Home/Encounter/Article

ഒക്ട് 09, 2024 2 0 Mathew Joseph
Encounter

വലിയവരാക്കുന്ന വാത്സല്യം നേടാന്‍

പണ്ടു പണ്ട് ഇസ്രായേല്‍ എന്ന രാജ്യത്ത് ആടുകളെ മേയ്ക്കുന്ന തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കുന്ന ഒരു യുവാവ് ഉണ്ടായിരുന്നു. ആ രാത്രിയും കിടന്നുറങ്ങുന്ന സമയംവരെയും അവനെ പുറംലോകം അറിഞ്ഞിരുന്നില്ല. അവന്‍റെ ജീവിതപാത അന്നുവരെയും വളരെ ഇടുങ്ങിയതായിരുന്നു. അവന്‍റെ പേര്, അവന്‍റെ വീട്ടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും സുപരിചിതമായിരുന്നില്ല. ഒരു ഇടയച്ചെറുക്കന്, ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍, സ്വപ്നങ്ങള്‍ കാണാന്‍. എന്നാല്‍ തൊട്ടടുത്ത ദിനം ഉറങ്ങിയെണീറ്റപ്പോള്‍ അവന്‍റെ ദൈവം അവനെ വിളിച്ചു. അവനെ വലിയവനാക്കി, അവന്‍റെ പാതകള്‍ വിശാലമാക്കി. അന്നുവരെയും ഇസ്രായേലിന്‍റെ മലഞ്ചെരുവില്‍ ആടിനെ നോക്കി നടന്നവന്‍ ആ രാജ്യത്തിന്‍റെ രാജാവായി.

ആരുടെയെല്ലാം മുമ്പില്‍ അവന്‍ ഓച്ഛാനിച്ചുനിന്നോ, അവര്‍ അന്നുമുതല്‍ അവന്‍റെ മുമ്പില്‍ തല കുമ്പിട്ടുനിന്നു. അവന്‍റെ വീടും സ്ഥലവും മാത്രമായി ഒതുങ്ങിക്കൂടിയ ആ ചെറുപ്പക്കാരന് ഇസ്രായേല്‍രാജ്യം മുഴുവന്‍ അധീനതയിലായി. ആരും അറിയപ്പെടാതിരുന്ന അവന്‍റെ പേര് അന്നുമുതല്‍ അനശ്വരമായി. ഇന്നും അവന്‍റെ നാമം ആത്മീയലോകത്ത് അനേകായിരങ്ങള്‍ക്ക് ആവേശമായി നിലനില്‍ക്കുന്നു. ഈ ദാവീദ് എന്ന ചെറുപ്പക്കാരന്‍ തന്‍റെ ജീവിതത്തിന്‍റെ ഇന്നലെകളെ നോക്കി, നടത്തിയ വഴികളും വിധങ്ങളും മറന്നുപോകാതെ തന്‍റെ വളര്‍ച്ചയുടെ വിജയരഹസ്യം ഇങ്ങനെ എഴുതിവച്ചു. ”അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി. അവിടുന്നെന്‍റെ പാത വിശാലമാക്കി” (സങ്കീര്‍ത്തനങ്ങള്‍ 18/36).

ജീവിതത്തില്‍ അല്പംകൂടി വലുതാവാനും ഉയര്‍ച്ച പ്രാപിക്കാനും ആഗ്രഹിക്കാത്തവരായി നമ്മിലാരുണ്ട്? ആത്മീയജീവിതത്തിലും ഭൗതികജീവിതത്തിലും വളരാന്‍വേണ്ടി എന്തെല്ലാം പെടാപ്പാടുകളാണ് ഇന്ന് നാം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതാ വിജയരഹസ്യം സ്വര്‍ഗം വെളിപ്പെടുത്തുന്നു ”മനുഷ്യന്‍റെ വിജയം ദൈവത്തിന്‍റെ കരങ്ങളിലാണ്” (പ്രഭാഷകന്‍ 10/5).

മലബാറിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു മനുഷ്യനെ എനിക്കറിയാം. നമുക്കയാളെ ബേബിച്ചന്‍ എന്ന് വിളിക്കാം. ജന്മനാ ശാരീരിക വൈകല്യങ്ങളുടെ പൂര്‍ണരൂപമായിരുന്നു ആ മനുഷ്യന്‍. ഒരു മനുഷ്യപ്രകൃതിയില്‍ ശിരസുമാത്രം വളര്‍ന്ന രൂപം. കഴുത്തിന് താഴേക്ക് ചലനശേഷി കാര്യമായില്ല. പരസഹായംകൂടാതെ ഒരു കാര്യവും നടത്താന്‍ സാധിക്കാത്ത- ശൈശവ-ബാല്യകാലങ്ങള്‍. പൂര്‍ണ വളര്‍ച്ച പ്രാപിച്ചപ്പോഴും 15 കിലോയില്‍ താഴെമാത്രം തൂക്കം. ലോകം അദ്ദേഹത്തെ ജനിച്ചപ്പോള്‍ത്തന്നെ എഴുതിത്തള്ളി. ഇരുളടഞ്ഞ ഭാവി. വിവാഹം, മക്കള്‍ ഇതെല്ലാം ചിന്തിക്കാന്‍പോലും കഴിയാത്ത ചുറ്റുപാടുകള്‍ – വൈകല്യങ്ങള്‍.

എന്നാല്‍ കര്‍ത്താവിന്‍റെ വാത്സല്യം അദ്ദേഹത്തെ വലിയവനാക്കി. അവിടുന്ന് അവന്‍റെ ഇടുങ്ങിയ പാത വിശാലമാക്കി. അവിടുന്നാണ് സത്യദൈവമായ യേശുക്രിസ്തു. ഒരിക്കല്‍പോലും വിവാഹജീവിതം സ്വപ്നം കാണാന്‍ കഴിയാതിരുന്ന ബേബിച്ചേട്ടന് ഈ ദൈവം ആരോഗ്യവതിയായ ഭാര്യയെ നല്‍കി, രണ്ട് ആണ്‍മക്കളുടെ പിതാവാണ് ഇന്ന് ബേബിച്ചേട്ടന്‍. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന ഒരു പുതിയ സാങ്കേതികവിദ്യ കണ്ടുപിടിക്കാന്‍ കര്‍ത്താവ് ബേബിച്ചന്‍റെ ബുദ്ധിയെ പ്രകാശിപ്പിച്ചു. ഭിന്നശേഷിക്കാരുടെ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്കുള്ള രാഷ്ട്രപതിമെഡല്‍ വാങ്ങുവാന്‍മാത്രം ദൈവം അദ്ദേഹത്തെ വലിയവനാക്കി. തന്നെ തള്ളിക്കളഞ്ഞവരുടെ മുമ്പില്‍ സന്തോഷവാനായി ഇന്ന് അയാള്‍ ജീവിക്കുന്നു.

ലോകം മനുഷ്യന്‍റെ വളര്‍ച്ചയെക്കുറിച്ച് പറയുന്നത് മറ്റൊന്നാണ്. ‘മസില്‍ പവറും’ ‘മണി പവറും’ ഉണ്ടെങ്കില്‍ ആര്‍ക്കും ജീവിതപുരോഗതി കൈവരിക്കാം എന്നതാണ് ആ ആശയം. ‘പണത്തിനുമീതെ പരുന്തും പറക്കില്ല’ എന്നാണല്ലോ ചൊല്ല്. എന്നാല്‍ അതല്ല സത്യം. യഥാര്‍ത്ഥ സത്യം ബൈബിള്‍ പഠിപ്പിക്കുന്നു. ”കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയില്‍നിന്നോ അല്ല ഉയര്‍ച്ച വരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയര്‍ത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നത് ദൈവമാണ്” (സങ്കീര്‍ത്തനങ്ങള്‍ 75/6-7).

മറ്റൊരു സംഭവം പങ്കുവയ്ക്കാം. അനുകരണീയമായ മാതൃകയില്‍ ജീവിച്ചുപോന്ന ഒരു കുടുംബം. കുടുംബനാഥന്‍ കൂലിപ്പണിക്ക് പോയി ആ കുടുംബത്തെ പോറ്റുന്നു. മൂന്നുമക്കളെ നല്‍കി ദൈവം ആ കുടുംബത്തെ അനുഗ്രഹിച്ചു. സന്തോഷകരമായി മുന്നോട്ടുപോകുമ്പോള്‍ ഒരു അത്യാഹിതം ആ കുടുംബത്തില്‍ സംഭവിച്ചു. പറയത്തക്ക കാരണങ്ങളൊന്നുമില്ലാതെ ആ കുടുംബനാഥന്‍ ഒരു രാത്രിയില്‍ തൂങ്ങിമരിച്ചു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായ ആ മനുഷ്യന്‍റെ മരണം നാടിനെ നടുക്കിക്കളഞ്ഞു.
ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ നാട്ടുകാര്‍ അടക്കം പറഞ്ഞു, ‘പറക്കമുറ്റാത്ത ഈ പിള്ളേരെയുംകൊണ്ട് ഇവള്‍ എന്തുചെയ്യും? ഈ ദുര്‍മരണം നടന്ന വീട്ടില്‍ ഇവര്‍ എങ്ങനെ ജീവിക്കും? വളര്‍ന്നു വന്നാലും അപ്പന്‍ ആത്മഹത്യ ചെയ്ത പാരമ്പര്യമുള്ള ഈ മക്കള്‍ക്ക് ആര് പെണ്ണ് കൊടുക്കും?’

എന്നാല്‍ ”അപ്പനും അമ്മയും ഉപേക്ഷിച്ചാലും കര്‍ത്താവ് നിന്നെ കൈക്കൊള്ളും” (സങ്കീര്‍ത്തനങ്ങള്‍ 27/10) എന്ന് വാഗ്ദാനം നല്‍കിയ കര്‍ത്താവിന്‍റെ വാത്സല്യം അവരെ വലിയവരാക്കി. അവിടുന്ന് അവരുടെ പാത വിശാലമാക്കി. ദൈവം അവരുടെ പിതാവാകുന്ന കാഴ്ചയാണ് പിന്നീട് ആ നാട് കണ്ടത്. അതില്‍ മൂത്ത രണ്ടുമക്കളും വിവാഹം കഴിച്ച് കുടുംബമായി സന്തുഷ്ടരായി ജീവിക്കുന്നു. മനോഹരമായ ഭവനവും സാമ്പത്തിക സുസ്ഥിതിയും നല്‍കി കര്‍ത്താവ് അവരെ ഉയര്‍ത്തി.
ലോകവും ജഡവും നമ്മോട് പറയുന്ന ചില ചിന്തകള്‍ ഇവയാണ്:
– ആരോഗ്യമുണ്ടെങ്കിലേ ഭാവിയുള്ളൂ. വരുമാനമുള്ളൂ.
– സൗന്ദര്യമുണ്ടെങ്കിലേ സമൂഹത്തില്‍ ശോഭിക്കാന്‍ കഴിയൂ.
– ജോലിയുണ്ടെങ്കിലേ പെണ്ണ് കിട്ടൂ.
– വിദേശത്ത് പോയാലേ രക്ഷയുള്ളൂ.
– നല്ല സാഹചര്യമില്ലെങ്കില്‍ വിശുദ്ധിയില്‍ വളരാന്‍ കഴിയില്ല.
– വരങ്ങളില്ലെങ്കില്‍ ശുശ്രൂഷ ചെയ്യാന്‍ കഴിയില്ല.
ഇങ്ങനെ പോകുന്നു ലോകത്തിന്‍റെ ചിന്തകള്‍. എന്നാല്‍ ഇതെല്ലാം അപൂര്‍ണ സത്യങ്ങളാണെന്ന് യേശു പഠിപ്പിക്കുന്നു.
ജീവിതത്തില്‍ മേല്‍പ്പറഞ്ഞതൊന്നും ഇല്ലെങ്കിലും ദൈവകൃപയുണ്ടെങ്കില്‍ ഉയരാനും വളരാനും കഴിയുമെന്നാണ് വിശുദ്ധ ബൈബിള്‍ ഓര്‍മിപ്പിക്കുന്നത്. റോമാ 9/16-ല്‍ നാം വായിക്കുന്നു ”മനുഷ്യന്‍റെ ആഗ്രഹമോ പ്രയത്‌നമോ അല്ല ദൈവത്തിന്‍റെ ദയയാണ് എല്ലാറ്റിന്‍റെയും അടിസ്ഥാനം.”

മേല്‍പ്പറഞ്ഞ അനുഭവങ്ങളില്‍നിന്ന് ഒരു കാര്യം നമുക്ക് വ്യക്തമാകുന്നു. കര്‍ത്താവിന്‍റെവാത്സല്യമാണ് നമ്മെ വലിയവരാക്കുന്നത്. അങ്ങനെയെങ്കില്‍ ഈ വാത്സല്യം നേടാന്‍ നാം എന്തു ചെയ്യണം? യേശുവിന്‍റെ വത്സല ശിഷ്യനായ യോഹന്നാന്‍ കര്‍ത്താവിന്‍റെ വക്ഷസിനോട് ചേര്‍ന്നിരുന്നാണ് യേശുവിന്‍റെ വത്സലനായതെന്നു വ്യക്തം. അതേ മാര്‍ഗമാണ് നമ്മുടെയും മുന്നിലുള്ളത്. യേശുവിനോടുചേര്‍ന്ന് നടക്കുക. അവന്‍റെ സ്വന്തമായി ജീവിക്കുക. അവന്‍റെ ഹൃദയം വേദനിക്കുന്നതൊന്നും ചെയ്യില്ലെന്ന് തീരുമാനമെടുക്കുക. സഹനങ്ങളിലും പ്രതിസന്ധികളിലും വിശ്വാസത്തെ മുറുകെ പിടിക്കുക.
സങ്കീര്‍ത്തനം 116/10 ”ഞാന്‍ കൊടിയ ദുരിതത്തിലകപ്പെട്ടു എന്ന് പറഞ്ഞപ്പോഴും ഞാനെന്‍റെ വിശ്വാസം കാത്തുസൂക്ഷിച്ചു.”

രണ്ടാമതായി ദൈവതിരുമുമ്പില്‍ വിശ്വസ്തതയോടെ ജീവിക്കുക. ദൈവം ഉയര്‍ത്തുകതന്നെ ചെയ്യും. 1 മക്കബായര്‍ 2/53-ല്‍ ജോസഫിന്‍റെ ഉയര്‍ച്ചയുടെ രഹസ്യം വായിക്കുന്നു. ”കഷ്ടതയുടെ കാലത്ത് ജോസഫ് കല്പനകള്‍ പാലിക്കുകയും ഈജിപ്തിന്‍റെ അധികാരിയായി ഉയരുകയും ചെയ്തു.”
ഈ ലേഖനം വായിക്കുന്ന നിങ്ങള്‍ കൊടിയ ദുരിതത്തിലും കഷ്ടതയിലുമാണോ? വിശ്വാസം മുറുകെ പിടിച്ച് കല്പനകള്‍ പാലിച്ച് ദൈവത്തിന്‍റെ വത്സലരായി മാറി ദാവീദിനെയും ജോസഫിനെയുംപോലെ നമുക്കും ഉയര്‍ച്ച പ്രാപിക്കാം. ”നിന്‍റെ ആരംഭം എളിയതായിരുന്നെങ്കില്‍തന്നെ അന്ത്യദിനങ്ങള്‍ അതിമഹത്തായിരിക്കും” (ജോബ് 8/7).

Share:

Mathew Joseph

Mathew Joseph

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles