Home/Encounter/Article

ഏപ്രി 27, 2023 186 0 Stella Benny
Encounter

അവൻ ചെയ്തതുപോലെ ചെയ്യാന്‍

യേശു തന്‍റെ പീഡാനുഭവ രാത്രിക്കുമുമ്പ് ശിമയോൻ പത്രോസിനോടു പറഞ്ഞു “ശിമയോൻ, ശിമയോൻ, ഇതാ സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റാൻ ഉദ്യമിച്ചു. എന്നാല്‍ നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻവേണ്ടി ഞാൻ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. നീ തിരികെ വന്ന് നിന്‍റെ സഹോദരരെ ശക്തിപ്പെടുത്തണം” (ലൂക്കാ 22/31-32). പീഡാനുഭവത്തിന്‍റെ രാത്രി ആഗതമായപ്പോള്‍ യേശു തന്‍റെ ശിഷ്യഗണത്തെ നെഞ്ചോടു ചേര്‍ത്തുവച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. “ഈ രാത്രി നിങ്ങളെല്ലാവരും എന്നില്‍ ഇടറും. ഞാൻ ഇടയനെ അടിക്കും; ആടുകള്‍ ചിതറിേപ്പാകും എന്ന് എഴുതെപ്പട്ടിരിക്കുന്നു. എന്നാല്‍ ഞാൻ ഉയിര്‍പ്പിക്കെപ്പട്ടശേഷം നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകും. അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു . എല്ലാവരും നിന്നില്‍ ഇടറിയാലും ഞാൻ ഇടറുകയില്ല. യേശു പറഞ്ഞു . സത്യമായി ഞാൻ നിന്നോടു പറയുന്നു, ഈ രാത്രി കോഴികൂവുന്നതിനുമുമ്പ് നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചുപറയും. പത്രോസ് പറഞ്ഞു “നിന്നോടുകൂടെ മരിക്കേണ്ടി വന്നാല്‍പ്പാലും ഞാൻ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ ശിഷ്യൻമാരും പറഞ്ഞു” (മത്തായി 26/31-35).

ആ പീഡാനുഭവരാത്രിയില്‍ യേശു പ്രവചിച്ചത് അക്ഷരംപ്രതി സംഭവിച്ചു. യേശു പടയാളികളാല്‍ പിടിക്കെപ്പട്ട് ബന്ധനസ്ഥനായേപ്പാള്‍ ശിഷ്യന്മാര്‍ അവനെ വിട്ട് ചിതറിയോടിേപ്പായി. അല്പം ദൂരെ മാറി അവനെ അനുഗമിച്ച പത്രോസ് ഒരു  വേലക്കാരിയുടെ മുമ്പില്‍ ഞാനവനെ അറിയുകപോലുമില്ല എന്ന് ആണയിട്ട് പറഞ്ഞുകൊണ്ട് മൂന്നുപ്രാവശ്യം അവനെ നിഷേധിച്ചു. അപ്പോള്‍ കോഴി കൂവി. യേശു തിരിഞ്ഞ് മഹാകാരുണ്യത്തോടെ പത്രോസിനെ നോക്കി. ആ നോട്ടം അവന്‍റെ നെഞ്ചിലേക്കാഴ്ന്നിറങ്ങി. അവൻ പുറത്തുപോയി നെഞ്ചുപൊട്ടി കരഞ്ഞു. ആ കരച്ചില്‍ ഒരു തിരിച്ചുവരവായിരുന്നു. മഹാകരുണ നിറഞ്ഞ ഗുരുവിന്‍റെ പാദാന്തികത്തിലേക്കുള്ള തിരിച്ചുവരവ്! അങ്ങനെ നീ തിരിച്ചുവന്ന് നിന്‍റെ സഹോദരരെ (മറ്റ് ശിഷ്യന്മാരെ) ശക്തിപ്പെടുത്തണം എന്ന കര്‍ത്താവിന്‍റെ വചനവും നിറവേറി.

ഇതെങ്ങനെ സംഭവിച്ചു?!

ഇതെങ്ങനെ സംഭവിച്ചു? ഒറ്റ ഉത്തരമേയുള്ളൂ. യേശുവിന്‍റെ പ്രാര്‍ത്ഥനയിലൂടെ! യേശുവിന്‍റെ പത്രോസിന്‍റെ നേര്‍ക്കുള്ള ആ നോട്ടം പത്രോസിനെ പശ്ചാത്താപത്തിലേക്കല്ല കുറ്റബോധത്തിലേക്കാണ് നയിച്ചിരുന്നതെങ്കില്‍ അവനും യൂദാസിനെപ്പോലെ പോയി തൂങ്ങിച്ചാകുമായിരുന്നു. എന്നാല്‍ യേശുവിന്‍റെ കരുണ കവിഞ്ഞ നോട്ടം അവനെ പശ്ചാത്തപിച്ച് നെഞ്ചുരുകി കരയുന്നവനായി മാറ്റി. ഇടറിപ്പോയവരെ തിരികെ കൊണ്ടുവരുന്നവനുമാക്കി. ഇതിന്‍റെ കാരണം യേശുവിന്‍റെ ശിഷ്യഗണത്തിനുവേണ്ടിയുള്ള മധ്യസ്ഥപ്രാര്‍ത്ഥനയാണ്. അവരുടെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍വേണ്ടി, പ്രത്യേകിച്ചും ശിമയോന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍വേണ്ടി ഈ സംഭവത്തെ വളരെ മുമ്പുതന്നെ കണ്ട യേശു അവര്‍ക്കുവേണ്ടി ആ നിമിഷംതന്നെ പിതാവിന്‍റെ സന്നിധിയില്‍ മധ്യസ്ഥപ്രാര്‍ത്ഥന നടത്തി. അങ്ങനെ സാത്താന്‍റെ വലയില്‍നിന്നും അവരെ രക്ഷപ്പെടുത്തി പ്രത്യാശയുടെ തുറമുഖത്തേക്ക് നയിച്ചു.

നാമെന്തു ചെയ്യുന്നു?

നാമും വിശ്വാസത്യാഗത്തിന്‍റെ വഴികളിലൂടെ നയിക്കപ്പെടുന്നവരാണ്. പ്രതിസന്ധികളുടെയും പ്രതികൂലങ്ങളുടെയും നിരന്തരമായ ആക്രമണത്തില്‍ നമുക്ക് നമ്മെത്തന്നെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ പലപ്പോഴും കഴിയുന്നില്ല. നമുക്ക് ഭരമേല്‍പിക്കപ്പെട്ട മറ്റുള്ളവരുടെ വിശ്വാസത്തകര്‍ച്ചയെക്കുറിച്ച് നമ്മള്‍ ഭാരപ്പെടുന്നവരും ആധി പിടിച്ചവരും പരാതി പറയുന്നവരും കുറ്റപ്പെടുത്തുന്നവരും ഒക്കെയുമാണ്. അതൊരുപക്ഷേ നമ്മുടെ മക്കളെക്കുറിച്ചാകാം, ജീവിതപങ്കാളിയെക്കുറിച്ചാകാം, നമ്മെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തെക്കുറിച്ചാകാം, നമ്മുടെ രൂപതയിലെ വൈദികരെക്കുറിച്ചാകാം, നമ്മുടെ സന്യാസ ഭവനത്തിലെയോ സഭയിലെയോ സന്യസ്തരെക്കുറിച്ചാകാം, വിശ്വാസജീവിതത്തില്‍നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവജനങ്ങളെക്കുറിച്ചാകാം. ഇവയെല്ലാം പരിഹരിക്കാന്‍ നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ പ്രായോഗിക തലത്തില്‍ നാം ചെയ്യുന്നുമുണ്ടാകാം. എന്നാല്‍ ഒരു കാര്യം മാത്രം നാം ചെയ്യുന്നില്ല.

അത് മറ്റൊന്നുമല്ല, യേശു ചെയ്ത ഒരൊറ്റ കാര്യമാണ്, തന്നെ ഭരമേല്പിക്കപ്പെട്ടവരുടെ വിശ്വാസസ്ഥിരതക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അവര്‍ തന്നിലിടറാതിരിക്കാന്‍വേണ്ടി അതുവരെ താന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളെയുംകാള്‍ ഉന്നതമായ മറ്റത്ഭുതങ്ങള്‍ അവരെ കാണിച്ചുകൊടുക്കുവാനൊന്നും യേശു മുതിരുന്നതേയില്ല. ഒരൊറ്റക്കാര്യം മാത്രം – ചങ്കുരുകി പിതൃസന്നിധിയിലുള്ള പ്രാര്‍ത്ഥന. യേശു ഇപ്രകാരം പ്രാര്‍ത്ഥിച്ചു പിതാവേ, ഞാന്‍ അങ്ങയുടെ അടുത്തേക്കു വരികയാണ്. എന്നാല്‍ അവര്‍ ഈ ലോകത്തില്‍ത്തന്നെയാണ്. അതിനാല്‍ “ലോകത്തില്‍നിന്നും അവരെ എടുക്കണമെന്നല്ല, പിന്നെയോ ദുഷ്ടനില്‍നിന്നും അവരെ കാത്തുകൊള്ളണം എന്നാണ് ഞാനങ്ങയോടു പ്രാര്‍ത്ഥിക്കുന്നത്” (യോഹന്നാന്‍ 17/15). ഇങ്ങനെ നെഞ്ചുപൊട്ടിയുള്ള പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ ചെയ്യും.

നമുക്കുവേണ്ടിത്തന്നെ

നമ്മുടെ വിശ്വാസസ്ഥിരതക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കണം. വിശുദ്ധ പൗലോസ് ശ്ലീഹാ തന്‍റെ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു “ആകയാല്‍ ഇപ്പോള്‍ നില്ക്കുന്നുവെന്നു വിചാരിക്കുന്നവന്‍ വീഴാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളട്ടെ’ (1 കോറിന്തോസ് 9/12). എന്തൊക്കെ വന്നാലും ഞാനൊരിക്കലും വീഴുകയില്ല. ഞാനൊരിക്കലും യേശുവിനെ തള്ളിപ്പറയുകയില്ല എന്നൊരു വിശ്വാസമായിരിക്കാം നമ്മുടെയൊക്കെ ഹൃദയത്തിലുള്ളത്. പത്രോസിന്‍റെ ഹൃദയത്തിലും അതുതന്നെയായിരുന്നല്ലോ ഉണ്ടായിരുന്നത്. “നീ ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനായ മിശിഹായാണെ”ന്ന മറ്റാര്‍ക്കും നടത്താന്‍ കഴിയാത്ത വിശ്വാസപ്രഖ്യാപനം നടത്തി യേശുവിന്‍റെ വലിയ അംഗീകാരം കൈപ്പറ്റിയവനായിരുന്നു പത്രോസ്. അത്രയും വലിയൊരു വിശ്വാസത്തിന്‍റെ ഏറ്റുപറച്ചില്‍ നടത്തിയ പത്രോസ് താനൊരിക്കലും വിശ്വാസത്തില്‍ വീഴുകയില്ല എന്നൊരു കണക്കുകൂട്ടല്‍ നടത്തിയെങ്കില്‍ പത്രോസിനെ അധികം കുറ്റപ്പെടുത്താനുമാകുകയില്ല. പക്ഷേ അടുത്ത നിമിഷത്തില്‍ത്തന്നെ പത്രോസ് വീണുപോയി. ഒന്നല്ല, മൂന്നുവട്ടം!

അങ്ങനെയെങ്കില്‍ പാപികളും ബലഹീനരുമായ നമ്മുടെയും നമ്മെ ഭരമേല്പിച്ചിരിക്കുന്നവരുടെയും വിശ്വാസത്തിലുള്ള നിലനില്പിനുവേണ്ടി എത്രയോ അധികമായി പ്രാര്‍ത്ഥിക്കണം!

മോനിക്കയില്‍ ഒരുത്തമ വിശ്വാസി

വിശുദ്ധ മോനിക്ക ഈ രണ്ടു പ്രാര്‍ത്ഥനകളും നടത്തി വിജയം കൊയ്തവളാണ്. അവിശ്വാസത്തിന്‍റെ കടലില്‍ മുങ്ങിത്തപ്പി നിര്‍ക്കാകുഴിയിട്ടു കളിക്കുന്ന രണ്ടാത്മാക്കളെയാണ് ദൈവം അവളുടെ കൈയില്‍ ഏല്പിച്ചുകൊടുത്തത്. ഒന്ന് അവളുടെ ഭര്‍ത്താവിനെയും മറ്റൊന്ന് അവളുടെ മകന്‍ അഗസ്റ്റിനെയും. അനേക വര്‍ഷങ്ങള്‍ നീണ്ടുനിന്ന അവളുടെ കണ്ണുനീരോടും വിലാപത്തോടുംകൂടിയുള്ള പ്രാര്‍ത്ഥന അത്ഭുതകരമായ മാനസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും ഈ രണ്ടുപേരെയും നയിച്ചു. മാത്രമല്ല, വിശ്വാസജീവിതത്തില്‍ പിടിച്ചുനില്പിനുവേണ്ടിയുള്ള അവളുടെ പ്രാര്‍ത്ഥന അവളെയും ഒരു പുണ്യവതിയാക്കിത്തീര്‍ത്തു.

ഈ ആധുനിക ഇന്‍റര്‍നെറ്റ് യുഗത്തില്‍ സോഷ്യല്‍ മീഡിയായുടെ ഉപയോഗം നിങ്ങളുടെ പിഞ്ചുമക്കളെയും യുവാക്കളെയും വിശ്വാസജീവിതത്തില്‍ തറ പറ്റിച്ചിരിക്കുന്നു എന്നു നിങ്ങള്‍ ഭയപ്പെടുന്നുവോ? മോനിക്കയെന്ന ഇങ്ങനെയൊരമ്മ നിങ്ങളുടെ മുമ്പില്‍ മാതൃകയായുണ്ട് എന്ന് ഓര്‍മ വേണം. നമ്മെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തെയോര്‍ത്ത്, നാം നടത്തുന്ന നെഞ്ചുരുകിയുള്ള പ്രാര്‍ത്ഥന- അതൊരു പക്ഷേ വൈദികരെയാകാം, സന്യസ്തരെയാകാം, നമ്മുടെ നെഞ്ചകത്ത് നാം സൂക്ഷിച്ചു സ്നേഹിക്കുന്ന മറ്റു പലരെയുമാകാം. ആരുതന്നെയുമാകട്ടെ, അവരെയെല്ലാം വിശ്വാസത്തിന്‍റെ നിലനില്പിലേക്കും തിരിച്ചുവരവിലേക്കും നയിക്കുമെന്നതുറപ്പാണ്. ഈ വിശ്വാസച്യുതിയുടെ കാലഘട്ടത്തില്‍ കര്‍ത്താവ് സഭാമക്കളായ നമ്മളോടും സഭയിലെ ശ്രേഷ്ഠന്മാരോടും പറയുന്ന വചനം ഇതാണ് “സീയോന്‍പുത്രീ, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവും പകലും മഹാപ്രവാഹംപോലെ കണ്ണുനീര്‍ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകള്‍ക്ക് വിശ്രമം നല്കരുത്. രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തില്‍ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്‍റെ സന്നിധിയില്‍ ജലധാരപോലെ നിന്‍റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നു വീഴുന്ന നിന്‍റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തെ സന്നിധിയിലേക്കു കൈകളുയര്‍ത്തുക” (വിലാപങ്ങള്‍ 2/18-19).

നമ്മുടെ വിശ്വാസത്തിന്‍റെ നാഥയായ നമ്മുടെ അമ്മ പരിശുദ്ധ മറിയം ഇത്തരത്തിലുള്ള ഒരു വിശ്വാസപോരാട്ടത്തില്‍ നമ്മെ കൈപിടിച്ചു നടത്തട്ടെ. ലോകത്തിന്‍റെ രക്ഷയ്ക്കുവേണ്ടി കുരിശില്‍ കിടന്നു പിടഞ്ഞു മരിക്കുന്ന തന്‍റെ മകന്‍റെ ഭീകരമരണം നഗ്നനേത്രങ്ങള്‍കൊണ്ടു നേരില്‍ നോക്കിക്കണ്ട് അവന്‍റെ തൂക്കുമരത്തിനു മുമ്പില്‍ പാറപോലെ ഉറച്ച വിശ്വാസവുമായി അവള്‍ നില്പുണ്ടായിരുന്നു. കുരിശിലെ സഹനത്തിന്‍റെ അത്യുച്ചകോടിയില്‍ സ്നേഹിക്കുന്ന പിതാവിന്‍റെ മുഖം തന്നില്‍നിന്നും മറയ്ക്കപ്പെട്ടപ്പോള്‍ അവന്‍ ദയനീയമായി നിലവിളിച്ചു. “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?’ പക്ഷേ ആ വാക്കുകള്‍ കര്‍ണപുടങ്ങളെ തുളച്ച് അവളുടെ ഹൃദയത്തെ തകര്‍ത്തിട്ടും ആ അമ്മ വിശ്വാസത്തില്‍ പതറിയില്ല. പാറപോലെ ഉറച്ച വിശ്വാസവുമായി പാറമേല്‍ പണിത ഭവനംപോലെ അവള്‍ ആ കുരിശിന്‍ചുവട്ടില്‍ അല്പംപോലും പതറാതെ ഉറച്ചുനിന്നു. കാരണം അവളുടെ ഹൃദയത്തില്‍ മരണത്തിനുമപ്പുറത്തെ മഹത്വത്തെക്കുറിച്ചുള്ള ഉയര്‍ന്ന വിശ്വാസവും പ്രത്യാശയുമുണ്ടായിരുന്നു. ദൈവം അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി എന്ന് ഇവളെ നോക്കിയല്ലേ പരിശുദ്ധാത്മ പൂരിതയായ എലിസബത്ത് പ്രവചിച്ചത്. പതറാത്ത ഈ അമ്മ നമ്മുടെ വിശ്വാസയാത്രയെ നയിച്ചാല്‍ നാം അനര്‍ത്ഥം ഭയപ്പെടേണ്ടതില്ല. വിജയം ഉറപ്പ്!

ഇതൊരധികരിച്ച മരിയസ്തുതിയായി തരം താഴ്ത്തി വിലയിരുത്തരുതേ… ഈ വിശ്വാസയാത്രയില്‍ പതറിപ്പോവുകയും ഇടറിവീഴുകയും ചെയ്യുന്ന തന്‍റെ മക്കള്‍ക്ക് കരുത്തും വിജയവും നേടാനായി സ്വര്‍ഗം ഭൂമിക്കു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല പ്രാര്‍ത്ഥന. വിശ്വാസത്യാഗത്തിന്‍റെ വഴികളിലേക്കു വഴുതിവീണുകൊണ്ടിരിക്കുന്ന നമ്മള്‍ക്കും നമ്മുടെ തലമുറകള്‍ക്കുംവേണ്ടി ഈ ജപമാലമാസത്തില്‍ ഏകമനസോടെ നമുക്ക് കരം കോര്‍ക്കാം. അവള്‍ ഇന്ന് നമ്മളോടു പറയുന്നു. വിശ്വാസചോര്‍ച്ചയുടെ നാളുകളില്‍ തന്‍റെ പുത്രന്‍ ചെയ്തതുപോലെ ചെയ്യാന്‍. നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം… പിതാവായ ദൈവത്തിന്‍റെ ഇഷ്ടപുത്രിയായ പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി വളരുവാനും ഫലം ചെയ്യുവാനുംവേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാര്‍ത്ഥിക്കണമേ. അമ്മേ ജപമാല രാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍. ‘ആവേ മരിയ’

Share:

Stella Benny

Stella Benny

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles