Home/Engage/Article

സെപ് 30, 2023 431 0 ജോര്‍ജ് ജോസഫ്
Engage

കരുണയുടെ തിരുനാളിലെ അത്ഭുതങ്ങള്‍…!

ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത അനുഗ്രഹങ്ങളെക്കുറിച്ച്….

കരുണയുടെ തിരുനാള്‍ ദിനമായ 2023 ഏപ്രില്‍ 16. തലേ ദിവസത്തെ ധ്യാനശുശ്രൂഷയ്ക്കുശേഷം വളരെ വൈകി കിടന്ന ഞാന്‍ രാവിലെ 4.15-ന് ഭാര്യ യേശുതമ്പുരാനുമായി വഴക്ക് പിടിക്കുന്ന ശബ്ദം കേട്ടുണര്‍ന്നു. എന്താണ് കാര്യം എന്ന് തിരക്കി. അവള്‍ പറഞ്ഞു, “ഇന്ന് കരുണയുടെ തിരുനാള്‍, പരിപൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന ദിവസമല്ലേ? കരുണയുടെ ഒരു ദൈവാലയം സന്ദര്‍ശിക്കാനോ മൂന്ന് മണിക്ക് സക്രാരി തുറക്കുന്നത് കാണാനോ ഒരു മെത്രാന്‍റെ കൈവയ്പ് സ്വീകരിക്കാനോ ഒന്നും നമുക്കിന്ന് പറ്റുമെന്ന് തോന്നുന്നില്ല.” അവള്‍ പറഞ്ഞത് ശരിയായിരുന്നു. ഞങ്ങള്‍ക്കന്ന് ഒരു അത്യാവശ്യയാത്രയുണ്ടായിരുന്നു, പ്രായമായ ഒരമ്മച്ചിയെ കാണാന്‍. കുട്ടിക്കാനത്തുചെന്ന് അമ്മച്ചിയെ കണ്ടതിനുശേഷം മൂന്നുമണിക്കുള്ളില്‍ കരുണയുടെ ഒരു ദൈവാലയം സന്ദര്‍ശിക്കാനുള്ള സമയം ലഭിക്കില്ലായെന്ന് അറിയാമായിരുന്നതുകൊണ്ട് യാത്രയില്‍ അങ്ങനെ പ്ലാന്‍ ചെയ്തതേയില്ല. രാവിലെ 5.45-ന്‍റെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ഞങ്ങള്‍ യാത്രയ്ക്കിറങ്ങി. 11 മണിയോടെ കുട്ടിക്കാനത്തെത്തി അമ്മച്ചിയെ കണ്ടു. കര്‍ത്താവിന്‍റെ സ്നേഹവും കരുതലും പങ്കുവച്ച് പ്രാര്‍ത്ഥിച്ചു.

ഭക്ഷണത്തിനുശേഷം രണ്ടുമണിയോടെ അവിടെനിന്ന് ഇറങ്ങി. മടങ്ങിവരുംവഴി ഒരു പിക്നിക് സ്ഥലമായ പാഞ്ചാലിമേട് കാണാന്‍ പോയി. അവിടെ എത്തിയപ്പോള്‍ കുരിശുമലയിലെ ഈശോയെ കണ്ടു. പെട്ടെന്ന് രാവിലത്തെ ഭാര്യയുടെ വാക്കുകള്‍ ഓര്‍ത്തുപോയി. അതിനാല്‍ മനസില്‍ ഇങ്ങനെ പറഞ്ഞു, “നീ കുരിശില്‍ മരിച്ചത് ഞങ്ങള്‍ക്കുവേണ്ടിയാണല്ലോ കര്‍ത്താവേ. അതിനാല്‍ കരുണയുടെ വാതില്‍ ഞങ്ങള്‍ക്കായി തുറക്കണമേ.”

ദൈവം പരിശുദ്ധനും നീതിമാനും കരുണാമയനുമാണ്. എനിക്ക് രക്ഷ പ്രാപിക്കാന്‍ കര്‍ത്താവ് പരിശുദ്ധിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു. എന്നാല്‍ പരമപരിശുദ്ധനായ ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കാന്‍മാത്രം ഒരു പരിശുദ്ധിയുമില്ലാത്ത അശുദ്ധനായ എന്‍റെ മുമ്പില്‍ പരിശുദ്ധിയുടെ വാതില്‍ കൊട്ടിയടയ്ക്കപ്പെടും. രണ്ടാമതായി എന്‍റെ മുമ്പില്‍ നീതിയുടെ വാതില്‍ തുറന്നുകിടക്കുന്നു. ദൈവഹിതം നിവര്‍ത്തിക്കപ്പെടുന്നതാണല്ലോ ദൈവികനീതി. എന്നാല്‍ പലപ്പോഴും ഞാന്‍ സഞ്ചരിക്കുന്ന വഴികള്‍ ദൈവികമല്ല. നീതിമാനുമാത്രമേ നീതിയുടെ വാതിലിലൂടെ കടക്കാന്‍ സാധിക്കുകയുള്ളൂ. എന്‍റെ മുമ്പില്‍ നീതിയുടെ വാതിലും കൊട്ടിയടയ്ക്കപ്പെടും. ആയതിനാല്‍ എനിക്ക് രക്ഷപ്പെടാന്‍ ഒരൊറ്റ സാധ്യതയേ ഉള്ളൂ. അത് കരുണയുടെ വാതിലാണ്. യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിലൂടെ നേടിത്തന്ന ഒരേയൊരു വാതില്‍. അതുകൊണ്ടാണല്ലോ അവിടുന്ന് പറഞ്ഞുവച്ചത്, “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്ക് വരുന്നില്ല” (യോഹന്നാന്‍ 14/6).

അതുകൊണ്ടെന്‍റെ പൊന്നുകര്‍ത്താവേ, നിന്‍റെ കരുണയില്‍മാത്രം ഞാന്‍ ആശ്രയിക്കുന്നു എന്നുപറഞ്ഞ് പ്രാര്‍ത്ഥിച്ചു. അപ്പോഴാണ് ഓര്‍മ്മ വന്നത്, പാഞ്ചാലിമേടിന് അടുത്തെവിടെയോ ആണ് പാലാ രൂപതയുടെ മുന്‍സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍ പിതാവ് താമസിക്കുന്നത്. ഒന്നു കാണണമെന്ന ആഗ്രഹത്തില്‍ ചിലരോട് അന്വേഷിച്ച് അദ്ദേഹം താമസിക്കുന്ന നല്ലതണ്ണി ദയറായിലെത്തി. ഒരു ചെറിയ കുടിലില്‍ ധന്യമായ ജീവിതം നയിക്കുന്ന പിതാവിനെ കണ്ടു. ഞങ്ങളുടെ വിശേഷങ്ങളൊക്കെ തിരക്കിയ ശേഷം പിതാവ് ഞങ്ങളെ ആ ചെറിയ ഭവനത്തിലെ കുഞ്ഞുചാപ്പലിലേക്ക് നയിച്ചു. അവിടത്തെ സക്രാരി പിതാവ് ശ്രദ്ധയോടും ഭക്തിയോടുംകൂടെ തുറന്നു. അപ്പോള്‍ കൃത്യം മൂന്നുമണി! ദൈവകരുണയുടെ സമയം!! ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

അതിനുശേഷം പിതാവ് ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു. കുഞ്ഞുങ്ങള്‍ക്കും ഞങ്ങള്‍ക്കുമെല്ലാം കൈവയ്പുപ്രാര്‍ത്ഥന നല്കി. കുറേക്കൂടി പ്രാര്‍ത്ഥിക്കുകയും ഒരുങ്ങുകയും വേണമെന്ന നിര്‍ദേശം നല്കിയിട്ട് പരിശുദ്ധ അമ്മക്കായി ഞങ്ങളെ ഭരമേല്‍പിച്ചു.

അതെ, അവന്‍റെ കരുണ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കുമുമ്പിലും കരുണയുടെ കവാടം തുറക്കപ്പെടും. അവിടെ യാതൊരു യോഗ്യതയുടെയും ആവശ്യമില്ല. അന്നേ ദിവസം യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടും എന്‍റെ ജീവിതപങ്കാളി ആഗ്രഹിച്ച അനുഗ്രഹങ്ങള്‍ നല്കി കരുണയുടെ വാതില്‍ തുറന്ന് അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചല്ലോ. അവിടുത്തെ കരുണയില്‍ ആശ്രയിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം.

യേശുവേ, ഞാനങ്ങയില്‍ ശരണപ്പെടുന്നു…

Share:

ജോര്‍ജ് ജോസഫ്

ജോര്‍ജ് ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles