Home/Enjoy/Article

നവം 16, 2023 377 0 Alexey Jacob
Enjoy

ഉറക്കമില്ലാത്ത രാത്രിയും യൗസേപ്പിതാവും

ജോലിയും വീട്ടുകാര്യങ്ങളും എങ്ങനെ ബാലന്‍സ് ചെയ്ത് പോകണം എന്നും രോഗികളോട് എങ്ങനെ കൂടുതല്‍ നന്നായി പെരുമാറണം എന്നും ഭാര്യയെയും കുട്ടികളെയും കാണിച്ചു കൊടുക്കാന്‍ ശ്രമിച്ച ലേഖകനെ യൗസേപ്പിതാവ് സ്പര്‍ശിച്ചപ്പോള്‍…

വീട്ടില്‍ അവധിദിനങ്ങള്‍ ആഘോഷമാക്കാനുള്ള ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണ് എല്ലാവരും. കുറച്ചുനാളായി വീട്ടില്‍ കറങ്ങിനടക്കുന്ന രോഗങ്ങളില്‍ നിന്ന് തത്കാലം രക്ഷപ്പെട്ടെന്ന ചിന്തയിലാണ് പ്ലാനിങ്ങ്. ഭാര്യ റോസ്മിക്ക് ഈ രോഗങ്ങളെ അങ്ങേയറ്റം ദേഷ്യമാണ്. കാരണം, ആംബുലന്‍സ് വിളിക്കാനും നല്ല തണുപ്പത്തും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിന് പുറത്ത് എനിക്ക് വേണ്ടി കാത്ത് നില്‍ക്കാനും രാത്രികളില്‍ ഞാന്‍ ചുമച്ചും ഛര്‍ദിച്ചും അരങ്ങ് തകര്‍ക്കുമ്പോള്‍ ഉറക്കമിളച്ച് കൂടെ നില്‍ക്കാനും അവളാണ് ഉള്ളത്. പറഞ്ഞ് വരുമ്പോള്‍ അസുഖങ്ങളൊന്നും വലുതല്ലെങ്കിലും അതുണ്ടാക്കുന്ന അല്ലലുകള്‍ ചില്ലറയല്ല. എന്നെ സ്നേഹിച്ച് പോരാതെ വരുമ്പോള്‍ അവ വീട്ടിലെ മറ്റുള്ളവരിലേക്കും ചെല്ലും. രണ്ടു മാസത്തേക്ക് ഞങ്ങളുടെ കൂടെ നില്‍ക്കാന്‍ വന്ന പപ്പയെയും മമ്മിയെയുംവരെ അവ വെറുതെ വിട്ടില്ല. എന്തായാലും രോഗക്കാലം മാറി എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ആദ്യ ദിനം തൊട്ടടുത്തുള്ള സ്ഥലം സന്ദര്‍ശിച്ച് സന്തോഷമായി വീട്ടില്‍ തിരിച്ചെത്തി.

അടുത്ത ദിവസം മുതല്‍ ഭാര്യയ്ക്ക് ചില അസ്വസ്ഥതകള്‍. കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഉറപ്പിച്ചു. ഒരു പകര്‍ച്ചവ്യാധിയും കൂടി ഞങ്ങളുടെ വീട്ടില്‍ വിരുന്നു വന്നിരിക്കുന്നു. തണുപ്പുകാലത്ത് ഇത്തരം അസുഖങ്ങള്‍ വരുമോ എന്ന് നാട്ടിലുള്ളവര്‍ ചോദിക്കുന്നുണ്ടെങ്കിലും കഥയില്‍ ചോദ്യമില്ല എന്ന പോലെയാണ് രോഗത്തിന്‍റെ കാര്യം. ഡോക്ടറെ കണ്ട് തിരിച്ച് വീട്ടിലേക്ക് വരുന്ന വരവില്‍ എന്നിലെ നന്മമരം മൊട്ടിട്ടു. ജോലിയും വീട്ടുകാര്യങ്ങളും എങ്ങനെ ബാലന്‍സ് ചെയ്ത് പോകണം എന്നും രോഗികളോട് എങ്ങനെ കൂടുതല്‍ നന്നായി പെരുമാറണം എന്നും ഭാര്യയെയും കുട്ടികളെയും കാണിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. പക്ഷേ ഇരുപത്തിനാല് മണിക്കൂര്‍ വേണ്ടിവന്നില്ല എന്‍റെ ഉള്ളിലെ നന്മമരം കടപുഴകി വീഴാന്‍.

സാധാരണ ഞങ്ങളുടെ മകന്‍ മൂന്നു വയസ്സുകാരന്‍ ജോണുവിന് രാത്രിയില്‍ ഉറങ്ങാന്‍ അമ്മ വേണം. പക്ഷേ അന്ന് എന്‍റെ കൂടെയാണ് അവന്‍ ഉറങ്ങാന്‍ കിടന്നത്. രാത്രി ഒരു പതിനൊന്നര വരെ ഓര്‍മ്മയുണ്ട്. പിന്നെ ഞാന്‍ ആണോ ജോണുവാണോ ആദ്യം ഉറങ്ങിയത് എന്ന് തീരെ നിശ്ചയമില്ല. പുലര്‍ച്ചെ ഏതാണ്ട് മൂന്നരയായപ്പോള്‍ ഞാന്‍ ‘നനവാര്‍ന്ന ആ സത്യം’ തിരിച്ചറിഞ്ഞു. ജോണുവിനെ ഉറക്കാനുള്ള ശ്രമത്തില്‍ ഡയപ്പര്‍ ഇടീക്കാന്‍ മറന്നു. ആശാന്‍റെ വസ്ത്രം മുഴുവന്‍ നനഞ്ഞിരിക്കുന്നു. പിന്നെ അത് മാറ്റി, ഇനി റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ ഡയപ്പറും ധരിപ്പിച്ച് ബെഡും ശരിയാക്കി കഴിഞ്ഞപ്പോള്‍ ഉറക്കം എവിടെപ്പോയി എന്നറിയില്ല. പിന്നെയെപ്പോഴോ ഉറങ്ങിയ ഞാന്‍ പൊങ്ങിയപ്പോള്‍ രാവിലെ എട്ടു മണി കഴിഞ്ഞു. പിന്നെ ഒരു ഓട്ടപ്രദിക്ഷണമായിരുന്നു.

ഇതിന്‍റെ ഇടയില്‍ എന്‍റെ കുക്കിംഗ് സ്പീഡ് വളരെ കുറവാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കുട്ടികള്‍ക്കും ഭാര്യക്കും ബ്രേക്ഫാസ്റ്റ് കൊടുത്തപ്പോഴേയ്ക്കും മണി പത്തു കഴിഞ്ഞു. മൂത്ത രണ്ടു മക്കള്‍ അമേയയ്ക്കും ഏബലിനും സ്കൂള്‍ അവധി ആയത് ഭാഗ്യം. ഇനി ലഞ്ച് ഉണ്ടാക്കണം, ഉച്ചകഴിഞ്ഞ് ജോണുവിന് പ്ലേ സ്കൂളില്‍ ട്രയല്‍ ടൈം ഉണ്ട്. ആ സമയത്ത് അവന്‍റെ കൂടെ അവിടെ ഇരിക്കണം. പിന്നെ ഓഫീസില്‍ വിളിച്ച് എന്‍റെ അവസ്ഥ പറഞ്ഞ് ലീവ് എടുത്തു. ഇടയ്ക്ക് വന്ന് ഓരോ നിര്‍ദ്ദേശങ്ങള്‍ തന്ന ഭാര്യയെ കണക്കിന് വഴക്ക് പറഞ്ഞ് കരയിപ്പിച്ച് വിട്ടു. വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കാത്ത ദേഷ്യത്തിന്‍റെ ഓഹരി കുട്ടികള്‍ക്കും കിട്ടി…

വൈകുന്നേരമായപ്പോള്‍ ഞാന്‍ തോല്‍വി സമ്മതിച്ചു. പക്ഷേ ഈ സമ്മതം കൊണ്ട് ഒരു കാര്യവുമില്ല. കാരണം ഒരാഴ്ച എങ്കിലും എടുക്കും ഭാര്യയുടെ അസുഖം മാറാന്‍. കുറച്ച് ഭക്ഷണം ഉണ്ടാക്കി കൊണ്ടുതരാം എന്ന് പറഞ്ഞ് കൂട്ടുകാര്‍ വിളിച്ചെങ്കിലും, അവര്‍ക്കെങ്ങാനും അസുഖം പിടിച്ചാല്‍ കുഞ്ഞുകുട്ടികള്‍ അടക്കമുള്ള അവരുടെ കുടുംബം ബുദ്ധിമുട്ടില്‍ ആകും എന്ന് തോന്നിയതിനാല്‍ വരേണ്ടയെന്ന് പറഞ്ഞു.

രാത്രി എല്ലാവരും ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വന്നില്ല. അപ്പോഴാണ് വീട്ടിലെ മാതാവിന്‍റെയും ഉണ്ണീശോയുടേയും യൗസേപ്പിതാവിന്‍റെയും രൂപത്തിന്‍റെ അടുത്തു പോയി ഇരുന്നത്. വളരെയേറെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ഒരു കുടുംബം. ഗര്‍ഭിണിയായ മറിയവുമായി ബേത്ലെഹെമിലേക്ക് യാത്ര, അവിടെ വച്ച് വളരെ ശോകമായ സാഹചര്യത്തില്‍ ജനനം, പ്രാണരക്ഷാര്‍ത്ഥം ശിശുവിനേയും അമ്മയേയും കൂട്ടി ഈജിപ്തിലേക്കുള്ള പലായനം, അവിടെ ഉറ്റവരെയും ഉടയവരെയും വിട്ടുള്ള പ്രവാസ ജീവിതം, പിന്നിട് നസ്രത്തില്‍ ചെന്ന് താമസം. ഈ സാഹചര്യങ്ങളിലും ആരും മുറുമുറുക്കുകയോ പരസ്പരം പഴി ചാരുകയോ ചെയ്യുന്നില്ല. പറഞ്ഞ് വരുമ്പോള്‍ ദൈവപുത്രന്‍റെ വളര്‍ത്തച്ഛന്‍ ആണെങ്കിലും നന്നായി അധ്വാനിക്കേണ്ടി വന്നു ആ പാവത്തിന്, മൂന്ന് വയറിന്‍റെ വിശപ്പടക്കാന്‍. എന്നിട്ടും ശാന്തമായി ഉറങ്ങുന്ന യൗസേപ്പിതാവ് വളരെയധികം എന്നെ സ്പര്‍ശിച്ചു.

ഞാന്‍ മൂന്ന് ബോധ്യങ്ങളുമായി കിടക്കാന്‍ പോയി.

1, ഞാന്‍ ഒരു സംഭവം ആണെന്നോ ഒരു നന്മമരം ആണെന്നോ കാണിക്കാന്‍ ശ്രമിക്കില്ല.

2, ദൈവസഹായമില്ലാതെ വീട്ടിലെയും മറ്റും ഉത്തരവാദിത്വങ്ങള്‍ ചെയ്യാന്‍ സാധിക്കുകയില്ല.

3, ഭാര്യ അസുഖം മാറി വന്നാലും പറ്റുന്ന പോലെ അടുക്കളയില്‍ സഹായിക്കും.

പിന്നീടുള്ള ദിവസങ്ങളില്‍ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങി.ڔഅടുക്കളയില്‍ എന്‍റെ വക പുതിയ പരീക്ഷണങ്ങള്‍ അരങ്ങേറി. കുട്ടികളോടുള്ള ചീത്ത പറച്ചിലില്‍ കുറവ് വന്നു. അവരെയും കൂടെ കൂട്ടി കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ജോണു കൂടുതല്‍ കാര്യങ്ങള്‍ അമ്മയെ കൂടാതെ ചെയ്യാനാരംഭിച്ചു. ഭാര്യ അസുഖ കാലം കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ പുതിയ പാത്രങ്ങളും ഉപകരണങ്ങളും കണ്ട് പറയുന്നുണ്ടായിരുന്നു, “ഇതൊക്കെ മേടിക്കാന്‍ മടിയുള്ള ഭര്‍ത്താക്കന്മാരെ ഒരാഴ്ച അടുക്കള ഏല്പിച്ചാല്‍ വേണ്ടതെല്ലാം പറയാതെ തന്നെ എത്തിക്കോളും.”

എനിക്ക് ലഭിച്ച ബോധ്യങ്ങളൊക്കെ നല്ലതുതന്നെ. പക്ഷേ ഓരോ പുതിയ പ്രതിസന്ധികള്‍ വരുമ്പോള്‍ ആ ബോധ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ പ്രയാസപ്പെടാന്‍ തുടങ്ങി. ഇടയ്ക്ക് ഉറക്കവും ശാന്തതയും ഒക്കെ കൈമോശം വരുമ്പോള്‍ ഞാന്‍ വീട്ടില്‍ യൗസേപ്പിതാവിന്‍റെ ഉറങ്ങുന്ന രൂപത്തിന്‍റെ അടുത്ത് പോയി നില്‍ക്കും. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ദൈവത്തിന്‍റെ ഹിതം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതുകൊണ്ടാണ് പുള്ളിക്കാരന് ഇങ്ങനെ ഉറങ്ങാന്‍ പറ്റുന്നത്. ബൈബിളില്‍ യൗസേപ്പിതാവിന്‍റെ ആദ്യ തീരുമാനം തന്നെ മറിയത്തെ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ദൈവഹിതം അറിഞ്ഞപ്പോള്‍ ആ തീരുമാനത്തില്‍നിന്ന് പിന്‍മാറി. അല്ലാതെ ഞാന്‍ തീരുമാനിച്ചതില്‍ നിന്ന് അണുവിട പിന്‍മാറില്ല എന്ന് പറഞ്ഞ് പാറപോലെ നിന്നില്ല. ആ ചിന്ത എന്നില്‍ ഒരു പുതിയ വെളിച്ചം പകര്‍ന്നു….

ദൈവമനസ്സ് അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഭൂമിയിലെ ഓരോ അപ്പന്‍മാരും ശ്രമിക്കുമ്പോള്‍ എന്നും ഫാദേഴ്സ് ഡേയും ഒപ്പം, ഗോഡ്സ് ഡേയും ആകും.

Share:

Alexey Jacob

Alexey Jacob

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles