Home/Evangelize/Article

സെപ് 30, 2023 294 0 Dr. Annamol Varghese
Evangelize

അടുക്കളയില്‍ വിളഞ്ഞ പുണ്യങ്ങൾ

എപ്പോഴും പ്രാര്‍ത്ഥിക്കണമെങ്കില്‍ മഠത്തില്‍ ചേരണമായിരുന്നു എന്ന് പഴി കേട്ട വീട്ടമ്മ അടുക്കളയില്‍ പുണ്യം അഭ്യസിക്കാന്‍ തുടങ്ങിയപ്പോള്‍…

പാചകം ഒരു കലയാണ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും, ദിവസവും നേരിടേണ്ട ഒരു യുദ്ധം ആയിട്ടാണ് ഞാന്‍ അതിനെ വീക്ഷിച്ചുകൊണ്ടിരുന്നത്. ഭര്‍ത്താവിന്‍റെ ഹൃദയത്തിലേക്കുള്ള വഴി വായിലൂടെയാണ് എന്ന പഴമൊഴി ഉണ്ടല്ലോ! പക്ഷേ അതിന്‍റെ മറുവശമാണ് എന്‍റെ ജീവിതത്തില്‍ സത്യമായിക്കൊണ്ടിരുന്നത്. പഠനശേഷമുള്ള പരിശീലനത്തിന്‍റെ കാലത്തായിരുന്നു വിവാഹം. അതിനാല്‍ത്തന്നെ അടുക്കള എന്നത് ആദ്യനാളുകളില്‍ എന്‍റെ പരീക്ഷണശാല ആയിരുന്നു.
ഭര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ച് ചെയ്ത പാചക പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. അതോടൊപ്പം ചില പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടിയും വന്നു. ഇതൊന്നും കൂടാതെ ദീര്‍ഘനേരം നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ശാരീരികമായ ചില അസ്വസ്ഥതകള്‍ എനിക്കുണ്ടായിരുന്നു. അക്കാരണംനിമിത്തം പാചകവും അതിനെക്കാളുപരി പാചകശേഷമുള്ള ശുചീകരണങ്ങളും വലിയ ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടാന്‍ തുടങ്ങി.

സ്വതേ മന്ദഗതിക്കാരിയായ ഞാന്‍ പിന്നീടങ്ങോട്ട് സമയത്ത് കടമ തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ള അടുക്കള അഭ്യാസങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. ജോലിസമയം കഴിഞ്ഞുള്ള സമയത്തിന്‍റെ സിംഹഭാഗവും അപഹരിക്കുന്ന ഒരു വില്ലന്‍ ആയിട്ടാണ് അടുക്കളപ്പണിയെ ഞാന്‍ വീക്ഷിച്ചത്. പ്രാര്‍ത്ഥിക്കാനോ വായിക്കാനോ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനോ കഴിയാത്തതിന്‍റെ വിതുമ്പലും എന്‍റെയുള്ളില്‍ ഉണ്ടായിരുന്നു. എന്‍റെ ഈശോയെ വിട്ട് ഈ ലോകത്തിന്‍റെ പിടിയിലമര്‍ന്നോ എന്ന് വേദനിച്ച നാളുകള്‍…. ഈ ചിന്ത പങ്കു വയ്ക്കുമ്പോള്‍ ‘എപ്പോഴും പ്രാര്‍ത്ഥനയുമായി നടക്കണമായിരുന്നെങ്കില്‍ മഠത്തില്‍ ചേരണമായിരുന്നു’ എന്ന് പറഞ്ഞവരെ തെറ്റ് പറയാനുമില്ലല്ലോ!

കോളേജില്‍ എന്നും വിശുദ്ധ കുര്‍ബാനയ്ക്ക് പങ്കെടുക്കുകയും ആഴ്ചയില്‍ രണ്ട് പ്രെയര്‍ ഗ്രൂപ്പുകളില്‍ പങ്കെടുക്കുകയും ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളുമായി മറ്റിടങ്ങളിലേക്ക് യാത്രകള്‍ ചെയ്യുകയും ഒക്കെ ചെയ്ത നാളുകള്‍ എന്‍റെയുള്ളില്‍ നഷ്ടബോധത്തോടെ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. ഞാനിപ്പോള്‍ ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ലല്ലോ, ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി കുറച്ചു സമയം പ്രാര്‍ത്ഥിക്കാന്‍ പോലും ആവുന്നില്ലല്ലോ എന്നൊക്കെ ഉള്ളില്‍ വിങ്ങി നടന്ന നാളുകളായിരുന്നു അവ.

സോഷ്യല്‍ മീഡിയകളിലൂടെ കുറച്ചു മെസേജുകള്‍ ഒക്കെ തയാറാക്കി അയക്കുമായിരുന്നു. എങ്കിലും അത് എപ്പോഴും ദൈവഹിതത്തിന് അനുരൂപമായിട്ടാണോ ചെയ്തിരുന്നത് എന്ന് സംശയം തോന്നിയിരുന്നു. ആ സമയത്ത് ഒരു ഓണ്‍ലൈന്‍ പ്രയര്‍ഗ്രൂപ്പിലൂടെ സ്വര്‍ഗം എന്‍റെ പരിഭവങ്ങള്‍ പരിഹരിക്കാനായി കനിവോടെ ഇടപെട്ടു.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ക്രമമായി സങ്കീര്‍ത്തന ആരാധന നടത്തുന്ന Psalms Adoration Group UAEയില്‍ ഞാനും അംഗമായതോടെയാണ് അത് ആരംഭിച്ചത്. ഇതോടൊപ്പം സങ്കീര്‍ത്തന ആരാധന കൂടാതെ ആത്മവിശുദ്ധിക്കായുള്ള അവരുടെ മറ്റ് ഗ്രൂപ്പുകളിലും ഞാന്‍ പങ്കാളിയായി. അവിടെയായിരുന്നു ഫാസ്റ്റിംഗ് ക്ലബ്, വിമലഹൃദയപ്രതിഷ്ഠ തുടങ്ങിയ കാര്യങ്ങള്‍ ആഘോഷമായി നടത്തപ്പെടുന്നത്.

ഇവിടെ ഈശോയുടെ സഹനങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപവാസം മാത്രമല്ല, പുണ്യങ്ങള്‍ അഭ്യസിപ്പിക്കല്‍ (Virtue Training), ICU എന്ന ഇന്‍റെന്‍സീവ് ക്ലെന്‍സിങ് യൂണിറ്റ്, സാത്താനെ തോല്‍പിക്കല്‍, വചന വിചിന്തനങ്ങള്‍, ജപമാല നദി, കരുണക്കടല്‍ എന്ന് തുടങ്ങി എന്നും എല്ലായ്പോഴും കര്‍ത്താവിനോടു ചേര്‍ന്ന് നില്‍ക്കാനും ഒക്കെ ഞങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്. “ഏത് അവസ്ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്ഥയില്‍ ദൈവത്തോടൊത്ത് നിലനില്‍ക്കുവിന്‍” (1 കോറിന്തോസ് 7/24).

പുണ്യങ്ങള്‍ അഭ്യസിപ്പിക്കുന്നതിലൂടെ ജീവനുള്ള നന്മപ്രവൃത്തികള്‍ ചെയ്യാനും ഞങ്ങളെ ഒരുക്കിയിരുന്നു. അങ്ങനെ എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് നാം ചെയ്ത പുണ്യങ്ങള്‍ എണ്ണിയെടുത്ത് പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ പരിശുദ്ധ ത്രിത്വത്തിന്‍റെ സ്തുതിക്കായി സമര്‍പ്പിക്കുന്നു എന്ന് അതാത് ഗ്രൂപ്പുകളില്‍ ടൈപ്പ് ചെയ്ത് അയക്കുന്ന പതിവുമുണ്ട്.

അനുദിനജീവിതത്തിലെ മാറ്റം

ഗ്രൂപ്പില്‍ നല്കിയിരുന്ന ക്ലാസുകള്‍ കേട്ടപ്പോള്‍ അനുദിന ജീവിതത്തോടുള്ള മനോഭാവത്തിലും ആത്മീയ ജീവിതത്തെക്കുറിച്ചുള്ള ധാരണകളിലും വിപ്ലവാത്മകമായ ഒരു മാറ്റം വരേണ്ടതുണ്ട് എന്നെനിക്ക് ബോധ്യമായി. പുണ്യങ്ങളെക്കുറിച്ചുള്ള ധാരണയ്ക്കും മാറ്റം വന്നു. വീരോചിതമായ രീതിയില്‍ ചെയ്ത ദൈവസ്നേഹത്തിന്‍റെയും പരസ്നേഹത്തിന്‍റെയും പ്രവൃത്തികളെമാത്രമേ പുണ്യങ്ങള്‍ എന്ന് വിളിക്കാനാവൂ എന്നായിരുന്നു അതുവരെ എന്‍റെ ധാരണ. അതെല്ലാം വിശുദ്ധപദവിയില്‍ എത്തിയവര്‍ക്ക് മാത്രമേ സമ്പാദിക്കാനായിട്ടുള്ളൂ എന്നും…

എന്നാല്‍ അങ്ങനെയല്ല, നമ്മള്‍ ദൈവതിരുമനസിനൊത്തവിധം ചെയ്യുന്ന എല്ലാ പ്രവൃത്തികളും വാക്കുകളും, ചിന്തകള്‍ പോലും, ദൈവസ്നേഹത്തെപ്രതി നിര്‍വഹിക്കുമ്പോള്‍ അവയെല്ലാം പുണ്യങ്ങളായി മാറുന്നു എന്ന് ക്ലാസുകളിലൂടെ ബോധ്യമായി.

പക്ഷേ നാം അപൂര്‍ണരായതിനാല്‍ നമ്മുടേതായതെല്ലാം അപൂര്‍ണമായിരിക്കും. അവയെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിലൂടെ നല്‍കുമ്പോള്‍ അമ്മ അവയെ മനോഹരമാക്കിയാണ് ദൈവത്തിനു നല്‍കുക. സ്നേഹത്തിന്‍റെ പര്യായമായ ദൈവത്തിന്‍റെ പിതൃഹൃദയം അവയെ ആര്‍ദ്രതയോടെ കൈക്കൊള്ളുന്നു. അങ്ങനെ തങ്ങളുടെ സാധാരണ ജീവിതത്തെ, ഉന്നതമായ ദൈവസ്നേഹം കൊണ്ട് വിശുദ്ധീകരിച്ച് ദൈവത്തിന് സന്തോഷം നല്‍കുന്ന വ്യക്തികളുടെ സാക്ഷ്യങ്ങളും സ്ഥിരതയും എനിക്ക് പ്രചോദനം പകര്‍ന്നു.

മദര്‍ തെരേസ പറഞ്ഞത് പോലെ ചെറിയ പ്രവൃത്തികളിലെ വലിയ സ്നേഹം കൊണ്ട് നമുക്ക് ദൈവത്തെ സന്തോഷിപ്പിക്കാനാവും എന്ന ചിന്ത എന്നിലും വെളിച്ചമായി.

എല്ലാം കര്‍ത്താവിനോടൊപ്പം ചെയ്യാന്‍…

സാധാരണ നമ്മുടെ മിക്ക പ്രവൃത്തികളുടെയും വാക്കുകളുടെയും ചിന്തകളുടെയും ഉറവിടം ദൈവസ്നേഹമോ പരസ്നേഹമോ അല്ല മറിച്ച് സ്വയംസ്നേഹമാണ് അല്ലെങ്കില്‍ മറ്റു സൃഷ്ടികളോടുള്ള സ്വാര്‍ത്ഥത നിറഞ്ഞ സ്നേഹമാണ്. അവയുടെ ലക്ഷ്യമോ മിക്കപ്പോഴും ദൈവമഹത്വവുമല്ല, നമ്മുടെ അഹത്തിനും ജഡത്തിനും ലഭിക്കുന്ന സംതൃപ്തിയും ലോകത്തിന്‍റെ പ്രശംസയുമാണ്. അതായത്, നമ്മുടെ അനുദിനജീവിതത്തില്‍ നാം നിര്‍വഹിക്കുന്ന ഏറെക്കാര്യങ്ങളും സ്വര്‍ഗോന്‍മുഖമല്ല. കൂടാതെ, ഫരിസേയരോട് ഈശോ പറഞ്ഞതുപോലെ, അതിനുള്ള പ്രതിഫലമായ മനുഷ്യപ്രീതി ഈ ലോകത്തുവച്ച് ലഭിച്ചും കഴിഞ്ഞു. ദൈവപ്രീതി നേടുന്നതിനായിട്ടല്ലല്ലോ നാം അവയൊന്നും ചെയ്തത്? പൗലോസ് ശ്ലീഹ പറയുന്ന വയ്ക്കോല്‍പോലെ കത്തിപ്പോകുന്ന നിര്‍ജീവ പ്രവൃത്തികള്‍! (1 കോറിന്തോസ് 3/12-15).

എന്നാല്‍, ‘ദൈവത്തെപ്രതിമാത്രം’ എന്ന ശുദ്ധ നിയോഗത്തോടെ എല്ലാം നിര്‍വഹിക്കുമ്പോള്‍ നമ്മിലും വലിയ അളവില്‍ വിശുദ്ധീകരണം സംഭവിക്കുന്നു എന്നു ഞാന്‍ മനസിലാക്കി. കാരണം നമ്മുടെ എല്ലാ കര്‍മങ്ങളിലും മറ്റുള്ളവര്‍ക്ക് ഉളവാകുന്ന പ്രീതി- അപ്രീതികള്‍ക്കനുസരിച്ചാണ് നാം സന്തോഷിക്കുന്നത് അല്ലെങ്കില്‍ സങ്കടപ്പെടുന്നത്. എന്നാല്‍ എല്ലാം ദൈവത്തെ പ്രതി ഈശോയില്‍ ആയിരുന്നു കൊണ്ട് ചെയ്യുമ്പോള്‍ സൃഷ്ടികളുടെ പ്രതികരണമോ, അതിലെ ജയപരാജയങ്ങളോ നമ്മെ അലോസരപ്പെടുത്തുകയില്ല. എന്തു ചെയ്യുമ്പോഴും എപ്പോഴും കര്‍ത്താവുമായി ചേര്‍ന്നിരിക്കാനും സാധിക്കുന്നു!

പിതാവിന്‍റെ ഇഷ്ടത്തിനനുസരിച്ചു പുത്രനില്‍ വസിച്ച് എന്‍റെ ആത്മാവ് പരിശുദ്ധാത്മാവില്‍നിന്നും ശക്തി സ്വീകരിച്ച്; എന്‍റെ കുടുംബാംഗങ്ങള്‍ക്കായി അധ്വാനിക്കുമ്പോള്‍ അതിനുള്ള പ്രതിഫലം എനിക്ക് ലഭിക്കുന്നത് സ്വര്‍ഗത്തില്‍നിന്നാണ്. കാരണം സ്വര്‍ഗീയപിതാവിന്‍റെ മക്കളായി എനിക്ക് ഉത്തരവാദിത്വത്തോടെ ഏല്പിച്ചു തന്നവരാണ് ജീവിതപങ്കാളിയും മക്കളും മറ്റു കുടുംബാംഗങ്ങളുമെല്ലാം. എന്നെ നേടാന്‍ വന്ന ഈശോയുടെ സ്വപ്നം പൂവണിയുന്ന ഓരോ നിമിഷവും, സ്വര്‍ഗീയ പിതാവിന്‍റെ ഹൃദയം എത്രമാത്രം സന്തോഷിക്കുന്നു? എന്നില്‍ വസിക്കുന്ന എന്‍റെ സഹായകനായ പരിശുദ്ധാത്മാവിലൂടെ പരിശുദ്ധ ത്രിത്വത്തിന്‍റെ ആ ഹൃദയത്തുടിപ്പ് ഞാന്‍ അറിയാറുണ്ട്.

പരിശുദ്ധ ത്രിത്വത്തിന്‍റെ സന്തോഷത്തില്‍ പങ്കുചേരാനായി എന്‍റെ അടുക്കളയും എന്‍റെ ജോലി സ്ഥലവും അങ്ങനെ ഞാന്‍ ധൃതിപിടിച്ച് ഉപയോഗിക്കാന്‍ തുടങ്ങി. ദൈവത്തിന്‍റെ ഹിതം ചെയ്യുന്നതിലൂടെ, സാത്താന്‍ എന്നില്‍ നിക്ഷേപിച്ച എന്‍റെ ഇഷ്ടം ചെയ്യുക എന്ന ‘അഹം’ എന്നില്‍ ആടി ഉലയാന്‍ ആരംഭിച്ചു. ഒപ്പം കോപവും മറ്റു മൂല പാപങ്ങളും തകരാനും തുടങ്ങി. ഇതൊക്കെ കണ്ട് സാത്താന്‍ ഏഴ് ദുഷ്ടാരൂപികളെക്കൂടി കൂട്ടി അതിശക്തമായി രംഗത്തുണ്ട് എന്നുള്ളത് പറയാതിരിക്കാന്‍ വയ്യ. അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും വീണു പോകാറുമുണ്ട്. പക്ഷേ അപ്പോഴേക്കും പുതിയ തലങ്ങളിലേക്ക് കുമ്പസാരത്തിലൂടെയും പരിശുദ്ധ കുര്‍ബാനയിലൂടെയും ഗ്രൂപ്പിലെ ക്ലാസ്സുകളിലൂടെയും ഈശോ ഞങ്ങളെ എല്ലാവരെയും കൈപിടിച്ച് ഉയര്‍ത്തുന്നു. ഇഹലോകജീവിതം അസ്തമിക്കുന്നതുവരെയും ഈ സമരം തുടരും എന്നും, അവസാനം വരെ ഈ യുദ്ധം തുടരുന്നവര്‍ വിജയിക്കും എന്നുമുള്ള നാഥന്‍റെ വചനത്തില്‍ വിശ്വസിച്ചുകൊണ്ട്, ദിനം തോറും മുന്നോട്ട് പോവുകയാണ്… ഈയിടെ കേട്ട പാട്ടിലെ ഈരടികള്‍ പോലെ…

സ്നേഹമേ, എന്നില്‍ നീ വസിക്കൂ,
ഞാന്‍ നിന്നിലാകുവാന്‍..
നീ എന്നിലാകുവാന്‍…

Share:

Dr. Annamol Varghese

Dr. Annamol Varghese

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles