Home/Evangelize/Article

ഫെബ്രു 21, 2024 212 0 Joji Joseph
Evangelize

കര്‍ത്താവ് പറഞ്ഞ ‘സിനിമാക്കഥ’

കുട്ടിക്കാലത്തെ ഒരു സംഭവത്തിലൂടെ കര്‍ത്താവ് നല്കിയ വിലപ്പെട്ട ബോധ്യങ്ങള്‍

ഒരിക്കല്‍ ദിവ്യകാരുണ്യസന്നിധിയില്‍ ഇരുന്നപ്പോള്‍ പഴയ ഒരു സംഭവം ഈശോ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അധ്യാപകര്‍ക്ക് മീറ്റിംഗ് ഉള്ളതിനാല്‍ മൂന്ന് മണിക്ക് സ്കൂള്‍ വിട്ട ദിവസം. സാധാരണയായി സ്കൂള്‍ വിട്ടാല്‍ ടൗണിലുള്ള പപ്പയുടെ ബേക്കറിക്കടയിലേക്ക് പോകുകയാണ് ചെയ്യുക. അവിടെ മമ്മിയുമുണ്ടാകും. അവിടെ ചെന്നിട്ടാണ് വീട്ടിലേക്ക് പോകുക. അന്നും പതിവുപോലെ സ്കൂളില്‍നിന്നും ഇറങ്ങി കൂട്ടുകാരനൊപ്പം നടന്നു. വരുന്ന വഴിയില്‍ ഒരു സിനിമാതിയറ്ററുണ്ട്. അവിടെയെത്തിയപ്പോള്‍ പെട്ടെന്ന് ഒരു ആഗ്രഹം, ‘സിനിമ കണ്ടാലോ?’ അപ്പോഴാകട്ടെ കൃത്യം ഷോ തുടങ്ങുന്ന നേരവുമാണ്. പിന്നെ ഒന്നും ആലോചിച്ചില്ല. കൈയിലുള്ള നിസാരതുക ഉപയോഗിച്ച് ടിക്കറ്റ് എടുത്ത് ഞാനും കൂട്ടുകാരനുംകൂടി സിനിമ കണ്ടു.

സിനിമ കഴിഞ്ഞ് തിരിച്ചിറങ്ങി കടയിലേക്ക് നടക്കുമ്പോള്‍ മനസ് ആകെ അസ്വസ്ഥമാകാന്‍ തുടങ്ങി. സമയം 5.30 ആയിട്ടുണ്ട്. സാധാരണയായി സ്കൂള്‍ വിട്ട് 4.15 ആകുമ്പോള്‍ കടയിലെത്തുന്ന ഞങ്ങള്‍ എന്തുകൊണ്ടാണ് താമസിച്ചത് എന്ന് വീട്ടുകാര്‍ അന്വേഷിക്കും. എന്ത് മറുപടി പറയുമെന്ന് ചിന്തിച്ച് പല കാരണങ്ങളും തേടി. അങ്ങനെ കടയിലെത്തി. കൗണ്ടറില്‍ മമ്മി ഇരിക്കുന്നു. പപ്പയെ കാണുന്നില്ല. അല്പം ആശ്വാസം. ഉടനെ മമ്മി ചോദിച്ചു, “എന്താടാ താമസിച്ചത്?”

ധൈര്യം സംഭരിച്ച് ആദ്യത്തെ നുണ കാച്ചി. “ഇന്ന് സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു.”

മമ്മിക്ക് അത് വിശ്വാസമായില്ലെന്ന് മുഖം കണ്ടപ്പോള്‍ മനസിലായി. മമ്മി അടുത്ത ചോദ്യം, “നിന്‍റെ സ്കൂളിലെ കുട്ടികള്‍ 3.30 ആയപ്പോള്‍ പോകുന്നത് കണ്ടല്ലോ?”

മമ്മിയുടെ ചോദ്യങ്ങള്‍ക്ക് ഓരോ കള്ളങ്ങള്‍ പറഞ്ഞ് പിടിച്ചുനിന്നുകൊണ്ടിരിക്കുകയാണ് ഞാന്‍. പെട്ടെന്ന് പപ്പ അവിടെയെത്തി. പിന്നെ ചോദ്യവും ഉത്തരവും ഒന്നും ഉണ്ടായിരുന്നില്ല, അടിയും വഴക്കുംമാത്രം! വേഗം മമ്മി ഇടപെട്ട് പപ്പയെ ശാന്തനാക്കി. ഞാന്‍ കരഞ്ഞുകൊണ്ട് മമ്മിയെ നോക്കി വീണ്ടും എന്നെ സ്വയം ന്യായീകരിക്കാന്‍ തുടങ്ങി, “എന്തിനാണ് പപ്പ എന്നെ അടിച്ചത്? ഇന്ന് ശരിക്കും സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. വേണമെങ്കില്‍ എന്‍റെ കൂട്ടുകാരോട് ചോദിച്ചുനോക്ക്.”

അതുകേട്ടതേ പപ്പയുടെ അടുത്ത അടി എനിക്ക് കിട്ടുമെന്ന് മനസിലായ മമ്മി വേഗം എന്നോട് പറഞ്ഞു, “നീ നുണ പറഞ്ഞതിനാ പപ്പ നിന്നെ അടിച്ചത്.”

അത് കേട്ടപ്പോള്‍ വീണ്ടും എന്നെത്തന്നെ ന്യായീകരിക്കാന്‍ ശ്രമം തുടങ്ങുന്നതുകണ്ട് മമ്മി പെട്ടെന്നുതന്നെ എന്നോട് പറഞ്ഞു, “സിനിമ തുടങ്ങിക്കഴിഞ്ഞല്ലേ നീയും കൂട്ടുകാരനും ബാല്‍ക്കണിയിലെ സീറ്റുകളില്‍ പോയിരുന്നത്? അതിന് തൊട്ടുപിന്നില്‍ പപ്പ ഇരിക്കുന്നുണ്ടായിരുന്നു!!”

ഞാന്‍ സ്തബ്ധനായി. പിന്നെ ഒന്നും പറയാനില്ലായിരുന്നു. ഞാന്‍ ചെയ്തതെല്ലാം വ്യക്തമായി കണ്ടതിനാലാണ് ഞാന്‍ പറഞ്ഞ കള്ളം പപ്പയെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

ഈ ‘സിനിമാക്കഥ’ ഓര്‍മിപ്പിച്ചതിലൂടെ കര്‍ത്താവ് എനിക്ക് ചില ബോധ്യങ്ങള്‍ തന്നു. അത് മൂന്ന് വ്യത്യസ്ത തലങ്ങളെക്കുറിച്ചായിരുന്നു.

ജഡികതലമാണ് ആദ്യത്തേത്. ഞാന്‍ മാതാപിതാക്കളുടെ അനുവാദമില്ലാതെയാണ് സിനിമ കാണാന്‍ പോയത്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇതുപോലുള്ള പ്രലോഭനങ്ങള്‍ കടന്നുവരാറുണ്ട്. അത്തരം പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാതെവരുന്നു. റോമാ 8/8 ഓര്‍മിപ്പിക്കുന്നത് ഇങ്ങനെയാണ്, “ജഡികപ്രവണതകളനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല.”

ലൗകികതലമാണ് രണ്ടാമത്തേത്. സിനിമ കണ്ടിട്ടും കണ്ടില്ല എന്ന് ഞാന്‍ നുണ പറഞ്ഞു. ചെയ്ത തെറ്റിനെ മറയ്ക്കാന്‍ വീണ്ടും വീണ്ടും തെറ്റുചെയ്യുന്ന അവസ്ഥ. അങ്ങനെ നാം ദൈവത്തില്‍നിന്ന് അകന്ന് നാശത്തിലേക്ക് പോകുകയും ചെയ്യുന്നു. “അവന്‍ നുണയനും നുണയുടെ പിതാവുമാണ്” (യോഹന്നാന്‍ 8/44).

മൂന്നാമത്തേത് ആത്മീയതലമാണ്. സിനിമ കണ്ടിട്ട് വന്നപ്പോള്‍ മമ്മിയുടെ ചോദ്യത്തിന് മറുപടിയായി സത്യം പറയുകയും ‘തെറ്റിപ്പോയി, മേലില്‍ ചെയ്യുകയില്ല’ڔഎന്ന് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ പപ്പ എന്നെ ശിക്ഷിക്കുകയില്ലായിരുന്നു. “കള്ളം പറയുന്ന അധരങ്ങള്‍ കര്‍ത്താവിന് വെറുപ്പാണ്. വിശ്വസ്തതയോടെ പെരുമാറുന്നവര്‍ കര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു” (സുഭാഷിതങ്ങള്‍ 12/22).

പാപികളെ കാത്തിരിക്കുന്ന ഒരു ദൈവമാണ് നമ്മുടെ കര്‍ത്താവ്. പാപത്തില്‍ വീഴുമ്പോള്‍ സ്വയം ന്യായീകരിക്കാതെ പാപം ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് തിരിച്ചുവരുമ്പോള്‍ കര്‍ത്താവ് നമ്മെ കൂടുതല്‍ സ്നേഹിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 32/5- “എന്‍റെ പാപം അവിടുത്തോട് ഞാന്‍ ഏറ്റുപറഞ്ഞു; എന്‍റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്‍റെ അതിക്രമങ്ങള്‍ കര്‍ത്താവിനോട് ഞാന്‍ ഏറ്റുപറയും എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്‍റെ പാപം അവിടുന്ന് ക്ഷമിച്ചു.”

മറ്റൊരു ചിന്തകൂടി മനസിലേക്ക് വന്നു. ഞാന്‍ തിയറ്ററില്‍ കടന്നുചെല്ലുന്നതും സിനിമ കാണുന്നതും എല്ലാം എന്‍റെ അപ്പന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അപ്പനെ കണ്ടില്ലെന്നേയുള്ളൂ. അതുകൊണ്ട് അപ്പനില്‍നിന്ന് രക്ഷപ്പെടാന്‍ എനിക്ക് സാധിക്കുകയില്ലായിരുന്നു. ഇതുപോലെയാണ് നമ്മുടെ എല്ലാ പ്രവൃത്തികളും.

നാം ചെയ്യുന്ന നന്മയും തിന്മയും എല്ലാം സ്വര്‍ഗത്തിലെ പിതാവ് കണ്ടുകൊണ്ടിരിക്കുന്നു. “ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു; എന്‍റെ വിചാരങ്ങള്‍ അവിടുന്ന് അകലെനിന്ന് മനസിലാക്കുന്നു. എന്‍റെ നടപ്പും കിടപ്പും അങ്ങ് പരിശോധിച്ചറിയുന്നു; എന്‍റെ മാര്‍ഗങ്ങള്‍ അങ്ങേക്ക് നന്നായറിയാം” (സങ്കീര്‍ത്തനങ്ങള്‍ 139/2-3). ഒന്നും അവിടുന്നില്‍നിന്ന് മറച്ചുവയ്ക്കുക സാധ്യമല്ല. അതിനാല്‍ത്തന്നെ വിശുദ്ധ കുമ്പസാരമെന്ന കൂദാശയിലൂടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് നമുക്ക് അവിടുത്തെ മുമ്പിലേക്ക് ചെല്ലാം. അവിടുന്ന് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും.

Share:

Joji Joseph

Joji Joseph

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles