Home/Encounter/Article

മേയ് 18, 2024 48 0 Shalom Tidings
Encounter

ഭര്‍ത്താവ് മാനസാന്തരപ്പെടുത്തിയ ഭാര്യ

ടോക്കിയോ: ഭര്‍ത്താവ്, ജുങ്കോ കസനഗിയെ ഫോണില്‍ വിളിച്ച് സങ്കടകരമായ ആ വാര്‍ത്ത പങ്കുവച്ചത് 2022 ഒക്‌ടോബറിനുശേഷമായിരുന്നു. അദ്ദേഹത്തിന് പാന്‍ക്രിയാറ്റിക് കാന്‍സറാണ്! ജുങ്കോയ്ക്ക് അത് വല്ലാത്ത ഞെട്ടലുളവാക്കിയെന്നുമാത്രമല്ല, ആ അസ്വസ്ഥതയില്‍നിന്ന് അവള്‍ക്ക് മോചനം നേടാനുമായില്ല. പക്ഷേ രോഗിയായിത്തീര്‍ന്നിട്ടും ഭര്‍ത്താവ് തകരാതെ നില്ക്കുന്നതും ശാന്തതയോടെ ആ സാഹചര്യത്തെ നേരിടുന്നതും അവളെ തെല്ലൊന്ന് അമ്പരപ്പിച്ചു. ദയാലുവും സ്‌നേഹവാനുമായ ഭര്‍ത്താവ് എന്നതില്‍ക്കവിഞ്ഞ് വലിയ പ്രത്യേകതകളൊന്നും അവള്‍ ഭര്‍ത്താവില്‍ കണ്ടിരുന്നില്ല. അതിനാല്‍ അങ്ങനെ ശാന്തതയോടെ തുടരാന്‍ സാധിക്കുന്നതെങ്ങനെയെന്ന് അന്വേഷിച്ചു. ‘ദൈവം എപ്പോഴും കൂടെയുണ്ടല്ലോ’ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
കത്തോലിക്കാസ്‌കൂളില്‍ പഠിക്കുകയും ആ വിശ്വാസത്തെക്കുറിച്ച് അറിയുകയുമൊക്കെ ചെയ്തിരുന്നെങ്കിലും ജുങ്കോ ഒരിക്കലും വിശ്വാസം സ്വീകരിച്ചിരുന്നില്ല. വിവാഹത്തിനൊരുങ്ങുന്ന സമയത്ത് താനൊരു കത്തോലിക്കനാണ് എന്ന ഭാവിവരന്‍റെ വാക്കുകളെ അവളത്ര ഗൗരവമായി കണ്ടതുമില്ല. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് മകന്‍ ജനിച്ചപ്പോള്‍ സാവധാനമാണ് അവന് മാമ്മോദീസ നല്കാന്‍ അവള്‍ അനുവാദം നല്കിയതുതന്നെ.
ഈ സാഹചര്യത്തിലാണ് രോഗവേളയിലെ ഭര്‍ത്താവിന്‍റെ സ്ഥൈര്യം അവളെ ചിന്തിപ്പിച്ചത്. ക്രിസ്തുവിശ്വാസം ഇത്ര ശക്തമാണോ എന്ന ആ ചിന്ത പതുക്കെ ജുങ്കോയെ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. 2024 ഈസ്റ്റര്‍തലേന്ന് ടോക്കിയോ അതിരൂപതയുടെ കീഴിലുള്ള സെക്കിമാച്ചി ദൈവാലയത്തില്‍വച്ച് റാഫേലാ എന്ന പേര് സ്വീകരിച്ച് ജുങ്കോ ജ്ഞാനസ്‌നാനം കൈക്കൊണ്ടു. തനിക്ക് കാന്‍സര്‍ വന്നത് നന്നായി എന്നാണത്രേ ഇതേക്കുറിച്ച് 53കാരനായ ഭര്‍ത്താവ് അവളോട് പറഞ്ഞത്. ദൈവാലയശുശ്രൂഷകളില്‍ സജീവമായി പങ്കെടുക്കുന്ന ജുങ്കോ അവിടത്തെ വൈദികരുടെയും സഹവിശ്വാസികളുടെയും പിന്തുണയില്‍ ഏറെ സന്തുഷ്ടയാണ്. ‘നിങ്ങള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു’ എന്ന വാക്കുകള്‍ ഇത്രമാത്രം ആശ്വാസദായകമാണ് എന്ന് മുമ്പ് മനസിലാക്കിയിരുന്നില്ല എന്നാണ് അവള്‍ സാക്ഷ്യപ്പെടുത്തുന്നത്.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles