Home/Enjoy/Article

ജനു 25, 2023 382 0 Shalom Tidings
Enjoy

വിശുദ്ധബലി ലഭിച്ച സന്ദര്‍ശകന്‍ പറഞ്ഞത്…

രാഷ്ട്രീയകുറ്റത്തിന് പോളണ്ടില്‍നിന്നും നാടുകടത്തപ്പെട്ട ഒരു രാജകുമാരന്‍ ഫ്രാന്‍സില്‍ കൊട്ടാരവും സ്വത്തും വാങ്ങി. അദ്ദേഹത്തിന് ചെറുപ്പത്തിലുണ്ടായിരുന്ന ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിന്‍റെ ഫലമായി ദൈവത്തിനെതിരായും മരണാനന്തരജീവിതത്തിനെതിരായും പുസ്തകം എഴുതിത്തുടങ്ങിയ സമയം. ഒരു സായാഹ്നത്തില്‍ അദ്ദേഹം നടക്കാനിറങ്ങിയപ്പോള്‍ ഒരു സാധുസ്ത്രീ കരയുന്നത് കണ്ടു. എന്തിനാണ് അവള്‍ കരയുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു.

ആ സ്ത്രീ പറഞ്ഞു: “ഞാന്‍ അങ്ങയുടെ കാര്യസ്ഥന്‍ സ്റ്റുവേര്‍ഡ് ജീന്‍ മരിയയുടെ ഭാര്യയാണ്. ഭര്‍ത്താവ് രണ്ട് ദിവസം മുമ്പ് മരിച്ചു. അദ്ദേഹം ഒരു നല്ല ഭര്‍ത്താവും അങ്ങയുടെ വിശ്വസ്തസേവകനുമായിരുന്നു. ഭര്‍ത്താവിന്‍റെ രോഗം നീണ്ടുനിന്നതിനാല്‍, സമ്പാദ്യം മുഴുവന്‍ ചികിത്സക്കായി ചെലവഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ എന്‍റെ കൈയില്‍ ഒന്നുമില്ല.”

രാജകുമാരന്‍ അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവളെ ആശ്വസിപ്പിക്കുകയും അവളുടെ ആവശ്യത്തിലേക്കായി കുറച്ച് പണം നല്കുകയും ചെയ്തു.

കുറച്ചുനാള്‍ കഴിഞ്ഞ് ഒരു സായാഹ്നത്തില്‍ രാജകുമാരന്‍ തന്‍റെ മുറിയില്‍ പുസ്തകരചനയില്‍ മുഴുകിയിരിക്കുമ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പുസ്തകത്തില്‍നിന്ന് മുഖമുയര്‍ത്താതെതന്നെ സന്ദര്‍ശകനോട് കടന്നുവരാന്‍ അദ്ദേഹം പറഞ്ഞു. ഒരാള്‍ മെല്ലെ വാതില്‍ തുറന്ന് അകത്തുപ്രവേശിച്ച് രാജകുമാരന്‍റെ എഴുത്തുമേശക്ക് അഭിമുഖമായി നിന്നു.

തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. മരിച്ചുപോയ കാര്യസ്ഥന്‍ സ്റ്റുവേര്‍ഡ് ജീന്‍ മരിയ ഒരു പുഞ്ചിരിയോടെ തന്‍റെ മുന്നില്‍!

“രാജകുമാരാ, എനിക്കുവേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിക്കാനായി എന്‍റെ ഭാര്യയെ സഹായിച്ചതിന് നന്ദി പറയാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്‍റെ രക്ഷാകരമായ തിരുരക്തത്തിന് നന്ദി, അത് എനിക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഇന്ന് സ്വര്‍ഗത്തിലേക്ക് പോകുന്നു. അതിനുമുമ്പ് അങ്ങയോട് നന്ദി പറയാന്‍ ദൈവം എനിക്ക് അനുവാദം തന്നു.”

തുടര്‍ന്ന് അയാള്‍ പറഞ്ഞു, “രാജകുമാരാ, ദൈവം ഉണ്ട്, ഭാവിജീവിതം ഉണ്ട്, സ്വര്‍ഗവും നരകവും ഉണ്ട്.” ഇത്രയും പറഞ്ഞ് അയാള്‍ അപ്രത്യക്ഷനായി. രാജകുമാരന്‍ ഭക്തിയോടെ മുട്ടിന്‍മേല്‍ നിന്ന് വിശ്വാസപ്രമാണം ചൊല്ലി!

 

 

 

 

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles