Home/Encounter/Article

സെപ് 28, 2019 2076 0 Rosamma Naduthottiyil
Encounter

വിജയരഹസ്യങ്ങള്‍ തിരികല്ലില്‍നിന്ന്

യേശുനാഥന്‍ അഞ്ചപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയ ഇസ്രായേലിലുള്ള വിജനപ്രദേശം ഇന്ന് ‘ഠമയഴവമ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദിവ്യനാഥന്‍ അത്ഭുതം പ്രവര്‍ത്തിച്ച സ്ഥലം ഇന്ന് മനോഹരമായ ചിത്രരചനകള്‍ നിറഞ്ഞ ഒരു ദൈവാലയത്തിനുള്ളിലായി സ്ഥിതിചെയ്യുന്നു. ഭക്ത്യാദരവോടെ ഈ ദൈവാലയം സന്ദര്‍ശിച്ച് പുറത്തിറങ്ങുന്ന വിശുദ്ധ നാട് തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് വിചിന്തനീയമായ ഒരു അപൂര്‍വകാഴ്ചയാണ്. കരിങ്കല്ലില്‍ കൊത്തിയെടുത്ത ഭീമാകാരമായ ഒരു ‘തിരികല്ല്!’ അത് ദൈവാലയത്തിന്‍റെ മുമ്പില്‍ സ്ഥാപിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്നവര്‍ ചെയ്യുന്ന തെറ്റിന്‍റെ കാഠിന്യത്തെ വിളിച്ചോതുന്നതാണ് ഈ തിരികല്ല്. യേശുനാഥന്‍ അരുളിചെയ്യുന്നു: “എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ദുഷ്പ്രേരണ നല്കുന്നവന്‍ ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ല് കെട്ടി കടലിന്‍റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും” (മത്തായി 18:6).

ഈശോ വിഭാവനം ചെയ്ത ഈ ‘ചെറിയവര്‍’ ആരാണ്? എന്താണ് അവന്‍റെ മഹത്വം? ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളുമായ ഈ ചെറിയവരില്‍ ഓരോരുത്തരെയും ദൈവം സ്വന്തം രക്തം വിലയായി കൊടുത്ത് വീണ്ടെടുത്തതാണ്. ഇടര്‍ച്ച അഥവാ ദുഷ്പ്രേരണകള്‍ പാപത്തിലേക്ക് നയിക്കുന്നതാകയാല്‍ അവ പാപംതന്നെയാണ്. വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ് അറിയിക്കുന്നു: “ഇടര്‍ച്ചകള്‍ നിമിത്തം ലോകത്തിന് ദുരിതം! അത് വിശുദ്ധരെ പ്രലോഭിപ്പിക്കുന്നു. ശ്രദ്ധാപൂര്‍വം ചരിക്കുന്നവരെ തളര്‍ത്തുന്നു. അശ്രദ്ധരായി കഴിയുന്നവരെ നിലത്തു വീഴ്ത്തുന്നു. എല്ലാ മനുഷ്യരെയും ആശയക്കുഴപ്പത്തിലാക്കുന്നു.”

പ്രലോഭനങ്ങള്‍ പലവിധം

സത്യമാര്‍ഗത്തില്‍നിന്ന് സുമനസുകളെ പിന്തിരിപ്പിക്കുവാന്‍ പലരും പല മാര്‍ഗങ്ങളും സ്വീകരിക്കും. ലോകത്തിന് പ്രദാനം ചെയ്യുവാന്‍ കഴിയുന്ന സകല സൗഭാഗ്യങ്ങളുടെയും നടുവില്‍ ജീവിച്ചിരുന്ന പ്രഭുകുമാരിയായിരുന്നു അസീസിയിലെ വിശുദ്ധ ക്ലാര. സന്യാസാന്തസില്‍ പ്രവേശിച്ച് സുവിശേഷാത്മകമായി ജീവിച്ച് ദൈവത്തെ സേവിക്കുവാന്‍ അവള്‍ അതിയായി ആഗ്രഹിച്ചു. സ്വന്തം കുടുംബത്തില്‍നിന്നും സമ്മതം ലഭിക്കുകയില്ലെന്നറിയാമായിരുന്ന ക്ലാര, ബന്ധുവും മിത്രവുമായ പച്ചിഫിക്കാ എന്ന് വിളിക്കുന്ന സഹോദരിയോടൊപ്പം രഹസ്യമായി അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ സമീപിച്ചു. അദ്ദേഹം അവരെ കാര്‍ച്ചറിക്ക് സമീപമുള്ള ബനഡിക്റ്റന്‍ മഠത്തില്‍ താമസിപ്പിക്കുകയാണ് ചെയ്തത്. ‘പാവപ്പെട്ട ക്ലാരസഭ’ എന്ന് സാധാരണയായി അറിയപ്പെടുന്ന സുപ്രസിദ്ധമായ ഫ്രാന്‍സിസ്കന്‍ രണ്ടാം സഭയുടെ ആര്‍ഭാടരഹിതമായ സമാരംഭം ഇതായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സഹോദരി വിശുദ്ധ ആഗ്നസും ക്ലാരയുടെ പാതതന്നെ പിന്തുടര്‍ന്ന് അതേ മഠത്തില്‍ പ്രവേശിച്ചു. വിവരമറിഞ്ഞ് കോപാക്രാന്തരായ കുടുംബാംഗങ്ങള്‍ മഠം ആക്രമിച്ചിട്ടായാലും അവരെ തിരികെ കൊണ്ടുവരണമെന്ന് തീരുമാനിച്ച് ആയുധപാണികളായ അനേകം ഭടന്മാരോടുകൂടി മഠത്തിലെത്തി. പിതൃസഹോദരനായ മൊനാള്‍ദോ, ആഗ്നസിന്‍റെ തലമുടിക്ക് പിടിച്ചുവലിച്ച് പുറത്തുകൊണ്ടുവന്ന് പ്രഹരിച്ചു. സഹോദരിമാര്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയുരുകി. അവരുടെ പ്രാര്‍ത്ഥന കേട്ട് ദൈവം അവിടെ ഇടപെട്ടു. ഉരുക്കുതൂണിന്മേല്‍ അടിച്ചാലെന്നപോലെ, ആഗ്നസിനെ അടിച്ച മൊനാള്‍ദോയുടെ കൈയ്ക്ക് കഠിനമായ വേദനയുണ്ടാവുകയും അയാള്‍ നിലവിളിക്കുകയും ചെയ്തു. ദൈവശക്തിയുടെ മുന്‍പില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ മാടമ്പിമാര്‍ ഒടുവില്‍ ഭഗ്നാശരായി സ്ഥലംവിട്ടു. എന്തു നേട്ടങ്ങളുടെ പേരിലായാലും മക്കളെ ഏതെങ്കിലും വിധത്തില്‍ ദൈവവിളിയില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ ഗൗരവമേറിയ തെറ്റ് ചെയ്യുന്ന പ്രലോഭകരാണ്.

തെറ്റായ പ്രബോധനങ്ങളും അറിവുകളും നല്‍കിയും പ്രചരിപ്പിച്ചും ഉത്തമ കത്തോലിക്കാ ജീവിതം നയിക്കുന്നവരെ വിശ്വാസത്തില്‍നിന്ന് വ്യതിചലിപ്പിക്കുന്ന ‘മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ നുണയന്മാരായ കപടോപദേഷ്ടാക്കളെ’ പൗലോസ് ശ്ലീഹ നിശിതമായി കുറ്റപ്പെടുത്തുന്നുണ്ട് (1 തിമോത്തിയോസ് 4:2). വാക്കുകളെക്കാള്‍ ശക്തിയുണ്ട് ജീവിതമാതൃകയ്ക്ക്. സഭാധികാരികളുടെ ജീവിതം വിശ്വാസികളെയും മാതാപിതാക്കളുടെ ജീവിതം മക്കളെയും ഗുരുജനങ്ങളുടെ പ്രവൃത്തികള്‍ ശിഷ്യഗണത്തെയും ഏറെ സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്യും. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന മാതാപിതാക്കള്‍ മക്കളെ വിശ്വാസരാഹിത്യത്തിലേക്കും ധാര്‍മികാധഃപതനത്തിലേക്കും നയിക്കുന്ന പ്രലോഭകരാണ്. തങ്ങളുടെ സഭ്യമല്ലാത്ത സംസാരം, പെരുമാറ്റം, വസ്ത്രധാരണം ഇവവഴി മറ്റുള്ളവര്‍ക്ക് പാപപ്രേരണകള്‍ കൊടുക്കുന്നവരെ പൗലോസ് ശ്ലീഹ ഉപദേശിക്കുന്നു: “സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമാംവിധം വസ്ത്രധാരണം ചെയ്ത് നടക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു” (1 തിമോത്തിയോസ് 2:9).

പ്രലോഭനത്തെ  അതിജീവിക്കാന്‍

ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊക്കെ ദൗര്‍ബല്യങ്ങളുണ്ടാകും. നമ്മുടെ ദൗര്‍ബല്യത്തെക്കുറിച്ചുള്ള ആഴമായ അവബോധത്തോടെ പാപസാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ ബോധപൂര്‍വം നിലയുറപ്പിച്ചില്ലെങ്കില്‍ സാത്താന്‍ ആ തലം ഉപയോഗപ്പെടുത്തി നമ്മെ കെണിയില്‍ വീഴ്ത്താനിടയുണ്ട്. അതുകൊണ്ടാണ് പത്രോസ് ശ്ലീഹ പറയുന്നത്: “സാത്താന്‍റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്ക്കാന്‍ ദൈവത്തിന്‍റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍” (എഫേസോസ് 6:11).

മനോധൈര്യത്തോടുകൂടി പരീക്ഷകളെ തരണം ചെയ്ത് വിജയം വരിക്കുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന കനത്ത പ്രതിഫലം എന്താണെന്ന് യാക്കോബ് ശ്ലീഹ വെളിപ്പെടുത്തുന്നു: “പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്നേഹിക്കുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്‍റെ കിരീടം അവന് ലഭിക്കും” (യാക്കോബ് 1:12). സങ്കീര്‍ത്തകനെപ്പോലെ നമുക്ക് പ്രാര്‍ത്ഥിക്കാം: ദൈവമേ, എന്നെ പരിശോധിച്ച് എന്‍റെ ഹൃദയത്തെ അറിയണമേ! വിനാശത്തിന്‍റെ മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്ന് നോക്കണമേ! ശാശ്വത മാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ! ആമ്മേന്‍.

 

Share:

Rosamma Naduthottiyil

Rosamma Naduthottiyil

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles