Trending Articles
ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത അനുഗ്രഹങ്ങളെക്കുറിച്ച്….
കരുണയുടെ തിരുനാള്‍ ദിനമായ 2023 ഏപ്രില്‍ 16. തലേ ദിവസത്തെ ധ്യാനശുശ്രൂഷയ്ക്കുശേഷം വളരെ വൈകി കിടന്ന ഞാന്‍ രാവിലെ 4.15-ന് ഭാര്യ യേശുതമ്പുരാനുമായി വഴക്ക് പിടിക്കുന്ന ശബ്ദം കേട്ടുണര്‍ന്നു. എന്താണ് കാര്യം എന്ന് തിരക്കി. അവള് പറഞ്ഞു, “ഇന്ന് കരുണയുടെ തിരുനാള്‍, പരിപൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന ദിവസമല്ലേ? കരുണയുടെ ഒരു ദൈവാലയം സന്ദര്‍ശിക്കാനോ മൂന്ന് മണിക്ക് സക്രാരി തുറക്കുന്നത് കാണാനോ ഒരു മെത്രാന്റെ കൈവയ്പ് സ്വീകരിക്കാനോ ഒന്നും നമുക്കിന്ന് പറ്റുമെന്ന് തോന്നുന്നില്ല.” അവള് പറഞ്ഞത് ശരിയായിരുന്നു. ഞങ്ങള്‍ക്കന്ന് ഒരു അത്യാവശ്യയാത്രയുണ്ടായിരുന്നു, പ്രായമായ ഒരമ്മച്ചിയെ കാണാന്‍. കുട്ടിക്കാനത്തുചെന്ന് അമ്മച്ചിയെ കണ്ടതിനുശേഷം മൂന്നുമണിക്കുള്ളില്‍ കരുണയുടെ ഒരു ദൈവാലയം സന്ദര്‍ശിക്കാനുള്ള സമയം ലഭിക്കില്ലായെന്ന് അറിയാമായിരുന്നതുകൊണ്ട് യാത്രയില്‍ അങ്ങനെ പ്ലാന്‍ ചെയ്തതേയില്ല. രാവിലെ 5.45-ന്റെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ഞങ്ങള്‍ യാത്രയ്ക്കിറങ്ങി. 11 മണിയോടെ കുട്ടിക്കാനത്തെത്തി അമ്മച്ചിയെ കണ്ടു. കര്‍ത്താവിന്റെ സ്നേഹവും കരുതലും പങ്കുവച്ച് പ്രാര്‍ത്ഥിച്ചു.
ഭക്ഷണത്തിനുശേഷം രണ്ടുമണിയോടെ അവിടെനിന്ന് ഇറങ്ങി. മടങ്ങിവരുംവഴി ഒരു പിക്നിക് സ്ഥലമായ പാഞ്ചാലിമേട് കാണാന്‍ പോയി. അവിടെ എത്തിയപ്പോള്‍ കുരിശുമലയിലെ ഈശോയെ കണ്ടു. പെട്ടെന്ന് രാവിലത്തെ ഭാര്യയുടെ വാക്കുകള്‍ ഓര്‍ത്തുപോയി. അതിനാല്‍ മനസില്‍ ഇങ്ങനെ പറഞ്ഞു, “നീ കുരിശില്‍ മരിച്ചത് ഞങ്ങള്‍ക്കുവേണ്ടിയാണല്ലോ കര്‍ത്താവേ. അതിനാല്‍ കരുണയുടെ വാതില്‍ ഞങ്ങള്‍ക്കായി തുറക്കണമേ.”
ദൈവം പരിശുദ്ധനും നീതിമാനും കരുണാമയനുമാണ്. എനിക്ക് രക്ഷ പ്രാപിക്കാന്‍ കര്‍ത്താവ് പരിശുദ്ധിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു. എന്നാല്‍ പരമപരിശുദ്ധനായ ദൈവത്തിന്റെ മുമ്പില്‍ നില്ക്കാന്മാത്രം ഒരു പരിശുദ്ധിയുമില്ലാത്ത അശുദ്ധനായ എന്റെ മുമ്പില്‍ പരിശുദ്ധിയുടെ വാതില്‍ കൊട്ടിയടയ്ക്കപ്പെടും. രണ്ടാമതായി എന്റെ മുമ്പില്‍ നീതിയുടെ വാതില്‍ തുറന്നുകിടക്കുന്നു. ദൈവഹിതം നിവര്‍ത്തിക്കപ്പെടുന്നതാണല്ലോ ദൈവികനീതി. എന്നാല്‍ പലപ്പോഴും ഞാന്‍ സഞ്ചരിക്കുന്ന വഴികള്‍ ദൈവികമല്ല. നീതിമാനുമാത്രമേ നീതിയുടെ വാതിലിലൂടെ കടക്കാന്‍ സാധിക്കുകയുള്ളൂ. എന്റെ മുമ്പില്‍ നീതിയുടെ വാതിലും കൊട്ടിയടയ്ക്കപ്പെടും. ആയതിനാല്‍ എനിക്ക് രക്ഷപ്പെടാന്‍ ഒരൊറ്റ സാധ്യതയേ ഉള്ളൂ. അത് കരുണയുടെ വാതിലാണ്. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ നേടിത്തന്ന ഒരേയൊരു വാതില്‍. അതുകൊണ്ടാണല്ലോ അവിടുന്ന് പറഞ്ഞുവച്ചത്, “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല” (യോഹന്നാന് 14/6).
അതുകൊണ്ടെന്റെ പൊന്നുകര്‍ത്താവേ, നിന്റെ കരുണയില്‍മാത്രം ഞാന്‍ ആശ്രയിക്കുന്നു എന്നുപറഞ്ഞ് പ്രാര്‍ത്ഥിച്ചു. അപ്പോഴാണ് ഓര്‍മ്മ വന്നത്, പാഞ്ചാലിമേടിന് അടുത്തെവിടെയോ ആണ് പാലാ രൂപതയുടെ മുന്‍സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍ പിതാവ് താമസിക്കുന്നത്. ഒന്നു കാണണമെന്ന ആഗ്രഹത്തില്‍ ചിലരോട് അന്വേഷിച്ച് അദ്ദേഹം താമസിക്കുന്ന നല്ലതണ്ണി ദയറായിലെത്തി. ഒരു ചെറിയ കുടിലില്‍ ധന്യമായ ജീവിതം നയിക്കുന്ന പിതാവിനെ കണ്ടു. ഞങ്ങളുടെ വിശേഷങ്ങളൊക്കെ തിരക്കിയ ശേഷം പിതാവ് ഞങ്ങളെ ആ ചെറിയ ഭവനത്തിലെ കുഞ്ഞുചാപ്പലിലേക്ക് നയിച്ചു. അവിടത്തെ സക്രാരി പിതാവ് ശ്രദ്ധയോടും ഭക്തിയോടുംകൂടെ തുറന്നു. അപ്പോള്‍ കൃത്യം മൂന്നുമണി! ദൈവകരുണയുടെ സമയം!! ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.
അതിനുശേഷം പിതാവ് ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു. കുഞ്ഞുങ്ങള്‍ക്കും ഞങ്ങള്‍ക്കുമെല്ലാം കൈവയ്പുപ്രാര്‍ത്ഥന നല്കി. കുറേക്കൂടി പ്രാര്‍ത്ഥിക്കുകയും ഒരുങ്ങുകയും വേണമെന്ന നിര്‍ദേശം നല്‍കിയിട്ട് പരിശുദ്ധ അമ്മക്കായി ഞങ്ങളെ ഭരമേല്പിച്ചു.
അതെ, അവന്റെ കരുണ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കുമുമ്പിലും കരുണയുടെ കവാടം തുറക്കപ്പെടും. അവിടെ യാതൊരു യോഗ്യതയുടെയും ആവശ്യമില്ല. അന്നേ ദിവസം യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടും എന്റെ ജീവിതപങ്കാളി ആഗ്രഹിച്ച അനുഗ്രഹങ്ങള്‍ നല്കി കരുണയുടെ വാതില്‍ തുറന്ന് അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചല്ലോ. അവിടുത്തെ കരുണയില്‍ ആശ്രയിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം.
യേശുവേ, ഞാനങ്ങയില്‍ ശരണപ്പെടുന്നു…
ജോര്‍ജ് ജോസഫ്
രക്ഷകന്റെ പിറവി ആഘോഷിക്കാന്‍ പരമ്പരാഗതമായി ഒരുക്കാറുള്ള പുല്‍ക്കൂട്ടില്‍ കാളയും കഴുതയും കാണപ്പെടും. എന്നാല്‍ ഇതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുന്നത് സുവിശേഷങ്ങളല്ല, പഴയ നിയമമാണ് എന്നറിയാമോ? ഏറ്റവും നല്ല ഉദ്ധരണി ഏശയ്യാ 1/3 ആണ്, "കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസിലാക്കുന്നില്ല." ആഴത്തില്‍ ചിന്തിച്ചാല്‍, സൃഷ്ടികളായ മൃഗങ്ങള്‍പോലും അവയുടെ യഥാര്‍ത്ഥ ഉടയവനെ തിരിച്ചറിയുന്നു. എന്നാല്‍ മനുഷ്യര്‍ പലപ്പോഴും അവിടുത്തെ തിരിച്ചറിയാതെ പോകുകയാണ്. പൂര്‍ണഹൃദയത്തോടെ രക്ഷകനെ തേടാനും അവിടുത്തെ കണ്ടെത്താനും സകല മനുഷ്യര്‍ക്കും ഇടയാകട്ടെ. "നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും" (ജറെമിയാ 29/13).
By: Shalom Tidings
Moreതുണസഹോദരനായ ജെറാര്‍ഡിന് ഒരു അവിഹിതബന്ധമുണ്ട്! ഈ കഥ കാട്ടുതീപോലെ പ്രചരിച്ചു. സംഭവം അവരുടെ സന്യാസസഭാസ്ഥാപകനായ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരിയുടെ ചെവിയിലുമെത്തി. അദ്ദേഹം ജെറാര്‍ഡിനെ വിളിച്ചു ചോദിച്ചു. പക്ഷേ ഒരു സ്ത്രീ പ്രചരിപ്പിക്കുന്ന നുണക്കഥയാണ് എന്നറിയാമായിരുന്നെങ്കിലും അവന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോയില്ല. മൗനം പാലിക്കുകയാണ് ചെയ്തത്. അമ്പരന്നുപോയ അല്‍ഫോണ്‍സ് ലിഗോരി അവനെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതില്‍നിന്ന് വിലക്കി. ജെറാര്‍ഡിന് അത് മരണതുല്യമായിരുന്നു. പകരം ഇങ്ങനെ ചിന്തിച്ചു, "ഈശോ ഒരുപക്ഷേ എന്നില്‍ എഴുന്നെള്ളിവരാന്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കും. അങ്ങനെയല്ലെങ്കില്‍ എന്റെ നിരപരാധിത്വം ഈശോ തെളിയിക്കട്ടെ. ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും അവന് എന്റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടല്ലോ." നാളുകള്‍ പിന്നിട്ടു. അവനില്‍ കുറ്റം വ്യാജമായി ആരോപിച്ച സ്ത്രീക്ക് മരണകരമായ രോഗം പിടിപെട്ടു. തന്റെ പാപത്തിന്റെ ഫലമാണ് അതെന്ന് ചിന്തിച്ച അവള് ഉടന്‍തന്നെ അല്‍ഫോണ്‍സ് ലിഗോരിക്ക് സത്യം പറഞ്ഞ് കത്തെഴുതി. എന്തുകൊണ്ട് സത്യം പറഞ്ഞില്ലെന്ന് അദ്ദേഹം ജെറാര്‍ഡിനോട് ചോദിച്ചപ്പോള്‍ അവന് പറഞ്ഞു, "ഒരു വിശുദ്ധനാവാന്‍ യോജിച്ച സന്ദര്‍ഭമായിരുന്നു അത്. അതിനാല്‍ നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി." ഈ പുണ്യത്തിന് വലിയ സമ്മാനം സ്വര്‍ഗത്തില്‍ ഉണ്ടാകുമെന്ന് വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി ജെറാര്‍ഡിനോട് പറഞ്ഞു. അത് അക്ഷരംപ്രതി ശരിയായിരുന്നു, ജെറാര്‍ഡ് വിശുദ്ധപദവിയിലെത്തി; വിശുദ്ധ ജെറാര്‍ഡ് മജെല്ല.
By: Shalom Tidings
Moreഎന്ത്! അമ്മമാരെ തിരിച്ചറിയാന്‍ ടെസ്റ്റോ? ഇതെന്തു കൂത്ത്. പഴയ കാരണവന്മാര് കേട്ടാല്‍ പറയും അതിന്റെ ഒരു ആവശ്യവുമില്ല. കാരണം പെറ്റമ്മയെ തിരിച്ചറിയാന്‍ ടെസ്റ്റിന്റെ ഒരു കാര്യവുമില്ല. കാരണം "പത്തമ്മ ചമഞ്ഞുവന്നാലും പെറ്റമ്മയാകത്തില്ല." അതായത് അമ്മയുടെ രൂപത്തില്‍ ചമഞ്ഞൊരുങ്ങി വരുന്ന പത്തമ്മമാരുടെ കൂട്ടത്തില്‍നിന്നുപോലും മുല കുടിക്കുന്ന ഒരു കുഞ്ഞ് തന്റെ സ്വന്തം അമ്മയെ തിരിച്ചറിയും. ഇതാണ് ഈ പഴമൊഴിയുടെ അര്‍ത്ഥം. എന്നാല്‍ ഇന്ന് കാലംമാറി. ഒരു യഥാര്‍ത്ഥ സത്യത്തെ തികഞ്ഞ അസത്യമായും ഒരു യഥാര്‍ത്ഥ അസത്യത്തെ സത്യമായും ചിത്രീകരിച്ച് അതുകൊണ്ട് വിജയം കൊയ്യാന്‍ ഇന്ന് ആധുനിക ലോകത്തിലെ മനുഷ്യന് നിഷ്പ്രയാസം കഴിയും. പിന്നെയെങ്ങനെ ഒരു യഥാര്‍ത്ഥ അമ്മയെ തിരിച്ചറിയും? സോളമന്റെ ജ്ഞാനം ജ്ഞാനികളില്‍ ജ്ഞാനിയായ സോളമന് രാജാവ് ഇങ്ങനെയൊരു വിഷമവൃത്തത്തില്‍പെട്ടു (1 രാജാക്കന്മാര് 3/16-28). രണ്ടു വേശ്യമാര് ഒരിക്കല്‍ ഒരു കൈക്കുഞ്ഞിനെയുംകൊണ്ട് സോളമന്റെ രാജസിംഹാസനത്തിനുമുമ്പില്‍ പരാതിയുമായി എത്തി. അതില്‍ ഒരുവള്‍ പറഞ്ഞു, മഹാരാജാവേ, കരുണ കാണിച്ചാലും. ഞങ്ങള്‍ ഒരു വീട്ടില്‍ താമസിക്കുന്നു. ഇവള് വീട്ടിലുള്ളപ്പോള്‍ ഞാനൊരു കുഞ്ഞിനെ പ്രസവിച്ചു. മൂന്നു ദിവസം കഴിഞ്ഞ് ഇവളും ഒരു കുഞ്ഞിനെ പ്രസവിച്ചു. ആ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടുപേരുമല്ലാതെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ആ ദിവസം രാത്രിയില്‍ ഉറക്കബോധമില്ലാതെ ഇവള് ഇവളുടെ കുഞ്ഞിന്റെമേല്‍ കയറിക്കിടന്നു. കുഞ്ഞു മരിച്ചുപോയി. അതു തിരിച്ചറിഞ്ഞ അവള് മരിച്ച കുഞ്ഞിനെ എന്റെ അടുത്തുകൊണ്ടുവന്ന് കിടത്തി. എന്റെ അടുത്തുകിടന്ന ജീവനുള്ള എന്റെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി അവളുടെ അടുത്തും കിടത്തി. മഹാരാജാവേ കരുണ കാണിച്ചാലും. എന്റെ കുഞ്ഞിനെ എനിക്ക് തിരികെ മേടിച്ചുതന്നാലും. ഇതുപോലെതന്നെ മറ്റേ സ്ത്രീയും വാദിച്ചു. മഹാരാജാവേ എന്റെ കുഞ്ഞിനെ എനിക്ക് തിരികെ തന്നാലും. രാജാവ് അടുത്തുനിന്ന രാജസേവകനോടു പറഞ്ഞു, "വേഗം ഒരു വാള് കൊണ്ടുവരിക." വാള് കൊണ്ടുവരപ്പെട്ടു. രാജാവ് കല്പിച്ചു. "കുഞ്ഞിനെ രണ്ടായി പിളര്‍ക്കുക. രണ്ടുപേര്‍ക്കും ഓരോ ഭാഗം കൊടുക്കുക." ഇതു കേട്ടപ്പോള്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ രാജാവിന്റെ കാല്ക്കല് വീണ് കരഞ്ഞുപറഞ്ഞു. "മഹാരാജാവേ, കരുണ കാണിച്ചാലും. എന്റെ കുഞ്ഞിനെ അവള്‍ക്കു കൊടുത്തേരേ. എനിക്കവനെ വേണ്ട. എന്നിരുന്നാലും അവനെ കൊല്ലരുത്. അവനെ അവളെടുത്തോട്ടെ." മറ്റേ സ്ത്രീയാകട്ടെ ഇപ്രകാരം പറഞ്ഞു, "കുട്ടിയെ എനിക്കും വേണ്ട, നിനക്കും വേണ്ട. അവനെ രണ്ടായി പിളര്‍ക്കുക." അപ്പോള്‍ രാജാവ് കല്പിച്ചു. "കുഞ്ഞിനെ എടുത്ത് ആദ്യത്തവള്‍ക്കു കൊടുക്കുക. അവളാണ് യഥാര്‍ത്ഥ അമ്മ." അങ്ങനെ യഥാര്‍ത്ഥ പെറ്റമ്മക്ക് അവളുടെ കുഞ്ഞിനെ തിരികെ കിട്ടി. മറ്റവളെ വെറുംകയ്യോടെ പറഞ്ഞയച്ചു. അങ്ങനെ ജ്ഞാനം തിന്മയുടെമേല് വിജയം വരിച്ചു. അമ്മ = ത്യാഗം യഥാര്‍ത്ഥ അമ്മമാര്‍ എവിടെയുണ്ടോ അവരുടെ പിന്നില്‍ മഹാത്യാഗങ്ങളുടെ ഒരു ചരിത്രവും കാണും. ഇവിടെ കുട്ടിയുടെ യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്റെ പിന്നില്‍ ഹൃദയം തകര്‍ക്കുന്ന ഒരു വലിയ ത്യാഗമുണ്ട്. തന്റെ കുഞ്ഞിന്റെ ജീവന് രക്ഷിക്കുവാന്‍വേണ്ടി മാത്രമാണ് അവള് ആ ത്യാഗത്തിന് തയാറാകുന്നത്. എന്താണാ ത്യാഗമെന്നല്ലേ, പറയാം. ശിശുക്കളെ മുലയൂട്ടുന്ന അല്ലെങ്കില്‍ മുലയൂട്ടിയിട്ടുള്ള അമ്മമാര്‍ക്കറിയാം കുഞ്ഞിന്റെ നിലവിളി ചെവിയിലെത്തുമ്പോള്‍ത്തന്നെ അവളുടെ മാതൃത്വം ഉണരും. സ്തനങ്ങളില്‍ മുലപ്പാല്‍ നിറയും. ആ നിമിഷങ്ങളില്‍ താന്‍ നൊന്തുപെറ്റ തന്റെ കുഞ്ഞിനെ മറ്റവള് മുലയൂട്ടുന്നതുകണ്ട് നിസഹായയായി നോക്കിനില്ക്കുക ചങ്കു പിളര്‍ക്കുന്ന ഒരു ബലിയാണ്. തന്നെ അമ്മേയെന്നു കുഞ്ഞുവായ്കൊണ്ട് വിളിക്കേണ്ട കുഞ്ഞ് മറ്റവളെ അമ്മേയെന്നു വിളിക്കുകയും തന്നെ തഴയുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വേദന വാക്കുകള്‍ക്ക് വര്‍ണിക്കാന്‍ ആവാത്തതാണ്. വളര്‍ന്നു വരുമ്പോള്‍ തനിക്ക് താങ്ങും തണലുമായി മാറേണ്ട തന്റെ സ്വന്തം മകന് തനിക്ക് കൈവിട്ടുപോവുകയും മറ്റവളെ സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ച ഏറെ വേദനാജനകമാണ്. ഇതൊന്നും ഒറ്റയിരിപ്പില്‍ ചിന്തിച്ചാലോചിച്ചിട്ടില്ലെങ്കിലും അവള് മറ്റവള്‍ക്കു തന്റെ കുഞ്ഞിനെ വിട്ടുകൊടുത്തപ്പോള്‍ വരാനിരിക്കുന്ന വേദനകളെയെല്ലാം ഹൃദയത്തില്‍ സംവഹിച്ചുകൊണ്ടുതന്നെയാണ് 'എന്റെ മോനെ നീയെടുത്തോ എനിക്കവനെ വേണ്ടാ, എന്നാലെങ്കിലും അവന്റെ ജീവന് നഷ്ടപ്പെടാതിരിക്കട്ടെ' എന്നു പറഞ്ഞത്. ഇതൊരു മഹാത്യാഗവും ബലിയുമാണ്. ഇതു തിരിച്ചറിഞ്ഞ ജ്ഞാനിയായ സോളമന് അവളുടെ സ്വന്തം കുഞ്ഞിനെ അവള്‍ക്കുതന്നെ തിരിച്ചുനല്‍കി. പ്രെയ്സ് ദ ലോര്‍ഡ്. വിട്ടുകൊടുക്കല്‍ = ത്യാഗം ഓരോ വിട്ടുകൊടുക്കലിന്റെ പിന്നിലും ഒരു മഹാത്യാഗമുണ്ട്. ത്യാഗം കൂടാതെ നമുക്കര്‍ഹമായതൊന്നും മറ്റുള്ളവര്‍ക്ക് നിരുപാധികം കയ്യാളാനാവില്ല. ഇന്ന് നമ്മുടെയൊക്കെ കുടുംബങ്ങളിലും സമൂഹങ്ങളിലും സഭയുടെ ഉന്നതതലങ്ങളിലും നിലനില്‍ക്കുന്ന അടിപിടികള്‍ക്കും തര്‍ക്കങ്ങള്‍ക്കും കനത്ത വാദപ്രതിവാദങ്ങള്‍ക്കുമെല്ലാം പിന്നില്‍ വിട്ടുകൊടുക്കാന്‍ തയാറാകാത്ത നമ്മുടെ കടുംപിടുത്തങ്ങളും ഉള്‍പ്പോരുകളുമുണ്ട്. ആരെങ്കിലുമൊന്ന് തല കുനിക്കാനും പിന്‍വാങ്ങാനും തയാറായാല്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവാകും. പക്ഷേ അതിന് നമുക്ക് കഴിയുന്നില്ല എന്നിടത്താണ് പ്രശ്നം നിലകൊള്ളുന്നത്. എന്തുകൊണ്ട് കഴിയുന്നില്ല? മുകളില്‍ കണ്ട യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്റെ പിന്നില്‍ വലിയ ഒരു പ്രേരകശക്തി ഉണ്ടായിരുന്നു. അതു മറ്റൊന്നുമല്ല, താന്‍ പത്തുമാസം ചുമന്ന് നൊന്തുപെറ്റ കുഞ്ഞിന്റെ ജീവരക്ഷയായിരുന്നു. അതിനാല്‍ത്തന്നെയാണ് ആ വിട്ടുകൊടുക്കലിലൂടെ ഭാവിയില്‍ താന്‍ നേരിടാന്‍ പോകുന്ന ദുരിതങ്ങളെല്ലാം തൃണതുല്യമായി കണ്ടുകൊണ്ട് അവള് ആ ത്യാഗത്തിന് തയാറായത്. ഇന്ന് തമ്മിലടിക്കുകയും സ്വന്ത സാമ്രാജ്യം സ്ഥാപിക്കാന്‍ വ്യഗ്രതപ്പെട്ട് ഓടി നടക്കുകയും ചെയ്യുന്നവരുടെ തലയില്‍ ആ തമ്മിലടിയിലൂടെ തകര്‍ക്കപ്പെടുന്ന മറ്റനേകരുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തപോലുമില്ല എന്നതാണ് ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. "ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന്" എന്ന് ഓരോരുത്തനും വാദിക്കുന്നു. അതേ സ്ഥാപിക്കാന്‍വേണ്ടി അക്ഷീണം യത്നിക്കുന്നു. ആരു വിട്ടുകൊടുക്കണം? ഇതൊരു വലിയ ചോദ്യമാണ്. ഉത്തരം വളരെ ലളിതവും. ആരാണോ യഥാര്‍ത്ഥ അമ്മ അവള് വിട്ടുകൊടുക്കട്ടെ. ആരാണോ യഥാര്‍ത്ഥ അപ്പന് അവന് വിട്ടുകൊടുക്കട്ടെ. അതുകൊണ്ട് ഞാന്‍ എഴുതട്ടെ വിട്ടുകൊടുക്കല്‍ = ത്യാഗം = വിജയം = യഥാര്‍ത്ഥ അമ്മ. യേശുവിന്റെ ഹൃദയം അമ്മയുടെ ഹൃദയം! അങ്ങനെ പറയുന്നതില്‍ ഒരു തെറ്റുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. തിബേരിയൂസ് കടല്‍പ്പുറത്ത് തന്റെ പീഡാസഹനത്തിന്റെ കഠിനവേദനകളില്‍ തന്നെ ഒറ്റയ്ക്കാക്കി, തന്നെ തള്ളിപ്പറഞ്ഞ് ഓടി രക്ഷപെട്ട ശിഷ്യന്മാരുടെ അടുത്തേക്ക് അവര്‍ക്കുവേണ്ടി സ്വന്തം കൈകൊണ്ട് പ്രാതലൊരുക്കി അവര്‍ക്ക് വിളമ്പിക്കൊടുത്ത് അവരെ തന്നോടു വീണ്ടും ചേര്‍ത്തുനിര്‍ത്തി പടുത്തുയര്‍ത്തുന്ന യേശുവിന്റെ ഹൃദയം അമ്മയുടേതോ അപ്പന്റേതോ? തീര്‍ച്ചയായും അതൊരമ്മയുടെ ഹൃദയമാണ്. വിട്ടുവീഴ്ചയുള്ള ഒരു ഹൃദയം! ഒരിക്കല്‍പ്പോലും ഒരു പരാതിപോലും അവിടുന്ന് അവരോടു പറയുന്നില്ല. അവരെക്കൊണ്ട് അവരുടെ തെറ്റുകളെല്ലാം ഏറ്റുപറയിപ്പിച്ചിട്ട് അവര്‍ക്കുവേണ്ടി ഭക്ഷണം വിളമ്പാം എന്ന് കരുതുന്നുമില്ല. 'എന്നെ സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ' എന്നുമാത്രം അവരോടു ചോദിക്കുന്നു. ഉദാരവും വിട്ടുവീഴ്ച നിറഞ്ഞതുമായിരുന്നു യേശുവിലെ മാതൃഹൃദയം. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം! ഈ ഹൃദയം സ്ത്രീകള്‍ക്കു മാത്രമല്ല ഏതൊരു പുരുഷനും സ്വന്തമാക്കാം. അങ്ങനെ അവന് പുരുഷനായിരിക്കെത്തന്നെ യഥാര്‍ത്ഥ അമ്മയുമാകാം. മാപ്പു നല്കുന്ന കോടതി സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് മലയാള ഭാഷാധ്യാപകര്‍ പദ്യഭാഗങ്ങള്‍ പാടി വര്‍ണിച്ചു പഠിപ്പിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ അമ്മയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടുള്ളത് ഓര്‍മിക്കുന്നു. "ഏതു തെറ്റിനും മാപ്പു നല്കുന്ന ഒരു കോടതിയുണ്ട് ഈ ലോകത്തില്‍. അത് ഒരു പെറ്റമ്മയുടെ ഹൃദയമാണ്." ഒരമ്മ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുവാനോ ക്ഷമിക്കുവാനോ ഭൂമിയില്‍ ആര്‍ക്കും കഴിയുകയില്ല. അതുകൊണ്ടല്ലോ ദൈവം ഇപ്രകാരം പറയുന്നത് പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല (ഏശയ്യാ 49/15) എന്ന്. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം സ്വന്തമാക്കുക. നമ്മുടെ കുടുംബത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, സഭയുടെ ഉന്നത തലങ്ങളിലാകട്ടെ, തമ്മിലടിച്ച് തലകീഴായി മറിഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ അതിലൂടെ മാത്രമേ കഴിയൂ. പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി നമുക്ക് നല്കുന്ന സന്ദേശവും ഇതുതന്നെയാണ്. ശൂന്യവല്‍ക്കരിക്കപ്പെട്ട മൂന്നു ജീവിതങ്ങളെ നമുക്ക് പുല്‍ക്കൂട്ടില്‍ കാണാന്‍ കഴിയും. മാതാവും യൗസേപ്പിതാവും ഉണ്ണിയേശുവും. സ്വന്തമായി പദ്ധതികള്‍ ഒന്നുമില്ലാത്തവര്‍. ദൈവഹിതം മാത്രം പദ്ധതിയായിട്ടുള്ളവര്‍. തമ്മിലടിക്കാനോ ദൈവത്തോട് അടികൂടാനോ വാദമുഖങ്ങള്‍ ഒന്നും കൈയിലില്ലാത്തവര്‍. ഓരോ നിമിഷവും ഓരോ പ്രതികൂലങ്ങളിലും ഇതാ ഞാന്‍, കര്‍ത്താവിന്റെ ദാസി, അല്ലെങ്കില്‍ ദാസന് എന്നുമാത്രം പറഞ്ഞവര്‍. അവരെ നോക്കിയാണ് ദൈവദൂതന് പാടിയത് "ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം" എന്ന്. തിരുക്കുടുംബത്തിന്റെ ആ സമര്‍പ്പണം ഭൂമിയിലുള്ള അനേകകോടികള്‍ക്കു സമാധാനത്തിന്റെ വഴിയായി ദൈവം മാറ്റി. ഭിന്നതയുള്ള കുടുംബങ്ങളെ, ഭിന്നതയുള്ള സമൂഹങ്ങളെ, ഭിന്നതയും തമ്മിലടിയുമായി കഴിയുന്ന സഭാവിഭാഗങ്ങളെ, ഭിന്നതയിലും മാത്സര്യത്തിലും പരസ്പര പോരാട്ടത്തിലുമായിരിക്കുന്ന ലോകജനതയെ, എല്ലാം നമുക്ക് പുല്‍ക്കൂട്ടിലെ സമാധാനത്തിന്റെ സരണിയിലേക്ക് ഒന്നുചേര്‍ക്കാം. കാരണം "അവന് (യേശു) നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന് ഒന്നിപ്പിക്കുകയും ഭിന്നതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു" (എഫേസോസ് 2/14). ക്രിസ്മസിന്റെ സന്തോഷവും സമാധാനവും എല്ലാ വായനക്കാര്‍ക്കും ആശംസിക്കുന്നു. പ്രയ്സ് ദ ലോര്‍ഡ്, ആവേ മരിയ.
By: സ്റ്റെല്ല ബെന്നി
Moreശാരീരിക പ്രവണതകളെ നാം എന്തിനു നിഷേധിക്കണം? അധ്യാപികയായ ഒരു സുഹൃത്ത് കൗമാരക്കാരായ കുട്ടികളുമായി വിശുദ്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പഴയകാലത്തെപ്പോലെ, അത്ര എളുപ്പമല്ല പുണ്യത്തില്‍ വളരാന്‍ എന്നായിരുന്നു അവരില്‍ പലരുടെയും അഭിപ്രായം. മാനുഷികമായ പ്രവണതകള്‍ എങ്ങനെയാണ് പാപം ആകുന്നത് എന്നു ചോദിച്ചവരും ഉണ്ടായിരുന്നു. അവര്‍ പങ്കുവച്ചത് ഒരര്‍ത്ഥത്തില്‍ ശരിയാണല്ലോ. വസ്ത്രധാരണശൈലിയിലും ജീവിതരീതികളിലും ധാര്‍മിക ചിന്തകളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ആ കൊച്ചുമനസുകളിലും പ്രതിഫലിച്ചതില്‍ അത്ഭുതപ്പെടാനില്ല! ധാര്‍മികതയുടെയും മതങ്ങളുടെയും ഒക്കെ വേലിക്കെട്ടുകള്‍ തകര്‍ത്ത് എല്ലാ തിന്മകളും വിരല്‍ത്തുമ്പില്‍ എത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവരോട് എന്താണ് മറുപടി പറയുക എന്നവള്‍ തെല്ലൊന്നു പരിഭ്രമിച്ചു. പെട്ടെന്ന് ആത്മാവ് കൊടുത്ത പ്രേരണയനുസരിച്ച് അവള് അവരോടു ചോദിച്ചു: "കുഞ്ഞുങ്ങളേ, നിങ്ങള്‍ എന്തിനാണ് വലിയ ഉത്സാഹത്തോടെ ദിവസേന ജിംനേഷ്യത്തില്‍ പോകുന്നത്. ശരീരം സൂക്ഷിക്കാന്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും ചിലത് തിരഞ്ഞെടുക്കുകയും ചെയ്യുന്നത്? വിശപ്പും രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും ഒക്കെ സാധാരണ ശാരീരിക പ്രവണതകള്‍തന്നെയല്ലേ. എങ്കിലും ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവുമൂലം വേണ്ടെന്നു വയ്ക്കുന്നു. അതുവഴി ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും കൂടുന്നതുപോലെതന്നെയാണ് നമ്മുടെ ആത്മാവിന്റെ കാര്യവും. ദൈവാത്മാവ് വസിക്കുന്ന നമ്മുടെ ആത്മാവിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി ബോധപൂര്‍വകമായ ചില തിരഞ്ഞെടുപ്പുകളും വര്‍ജനങ്ങളും അത്യാവശ്യമാണ്." എത്ര സത്യമാണ്! വിശുദ്ധിയിലേക്കുള്ള വിളിക്ക് നാം പ്രത്യുത്തരിക്കുമ്പോള്‍ അത് ഹൃദയപൂര്‍വകമായ ഒരു തിരഞ്ഞെടുപ്പാണ്. നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തിന്റെ ഒപ്പം നില്‍ക്കാനുള്ള ഒരു ഉത്തമ തീരുമാനം. നമ്മുടെ പിതാവിന്റെ മക്കളാണ് നാം എന്നു സാക്ഷ്യം നല്കുവാനുള്ള മനോഹരമായ അവസരങ്ങള്‍ അല്ലേ യഥാര്‍ത്ഥത്തില്‍ നാം നേരിടുന്ന പ്രലോഭനങ്ങള്‍? എന്റെ ദൈവത്തെ എനിക്ക് മതി എന്നും അവന് ഇഷ്ടമില്ലാത്തതൊന്നും വേണ്ട എന്നുമുള്ള ഒരു തിരഞ്ഞെടുപ്പ് ആണത്. വിശുദ്ധിയില്‍ വളരാനുള്ള ആദ്യപടി അത് ദൈവത്തില്‍ എത്താനുള്ള 'ഒരു മാര്‍ഗം അല്ല, ഏകമാര്‍ഗം' ആണെന്നു മനസിലാക്കുകയാണ്. ശുദ്ധത എന്ന പുണ്യത്തിന്റെ പ്രാധാന്യം നമ്മുടെ ദൈവത്തിന്റെ സാമീപ്യം അനുഭവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വിശുദ്ധി പാലിക്കുകയാണ്. "ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും" (മത്തായി 5/8). ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുമ്പോഴാണ് നാം സന്തോഷമുള്ളവരും ശക്തിയും പ്രത്യാശയുള്ളവരും ആയി മാറുന്നത്. ദൈവസാന്നിധ്യം നമുക്ക് ആത്മധൈര്യം പകരും. എന്നാല്‍ അശുദ്ധി ദൈവസാന്നിധ്യം നഷ്ടപ്പെടുത്തുകയും അതുവഴി നാം അസ്വസ്ഥരും ദുര്‍ബലരുമായിത്തീരുകയും ചെയ്യും. "വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല" (ഹെബ്രായര്‍ 12/14). ശുദ്ധത എന്ന പുണ്യം ഒരു ശക്തിസ്രോതസാണ്. ആത്മീയയുദ്ധത്തില്‍ നമ്മുടെ ആവനാഴിയില്‍ സാത്താന് എതിരെയുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധങ്ങളില്‍ ഒന്നാണ് അത്. നമ്മുടെ വിശുദ്ധി, നാം ആരുമായൊക്കെ സമ്പര്‍ക്കത്തില്‍ ആകുന്നോ അവരിലേക്കും പകരപ്പെടുന്നു. നാം ദൈവത്തിന്റെ ആലയങ്ങള്‍ ആയിരിക്കുന്നതുകൊണ്ടും നമ്മുടെ ശരീരങ്ങളെ വിശുദ്ധമായി സൂക്ഷിക്കണം. "നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1 കോറിന്തോസ് 6/19-20). നമുക്ക് ജീവന് പകര്ന്നവന് അധിവസിക്കുന്ന നമ്മുടെ ശരീരത്തെയും മനസിനെയും എത്ര ഭംഗിയായും ശുദ്ധമായും സൂക്ഷിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. ശുദ്ധത പാലിക്കാനുള്ള മാര്‍ഗങ്ങള്‍ 1. പ്രാര്‍ത്ഥന പലപ്പോഴും വിശുദ്ധിക്കെതിരായ തെറ്റുകളെ നാം ബലഹീനതയായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ബലം നല്കുന്ന പരിശുദ്ധാത്മാവിനെ സഹായകനായി കര്‍ത്താവ് നല്‍കിയിട്ടുണ്ട്. അതുപോലെ പ്രാര്‍ത്ഥനയിലൂടെ ബലവാനായ ദൈവത്തോട് ഒന്നുചേരുമ്പോഴും നാം ബലവാന്മാരായിത്തീരും. വിശുദ്ധ അല്‍ഫോന്‍സ് ലിഗോറി പറയുന്നതിപ്രകാരമാണ്. "ശക്തരായ ആളുകളും ദുര്‍ബലരും എന്നൊന്ന് ഇല്ല. നന്നായി പ്രാര്‍ത്ഥിക്കാന്‍ അറിയുന്നവരും അറിയാത്തവരുംമാത്രം." പ്രാര്‍ത്ഥനയാണ് എല്ലാ പുണ്യങ്ങളുടെയും വിളനിലവും അവ വളരാനുള്ള ശക്തിസ്രോതസും. 2. കൂദാശാസ്വീകരണം എല്ലാത്തിലും ഉപരിയായി കൂടെക്കൂടെയുള്ള കൂദാശാസ്വീകരണങ്ങള്‍ നമ്മുടെ ആത്മാവിനെ വിശുദ്ധീകരിക്കുകയും സ്ഥൈര്യപ്പെടുത്തുകയും ചെയ്യും. വിശുദ്ധ കുമ്പസാരം നമ്മുടെ ഹൃദയങ്ങളെ കഴുകി വിശുദ്ധീകരിക്കുന്നു. നമ്മുടെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളുടെ സ്വീകരണം നമ്മെ ജീവിക്കുന്ന സക്രാരികളാക്കി മാറ്റുന്നു. 3. സംസാരത്തിലുള്ള വിശുദ്ധി സഭ്യമല്ലാത്ത ഒരു സംഭാഷണത്തിലും ഏര്‍പ്പെടാതിരിക്കുക. നേരമ്പോക്കിനായിപ്പോലും അത്തരത്തില്‍ ഒരു വാക്ക് നമ്മില്‍നിന്ന് പുറപ്പെടാതെ ഇരിക്കട്ടെ. നമ്മുടെ നാവിനെ നാം പരിശുദ്ധാത്മാവിന് സമര്‍പ്പിക്കണം. കാരണം "ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്" (യാക്കോബ് 3/8). ദൈവഹിതത്തിന് എതിരായ ഒരു വാക്കുപോലും അത് ഉച്ചരിക്കാതിരിക്കട്ടെ. 4. കണ്ണുകളുടെ വിശുദ്ധി "കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും" (മത്തായി 6/22). ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ കണ്ണുകളെ ദൈവത്തിന് സമര്‍പ്പിക്കുക. നമ്മുടെ കണ്ണുകളിലേക്ക് നോക്കുന്നവര്‍ നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തെ കാണട്ടെ. കണ്ണുകള്‍ നമ്മുടെ ആത്മാവിലേക്കുള്ള ജനാലകള്‍ ആണ്. കണ്ണുകളിലൂടെ പ്രവേശിക്കുന്ന ഏതൊരു തിന്മയും നമ്മുടെ ആത്മാവിനെ ഇരുട്ടിലേക്ക് തള്ളിത്താഴ്ത്തും. അലസതയുള്ള മനസ് സാത്താന്റെ പണിപ്പുരയാണെന്ന് വിസ്മരിക്കരുത്. എപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതര്‍ ആയിരിക്കാന്‍ തന്റെ സഹവൈദികരെയും ഒറേട്ടറിയിലെ കുട്ടികളെയും വിശുദ്ധ ഡോണ്‍ബോസ്കോ പ്രോത്സാഹിപ്പിച്ചിരുന്നു. അവധിക്കാലം സാത്താന്റെ കൊയ്ത്തുകാലം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. നമ്മുടെ ഒഴിവുസമയങ്ങളും സന്തോഷങ്ങളും വിശുദ്ധീകരിക്കപ്പെടട്ടെ, അവ ദൈവം സ്വന്തമാക്കട്ടെ. 5. വിവേകം "സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന് അപഹരിക്കും" (പ്രഭാഷകന്‍ 21/2). പാപസാഹചര്യങ്ങളെ തിരിച്ചറിയുവാനും അവയില്‍നിന്നും ഓടിയകലുവാനും സാധിക്കുന്നതുവഴി മാത്രമേ ശുദ്ധത പാലിക്കുവാന്‍ സാധിക്കൂ. സാത്താന്റെ കുടിലതന്ത്രങ്ങളെകുറിച്ച് ബോധവാന്മാരാകുക. ഒരു യുദ്ധം ജയിക്കുവാന്‍ ശത്രുവിന്റെ തന്ത്രങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നാല്‍ മാത്രമേ സാധിക്കൂ. 'നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു' (1 പത്രോസ് 5:8). നാം എപ്പോഴും സമചിത്തതയോടെ ഉണര്‍ന്നിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു. ഒരു ചെറിയ ശ്രദ്ധക്കുറവ് പാപത്തിലേക്ക് നയിച്ചേക്കാം. ഒരു ചെറിയ പാപം ഒരു മാരകപാപത്തിലേക്കും. ഏറ്റവും ചെറിയ ഒരു പാപസാഹചര്യത്തില്‍നിന്നുപോലും ഒഴിഞ്ഞുമാറുക. പാപത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു കൗതുകത്തിനും അടിമപ്പെടാതിരിക്കുക. 6. ദൈവിക സുഹൃദ്ബന്ധങ്ങള്‍ നമ്മെ നന്മയിലേക്ക് നയിക്കുന്നതും ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതുമായ നല്ല സുഹൃത്തുക്കള്‍ നമുക്ക് ഉണ്ടാകട്ടെ. "വിശ്വസ്തനായ സ്നേഹിതന് ജീവാമൃതമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന് അവനെ കണ്ടെത്തും" (പ്രഭാഷകന്‍ 6/16). നമ്മുടെ സ്നേഹം വിശുദ്ധീകരിക്കപ്പെടട്ടെ. പലപ്പോഴും ചില സ്നേഹബന്ധങ്ങള്‍ അശുദ്ധിയുടെ വാതിലുകളാണ്. ദൈവം നമ്മുടെ ഹൃദയങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന വലിയൊരു സമ്പത്താണ് സ്നേഹം. അത് വിവേകത്തോടെ മാത്രം മറ്റുള്ളവരിലേക്ക് ചൊരിയുക. 7. മരിയഭക്തി ശുദ്ധത പാലിക്കാനുള്ള ഒരു പ്രധാന വഴി നമ്മുടെ പരിശുദ്ധ അമ്മയാണ്. അമ്മ സ്വര്‍ഗത്തിലേക്കുള്ള ഒരു ഗോവണിയാണെന്ന് പറയാം. അവളോട് ചേര്‍ന്നു മുന്നേറിയാല്‍ നാം വീണുപോയാലും അവള് നമ്മെ കൈവിടുകയില്ല. ജപമാലയിലൂടെ അവളോടൊപ്പം നാം ഒന്നായി ബന്ധിക്കപ്പെട്ടിരിക്കണം. വിശുദ്ധര്‍ എല്ലാവരും അവളോട് പ്രത്യേക ഭക്തിയും വണക്കവും ഉള്ളവര്‍ ആയിരുന്നല്ലോ. പ്രലോഭനങ്ങളെ നേരിടാനുള്ള വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ഒരു കൊച്ചുപ്രാര്‍ത്ഥന ഇപ്രകാരം ആയിരുന്നു, "മറിയമേ സഹായിച്ചാലും." തിന്മയ്ക്കെതിരെയുള്ള ഏറ്റവും നല്ല ആയുധമാണ് മരിയഭക്തി. മറ്റു സുകൃതങ്ങളെപ്പോലെതന്നെ, അനായാസേന ലഭിക്കുന്ന ഒന്നല്ല വിശുദ്ധി. നമുക്ക് പ്രിയപ്പെട്ട പലതും വേണ്ട എന്നുവയ്ക്കുവാന്‍ അല്പം ത്യാഗമനോഭാവം ആവശ്യമാണ്. എന്നാല്‍ അതിന്റെയൊക്കെ പരിണത ഫലം വളരെ മനോഹരമാണ്. നമുക്ക് ചുറ്റിനും, അത് നാം വസിക്കുന്ന സ്ഥലങ്ങളില്‍ ആണെങ്കിലും ചുറ്റുമുള്ള ജീവിതങ്ങളില്‍ ആണെങ്കിലും അതിന്റെ തേജസ് പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്. ജീവിതം ഹ്രസ്വമാണ്, സ്വര്‍ഗം നിത്യതയും! വിശുദ്ധിയുള്ള ഒരു ജീവിതം പിന്തുടര്ന്ന് നാം ഈ ജീവിതത്തില്‍ ദൈവത്തിന്റെ സൗന്ദര്യത്തെ ധ്യാനിക്കുകയാണെങ്കില്‍, നിത്യതയില്‍ നാം അവിടുത്തെ തിരുമുഖത്തിന്റെ സൗന്ദര്യം ദര്‍ശിച്ചാനന്ദിക്കും! പ്രാര്‍ത്ഥന: സ്നേഹത്തിന്റെ നിറകുടമായ ഈശോയേ, ശുദ്ധതയ്ക്ക് എതിരായ എല്ലാ പാപങ്ങളെയും ഞങ്ങള്‍ തള്ളിപ്പറയുന്നു. അവയിലേക്ക് നയിക്കുന്ന ഞങ്ങളുടെ എല്ലാ ചിന്തകളെയും താല്പര്യങ്ങളെയും കൗതുകത്തെയും ഞങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്ന ദൈവാലയങ്ങള്‍ ആണെന്ന് മറക്കാതെയിരിക്കുവാനും ഞങ്ങളുടെ ശരീരങ്ങളെ സജീവ ബലിയായി അങ്ങേക്ക് സമര്‍പ്പിക്കുവാനുമുള്ള കൃപയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളോട് കരുണയായിരിക്കണമേ.
By: Deepa Vinod
Moreനമ്മുടെ ജീവിതത്തിലും കാണും ഇങ്ങനെ ചില 'റോസാച്ചെടികള്‍'.അവ ദീര്‍ഘകാലം പൂത്തുലഞ്ഞ് നില്ക്കാന് നാമെന്താണ് ചെയ്യേണ്ടത്? എന്റെ ചെറുപ്പകാലത്ത് പൂക്കളും പൂന്തോട്ടം വച്ചുപിടിപ്പിക്കലും എനിക്ക് ഏറ്റവും പ്രിയങ്കരമായ സംഗതികളായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ അടുത്തുള്ള മഠത്തില്‍നിന്ന് എനിക്ക് നല്ലൊരു റോസക്കമ്പു കിട്ടി. ഞാനത് ചോദിച്ചു മേടിച്ചതാണ്. അടിഭാഗം തുളഞ്ഞുപോയ ഒരു ഇരുമ്പുബക്കറ്റില്‍ ചാണകവും മണ്ണും എല്ലാം നിറച്ച് ഞാനത് പാകിവച്ചു. കമ്പു കിളിര്‍ത്തപ്പോള്‍ എന്റെ പൂന്തോട്ടത്തിന്റെ നടുക്ക് കുഴിയുണ്ടാക്കി ബക്കറ്റോടുകൂടി ആ കുഴിയില്‍ ഇറക്കിവച്ചു. വെള്ളവും വളവും എല്ലാം കൊടുത്ത് ഓരോ ദിവസവും പരിചരിച്ചു. റോസച്ചെടി വേഗത്തില്‍ വലുതായി. ആദ്യത്തെ മൊട്ടിട്ടു. ആ മൊട്ട് വിടരുന്നതും കാത്തുകാത്ത് ഞാനിരുന്നു. അങ്ങനെ ഒരു ദിവസം മൊട്ടു വിടര്‍ന്നു. മനോഹരമായ ഒരു ചുവന്ന കട്ടറോസാപ്പൂവ്. ആ പൂവ് എല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു. റോസച്ചെടി തുടരെത്തുടരെ മൊട്ടിടാനും പൂക്കാനും തുടങ്ങി. ഞാനാ പൂക്കള്‍ പറിച്ച് ഈശോയ്ക്കും മാതാവിനും യൗസേപ്പിതാവിനുമൊക്കെ കൊടുക്കാനും തുടങ്ങി. ഒന്നുപോലും പറിച്ച് തലയില്‍ ചൂടിയില്ല. തലയില്‍ ചൂടണമെന്ന് ഒരിക്കലും തോന്നിപോലുമില്ല. അപ്പോഴതാ പിശാചിന്റെ ഒരു ഇടപെടല്‍. എന്നെക്കാള്‍ ഏതാനും വയസുമാത്രം മൂപ്പുള്ള ഒരു ബന്ധു അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന തറവാടുവീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തെ നമുക്ക് തത്കാലം ജോളിചാച്ചന് എന്ന് വിളിക്കാം. നിറയെ മൊട്ടിട്ട് പൂത്തുലഞ്ഞു നില്ക്കുന്ന റോസച്ചെടി കണ്ടപ്പോള്‍ ജോളിചാച്ചന് ഒരു മോഹം. ആ റോസച്ചെടിയുടെ ഉടമസ്ഥാവകാശം ജോളിചാച്ചനു കിട്ടണം. ജോളിചാച്ചന് എന്നോടു പറഞ്ഞു, "ഞാന്‍ നിനക്ക് പത്തുരൂപ തന്നേക്കാം. പക്ഷേ ഈ റോസച്ചെടി എന്റേതാണ്." ഞാന്‍ പറഞ്ഞു 'ഒരിക്കലും പറ്റില്ല, പത്തല്ല ആയിരം രൂപ തന്നാലും ഞാനീ റോസച്ചെടി ആര്‍ക്കും കൊടുക്കുകയില്ല. ഇത് എന്റേതാണ്. ഞാന്‍ കുഴിച്ചുവച്ച് വെള്ളവും വളവും നല്കി വളര്‍ത്തിയ റോസച്ചെടിയെങ്ങനെയാണ് ജോളിചാച്ചന്റേതാവുക. അത് എന്റേതുമാത്രമാണ്.' ജോളിചാച്ചന് പറഞ്ഞു: 'അല്ല അത് എന്റേതാണ്. ഞാനാണ് കുഴിച്ചിട്ടത്. വെള്ളമൊഴിച്ചു വളര്‍ത്തിയത്. മര്യാദക്ക് വിട്ടുതന്നോളൂ. അല്ലെങ്കില്‍ ഞാനത് കരിച്ചുകളയും.' ഞങ്ങള്‍ തമ്മില്‍ വഴക്കായി. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ട് വല്യപ്പച്ചനും വല്യമ്മച്ചിയും ഇറങ്ങിവന്നു. അവര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ജോളിചാച്ചനെ താക്കീതു ചെയ്തു. ഞാന്‍ നട്ടുനനച്ച് പൂത്തുനില്ക്കുന്ന ആ റോസച്ചെടി എന്റേതാണെന്നും ജോളിചാച്ചന് അതിന്മേല് അവകാശമില്ലെന്നും അതിന്മേല് തൊട്ടുപോലും നോക്കാന്‍ പാടില്ലെന്നും വല്യപ്പച്ചന് താക്കീതു ചെയ്തു. എനിക്ക് സമാധാനമായി. ഞാനോര്‍ത്തു പ്രശ്നം തീര്‍ന്നു എന്ന്. പക്ഷേ രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ സ്കൂളില്‍ പോയി തിരിച്ചു വന്നപ്പോഴതാ എന്റെ റോസച്ചെടി പൂന്തോട്ടത്തിന്റെ വേറൊരു ഭാഗത്തുനില്‍ക്കുന്നു. ജോളിചാച്ചന് അതിനെ വേറൊരു ഭാഗത്തേക്ക് ബക്കറ്റോടെ പിഴുതുകൊണ്ടുപോയി കുഴിച്ചിട്ടിരിക്കുന്നു. വലിയൊരു വീരകൃത്യം ചെയ്ത ഭാവത്തില്‍ ജോളിചാച്ചന് പറഞ്ഞു, "ഈ റോസച്ചെടി ഇപ്പോള്‍ എന്റേതാണ്. നീ നട്ട റോസച്ചെടി ദാ അവിടെ ഉണ്ടായിരുന്ന റോസച്ചെടിയാ. ആ റോസച്ചെടിയല്ല ഈ റോസച്ചെടി. ഇത് ഞാന്‍ നട്ട റോസച്ചെടിയാ. കണ്ടില്ലേ, ഞാനതിന്റെ ചുവട്ടില്‍ വെള്ളവും വളവും ഒക്കെ കൊടുത്തിരിക്കുന്നത്. മേലില്‍ ഇത് നിന്റേതാണെന്ന് മിണ്ടിപ്പോകരുത്." ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ശണ്ഠയായി. പലവട്ടം വല്യപ്പച്ചന് ഇടപെട്ടിട്ടും പ്രശ്നം തീര്‍ന്നില്ല. ജോളിചാച്ചന് വീട്ടിലില്ലാത്ത സമയം നോക്കി ഞാന്‍ ആ റോസച്ചെടി ബക്കറ്റോടെ പിഴുതെടുത്ത് ഞാനാദ്യം നട്ടിരുന്നിടത്തുകൊണ്ടുപോയി നട്ടു. പിറ്റേദിവസം ജോളിചാച്ചനത് ജോളിചാച്ചന് കുഴിച്ച കുഴിയില്‍ നട്ടു. അടുത്തദിവസം വീണ്ടും ഞാനത് എന്റെ കുഴിയിലേക്ക് പറിച്ചു മാറ്റിനടാന്‍ തുടങ്ങിയപ്പോള്‍ ആന്റി ഇടപെട്ടു. ആന്റി വളരെ സ്നേഹത്തോടെ എന്നെ ഉപദേശിച്ചു. "മോളേ, നീയെങ്കിലും ഒന്നടങ്ങ്. അവനോ പറഞ്ഞാല്‍ കേള്‍ക്കില്ല. ഇങ്ങനെ കുഴി മാറ്റി മാറ്റി പറിച്ചു നട്ടുകൊണ്ടിരുന്നാല്‍ അത് എവിടെയും വേരുറയ്ക്കാതെ കരിഞ്ഞുപോകും. അത് അവിടെത്തന്നെ നിന്നാല്‍ കുറെക്കാലം കഴിയുമ്പോള്‍ അത് നിനക്ക് തിരിച്ചുകിട്ടും." പക്ഷേ ആന്റിയുടെ ഉപദേശം എനിക്ക് സ്വീകാര്യമായിരുന്നില്ല. ഞാന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു, "പറ്റില്ല. ഞാന്‍ നട്ടുവളര്‍ത്തിയ റോസച്ചെടി എന്റേതാണ്. കരിഞ്ഞുപോയാലും ശരി, ഞാനിത് ജോളിചാച്ചന് വിട്ടുകൊടുക്കുകയില്ല." അവസാനം ആന്റി പറഞ്ഞതുതന്നെ സംഭവിച്ചു. വീണ്ടും വീണ്ടും സ്ഥലം മാറിമാറി എവിടെയും വേരുറയ്ക്കാനാവാതെ ആ റോസച്ചെടി ആദ്യം വാടി, പിന്നീട് കരിഞ്ഞുപോയി...! അത് അന്തകാലം ഇത് ഇന്തകാലം "മോളേ, നീയെങ്കിലും ഒന്നടങ്ങ്. അല്ലെങ്കില്‍ ആ റോസച്ചെടി കരിഞ്ഞുപോകും" എന്ന ആന്റിയുടെ ഉപദേശം സ്വീകരിക്കാന്‍ അക്കാലത്ത് എനിക്കു കഴിഞ്ഞില്ല. ഞാന്‍ എന്തിനടങ്ങണം? എന്റെ ഭാഗത്തല്ലേ ന്യായം എന്നതായിരുന്നു എന്റെ ചിന്ത. തികച്ചും ന്യായമായ ആ പിടിവാശിയാണ് നിറയെ പൂക്കള്‍ ചൂടി നിന്ന ആ റോസച്ചെടിയെ കരിച്ചുകളഞ്ഞത്. ഞാനൊന്നു വിട്ടുകൊടുത്തിരുന്നെങ്കില്, വിവേകത്തോടെ ഒന്നു നിശബ്ദത പാലിച്ചിരുന്നെങ്കില്‍ ആ റോസച്ചെടി നിറയെ പൂക്കള്‍ചൂടി കാണുന്നവര്‍ക്കെല്ലാം കണ്ണിനും കരളിനും സന്തോഷമേകി ദീര്‍ഘകാലം ആ മുറ്റത്തുതന്നെ നില്ക്കുമായിരുന്നു. എന്റെ റോസച്ചെടിയെ കരിച്ചുകളഞ്ഞ എന്റെ അന്നത്തെ വിവേകശൂന്യതയെ ഓര്‍ത്ത് ഇന്നു ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ എന്തുചെയ്യാം, പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടുകയില്ലല്ലോ. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാനൊരമ്മയായിത്തീര്‍ന്നപ്പോള്‍ എന്റെ വീക്ഷണങ്ങളും ഹൃദയഭാവങ്ങളും മാറി. മാതൃത്വം കയ്യാളുന്ന ത്യാഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയപ്പോള്‍ പലതും വിട്ടുകൊടുക്കുവാനും പലതിനെക്കുറിച്ചും നിശബ്ദത പാലിക്കുവാനും ഞാന്‍ പഠിച്ചു. തികച്ചും ന്യായമെന്നും നീതിയുക്തമെന്നും എനിക്കവകാശപ്പെട്ടതെന്നും കരുതിയിരുന്നതു പലതും നിരുപാധികം വിട്ടുകൊടുക്കുവാന്‍ എന്നിലെ അമ്മത്വം എനിക്ക് കരുത്തേകി. 'മോളേ, നീയെങ്കിലുമൊന്നടങ്ങ്' എന്ന് പണ്ട് ആന്റി ഉപദേശിച്ചപ്പോള്‍ എനിക്ക് തീരെ കഴിയാതിരുന്നത് പലതും അമ്മയുടെ ഹൃദയം സ്വന്തമായപ്പോള്‍ എനിക്ക് സാധ്യമായിത്തീര്‍ന്നു. അതാണ് മാതൃത്വം ഒരു സ്ത്രീയില്‍ വരുത്തുന്ന മാറ്റം! ഇതെങ്ങനെ കഴിഞ്ഞു? ശുശ്രൂഷാജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ നല്ല അമ്മമാരില്‍ ചിലരോടെങ്കിലും ഞാന്‍ ചോദിച്ചുപോയിട്ടുണ്ട്. എന്റെ പൊന്നമ്മച്ചി, അമ്മച്ചിക്ക് എങ്ങനെയാണ് ഇത്രത്തോളം സഹിച്ച് ഇവിടംവരെ ഓടിയെത്താന്‍ കഴിഞ്ഞത്' എന്ന്. എന്തായിരുന്നു ഇതിനു പിന്നിലെ പ്രേരകശക്തി എന്ന് ഞാനവരോടു തിരക്കി. മിക്ക അമ്മച്ചിമാരുടെയും ഉത്തരം ഒന്നുതന്നെയായിരുന്നു. "കുഞ്ഞേ, അതെന്റെ മക്കളെപ്രതിയാ... അടിവയറുപൊട്ടി ഞാന്‍ പ്രസവിച്ച എന്റെ പൊന്നുമക്കളുടെ ജീവനെപ്രതി. അവരുടെ ഭാവിയെപ്രതി, അവരെയൊരു സ്ഥാനത്തെത്തിക്കേണ്ടേ. ഞാന്‍ ഏറെ സഹിച്ചാലെന്താ മോളേ, എന്റെ മക്കളെല്ലാം ഇന്നു നല്ല നല്ല സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നില്ലേ. ഞാന്‍ പിടിവാശി പിടിച്ച് വാദിച്ചു നടന്നിരുന്നെങ്കില്‍ ഇതുവല്ലതും നടക്കുമായിരുന്നോ? ഇതാണ് തമ്പുരാന്റെ ഓരോ വഴികള്‍." വിട്ടുകൊടുക്കുവാനും പിന്‍വാങ്ങാനും സ്ത്രീപുരുഷസമത്വം ദൈവത്തിന്റെ പദ്ധതിതന്നെയാണ്. ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ വാക്കുകളിലൂടെ പരിശുദ്ധാത്മാവ് അതു സഭയെ പഠിപ്പിക്കുന്നുമുണ്ട്. അവിടുന്നു പറയുന്നു "സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍" (1 പത്രോസ് 3/7) എന്ന്. അന്നത്തെ സ്ത്രീ ഒരു ബലഹീനപാത്രമായിരിക്കാം. പക്ഷേ ഇന്നത്തെ സ്ത്രീ വെറുമൊരു ബലഹീനപാത്രമല്ല. പുരുഷനോടൊപ്പവും പുരുഷനെക്കാള്‍ ഇരട്ടിയായും കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നിലകൊള്ളുന്നവളും ഓടുന്നവളുമാണ്. അതുകൊണ്ട് തുല്യതയെന്നത് ദൈവപദ്ധതിയില്‍ സ്ത്രീക്ക് അര്‍ഹതപ്പെട്ടതുതന്നെയാണ്. പക്ഷേ ഒരു പ്രശ്നത്തോടും പ്രതിസന്ധിയോടും മടുക്കുമ്പോള്‍ വിട്ടുകൊടുക്കാനും പിന്‍വാങ്ങി നിശബ്ദത പാലിക്കാനുമുള്ള ശക്തി പുരുഷനെക്കാള്‍ നാലിരട്ടിയായി സ്ത്രീയില്ത്തന്നെയാണ് ദൈവം നിക്ഷേപിച്ചിരിക്കുന്നത്. ഇതൊരു ശക്തിയാണ്, ബലഹീനതയല്ല. വിജയമാണ്, പരാജയമല്ല. കൃപയാണ്, പ്രവൃത്തികളുടെ ഫലമല്ല. അതുകൊണ്ടാണ് പരിശുദ്ധ അമ്മയെ കൃപ നിറഞ്ഞവളേ എന്ന് ഗബ്രിയേല്‍ ദൂതന് അഭിസംബോധന ചെയ്തത്. തീര്‍ച്ചയായും ഓരോ സ്ത്രീയും ഇതില്‍ അഭിമാനിക്കുകതന്നെ വേണം. നമ്മുടെയൊക്കെ പൂര്‍വതലമുറകളെ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എവിടെയൊക്കെ സ്ത്രീ സഹിക്കുവാനും വിട്ടുകൊടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും തയാറായോ അവിടെയൊക്കെ കുടുംബം രക്ഷപെട്ടിട്ടുണ്ട്. തലമുറകള്‍ രക്ഷപെട്ടിട്ടുണ്ട്. മക്കള്‍ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. എവിടെയൊക്കെ പോരാട്ടത്തിന്റെ നിറതോക്കുമായി സ്ത്രീ രംഗത്തിറങ്ങിയിട്ടുണ്ടോ അവിടെയൊക്കെ മക്കളും തലമുറകളും ബലിയാടുകളായിത്തീര്‍ന്നിട്ടുണ്ട്. പ്രിയപ്പെട്ടവരെ, സഭ വിശുദ്ധയായി പ്രഖ്യാപിച്ച ഒരു മോനിക്കയെക്കുറിച്ചേ നമുക്കറിവുള്ളൂ. എന്നാല്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാത്ത അനേകായിരം മോനിക്കമാര്‍ ഇന്നലെയും ഇന്നും സഭയിലുണ്ടായിട്ടുണ്ട്. ഇതു വായിക്കുന്ന പ്രിയപ്പെട്ട സഹോദരിമാരേ, ഞാനൊരിക്കലും നിങ്ങള്‍ക്ക് എതിരല്ല. നിങ്ങളുടെ പക്ഷത്തുതന്നെയാണ്. ന്യായം പൂര്‍ണമായും നിങ്ങളുടെ ഭാഗത്തുതന്നെ ആയിരിക്കാം. അന്യായവാദത്തിന് നമ്മുടെ കുടുംബങ്ങളെയും തലമുറകളെയും രക്ഷപ്പെടുത്താനാവില്ല. ഇതാ സകല സമാനതാബോധങ്ങളും അര്‍ഹതാബോധങ്ങളും വെടിഞ്ഞ് തന്റെ ഒരു സൃഷ്ടിമാത്രമായ മനുഷ്യനെപ്പോലെ ആയിത്തീര്‍ന്ന്, പാപികളോടൊപ്പം എണ്ണപ്പെട്ട് തന്നെത്തന്നെ താഴ്ത്തിയവനായ യേശുകര്‍ത്താവ് നമ്മുടെ മുന്നില്‍ നില്ക്കുന്നു. അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായിട്ടുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു" (ഫിലിപ്പി 2/6-10). ഏശയ്യായുടെ പുസ്തകം 53/10-11 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. "പാപപരിഹാരബലിയായി തന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ അവന് തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ് പ്രാപിക്കുകയും ചെയ്യും. കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവന് സംതൃപ്തനാകും." പ്രിയപ്പെട്ട സഹോദരിമാരേ, നമ്മുടെ സഹനങ്ങള്‍ വരുംതലമുറകളെ പടുത്തുയര്‍ത്തുന്നതായി മാറട്ടെ. പല ന്യായങ്ങളും നമുക്ക് നിഷേധിക്കപ്പെട്ടേക്കാം. പക്ഷേ സഹനങ്ങള്‍ക്ക് പ്രതിഫലം നല്കുന്ന ദൈവം നമ്മുടെ സന്തതിപരമ്പരകളെ അനുഗ്രഹിക്കും. പ്രിയപ്പെട്ട സഹോദരന്മാരേ, സ്ത്രീയോട് എന്തും ചെയ്യും എങ്ങനെയുമാകാം എന്ത് അനീതിയും പ്രവര്‍ത്തിക്കാം എന്ന ഹൃദയഭാവത്തിലേക്ക് നിങ്ങള്‍ നയിക്കപ്പെടരുതേ. അതിനുള്ള അവകാശപത്രമായി ഈ ലേഖനത്തെ കാണുകയുമരുത്. നിങ്ങളോട് ഞാനല്ല സഭ പറയുന്നത് എന്താണെന്ന് നിങ്ങള്‍ നന്നായി ഗ്രഹിക്കുക. "ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍" (1 പത്രോസ് 3/7). ആവേ മരിയ.
By: സ്റ്റെല്ല ബെന്നി
Moreഒരു രാജാവിന് രണ്ട് പരുന്തിന്‍കുഞ്ഞുങ്ങളെ സമ്മാനമായി കിട്ടി. കാണാന്‍ നല്ല ഭംഗിയുള്ള രണ്ട് പരുന്തിന്‍കുഞ്ഞുങ്ങള്‍. അവയെ പരിപാലിക്കാനും പരിശീലിപ്പിക്കാനുമായി ഒരാളെ രാജാവ് നിയോഗിച്ചു. അങ്ങനെ കുറച്ചുനാളുകള്‍ കടന്നുപോയി. പൂര്‍ണവളര്‍ച്ചെയത്തിയപ്പോള്‍ അവ പറക്കുന്നത് കാണാന്‍ രാജാവിന് ആഗ്രഹം. ഒരു ദിവസം തന്റെ മുന്നില്‍വച്ച് അവ പറക്കുന്നത് കാണിച്ചുതരണമെന്ന് രാജാവ് പരിശീലകനോട് ആവശ്യപ്പെട്ടു. പറഞ്ഞതുപ്രകാരം നിശ്ചിതസമയത്ത് രാജാവ് എത്തി. പരുന്തുകള്‍ ഒരു മരക്കൊമ്പില്‍ ഇരിക്കുകയാണ്. പരിശീലകന് അടയാളം നല്‍കിയതോടെ രണ്ട് പരുന്തുകളും അതാ പറന്നുയരുന്നു. രാജാവിന് ഏറെ സന്തോഷം. പക്ഷേ നോക്കിക്കൊണ്ടിരിക്കേ, ഒരു പരുന്ത് അല്പദൂരം ഉയര്‍ന്നുപറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരുന്നു. മറ്റേ പരുന്താകട്ടെ ഉയരങ്ങളില്‍ പറന്നുകൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അത് തിരികെ വന്നത്. ഇതുകണ്ട് രാജാവിന് അല്പം വിഷമമായി. പരിശീലകന് വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും ആദ്യത്തെ പരുന്ത് അധികദൂരം പറന്നില്ല. പല ദിവസങ്ങളിലും ശ്രമം ആവര്‍ത്തിച്ചെങ്കിലും ആ പരുന്ത് അല്പം പറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരിക്കുകയാണ് ചെയ്തത്. ആ പരുന്ത് പറക്കുന്നതുകാണാനുള്ള ആഗ്രഹത്താല്‍ അതിനെ ഉയരത്തില്‍ പറപ്പിക്കുന്നവര്‍ക്ക് കനത്ത പാരിതോഷികം രാജാവ് വാഗ്ദാനം ചെയ്തു. പല പണ്ഡിതരും എത്തി. പക്ഷേ അവരുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. കുറച്ചുദിവസം കഴിഞ്ഞ് ഒരു പാവം കര്ഷകന് പരുന്തുകളെ വളര്‍ത്തുന്നിടത്ത് ചെന്നു. പരിശീലകന് അയാളുടെ ആവശ്യപ്രകാരം പരുന്തുകള്‍ക്ക് പറക്കാന്‍ അടയാളം നല്കി. അല്പം കഴിഞ്ഞപ്പോള്‍ അതാ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അധികം പറക്കാത്ത പരുന്തും ഉയര്‍ന്നുപറക്കുന്നു! കാര്യങ്ങളറിഞ്ഞ രാജാവ് വാഗ്ദാനം ചെയ്ത സമ്മാനങ്ങളെല്ലാം അയാള്‍ക്ക് നല്കി. എന്ത് വിദ്യ ചെയ്തിട്ടാണ് പരുന്തിനെ പറത്തിയതെന്നായിരുന്നു രാജാവിന് അറിയേണ്ടിയിരുന്നത്. ആ പരുന്ത് പതിവായി ഇരിക്കാറുള്ള മരക്കൊമ്പ് വെട്ടിക്കളയുകയാണ് താന്‍ ചെയ്തത് എന്ന് കര്ഷകന് ഉത്തരം നല്കി. നമ്മുടെ ചില പതിവുസുഖങ്ങളുടെ മരക്കൊമ്പുകള്‍ കര്‍ത്താവ് വെട്ടിക്കളയുന്നത് നാം ഉയര്‍ന്നുപറക്കാനാണ്. "താന്‍ സ്നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു"ڔ(ഹെബ്രായര്‍ 12/6)
By: Shalom Tidings
Moreസമയവും കഴിവുകളും നമ്മുടെ ഇഷ്ടമനുസരിച്ച് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ? മരണത്തിന്റെ വക്കില്‍നിന്ന് ജീവനിലേക്ക് തിരിച്ചുനടക്കുവാന്‍ അപൂര്‍വമായ അവസരം ലഭിച്ചവരുണ്ട്. ജീവന്റെയും ജീവിതത്തിന്റെയും മൂല്യം തിരിച്ചറിയുവാന്‍ അവര്‍ക്കേ സാധിക്കൂ. അത്തരത്തിലുള്ള അപൂര്‍വ വ്യക്തിത്വങ്ങളിലൊരാളാണ് ലോകപ്രശസ്ത സാഹിത്യകാരനായ ദസ്തയേവ്സ്കി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണിത്. സാര്‍ ചക്രവര്‍ത്തിമാര്‍ റഷ്യ വാണിരുന്ന കാലം. വിമതപ്രവര്‍ത്തനങ്ങളൊന്നും അവര്‍ വച്ചുപൊറുപ്പിച്ചിരുന്നില്ല. അങ്ങനെയൊരുനാള്‍ ദസ്തയേവ്സ്കിയുടെ ഊഴം വന്നു. 1849 നവംബര്‍ 16 ന് സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെയും കൂട്ടരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഡിസംബര്‍ 22 നാണ് വധശിക്ഷ നടപ്പാക്കുവാന്‍ ഉദ്ദേശിക്കപ്പെട്ടിരുന്നത്. തടവുകാരെ സെമിയാനോവ് മൈതാനത്തിന്റെ ഒരറ്റം മുതല്‍ അണിനിരത്തി. ഫയറിങ്ങ് സ്ക്വാഡ് റെഡിയായി നില്ക്കുന്നു. മൂടിക്കെട്ടിയ കണ്ണുകളുമായി മരണത്തിന്റെ കാലൊച്ചയ്ക്കായി അവര്‍ കാത്തുനിന്നു. എന്നാല്‍ പെട്ടെന്നൊരു ആന്റിക്ലൈമാക്സ്. തടവുകാരുടെ കണ്ണുകളിലെ കെട്ടഴിച്ചു, അവര്‍ സ്വതന്ത്രരാണെന്ന് അറിയിച്ചു. കാരണം ചക്രവര്‍ത്തി തടവുകാര്‍ക്ക് മാപ്പു നല്കിയിരിക്കുന്നു. ദസ്തയേവ്സ്കി പിന്നീട് എഴുതിയ രചനകളില്‍ ജീവിതത്തിന്റെ വിലയെക്കുറിച്ചള്ള സൂചനകള്‍ പലപ്പോഴായി നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഇഡിയറ്റിലെ ഒരു കഥാപാത്രം പറയുന്നു: "ഓരോ മിനിറ്റും ഞാനൊരു യുഗമാക്കി മാറ്റും. ഒന്നും പാഴാക്കില്ല. എല്ലാത്തിനും കണക്കുണ്ട്." നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണിത്. ഓരോ മിനിറ്റുപോലും വളരെ പ്രധാനപ്പെട്ടതാണ്. അതിന് ദൈവസന്നിധിയില്‍ ഒരു യുഗത്തിന്റെ വിലയുണ്ട്. നമ്മുടെ ആത്മീയ-ഭൗതിക ജീവിതങ്ങളുടെ ആകെത്തുക ഓരോ മിനിറ്റും കൂടുന്നതാണല്ലോ. അത് എങ്ങനെ നാം ചെലവഴിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ജയാപജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ കണിശമായ ഒരു ജാഗ്രത പുലര്‍ത്തുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന ഒരു കാര്യമുണ്ട്. അത് ഓരോ മിനിറ്റും നാം എങ്ങനെ ചെലവഴിച്ചു എന്ന് കണക്കു കൊടുക്കേണ്ടിവരും എന്നതുതന്നെയാണ്. നാളേക്ക് മാറ്റിവയ്ക്കുക എന്നത് സമയത്തെ ഗൗരവമായി കാണാത്തവരുടെ ഒരു പൊതുസ്വഭാവമാണ്. 'ഇന്നുവേണ്ട, നാളെ ചെയ്യാം' എന്ന് അവര്‍ തങ്ങളോടുതന്നെ മന്ത്രിച്ചുകൊണ്ടിരിക്കുന്നു. നാളെ കൂടുതല്‍ അനുകൂലമായ സാഹചര്യം വരും എന്ന ന്യായം അവര്‍ കണ്ടെത്തുകയാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇത് നമ്മുടെയെല്ലാം ഒരു പൊതുസ്വഭാവമാണ്. ഇംഗ്ലീഷില്‍ ഇതിന് 'പ്രോക്രാസ്റ്റിനേഷന്‍' എന്ന് പറയും. ഇതില്‍നിന്ന് മോചനം നേടുവാന്‍ നാം തീവ്രമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. സമയത്തിന്റെയും കഴിവുകളുടെയും ശരിയായ വിനിയോഗത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ ഈശോ നല്കിയ താലന്തുകളുടെ ഉപമ സുപരിചിതമാണ്. എത്ര കിട്ടി എന്നുള്ളതല്ല പ്രധാനപ്പെട്ടത്, എങ്ങനെ ഉപയോഗിച്ചു എന്നതാണ്. പക്ഷേ കൂടുതല്‍ കിട്ടിയവന് കൂടുതല്‍ ബാധ്യതയുണ്ട്. എന്നാല്‍ കുറച്ചുകിട്ടിയവന്‍ അത് കുഴിച്ചുമൂടുന്നതില്‍ ഒരു ന്യായീകരണവുമില്ല എന്നുതന്നെ. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ ഇത് താലന്തുകളുടെ ഉപമ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കില്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ അത് പത്തുനാണയത്തിന്റെ ഉപമയാണ്. ഈ രണ്ട് ഉപമകളുടെയും പൊതുസ്വഭാവം, നല്കിയ യജമാനന് കണക്ക് ചോദിക്കുന്നു എന്നതാണ്. താലന്ത് ഉപയോഗിക്കാതിരുന്നവന് ശകാരിക്കപ്പെടുന്നു എന്നുമാത്രമല്ല, അവന് നല്കപ്പെട്ടത് അവനില്‍നിന്ന് എടുത്തുമാറ്റപ്പെടുകയും ചെയ്യുന്നു. കൂടാതെ അവന് കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആരൊക്കെയാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നതിന്റെ ഒരു സൂചന ഈ ഉപമയിലൂടെ നല്കുന്നു. വിശുദ്ധ മത്തായി ശ്ലീഹാ നല്കുന്ന ആമുഖവിവരണം ഇപ്രകാരമാണ്: "ഒരുവന് യാത്ര പുറപ്പെടുന്നതിനുമുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം" (വിശുദ്ധ മത്തായി 25/14). സമയത്തിന്റെയും കഴിവുകളുടെയും ദൈവഹിതാനുസാരമുള്ള ശരിയായ വിനിയോഗം ഭൗതികവിജയത്തിനു മാത്രമല്ല, ആത്മരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. നമുക്ക് പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, അവിടുന്ന് എനിക്ക് നല്കിയ സമയവും ആയുസും കഴിവുകളും അങ്ങയുടെ സൗജന്യദാനമാണല്ലോ. അങ്ങയുടെ മുമ്പില്‍ ഇവയുടെ കണക്ക് ബോധിപ്പിക്കേണ്ടതാണെന്ന ചിന്താഭാരത്താല് എന്നെ നിറച്ചാലും. പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയുടെ പ്രകാശം ഈ മേഖലയില്‍ എനിക്ക് നല്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കര്‍ത്താവിന്റെ പ്രീതിക്ക് പാത്രമാകുന്ന വിധത്തില്‍ ജീവിക്കാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
By: കെ.ജെ. മാത്യു
Moreഓരോ നിമിഷവും ഈശോയുടെ തോളുരുമ്മി നടന്ന്, കുടുംബജീവിതം സ്വര്‍ഗമാക്കിയ വീട്ടമ്മയുടെ അനുഭവങ്ങള്‍... രണ്ട് ചേട്ടന്മാരുടെ കുഞ്ഞനിയത്തിയായിട്ടായിരുന്നു ഞാന്‍ ജീവിച്ചത്. സുഖസൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടായിരുന്നു. യഥാസമയം ഞാന്‍ വിവാഹിതയായി. വിവാഹശേഷം ആദ്യനാളുകളില്‍ത്തന്നെ ചില സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അപ്പോഴാണ് ഞാന്‍ അല്പമൊക്കെ പ്രാര്‍ത്ഥിച്ചത്. അതിനുമുമ്പെല്ലാം മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി ഞായറാഴ്ചമാത്രം ദൈവാലയത്തില്‍ പോയിരുന്ന ആളായിരുന്നു ഞാന്‍. പഠനകാലഘട്ടങ്ങളിലെല്ലാം എല്ലാ മതവും ഒന്നാണ് എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കുമെങ്കിലും അത് പരിഹരിക്കപ്പെട്ടാല്‍ ഞാന്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ നടക്കുമായിരുന്നു. എന്റെ ഭര്‍ത്താവ്, എന്റെ മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ അങ്ങനെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിമാത്രമായിരുന്നു പ്രാര്‍ത്ഥന. എന്നിലെ 'അഹം' വളരെയധികം പ്രബലമായിരുന്നു. ഞാന്‍ പറയുന്നതാണ് ശരി, അത് മറ്റുള്ളവര്‍ കേള്‍ക്കണം എന്നതായിരുന്നു എന്റെ മനോഭാവം. ഉപകാരമായ ദുരിതങ്ങള്‍ അങ്ങനെയിരിക്കേ 2013-ല്‍ എന്റെ ഒരു സഹോദരന് പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചു. അതെനിക്ക് വല്ലാത്തൊരു 'ഷോക്ക്' ആയിരുന്നു. ചേട്ടന്റെ മരണശേഷമാണ് മരണാനന്തരമുള്ള ഒരു ജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. 'മരണശേഷമുള്ള ജീവിതം എങ്ങനെയായിരിക്കും? എന്റെ മരണശേഷമെങ്കിലും എനിക്ക് ചേട്ടനെ കാണാന്‍ സാധിക്കുമോ?' എന്നിങ്ങനെയുള്ള ഒരുപിടി ചോദ്യങ്ങള്‍ ഞാന്‍ ഉള്ളില്‍ ചോദിച്ചുതുടങ്ങി. എങ്കിലും ആ അനുഭവവും നല്ലൊരു ദൈവബന്ധത്തിലേക്ക് എന്നെ നയിച്ചില്ല. പിന്നെയും ജീവിതത്തില്‍ പല സഹനങ്ങളിലൂടെയും സഞ്ചരിക്കേണ്ടിവന്നു. അപ്പോഴാണ് ഞാന്‍ പതിയെപ്പതിയെ എന്നെ പിന്തുടരുന്ന ദൈവസ്നേഹം തിരിച്ചറിയാന്‍ തുടങ്ങിയത്. മനുഷ്യര്‍ക്ക് നമ്മെ സഹായിക്കാന്‍ സാധിക്കാതെ തനിയെയാകുന്ന സമയങ്ങളിലാണല്ലോ നാം ഏറ്റവും കൂടുതല്‍ ദൈവത്തില്‍ ആശ്രയിക്കുക. അങ്ങനെയൊരവസ്ഥയിലാണ് ഞാനും ദൈവത്തെ തേടിയത്. എങ്കിലും പലപ്പോഴും പിന്തിരിഞ്ഞുനടക്കുകയും ചെയ്തു. പക്ഷേ ഞാന്‍ ദൈവത്തിലേക്ക് ഒരു ചുവട് വച്ചപ്പോള്‍ ഈശോ എന്നെ എത്തിച്ചത് സങ്കീര്‍ത്തനാരാധനാ കൂട്ടായ്മയിലായിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചതും വായിക്കുന്നതും ഈശോയുടെ പ്രാര്‍ത്ഥനാപുസ്തകമായ സങ്കീര്‍ത്തനങ്ങളാണ്. സങ്കീര്‍ത്തനങ്ങള്‍ വായിക്കുമ്പോള്‍ മനസിന്റെ ഭാരം കുറഞ്ഞില്ലാതാകുന്നതും രോഗസൗഖ്യം ലഭിക്കുന്നതുമെല്ലാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ജീവിതം ക്രമപ്പെടാന്‍ തുടങ്ങുന്നു... സങ്കീര്‍ത്തനാരാധനാകൂട്ടായ്മയിലൂടെ ശാസനകളും സ്നേഹത്തലോടലുകളും എല്ലാം നല്കി പല രീതിയിലും ജീവിതത്തെ ക്രമപ്പെടുത്താന്‍ ഈശോ എന്നെ പഠിപ്പിച്ചു. ഒരു കാര്യം ഈശോ പ്രത്യേകം മനസിലാക്കിത്തന്നു. എനിക്ക് മറ്റുള്ളവരെ ശരിയാക്കാന്‍ സാധിക്കില്ല. പകരം എന്നിലെ 'ഞാന്‍' ഇല്ലാതായാല്‍ എന്നിലൂടെ മറ്റുള്ളവരെ ഈശോക്ക് നേടാനാവും. അതിനാല്‍ത്തന്നെ 'ഞാന്‍ഭാവം' ഇല്ലാതാക്കാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ ശ്രമം തുടങ്ങി. എളിമ ലഭിക്കാനായി നിരന്തരം പ്രാര്‍ത്ഥിച്ച് പരിശ്രമിച്ചിരുന്നു. അനുദിനജീവിതത്തില്‍ പുണ്യങ്ങള്‍ ചെയ്യാന്‍ കൂട്ടായ്മയിലൂടെ കര്‍ത്താവ് എന്നെ പഠിപ്പിച്ചുതന്നു. അങ്ങനെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ, ഓരോ പ്രവൃത്തി ചെയ്യുമ്പോഴും പരിശുദ്ധ ത്രിത്വത്തിന് നന്ദി പറഞ്ഞ് സ്തുതികളര്‍പ്പിച്ച് പുണ്യം ചെയ്യാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ ഭര്‍ത്താവും മക്കളും പുണ്യാഭ്യസനത്തില്‍ പങ്കുചേര്‍ന്നു. അതോടെ കുടുംബത്തില്‍ വലിയ മാറ്റമാണുണ്ടായത്; സ്വര്‍ഗീയാനന്ദം കുടുംബത്തില്‍ നിറയുന്ന അനുഭവം! പ്രതിസന്ധികളോ പ്രശ്നങ്ങളോ ഇല്ലെന്നല്ല, അതിനെല്ലാമുപരിയായ ഒരു ആനന്ദം കര്‍ത്താവ് സമ്മാനിക്കുന്നു. എന്ത് കാര്യവും സ്വര്‍ഗത്തിലെ 'അപ്പച്ചനോ'ട് പറഞ്ഞിട്ട് ചെയ്യുക എന്നത് ഒരു ശീലമായി. എന്ത് ചെയ്യുമ്പോഴും ഇത് ഈശോയ്ക്ക് ഇഷ്ടമാകുമോ എന്ന ചിന്ത പരിശുദ്ധാത്മാവ് തരും. അതിനാല്‍ത്തന്നെ പാപങ്ങളില്‍നിന്ന് കുറെയെങ്കിലും പിന്മാറാന് സാധിച്ചു. വിശുദ്ധിക്കായി ആഴത്തില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു. വിശുദ്ധ കുമ്പസാരത്തിന് ഏറെ പ്രാധാന്യം നല്കാന് ഈശോ എന്നെ ഒരുക്കി. ഈലോകചിന്തയില്‍നിന്നും മാറി സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ പല കുരുക്കുകളും പ്രതിസന്ധികളുമായി ശത്രു പിന്നാലെത്തന്നെയുണ്ടെങ്കിലും ഈശോ കരം പിടിച്ച് കൂടെ നടക്കുന്നു. ഈ യാത്രയില്‍ ഈശോ എനിക്ക് മനസിലാക്കിത്തന്ന മറ്റൊരു കാര്യം അപരന് എന്നെക്കാള്‍ പ്രാധാന്യം കൊടുക്കുക എന്നതായിരുന്നു. അവരുടെ ഭാഗത്തുനിന്ന് ഈശോയോട് ചേര്‍ന്ന് ചിന്തിക്കുക. അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ക്ഷമ എന്ന പുണ്യം അഭ്യസിക്കുക എളുപ്പമായി. തെറ്റ് എന്റെ ഭാഗത്താണെന്ന് ചിന്തിക്കാന്‍ സാധിച്ചു. ആരെങ്കിലും അകാരണമായി ദേഷ്യപ്പെട്ടാലും കുറ്റപ്പെടുത്തിയാലും ഈശോയുടെ കുരിശോട് ചേര്‍ത്തുവയ്ക്കുക എന്നത് താരതമ്യേന എളുപ്പമായി. മക്കളാകെ മാറി! ഈശോയോടൊപ്പമുള്ള ജീവിതം ആരംഭിക്കുന്നതിനുമുമ്പ് മക്കളെ ഞാന്‍ എന്റേതുമാത്രമാക്കി വച്ചിരിക്കുകയായിരുന്നു. അവരെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങള്‍ക്ക് വിരുദ്ധമായി അവര്‍ പെരുമാറിയാല്‍ എനിക്ക് സഹിക്കില്ല. എന്നാല്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ച് അമ്മയ്ക്കൊപ്പമായിരുന്നപ്പോള്‍ അമ്മ ഒരു കാര്യം മനസിലാക്കിത്തന്നു. ഞാന്‍ സ്വര്‍ഗത്തിലെ അപ്പച്ചന്റെ മകളാണ് എന്നതുപോലെ അവരും അവിടുത്തെ മക്കളാണ്. അവര്‍ക്ക് അവരുടെ സ്വര്ഗീയപിതാവിനെ പരിചയപ്പെടുത്തി നല്കി അവിടുന്നിലേക്ക് നയിക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ടത്. ഇപ്രകാരം ഞാന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മക്കളെ പൂര്‍ണമായും ദൈവപിതാവിന് സമര്‍പ്പിച്ച് ബോധപൂര്‍വം പ്രാര്‍ത്ഥിക്കുമായിരുന്നു. ഇടയ്ക്ക് എന്നിലെ 'അഹം' കയറിവരുമെങ്കിലും വീണ്ടും പരിശ്രമിക്കും. അങ്ങനെ മുന്നോട്ടുപോയപ്പോള്‍, എനിക്കുചുറ്റും ഏറെ മാറ്റങ്ങള്‍ സംഭവിക്കുന്നത് അനുഭവവേദ്യമായി. ഭര്‍ത്താവിനെയും എന്നെയും മക്കള്‍ക്ക് മാതൃകകളായി പിതാവ് മാറ്റി. അവരെ ദൈവപിതാവിന് വിട്ടുകൊടുത്തപ്പോള്‍ ഞങ്ങളുടെ രൂപഭാവങ്ങള്‍ക്കുപകരം ദൈവികമായ രൂപഭാവങ്ങള്‍ അവരില്‍ വരുന്നത് കാണാന്‍ സാധിച്ചു. ഉദാഹരണത്തിന് ചെറുപ്പത്തില്‍, ദിവ്യബലിയില്‍ നിര്‍ബന്ധിച്ചാണ് പങ്കെടുപ്പിച്ചിരുന്നതെങ്കില് ഇപ്പോള്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം ഉത്സാഹത്തോടെ അനുദിനദിവ്യബലിയര്‍പ്പിക്കുന്നു. എല്ലാ നോമ്പുകളും അര്‍ത്ഥപൂര്‍ണമായി എടുക്കാന്‍ തുടങ്ങി. വീട്ടില്‍ ഭര്‍ത്താവും ഞാനും ദിവസത്തിലെ ജോലികള്‍ക്കിടയിലും ജപമാല ചൊല്ലിക്കൊണ്ടിരിക്കും. അതുകണ്ട് വളരുന്നതിനാല്‍ മക്കളും ജപമാലപ്രാര്‍ത്ഥനക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സ്വഭാവശുദ്ധിയിലും പ്രാര്‍ത്ഥനയിലും സത്പ്രവൃത്തികളിലുമെല്ലാം അവര്‍ മുന്നേറുന്നതുകാണുമ്പോള്‍, അവരെ ഇപ്രകാരം വളര്‍ത്തുന്നത് എങ്ങനെയാണെന്ന് പലരും ചോദിക്കും. എന്നാല്‍ ഇതെല്ലാം അവരെ ദൈവത്തിന് വിട്ടുകൊടുത്തതിനാല്‍ വന്ന മാറ്റങ്ങളാണ് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. സ്വര്‍ഗീയപിതാവിന്റെ മകളായി ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ അവിടുന്ന് ചോദിക്കാതെതന്നെ തരുന്ന സമ്മാനങ്ങളാണ് മറ്റെല്ലാം. സര്‍വ മഹത്വവും സ്തുതിയും ആരാധനയും പരിശുദ്ധ ത്രിത്വത്തിന്!
By: Jency Shammi
More"ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാര്‍ത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നല്‍കുന്നത്. പ്രത്യുത, സാധാരണമായ ദിനകൃത്യങ്ങള്‍ക്കിടയിലാണ്."
By: Shalom Tidings
Moreഈവര്‍ഷത്തെ കഠിനവേനലില്‍ ഞങ്ങളുടെ കുളം വറ്റി. വെള്ളം ലഭിക്കാന്‍ വേറെ സാധ്യതകളൊന്നും കണ്ടില്ല. അതിനാല്‍, "അവിടെ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോട് പറഞ്ഞു, അവര്‍ക്ക് വീഞ്ഞില്ല" (യോഹന്നാന് 2/3) എന്ന തിരുവചനം ആവര്‍ത്തിച്ച് ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. "ഞങ്ങള്‍ക്ക് വെള്ളമില്ല എന്ന് ഈശോയോട് പറയണമേ" എന്ന് പരിശുദ്ധ അമ്മയോടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതിന്റെ രണ്ടാം ദിവസം ഒരാള്‍ മഠത്തില്‍ വന്നു പറഞ്ഞു, "കുഴല്‍കിണറിന് യന്ത്രം ഉപയോഗിച്ച് സ്ഥാനം കാണുന്നവര്‍ ഈ പ്രദേശത്ത് വരുന്നുണ്ട്. ഈ വര്‍ഷം കിണര്‍ കുഴിക്കുന്നില്ലെങ്കിലും സ്ഥാനം കണ്ടുവയ്ക്കുന്നത് നല്ലതായിരിക്കും." അന്നുരാത്രി ഞങ്ങളുടെ പറമ്പില്‍ രണ്ട് സ്ഥലത്ത് വെള്ളമുള്ളതായി ഞാന്‍ സ്വപ്നം കണ്ടു. പിറ്റേന്ന് അതിലൊരു സ്ഥലത്തുതന്നെ കുഴല്‍കിണറിന് സ്ഥാനം നിര്‍ണയിക്കുകയും ചെയ്തു. എങ്കിലും മഴക്കാലം അടുത്തുവരുന്നതുകൊണ്ടും അടുത്തുള്ള മഠത്തില്‍ കുഴല്‍കിണര്‍ കുത്തിയിട്ട് വെള്ളം ലഭിക്കാത്തതുകൊണ്ടും ആ സമയത്ത് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനിക്കുക എന്നത് അല്പം ക്ലേശകരമായ കാര്യമായിരുന്നു. എന്തായാലും ദൈവത്തില്‍ ആശ്രയിച്ച് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനം എടുത്തു. ഏപ്രില്‍ 29-ന് രാവിലെ എട്ടുമണിക്കാണ് കിണര്‍പണി ആരംഭിക്കുന്നത്. വെള്ളമില്ലാത്തപ്പോള്‍ സ്തുതിച്ച് പ്രാര്ത്ഥിച്ചാല്മതിയെന്ന ഞങ്ങളുടെ സ്ഥാപകപിതാവ് മോണ്‍. സി.ജെ. വര്‍ക്കിയച്ചന്റെ വാക്കുകള്‍ അനുസരിച്ച്, കിണറിന് സ്ഥാനം കണ്ടിരുന്നിടത്ത് അന്ന് അതിരാവിലെ പോയി സ്തുതിച്ച് പ്രാര്‍ത്ഥിച്ചു. കൃത്യം എട്ടുമണിക്കുതന്നെ കിണര്‍ കുഴിക്കാന്‍ ജോലിക്കാര്‍ എത്തി. അവരിലൊരാള്‍ പറഞ്ഞു, "സിസ്റ്ററേ, ഞങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നോ നാലോ കിണറുകള്‍ കുഴിച്ചു. എവിടെയും വെള്ളം കിട്ടിയില്ല. ഇവിടെയും സാധ്യതയില്ല." അതുകേട്ട് ഉള്ളൊന്ന് പിടഞ്ഞെങ്കിലും ഞാന്‍ പറഞ്ഞു, "ഇത് ദൈവത്തിന്റെ ഭവനമാണ്. അതുകൊണ്ട് ദൈവം വെള്ളം തരും. ദയവായി പണി തുടങ്ങണം." അങ്ങനെ അവര്‍ പണി ആരംഭിച്ചു. ഈ സമയം ഞാന്‍ പ്രാര്‍ത്ഥിച്ചു, "വെള്ളം ലഭിച്ചാല്‍ ദൈവമഹത്വത്തിനായി ശാലോം ടൈംസില്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളാം." അതോടൊപ്പം, "അമ്മേ, മാതാവേ, വെള്ളത്തിന്റെ കാര്യം ഈശോയെ ഓര്‍മ്മിപ്പിക്കണമേ" എന്ന യാചനയും ഉയര്‍ത്തിക്കൊണ്ടിരുന്നു. ഏകദേശം 50 അടി ആയപ്പോള്‍ പാറ കണ്ടു. അതിനാല്‍ പൈപ്പ് ഇറക്കി. 135 അടി ആയപ്പോള്‍ വെള്ളം കണ്ടുതുടങ്ങി. തുടര്‍ന്നങ്ങോട്ട് അത്ഭുതമായിരുന്നു. 200 അടി ആയപ്പോഴേക്കും സമൃദ്ധമായി വെള്ളം ലഭിച്ചു. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാവുകയും ചെയ്തു. നിലവിലുള്ള വാട്ടര്‍ ടാങ്കിന് സമീപത്തുതന്നെയായിരുന്നു പുതിയ കുഴല്‍കിണര്‍. ഈശോ കാണിച്ച കരുണയും സ്നേഹവും അവിടുത്തെ മഹത്വത്തിനായി സാക്ഷ്യപ്പെടുത്തുന്നു.
By: Sr Sherly Mathew M.S.M.I
Moreകുട്ടിയായിരിക്കുമ്പോള്‍ പലതവണ ഉണ്ടായിട്ടുണ്ട്, ഇത്തരം അനുഭവങ്ങള്‍… അത്ര ശ്രദ്ധയൊന്നുമില്ലല്ലോ. റോഡില്‍ക്കൂടി നടന്ന് പോവുമ്പോള്‍ ചില നേരങ്ങളില്‍ അറിയാതെ ചളിയിലോ ചാണകത്തിലോ ചവിട്ടിപ്പോവും. കാര്യം നമുക്ക് പെട്ടെന്ന് മനസിലാകും, പിന്നെ ഒന്നും നോക്കില്ല. അടുത്തെവിടെയാണോ പുല്ലുള്ളത്, അവിടെ പോയി കാലിട്ട് ഉരയ്ക്കും. കഴുകിക്കളയാന്‍ സാധ്യതയുണ്ടെണ്ടങ്കില് കഴുകിക്കളയും. എങ്ങനെയെങ്കിലും കാലില്‍ പറ്റിയത് കളയണം, വല്ലാത്ത അസ്വസ്ഥതയാണല്ലോ… അതോടെ നമ്മുടെ നടത്തത്തിന്റെ വേഗത കുറയുന്നു, ആ മണം നമ്മെ ബുദ്ധിമുട്ടിക്കുന്നു. ചവിട്ടുമ്പോഴുണ്ടാകുന്ന ശബ്ദം അരോചകമായി തോന്നുന്നു… അങ്ങനെയങ്ങനെ… ആദ്ധ്യാത്മികജീവിതത്തില്‍ പാപത്തില്‍ വീഴുന്നവനും ഇതുപോലെതന്നെയാണ് കേട്ടോ. എത്രയും വേഗം പാപക്കറ കഴുകിക്കളഞ്ഞില്ലെങ്കില്‍ നമ്മുടെ പ്രവൃത്തികളെ പതിയെ ബാധിച്ച് തുടങ്ങും, ക്രമേണ ഒരു ആത്മീയ തളര്‍വാതം സംഭവിക്കും, ജാഗ്രതൈ. ഈശോ തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്ന സംഭവം ശ്രദ്ധിക്കുക. അയാളുടെ പാപം മോചിക്കുകയാണ് ഈശോ ആദ്യമേ ചെയ്തത്. "മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” (മത്തായി 9/2). അതിനുശേഷമാണ് അവിടുന്ന് "എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്ക് പോവുക” (മത്തായി 9/6) എന്ന് കല്പിക്കുന്നത്. ആ തളര്‍വാതരോഗി എഴുന്നേറ്റ് വീട്ടിലേക്ക് പോയി എന്ന് തിരുവചനത്തില്‍ നാം തുടര്‍ന്ന് വായിക്കുന്നു. വര്‍ഷങ്ങളായി കുമ്പസാരമില്ലാതെ കഴിയുന്നവരുടെ തളര്‍വാതം എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ല. ഇങ്ങനെ ചെളിയില്‍ ചവിട്ടിപ്പോകുന്നത് പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കട്ടെ. വിശുദ്ധ കുമ്പസാരത്തിലൂടെ അത് നീക്കിക്കളഞ്ഞ് സുഗമമായി നടക്കാന്‍ നമുക്ക് സാധിക്കട്ടെ. അങ്ങനെ ശ്രദ്ധയോടെ ചരിച്ച് വിശുദ്ധിയിലേക്ക് നടന്നടുക്കാം, ആമ്മേന്‍.
By: ഫാദർ ജോസഫ് അലക്സ്
Moreകുറച്ചു ദിവസങ്ങളായി ഒരു മനുഷ്യന് രോഗിയായി ആശുപത്രി കിടക്കയിലാണ്. ഐസൊലേഷന്‍ മുറി ആവശ്യമുള്ള രോഗി. തത്കാലം മുറിയുടെ ലഭ്യതക്കുറവ് മൂലം അദ്ദേഹത്തെ പ്രത്യേകമായി സജ്ജീകരിച്ച മറ്റൊരു മുറിയില്‍ ആണ് കിടത്തിയിരുന്നത്. എല്ലും തോലുമായ ശരീരം. വാരിയെല്ലുകള്‍ എണ്ണാവുന്ന വിധത്തിലാണ്. ആ ശരീരത്തില്‍ വളരെ വീര്‍ത്തു കെട്ടിയ ഉദരം. ദേഹം മുഴുവന്‍ മഞ്ഞ നിറം. കണ്ണുകള്‍ കൂടുതല്‍ മഞ്ഞനിറത്തില്‍ പുറത്തേക്ക് തള്ളിയിരിക്കുന്നു. ശ്വാസം എടുക്കാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടുന്നു, ഓക്സിജന്‍ കൊടുക്കുന്നുണ്ട്. ഒരുപാട് നഴ്സുമാര്‍ മാറിമാറി അദ്ദേഹത്തെ ശുശ്രൂഷിക്കുന്നുണ്ട്. അദ്ദേഹത്തെ കാണുമ്പോഴുള്ള ഒരു ഭയാനകത്വം അവിടെ ചര്‍ച്ചയായിരുന്നു. ഒടുവില്‍ എന്റെ ഊഴം എത്തിച്ചേര്‍ന്നു. രാവിലെ ജോലിക്കായി അദ്ദേഹത്തിനടുത്തേക്ക് കടന്നുചെന്നു. ഈശോയേ, നമുക്ക് ഇന്ന് എന്തെങ്കിലും ഈ സഹോദരനുവേണ്ടി ചെയ്യണം കേട്ടോ എന്ന് പറഞ്ഞിട്ട് ഈശോയെ കൂടെ കൂട്ടി. അദ്ദേഹത്തോട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു. രാത്രിയില്‍ ഉറങ്ങിയോ? രാവിലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നെല്ലാം ചോദിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തോടൊപ്പം അല്പനേരം ചെലവഴിച്ചു. കഴിക്കാതെ മാറ്റിവച്ചിരിക്കുന്ന പ്രഭാതഭക്ഷണം എന്റെ ശ്രദ്ധയില്‍പ്പെട്ടു. രോഗാവസ്ഥ കൊണ്ടുതന്നെ അദ്ദേഹം വളരെ അവശനാണ്. ഭക്ഷണം കഴിക്കാന്‍ കുറച്ചു ദിവസങ്ങളായി തോന്നുന്നില്ല, പലപ്പോഴും കൊണ്ടു വന്ന ഭക്ഷണം കളയേണ്ടിവരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്തോ ദുഃഖഭാരത്താല്‍ നിറയുന്നപോലെ… കട്ടിലിനടുത്തുള്ള ഒരു കസേരയില്‍ ഞാന്‍ ഭക്ഷണവുമായി ഇരുന്നു. മരുന്ന് കഴിക്കാനുള്ളതാണെന്നും ഭക്ഷണം കഴിച്ചേ മതിയാകൂ എന്നും ഞാന്‍ ശഠിച്ചു. അല്പം പിണക്കത്തോടെ ആ കണ്ണുകള്‍ എന്നെ നോക്കി. പെട്ടന്നാണ് ഡോക്ടര്‍ മുറിയിലേക്ക് കടന്നു വന്നത്. ഭക്ഷണം കഴിക്കുകയാണെങ്കില്‍ പിന്നീട് വരാം എന്ന് പറഞ്ഞു ഡോക്ടര്‍ മടങ്ങാന്‍ ഒരുങ്ങി. അദ്ദേഹം ഡോക്ടറോട് പരിശോധിച്ച് കൊള്ളാന്‍ ആവശ്യപ്പെട്ടു. ഹോസ്പിറ്റലില്‍ അഡ്മിഷന് ആകാനും തുടര്‍ന്നുള്ള ചികിത്സക്ക് നല്‍കാനും തന്റെ കയ്യില്‍ ഒന്നുമില്ലെന്ന് അദ്ദേഹം ഡോക്ടറോട് പറഞ്ഞു. അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്, വലിയ കടബാധ്യതയില്‍ ആണ് കുടുംബം. നാണക്കേടും ഭയവും മൂലം അദ്ദേഹം വീട്ടില്‍ പോകാതെയായി. കടങ്ങള്‍ തീര്‍ത്ത ശേഷം ഭാര്യയെയും മക്കളെയും നേരിട്ട് കാണാന്‍ പോകണം എന്ന് ആഗ്രഹമുണ്ട്. എന്റെ ജീവന് രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍ എനിക്കുവേണ്ടി ചെയ്യണം. ഞാന്‍ മുഴുവന്‍ പണവും പിന്നീട് തിരിച്ചടച്ചുകൊള്ളാം. ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണുനീരിന് നിര്‍വചിക്കാനോ അളക്കാനോ കഴിയാത്തൊരു ചൂട് ഉള്ളതുപോലെ… ഡോക്ടര്‍ അല്പനേരം നിശബ്ദത പാലിച്ചു. ഒടുവില്‍ ജീവന് രക്ഷിക്കാനുള്ള ക്രിട്ടിക്കല്‍ അവസരങ്ങളില്‍ പരിഗണിക്കുന്ന ഒരു വഴി ചെയ്യാമെന്ന് വാക്കു നല്കി തിരിച്ചു പോയി. ‘ഇനി എന്റെ കഥ പറയാം’ എന്ന് പറഞ്ഞുകൊണ്ട് ഈശോ എന്റെ ജീവിതത്തില്‍ ചെയ്ത ചില അത്ഭുതങ്ങള്‍ അദ്ദേഹത്തോട് വിവരിച്ചു. സ്പൂണ്‍ കൊണ്ട് ഞാന്‍ ഭക്ഷണം വാരി കൊടുക്കുന്നതിനിടക്ക് ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം ശാന്തതയോടെ ഈശോയെ കേട്ടുകൊണ്ട് ഭക്ഷണം കഴിച്ചു. കഥ കേട്ട് ഭക്ഷിക്കുന്ന കൊച്ചുകുഞ്ഞിനെപ്പോലെ അന്നത്തെ പ്രഭാതഭക്ഷണം മുഴുവനായും കഴിച്ചു. അദ്ദേഹത്തിനുള്ള മരുന്നുകള്‍ എടുക്കാനായി പോയപ്പോള്‍ ഈശോ സംസാരിച്ചു. ആ രോഗിക്കു വേണ്ടി ദൈവകരുണയില്‍ ആശ്രയിച്ചു പ്രാര്‍ത്ഥിക്കുക. മരുന്നുകളെല്ലാം കൊടുത്ത ശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. താങ്കള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചോട്ടെ? അക്രൈസ്തവനായിരുന്നിട്ടുകൂടി അദ്ദേഹം പറഞ്ഞു, "നീ നിന്റെ ദൈവത്തോട് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.” അല്പനേരം ഈശോയെ സ്തുതിച്ചു. പിന്നീട് ഒരു കരുണയുടെ ജപമാല ആ രോഗിക്ക് വേണ്ടി ചൊല്ലി പ്രാര്‍ത്ഥിച്ചു.”ഈശോയേ നിന്റെ മകന് അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ വീഴ്ചകളുടെയും മേല്‍ കരുണയായിരിക്കണമേ. അങ്ങയുടെ ഹിതം ഈ മകന്റെ മേല്‍ നിറവേറണമേ. "ഇത്രയും പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം ആമേന്‍ എന്ന് ആവര്‍ത്തിച്ചു ഏറ്റു പറഞ്ഞു കൊണ്ടിരുന്നു. ദൈവസാന്നിധ്യത്താല്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു മുന്‍പ് അദ്ദേഹത്തിനുള്ള മുറി ലഭിച്ചു. അവിടെ കൊണ്ടു ചെന്നാക്കി യാത്ര പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷം തിരതല്ലി. നിന്റെ മാതാപിതാക്കളോട് ഞാന്‍ അന്വേഷിച്ചതായി പറയണം എന്ന് എന്നോട് പറഞ്ഞു. പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു ദൈവസ്നേഹവും സമാധാനവും മനസ്സില്‍ നിറഞ്ഞു. അടുത്ത ദിവസം അദ്ദേഹത്തെ കാണാന്‍ പോയി. ഗ്ലാസ് ഡോറിലൂടെ നോക്കിയപ്പോള്‍ ശൂന്യമായ കട്ടില് മാത്രം. എന്റെ മനസ്സ് വിങ്ങി. അദ്ദേഹം പുലര്‍ച്ചെ മരിച്ചുപോയി എന്ന് അറിഞ്ഞു. ഹൃദയത്തില്‍ കഠിനഭാരം അനുഭവപ്പെട്ടു. ആശുപത്രിയുടെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ഈശോയോട് ഒരു ചോദ്യം. "ഈശോയേ അദ്ദേഹം നിന്റെ അടുത്തുണ്ടോ? ഇത്ര വേഗം കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നോ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞത്??” ഈശോയെക്കുറിച്ച് കേട്ടും അവിടുത്തെ കരുണക്കായി പ്രാര്‍ത്ഥിച്ചും സഹനത്തിന്റെ ലോകത്തു നിന്നും അദ്ദേഹം യാത്രയായി. "കുരിശില്‍ വച്ച് കുന്തത്താല്‍ തുറക്കപ്പെട്ട എന്റെ കരുണയുടെ പ്രവാഹം ഒരാളെപ്പോലും തിരസ്കരിക്കാതെ എല്ലാ ആത്മാക്കള്‍ക്കും വേണ്ടിയുള്ളതാണ്.” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1182). നാം ആഗ്രഹിച്ചത് ലഭിച്ചില്ലെന്നുകരുതി പ്രാര്‍ത്ഥനകള്‍ പാഴായിട്ടില്ല. മറ്റൊരു വിധത്തില്‍ അവയെല്ലാം ഫലം നല്‍കും. നാഥാന് പ്രവാചകനിലൂടെ ദൈവം ദാവീദിന് അദ്ദേഹത്തിന്റെ കുഞ്ഞ് മരിച്ചുപോകും എന്ന് സന്ദേശം നല്കി. കര്‍ത്താവ് കൃപ തോന്നി കുഞ്ഞിന്റെ ജീവന് രക്ഷിക്കും എന്ന് കരുതി ദാവീദ് ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. എന്നാല്‍, ദാവീദിന്റെ പ്രാര്‍ത്ഥനയ്ക്ക് വിപരീതമായും ദൈവകരുണ ദാവീദ് പ്രതീക്ഷിച്ച വിധം പ്രകടമാകാതെയും കുഞ്ഞ് മരണപ്പെട്ടു. എങ്കിലും അവന് തന്റെ ദുഖത്തിന്റെ നാളുകള്‍ക്കു വിട പറഞ്ഞുകൊണ്ട് ദൈവാലയത്തില്‍ പോയി അവിടുത്തെ ആരാധിച്ചു. ദാവീദിന്റെ ത്യാഗോജ്വലമായ പ്രാര്‍ത്ഥനയുടെയും ആഴമേറിയ ദുഃഖത്തിന്റെ നടുവില്‍ നടത്തിയ ദൈവാരാധനയുടെയും ഫലം മറ്റൊന്നായിരുന്നു. അന്യപുരുഷന്റെ ഭാര്യയുമായി ശയിച്ചു വ്യഭിചാരം ചെയ്യുകയും ചതിയിലൂടെ അവനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കുകയും ചെയ്ത ദാവീദ്. തന്റെ ഭര്‍ത്താവിനെ വഞ്ചിച്ച ബേത്ഷബ. കര്ത്താവിന് അനിഷ്ടമായ പ്രവൃത്തി ചെയ്ത രണ്ടുപേര്‍. അവരില്‍നിന്നും ലോകത്തിലെ സര്‍വ്വജ്ഞാനിയായ സോളമന് ജനിച്ചു. ദൈവത്തിന്റെ അനന്തമായ കരുണയും സ്നേഹവും ദാവീദിന്റെ ജീവിതത്തില്‍ വെളിപ്പെട്ടത് ഇപ്രകാരമാണ്. ജീവിതത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് വിപരീതമാം വിധം ഉത്തരം ലഭിച്ചാലും നിരാശപ്പെടരുത്. ദാവീദിനെപ്പോലെ നമ്മുടെ ദുഖങ്ങളില്‍നിന്നും എഴുന്നേറ്റ് ദൈവത്തെ ആരാധിക്കുക. സോളമന്റെ ജനനമെന്നോണം നമുക്കായി ദൈവം ഒരുക്കുന്ന അനുഗ്രഹത്തിനുവേണ്ടി കാത്തിരിക്കുക. പ്രതികൂലങ്ങളില് അവിടുത്തെ വചനം നമ്മെ ശക്തിപ്പെടുത്തട്ടെ, "പ്രാര്‍ത്ഥനയില്‍ മടുപ്പു തോന്നരുത്” (പ്രഭാഷകന്‍ 7/10).
By: ആന്‍ മരിയ ക്രിസ്റ്റീന
More2024 നവംബര്‍ നാലാം തീയതി ഞാനും പ്രിയസുഹൃത്ത് ദീപു വില്‍സനും കൂടി മഹാരാഷ്ട്രയിലുള്ള ഒരു മിഷന് സെന്ററിലേക്ക് ട്രെയിന്‍ കയറുകയാണ്. ഒരുമിച്ച് പ്രാര്‍ത്ഥിച്ചും വചനങ്ങള്‍ പങ്കുവെച്ചും വിശേഷങ്ങള്‍ പറഞ്ഞു വലിയ സന്തോഷത്തോടെ ഞങ്ങള്‍ യാത്രയില്‍ മുന്നോട്ടു പോയി. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഉത്തരേന്ത്യയില്‍ പോയി സുവിശേഷം പങ്കുവയ്ക്കുക എന്നത്. അത് സാധ്യമാകാന്‍ പോവുകയാണല്ലോ എന്ന വലിയ ഒരു ആനന്ദം ഹൃദയത്തില്‍ നിറഞ്ഞു. ട്രെയിന്‍ കേരളം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. ട്രെയിനിലെ ഞങ്ങളുടെ പ്രാര്‍ത്ഥനയും സംസാരവും വചനവായനയും എല്ലാം മറ്റു യാത്രക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളും സഹനങ്ങളും ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയി. ഞങ്ങള്‍ കുറച്ചുകൂടി ശ്രദ്ധയുള്ളവരായി. ഈ സമയത്താണ് ആജാനുബാഹുവായ ഒരു മനുഷ്യന് ഞങ്ങളെ നോക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ശ്രദ്ധിച്ചത്. ഞങ്ങള്‍ പരസ്പരം പറഞ്ഞു, ‘ചിലപ്പോള്‍ ഒരു മതതീവ്രവാദി ആയിരിക്കും. നമ്മള് ഇനി കൂടുതല്‍ ശ്രദ്ധിക്കണം.’ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ എല്ലാ ധാരണയെയും അതിലംഘിച്ച് ആ വ്യക്തി ഞങ്ങളുടെ മുന്നില്‍ വന്ന് ഇരുന്ന് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ഞങ്ങള്‍ക്ക് വലിയ ആശ്വാസമായി. അയാള്‍ സ്വയം പരിചയപ്പെടുത്തി, ”എന്റെ പേര് അലോക് ഭണ്ഡാര. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്! " ഞാനും എന്റെ കൂട്ടുകാരനും വാസ്തവത്തില്‍ ആശ്വസിച്ചു. കാരണം ഞങ്ങള്‍ പ്രതീക്ഷിച്ച വലിയ ഒരു പ്രതിസന്ധി മാറിപ്പോയി. അലോക് മഹാരാഷ്ട്രയിലെ നാഗ്പൂരാണ് താമസിക്കുന്നത്. ഒരു ഇന്ത്യന്‍ പട്ടാളക്കാരന് ആയിരുന്ന അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. പാപത്തിന്റെയും സഹനത്തിന്റെയും പാതയില്‍ക്കൂടി ഈ വ്യക്തി ഏറെ സഞ്ചരിച്ചിട്ടുണ്ട്. ആ സമയങ്ങളിലാണ് ഗ്രാമത്തിലുള്ള ഒരു ക്രൈസ്തവവിശ്വാസിയിലൂടെ യേശുവിനെക്കുറിച്ച് അറിയുന്നത്. അലോക് പറഞ്ഞത് ഇപ്രകാരമാണ്, യേശുവിനെ അറിഞ്ഞതിനുശേഷം എന്റെ ജീവിതം പകലും രാത്രിയുംപോലെ മാറിപ്പോയി. ഞാനിപ്പോള്‍ യഥാര്‍ത്ഥ ആനന്ദവും സമാധാനവും അനുഭവിക്കുന്നു. യേശുവിനെ അറിഞ്ഞതിനുശേഷം അലോക് ഭണ്ഡാരയുടെ ജീവിതത്തില്‍ രണ്ട് പ്രധാനപ്പെട്ട അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആദ്യം കണ്ടത് മഞ്ഞുമലയില്‍… ഈ സഹോദരന് ഇന്ത്യന്‍ സൈന്യത്തില്‍ സേവനം ചെയ്യുന്ന സമയം. ജമ്മു കാശ്മീരില്‍ ഉള്ള മഞ്ഞുമലനിരകളിലൂടെ, ട്രക്ക് ഓടിച്ച് പോകുകയായിരുന്നു. കൂടെ മറ്റ് ഏഴ് പട്ടാളക്കാര്‍ ഉണ്ട്. നല്ല കാറ്റും മഞ്ഞുവീഴ്ചയും ഉള്ള സമയം. സമയം പാതിരാത്രി ആയതുകൊണ്ടും കാലാവസ്ഥ മോശമായതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് വാഹനം ഓടിച്ചിരുന്നത്. പെട്ടെന്ന് ഒരു വലിയ ചുരത്തിന്റെ അടുത്ത് വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം വലിയ താഴ്ചയിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു. മരണമാണ് മുന്നില്‍, അലോക് ഭണ്ഡാര ഉറക്കെ യേശുനാമം വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പിന്നെ കത് അത്ഭുതമാണ്! ഇവരുടെ വാഹനത്തിന്റെ മുന്നിലേക്ക് വലിയ ഒരു മരം കടപുഴകി വീഴാന്‍ തുടങ്ങി. പക്ഷേ അത് വാഹനത്തിന്റെമേല്‍ വീണില്ല. പകരം ഈ മരത്തില്‍ തടഞ്ഞ് വാഹനം നിശ്ചലമായി. ഒരു വലിയ ഗര്‍ത്തത്തിന്റെ മുന്പില് വച്ച് കര്‍ത്താവ് ഇവര്‍ക്ക് വീണ്ടും ജീവന് നല്കി. സങ്കീര്‍ത്തനങ്ങള്‍ 18/33 വചനം പറയുന്നു, "കര്‍ത്താവ് ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിര്‍ത്തി.” അലോക് എന്ന പട്ടാളക്കാരന് പറയുകയാണ് യേശുക്രിസ്തുവിലുള്ള എന്റെ വിശ്വാസം വര്‍ദ്ധിച്ചു. പുഴയിലെ അത്ഭുതം അലോക് സൈനികസേവനത്തില്‍നിന്ന് വിരമിച്ചതിനു ശേഷമാണ് ആ സംഭവം. സ്വന്തം ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്ന സമയം. നല്ല മഴക്കാലമാണ്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ കാട്ടില്‍നിന്ന് നല്ല മരങ്ങള്‍ ഒഴുകിവരുമായിരുന്നു. ആ ഗ്രാമത്തിലുള്ള അനേകം കുടുംബനാഥന്മാരുടെ വരുമാനമാര്‍ഗം, ഈ സമയങ്ങളില്‍ ഒഴുക്കില്‍നിന്ന് നല്ല മരത്തടികള്‍ ശേഖരിച്ച് വില്‍ക്കുന്നതായിരുന്നു. നല്ല ആരോഗ്യമുള്ളവര്‍ക്കുമാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു ജോലി. അലോക് ഭണ്ഡാരയും ഇത് ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം സാധാരണ ഒഴുക്കുള്ള പുഴയുടെ തീരത്ത് നിന്നുകൊണ്ട് അലോക് ഭണ്ഡാര മരങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി അദ്ദേഹം ഒരു കാഴ്ച കാണുന്നത്, ഒരു വലിയ മലവെള്ളപ്പാച്ചില്‍ തന്റെ നേരെ വരുന്നു. മരവും കല്ലും എല്ലാം അതിലുണ്ട്. നിമിഷനേരം കൊണ്ട് അലോക് ഭണ്ഡാരയും ഒഴുക്കില്‍ പെട്ടുപോയി. എത്ര ശക്തി ഉപയോഗിച്ചിട്ടും അതില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. താന്‍ മരണത്തെ മുന്നില്‍ കണ്ടു എന്നാണ് അതെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തന്റെ ഭാര്യയെയും മക്കളെയുമെല്ലാം ഒരു നിമിഷം ഓര്‍ത്തു. ഈ സമയത്താണ് ഉള്ളില്‍ ആരോ പറയുന്നതുപോലെ, യേശുവിന്റെ നാമം വിളിക്കുക. രണ്ടാം പ്രാവശ്യം മുങ്ങി മുകളിലേക്ക് വന്നപ്പോള്‍ ശക്തി സംഭരിച്ച് അദ്ദേഹം യേശുനാമം വിളിച്ചു. ഫിലിപ്പി 2/9 വചനം പറയുന്നുണ്ട്, യേശുവിന്റെ നാമം എല്ലാ നാമത്തെക്കാളും ഉപരിയായ നാമമാണ്. പരിശുദ്ധ അമ്മ യൂറോപ്പില്‍ ഉള്ള മെഡ്ജുഗോറിയ എന്ന ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട്, ഇപ്രകാരം കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്, മക്കളേ, നിങ്ങളുടെ പ്രതിസന്ധികളില്‍ എന്റെ പുത്രനായ യേശുവിന്റെ നാമം വിളിക്കുക. അവന്റെ നാമം എല്ലാ അന്ധകാരങ്ങളെയും കീറിമുറിക്കുന്ന ശക്തിയാണ്. അവന്റെ നാമം വിളിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗം തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ യേശുവിന്റെ നാമം വിളിക്കുമ്പോള്‍ത്തന്നെ ഞാനും എന്റെ മകനും നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവരുന്നുണ്ട്. അലോക് ഭണ്ഡാര ഹൃദയത്തിന്റെ അഗാധങ്ങളില്‍ നിന്ന് യേശുവിന്റെ നാമം വിളിച്ചപ്പോള്‍, സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നു. ന്യായാധിപന്മാര് 15/18-19 വചനം സാംസനെക്കുറിച്ച് പറയുന്നു, പ്രതിസന്ധിയില്‍ അവന് കര്‍ത്താവിനെ വിളിച്ച് അപേക്ഷിച്ചു. ദൈവം ലേഹിയില് ഉള്ള് പൊള്ളയായ ഒരു സ്ഥലം തുറന്നു. കര്‍ത്താവ് ഒരുക്കിയ അത്ഭുതകരമായ രക്ഷപ്പെടലിന്റെ തുരുത്തില് കയറി നിന്ന് അലോക് കരമുയര്‍ത്തി ഒരിക്കല്‍ക്കൂടി നിലവിളിയോടെ ദൈവത്തിന് നന്ദി പറഞ്ഞു. പെട്ടെന്നുതന്നെ ആ മലവെള്ളപ്പാച്ചില്‍ നില്‍ക്കുകയും ചെയ്തു. ഒരു നിലവിളിയുടെ മുന്‍പിലും പിന്പിലും മരണവും ജീവനും ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഈ വ്യക്തിയിലൂടെ അനേകം അക്രൈസ്തവസഹോദരങ്ങള്‍ യേശുവിനെ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. സാധിക്കുന്ന സ്ഥലങ്ങളിളെല്ലാം പോയി തന്റെ ജീവിതസാക്ഷ്യം പങ്കുവെച്ച് യേശുനാമം മഹത്വപ്പെടുത്തുകയാണ് അലോക്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പരിചയപ്പെട്ടു. അതില്‍ ഒരു സുഹൃത്തിന്റെ മകന് പറയുകയാണ്, ‘എനിക്ക് ഒരു സുവിശേഷപ്രസംഗകന്‍ ആകണം.’ അതുകേട്ട് ഞാന്‍ ചോദിച്ചു, "മോന്റെ കയ്യില്‍ ബൈബിള്‍ ഉണ്ടോ?” അവന് ബാഗില്‍നിന്ന് ബൈബിള്‍ എടുത്ത് അഭിമാനത്തോടെ എനിക്ക് കാണിച്ചുതന്നു. ഈ മകന് പറയുകയാണ് കോളേജില്‍ ഞാന്‍ ഇപ്പോള്‍ യേശുവിന്റെ സാക്ഷിയാണ്. ഞങ്ങള്‍ ഒരുമിച്ച് കൈകോര്‍ത്ത് ഇന്ത്യയുടെ സുവിശേഷവത്കരണത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോ എടുത്തു സ്നേഹം പങ്കുവെച്ചു. ഇവരെ യേശുവിനെ അറിയിച്ച, ആ നല്ല വിശ്വാസികളെ ഞാന്‍ സ്നേഹത്തോടെ ഓര്‍ത്തു. സുവിശേഷത്തിന്റെ ആനന്ദവും ശക്തിയും പങ്കുവയ്ക്കാന്‍ നമുക്കും ഒരുങ്ങാം. മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെയും സുവിശേഷവേലയിലൂടെയും നമുക്ക് ദൈവരാജ്യത്തിനായി ഉണരാം. ഹല്ലേലുയാ!
By: ജസ്റ്റിന് പുളിക്കന്‍
Moreപെട്ടെന്നാണ് ആ വാര്‍ത്ത സ്കൂളില്‍ കാട്ടുതീപോലെ പടര്‍ന്നത്. സുധീഷിന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചു. ചങ്ങലയില്‍ ഇട്ടിരിക്കുകയാണ്. പലരും സുധീഷിന്റെ അമ്മയെ കാണാന്‍ പോയി. അക്കൂട്ടത്തില്‍ സുധീഷിന്റെ ക്ലാസ്ടീച്ചറും ഉണ്ടായിരുന്നു. സുധീഷിന്റെ അച്ഛനെ നോക്കി പ്രാകുന്ന, പിച്ചും പേയും പറഞ്ഞ് തലമുടി പിച്ചിനിരത്തി ബഹളം വച്ചുകൊണ്ട് ചങ്ങലയില്‍ കിടക്കുന്ന, അമ്മയെ നോക്കി പല അഭിപ്രായങ്ങളും പാസാക്കി മിക്കവരുംതന്നെ കടന്നുപോയി. സുധീഷിന്റെ സഹപാഠികളില്‍ പലരും സുധീഷിന്റെ അമ്മയെ നോക്കി ചിരിയടക്കി. കണ്ടു കടന്നുപോയവരില്‍ ചിലര്‍ അടക്കം പറഞ്ഞു, "ഭ്രാന്തു പണ്ടേ ഉള്ളതാ. ഇപ്പോഴത് മൂത്ത് ചങ്ങലയ്ക്കിടേണ്ടി വന്നു എന്നുമാത്രം. അങ്ങേരുടെ (സുധീഷിന്റെ അച്ഛന്റെ) ഒരു കഷ്ടകാലം.” ഒരു പഴമൊഴി ഇപ്രകാരമുണ്ട്. "ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല ശേലാണ്.” അമ്മയെനോക്കി നെടുവീര്‍പ്പടക്കി മൂലയില്‍ കുത്തിയിരുന്ന് കരയുന്ന സുധീഷിനെ ആ ടീച്ചര്‍ താങ്ങിയെഴുന്നേല്പിച്ചു. അവനെ മാറോടു ചേര്‍ത്തണച്ച് നെറുകയില്‍ ചുംബിച്ചു. അവന്റെ കണ്ണില്‍നിന്നും കണ്ണീര് തുടച്ചുനീക്കി. ആ ടീച്ചര്‍ അവനോടു പറഞ്ഞു. "മോനേ, സുധീഷേ ഒട്ടും പേടിക്കേണ്ട. നിന്റെയമ്മ തീര്‍ച്ചയായും സുഖപ്പെടും. മോന് നാളെമുതല്‍ തീര്‍ച്ചയായും സ്കൂളില്‍ വന്നുതുടങ്ങണം. നിനക്കൊരു നല്ല ഭാവിയുണ്ട്.” ഒരു ഭ്രാന്തിയുടെ മകനായിട്ട് സ്കൂളില്‍ വരിക എന്നത് സുധീഷിന് വളരെ വേദനാജനകമായ കാര്യമായിരുന്നു. എന്നിരുന്നാലും ആ ടീച്ചറിലൂടെ വെളിപ്പെട്ട ദൈവസ്നേഹം അവനെ താങ്ങിനിര്‍ത്തി. വീണ്ടും സ്കൂളിലെത്തിച്ചു. ടീച്ചര്‍ അവനെ ചേര്‍ത്തുപിടിച്ചു ചോദിച്ചു, "മോനേ സുധീഷ്, നീ ടീച്ചറിനോട് സത്യം പറയണം. നിന്റെ അമ്മയ്ക്ക് നിന്റെ ഓര്‍മവച്ച നാള് മുതല്‍ ഭ്രാന്തുണ്ടായിരുന്നോ? "അവന് പറഞ്ഞു, ”ഇല്ല ടീച്ചര്‍. എന്റെ അമ്മ ഒത്തിരി നല്ലവളായിരുന്നു. എല്ലാവരുംകൂടി എന്റെ അമ്മയെ അങ്ങനെ ആക്കിത്തീര്‍ത്തതാണ്.” അതുപറയുമ്പോള്‍ അവന്റെ കവിള്‍ത്തടത്തിലൂടെ കണ്ണീര് ഒലിച്ചിറങ്ങി. ടീച്ചര്‍ ചോദിച്ചു, "അപ്പോള്‍ മോനേ ഇതെങ്ങനെ സംഭവിച്ചു?” ആ ചോദ്യത്തിനുമുമ്പില്‍ അവന് വല്ലാതെ നിസഹായനായി വിതുമ്പിനിന്നുപോയി. ടീച്ചര്‍ ഒന്നുകൂടി അവനെ ധൈര്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു, ”മോന് ധൈര്യമായി ഈ ടീച്ചറമ്മയോടു പറഞ്ഞുകൊള്ളൂ. ഈ ടീച്ചര്‍ ഇതാരോടും പറയില്ല.” അവന് പേടിച്ചുപേടിച്ചു പറഞ്ഞുതുടങ്ങി. "എന്റെ അച്ഛനാണ് അമ്മയ്ക്ക് ഭ്രാന്താണെന്ന് എല്ലാവരോടും പണ്ടുമുതലേ പറഞ്ഞുപരത്തിയത്. അച്ഛന് പല സ്ത്രീകളുമായും രഹസ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു. അമ്മ അതിനെക്കുറിച്ച് അച്ഛനോട് പരാതിപ്പെടുകയും കരയുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ അച്ഛന് അമ്മയെ അടിക്കും. സഹിക്കവയ്യാതെ വരുമ്പോള്‍ അമ്മ ഉച്ചത്തില്‍ കരയും. അതു കേള്‍ക്കുമ്പോള്‍ അയല്‍ക്കാര്‍ ഓടിക്കൂടും. എന്തു പ്രശ്നമെന്നു നാട്ടുകാര്‍ ചോദിക്കുമ്പോള്‍ അമ്മ ഒരുത്തരവും അച്ഛനെതിരായി പറയുകയില്ല. പക്ഷേ അച്ഛന് പറയും, ‘അവള്‍ക്ക് മാനസികരോഗമാണ്. നാട്ടിലുള്ള പെണ്ണുങ്ങളുടെ ഒക്കെ പേരു ചേര്‍ത്തുപറഞ്ഞ് എന്റെ സമാധാനം കെടുത്തും. എന്നെ നിങ്ങള്‍ക്കറിയില്ലേ. സഹികെട്ടു കഴിയുമ്പോള്‍ ഞാന്‍ രണ്ടു പെട കൊടുക്കും. അതിന്റെ ബഹളമാണ് നിങ്ങളിപ്പോഴീ കേള്‍ക്കുന്നത്. ഇനി ഇങ്ങനെയൊരു ബഹളം കേട്ടാല്‍ നിങ്ങളാരും ഇങ്ങോട്ട് ഓടിവരേണ്ട. ഈ നില കൂടിക്കൂടി വന്നാല്‍ നമുക്കിവളെ ഭ്രാന്താശുപത്രിയിലെത്തിക്കാം. അപ്പോള്‍ നിങ്ങളെന്നെ ഒന്നു സഹായിച്ചാല്‍ മതി.” അങ്ങനെ ആ വീട്ടിലേക്കുള്ള അയല്‍ക്കാരുടെ വരവുകള്‍ നിലച്ചു. മാന്യന്മാരില് മാന്യനായ പൊതുപ്രവര്‍ത്തകനായ സുധീഷിന്റെ അച്ഛന് പറഞ്ഞത് അയല്‍ക്കാരും പൊതുജനവും വിശ്വസിച്ചു. ”എന്റെ അമ്മ ഞങ്ങളോടു പറഞ്ഞു. അച്ഛന്റെ ഈവക കാര്യങ്ങളൊന്നും പുറത്താരോടും പറയരുതെന്ന്. ഞങ്ങളുടെ ഭാവി പോകുമെന്ന്. അതുകൊണ്ട് ഞാനും എന്റെ പെങ്ങളും ഇതാരോടും പറഞ്ഞുമില്ല. അങ്ങനെ സുധീഷിന്റെ അമ്മ പൊതുജനത്തിന്റെ മുമ്പില്‍ ഭ്രാന്തിയായിത്തീര്ന്നു. കണ്ണുനീരും കരച്ചിലുമായിട്ടാണ് എന്റെയമ്മ ഇതുവരെ എത്തിയത്,” സുധീഷ് പറഞ്ഞുനിര്‍ത്തി. ഇപ്പോഴെന്തുപറ്റി ഇങ്ങനെ വരാന്‍? ടീച്ചര്‍ അവനോടു ചോദിച്ചു. "മോനേ, പക്ഷേ ഇപ്പോള്‍ നിന്റെയമ്മ കാണിക്കുന്നത് തനി ഭ്രാന്തിന്റെ ലക്ഷണങ്ങളാണല്ലോ.” അവന് പറഞ്ഞു, അതോ ടീച്ചേറേ, അച്ഛന്റെ ചില കൂട്ടുകാര്‍ചേര്‍ന്ന് അച്ഛന്റെ അനുവാദത്തോടുകൂടി അമ്മയെ മാനഭംഗപ്പെടുത്തി. വാക്കത്തിയുമായി അവരെയും അച്ഛനെയും വെട്ടാനൊരുങ്ങിയ അമ്മ ശരിക്കും ഭ്രാന്തിയെപ്പോലായി. ഞാനിതെങ്ങനെ മറ്റുള്ളവരോട് പറയും ടീച്ചേറേ? അച്ഛനെതിരായി മറ്റുള്ളവരോടെന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ക്കും അമ്മയുടെ ഇതേ അനുഭവംതന്നെ ഉണ്ടാകും. അമ്മയ്ക്കെതിരായി അമ്മ ഭ്രാന്തിയാണെന്ന് മറ്റുള്ളവരോടു പറഞ്ഞാല്‍ ദൈവംപോലും ഞങ്ങളോടു ക്ഷമിക്കില്ല. ഞാനും എന്റെ പെങ്ങളും എന്തുചെയ്യണം ടീച്ചര്‍? പുറത്തുള്ളവരെല്ലാവരും ഞങ്ങളുടെ അച്ഛന് പറയുന്നതേ വിശ്വസിക്കൂ.” അച്ഛന്റെയും അമ്മയുടെയും തകര്‍ന്ന ദാമ്പത്യത്തിന്റെ ദുരവസ്ഥകളില്പെട്ടുപോയ രണ്ടു ബാല്യങ്ങളുടെ പിടച്ചിലുകളാണ് നാം മുകളില്‍ കണ്ടത്. ആ ടീച്ചര്‍ അവനെ ഒന്നുകൂടി ചേര്‍ത്തുനിര്‍ത്തി ഉറപ്പിച്ചു പറഞ്ഞു, മോനേ സുധീഷേ, ദൈവം നിങ്ങളെ സഹായിക്കും. എന്റെ മക്കള്‍ അച്ഛനെതിരായോ അമ്മയ്ക്കെതിരായോ ആരോടും ഒന്നും പറയേണ്ട. മോന് യേശുവിനോടു പ്രാര്‍ത്ഥിക്കൂ, യേശു നിങ്ങളെ സഹായിക്കും. ആ ടീച്ചറിലൂടെ കവിഞ്ഞൊഴുകിയ യേശുസ്നേഹത്തിന്റെ അനുഭവം ആ കുടുംബത്തെ വീണ്ടുരക്ഷിച്ചു. സുധീഷിന്റെ അച്ഛന് മാനസാന്തരത്തിലേക്കു കടന്നുവന്നു. അമ്മയുടെ ഭ്രാന്തു മാറി. സുധീഷ്, റോഡിലൂടെ അലയുന്ന മാനസിക രോഗികളെ പുനരധിവസിപ്പിക്കുന്ന ഒരു കേന്ദ്രത്തിലെ പ്രധാനശുശ്രൂഷകനായി. സുധീഷിന്റെ അനുജത്തിയെ നല്ല രീതിയില്‍ വിവാഹം ചെയ്ത് പറഞ്ഞയച്ചു. സമാധാനത്തിന്റെ തീരത്തേക്ക് ദൈവം ആ കുടുംബത്തെ നയിച്ചു. സങ്കീര്‍ത്തനം 27/10-ല്‍ പറയുന്നു: "അപ്പനും അമ്മയും ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും.” "സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം. എന്നാല്‍ കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/10). പെട്ടുപോയ ഒരു യുവാവിന്റെ കഥ ബാല്യകാലത്ത് എനിക്ക് വളരെ അടുത്തറിയാവുന്ന ഞാന്‍ എന്റെ സ്വന്തം മകനെപ്പോലെ കരുതി സ്നേഹിച്ച ഒരു ആണ്‍കുട്ടിയെക്കുറിച്ച് അവന്റെ യുവത്വത്തിന്റെ കാലഘട്ടത്തില്‍ വളരെ മോശമായതു പലതും കേള്‍ക്കുവാനിടയായി. സ്വന്തം വീട്ടിലെ കനത്ത വിധിവൈപരീത്യങ്ങളുടെയും നിസഹായതകളുടെയും നടുവിലും മനോജിന്റെ (പേര് സാങ്കല്പികം) ജീവിതം അത്രമേല്‍ വിശുദ്ധമായിരുന്നു അന്ന്. കേട്ടതെല്ലാം സത്യമെങ്കില്‍ ഇവനെ എങ്ങനെയെങ്കിലും രക്ഷപെടുത്തിയെടുക്കണം എന്ന ആഗ്രഹത്തിന്റെ തീവ്രതകൊണ്ട് ഞാനവനെ വീട്ടില്‍ വിളിച്ചുവരുത്തി. സാഹചര്യങ്ങളും എന്റെ ആരോഗ്യവും വളരെ വിപരീതമായിരുന്നിട്ടും അങ്ങനെയൊരു സ്നേഹശുശ്രൂഷ നല്കാന് യേശുവിന്റെ സ്നേഹം എന്നെ നിര്‍ബന്ധിച്ചു. വളരെയേറെ കരുണക്കൊന്തകളും ജപമാലകളും അവനും അവന്റെ കുടുംബത്തിനുംവേണ്ടി ചൊല്ലിയതിനുശേഷമാണ് ഞാനവനെ വിളിച്ചത്. അവനോട് ഒത്തിരി സ്നേഹത്തോടെ ചോദിച്ചു, "മോനേ മനോജേ, നീ ഒരു വിശുദ്ധനായ ബാലകനായിരുന്നു നിന്റെ ഇന്നലെകളില്‍. പക്ഷേ ഇപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് കേള്‍ക്കുന്നതൊന്നും ഒട്ടും നല്ല കാര്യങ്ങളല്ല. പറയൂ മോനേ, നിനക്കെന്താണ് സംഭവിച്ചത്? ഞാനൊരിക്കലും നിന്നെ ഒറ്റുകൊടുക്കുകയില്ല.” എന്റെ ആ ചോദ്യത്തിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. പെട്ടുപോയ ഒരു യുവത്വത്തിന്റെ നിസഹായതയുടെ പിടച്ചിലായിരുന്നു ആ കരച്ചില്. ”എന്റെ ആന്റീ, എന്നെയിന്ന് ഒരു ക്രിമിനലായിട്ടാണ് എന്റെ വീട്ടുകാര്‍ കാണുന്നത്. എന്റെ നാട്ടുകാരും ലോകവും അങ്ങനെതന്നെ കാണുന്നു. എന്നെക്കുറിച്ച് കേട്ടറിഞ്ഞവര്‍ എനിക്കൊരിക്കലും ഒരു നല്ല ജോലി തരില്ല. എന്നെ വിശ്വസിച്ച് ഒരു പെണ്ണിനെയും കെട്ടിച്ചു തരികയുമില്ല. ഞാനെന്തായിരുന്നുവെന്ന് യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ അറിയാവുന്നത് ആന്റിക്കുമാത്രമാണ്. എന്റെ അമ്മയ്ക്കുപോലും എന്നെ അറിയില്ല. അവരൊക്കെ എന്റെ ജീവിതത്തില്‍ ഇന്നു കാണുന്ന നെഗറ്റീവായ കാര്യങ്ങള്‍ കണ്ടിട്ടാണ് എന്നെ വിലയിരുത്തുന്നത്. പക്ഷേ ഞാനെങ്ങനെ ഇങ്ങനെ ആയി എന്നറിയാന്‍ ആര്‍ക്കുമൊട്ടു താല്പര്യവുമില്ല ആന്റി.” തുടര്‍ന്ന് അവന് തന്റെ തകര്‍ച്ചയുടെ കഥ പറഞ്ഞു. സ്വന്തം തെറ്റുകൊണ്ടെന്നല്ലാതെ മറ്റുള്ളവരുടെ തെറ്റുകൊണ്ടും തിന്മ നിറഞ്ഞ ജീവിതസാഹചര്യങ്ങള്‍കൊണ്ടും പെട്ടുപോയ പല നിസഹായതകളും തകര്‍ച്ചകളും അവയുടെ പെടച്ചിലുകളും! അതില്‍നിന്ന് സ്വന്തപരിശ്രമംകൊണ്ട് കരകയറാന്‍ കഴിയാതെ പോയി. അവനെ യഥാര്‍ത്ഥത്തില്‍ ഒന്നു മനസിലാക്കുവാനോ ഒരു കൈത്താങ്ങ് കൊടുത്ത് ഉയര്‍ത്തുവാനോ ആരും ഇല്ലാതെപോയി. എല്ലായിടത്തുനിന്നും കുറ്റപ്പെടുത്തലുകള്‍മാത്രം! അതിനിടയില്‍ വന്നുപോയ ചില പാപങ്ങളും പാപാവസ്ഥകളും കരുതിക്കൂട്ടി ദ്രോഹിച്ചവരോടുള്ള പ്രതികാരചിന്തയും. അതാണ് അവനൊരു ക്രിമിനല്‍ പരിവേഷം കൊടുത്തത്. അവന് കണ്ണുനീരോടെ പറഞ്ഞു: "ആന്റീ ഞാനിന്ന് പലരുടെയും കാഴ്ചപ്പാടില്‍ ഒരു പക്കാ ക്രിമിനലാണ്. പക്ഷേ എന്റെ ഹൃദയംകൊണ്ട് എനിക്കങ്ങനെ ആകാന്‍ കഴിയില്ല എന്ന് ആന്റീക്കറിയാമല്ലോ. ഇനിയും മറ്റൊരു കാര്യമുണ്ട്. ഇനിയും മുന്നോട്ട് ദൈവമെന്നെ ഒരു പുണ്യവാളനാക്കി മാറ്റിയാലും എന്റെ ചുറ്റുമുള്ള ലോകം അതംഗീകരിക്കില്ല…” അവന് പറഞ്ഞുനിര്‍ത്തി. ഞാനവനെ ഹൃദയംകൊണ്ട് ചേര്‍ത്തുനിര്‍ത്തി പറഞ്ഞു. "മനുഷ്യര്‍ക്കാണ് ഇത് അസാധ്യമായിട്ടുള്ളത്. പക്ഷേ ദൈവത്തിന് എല്ലാം സാധ്യമാണ്.” "ഞാന്‍ സകല മര്‍ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?” (ജറെമിയ 32/27). ” ഞാനവനെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഉയര്‍ന്ന പ്രത്യാശയും ദൈവസ്നേഹാനുഭവവും കൊടുത്ത് സന്തോഷത്തോടെ പറഞ്ഞയച്ചു. തുടര്‍ന്നും കരുണക്കൊന്ത ചൊല്ലിയും ജപമാല ചൊല്ലിയും അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. നല്ല രീതിയില്‍ അവന്റെ വിവാഹം നടന്നു. സാമാന്യം ഭേദപ്പെട്ട ഒരു നല്ല ജോലി നല്കി ദൈവം അവനെ അനുഗ്രഹിച്ചു. അങ്ങനെ വലിയൊരു പ്രത്യാശയുടെ തുറമുഖത്തേക്ക് ദൈവമവനെ നയിച്ചു. "ഈ ഭൂമിയില്‍ ആരെങ്കിലും ഒരാളെങ്കിലും യഥാര്‍ത്ഥത്തില്‍ എന്നെ മനസിലാക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു ആന്റീ . ആന്റീയെങ്കിലും അതിനു തയാറായല്ലോ, നന്ദി, ആന്റീ നന്ദി. പ്രിയപ്പെട്ടവരേ, പെട്ടുപോയതിന്റെ പിടച്ചിലുകളുമായി നിസഹായതയില്‍ ആരും സഹായിക്കാനില്ലാതെ ഉള്ളിന്റെ ഉള്ളില്‍ കരയുന്ന ഒത്തിരി യുവത്വങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരൊരുപക്ഷേ ഇന്ന് ക്രിമിനല്‍ പരിവേഷം ഉള്ളവരായിരിക്കാം. ആരും ആഗ്രഹിച്ചിട്ടല്ല അവരൊക്കെ ആ രീതിയില്‍ ആയിപ്പോയത്. അവരെ കുറ്റം വിധിക്കാതെ, ഒറ്റപ്പെടുത്താതെ തക്കസമയത്ത് ഒരു താങ്ങു നല്കി നിസഹായതയുടെ നീര്‍ക്കയത്തില്‍നിന്നും അവരെ പിടിച്ചുയര്‍ത്താന്‍ ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിര്‍ബന്ധിക്കുന്നില്ലേ. ഇതല്ലേ ദൈവം നമ്മില്‍നിന്നും ആഗ്രഹിക്കുന്ന യഥാര്‍ത്ഥ സുവിശേഷപ്രഘോഷണം. ഒരു ഭാര്യയുടെ കദനകഥ ഈ ഭാര്യയും നിസഹായതയില്പെട്ട് പിടഞ്ഞുപോയവളാണ്. ഉയര്‍ന്ന സാമ്പത്തികം കൊടുത്ത് മാന്യമായി മാതാപിതാക്കള്‍ പറഞ്ഞയച്ചവള്‍. സുന്ദരി, ആരോഗ്യവതി, അഭ്യസ്ഥവിദ്യ, സല്‍സ്വഭാവി. ഭര്‍ത്താവ് ഉന്നതമായ വരുമാനമുള്ള ഉന്നത ഉദ്യോഗസ്ഥന്. സമൂഹത്തില്‍ ആദരണീയന്‍. എന്റെ അടുത്തുവന്ന നിമിഷം മുതല്‍ അവള് കരയാന്‍ തുടങ്ങി. പക്ഷേ ആ കരച്ചില് പരിശുദ്ധാത്മാവ് കൊടുത്ത ഒരു കരച്ചിലായിരുന്നു. അവള് പറഞ്ഞു. "വര്‍ഷങ്ങളായി സ്വയംഭോഗത്തിന്റെ ബന്ധനത്തിലാണ് ഞാന്‍. ഞങ്ങള്‍ക്കു കുട്ടികളില്ല. എത്ര പ്രാര്‍ത്ഥിച്ചിട്ടും കുമ്പസാരിച്ചിട്ടും സ്വയംഭോഗത്തിന്റെ ബന്ധനം എന്നെ വിട്ടുപോകുന്നില്ല.” അവള് തന്റെ കദനകഥ പറഞ്ഞു. ഭര്‍ത്താവിന് വിവാഹത്തിന് വളരെ പണ്ടുമുതലേ വേശ്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ വിവാഹിതനാകാന്‍ ആഗ്രഹിച്ചതും വിവാഹിതനായതുമെല്ലാം സമൂഹത്തിലെ ഒരു മാന്യതക്കുവേണ്ടിമാത്രം. മാതാപിതാക്കള്‍ വളരെയേറെ ആലോചിച്ചിട്ടും അന്വേഷിച്ചിട്ടുമാണ് തന്റെ പ്രിയമകളുടെ വിവാഹം നടത്തിയത്. അങ്ങനെയൊരു വേശ്യാദോഷം ആരും അയാളെക്കുറിച്ച് ഒരിടത്തുനിന്നും പറഞ്ഞുകേട്ടതുമില്ല. പക്ഷേ ദുര്‍വിധി അവളുടെ ജീവിതത്തെ ക്രൂരമായി കാര്‍ന്നുതിന്നുകയായിരുന്നു. ഭര്‍ത്താവിന് അവളെ തീര്‍ത്തും വേണ്ടായിരുന്നു. അങ്ങനെ അവള് ആ ദുശ്ശീലത്തിന് അടിമയായി. ഒരു വശത്ത് ഒരു യുവഭാര്യയുടെ ശരീരത്തിന്റെയും മനസിന്റെയും ന്യായമായ ആവശ്യങ്ങള്‍. മറുവശത്ത് മനഃസാക്ഷിയുടെ പിടച്ചിലുകള്‍! മാതാപിതാക്കളുടെ ഏകമകളാണവള്‍. ഒരുപക്ഷേ ഇതറിഞ്ഞാല്‍ അവര്‍ ചങ്കുപൊട്ടി ചാകുമെന്നും ആത്മഹത്യ ചെയ്തുപോയേക്കുമെന്നുമുള്ള ഭയം വീട്ടില്‍ ഈ വിവരം അറിയിക്കുന്നതില്‍നിന്നും അവളെ തടഞ്ഞു. അങ്ങനെ പുകയുന്ന ഒരു അഗ്നികുണ്ഠംപോലെയാണ്. ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ചാണ് അവള് എന്റെയടുത്ത് എത്തിച്ചേര്‍ന്നത്. ഈ സംഭവം കേട്ടതിന്റെ ഷോക്കില്‍ ഞാനാകെ നിസഹായയായി തരിച്ചിരുന്നുപോയി. എന്തുപറഞ്ഞ് ഞാനിവളെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥ. ഇങ്ങനെയുമുണ്ടോ ദൈവമേ, ഭൂമിയില്‍ മനുഷ്യര്‍! ഇത്തവണ നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകളാണ്. ഞാനവളുടെ തലയില്‍ കൈവച്ച് അബോധാവസ്ഥയില്‍ എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു. അങ്ങനെയേ എനിക്ക് കഴിയുമായിരുന്നുള്ളൂ. പെട്ടെന്ന് ഞാനവളോടു പറഞ്ഞു, "മോളെ, സ്വയംഭോഗം തീര്‍ച്ചയായും പാപമാണ്. കത്തോലിക്കാസഭയും അങ്ങനെതന്നെയാണ് പഠിപ്പിക്കുന്നത്. പക്ഷേ എന്റെ പൊന്നുസഹോദരീ, സഹോദരിയുടെ കാര്യത്തില്‍ ഇത് പെട്ടുപോയതിന്റെ പിടച്ചിലുകളാണ്. കാരുണ്യവാനായ ദൈവം നമ്മുടെ തെറ്റുകള്‍ ക്ഷമിക്കുന്നവനാണ്. നമ്മെ തള്ളിക്കളയുന്നവനല്ല, അവിടുത്തേക്ക് നിന്നെ മനസിലാകും. കാരുണ്യത്തിന്റെ ദൈവമായ അവിടുന്ന് കാര്‍ക്കശ്യത്തിന്റെ മഹാഭീകരനല്ല. കുറ്റബോധം ഉപേക്ഷിച്ച് കുമ്പസാരത്തില്‍ ഏറ്റു പറഞ്ഞ് കരുണയ്ക്കായി പ്രാര്‍ത്ഥിച്ചാല്‍ മതി.” ഒരു നിമിഷം അവളുടെ മുഖം പ്രസന്നമായി. കുറ്റബോധത്തിന്റെയും നിരാശയുടെയും പിടച്ചിലുകള്‍ അവളുടെ മനസില്‍നിന്നും അകന്നുപോയിരുന്നു. ശരിയായി ആശ്വസിപ്പിക്കപ്പെട്ടുതന്നെയാണ് നന്ദിപറഞ്ഞ് പുഞ്ചിരിക്കുന്ന മുഖവുമായി അവള് തിരിച്ചുപോയത്. പിന്നീട് ഒരിക്കലും ഞാനവരെ കാണാന്‍ ദൈവം ഇടവരുത്തിയില്ല. പ്രിയപ്പെട്ടവരേ, ഈ രീതിയില്‍ സ്വന്തം തെറ്റുകൊണ്ടല്ലാതെ പെട്ടുപോയ എത്രപേരുടെ പിടച്ചിലുകളെ യഥാര്‍ത്ഥ സത്യമെന്തെന്ന് തിരിച്ചറിയാതെ നാം നിര്‍ദാക്ഷിണ്യം കുറ്റംവിധിക്കുന്നുണ്ട്. "ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം മനസിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല” (മത്തായി 12/7) എന്ന കരുണാമയനായ യേശുവിന്റെ വചനം നമുക്കുനേരെ പലവട്ടം വിരല്‍ചൂണ്ടിയിട്ടും നാമതിനെ വകവയ്ക്കാതെ അതിനുനേരെ പുറംതിരിഞ്ഞ് നിന്നുകൊണ്ട് നമ്മുടേതായ ബോധ്യങ്ങളില്‍നിന്നും അണുവിട മാറാതെ നമ്മുടേതായ രീതികളില്‍ സുവിശേഷം പറയുന്നു. 2025 ല്‍ എങ്കിലും ഒരു മാറ്റം?! 2025 പ്രത്യാശയുടെ വര്ഷമായിട്ടാണല്ലോ സഭ പ്രഖ്യാപിച്ചിരിക്കുന്നത്. തകര്‍ന്നവനും തകര്‍ച്ചയുടെ പാതയിലൂടെ ചരിക്കുന്നവനും പ്രത്യാശ നല്കി അവരെ ഉയര്ത്തുന്നവരായിട്ടാണ് ഈ വര്‍ഷത്തിലെങ്കിലും നാം രൂപാന്തരം പ്രാപിക്കേണ്ടത്. കര്‍ത്താവ് വീഴുന്നവരെ താങ്ങുന്നു, നിലം പറ്റിയവരെ എഴുന്നേല്പിക്കുന്നു (സങ്കീര്‍ത്തനം 145/15). പാപം പാപമല്ല എന്ന് പഠിപ്പിക്കാനല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിസഹായതയുടെ തീരങ്ങളില്‍ പെട്ടുപോയതിന്റെ പിടച്ചിലുകളില്‍ കഴിയുന്നവരെ അവരുടെ ഉള്ളില്‍ അവശേഷിക്കുന്ന നേരിയ പ്രത്യാശയെകൂടി തകര്‍ക്കുന്നവരും അവരുടെ വഴികളെ മുള്ളുവേലി കെട്ടി അവര്‍ക്കെതിരെ പ്രതിരോധം ഏര്‍പ്പെടുത്തുന്നവരും ആയി ഇനിയെങ്കിലും നാം മാറാതിരിക്കട്ടെ എന്നാണ്. ഇതു വായിക്കുവാന്‍ ഇടവരുന്ന പ്രിയപ്പെട്ട ദൈവശുശ്രൂഷകരേ, നമ്മള് നടത്തുന്ന വചനപ്രഘോഷണങ്ങളും പ്രബോധനങ്ങളും ഗാനാലാപനങ്ങളും സ്പിരിച്വല്‍ കൗണ്‍സിലിങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമെല്ലാം സമ്പൂര്‍ണ വിമോചനത്തിലേക്കും സത്യത്തിന്റെപൂര്ണതയിലേക്കും നമ്മുടെ സഹജീവികളെ നയിക്കുന്നതായി രൂപാന്തരപ്പെടട്ടെ ആമ്മേന്‍. നിരാശയ്ക്കടിമപ്പെട്ട ജീവിതങ്ങളെ പ്രത്യാശയുടെ പൊന്‍വെളിച്ചത്തിലേക്ക് നയിക്കാന്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവേ എന്നില്വന്നു നിറയണമേ എന്ന് നമുക്ക് ആത്മാര്‍ത്ഥമായി ഉള്ളുരുകി പ്രാര്‍ത്ഥിക്കാം. ‘പ്രെയ്സ് ദ ലോര്‍ഡ്, ആവേ മരിയ’
By: സ്റ്റെല്ല ബെന്നി
More