Home/Evangelize/Article

നവം 24, 2021 388 0 Father Roy Palatty CMI
Evangelize

വൈദികനെത്തേടി ബാറിലെത്തിയ മെത്രാന്‍

ലഹരിക്ക് അടിമയായതിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു പുരോഹിതനുണ്ടായിരുന്നു വെനീസില്‍. ഒരു ശിക്ഷയും അദ്ദേഹത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. അങ്ങനെയിരിക്കേ ഒരു സന്ധ്യയില്‍ ബാറിലിരുന്ന സമയത്ത് ആരോ വന്ന് തട്ടിവിളിച്ചു. “പുതിയ മെത്രാന്‍ നിങ്ങളെ കാത്ത് പുറത്ത് നില്‍പുണ്ട്!” വെറുതെ പറയുന്നതാണെന്ന് പറഞ്ഞ് അദ്ദേഹം അടുത്ത കുപ്പിയില്‍നിന്നും ഗ്ലാസിലേക്ക് പകരാന്‍ തുടങ്ങി.

അപ്പോഴാണ് തോളില്‍ ആരുടെയോ കൈയമരുന്നത് അറിഞ്ഞത്. വാസ്തവമായും മെത്രാന്‍തന്നെ. കര്‍ദിനാള്‍ റോണ്‍കാളി. പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കസേരയില്‍ അയാളെ ഇരുത്തിയിട്ട് മെത്രാന്‍ മുട്ടുകുത്തി, കുമ്പസാരിക്കാന്‍. എന്‍റെ പിഴയെന്ന് ചൊല്ലിക്കൊണ്ട് ആശീര്‍വാദത്തിനായി കാത്തുനില്‍ക്കുന്ന ഈ വന്ദ്യദേഹത്തിന്‍റെ മീതെ ചെറുപ്പക്കാരന്‍ വൈദികന്‍റെ കണ്ണീര്‍ വീഴാന്‍ തുടങ്ങി. ആശീര്‍വാദം സ്വീകരിച്ച് എഴുന്നേറ്റപ്പോള്‍ അയാളെ ചേര്‍ത്തുപിടിച്ച് മെത്രാനച്ചന്‍ പറഞ്ഞു, “ഇതിനാണ് മകനേ, ദൈവം നിന്നെ തെരഞ്ഞെടുത്തത്.” ഈ മെത്രാനച്ചനാണ് പിന്നീട് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയായിത്തീര്‍ന്നത്. അന്ന് ആ വൈദികന്‍ തന്നെത്തന്നെ കണ്ടെത്താന്‍ തുടങ്ങി. പട്ടത്തിന്‍റെ തൈലംകൊണ്ട് ഒരാളെ പുരോഹിതനാക്കാന്‍ കഴിയും, പക്ഷേ യഥാര്‍ത്ഥ പൗരോഹിത്യത്തിലേക്ക് വളരാന്‍ അയാള്‍ എത്രയോ അധ്വാനിക്കണം.

അഭിഷേകം ഒന്നിന്‍റെയും അവസാനമല്ല, ആരംഭമാണ്. കൃപാവരങ്ങള്‍ വന്നുചേരുന്നവയാണ്, എന്നാല്‍ കൃപയുടെ ഉറവിടത്തെ കണ്ടെത്താന്‍ നിരന്തരം യാത്ര ചെയ്യണം. ആത്മീയയാത്രയില്‍ വന്നുചേരുന്ന ചിലതില്‍ മതിമറന്നുപോയാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ വിളിയും നിയോഗവും നഷ്ടമായേക്കാം.

ഇതറിയാന്‍ സാവൂളിന്‍റെ ജീവിതം ധ്യാനിക്കുക. ബെഞ്ചമിന്‍ ഗോത്രത്തിലെ കിഷിന്‍റെ മകനാണ് അവന്‍. നഷ്ടമായ കഴുതകളെ തേടിപ്പിടിക്കാന്‍ പറഞ്ഞുവിട്ടതാണ് അവനെ. കൂട്ടത്തില്‍ രണ്ട് വേലക്കാരെയും അപ്പന്‍ അയച്ചു. അന്വേഷണം ഏതാണ്ട് വഴിമുട്ടി. അപ്പോഴാണ് ആ നാട്ടിലെ ഒരു ദീര്‍ഘദര്‍ശിയെ കണ്ടാല്‍ കാര്യം നടക്കുമെന്നറിഞ്ഞത്. അത് സാമുവലായിരുന്നു. വഴിയില്‍വച്ചുതന്നെ ദൈവപുരുഷനെ കണ്ടുമുട്ടി. കാര്യം അവതരിപ്പിക്കുംമുമ്പുതന്നെ നഷ്ടമായ കഴുതകളെ ഓര്‍ത്ത് ദുഃഖിക്കേണ്ടെന്നും തനിക്കൊപ്പം വരികയെന്നുമായിരുന്നു സാമുവല്‍ പറഞ്ഞത്.

പിന്നെ നടന്നത് സാവൂളിന് ചിന്തിക്കാന്‍പോലും പറ്റാത്ത കാര്യങ്ങളായിരുന്നു. കര്‍ത്താവ് തന്‍റെ ജനത്തിന്‍റെ ഭരണാധികാരിയായി നിന്നെ നിയോഗിച്ചിരിക്കുന്നു എന്നുപറഞ്ഞ് അഭിഷേകം ചെയ്യാനൊരുങ്ങുകയാണ് സാവൂളിനെ. അവന്‍ അന്വേഷിച്ചിറങ്ങിയത് കഴുതയെയായിരുന്നു. അവനെ തേടിയെത്തിയത് രാജകിരീടവും അഭിഷേകതൈലവും.

അപ്പുറത്ത് സാമുവലും ഒരന്വേഷണത്തിലായിരുന്നു. ദൈവനിവേശിതമായൊരു അന്വേഷണം. ദൈവജനത്തെ നയിക്കാന്‍ ഒരു രാജാവിനെ വേണം. സത്യത്തില്‍, രാജാവുമൂലം നിങ്ങള്‍ ഏറെ വിലപിക്കും (1 സാമുവല്‍ 8/18) എന്ന് ദൈവം മുന്നറിയിപ്പ് നല്കിയിട്ടും, ജനം രാജാവിനായി മുറവിളി കൂട്ടി. “ഞങ്ങള്‍ക്കും മറ്റുള്ള ജനതകള്‍പോലെ ആകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും ചെയ്യണം” (1 സാമുവല്‍ 8/20) സാമുവലിന്‍റെ നിയോഗം രാജാവിനെ കണ്ടെത്തി അഭിഷേകം ചെയ്യുക എന്നതായിരുന്നു. ഇസ്രായേലില്‍ സാവൂളിനെക്കാള്‍ കോമളനായി ആരുമില്ലെന്നാണ് പറയുക.

എന്നിട്ടും സാവൂള്‍ പതറി. ദൈവസ്വരം കേള്‍ക്കുന്നതില്‍ പാടേ പരാജയപ്പെട്ടു. രാജകീയസ്ഥാനവും നഷ്ടമായി. ശരിയാണ്, കഴുതയെ തേടിയിറങ്ങിയവന്‍ രാജാവായി. പക്ഷേ അതില്‍ അവന്‍റെ അന്വേഷണവും ആത്മീയയാത്രയും ഒടുക്കിയതുകൊണ്ട് അവന്‍റെ ജീവിതം തകര്‍ന്നുപോയി. അയാളിലെത്തിയ അഭിഷേകം സകലതുമെന്ന് തെറ്റിദ്ധരിച്ചു. അഭിഷേകത്തിനൊത്തവിധം ഉയരാനോ ദൈവത്തെ തേടാനോ അവനായില്ല. തന്നെത്തന്നെ കണ്ടെത്താന്‍ സാമുവലിന്‍റെ അഭിഷേകതൈലത്തിനാവില്ല എന്ന് അവന്‍ അറിയാതെ പോയത് എന്തുകൊണ്ടാണ്? “നാം ദൈവത്തിന്‍റെ കൈകളിലാണ്; ദൈവം നമ്മുടെ കൈകളിലല്ല;” ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ പറയുന്നു. അതുകൊണ്ട് ആന്തരികതീര്‍ത്ഥാടനം നാം എന്നും നടത്തിക്കൊണ്ടേയിരിക്കണം.

അഭിഷേകത്തിലുയര്‍ന്ന് ചലിച്ചവര്‍ എന്തുകൊണ്ട് തകര്‍ന്ന് വീണുപോയി എന്ന് നാം ചോദിക്കാറില്ലേ? കൃപാവരങ്ങളുടെ സാന്നിധ്യം വെളിവായവന്‍ ഇത്രമേല്‍ അധഃപതിച്ചതെന്തേ? ജനത്തെ ധീരമായി നയിച്ചുകൊണ്ടിരുന്നവന്‍ ഭ്രഷ്ടനാക്കപ്പെട്ടതെന്തേ?

ജീവിതയാത്രയില്‍ നമ്മില്‍ പലതും വന്നുചേരും. പദവിയും അംഗീകാരവും കൃപകളും ഒക്കെ. ദൈവവഴിയിലെ യാത്രയില്‍ വച്ചുനീട്ടപ്പെടുന്ന ഇവയൊന്നും യാത്രയുടെ ഒടുക്കമല്ല, അന്വേഷണത്തിന്‍റെ മറുപടിയുമല്ല. നല്‍കപ്പെടുന്ന ദാനങ്ങളില്‍ അധികമായി അഭിരമിക്കാതെ അവയെ വകഞ്ഞുമാറ്റിനിര്‍ത്തി ദൈവത്തെ തേടുക, ആ നിതാന്തസൗന്ദര്യത്തെ. സന്യാസം ലക്ഷ്യമാക്കിയെത്തുന്ന അര്‍ത്ഥികളോട് വിശുദ്ധ ബനഡിക്റ്റ് പറയും, “നീ ദൈവത്തെമാത്രമാണ് അന്വേഷിക്കുന്നതെങ്കില്‍ പ്രവേശിക്കുക.” സന്യാസവും പൗരോഹിത്യവും ആത്മീയയാത്രയുടെ അവസാനമല്ല. അതുപോലെതന്നെ, വിവാഹവും ഏകസ്ഥജീവിതവും ആത്മീയപ്രയാണത്തിലെ ചില ദാനങ്ങളാണ്. ദാനങ്ങളില്‍ കുരുങ്ങി, ഏറ്റവും പ്രധാനപ്പെട്ടവ തള്ളിമാറ്റുമ്പോള്‍ നാമും സാവൂളാകും.

കഥയുടെ ഒടുക്കം നാമിങ്ങനെ ചിന്തിച്ചേക്കും, കിഷിന്‍റെ മകന്‍ രാജാവായി. പക്ഷേ അവന് അവനാകാന്‍ കഴിഞ്ഞില്ല. ദൈവപൈതലായി വളര്‍ന്നില്ല. അഭിഷേകം കിട്ടി. പക്ഷേ, ലക്ഷ്യത്തില്‍ എത്തിച്ചേരാനായില്ല. ക്രിസ്ത്യാനിയായി എണ്ണപ്പെടാന്‍ മാമ്മോദീസ മതിയാകും. പക്ഷേ ആത്മസ്ഥിതി പുസ്തകത്തിലെ പേര് ജീവന്‍റെ പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കാന്‍ മാമ്മോദീസ കഴിഞ്ഞുള്ള ജീവിതം ഏറെ പ്രധാനപ്പെട്ടതാണ്. നിതാന്തമായ പരിശ്രമവും അധ്വാനവും കൂടിയേ തീരൂ. പരിപൂര്‍ണതയ്ക്കായുള്ള പ്രയാണത്തിലാണ് നാം. അതിനിടെ അഭിഷേകതൈലവുമായി ദൈവപുരുഷര്‍ വന്ന് നമ്മെ പൂശിയേക്കാം. യാത്രയെ ത്വരിതപ്പെടുത്താന്‍ നല്കപ്പെടുന്ന ചില സമ്മാനപ്പൊതികളാണവ. അവയില്‍ ചടഞ്ഞിരുന്നാല്‍ നമ്മുടെ ഗതിമാറും.

ഓ ദൈവമേ, നിന്നെമാത്രം തേടാന്‍, എന്നെ അനുവദിക്കണമേ. ജീവിതവഴികളില്‍ വന്നുചേരുന്ന കൃപാദാനങ്ങളില്‍ മനസുടക്കാന്‍ നീയൊരിക്കലും അനുവദിക്കരുതേ. നിന്നില്‍ ഒന്നാകുവോളം എന്‍റെ പ്രാണന്‍ നിനക്കായിമാത്രം ദാഹിക്കട്ടെ. ആമ്മേന്‍.

Share:

Father Roy Palatty CMI

Father Roy Palatty CMI is a priest of the congregation of the Carmelites of Mary Immaculate. He earned his Ph.D. in Philosophy from the Catholic University of Leuven in Belgium and is a published author of books and articles. Since 2014, he has been serving as Spiritual Director of Shalom Media, a Catholic media ministry based in South Texas. Shalom Media is home to SHALOM WORLD Catholic television network and publishes Shalom Tidings bi-monthly magazine. Father Varghese is a gifted speaker and has been an in-demand preacher around the world, leading numerous retreats for priests, religious, and lay people.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles