Home/Encounter/Article

ഏപ്രി 25, 2019 2183 0 Shalom Tidings
Encounter

ഫൗസ്റ്റീനയുടെ ഇഷ്ടം ഇല്ലാതായ രാത്രി

വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാള്‍സ്‌ക ഏറെ ആഗ്രഹിച്ച് വളരെയധികം കാത്തിരുന്നാണ് ഒടുവില്‍ ഒരു സന്യാസസമൂഹത്തില്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍ അവിടെയെത്തി മൂന്നാഴ്ചയായപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങളുള്ള മറ്റൊരു സമൂഹത്തില്‍ ചേരുവാന്‍ ആഗ്രഹം തോന്നി. ഈ ചിന്ത നിരന്തരം അലട്ടിക്കൊണ്ടിരുന്നതിനാല്‍ ഒരു ദിവസം അവിടത്തെ മദര്‍ സുപ്പീരിയറിനെ കണ്ട് ഇക്കാര്യം പറയാന്‍ വിശുദ്ധ ഫൗസ്റ്റീന തീരുമാനിച്ചു.

അന്നു രാത്രി മുറിയില്‍വച്ച് ദൈവതിരുമനസ്സ് വെളിപ്പെട്ടു കിട്ടാനായി വീണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു വിശുദ്ധ. അപ്പോള്‍ മുറിയാകെ പ്രകാശം നിറഞ്ഞു. ജനാലവിരിയില്‍ ഈശോയുടെ ദുഃഖം നിറഞ്ഞ മുഖം തെളിഞ്ഞു. ആ മുഖത്ത് തുറന്ന മുറിവുകളുണ്ടായിരുന്നു. വലിയ കണ്ണുനീര്‍ത്തുള്ളികള്‍ വിശുദ്ധയുടെ കിടക്കവിരിയില്‍ വീഴുന്നതായി അനുഭവപ്പെട്ടു. സംഭവിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാകാതെ വിശുദ്ധ ചോദിച്ചു, ”ഈശോയേ, ആരാണ് അങ്ങയെ ഇത്രമാത്രം വേദനിപ്പിച്ചത്?”

”ഈ മഠം ഉപേക്ഷിക്കുന്നതുമൂലം നീ ഏല്പിക്കുന്ന വേദനയാണിത്. മറ്റൊരിടത്തേക്കുമല്ല, ഈ സ്ഥലത്തേക്കാണ് ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നത്; ഞാന്‍ നിനക്കായി ധാരാളം കൃപകള്‍ ഒരുക്കി വച്ചിട്ടുണ്ട്.” ഇതായിരുന്നു ഈശോയുടെ മറുപടി. ഇതു മനസ്സിലായ ഉടനെ വിശുദ്ധ ഫൗസ്റ്റീന ഈശോയോട് ക്ഷമ ചോദിച്ചു, മഠം മാറാനുള്ള തീരുമാനവും മാറ്റി. 1925-ലായിരുന്നു ഈ സംഭവം. പിന്നീട് 1935-ല്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കുന്നതോടനുബന്ധിച്ച് വിശുദ്ധ ഇപ്രകാരം പ്രാര്‍ത്ഥിച്ചു, ”അവിടുത്തെ ഹൃദയത്തില്‍ ജ്വലിക്കുന്ന മുഴുവന്‍ സ്‌നേഹത്താലും എന്റെ സ്വാര്‍ത്ഥസ്‌നേഹത്തെ പൂര്‍ണ്ണമായി നശിപ്പിച്ചുകളയണമെന്ന് ഞാന്‍ യാചിക്കുന്നു; പകരം എന്റെ ഹൃദയത്തില്‍ അവിടുത്തെ പരിശുദ്ധമായ സ്‌നേഹനാളം കൊളുത്തണമേ.”
അന്നു വൈകിട്ട് ഒരു വെള്ളപേജില്‍ ”ഇനിമുതല്‍ എന്റെ സ്വന്തം ഇഷ്ടം നിലനില്ക്കുന്നതല്ല” എന്നെഴുതി ആ പേജ് മുഴുവന്‍ വെട്ടിക്കളയാനും അതിന്റെ മറുവശത്ത് ”ഇന്നു മുതല്‍ എല്ലായിടത്തും എല്ലായ്‌പോഴും, എല്ലാക്കാര്യത്തിലും ഞാന്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റും” എന്ന് എഴുതാനും ഈശോ ആവശ്യപ്പെട്ടു. ഒന്നിനെയും ഭയപ്പെടേണ്ട, സ്‌നേഹം അവളെ ശക്തിപ്പെടുത്തുമെന്നും ദൈവേഷ്ടം നിറവേറുന്നത് എളുപ്പമാക്കുമെന്നും അതേക്കുറിച്ച് ഈശോ വിശദീകരിക്കുകയും ചെയ്തു.

ആ സംഭവത്തെപ്പറ്റി ‘എന്റെ അന്തരാത്മാവിലേക്ക് ഒഴുകിയിറങ്ങിയ ദൈവകരുണ’ എന്ന തന്റെ ഡയറിയില്‍ വിശുദ്ധ ഫൗസ്റ്റീന കുറിച്ചുവച്ചിരിക്കുന്നത് ഇങ്ങനെയാണ്, കര്‍ത്താവ് ആവശ്യപ്പെട്ട പ്രകാരം, സ്വന്തം ഇഷ്ടത്തെ വെട്ടിക്കളയാന്‍ ഞാന്‍ മുട്ടുകുത്തിയ നിമിഷം, എന്റെ അന്തരാത്മാവില്‍ ഞാനീ സ്വരം കേട്ടു: ”ഇന്നുമുതല്‍, ദൈവത്തിന്റെ ന്യായവിധിയെ നീ ഭയപ്പെടേണ്ട; എന്തെന്നാല്‍ നീ വിധിക്കപ്പെടുകയില്ല”

ദൈവേഷ്ടം നിറവേറാന്‍ ആഗ്രഹിക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്നത് എത്രമാത്രം അനുഗ്രഹപ്രദമാണെന്ന് വിശുദ്ധയുടെ ഈ ഡയറിക്കുറിപ്പുകള്‍ നമ്മോട് പറയുന്നു. നമുക്ക് പ്രാര്‍ത്ഥിക്കാം,

വിശുദ്ധ ഫൗസ്റ്റീനാ, ദൈവേഷ്ടം നിറവേറ്റാന്‍ എന്നെ സഹായിച്ചാലും!

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles