Trending Articles
നാമെല്ലാം ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ കാത്തിരിക്കുന്നവരായിരിക്കും. അത് ചിലപ്പോള്‍ ഒരു നല്ല ജോലിക്കുവേണ്ടി ആയിരിക്കാം. ചിലപ്പോള്‍ പരീക്ഷയില്‍ വിജയിക്കാനായിരിക്കാം. ചിലപ്പോള്‍ കല്യാണം കഴിക്കാനായിരിക്കാം, ഒരു കുഞ്ഞ് ഉണ്ടാകാനായിരിക്കാം… അങ്ങനെ കാത്തിരിപ്പിന്റെ നിര നീളുകയാണ്…
മാത്രവുമല്ല, ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്നിനായി കാത്തിരിക്കാനുള്ള വകയൊക്കെ ജീവിതം നമുക്ക് വച്ച് തരും. സത്യത്തില്‍ ഇത്തരത്തിലുള്ള കാത്തിരിപ്പുകളല്ലേ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്?
എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം എന്തിനെയാണ് കാത്തിരിക്കേണ്ടത്?
അത് ഒരൊറ്റ ദിവസത്തിന് വേണ്ടി മാത്രമാണ്…. എല്ലാ മനുഷ്യര്‍ക്കും ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ആ ഒരു ദിവസത്തിനു വേണ്ടി! നമ്മുടെയൊക്കെ ആത്മാവിനെ തിരിച്ചു വിളിക്കാന്‍ കര്‍ത്താവ് വരുന്ന ദിവസത്തിനുവേണ്ടിയാണത്. അതെ, അതിനുവേണ്ടിത്തന്നെയാണ് നാം ഒരുങ്ങേണ്ടതും…
മരണത്തെ ഒരിക്കലും ഭയത്തോടെ കാണേണ്ടതില്ല. കാരണം ഈശോയൊപ്പം ഉള്ള സുന്ദരമായ ജീവിതത്തിന്റെ ആരംഭമാണത്… മരണത്തിനുവേണ്ടി ഓരോ ദിവസവും ഒരുങ്ങുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം ജീവിച്ചു തുടങ്ങുകയാണ് ചെയ്യുന്നത്. പലപ്പോഴും നാം പരാതി പറഞ്ഞ നമ്മുടെ സങ്കടങ്ങളൊക്കെ ആ ഒരു ദിവസത്തിലേക്ക് നമ്മെ ഒരുക്കുവാനായി ദൈവം തരുന്നതായിരുന്നുവെന്ന് മനസിലാകും.
ഒരിക്കല്‍ വിശുദ്ധ ഫൗസ്റ്റീന തന്റെ സഹനങ്ങളുടെ ആധിക്യം മൂലവും ഈശോയുടെ ഒപ്പമായിരിക്കാനുള്ള ആഗ്രഹം മൂലവും തന്റെ ആത്മാവിനെ എടുക്കാന്‍ ഈശോയോടു യാചിച്ചു. അപ്പോള്‍ ഈശോ പറയുകയാണ്, സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ഭൂമിയില്‍ ഒരു ദിവസം കൂടി ദൈവത്തിനായി സഹിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിക്കും എന്ന്… സഹനങ്ങള്‍ ആത്മാവിന്റെ നിധിയാണ്.
നമുക്ക് ഒരുങ്ങിത്തുടങ്ങാം, ആ ദിവസത്തിനായി….ഈശോയോടൊപ്പമുള്ള ജീവിതത്തിനായി… അപ്പോള്‍ നമ്മുടെ മറ്റ് കാത്തിരിപ്പുകള്‍ക്കും അര്‍ത്ഥം കൈവരും.
Stepheena Raphael
തലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില്‍ ഞാന്‍ വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്‍ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില്‍ മുഴ വളരുവാന്‍ തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ് വരും എന്നും അദ്ദേഹം അറിയിച്ചു. ആ നിര്‍ധനകുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു ആ തുക. കുട്ടിയുടെ അമ്മ കണ്ണീരോടെ ഈ കാര്യം എന്നോട് പറയുകയും കാര്യമായി എന്തെങ്കിലും ധനസഹായം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ രണ്ടായിരം രൂപ മാത്രമേ നല്കുവാന് എനിക്ക് കഴിയുമായിരുന്നുള്ളൂ. ആ പിഞ്ചുബാലന്റെ തൊണ്ടയിലെ നീര് വലുതാകുന്നതും വേദന വര്‍ധിക്കുന്നതും എനിക്ക് മനസിലായി. ആ സാധുസ്ത്രീ വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും സഹായത്തിന്റെ കാര്യം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അപകടം അകലെയല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാനും ധര്‍മസങ്കടത്തിലായി. ഒരു വഴിയും മനസില്‍ തെളിഞ്ഞുവന്നില്ല. ആ വര്‍ഷം ഞാന്‍ വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. ഉടനെതന്നെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. ആ കുഞ്ഞിന്റെ രോഗത്തിന് ഒരു സൗഖ്യവും പ്രതീക്ഷിച്ചാണ് പ്രാര്‍ത്ഥനാപൂര്‍വം ധ്യാനത്തിന് പോയത്. വലിയൊരു സമൂഹം ധ്യാനത്തിനായി അവിടെ എത്തിയിരുന്നു. പലര്‍ക്കും സൗഖ്യം ലഭിച്ചതിന്റെ സാക്ഷ്യം ഓരോ വ്യക്തികള്‍ വന്ന് വിശദീകരിച്ച് പോയി. മനസില്‍ ഞാനും സന്തോഷിച്ചു. പ്രതീക്ഷ വച്ചു. നല്ല തമ്പുരാന് ആ കുടുംബത്തെ കൈവിടില്ല എന്ന് ഞാന്‍ വിശ്വസിച്ചു. ധ്യാനം അവസാനിക്കുന്നതിന്റെ തലേരാത്രി അവിടുത്തെ ശുശ്രൂഷകരില്‍ ചിലരെ കണ്ട് വെഞ്ചരിച്ച എണ്ണ ലഭിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അറിയിച്ചു. വട്ടായിലച്ചനെ കാണാനുമായില്ല. അതിരാവിലെ വെഞ്ചരിച്ച എണ്ണയുമായി പോരാമെന്ന് ഞാന്‍ കരുതി. അപ്പോള്‍ ശുശ്രൂഷികള്‍ പറഞ്ഞു, രാവിലെ എട്ടുമണിയോടെയാണ് ഇവിടുത്തെ പ്രവൃത്തിസമയം ആരംഭിക്കുന്നത്. അപ്പോള്‍ മാത്രമേ വെഞ്ചരിച്ച എണ്ണ ലഭിക്കൂ. എന്റെ ശ്രമവും പ്രാര്‍ത്ഥനയും നിഷ്ഫലമാകുന്നുവെന്ന് തോന്നി. കാരണം ഏഴുമണിക്കുള്ള ആദ്യബസിന് പുറപ്പെട്ടാലേ രാത്രിയോടെ എന്റെ ദൈവാലയത്തില്‍ എത്താനാകൂ. എണ്ണ വാങ്ങിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു. അപ്പോഴാണ് അത്ഭുതംപോലെ മറ്റൊരു സംഭവം അവിടെ നടന്നത്. പിറ്റേ ദിവസം രാവിലെ ആറുമണിക്ക് ദിവ്യബലിയര്‍പ്പിക്കുവാന്‍ എത്തേണ്ട വൈദികന് എത്തിച്ചേരാന്‍ സാധിച്ചില്ല. ആദ്യത്തെ ദിവ്യബലിയര്‍പ്പിക്കാമോയെന്ന് അവര്‍ എന്നോട് ചോദിച്ചു. വെഞ്ചരിച്ച എണ്ണ ലഭിക്കുമെങ്കില്‍ ബലിയര്‍പ്പിച്ച് ഏഴുമണിയുടെ ബസിന് പോകാം. അതല്ലെങ്കില്‍ എനിക്ക് സാധിക്കില്ല എന്നു ഞാന്‍ തോമാശ്ലീഹായെപ്പോലെ ശാഠ്യം പിടിച്ചു. അവര്‍ സമ്മതിച്ചു. പിറ്റേന്ന് അതിരാവിലെ ബലിയര്‍പ്പിച്ച് ലഭിക്കില്ലെന്ന് വിചാരിച്ച വെഞ്ചരിച്ച എണ്ണയുമായി ഞാന്‍ നിശ്ചയിച്ച ബസില്‍തന്നെ സെഹിയോനില്‍നിന്ന് തിരികെ യാത്ര തിരിച്ചു. പിറ്റേദിവസം രാവിലെ കുട്ടിയെയും അവന്റെ അമ്മയെയും വിളിച്ചുവരുത്തി മുട്ടില്‍നിര്‍ത്തി മുഴയുള്ള ഭാഗത്ത് എണ്ണ പുരട്ടി പ്രാര്‍ത്ഥിച്ചു. രണ്ടുദിവസം ഇങ്ങനെ ചെയ്തു. എന്താകും ഫലം... അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഓപ്പറേഷനുവേണ്ടി ഒരുങ്ങാമെന്നും അല്പം തുക കൂട്ടിക്കൊടുക്കാമെന്നും ഞാന്‍ മനസില്‍ കരുതി. മൂന്നാം ദിവസം രാവിലെ പത്തുമണിയോടെ ആ കുട്ടിയുടെ അമ്മ എന്നെ കാണാന്‍ വന്നു. വളരെ സന്തോഷവതിയായിരുന്ന അവര്‍ എന്നോട് പറഞ്ഞു, മുഴ ചുരുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മുഴ പൂര്‍ണമായും അപ്രത്യക്ഷമായതായി എനിക്കുതന്നെ ബോധ്യപ്പെട്ടു. അങ്ങനെ വലിയൊരു അത്ഭുതത്തിന് ഞാന്‍തന്നെ സാക്ഷ്യവും കാരണവുമായി എന്ന് അവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളില്‍നിന്നും ഞാന്‍ വായിച്ചെടുത്തു. ദൈവകൃപ അത്ഭുതമായി ഇന്നും നമ്മുടെ ഇടയില്‍ വ്യാപരിക്കുന്നു. വിശ്വാസവും പ്രാര്‍ത്ഥനയുമാണ് അതിനുള്ള കുറുക്കുവഴിയും എളിയ മാര്‍ഗവും. "ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും" (മത്തായി 7/7). മനുഷ്യരുടെ നൊമ്പരങ്ങള്‍ മായ്ക്കുന്ന ഈശോ, അങ്ങേക്ക് സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.
By: Fr. Mathew Manikathaza CMI
Moreഫരിസേയന് എന്ന് കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ചെറുപ്പത്തിലുണ്ടല്ലോ, ചില സ്റ്റേജ് പ്രോഗ്രാമിലൊക്കെ തല കാണിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അത്ര വലിയ സംഭവമൊന്നുമല്ല, ഇടവകദൈവാലയത്തിലെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് ചെയ്ത ചില സ്കിറ്റ് നാടകങ്ങള്‍. അതില്‍ നല്ല അഭിനന്ദനം കിട്ടിയ ഒന്നായിരുന്നു, നരകവും ലൂസിഫറിനെയുമൊക്കെ കാണിച്ചു കൊണ്ട് ഞങ്ങള്‍ ചെയ്ത സ്കിറ്റ്. എന്റെ ചേട്ടനായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. 1001 ഫലിതങ്ങള്‍ എന്ന പുസ്തകത്തിലെ ഒരു തമാശയുടെ ചുവടുപിടിച്ചായിരുന്നു ആദ്യത്തെ സീന്‍. മരിച്ചുപോയ രണ്ട് പേര് തമ്മില്‍ കണ്ട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തമാശ വച്ച്.... അന്ന് ഞാനാണ് ആ ആശയം ചേട്ടന് പറഞ്ഞ് കൊടുത്തത്. അതുകൊണ്ടുതന്നെ എനിക്കൊരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അതില്‍ കൗണ്ടര്‍ തമാശ പറയുന്ന കഥാപാത്രം എനിക്കാകണമെന്ന്. പക്ഷേ ചേട്ടനും സമ്മതിച്ചില്ല, കൂടെയുള്ളവരും സമ്മതിച്ചില്ല. അവരെല്ലാം സനോഷ് ആ കഥാപാത്രം ചെയ്താല്‍ മതിയെന്ന് കട്ടായം പറഞ്ഞു. കോമഡി നന്നായി കൈകാര്യം ചെയ്യുന്ന ഒരു കിടു ആര്‍ട്ടിസ്റ്റ് ആണ് സനോഷെങ്കിലും, എനിക്കതങ്ങ് വിട്ട് കൊടുക്കാന്‍ ഒരു വൈക്ലബ്യം... എന്നിട്ടെന്താവാന്‍... മനസ്സില്ലാമനസ്സോടെ ഞാന്‍ എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. സനോഷിന്റെ കൂടെ നില്ക്കുന്ന കഥാപാത്രം ചെയ്തു. റിഹേഴ്സല്‍ തുടങ്ങിയ ശേഷം, എനിക്ക് ഈഗോ ഇല്ലായിരുന്നു. സനോഷിന്റെ ഡയലോഗിന് ജനം ചിരിക്കുകയും കൈ കൊട്ടുകയും ചെയ്തപ്പോള്‍ എനിക്കും സന്തോഷമായിരുന്നു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്, എനിക്ക് 'ഷൈന്‍' ചെയ്യാനും കൈയടി കിട്ടുന്നതിനും വേണ്ടിയായിരുന്നു ഞാനന്ന് വാശി പിടിച്ചതെന്ന്. ഒരു 13 വയസുകാരനില്‍ നിറഞ്ഞ് നിന്ന ഫരിസേയ മനോഭാവം കണ്ടില്ലേ. ഫരിസേയന് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ഫരിസേയന് ഞാനാണെന്ന തിരിച്ചറിവാണ് വിശുദ്ധീകരണത്തിലേക്കുള്ള ആദ്യ ചുവട്. സ്വാഭാവികമായി നമ്മിലെ നന്മ ആളുകള്‍ കണ്ടോട്ടെ, പക്ഷെ പ്രശംസ മാത്രം ലക്ഷ്യമാക്കി 'നന്മമരം' ആവരുത്. "നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" (മത്തായി 5/20). നാമറിയാതെ നമ്മില്‍ കയറി വരുന്ന ഫരിസേയ മനോഭാവം തിരിച്ചറിയാനും, അവയെ അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ, ആമ്മേന്‍
By: Father Joseph Alex
Moreഅനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവുംബോധ്യവും പരിശീലനവു അത്യാവശ്യമാണ്. എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. നീ ഒരു അനുഗ്രഹമായിരിക്കും, നിന്റെ കുടുംബം, ദേശം അനുഗ്രഹമാക്കും, നിന്റെ മകന് അനുഗ്രഹിക്കപ്പെടും, കൃഷിഭൂമി, സമ്പത്ത്, തലമുറ, ഭവനം അനുഗ്രഹിക്കപ്പെടും. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ മനസിലാക്കാനോ അനുഭവിക്കാനോ നമുക്ക് സാധിക്കാതെ വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ അനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ബോധ്യവും പരിശീലനവും അത്യാവശ്യമാണ്. ഇതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്കിയ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. നീ ആരോഗ്യവാനായിരിക്കട്ടെ നീ ആരോഗ്യവാനായിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു (3 യോഹന്നാന് 1:2). ഒരു വ്യക്തിക്ക് സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. ശരീരത്തിന്റെ മാറ്റങ്ങള്‍, ആവശ്യങ്ങള്‍, എന്തൊക്കെ അതിന് കൊടുക്കാം, എന്തൊക്കെ കൊടുക്കരുത്, എങ്ങനെ അതിനെ നിയന്ത്രിക്കാം, എങ്ങനെ ആരോഗ്യകരമായി കാക്കാം, വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍സ്... എന്തൊക്കെയാണ് വേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ശരീരത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നും അറിയണം. അര്‍ഹിക്കാത്ത സുഖങ്ങള്‍, ആഹാരം എന്നിവ അതിന് നല്കിയാല് ഇരട്ടി സഹിക്കാതെ നാം ഇവിടുന്ന് മടങ്ങും എന്നു തോന്നുന്നില്ല. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ ഇല്ലെങ്കില്‍ ജീവിതത്തിന്റെ ഭൂരിഭാഗം സമ്പത്തും സമയവും ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരും. ദൈവം നല്കിയ സമ്മാനം ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്പത്തി 1/1). ഒരു വ്യക്തിക്ക് താന്‍ വസിക്കുന്ന പ്രകൃതിയെകുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. പ്രകൃതിയുടെ ചലനങ്ങള്‍, സമയങ്ങള്‍, മാറ്റങ്ങള്‍, അതിന് എങ്ങനെ എന്നെ പരുവപ്പെടുത്താം. എന്റെ ശ്വാസകോശത്തിന്റെ പകുതി എന്റെ അടുത്തുനില്ക്കുന്ന മരമാണെന്ന് ഓര്‍മപ്പെടുത്തിയത് വിശുദ്ധ ഫ്രാന്‍സിസാണ്. പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ അനന്തരഫലം നാം അനുഭവിച്ച് തുടങ്ങിയിട്ടുണ്ടല്ലോ. കാലാവസ്ഥയുടെ മാറ്റങ്ങളനുസരിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ നമുക്ക് ബോധ്യമുണ്ടാവണം. വിസ്മയാവഹമായ കല്പനകള് അങ്ങയുടെ കല്പനകള് വിസ്മയാവഹമാണ്. ഞാന്‍ അവ പാലിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 119/129). നാം ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍, അവിടുത്തെ നിയമവ്യവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. നിയമം ലംഘിച്ചാല്‍ അത് പാപത്തിലേക്ക് നയിക്കും. പിടിക്കപ്പെട്ടില്ലെങ്കില്പോലും ജീവിതകാലം മുഴുവന്‍ കുറ്റബോധവും ഭയവും പേറി നടക്കേണ്ടിവരും. സഭയിലായിരിക്കുമ്പോള്‍ ക്രിസ്തുവിന്റെ നിയമങ്ങളും സഭയുടെ നിയമങ്ങളും അനുസരിച്ചേ പറ്റൂ. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ് എന്നതിരുവചനം നമ്മുടെയുള്ളില്‍ സദാ മുഴങ്ങട്ടെ. സമയത്തിന് മുമ്പേ നിശ്ചിത സമയത്തിനുമുമ്പ് ജോലി പൂര്‍ത്തിയാക്കുവിന്‍. യഥാകാലം കര്‍ത്താവ് നിങ്ങള്‍ക്ക് പ്രതിഫലം തരും (പ്രഭാഷകന്‍ 51/30). ദൈവം നമുക്ക് നല്കിയ ഏറ്റവും വലിയ സമ്മാനം നമ്മുടെ സമയം, അതിനെക്കുറിച്ച്, അതിന്റെ ക്രമീകരണത്തെക്കുറിച്ച്, സമയക്രമത്തില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്, ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. മൂന്നു വര്‍ഷംകൊണ്ട് യേശുനാഥന്‍ നമുക്ക് കാണിച്ചുതന്നു, എന്തൊക്കെ ചെയ്യാമെന്നും സമയത്തെങ്ങനെ തീര്‍ക്കാമെന്നും. And miles to go before I sleep and miles to go before I sleep എന്നെഴുതിവച്ച റോബര്‍ട്ട് ഫ്രോസ്റ്റിനെ നമുക്കോര്‍ക്കാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ "ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു" (1 തിമോത്തിയോസ് 6/9). ഒരു വ്യക്തിക്ക് തനിക്ക് ലഭിക്കുന്ന, താന്‍ സമ്പാദിക്കുന്ന സമ്പത്ത് വിനിയോഗിക്കാനുള്ള ജ്ഞാനവും പരിശീലനവും ശരിയായ ദിശയില്‍ ലഭിക്കേണ്ടിയിരിക്കുന്നു. ഇല്ലാത്തവരുമായി പങ്കുവയ്ക്കുക എന്നൊരു ഉത്തരവാദിത്വംകൂടെ ദൈവം ഭരമേല്പിച്ചിരിക്കുന്നു. money should flow പണം ഒഴുകാനുള്ളതാണ്. അതിനാണ് currency എന്നൊക്കെ പറയുന്നത്. ആ ഒഴുക്ക് ഒരിക്കലും തടസപ്പെടുത്തരുത്. അണകെട്ടുന്നതുപോലെ അത് തടഞ്ഞുനിര്ത്താനുള്ളതല്ല. ഒരു നദി ഒഴുകുന്നതുപോലെ അനേകരിലേക്ക് ഒഴുക്കപ്പെടേണ്ടതാണ്. "നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍ ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു (1 കോറിന്തോസ് 2/10).
By: George Joseph
Moreകുഞ്ഞുജോണ്‍ അവധിദിവസങ്ങളില്‍ മുത്തശ്ശിക്കൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. അങ്ങനെയൊരു അവധിദിവസമായ ശനിയാഴ്ച രാവിലെതന്നെ മുത്തശ്ശി അവനെയുംകൂട്ടി പാര്‍ക്കില്‍ പോയി. രാത്രിമുഴുവന്‍ മഞ്ഞ് പെയ്തിരുന്നതിനാല്‍ അവിടം കാണാന്‍ അതിമനോഹരമായിരുന്നു. മുത്തശ്ശി അവനോട് ചോദിച്ചു, "ജോണ്‍കുട്ടാ, ഒരു ചിത്രകാരന് വരച്ച ചിത്രം പോലെയില്ലേ ഈ ദൃശ്യം? ഇത് നിനക്കുവേണ്ടി ദൈവം വരച്ചതാണെന്നറിയാമോ?" "അതെ, മുത്തശ്ശീ. ദൈവം ഇത് ഇടതുകൈകൊണ്ടാണ് വരച്ചതെന്നും അറിയാം." അതുകേട്ട് മുത്തശ്ശിക്കല്പം ആശയക്കുഴപ്പമായി. അവര്‍ ചോദിച്ചു, "അതെന്താ ദൈവം ഇടതുകൈയനാണെന്ന് തോന്നാന്‍ കാരണം?" "അതോ, കഴിഞ്ഞയാഴ്ച സണ്‍ഡേ സ്കൂളില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നല്ലോ യേശു ദൈവത്തിന്റെ വലതുഭാഗത്താണിരിക്കുന്നതെന്ന്. അപ്പോള്‍പ്പിന്നെ ദൈവത്തിന് ഇടതുകൈകൊണ്ടല്ലേ ചിത്രം വരയ്ക്കാന്‍ കഴിയൂ?" "ഓ, അത് ശരിയാണ് കേട്ടോ, പക്ഷേ ഞാനത് മറന്നുപോയി,"ڔകുഞ്ഞുജോണിന്റെ മറുചോദ്യം കേട്ട് മുത്തശ്ശി തന്റെ 'അറിവില്ലായ്മ' സമ്മതിച്ചു. "ശിശുക്കള്‍ എന്റെയടുത്ത് വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്" (മര്‍ക്കോസ് 10/14)ڔ
By: Shalom Tidings
More