Home/Encounter/Article

ഒക്ട് 09, 2019 3305 0 Rev Dr Roy Paalaatty
Encounter

സഹിക്കുന്നവര്‍ക്കായി…

ക്രിസ്തീയ ജീവിതത്തിലെ ക്ലേശകരമായ രഹസ്യമാണ് സഹനം. ദൈവം നല്ലവനെങ്കില്‍ മനുഷ്യനെ സഹിക്കാൻ വിട്ടുകൊടുക്കുന്നതെന്തേ ? ദൈവം ശക്തനെങ്കില്‍ തിന്മയെ ഉന്മൂലനം ചെയ്യാത്തതെന്തേ? സഹിക്കുന്നവന് പിന്നെയും സഹനം. എന്താണിതിന്‍റെ അര്‍ത്ഥം? മൂന്ന് തലങ്ങളില്‍ ഇതിനെ മനസിലാക്കാൻ കഴിഞ്ഞേക്കും. ഒന്ന്: ഒരാളുടെ ജീവിതകാണ്ഡത്തില്‍ നൽകപ്പെടുന്ന സഹനങ്ങള്‍ അയാളെദൈവത്തെ തേടാനും  കണ്ടെത്താനും സഹായിച്ചേക്കും .. ഇഗ്നേഷ്യസ് ലയോളയുടെ ചരിത്രമോര്‍ക്കുക. യുദ്ധത്തിനിടയിൽ മുറിവേറ്റ് ആശുപത്രിയില്‍ നീണ്ടകാലം കിടക്കേണ്ടിവന്നപ്പോഴാണ് ബോധപൂര്‍വം വചനം വായിക്കാൻ തുടങ്ങിയത്. വിശുദ്ധാത്മാക്കളുടെ ചരിത്രകഥകള്‍ ആവേശത്തോടെ  വായിച്ചു. അത് അദ്ദേഹത്തെ മാറ്റി. ഇഗ്നേഷ്യസ് ലയോളയെന്ന വലിയ വിശുദ്ധനെ സഭയ്ക്ക് ലഭിച്ചു. യുദ്ധത്തിനിടയിൽ ഏറ്റ ആഘാതം അയാളെ തളര്‍ത്തിയെങ്കിലും, ദൈവവഴികള്‍ തേടാൻ അതാവശ്യമായിരുന്നുവെന്ന് ഇന്ന് നാമറിയുന്നു. സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ എത്രയോ സത്യം: “ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്മൂലം ഞാൻ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (119:71). തന്‍റെ രോഗാവസ്ഥയെക്കുറി ച്ച് ഹെസക്കിയ രാജാവ് പറയും, “എന്‍റെ കഠിനവേദന എന്‍റെ നന്മയ്ക്കുവേണ്ടിയായിരുന്നു” (ഏശയ്യാ 38:17).
ഒരാത്മാവിനെ നശിപ്പിക്കാനല്ല,രക്ഷിക്കാനാണ് സഹനം. ഇല്ലായ്മ ചെയ്യാനല്ല, അതിന്‍റെ മൂല്യം വെളിവാക്കാനാണിത്. പാലസ്തീനായില്‍ പ്രസിദ്ധമായ ഇടയന്‍റെയും ആടിന്‍റെയും ചിത്രമുണ്ട്. എത്ര പറഞ്ഞിട്ടും തിരുത്തലുകള്‍ സ്വീകരിക്കാത്ത ഒരാട്. വേറെ വഴിയൊന്നുമില്ലാതെ വരുമ്പോൾ ആടിന്‍റെ കൈയോ കാലോ ഒന്നൊടിക്കും. പിന്നെ ഇടയൻ അതിനെ തോളില്‍ വയ്ക്കും, പ്രത്യേക സംരക്ഷണവും കരുതലുമൊക്കെ നല്കും.സൗഖ്യപ്പെടുവോളം ഇടയന്‍റെ ചൂടേറ്റ് ആട് വളരും. പിന്നീടൊരിക്കലും ഇടയനെ ഉപേക്ഷിക്കില്ല. ആല വിട്ട് അലയുകയുമില്ല. സഹനം നമ്മെ ഇടയനോടടുപ്പിക്കും.

രണ്ട്, സഹനം നമ്മുടെ സന്തോഷങ്ങളെ വിശുദ്ധീകരിക്കും. ഈ ലോക ത്തിലായിരിക്കുന്നിടത്തോളം നാം നിരന്തരം വിശുദ്ധീകരിക്കപ്പെടണം. മായാസുഖങ്ങളില്‍ അമരാതിരിക്കാനും വിലകെട്ടവയുടെ പുറകെ അലയാതിരിക്കാനും പരീക്ഷകള്‍ കൂടിയേ തീരൂ. ജീവിത യാത്രയില്‍ ഒന്നിനെയും വകവയ്ക്കാതെ, ഒരാള്‍ക്കും പിടി കൊടുക്കാതെ ഓടുന്നതിനിടയില്‍ ഈ ആയുസിന്‍റെ അര്‍ത്ഥവും വിശുദ്ധിയും നശിപ്പിച്ചേക്കാം. അതു നിങ്ങളെ തകര്‍ ത്തുകളയും. അതിനാല്‍, ദൈവം സഹനങ്ങള്‍ അനുവദിച്ചു വിശുദ്ധീകരിക്കും. “അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണത്തേക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം” (1 പത്രോസ് 1:7). തീയിലെറിയാതെ സ്വര്‍ണം മാറ്റുള്ളതാകില്ല. ശുദ്ധി ചെയ്യാതെ മനുഷ്യൻ അമൂല്യനുമാകില്ല. കടലിന് മണലുകൊണ്ട് അതിര്‍ത്തി നിശ്ചയിച്ചുവച്ചിരിക്കുന്ന ദൈവം നിങ്ങളുടെ സഹനത്തിനും അതിരുവച്ചിട്ടുണ്ട്. സഹനം വിശുദ്ധീകരണത്തിനാണെന്നറിഞ്ഞാൽ പിന്നെ സഹനം നിങ്ങളെ നിരാശരാക്കില്ല.

ഒരു പ്രഭാത പ്രാര്‍ത്ഥനയില്‍വിശുദ്ധ അമ്മത്രേസിയാ കര്‍ത്താവിനോട് ചോദി ച്ചു: ‘കൂട്ടുചേരുന്ന എല്ലാവര്‍ക്കും നീ കൊടുക്കുന്നത് കുരിശാണ്. സ്നേഹിക്കുന്തോറും കൂടുതല്‍ കുരിശുകള്‍. നിന്‍റെ കൂട്ടത്തില്‍ ആര് ചേരാനാണ്?’ തലേദിവസത്തെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ പ്രാര്‍ത്ഥനയാക്കിയപ്പോൾ ഇങ്ങനെ പ്രാര്‍ത്ഥിക്കാനാണ് അവള്‍ക്ക് തോന്നിയത്. എന്നാല്‍ അന്ന് സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞു ശാന്തമായി ആരാധിക്കുമ്പോൾ ഒരു കാര്യം അവള്‍ ഓര്‍ത്തു. കുരിശാണ് വെച്ച് കൊടുക്കുന്നതെങ്കിലും മാനവരാശി ഇത്രമാത്രം ചേര്‍ത്തുവയ്ക്കുന്ന ഒരാളില്ലല്ലോ! ക്രിസ്തുവിനെ സ്നേഹിച്ചു കുരിശുയാത്ര നടത്താനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. എല്ലാ വിശുദ്ധ സ്നേഹത്തിലും സഹനമുണ്ട്. നിങ്ങള്‍ സ്നേഹിക്കുന്ന ഒരാള്‍ക്കായി ഒരു സഹനവഴിയിലും യാത്ര ചെയ്തിട്ടില്ലെങ്കില്‍, നിങ്ങളുടെ സ്നേഹത്തിന്‍റെ ആഴം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ദൈവപുത്രനുമായുള്ള സ്നേഹം അഗാധമാകുമ്പോൾ കുരിശിന്‍റെ വഴിയില്‍ നിങ്ങള്‍ അവന്‍റെ അടുത്തെത്തി എന്നാണര്‍ത്ഥം. വിശുദ്ധ മദര്‍ തെരേസ പറയും: ‘സഹനം എന്നത് ക്രിസ്തുവിന് ചുംബിക്കാനുള്ള അകലത്തില്‍ നിങ്ങളെത്തി എന്നതിന്‍റെ അടയാളമാണ്.’

സഹനം രക്ഷാകരമാകുന്നത് രക്ഷകന്‍റെ കുരിശിന്‍റെ ലക്ഷ്യവും നിങ്ങളുടെ സഹന ത്തിന്‍റെ ലക്ഷ്യവും ഒന്നാകുമ്പോഴാണ് . ലളിതമായി പറഞ്ഞാൽ, വേദനകളെപ്പറ്റി പരിദേവനങ്ങള്‍ നടത്താതെ അത് ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവെക്കുമ്പോൾ സഹനം രക്ഷാകരമാകുന്നു. വിശുദ്ധ പൗലോസ് യേശു അന്ന് സഹിച്ചപ്പോൾ  ബറാബാസ് ഉൾപ്പെടെ അനേകര്‍ മോചിതരായെങ്കില്‍, ഇന്ന് സഭയാകുന്ന ശരീരത്തിലെ അംഗങ്ങളായ നാം സഹിക്കുമ്പോൾ ഒരുപാട് ആത്മാക്കൾ മോചിതരാകുന്നു. സഹിക്കുന്നവരൊക്കെ ഒരര്‍ത്ഥത്തില്‍ ക്രിസ്തുവാകുന്നു. ഇനിയും രക്ഷാകരചരിത്രത്തിന്‍റെ ക്ളീമിസ് ആയിട്ടില്ലെന്നറിയുക. അതവിടുത്തെ രണ്ടാം വരവിലാണ്. അന്നാണ് നിങ്ങളുടെ സഹന ത്തിന്‍റെ മൂല്യം നിങ്ങള്‍ക്ക് പൂര്‍ണമായും മനസിലാകുന്നത്. സഹന ത്തിന്‍റെ മൂല്യം ഗൗരവമായെടുത്താല്‍ അതില്‍ ആഹ്ളാദിക്കാൻ നിങ്ങള്‍ക്കാകും. നമ്മുടെ സഹനം എത്രയോ പേര്‍ക്ക് അനുഗ്രഹത്തിന് കാരണമായി എന്നറിയാൻ പലപ്പോഴും നിത്യതയോളം കാത്തുനിൽക്കേണ്ടിവരില്ല. പൂര്‍ണമായും മനസിലാക്കാൻ അത്രത്തോളം  കാത്തുനില്ക്കുകയും വേണം. ഒരാത്മാവിനെയുംരക്ഷിക്കാൻ ഞാൻ  പ്രാപ്തനല്ല. പക്ഷേ ഒരാത്മാവിന്‍റെ രക്ഷയില്‍ എന്‍റെ സഹനത്തെ  കാഴ്ചയായി നല്കാനാകും. അവിടെ സഹനം രക്ഷാകരമാകും.

കണ്ടിട്ടില്ലേ, സഹിക്കുന്നവര്‍ക്ക് വീണ്ടും സഹനം. കാരണം വ്യക്തമാണ്. കുരിശ് നൽകുമ്പോൾ കുതറി മാറുന്നവനില്‍നിന്ന് ക്രൂശിതനും പിൻവാങ്ങും. സ്വീകരിക്കുന്നവന് അവനത് കുറെക്കൂടി നല്കും. അങ്ങനെ അവൻ മിശിഹായിലേക്ക് ഉയരും. ഓരോ സഹനത്തിലും ഒരഭിഷേകം അവൻ ഒളിപ്പിച്ചുവ ച്ചിട്ടുണ്ട്. തട്ടിമാറ്റുന്നവനില്‍നിന്ന് അത് പിൻവാങ്ങും. വിശുദ്ധ ബലിയില്‍ പങ്കുചേരുന്ന ദിനങ്ങളിലൊക്കെ, അള്‍ത്താരയില്‍ ഉയര്‍ത്തുന്ന കാസയില്‍ നിങ്ങളുടെ ആ ദിനത്തിലെ സഹനംകൂടി ചാലിച്ചുചേര്‍ക്കുമോ?

Share:

Rev Dr Roy Paalaatty

Rev Dr Roy Paalaatty

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles