Trending Articles
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു രാത്രി. പതിവില്‍നിന്ന് വ്യത്യസ്തമായ ഒരു സ്വപ്നമാണ് അന്ന് ഞാന്‍ കണ്ടത്. ഒരു സ്ത്രീ പാമ്പിനെ വാലില്‍ പിടിച്ച് എറിഞ്ഞുകളയുന്നു! അതുവരെയും പല രാത്രികളിലും ഭയപ്പെടുത്തുന്നവിധത്തില്‍ പാമ്പിനെ ദുഃസ്വപ്നം കാണാറുണ്ട്. എന്നാല്‍ അന്ന് ആ സ്ത്രീ പാമ്പിനെ എറിഞ്ഞുകളയുന്നതായി സ്വപ്നം കണ്ടതിനുശേഷം അത്തരം ദുഃസ്വപ്നങ്ങള്‍ ഇല്ലാതായി. എന്നെ ദുഃസ്വപ്നങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ വന്നത് പരിശുദ്ധ ദൈവമാതാവാണെന്ന് ഹൃദയത്തില്‍ അനുഭവപ്പെട്ടു.
സര്‍പ്പക്കാവുണ്ടായിരുന്ന ഞങ്ങളുടെ ഹൈന്ദവകുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ദുഃസ്വപ്നങ്ങള്‍ എന്നെ പിന്തുടരുന്നത് എന്ന് അറിയാമായിരുന്നു. പക്ഷേ അതില്‍നിന്ന് മോചനം ലഭിച്ചിരുന്നില്ല. ഒടുവില്‍ പരിശുദ്ധ അമ്മയിലൂടെ കര്‍ത്താവ് ഇടപെടുകയായിരുന്നു. നാളുകളായുണ്ടായിരുന്ന ക്രിസ്തുവിശ്വാസം ആഴപ്പെടുത്തിയ ഒരു സംഭവംകൂടിയായിരുന്നു അത്. കുട്ടിക്കാലത്ത് ചില സഹോദരങ്ങള്‍ ദൈവവചനം പങ്കുവയ്ക്കുന്നത് കേട്ടനാള്‍മുതല്‍ വചനത്തോട് താത്പര്യം തോന്നിയതാണ്. പിന്നീട് സ്കൂള്‍ പഠനം മുന്നോട്ടുപോയിക്കൊണ്ടിരുന്നപ്പോള്‍ കൂട്ടുകാരിയായ മോളിയില്‍നിന്നും അവരുടെ വീട്ടുകാരില്‍നിന്നും ബൈബിള്‍കഥകള്‍ കേള്‍ക്കുന്നതും എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു.
ഇതുകൂടാതെ ഇടയ്ക്ക് കലൂരിലുള്ള വിശുദ്ധ അന്തോണീസിന്റെ ദൈവാലയത്തില്‍ നൊവേനയ്ക്കും അതോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയ്ക്കും പോകും. സത്യത്തില്‍ ഞാന്‍ പുണ്യാളനെ കാണാനാണ് പോയിരുന്നത്. ഈശോയോട് എനിക്ക് വ്യക്തിപരമായി അടുപ്പമൊന്നും ഉായിരുന്നില്ല എന്നുപറയാം. പക്ഷേ വിശുദ്ധ കുര്‍ബാനയ്ക്കിടയിലുള്ള വചനപ്രഘോഷണം വളരെ ഇഷ്ടമായിരുന്നു. നാളുകള്‍ അങ്ങനെ കടന്നുപോയതോടെ എനിക്ക് ഈശോയെ വ്യക്തിപരമായി കണ്ടുമുട്ടാനും സ്നേഹിക്കാനും സാധിച്ചു. വിശുദ്ധ അന്തോണീസുതന്നെ എന്നെ ഈശോയിലേക്ക് അടുപ്പിച്ചു എന്നതാണ് ശരി. ക്രിസ്തുവാണ് യഥാര്‍ത്ഥ ദൈവം എന്ന് എനിക്ക് ബോധ്യമായിത്തുടങ്ങി.
നാളുകള്‍ അങ്ങനെ കടന്നുപോയി, ഞാന്‍ വിവാഹിതയായി. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചതോടെ ആസ്ത്മ എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങി. എപ്പോഴും മരുന്ന് കഴിക്കണമെന്ന അവസ്ഥ. ഈ രോഗത്തില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന ആഗ്രഹത്തോടെ ഭര്‍ത്താവിന്റെ അമ്മ എന്നെ ഞങ്ങളുടെ നാട്ടിലുള്ള ധ്യാനകേന്ദ്രത്തിലേക്ക് പറഞ്ഞുവിടുമായിരുന്നു. ആസ്ത്മയില്‍നിന്ന് പൂര്‍ണസൗഖ്യം ലഭിച്ചില്ലെങ്കിലും ഈശോയെ അനുഭവിച്ചറിയാന്‍ സാധിച്ചതിനാല്‍ അതെനിക്ക് വലിയ അനുഗ്രഹമായി. അമ്മയിലൂടെ കര്‍ത്താവ് എന്നെ തന്നിലേക്ക് അടുപ്പിക്കുകയായിരുന്നു. “ദുരിതങ്ങള്‍ എനിക്ക് ഉപകാരമായി; തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119/71) എന്ന സങ്കീര്‍ത്തനവചനം എത്രയോ അന്വര്‍ത്ഥമാണ്! മാത്രവുമല്ല നാളുകള്‍ കഴിഞ്ഞപ്പോഴേക്കും ശരീരം ചൊറിഞ്ഞുതടിക്കുന്ന രോഗാവസ്ഥയില്‍നിന്ന് സൗഖ്യം ലഭിക്കുകയും ചെയ്തു.
കാലക്രമത്തില്‍ മൂന്ന് കുട്ടികള്‍കൂടി ജനിച്ചു. അവര്‍ക്കും ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ സാധിച്ചു. പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ചുകൊടുത്തു. കത്തോലിക്കാ സ്കൂളില്‍നിന്നും സ്കൂളിനോടുചേര്‍ന്നുള്ള ദൈവാലയത്തില്‍നിന്നുമൊക്കെ ലഭിച്ച ദൈവാനുഭവങ്ങളുംകൂടിയായതോടെ അവര്‍ വിശ്വാസത്തില്‍ വളര്‍ന്നുകൊണ്ടിരുന്നു.
മുതിര്‍ന്നപ്പോള്‍ മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാസഭയില്‍ ചേരണമെന്ന ആഗ്രഹം മക്കളില്‍ തീവ്രമായി. രണ്ടാമത്തെ മകള്‍ പലപ്പോഴും പറയും, ‘ഞാന്‍ മാമ്മോദീസ സ്വീകരിക്കാന്‍ പോവുകയാണെ’ന്ന്. “എല്ലാവര്ക്കും ഒന്നിച്ച് മാമ്മോദീസ സ്വീകരിക്കാം, നീ കാത്തിരിക്ക്” എന്ന് ഞാന്‍ പറയും. എന്തായാലും ആഗ്രഹം തീവ്രമാകുന്നതനുസരിച്ച് മാമ്മോദീസ സ്വീകരിക്കാന്‍ സാധിക്കുന്നതിനുള്ള പ്രാര്‍ത്ഥനയുടെയും തീവ്രത കൂടി. യൗവനപ്രായത്തിലെത്തിയ മക്കള്‍ക്ക് ഏറ്റവും ആഗ്രഹം വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളാനായിരുന്നു.
അങ്ങനെ കുറച്ചുനാള്‍ കടന്നുപോയി. ക്രൈസ്തവവിശ്വാസത്തില്‍ ജീവിക്കുന്ന മക്കള്‍ പഠനത്തിലും സ്വഭാവത്തിലുമൊക്കെ മിടുക്കരാകുന്നത് കണ്ട ഭര്‍ത്താവ് ക്രൈസ്തവ വിശ്വാസത്തിന്റെ മൂല്യം മനസിലാക്കിത്തുടങ്ങി. അതിനാല്‍ മാമ്മോദീസ സ്വീകരിക്കാന്‍ അദ്ദേഹം ഞങ്ങള്‍ക്ക് സമ്മതം തന്നു. സന്തോഷത്തോടെ മാമ്മോദീസയ്ക്കായി ഒരുങ്ങി. ഒടുവില്‍ നിശ്ചയിച്ച ദിവസം യാത്ര തുടങ്ങുന്ന നേരത്ത് പല തടസങ്ങളും ഉണ്ടായത് ഇന്നും ഞാനോര്‍ക്കുന്നു. കൈയിലുണ്ടായിരുന്ന പുതിയ സാരി തേച്ചുകൊണ്ടിരുന്നപ്പോള്‍ കത്തിപ്പോയി. പിന്നീട് മറ്റൊരു സാരിയുടുത്ത് യാത്ര തുടങ്ങിയപ്പോള്‍ എന്റെ ചെരുപ്പ് പൊട്ടി. ഇത്തരം തടസങ്ങളെല്ലാം അവഗണിച്ചായിരുന്നു ഞങ്ങളുടെ ആ യാത്ര. ഒടുവില്‍ അന്ന് ദൈവാലയത്തിലെത്തി മക്കളും ഞാനും മാമ്മോദീസ കൈക്കൊണ്ടു. 2007-ലാണ് അത്. ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ചപ്പോഴുണ്ടായ സന്തോഷം അളവറ്റതായിരുന്നു. പിന്നീടങ്ങോട്ട് ജീവിതം വളരെയധികം അനുഗൃഹീതമായി. വര്‍ഷങ്ങള്‍ക്കുശേഷം 2019-ല്‍ ഭര്‍ത്താവും പൂര്‍ണമനസോടെ മാമ്മോദീസ സ്വീകരിച്ചു.
ഏകരക്ഷകനായ യേശുവില്‍ വിശ്വസിക്കാനും വിശുദ്ധ കുര്‍ബാനയില്‍ അവിടുത്തെ സ്വീകരിക്കാനും ഭാഗ്യം തന്നതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. നന്ദി യേശുവേ, നന്ദി!
Monica Paul
ഏകദേശം അഞ്ചുവര്‍ഷം ഞങ്ങള്‍ ഒരു ദമ്പതി പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമായിരുന്നു. അഞ്ച് കുടുംബങ്ങളുണ്ടായിരുന്ന ആ പ്രാര്‍ത്ഥനാഗ്രൂപ്പുമൂലമാണ് ആത്മീയ ജീവിതത്തില്‍ കുറച്ചെങ്കിലും വളരാന്‍ ഞങ്ങള്‍ക്ക് സാധിച്ചത്. ആഴ്ചയില്‍ ഒരു ദിവസം വൈകിട്ട് ഞങ്ങള്‍ ഇടവക ദൈവാലയത്തില്‍ ഒരുമിച്ചുകൂടുകയും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം കുറച്ചുസമയം ഞങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും. ആര്‍ക്കെങ്കിലും പ്രത്യേക പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ഉണ്ടെങ്കില്‍ ഗ്രൂപ്പില്‍ പങ്കുവച്ച് പരസ്പരം പ്രാര്‍ത്ഥിക്കും. വിവാഹ വാര്‍ഷികം മുതലായ വിശേഷദിവസങ്ങളില്‍ ഞങ്ങള്‍ ആഘോഷം നടക്കുന്ന വീട്ടില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ച് ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയും. വര്‍ഷത്തില്‍ ഒരിക്കല്‍ മക്കളെയും കൂട്ടി ടൂര്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിയും മറ്റ് സാഹചര്യങ്ങളും നിമിത്തം ആ ഗ്രൂപ്പ് തുടരാന്‍ പറ്റിയില്ല. എങ്കിലും പഴയ സൗഹൃദം തുടരുന്നു. ഞങ്ങളുടെ ഗ്രൂപ്പിന്റെ ഒരു പൊതുനിര്‍ദേശമായിരുന്നു എന്നും കുറച്ചുസമയം ഭാര്യഭര്ത്താക്കന്മാര് അവരുടെ മുറിയില്‍ ഒരുമിച്ചിരുന്ന് കരങ്ങള്‍കോര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്നത്. കാരണം ഈശോ നമുക്ക് തന്ന വാഗ്ദാനമാണത് "ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റി തരും" (മത്താ. 18:19). ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഈ രീതിയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇങ്ങനെ പ്രാര്‍ത്ഥിച്ചതുമൂലം ഞങ്ങളുടെ കുടുംബത്തിന് ഒത്തിരി ദൈവാനുഗ്രഹം ലഭിച്ചിട്ടുണ്ട്. അതില്‍ ഒരനുഭവം പങ്കുവയ്ക്കട്ടെ. എന്റെ രണ്ടാമത്തെ മകള്‍ പ്ലസ്ടു കഴിഞ്ഞപ്പോള്‍ മെഡിസിന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും നീറ്റ് എന്‍ട്രന്‍സ് പരിശീലനത്തിന് വിടുമോ എന്നും ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥയുണ്ട് - ഒരു വര്‍ഷമേ എന്‍ട്രന്‍സ് പരിശീലനത്തിന് വിടുകയുള്ളൂ. എഴുതാന്‍ പറ്റുന്ന എല്ലാ എന്‍ട്രന്‍സ് പരീക്ഷകളും എഴുതണം. മോള്‍ക്ക് ദൈവം ഏത് കോഴ്സാണോ തരുന്നത് അത് സന്തോഷത്തോടെ സ്വീകരിക്കണം. അവളത് സമ്മതിച്ചു. കേരളത്തിലെ പ്രശസ്തമായ ഒരു പരിശീലന കേന്ദ്രത്തില്‍ അവളെ ചേര്‍ത്തു. കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ പരിശീലനമായിരുന്നു. വീട്ടില്‍ ഇരുന്ന് പഠിച്ചതുകൊണ്ട് വലിയൊരു ഗുണം കിട്ടി. ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുശേഷം മകളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. വിവിധ എന്‍ട്രസന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ കൊടുത്തെങ്കിലും കോവിഡ്മൂലം പരീക്ഷകള്‍ ഒന്നും നടന്നിരുന്നില്ല. അങ്ങനെ 2021 ജൂലൈ മാസത്തില്‍ ആദ്യത്തെ പരീക്ഷയ്ക്കുള്ള അറിയിപ്പ് വന്നു. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ബാംഗ്ലൂര്‍ നിംഹാന്‍സിലേക്കുള്ള ബി.എസ്സി നഴ്സിങ്ങ് കോഴ്സിനുള്ള പരീക്ഷയായിരുന്നു അത്. സാധാരണയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതാണ്. കോവിഡ് പ്രശ്നംമൂലം അവര്‍ ആ വര്‍ഷം ബാംഗ്ലൂര്‍ മാത്രം കേന്ദ്രമാക്കിയാണ് പരീക്ഷ നടത്തിയത്. ജനറല്‍ വിഭാഗത്തിന് അഖിലേന്ത്യ ക്വാട്ടയില്‍ വളരെ കുറഞ്ഞ സീറ്റ് ഉള്ളതുകൊണ്ട് മോള്‍ക്ക് പോകാന്‍ മടിയായിരുന്നു. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവള് പരീക്ഷയില്‍ പങ്കെടുത്തു. റിസള്‍ട്ട് വന്നപ്പോള്‍ അവള് സെലക്ഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രസ്തുത സ്ഥാപനത്തില്‍ പ്രവേശിക്കണമെന്ന് അറിയിപ്പ് വന്നു. സാധാരണയായി അഡ്മിഷന് എടുത്ത് ഒരു മാസം കഴിഞ്ഞാണ് അവിടെ ക്ലാസ് തുടങ്ങാറുള്ളത്. അതിനാല്‍ നീറ്റ് പരീക്ഷ കഴിഞ്ഞിട്ടേ ക്ലാസ് തുടങ്ങുകയുള്ളൂ എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അവിടെ ചേര്‍ന്നു. പക്ഷേ ഞങ്ങളുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് അവര്‍ രണ്ട് ദിവസത്തിനുള്ളില്‍ ക്ലാസ് തുടങ്ങി. കുറച്ചുദിവസം അവധി ചോദിച്ചപ്പോള്‍ അത് അനുവദിക്കാന്‍ സാധ്യമല്ല എന്നാണ് അവര്‍ മറുപടി തന്നത്. ഇതുമൂലം മോള്‍ക്ക് ചില പ്രവേശന പരീക്ഷകള്‍ എഴുതാന്‍ സാധിച്ചില്ല. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാനത്തെ മാസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാരണം വിവിധ മോഡല്‍ പരീക്ഷകള്‍ എഴുതി പരിശീലനം നടത്തേണ്ട സമയമാണത്. എന്നാല്‍ മോള്‍ക്ക് പഠിക്കാന്‍ പറ്റിയ സാഹചര്യം അവിടെ ഇല്ലായിരുന്നു. പകല്‍ ക്ലാസില്‍ പോകണം, രാത്രിയില്‍ ഹോസ്റ്റലില്‍ വന്നാലും പഠിക്കാന്‍ വളരെ പ്രയാസമനുഭവപ്പെട്ടു. നേരത്തെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രം നടത്തിയ മോഡല്‍ പരീക്ഷകളില്‍ നല്ല മാര്‍ക്ക് കിട്ടിയിരുന്ന മോള്‍ക്ക് അവിടെവച്ച് എഴുതിയ പരീക്ഷക്ക് വളരെ കുറഞ്ഞ മാര്‍ക്കാണ് കിട്ടിയത്. ഇതോടെ മോള് ആകെ തളര്‍ന്നു. അവള്‍ക്കവിടെ തുടരാന്‍ പറ്റുകയില്ലെന്നും തിരികെ പോരണമെന്നും നീറ്റ് പരീക്ഷയാണ് അവളുടെ പ്രധാന ലക്ഷ്യമെന്നും പറഞ്ഞ് അവള് എന്നും കരച്ചിലായിരുന്നു. ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലായി. കാരണം നീറ്റ് വഴി അവളാഗ്രഹിക്കുന്നതുപോലെ ഒരു ഗവണ്മെന്റ് എം.ബി.ബി.എസ് സീറ്റ് കിട്ടുകയെന്നത് ഉറപ്പുള്ള കാര്യമല്ല, ഒരു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനത്തില്‍ കിട്ടിയ നല്ല ജോലിസാധ്യതയുള്ള കോഴ്സ് നഷ്ടപ്പെടുത്തുക എന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. വേറെ ഒരു പ്രശ്നം കൂടിയുണ്ടായിരുന്നു. കോളജിന് ഒരു ബോണ്ടുപേപ്പര്‍ കൊടുത്തിട്ടുണ്ട്. തക്കതായ കാരണമില്ലാതെ കോഴ്സ് ഉപേക്ഷിച്ച് പോന്നാല്‍ വേണമെങ്കില്‍ കോളജ് അധികാരികള്‍ക്ക് പിഴ ഈടാക്കാം. ഈ ദിവസങ്ങളില്‍ ഞാനും ഭാര്യയും കൈചേര്‍ത്ത് പിടിച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, "സ്വര്‍ഗസ്ഥനായ അപ്പച്ചാ, ഈശോയുടെ വിലയേറിയ തിരുരക്തത്തിന്റെ യോഗ്യതയാല്‍ ഞങ്ങളുടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമേ." മൂന്ന് കാര്യങ്ങളാണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്. മോള്‍ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള കഴിവ് കൊടുക്കണം. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യമുള്ള ഒരു സ്ഥലത്ത് അഡ്മിഷന് കൊടുക്കണം. ഈ ലോകത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും ഉടമയായ അപ്പച്ചന് ഇഷ്ടമാണെങ്കില്‍ അവള് ആഗ്രഹിക്കുന്നതുപോലെ ഒരു സീറ്റ് കൊടുത്ത് അനുഗ്രഹിക്കണം. കുറച്ച് ദിവസം ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ മനസിന് ഒരു ശാന്തത വന്നു. ഞാന്‍ മോളോട് പറഞ്ഞു, "നിനക്ക് അവിടെ തുടരാന്‍ പറ്റുകയില്ലെങ്കില്‍ കോഴ്സ് നിര്‍ത്തി പോരാന്‍ അപേക്ഷ കൊടുത്തുകൊള്ളുക. തമ്പുരാന് എന്തെങ്കിലും മാര്‍ഗം കാണിച്ചുതരും." അവള് കോളജ് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചു. പ്രിന്‍സിപ്പല്‍ ക്ലാസില്‍ വന്ന് വിവരങ്ങള്‍ ചോദിച്ചു. കോഴ്സ് ഉപേക്ഷിച്ചു പോരാനുള്ള അനുവാദം കൊടുത്തു. അതുമായി കോളജ് രജിസ്ട്രാറുടെ അടുത്ത് പോകണം. അവിടെനിന്നാണ് വിടുതല്‍ ചെയ്യുക. മറ്റു കുട്ടികള്‍ ഇതറിഞ്ഞപ്പോള്‍ അവളോട് പറഞ്ഞു, "മൂന്ന് പ്രാവശ്യം വരെ നീറ്റ് എഴുതിയവര്‍വരെ നമ്മുടെ കൂടെയുണ്ട്. കിട്ടാന്‍ അത്ര എളുപ്പമല്ല. നീ ഈ നല്ല കോഴ്സ് ഉപേക്ഷിക്കരുത്. നീ ഒരിക്കല്‍കൂടി പ്രിന്‍സിപ്പാളിന്റെ അടുത്തുപോയി കുറച്ച് ദിവസങ്ങള്‍ അവധി ചോദിക്ക്." അവര്‍ പറഞ്ഞതനുസരിച്ച് അവള് അവധി ചോദിച്ചു. നീറ്റ് പരീക്ഷയ്ക്ക് മുമ്പുള്ള പത്തുദിവസം അവര്‍ അവധി നല്‍കാമെന്ന് സമ്മതിച്ചു. അതോടെ അവളുടെ പ്രയാസമെല്ലാം മാറി. ഒഴിവുള്ള സമയങ്ങളിലെല്ലാം അവള് നന്നായി പഠിച്ചു. പരീക്ഷക്ക് മുന്‍പുള്ള പത്തുദിവസം ബാംഗ്ലൂര്‍ ഉള്ള ഞങ്ങളുടെ ഒരു ബന്ധുവിന്റെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട് ഉണ്ടായിരുന്നു. അവിടെ താമസിച്ച് പഠിച്ച് മോള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ പറ്റി. ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. മോള് ആറരമാസം പ്രസ്തുത സ്ഥാപനത്തില്‍ വളരെ സന്തോഷത്തോടെ പഠിച്ചു. നീറ്റ് വഴി കര്‍ണാടകത്തില്‍ തന്നെ ഒരു ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ അഡ്മിഷന് കിട്ടി. മെഡിക്കല്‍ കോളജിന് അടുത്തുതന്നെ ഒരു ദൈവാലയമുണ്ട്. ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യവുമുണ്ട്. "നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ചെയ്തു തരുവാന്‍ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ ആമ്മേന്‍ (എഫേസോസ് 3/20-21).
By: Thomas Thalapuzha
Moreക്ഷീണമോ മടിയോ തോന്നി, ഭക്താഭ്യാസങ്ങള്‍ക്ക് പോകാന്‍ വിഷമം അനുഭവപ്പെടുമ്പോള്‍ എന്നോടുതന്നെ ഞാന്‍ പറയുമായിരുന്നു: എവുപ്രാസ്യ, ഇത് നിന്റെ അവസാനത്തെ ധ്യാനമാണ്. വേഗം എഴുന്നേറ്റ് തീക്ഷ്ണതയോടെ ചെയ്യുക. ഇനിയും അനുഗ്രഹത്തിന്റെയും യോഗ്യതയുടെയും കാലം കിട്ടുമോ എന്നറിഞ്ഞുകൂടാ. എന്തിന് നീ ലോകത്തെ ഉപേക്ഷിച്ച് മഠത്തില്‍ വന്നു? പുണ്യം തേടാനോ സുഖം അന്വേഷിച്ചോ? ഇങ്ങനെ ചോദിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ് ക്രൂശിതരൂപം ചുംബിച്ച് ഞാന്‍ അലസതയുടെ പ്രലോഭനങ്ങളെ അതിജീവിച്ചിരുന്നു. വിശുദ്ധ എവുപ്രാസ്യാമ്മ
By: Shalom Tidings
Moreവിഷമിച്ച് പ്രാര്‍ത്ഥിച്ച ഒരു രാത്രിയില്‍ ഈശോ നല്കിയ സന്ദേശം ഞാന്‍ നവീകരണധ്യാനത്തില്‍ പങ്കെടുത്തതിനുശേഷമുള്ള ആദ്യനാളുകളില്‍ ഞങ്ങള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു കറവപ്പശു രോഗത്തില്‍പ്പെട്ടു. ഡോക്ടര്‍ വന്ന് ഇന്ജക്ഷന് എടുത്തു. മരുന്നുകള്‍ മാറിമാറി കൊടുത്തു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. പശുവിന്റെ രോഗവും ക്ഷീണവും വര്‍ധിച്ചുവന്നു. അതുകൊണ്ട് ആയുര്‍വേദചികിത്സകള്‍ ആരംഭിച്ചു. കഷായം, കിഴി, കുഴമ്പ് എന്നിങ്ങനെയുള്ള ചികിത്സകളും നടത്തി. യാതൊരു മെച്ചവും ഉണ്ടായില്ല. ഇങ്ങനെ വിഷമിച്ച് ഒരു രാത്രി വ്യക്തിപരമായ പ്രാര്‍ത്ഥനയില്‍ ഈശോയോട് പരാതി പറഞ്ഞ് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ലഭിച്ച സന്ദേശം: 'വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുക.' ജീവിതത്തില്‍ അന്നുവരെ ഞാന്‍ വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചിട്ടില്ല. എന്നിരുന്നാലും സന്ദേശത്തില്‍ വിശ്വസിച്ചുകൊണ്ട് ഒരു സ്വര്‍ഗസ്ഥനായ പിതാവേ, ഒരു നന്മനിറഞ്ഞ മറിയമേ, ഒരു ത്രിത്വസ്തുതി എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലി വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചു, പശുവിന്റെ സൗഖ്യപ്രാപ്തിക്കായി. കൂടെ ഒരു നിബന്ധനയും വച്ചു, "ഞാന്‍ ഇപ്പോള്‍ അന്തോനീസ് പുണ്യവാന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ നാളെ രാവിലെ ഞാന്‍ പശുത്തൊഴുത്തില്‍ ചെന്ന് നോക്കുമ്പോള്‍ പശുവിന്റെ രോഗം പൂര്‍ണമായി മാറിയിരിക്കണം. എങ്കില്‍ ഞാന്‍ എന്റെ ജീവിതത്തില്‍ എന്നും വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നതും ഈ ഭക്തി പ്രചരിപ്പിക്കുന്നതുമാണ്." ഇപ്രകാരം കര്‍ത്താവിനോട് പറഞ്ഞതിനുശേഷം കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് തൊഴുത്തില്‍പ്പോയി നോക്കിയപ്പോള്‍ പശുവിന് ഇങ്ങനെയൊരു രോഗം ഉണ്ടായിട്ടുള്ളതിന്റെ ലക്ഷണംപോലും ഇല്ലാതെ സുഖമായി തൊഴുത്തില്‍ നില്ക്കുന്നു! ദൈവത്തിന് സ്തുതി. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നു. അതുപോലെതന്നെ എന്റെ വ്യക്തിജീവിതത്തില്‍ ഒരിക്കല്‍ ഒരു അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്ന സമയത്ത്, പരിശുദ്ധാരൂപി ഒരു സന്ദേശം തന്നു, ഈ അനുഗ്രഹം ലഭിക്കാനായി വിശുദ്ധ റീത്തായോട് 14 ദിവസം മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുക. റീത്താ പുണ്യവതി എന്ന് എനിക്ക് കേട്ടുകേള്‍വിമാത്രമാണ് ഉണ്ടായിരുന്നത്. ഏതായാലും അന്നുമുതല്‍ റീത്താ പുണ്യവതിയോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. 14-ാം ദിവസം ആ ദൈവാനുഗ്രഹം ലഭിച്ചു. ദൈവത്തിന് സ്തുതി. വിശുദ്ധരോടുള്ള ഭക്തിയും മാധ്യസ്ഥ്യവുംവഴി ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ കഴിയും എന്ന് തിരുസഭാമാതാവ് നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ. ഇങ്ങനെ പ്രാപിച്ച ഏറെ പ്രാര്‍ത്ഥനാനുഭവങ്ങള്‍ ദീര്‍ഘസമയം പങ്കുവയ്ക്കാവുന്നതരത്തില് എനിക്കുണ്ടായിട്ടുണ്ട്. "നാലു ജീവികളും ഇരുപത്തിനാല് ശ്രേഷ്ഠന്മാരും കുഞ്ഞാടിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യം നിറഞ്ഞ സ്വര്‍ണക്കലശങ്ങളും കൈയിലേന്തിയിരുന്നു" (വെളിപാട് 5/8).
By: Jose Kappen
Moreഒരു വൈദികനാണ് കുറച്ചുനാളുകള്‍ക്കുമുമ്പ് ഇക്കാര്യം പങ്കുവച്ചത്. ആരെങ്കിലും പുകവലിക്കുന്നത് കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ഉള്ളം അസ്വസ്ഥതപ്പെട്ട് തുടങ്ങുമായിരുന്നു. പുക വലിക്കുന്നവന്റെ ശരീരത്തിന്റെയും ജീവന്റെയും നാഴികകള്‍ അതിവേഗം തീരുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് വിഷമം തോന്നാത്തത്? നടക്കുന്ന വഴിയിലൊക്കെ സിഗരറ്റ് കുറ്റി കാണുമ്പോഴും ഈ അസ്വസ്ഥത തുടര്‍ന്നു. പക്ഷേ ഇപ്പോള്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ വൈദികന് മനസിലാക്കിക്കഴിഞ്ഞു. ഒരു ദിവസം അദ്ദേഹം നടന്നുപോകുമ്പോള്‍ വഴിയിലൊരു സിഗരറ്റ്കുറ്റി കിടക്കുന്നത് കണ്ടു. പെട്ടെന്നുണ്ടായ ഒരു പ്രേരണപോലെ അദ്ദേഹം കൈ ഉയര്‍ത്തി കുരിശ് വരച്ച് ആശീര്‍വദിച്ചിട്ട് മനസ്സില്‍ പറഞ്ഞു, "ഈശോയേ, ഇത് വലിച്ചയാളെ വീണ്ടെടുക്കണേ..." ഇങ്ങനെ ചെയ്തപ്പോള്‍ അച്ചന് കിട്ടിയ വിടുതല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പിന്നെയങ്ങോട്ട് പുകവലിക്കുന്ന ആളുകളെ കാണുമ്പോഴും ഇത് തുടര്‍ന്നു, "ഈശോയേ, അവരെ വീണ്ടെടുക്കണേ..." മനസ്സില്‍ അസ്വസ്ഥതയോ രോഷമോ ഇല്ലാതാവുന്നതും പകരം ദൈവികശാന്തത വന്നുനിറയുന്നതും ആ വൈദികന് അനുഭവിക്കാന്‍ തുടങ്ങി. ഈ വൈദികനെ നമുക്കും മാതൃകയാക്കാം. എല്ലാ നൂറ്റാണ്ടുകളിലും യുദ്ധങ്ങളുടെയും നാശങ്ങളുടെയും സംഭവങ്ങള്‍ അരങ്ങ് വാണുകൊണ്ടിരിക്കും. ഇതൊന്നും കണ്ട് ഹൃദയം ഉലയാതിരിക്കാന്‍ ശ്രദ്ധിക്കണം. "നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്" (മത്തായി 24/6) എന്ന് ഈശോ ഓര്‍മപ്പെടുത്തുന്നുണ്ടല്ലോ. ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിയുമ്പോള്‍ "അപ്പാ, 'ശ്യാംജിത്തി'ന്റെമേലും 'വിഷ്ണുപ്രിയ'യുടെമേലും കരുണയായിരിക്കണേ, അവരുടെ കുടുംബാംഗങ്ങളെ വീണ്ടെടുക്കണേ...' 'അപ്പാ, ഭിന്നതയിലായിരിക്കുന്ന കേരളസഭയുടെമേല്‍ കരുണയായിരിക്കണേ, അവരുടെ മുറിവുകളെ സുഖമാക്കണേ...' ഇങ്ങനെയൊക്കെ ഹൃദയത്തില്‍ പറഞ്ഞ് നോക്കിയാല്‍ കിട്ടുന്ന വിടുതലുണ്ട്. അതനുഭവിച്ച് തുടങ്ങിയാല്‍ ജീവിതം എന്ത് സുന്ദരമാകുമെന്നോ? ഏതൊക്കെ രീതിയില്‍ തിന്മ ഉയര്‍ന്ന് പൊന്തിയാലും ഈശോയുടെ വിശുദ്ധ കുരിശ് നിസാരമായി അതിനെ തോല്പിക്കും. വിശുദ്ധ മരിയ ഗൊരേത്തിയിലൂടെ അലക്സാണ്ടറിനെയും വിശുദ്ധ കൊച്ചുത്രേസ്യായിലൂടെ ഹെന്റി പ്രന്സീനിയെയും സ്വര്‍ഗത്തില്‍ കൊണ്ടുപോകാന്‍ ഈശോയുടെ വിശുദ്ധ സ്ലീവായ്ക്ക് സാധിച്ചുവെന്നത് നമ്മെ ബലപ്പെടുത്തട്ടെ. പിതാവ് നീതിമാനായതുകൊണ്ട് ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും ശിക്ഷ കൃത്യമായി വന്നുചേരും. അതില്‍ സംശയമില്ല. അലക്സാണ്ടറിനും പ്രന്സീനിക്കും ശിക്ഷ കിട്ടിയിരുന്നു. എന്നാല്‍, അവരുടെ ആത്മാക്കളെ നാശത്തില്‍നിന്നും രക്ഷിക്കാന്‍ ഈശോയുടെ വിശുദ്ധ കുരിശിന് സാധിക്കുമെന്നതാണ് സുവിശേഷം. ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക (സങ്കീര്‍ത്തനങ്ങള്‍ 46/10) എന്ന അവിടുത്തെ ശാന്തഗംഭീരമായ സ്വരം ശ്രവിച്ചാല്‍ എല്ലായ്പോഴും എവിടെയും ശാന്തത കൈവരിക്കാന്‍ കഴിയും. ډ
By: Father Joseph Alex
Moreക്രിസ്തുവിശ്വാസത്തെക്കുറിച്ച് അറിയില്ലാത്തവരെയും വിശ്വാസത്തിലേക്ക് നയിക്കാന്‍ ഏറെ സഹായകമാണ് അത്ഭുതങ്ങള്‍. അത്തരത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവികവരം ലഭിച്ചയാളായിരുന്നു വിശുദ്ധ ഗ്രിഗറി തൗമാത്തുര്‍ക്കസ്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചു മക്രീന എന്ന യുവതിക്ക്. ഏഷ്യാ മൈനറിലാണ് അവള് ജനിച്ചത്. പില്ക്കാലത്ത് അവള് വിവാഹിതയായി കുടുംബജീവിതം നയിക്കാന്‍ തുടങ്ങി. മക്കളെ നല്കി ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിച്ചുയര്‍ത്തുകയും ചെയ്തു. നാളുകള്‍ക്കകം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്ദ്ദനകാലമായി. ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ തയാറല്ലാത്തതുകൊണ്ട് ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം മക്രീന കാട്ടിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് ഏഴ് വര്‍ഷത്തോളം ആ കുടുംബം അവിടെ കഴിഞ്ഞു. വേട്ടയാടി ലഭിക്കുന്നതുകൊണ്ടാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. പട്ടിണിയും മറ്റ് സഹനങ്ങളുമൊന്നും ക്രിസ്തുവിശ്വാസത്തിന്റെ നാളം കെടുത്താന്‍ പര്യാപ്തമായിരുന്നില്ല. മകനായിരുന്ന ബേസില്‍ ബാലനായിരുന്നപ്പോള്‍മുതല്‍ ജ്ഞാനവും പ്രസംഗപാടവവും പ്രദര്‍ശിപ്പിച്ചിരുന്നു. യുവാവായിത്തീര്‍ന്നപ്പോള്‍ ബേസില്‍ എമിലിയ എന്ന യുവതിയെ വിവാഹം കഴിച്ചു. ഭക്തയും സുശീലയുമായ എമിലിയ ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിയായിത്തീര്‍ന്ന ഒരാളുടെ മകളായിരുന്നു. ബേസില്‍-എമിലിയ ദമ്പതികള്‍ക്ക് പത്ത് മക്കളുണ്ടായി. അധികം വൈകാതെ, യൗവനത്തില്‍ത്തന്നെ, കുടുംബനാഥനായ ബേസില്‍ മരണമടഞ്ഞു. അതിനുശേഷം എമിലിയയും കുട്ടികളും ബേസിലിന്റെ അമ്മയായ മക്രീനക്കൊപ്പം താമസമാക്കി. മുത്തശ്ശിയുടെ വിശ്വാസജീവിതം ആ കുടുംബത്തെ ആകമാനം ആഴത്തില്‍ സ്വാധീനിക്കുംവിധം ശക്തമായിരുന്നു. എമിലിയയുടെ മൂത്ത മകള്‍ക്ക് മുത്തശ്ശിയുടെ പേരാണ് നല്കപ്പെട്ടിരുന്നത്, മക്രീന. അവളുടെ വിവാഹം നിശ്ചയിച്ചിരുന്ന സമയത്ത് പ്രതിശ്രുതവരന് മരണപ്പെട്ടു. ഇനി തനിക്ക് ഒരു വിവാഹജീവിതം വേണ്ട എന്ന തീരുമാനത്തിലായി മക്രീന. തുടര്‍ന്ന് അവള് ബ്രഹ്മചര്യവ്രതം സ്വീകരിക്കുകയും സഹോദരങ്ങളെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. അതോടൊപ്പം അടിമകളെ ഒരുമിച്ചുകൂട്ടി ഒരു സന്യസിനീസമൂഹത്തിന് തുടക്കമിടാന്‍ അവള് അമ്മയായ എമിലിയയെയും പ്രചോദിപ്പിച്ചു. അങ്ങനെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എമിലിയ ഒരു സന്യാസസമൂഹം ആരംഭിച്ചു. മക്രീന ലൗകികസുഖങ്ങള്‍ ത്യജിച്ചതുകണ്ട് പ്രചോദിതനായ സഹോദരന് ബേസിലും സന്യാസം സ്വീകരിക്കാന്‍ തയാറായി. ഇന്ന് പൗരസ്ത്യ സന്യാസത്തിന്റെ സ്ഥാപകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. മറ്റൊരു സഹോദരി തിയോസേബിയ വിശക്കുന്നവരെയും അനാഥരെയും സേവിക്കുകയും പെണ്‍കുട്ടികളെ മാമ്മോദീസ സ്വീകരിക്കാനായി ഒരുക്കുകയും ചെയ്തു. എന്നും സഹോദരന്മാരുടെ നിഴലില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന പീറ്റര്‍ സെബാസ്തെ സഹോദരങ്ങളുടെ പല രചനകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചു. മറ്റൊരു സഹോദരനായ നൗക്രാത്തിയോസും വിശുദ്ധജീവിതത്തില്‍ പിന്നോട്ടുപോയില്ല. ഈ കുടുംബം അനേകര്‍ക്ക് ഒരു ആകര്‍ഷണകേന്ദ്രമായിരുന്നു. അവരുമായി ബന്ധം ഉണ്ടാകുന്നത് ഒരു അഭിമാനകാരണമായി കരുതപ്പെട്ടു. ഈ ശ്രേഷ്ഠതക്കെല്ലാം അടിസ്ഥാനമായത് മറ്റൊന്നുമായിരുന്നില്ല, കുടുംബാംഗങ്ങളില്‍ അനേകര്‍ വിശുദ്ധജീവിതം നയിച്ചു എന്നതാണ്. സഭ ഔദ്യോഗികമായി വിശുദ്ധരെന്ന് വിളിക്കുന്ന പന്ത്രണ്ടോളം പേര് കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നു. വിശുദ്ധ മക്രീന ദി എല്‍ഡര്‍, മകനായ വിശുദ്ധ ബേസില്‍ ദി എല്‍ഡര്‍, അദ്ദേഹത്തിന്റെ ഭാര്യ വിശുദ്ധ എമിലിയ, വിശുദ്ധ എമിലിയയുടെ രക്തസാക്ഷിയായ പിതാവ്, ബേസിലിന്റെയും എമിലിയയുടെയും മക്കളായ സഭാപിതാവും വേദപാരംഗതനും മെത്രാനുമായ മഹാനായ വിശുദ്ധ ബേസില്‍, നിസ്സായിലെ വിശുദ്ധ ഗ്രിഗറി, സെബാസ്തയിലെ വിശുദ്ധ പീറ്റര്‍, സന്യാസിയായിരുന്ന വിശുദ്ധ നൗക്രാത്തിയോസ്, സന്യാസിനിയായിരുന്ന വിശുദ്ധ മക്രീന ദി യങ്ങര്‍, വിശുദ്ധ തെയോസേബിയ എന്നിവരാണ് ഈ വിശുദ്ധഗണത്തില്‍ ഉള്‍പ്പെട്ടവര്‍. ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും കുടുംബത്തിലെ മറ്റ് സഹോദരങ്ങളും ഉത്തമവിശ്വാസജീവിതം നയിച്ചിരുന്നു എന്നാണ് പാരമ്പര്യം സാക്ഷിക്കുന്നത്. കുടുംബമൊന്നിച്ച് വിശുദ്ധിയില്‍ വളരുന്നത് എത്രയോ മനോഹരവും ശ്രേഷ്ഠവുമാണെന്ന് ഈ കുടുംബം നമ്മെ ഓര്‍മിപ്പിക്കുന്നു. താനൊരു ദൈവഭക്തനായി വളര്‍ന്നതിന്റെ പ്രധാനകാരണം കുട്ടിക്കാലത്ത് തന്നെ പഠിപ്പിച്ച മുത്തശ്ശിയായ വിശുദ്ധ മക്രീനയാണെന്ന് മഹാനായ വിശുദ്ധ ബേസില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സജീവമായി വിശ്വാസം പരിശീലിക്കുന്ന കുടുംബങ്ങള്‍ വിശുദ്ധമായി വളരുകതന്നെ ചെയ്യും.
By: Shalom Tidings
Moreഞാന്‍ ചെറുപ്പത്തില്‍ സ്കൂള്‍വിട്ടു വന്നാല്‍ വേഗം അടുക്കളയിലേക്കാണ് പോയിരുന്നത്. അവിടെ അമ്മ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പലഹാരത്തില്‍ നിന്നും കയ്യിട്ടെടുക്കുന്നതിനൊപ്പം സ്കൂളില്‍ നടന്ന സകല കാര്യങ്ങളും വാതോരാതെ പറയും. ഇതിനിടയില്‍ 'പലഹാരമോഷണം' അമ്മ ശ്രദ്ധിക്കുകയുമില്ല. സ്കൂള്‍ വിട്ടു വരുന്ന മക്കള്‍ അവരുടെ ക്ലാസ്സിലെ വിശേഷങ്ങളും തമാശകളും സംഭവങ്ങളും അമ്മമാരോട് പറയുമ്പോള്‍ എത്ര ചെറുതാണെങ്കിലും കേള്‍ക്കാന്‍ അമ്മമാര്‍ സദാ ഉത്സുകരാണ്. കാരണം അതിനൊരു പ്രത്യേക സന്തോഷമുണ്ട്. ചെറിയ കാര്യമാണെന്ന് വിചാരിച്ച് പറയാതിരിക്കുന്നതല്ല, നിസാരകാര്യമാണെങ്കില്പ്പോലും എണ്ണിപ്പെറുക്കി പറയുന്ന കുട്ടികളുടെ രീതിയാണ് അമ്മമാര്‍ക്ക് ഇഷ്ടം. ആ മക്കളോട് അവര്‍ക്കൊരു വാത്സല്യം അധികം കാണും, ശരിയല്ലേ? എന്നാല്‍ അതിലും സുന്ദരമായ കാര്യമാണ് ഈശോയോട് ഓരോ കാര്യങ്ങളും എണ്ണിപ്പെറുക്കി പറയുന്നത്. നമ്മള് നമ്മുടെ പരാതിയും ആവലാതിയും പറയുന്നത് കുറച്ചിട്ട് ഈശോയോട് ഒരു സന്തതസഹചാരിയോടെന്നപോലെ, ഒരു ഉറ്റസുഹൃത്തിനോടെന്നപോലെ, ഓരോന്നും സംസാരിച്ചുകൊണ്ടിരുന്നുനോക്കൂ. ഈശോയെ ഞാന്‍ പഠിക്കാനിരിക്കുകയാണ് കേട്ടോ, ഞാന്‍ കളിക്കാന്‍ പോകുകയാണേ, ഞാന്‍ ഇപ്പോള്‍ വാട്സാപ്പ് ഓപ്പണാക്കുകയാണേ, ഞാന്‍ കുറച്ച് വെള്ളം കുടിക്കാന്‍ പോകുകയാണ് കേട്ടോ, ഈശോയെ നീയും വാ കൂടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട് കേട്ടോ... ഇങ്ങനെ കൊച്ചുകൊച്ചു വാക്കുകള്‍ ഉപയോഗിച്ച് ഈശോയോട് നിരന്തരം സംഭാഷണത്തില്‍ ഏര്‍പ്പെടണം. ഇങ്ങനെ നിങ്ങള്‍ ചെയ്തുതുടങ്ങിയാല്‍, അത്ഭുതകരമായ റിസല്‍റ്റ് കാണാന്‍ പറ്റും. മറന്നുപോകുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും, തീരുമാനങ്ങള്‍ അപ്പപ്പോള്‍ത്തന്നെ എടുക്കാന്‍ പറ്റും, വരാന്‍ പോകുന്ന ആവശ്യം മുമ്പേ കാണിച്ചുതന്ന് ഈശോ നമ്മെ സഹായിക്കുന്ന അനുഭവങ്ങളുണ്ടാകും.. എന്നിങ്ങനെ അനുദിനജീവിതം 'ത്രില്ലാ'യി മാറും, ഉറപ്പ്! ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ പറയുന്നത് ഇങ്ങനെയാണ്, "പിതാവ്, സഹോദരന്, യജമാനന്, മണവാളന് എന്നീ നിലകളില്‍ മാറിമാറി അവിടുത്തോട് നിങ്ങള്‍ സംസാരിക്കുക. അവിടുത്തെ തൃപ്തിപ്പെടുത്താന്‍ ഏതുവിധത്തിലാണ് നിങ്ങള്‍ അവിടുത്തെ വിളിക്കേണ്ടതെന്നു അവിടുന്നുതന്നെ നിങ്ങളെ പഠിപ്പിക്കും" (സുകൃതസരണി) ഇപ്പോള്‍ത്തന്നെ കണ്ടെത്തുക, സംസാരിച്ചുതുടങ്ങുക. എനിക്ക് എന്റെ ഈശോ ആരെപ്പോലെയാണ്? ഡാഡിയെപ്പോലെ, അതോ ബോസ്സിനെപ്പോലെയോ? അതല്ലെങ്കില്‍ ഒരു ഫ്രണ്ട്? അതുമല്ലെങ്കില്‍ ഒരു പ്രിയപ്പെട്ടവന്? ഏതായാലും എങ്ങനെയായാലും ഇന്നുതന്നെ, ഇപ്പോള്‍ത്തന്നെ, സംസാരിച്ചുതുടങ്ങുക. എന്നിട്ട് ഈ അനുഭവം മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കുക. എല്ലാവരും ഈശോയോട് എപ്പോഴും സംസാരിക്കട്ടെ. "ഹൃദ്യമായ വാക്ക് തേനറപോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്" (സുഭാഷിതങ്ങള്‍ 16/24).
By: Brother Augustine Christy PDM
Moreഒരിക്കല്‍ എന്റെ ഒരു കൂട്ടുകാരിയുടെ കുഞ്ഞിന്റെ കണ്ണില്‍ അറിയാതെ കത്തി കൊണ്ടു. എന്നാല്‍ ദൈവകൃപയാല്‍ ചെറിയ മുറിവുമാത്രമേ ഉണ്ടായുള്ളൂ. ഡോക്ടര്‍ മരുന്നു നല്കി. മരുന്ന് ഒഴിക്കുമ്പോഴുള്ള നീറ്റല്‍ കാരണം കുഞ്ഞ് കരച്ചിലാണ് എന്ന് കൂട്ടുകാരി പങ്കുവച്ചു. ഈ സംഭവങ്ങളൊക്കെ ഞാന്‍ ഭര്‍ത്താവിനോട് പറയുമ്പോള്‍ ഞങ്ങളുടെ രണ്ടുവയസ്സുകാരി മകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടായിരുന്നു. അതിനു ശേഷം പ്രാര്‍ത്ഥിക്കാന്‍ പറയുമ്പോള്‍ അവള് ഇങ്ങനെ പറയും: "ഈശോയേ, ഇസവാവേടെ വാവു മാറ്റണേ... " എന്തായാലും ഇസവാവയുടെ കണ്ണ് സുഖമായി. ആ സമയത്ത് കൂട്ടുകാരി കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ വളരെ വിദഗ്ധനാണെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഒരു വയസ്സു കഴിഞ്ഞപ്പോള്‍ മുതല്‍ ഇടയ്ക്കിടയ്ക്ക് കോങ്കണ്ണ് വരാറുള്ള എന്റെ കുഞ്ഞിനെയും അദ്ദേഹത്തെ കാണിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹം കുഞ്ഞിനെ ശിശുക്കള്‍ക്കായുള്ള പ്രത്യേക നേത്രരോഗവിദഗ്ധനെ കാണിക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ അതോടൊപ്പം കുഞ്ഞ് മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി നിര്‍ത്തണമെന്നും പറഞ്ഞു. കാരണം കുറച്ച് മാസങ്ങളായി അവള് മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ പാട്ടുകള്‍ കാണുന്നുണ്ടായിരുന്നു. കോങ്കണ്ണിന്റെ കാരണം അതല്ലായിരുന്നുവെങ്കിലും കുഞ്ഞുങ്ങളുടെ കണ്ണിന് മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ അപകടമായതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. എന്നാല്‍ ഇതേ പ്രായത്തിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കറിയാം അവരെ മൊബൈലില്‍നിന്നും അകറ്റി നിര്‍ത്തുക വളരെ പ്രയാസമാണെന്ന്. പലപ്പോഴും നമ്മള് തോറ്റുപോകും. ഇനി ചില രഹസ്യങ്ങള്‍ പറയാം. രഹസ്യമെന്നു പറയാന്‍ കാരണം ഇത് എഴുതുമ്പോള്പോലും എനിക്കും എന്റെ ഈശോയ്ക്കും മാതാവിനും മാത്രമേ ഇതിനെക്കുറിച്ച് അറിയുകയുള്ളു. എന്റെ കുഞ്ഞ് രാത്രി വളരെ വൈകിയാണ് ഉറങ്ങുക. അവളെ എടുത്തുകൊണ്ട് താരാട്ട് പാടി ഞാന്‍ മണിക്കൂറുകള്‍ നടക്കേണ്ടി വരാറുണ്ട്. ഓഫിസിലെ ജോലി, വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ എല്ലാം കഴിഞ്ഞ് കുഞ്ഞിനെയുറക്കാനുള്ള ഈ തത്രപ്പാട് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കുറേ നേരം ഇങ്ങനെ നടന്നുകഴിയുമ്പോള്‍ ഒന്ന് ഇരിക്കാന്‍ കൊതി തോന്നും. പക്ഷേ ഇരിക്കാന്‍ അവള് സമ്മതിക്കില്ല. അര്‍ധരാത്രി കുഞ്ഞിനെ കരയിച്ചാല്‍ താഴെ താമസിക്കുന്ന വീട്ടുടമസ്ഥരുടെ കുടുംബത്തിനും ബുദ്ധിമുട്ടാകുമല്ലോ എന്ന് കരുതി സഹിക്കും. എന്നിട്ട് ഞാന്‍ അത് മാതാവിന്റെ കൈയില്‍ കൊടുക്കും. എന്തിനാണെന്നോ? നാളെ കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ അവള്‍ക്ക് അവളുടെ ഇച്ഛകളെ നിയന്ത്രിക്കാന്‍ സാധിക്കാന്‍. അവളുടെ ജീവിതത്തില്‍ ഇച്ഛകളോട് 'നോ' പറയാന്‍ അവള്‍ക്ക് കരുത്ത് ലഭിക്കാനായി അവളുടെ അമ്മ ഇപ്പോള്‍ 'നോ' പറയുന്നു. എന്നിട്ട് മാതാവുവഴിയായി ഈശോയ്ക്കു നല്കുന്നു. ആത്മീയജീവിതത്തില്‍ ഇച്ഛകളോട് നോ പറഞ്ഞു പഠിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എത്രയധികം ഞാന്‍ എന്റെ ഇഷ്ടങ്ങള്‍ വേണ്ടായെന്ന് വയ്ക്കുന്നോ അത്രയധികം പരിശുദ്ധാത്മാവിന് എന്നില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് അങ്ങനെയൊരു നോമ്പ് പോലും എടുക്കുകയുണ്ടായി. എന്തൊക്കെ ചെയ്യാന്‍ തോന്നുന്നോ അതിനോടെല്ലാം നോ പറയുക. ഏതായാലും കുഞ്ഞുനിമിത്തം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം അവള്‍ക്കായി ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ഇനി കണ്ണിന്റെ കഥയിലേക്കു തിരിച്ചുവരാം. ഡോക്ടറെ കണ്ട് തിരിച്ചു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, "കുഞ്ഞ് ഫോണ്‍ നോക്കിയാല്‍ ഇസവാവയ്ക്ക് വാവു വന്നതുപോലെ കുഞ്ഞിനും വരും. അപ്പോള്‍ ഡോക്ടറങ്കിള്‍ മരുന്ന് തരും. കണ്ണ് നീറും." ഏതായാലും സംഗതി ഏറ്റു. മാസങ്ങള്‍ കടന്നുപോകുന്നു... പിന്നീട് ഇന്നുവരെ അവള് ഫോണില്‍ നോക്കിയിരുന്നിട്ടില്ല, ഫോണ്‍ വേണമെന്നു പറഞ്ഞ് വാശി പിടിച്ചിട്ടില്ല. ഞങ്ങള്‍ ഫോണ്‍ നോക്കുമ്പോള്‍ ഒന്ന് പാളി നോക്കിയിട്ട് ചോദിക്കും 'ഇതാരാ?' അത്രമാത്രം. ചിലപ്പോള്‍ ആത്മഗതം പറയുന്നതും കേള്‍ക്കാം... "ഇസവാവയ്ക്ക് വാവൂ... ഡോക്ടറങ്കിള്‍ മന്നു കൊത്തു... നീറും..." ചെറുപ്പത്തില്‍ ടി.വി കാണാന്‍ എന്റെ മാതാപിതാക്കളുടെ അടുത്ത് വഴക്കുപിടിച്ചിട്ടുള്ള എനിക്ക് അത്ഭുതം തോന്നാറുണ്ട്, ഇവള്‍ക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്ന്. പക്ഷേ ഇന്നാണ് അവള്‍ക്കുവേണ്ടി എന്റെ ഇച്ഛകളെ നിയന്ത്രിച്ചിരുന്നതും അത് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിച്ചിരുന്നതും ഓര്‍മവന്നത്. അതെല്ലാം അവള്‍ക്ക് ഇന്ന് കൃപയായി ലഭിക്കുന്നു എന്ന് ഇപ്പോള്‍ എനിക്കു തോന്നുകയാണ്. ഇത് വായിക്കുമ്പോള്‍ ഞാന്‍ ഒരു പുണ്യപൂര്ണയായ അമ്മയാണെന്ന് തെറ്റിദ്ധരിക്കരുത്. ചിലപ്പോഴെല്ലാം എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ പറ്റാതെ പോകാറുണ്ട്. എന്നാലും എനിക്ക് മാതാവിനെ വിശ്വാസമാണ്. 'പെര്‍ഫക്ട് ആയതിനുശേഷം പുണ്യങ്ങള്‍ അഭ്യസിക്കുക എനിക്ക് സാധ്യമല്ല എന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. അതുകൊണ്ട് 'ഞാന്‍ ഇങ്ങനെയൊക്കെയാണ്' എന്ന് പറഞ്ഞ് എന്റെ നിസ്സഹായതയില്‍ സഹായത്തിനായി മാതാവിനെ നോക്കും. അപ്പോഴാണ് ഇങ്ങനെയുള്ള 'സൂത്രപ്പണികള്‍' ചെയ്യാനുള്ള കൃപ ലഭിക്കുന്നത്.ډ
By: Ans Jose
Moreനാട്ടിലെ ഞങ്ങളുടെ ഇടവകദൈവാലയം സി.എം.ഐ വൈദികരുടെ മൈനര്‍ സെമിനാരി കൂടിയാണ്. വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ ഒരേ താളത്തില്‍ ഒരേ ശബ്ദത്തില്‍ ചൊല്ലുന്ന ആസ്പിരന്റ്സിനെ അന്നും ഇന്നും കൗതുകത്തോടെയാണ് നോക്കാറ്. വിശുദ്ധ കൊച്ചുത്രേസ്യ ചിന്തിച്ചതു പോലെ വൈദികര്‍ സ്ഫടികത്തെക്കാള്‍ നിര്‍മ്മലരാണ് എന്നായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ പിന്നീട് വൈദികരിലെ കുറവുകളെക്കുറിച്ച് അറിയാനിടയായപ്പോള്‍ ഞാന്‍ ഏറെ വേദനിച്ചു. ഒരിക്കല്‍ അള്‍ത്താരയ്ക്കുമുമ്പില്‍ ക്രൂശിതരൂപത്തിലേക്ക് നോക്കി ഈശോയോട് ഇങ്ങനെ പറഞ്ഞു, "ഈശോയ്ക്ക് തെറ്റുപറ്റിയിരിക്കാന്‍ സാധ്യതയില്ലല്ലോ! എങ്കിലും ഞാനായിരുന്നു ഈശോയുടെ സ്ഥാനത്തെങ്കില്‍ ഇവരില്‍ പലരെയും വൈദികരാക്കില്ലായിരുന്നൂട്ടോ!!!" പിന്നെ പതിയെപ്പതിയെ മനസിലായി, അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനാണ് അവരുടെ കുറവുകള്‍ ഈശോ മനസിലാക്കി തന്നതെന്ന്. പിന്നീട് പല വൈദികരെയും അവര്‍ അറിഞ്ഞും അറിയാതെയും ഏറ്റെടുത്ത് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി... പ്രാര്‍ത്ഥന എന്താണെന്ന് മനസിലാക്കാന്‍ തുടങ്ങിയത് അപ്പോള്‍ മുതലാണ്... എങ്ങനെയാണ് വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ഈ വചനമാണ് ലഭിച്ചത്- "അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു" (യോഹന്നാന് 17/19). ആ വചനത്തിന്റെ ആഴം ഇപ്പോഴും പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. എങ്കിലും ഒന്നറിയാം, പ്രാര്‍ത്ഥന ഒരു വിട്ടുകൊടുക്കലാണ്; ഈശോയാല്‍ വിശുദ്ധീകരിക്കപെടാനായി. എന്നും എന്റെ മക്കള്‍ക്കൊപ്പം ഞാന്‍ പ്രാര്‍ത്ഥിക്കുന്ന വൈദികരുടെയും നെറ്റിയില്‍ മനസ്സുകൊണ്ട് കുരിശ് വരച്ച് പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് അവരെ ഓരോരുത്തരെയും സമര്‍പ്പിക്കുമ്പോള്‍ പലപ്പോഴും അറിയാതെ കണ്ണുകള്‍ നിറയും. ഒരു യോഗ്യതയും അവകാശപ്പെടാനില്ലാത്ത എന്റെ പ്രാര്‍ത്ഥനകളാല്‍ അവരുടെ കുറവുകളൊന്നും നിറവുകളായിട്ടില്ലെന്നറിയാം. പക്ഷേ അവരുടെ കാല് ഒന്ന് വഴുതാന്‍ തുടങ്ങുമ്പോള്‍ ഈശോ ഹൃദയത്തില്‍ പറയുംപോലെ തോന്നും കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍... ദൂരെയുള്ള മകന് ഒരു സങ്കടം വരുമ്പോള്‍ അവന് പറഞ്ഞില്ലെങ്കിലും അമ്മയുടെ ഹൃദയത്തില്‍ അറിയാമെന്നതു പോലെ, ആര്‍ക്കെന്നും എന്തെന്നും വേര്‍തിരിച്ച് അറിയാനായില്ലെങ്കിലും പലപ്പോഴും ഹൃദയത്തില്‍ അനുഭവപ്പെടും ആ വേദന... ഒരിക്കല്‍ ഇങ്ങനെ ഏറെ ഭാരപ്പെട്ട്, സങ്കടപ്പെട്ട്, പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയപ്പോള്‍ മുന്നിലിരുന്ന ഒരു പുസ്തകം എടുത്ത് വായിക്കാനാണ് മനസില്‍ തോന്നിയത്. അത് കുരിശിന്റെ വഴിയായിരുന്നു. അതിലെ ഓരോ വരികളും ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോ മനസിലാക്കിത്തന്നു, ഒരു വൈദികന്റെ ജീവിതം ഈ പതിനാല് സ്ഥലങ്ങളിലൂടെയും കടന്നു പോകുന്നെന്ന്... ഒറ്റപ്പെടലിന്റെ, സഹനത്തിന്റെ, അപമാനത്തിന്റെ, വഴികളിലൂടെ പരിശുദ്ധ അമ്മ കാവലായുള്ള ഒരു കാല്‍വരിയാത്രയാണ് അവരുടെ ജീവിതമെന്ന്... വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രാര്‍ത്ഥിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ മതി. പരിശുദ്ധാത്മാവ് വഴിനടത്തി കൊള്ളും. ഇതുവരെയുള്ള എന്റെ അനുഭവങ്ങളില്‍ നിന്നു പറയട്ടെ: ജീവിതത്തിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും സ്വര്‍ഗം ഇറങ്ങിവന്ന് നമ്മോടൊപ്പം നില്‍ക്കുന്നത് അറിയാനാകും... കാരണം സ്വര്‍ഗം ഏറെ വിലമതിക്കുന്നു വൈദികര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളെ, അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന ആഗ്രഹത്തെപോലും...
By: Mangala Francis
Moreപപ്പ ജോലികഴിഞ്ഞുവന്ന് ചായയൊക്കെ കുടിച്ചശേഷം പതിയെ കസേരയിലിരുന്ന് പത്രം വായന ആരംഭിച്ചു. ആ സമയത്താണ് ജൂണിമോള്‍ അടുത്തു ചെന്നത്. "ജോണുച്ചേട്ടനും ജോയല്‍മോനും തമ്മില്‍ വഴക്കുകൂടി പപ്പാ" അവള് പറഞ്ഞു. "ഉവ്വോ, എന്തിനാ വഴക്കുകൂടിയത്. അവരെയിങ്ങു വിളിച്ചേ, ഞാന്‍ ചോദിക്കട്ടെ." ജൂണിമോള്‍ വേഗം കാര്യം പറഞ്ഞ് അവരെ വിളിച്ചുകൊണ്ടുവന്നു. ജോണുക്കുട്ടന്‍ തലതാഴ്ത്തി നിന്നു. പപ്പ അവന്റെ മുഖം പിടിച്ചുയര്‍ത്തിയപ്പോഴതാ മുഖത്ത് വിരല്പാടുകള്. അതുകണ്ടതേ പപ്പക്ക് കാര്യം മനസ്സിലായി. പപ്പ ചോദിച്ചു, "എന്തിനാണ് ജോയല്‍ നീ ജോണുക്കുട്ടനെ തല്ലിയത്?" "ചേട്ടന് മറ്റുള്ളവരുടെ മുന്പില്വച്ച് എന്റെ കുറ്റങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വന്നു. അതുകൊണ്ടാണ് ഞാന്‍ തല്ലിയത്." അതുകേട്ട ജോണുക്കുട്ടന്‍ പെട്ടെന്ന് പറഞ്ഞു, "ഞാന്‍ അവന് നല്ലതാവാന്‍ വേണ്ടിയാണ് അവന്റെ കുറ്റങ്ങള്‍ പറഞ്ഞുകൊടുത്തത്, പക്ഷേ അവന് ദേഷ്യം വന്നു." രണ്ടുപേരും കരച്ചിലിന്റെ വക്കിലാണ് നില്‍ക്കുന്നത്. ചെയ്തുപോയതില്‍ രണ്ടുപേര്‍ക്കും വിഷമമുണ്ടെന്നു പപ്പക്ക് മനസ്സിലായി. പപ്പ രണ്ടുപേരെയും ചേര്‍ത്തുപിടിച്ചിട്ട് പറഞ്ഞു, "സാരമില്ല, പോട്ടെ. ജോണുക്കുട്ടന്‍ ജോയല്‍മോന്റെ കുറവുകള്‍ ചൂണ്ടിക്കാണിച്ചത് ഒരു തെറ്റല്ല. പക്ഷേ അത് മറ്റുള്ളവരുടെ മുന്പില് വച്ച് അവനെ അപമാനിച്ചുകൊണ്ടായിപ്പോയി. അവിടെയാണ് കുഴപ്പമായത്. ജോയല്‍മോന്‍ ജോണുച്ചേട്ടനെ അടിച്ചതാണ് അവന് പറ്റിയ തെറ്റ്." പപ്പയുടെ വാക്കുകള്‍ കേട്ടപ്പോള്‍ രണ്ടുപേര്‍ക്കും ചെറിയൊരാശ്വാസമായി. "എന്തായാലും സാരമില്ല, രണ്ടുപേരും പരസ്പരം ക്ഷമിച്ചേക്ക്. അപ്പോള്‍ ഈശോ അത് നിങ്ങളുടെ റോസാപ്പൂക്കളായി സ്വീകരിക്കും. പപ്പ അത് മുമ്പ് പറഞ്ഞുതന്നിട്ടില്ലേ?" ഇതുകേട്ടതേ രണ്ടുപേരുടെയും മുഖം റോസാപ്പൂപോലെ വിടര്‍ന്നു. ജൂണിമോളുടെ മുഖത്തും സന്തോഷം. ജോണുക്കുട്ടനും ജോയല്‍മോനും കെട്ടിപ്പിടിച്ചു പരസ്പരം സോറി പറഞ്ഞു. പിന്നെ പരസ്പരം നോക്കി ചിരിച്ചു. തങ്ങളുടെ റോസാപ്പൂക്കള്‍ കൈയിലെടുത്ത് ഈശോയും ചിരിക്കുന്നതായി അവര്‍ക്ക് തോന്നി.
By: Shalom Tidings
Moreതലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില്‍ ഞാന്‍ വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്‍ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില്‍ മുഴ വളരുവാന്‍ തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ് വരും എന്നും അദ്ദേഹം അറിയിച്ചു. ആ നിര്‍ധനകുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു ആ തുക. കുട്ടിയുടെ അമ്മ കണ്ണീരോടെ ഈ കാര്യം എന്നോട് പറയുകയും കാര്യമായി എന്തെങ്കിലും ധനസഹായം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ രണ്ടായിരം രൂപ മാത്രമേ നല്കുവാന് എനിക്ക് കഴിയുമായിരുന്നുള്ളൂ. ആ പിഞ്ചുബാലന്റെ തൊണ്ടയിലെ നീര് വലുതാകുന്നതും വേദന വര്‍ധിക്കുന്നതും എനിക്ക് മനസിലായി. ആ സാധുസ്ത്രീ വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും സഹായത്തിന്റെ കാര്യം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അപകടം അകലെയല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാനും ധര്‍മസങ്കടത്തിലായി. ഒരു വഴിയും മനസില്‍ തെളിഞ്ഞുവന്നില്ല. ആ വര്‍ഷം ഞാന്‍ വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. ഉടനെതന്നെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. ആ കുഞ്ഞിന്റെ രോഗത്തിന് ഒരു സൗഖ്യവും പ്രതീക്ഷിച്ചാണ് പ്രാര്‍ത്ഥനാപൂര്‍വം ധ്യാനത്തിന് പോയത്. വലിയൊരു സമൂഹം ധ്യാനത്തിനായി അവിടെ എത്തിയിരുന്നു. പലര്‍ക്കും സൗഖ്യം ലഭിച്ചതിന്റെ സാക്ഷ്യം ഓരോ വ്യക്തികള്‍ വന്ന് വിശദീകരിച്ച് പോയി. മനസില്‍ ഞാനും സന്തോഷിച്ചു. പ്രതീക്ഷ വച്ചു. നല്ല തമ്പുരാന് ആ കുടുംബത്തെ കൈവിടില്ല എന്ന് ഞാന്‍ വിശ്വസിച്ചു. ധ്യാനം അവസാനിക്കുന്നതിന്റെ തലേരാത്രി അവിടുത്തെ ശുശ്രൂഷകരില്‍ ചിലരെ കണ്ട് വെഞ്ചരിച്ച എണ്ണ ലഭിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അറിയിച്ചു. വട്ടായിലച്ചനെ കാണാനുമായില്ല. അതിരാവിലെ വെഞ്ചരിച്ച എണ്ണയുമായി പോരാമെന്ന് ഞാന്‍ കരുതി. അപ്പോള്‍ ശുശ്രൂഷികള്‍ പറഞ്ഞു, രാവിലെ എട്ടുമണിയോടെയാണ് ഇവിടുത്തെ പ്രവൃത്തിസമയം ആരംഭിക്കുന്നത്. അപ്പോള്‍ മാത്രമേ വെഞ്ചരിച്ച എണ്ണ ലഭിക്കൂ. എന്റെ ശ്രമവും പ്രാര്‍ത്ഥനയും നിഷ്ഫലമാകുന്നുവെന്ന് തോന്നി. കാരണം ഏഴുമണിക്കുള്ള ആദ്യബസിന് പുറപ്പെട്ടാലേ രാത്രിയോടെ എന്റെ ദൈവാലയത്തില്‍ എത്താനാകൂ. എണ്ണ വാങ്ങിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു. അപ്പോഴാണ് അത്ഭുതംപോലെ മറ്റൊരു സംഭവം അവിടെ നടന്നത്. പിറ്റേ ദിവസം രാവിലെ ആറുമണിക്ക് ദിവ്യബലിയര്‍പ്പിക്കുവാന്‍ എത്തേണ്ട വൈദികന് എത്തിച്ചേരാന്‍ സാധിച്ചില്ല. ആദ്യത്തെ ദിവ്യബലിയര്‍പ്പിക്കാമോയെന്ന് അവര്‍ എന്നോട് ചോദിച്ചു. വെഞ്ചരിച്ച എണ്ണ ലഭിക്കുമെങ്കില്‍ ബലിയര്‍പ്പിച്ച് ഏഴുമണിയുടെ ബസിന് പോകാം. അതല്ലെങ്കില്‍ എനിക്ക് സാധിക്കില്ല എന്നു ഞാന്‍ തോമാശ്ലീഹായെപ്പോലെ ശാഠ്യം പിടിച്ചു. അവര്‍ സമ്മതിച്ചു. പിറ്റേന്ന് അതിരാവിലെ ബലിയര്‍പ്പിച്ച് ലഭിക്കില്ലെന്ന് വിചാരിച്ച വെഞ്ചരിച്ച എണ്ണയുമായി ഞാന്‍ നിശ്ചയിച്ച ബസില്‍തന്നെ സെഹിയോനില്‍നിന്ന് തിരികെ യാത്ര തിരിച്ചു. പിറ്റേദിവസം രാവിലെ കുട്ടിയെയും അവന്റെ അമ്മയെയും വിളിച്ചുവരുത്തി മുട്ടില്‍നിര്‍ത്തി മുഴയുള്ള ഭാഗത്ത് എണ്ണ പുരട്ടി പ്രാര്‍ത്ഥിച്ചു. രണ്ടുദിവസം ഇങ്ങനെ ചെയ്തു. എന്താകും ഫലം... അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഓപ്പറേഷനുവേണ്ടി ഒരുങ്ങാമെന്നും അല്പം തുക കൂട്ടിക്കൊടുക്കാമെന്നും ഞാന്‍ മനസില്‍ കരുതി. മൂന്നാം ദിവസം രാവിലെ പത്തുമണിയോടെ ആ കുട്ടിയുടെ അമ്മ എന്നെ കാണാന്‍ വന്നു. വളരെ സന്തോഷവതിയായിരുന്ന അവര്‍ എന്നോട് പറഞ്ഞു, മുഴ ചുരുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മുഴ പൂര്‍ണമായും അപ്രത്യക്ഷമായതായി എനിക്കുതന്നെ ബോധ്യപ്പെട്ടു. അങ്ങനെ വലിയൊരു അത്ഭുതത്തിന് ഞാന്‍തന്നെ സാക്ഷ്യവും കാരണവുമായി എന്ന് അവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളില്‍നിന്നും ഞാന്‍ വായിച്ചെടുത്തു. ദൈവകൃപ അത്ഭുതമായി ഇന്നും നമ്മുടെ ഇടയില്‍ വ്യാപരിക്കുന്നു. വിശ്വാസവും പ്രാര്‍ത്ഥനയുമാണ് അതിനുള്ള കുറുക്കുവഴിയും എളിയ മാര്‍ഗവും. "ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും" (മത്തായി 7/7). മനുഷ്യരുടെ നൊമ്പരങ്ങള്‍ മായ്ക്കുന്ന ഈശോ, അങ്ങേക്ക് സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.
By: Fr. Mathew Manikathaza CMI
Moreഫരിസേയന് എന്ന് കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ചെറുപ്പത്തിലുണ്ടല്ലോ, ചില സ്റ്റേജ് പ്രോഗ്രാമിലൊക്കെ തല കാണിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അത്ര വലിയ സംഭവമൊന്നുമല്ല, ഇടവകദൈവാലയത്തിലെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് ചെയ്ത ചില സ്കിറ്റ് നാടകങ്ങള്‍. അതില്‍ നല്ല അഭിനന്ദനം കിട്ടിയ ഒന്നായിരുന്നു, നരകവും ലൂസിഫറിനെയുമൊക്കെ കാണിച്ചു കൊണ്ട് ഞങ്ങള്‍ ചെയ്ത സ്കിറ്റ്. എന്റെ ചേട്ടനായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. 1001 ഫലിതങ്ങള്‍ എന്ന പുസ്തകത്തിലെ ഒരു തമാശയുടെ ചുവടുപിടിച്ചായിരുന്നു ആദ്യത്തെ സീന്‍. മരിച്ചുപോയ രണ്ട് പേര് തമ്മില്‍ കണ്ട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തമാശ വച്ച്.... അന്ന് ഞാനാണ് ആ ആശയം ചേട്ടന് പറഞ്ഞ് കൊടുത്തത്. അതുകൊണ്ടുതന്നെ എനിക്കൊരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അതില്‍ കൗണ്ടര്‍ തമാശ പറയുന്ന കഥാപാത്രം എനിക്കാകണമെന്ന്. പക്ഷേ ചേട്ടനും സമ്മതിച്ചില്ല, കൂടെയുള്ളവരും സമ്മതിച്ചില്ല. അവരെല്ലാം സനോഷ് ആ കഥാപാത്രം ചെയ്താല്‍ മതിയെന്ന് കട്ടായം പറഞ്ഞു. കോമഡി നന്നായി കൈകാര്യം ചെയ്യുന്ന ഒരു കിടു ആര്‍ട്ടിസ്റ്റ് ആണ് സനോഷെങ്കിലും, എനിക്കതങ്ങ് വിട്ട് കൊടുക്കാന്‍ ഒരു വൈക്ലബ്യം... എന്നിട്ടെന്താവാന്‍... മനസ്സില്ലാമനസ്സോടെ ഞാന്‍ എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. സനോഷിന്റെ കൂടെ നില്ക്കുന്ന കഥാപാത്രം ചെയ്തു. റിഹേഴ്സല്‍ തുടങ്ങിയ ശേഷം, എനിക്ക് ഈഗോ ഇല്ലായിരുന്നു. സനോഷിന്റെ ഡയലോഗിന് ജനം ചിരിക്കുകയും കൈ കൊട്ടുകയും ചെയ്തപ്പോള്‍ എനിക്കും സന്തോഷമായിരുന്നു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്, എനിക്ക് 'ഷൈന്‍' ചെയ്യാനും കൈയടി കിട്ടുന്നതിനും വേണ്ടിയായിരുന്നു ഞാനന്ന് വാശി പിടിച്ചതെന്ന്. ഒരു 13 വയസുകാരനില്‍ നിറഞ്ഞ് നിന്ന ഫരിസേയ മനോഭാവം കണ്ടില്ലേ. ഫരിസേയന് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ഫരിസേയന് ഞാനാണെന്ന തിരിച്ചറിവാണ് വിശുദ്ധീകരണത്തിലേക്കുള്ള ആദ്യ ചുവട്. സ്വാഭാവികമായി നമ്മിലെ നന്മ ആളുകള്‍ കണ്ടോട്ടെ, പക്ഷെ പ്രശംസ മാത്രം ലക്ഷ്യമാക്കി 'നന്മമരം' ആവരുത്. "നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" (മത്തായി 5/20). നാമറിയാതെ നമ്മില്‍ കയറി വരുന്ന ഫരിസേയ മനോഭാവം തിരിച്ചറിയാനും, അവയെ അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ, ആമ്മേന്‍
By: Father Joseph Alex
Moreഅനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവുംബോധ്യവും പരിശീലനവു അത്യാവശ്യമാണ്. എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. നീ ഒരു അനുഗ്രഹമായിരിക്കും, നിന്റെ കുടുംബം, ദേശം അനുഗ്രഹമാക്കും, നിന്റെ മകന് അനുഗ്രഹിക്കപ്പെടും, കൃഷിഭൂമി, സമ്പത്ത്, തലമുറ, ഭവനം അനുഗ്രഹിക്കപ്പെടും. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ മനസിലാക്കാനോ അനുഭവിക്കാനോ നമുക്ക് സാധിക്കാതെ വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ അനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ബോധ്യവും പരിശീലനവും അത്യാവശ്യമാണ്. ഇതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്കിയ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. നീ ആരോഗ്യവാനായിരിക്കട്ടെ നീ ആരോഗ്യവാനായിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു (3 യോഹന്നാന് 1:2). ഒരു വ്യക്തിക്ക് സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. ശരീരത്തിന്റെ മാറ്റങ്ങള്‍, ആവശ്യങ്ങള്‍, എന്തൊക്കെ അതിന് കൊടുക്കാം, എന്തൊക്കെ കൊടുക്കരുത്, എങ്ങനെ അതിനെ നിയന്ത്രിക്കാം, എങ്ങനെ ആരോഗ്യകരമായി കാക്കാം, വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍സ്... എന്തൊക്കെയാണ് വേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ശരീരത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നും അറിയണം. അര്‍ഹിക്കാത്ത സുഖങ്ങള്‍, ആഹാരം എന്നിവ അതിന് നല്കിയാല് ഇരട്ടി സഹിക്കാതെ നാം ഇവിടുന്ന് മടങ്ങും എന്നു തോന്നുന്നില്ല. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ ഇല്ലെങ്കില്‍ ജീവിതത്തിന്റെ ഭൂരിഭാഗം സമ്പത്തും സമയവും ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരും. ദൈവം നല്കിയ സമ്മാനം ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്പത്തി 1/1). ഒരു വ്യക്തിക്ക് താന്‍ വസിക്കുന്ന പ്രകൃതിയെകുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. പ്രകൃതിയുടെ ചലനങ്ങള്‍, സമയങ്ങള്‍, മാറ്റങ്ങള്‍, അതിന് എങ്ങനെ എന്നെ പരുവപ്പെടുത്താം. എന്റെ ശ്വാസകോശത്തിന്റെ പകുതി എന്റെ അടുത്തുനില്ക്കുന്ന മരമാണെന്ന് ഓര്‍മപ്പെടുത്തിയത് വിശുദ്ധ ഫ്രാന്‍സിസാണ്. പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ അനന്തരഫലം നാം അനുഭവിച്ച് തുടങ്ങിയിട്ടുണ്ടല്ലോ. കാലാവസ്ഥയുടെ മാറ്റങ്ങളനുസരിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ നമുക്ക് ബോധ്യമുണ്ടാവണം. വിസ്മയാവഹമായ കല്പനകള് അങ്ങയുടെ കല്പനകള് വിസ്മയാവഹമാണ്. ഞാന്‍ അവ പാലിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 119/129). നാം ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍, അവിടുത്തെ നിയമവ്യവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. നിയമം ലംഘിച്ചാല്‍ അത് പാപത്തിലേക്ക് നയിക്കും. പിടിക്കപ്പെട്ടില്ലെങ്കില്പോലും ജീവിതകാലം മുഴുവന്‍ കുറ്റബോധവും ഭയവും പേറി നടക്കേണ്ടിവരും. സഭയിലായിരിക്കുമ്പോള്‍ ക്രിസ്തുവിന്റെ നിയമങ്ങളും സഭയുടെ നിയമങ്ങളും അനുസരിച്ചേ പറ്റൂ. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ് എന്നതിരുവചനം നമ്മുടെയുള്ളില്‍ സദാ മുഴങ്ങട്ടെ. സമയത്തിന് മുമ്പേ നിശ്ചിത സമയത്തിനുമുമ്പ് ജോലി പൂര്‍ത്തിയാക്കുവിന്‍. യഥാകാലം കര്‍ത്താവ് നിങ്ങള്‍ക്ക് പ്രതിഫലം തരും (പ്രഭാഷകന്‍ 51/30). ദൈവം നമുക്ക് നല്കിയ ഏറ്റവും വലിയ സമ്മാനം നമ്മുടെ സമയം, അതിനെക്കുറിച്ച്, അതിന്റെ ക്രമീകരണത്തെക്കുറിച്ച്, സമയക്രമത്തില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്, ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. മൂന്നു വര്‍ഷംകൊണ്ട് യേശുനാഥന്‍ നമുക്ക് കാണിച്ചുതന്നു, എന്തൊക്കെ ചെയ്യാമെന്നും സമയത്തെങ്ങനെ തീര്‍ക്കാമെന്നും. And miles to go before I sleep and miles to go before I sleep എന്നെഴുതിവച്ച റോബര്‍ട്ട് ഫ്രോസ്റ്റിനെ നമുക്കോര്‍ക്കാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ "ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു" (1 തിമോത്തിയോസ് 6/9). ഒരു വ്യക്തിക്ക് തനിക്ക് ലഭിക്കുന്ന, താന്‍ സമ്പാദിക്കുന്ന സമ്പത്ത് വിനിയോഗിക്കാനുള്ള ജ്ഞാനവും പരിശീലനവും ശരിയായ ദിശയില്‍ ലഭിക്കേണ്ടിയിരിക്കുന്നു. ഇല്ലാത്തവരുമായി പങ്കുവയ്ക്കുക എന്നൊരു ഉത്തരവാദിത്വംകൂടെ ദൈവം ഭരമേല്പിച്ചിരിക്കുന്നു. money should flow പണം ഒഴുകാനുള്ളതാണ്. അതിനാണ് currency എന്നൊക്കെ പറയുന്നത്. ആ ഒഴുക്ക് ഒരിക്കലും തടസപ്പെടുത്തരുത്. അണകെട്ടുന്നതുപോലെ അത് തടഞ്ഞുനിര്ത്താനുള്ളതല്ല. ഒരു നദി ഒഴുകുന്നതുപോലെ അനേകരിലേക്ക് ഒഴുക്കപ്പെടേണ്ടതാണ്. "നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍ ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു (1 കോറിന്തോസ് 2/10).
By: George Joseph
Moreകുഞ്ഞുജോണ്‍ അവധിദിവസങ്ങളില്‍ മുത്തശ്ശിക്കൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. അങ്ങനെയൊരു അവധിദിവസമായ ശനിയാഴ്ച രാവിലെതന്നെ മുത്തശ്ശി അവനെയുംകൂട്ടി പാര്‍ക്കില്‍ പോയി. രാത്രിമുഴുവന്‍ മഞ്ഞ് പെയ്തിരുന്നതിനാല്‍ അവിടം കാണാന്‍ അതിമനോഹരമായിരുന്നു. മുത്തശ്ശി അവനോട് ചോദിച്ചു, "ജോണ്‍കുട്ടാ, ഒരു ചിത്രകാരന് വരച്ച ചിത്രം പോലെയില്ലേ ഈ ദൃശ്യം? ഇത് നിനക്കുവേണ്ടി ദൈവം വരച്ചതാണെന്നറിയാമോ?" "അതെ, മുത്തശ്ശീ. ദൈവം ഇത് ഇടതുകൈകൊണ്ടാണ് വരച്ചതെന്നും അറിയാം." അതുകേട്ട് മുത്തശ്ശിക്കല്പം ആശയക്കുഴപ്പമായി. അവര്‍ ചോദിച്ചു, "അതെന്താ ദൈവം ഇടതുകൈയനാണെന്ന് തോന്നാന്‍ കാരണം?" "അതോ, കഴിഞ്ഞയാഴ്ച സണ്‍ഡേ സ്കൂളില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നല്ലോ യേശു ദൈവത്തിന്റെ വലതുഭാഗത്താണിരിക്കുന്നതെന്ന്. അപ്പോള്‍പ്പിന്നെ ദൈവത്തിന് ഇടതുകൈകൊണ്ടല്ലേ ചിത്രം വരയ്ക്കാന്‍ കഴിയൂ?" "ഓ, അത് ശരിയാണ് കേട്ടോ, പക്ഷേ ഞാനത് മറന്നുപോയി,"ڔകുഞ്ഞുജോണിന്റെ മറുചോദ്യം കേട്ട് മുത്തശ്ശി തന്റെ 'അറിവില്ലായ്മ' സമ്മതിച്ചു. "ശിശുക്കള്‍ എന്റെയടുത്ത് വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്" (മര്‍ക്കോസ് 10/14)ڔ
By: Shalom Tidings
More