാഗോ നഗരത്തിനടുത്തുള്ള അവളുടെ വീട് ഇടവക ദൈവാലയത്തിന് സമീപമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തിട്ടാണ് അവള് സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. നിത്യരാധന ചാപ്പല്‍ വന്നതില്‍പ്പിന്നെ സാധിക്കുമ്പോഴെല്ലാം അവിടെ പോയി ഈശോയോട് ‘ഹായ്’പറയുന്നത് ശീലമാക്കി. ദിവ്യകാരുണ്യത്തിന് മുന്നില്‍ മുട്ടുകുത്തുമ്പോഴെല്ലാം അവള് സംസാരിക്കാന്‍ ശ്രമിച്ചത് അവള്‍ക്ക് ചിരപരിചയമുള്ള ഒരു വ്യക്തിയോടായിരുന്നു. എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് അവളുടെ കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ച് ദിവ്യകാരുണ്യ ആരാധന നടത്തിയിരുന്നു. ചെറുപ്പം മുതലേ നല്ല ആരോഗ്യമുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നില്ല ജൂലിയ. കൗമാരത്തിലേക്ക് കടന്നപ്പോള്‍ ആരോഗ്യം പിന്നെയും വഷളായി. ഹൃദയമിടിപ്പിനെയും രക്തസമ്മര്‍ദ്ദത്തിനെയും ബാധിക്കുന്ന POTS കാരണം, കിടക്കുകയോ ഇരിക്കുകയോ ചെയ്തിട്ട് എഴുന്നേല്ക്കുമ്പോഴും, അധികനേരം നിവര്‍ന്നിരിക്കുമ്പോഴും, അവള് ബോധരഹിതയാകാന്‍ തുടങ്ങി. ആദ്യം വോക്കറിന്റെ സഹായത്തോടെ നടന്ന അവള് പിന്നീട് വീല്‍ചെയറിലായി. കുറച്ചുനാള്‍കൂടി കഴിഞ്ഞപ്പോള്‍ ഡ്രിപ്പിട്ട് വീട്ടില്‍ത്തന്നെ കിടപ്പും ആയി. പരിചാരികയുടെ സഹായത്തോടെയായിരുന്നു ജീവിതം. അവളുടെ കൂട്ടുകാര്‍ കോളേജിലായപ്പോഴും ജീവിതാന്തസ്സുകള്‍ തിരഞ്ഞെടുത്തു തുടങ്ങിയപ്പോഴും ജൂലിയ, ഹോസ്പിറ്റല്‍ അപ്പോയ്ന്റ്മെന്റുകളും ട്രീട്മെന്റുകളുടെയും ലോകത്തായിരുന്നു. അവളും പക്ഷേ പഠിക്കുകയായിരുന്നു, കുരിശിന്റെ സ്കൂളില്‍! 2017 ഏപ്രില്‍ 1 ശനിയാഴ്ച. ജൂലിയ അവളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആരാധനചാപ്പലില് പോയി. ഇരിപ്പിടത്തില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ പിന്നില്‍, വ്യായാമത്തിന് ഉപയോഗിക്കുന്ന ഒരു മാറ്റിലാണ് കിടന്നത്. ഇതുവരെ തന്റെ പ്രാര്‍ത്ഥനക്ക് YES എന്നുത്തരം തരാത്ത ഈശോയോട്, ആ മാറ്റില്‍ തന്റെ വീട്ടുകാര്‍ക്ക് പിന്നിലായി കിടന്നുകൊണ്ട് കുസൃതിയോടെ അവളിങ്ങനെ പറഞ്ഞു, "ഈശോയേ, ഇന്ന് ഏപ്രില്‍ 1 അല്ലേ? നമുക്ക് ഇവരെയൊക്കെ ഒന്ന് പറ്റിച്ചാലോ? നീ എന്റെ കൂടെ നില്‍ക്കാമോ? എന്റെ അസുഖം മാറിയെന്ന് ഇവരെയൊക്കെ ഒന്ന് തോന്നിപ്പിക്കണം.” ജൂലിയയെ അമ്പരപ്പിച്ചു കൊണ്ട് ഈശോ സമ്മതിച്ചു. അവള്‍ക്ക് പക്ഷേ വലിയ വ്യത്യാസമൊന്നും ശരീരത്തില്‍ തോന്നിയില്ല. വീണെങ്കിലോ എന്ന് വിചാരിച്ച് അവള് തനിയെ നടക്കാന്‍ ശ്രമിച്ചില്ല. താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്, ഇപ്പോള്‍ പറഞ്ഞത് തന്റെ മനസ്സല്ല, ശരിക്കും ഈശോതന്നെയാണെന്ന് ഒരു സ്ഥിരീകരണം അവള്‍ക്ക് വേണമായിരുന്നു. അതിനാല്‍ ഈശോയോട് പറഞ്ഞു, "എനിക്ക് യഥാര്‍ത്ഥത്തില്‍ സൗഖ്യം ലഭിച്ചിട്ടുണ്ടെങ്കില്‍, എഴുന്നേല്‍ക്കാനും നടക്കാനുമായി എനിക്ക് കേള്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ ഒന്ന് പറയാമോ?” വാസ്തവത്തില്‍ ഈശോ അത് പറഞ്ഞതാണ്, പക്ഷേ തന്റെ ഹൃദയത്തിന് പുറത്ത് താന്‍ ഒന്നും കേട്ടിരുന്നില്ല എന്നാണ് ജൂലിയ അതെക്കുറിച്ച് പറയുന്നത്. അപ്പോഴേക്കും ചാപ്പലില്‍നിന്ന് പോകാന്‍ സമയമായിരുന്നു. അവളുടെ അമ്മ കളിയായി, മാറ്റില്‍ നിലത്തു കിടക്കുന്ന അവളോട് യോഹന്നാന് 5/8ല്‍ പറയും പോലെ പറഞ്ഞു, "എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് നടക്കുക!” ഇതാണ് തനിക്കുള്ള അടയാളം എന്ന് ജൂലിയക്ക് മനസ്സിലായി. അവള് എഴുന്നേറ്റ് തന്റെ മാറ്റ് ചുരുട്ടി, ദിവ്യകാരുണ്യത്തെ വണങ്ങി, അവളുടെ മാതാപിതാക്കളെ അതിശയിപ്പിച്ചു കൊണ്ട് വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി. അധികം വഴി നടക്കാനില്ലായിരുന്നെങ്കിലും, ഒരു മുറിക്കുള്ളില്‍ നടക്കുന്നത് പോലും അവള്‍ക്ക് ബുദ്ധിമുട്ടായിരുന്ന സമയമായിരുന്നു അത്. വീട്ടിലേക്ക് തനിയെ നടക്കുന്നത് അസാധ്യവുമായിരുന്നു. ആവശ്യമെങ്കില്‍ പിടിക്കാനായി അവളുടെ അമ്മ അവളുടെ കൂടെത്തന്നെ നടന്നു, എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ കയറ്റാനായി കാറെടുത്തു ഡാഡി പിന്നിലും വന്നു. അതിന്റെ ഒന്നും ആവശ്യമില്ലെന്ന് അവള് അവരോട് പറഞ്ഞു, അവള് യഥാര്‍ത്ഥത്തില്‍ സുഖപ്പെട്ടിരുന്നു!അവളുടെ രോഗസൗഖ്യം അവളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും തെറാപ്പിസ്റ്റുകളെയും ഞെട്ടിപ്പിച്ചു. തുടര്‍ന്നുള്ള കുറേ ദിവസങ്ങള്‍ എല്ലാവരുടെയും മുഖത്തെ അത്ഭുതം കാണാന്‍ രസമായിരുന്നുവെന്ന് ജൂലിയ പറയുന്നു. POTS അങ്ങനെ എളുപ്പം മാറിപ്പോകുന്ന ഒരസുഖമല്ല, അതുകൊണ്ട് തീര്‍ച്ചയായും അതൊരു അത്ഭുതം തന്നെയായിരുന്നു. അവള്‍ക്ക് അസുഖം കാരണം തുടരാന്‍ കഴിയാതിരുന്ന ഡാന്‍സ് സ്റ്റുഡിയോയിലേക്ക് ഉടന്‍തന്നെ അവള് തിരിച്ചു വന്നു. ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കായി ഒരു ക്ലാസ് ആരംഭിച്ചു, സുഖമില്ലാതിരുന്നപ്പോള്‍ അവള് ഏറെ ആഗ്രഹിച്ച ഒന്ന്. ഏഴ് കൊല്ലങ്ങള്‍ക്കിപ്പുറവും ജൂലിയ സന്തോഷവതിയായി ജീവിതം നയിക്കുന്നു. നമുക്കായി അവള്‍ക്കൊരു സന്ദേശമുണ്ട്,”’ബൈബിള്‍ കാലങ്ങളിലേക്ക് മാത്രമായി ഒതുങ്ങുന്നതല്ല അത്ഭുതങ്ങള്‍. യോഹന്നാന് 5/8-ലെ തളര്‍വാതരോഗിയെ സുഖപ്പെടുത്തിയ അതേ ഈശോ, വിശുദ്ധ കുര്‍ബ്ബാനയിലെ അവന്റെ യഥാര്‍ത്ഥമായ സാന്നിധ്യത്തിലൂടെ, കാലങ്ങള്‍ക്കിപ്പുറം അതേ അനുഗ്രഹം എന്നില്‍ ചൊരിഞ്ഞു. എന്നെ കിടപ്പിലാക്കിയ അസുഖത്തില്‍നിന്ന് സൗഖ്യം നല്‍കിയതില്‍ ഞാന്‍ അളവറ്റ നന്ദിയുള്ളവളാണ്. ദൈവം എത്ര നല്ലവന്‍!” ഒരു കുഞ്ഞിനെപ്പോലെ പ്രത്യാശിച്ച, വിശ്വസിച്ച, പ്രാര്‍ത്ഥിച്ച, ജൂലിയയുടെ അനുഭവം നമ്മുടെയും കണ്ണ് തുറപ്പിക്കട്ടെ. നമ്മുടെ കൂടെയുള്ള നിറസാന്നിധ്യമായി, നമ്മുടെ ബാലിശചിന്തകള്‍ പോലും എപ്പോഴും കേള്‍ക്കുന്ന കൂട്ടുകാരനായി നമുക്കവനെ സ്നേഹിക്കാം.
By: ജില്‍സ ജോയ്
More