Home/Encounter/Article

ജനു 09, 2020 1691 0 Renjith Lawrence
Encounter

പ്രണയത്തില്‍പ്പെട്ട ‘വിശുദ്ധന്‍’

ചെറുപ്പകാലം മുതല്‍ ഡയറി എഴുതുന്ന സ്വഭാവമുണ്ടായിരുന്ന കാള്‍ ലെയ്സ്നറിന്‍റെ ഡയറിക്കുറിപ്പുകള്‍ ഒരു പുണ്യാത്മാവിന്‍റെ രൂപപ്പെടലിന്‍റെ നാള്‍വഴികള്‍ വ്യക്തമാക്കുന്നവയാണ്. ‘ക്രിസ്തുവേ അങ്ങാണെന്‍റെ പാഷന്‍’ എന്നതായിരുന്നു യുവാവായിരുന്ന ലെയ്സ്നറിന്‍റെ ആദ്യ കുറിപ്പുകളില്‍ ഒന്ന്.

1915 ഫെബ്രുവരി 28-ാം തിയതി ജര്‍മ്മനിയിലെ റീസിലാണ് കാള്‍ ലെയ്സ്നറിന്‍റെ ജനനം. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ മരിയന്‍ മുന്നേറ്റമായ ഷണ്‍സ്റ്റാറ്റ് കൂട്ടായ്മയില്‍ അംഗമായ കാള്‍ ലെയ്സ്നര്‍ വലിയ മാതൃഭക്തനായി മാറി. 1933-ല്‍ നാസി ഭരണകൂടം ജര്‍മ്മനിയിലെ കത്തോലിക്ക കൂട്ടായ്മകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ കാള്‍ ലെയ്സ്നര്‍ തന്‍റെ ഡയറിയില്‍ ഇപ്രകാരം കുറിച്ചു -‘ക്രിസ്തുവിനോടും മറ്റ് മനുഷ്യരോടുമുള്ള സ്നേഹത്തെപ്രതി നമുക്ക് എരിയാം. വിദ്വേഷം തീയില്‍ എറിഞ്ഞുകളയാം. സ്നേഹത്തിന്‍റെ അഗ്നിജ്വാലകള്‍ അവിടെ നിന്നുയരട്ടെ.’

ഒരു ധ്യാനത്തില്‍ പങ്കെടുത്ത ലെയ്സ്നര്‍ പൗരോഹിത്യത്തിലേക്കാണ് തന്നെ ദൈവം വിളിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. സെമിനാരിയില്‍ ചേര്‍ന്ന് ദൈവശാസ്ത്രം പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ മുണ്‍സ്റ്റര്‍ രൂപതയിലെ ബിഷപ് അദ്ദേഹത്തെ രൂപതയിലെ യുവജന കൂട്ടായ്മയുടെ നേതാവായി നിയോഗിച്ചു. നാസി ഭീകരതയുടെ പശ്ചാത്തലത്തില്‍ ഒരു അല്മായ നേതാവിനെ നിയമിക്കുന്നത് അപകടമാകുമെന്ന തിരിച്ചറിവിലാണ് സെമിനാരി വിദ്യാര്‍ത്ഥിയായ കാള്‍ ലെയ്സ്നറെ ബിഷപ് യുവജനങ്ങളുടെ നേതാവായി നിയമിച്ചത്.

ഭീഷണികളൊന്നും വകവയ്ക്കാതെ രൂപതയിലങ്ങോളമിങ്ങോളം സഞ്ചരിച്ച ലെയ്സ്നര്‍ യുവജനങ്ങളെ ഒരുമിച്ചുകൂട്ടുന്നതിലും അവര്‍ക്ക് ദിശാബോധം നല്‍കുന്നതിലും അസാമാന്യ നേതൃപാടവം പ്രകടിപ്പിച്ചു. അവരോടൊപ്പം മലകയറാനും പാട്ടുപാടാനും സമയം കണ്ടെത്തിയ ലെയ്സനര്‍ യുവജനങ്ങളുടെ അടുത്ത സുഹൃത്തായി മാറി. ഹിറ്റ്ലറിന്‍റെ യുവജനകൂട്ടായ്മ ജര്‍മ്മനിയിലെങ്ങും ശക്തിപ്രാപിച്ചുകൊണ്ടിരുന്ന സമയത്ത് രൂപതയിലെ യുവജനങ്ങളെ ബൈബിള്‍ പാരായണത്തിലും ദിവ്യകാരുണ്യ ഈശോയോടുള്ള ഭക്തിയിലും കാള്‍ ഉറപ്പിച്ചുനിര്‍ത്തി. യുവജനങ്ങളുടെ ഇടയിലുള്ള കാളിന്‍റെ പ്രവര്‍ത്തനങ്ങള്‍ നാസി രഹസ്യപ്പോലീസായ ഗെസ്താപ്പോ നിരീക്ഷിച്ചുതുടങ്ങിയതും ഈ സമയത്താണ്.

പ്രണയം പരീക്ഷണം

കാള്‍ ലെയ്സ്നറിന്‍റെ വ്യക്തിജീവിതത്തിലും പരീക്ഷണങ്ങള്‍ ഉണ്ടായ കാലഘട്ടമായിരുന്നു അത്. അദ്ദേഹത്തിന്‍റെ ഉള്ളില്‍ മൊട്ടിട്ട ഒരു പ്രണയമായിരുന്നു ആ പരീക്ഷണം. പൗരോഹിത്യവഴിയേയുള്ള യാത്ര വേണ്ടെന്നുവച്ച്, തന്‍റെ ഒരു നല്ല സുഹൃത്തായ എലിസബത്തിനെ വിവാഹം ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്ത മനസില്‍ കയറിക്കൂടി. ഏറ്റവും വിഷമമേറിയ ഈ പ്രലോഭനത്തെ നേരിടാന്‍ പരിശുദ്ധ മറിയത്തെത്തന്നെയാണ് കാള്‍ കൂട്ടുപിടിച്ചത്. 1938 ജൂലൈ 1 ന് കാള്‍ തന്‍റെ ഡയറിയില്‍ ഇപ്രകാരം കുറിച്ചു- ‘വസന്തത്തിന്‍റെ ആരംഭത്തില്‍ മറിയത്തിന്‍റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിശബ്ദതയില്‍ ചെലവഴിച്ച ആ രണ്ട് ദിനങ്ങള്‍ എന്‍റെ ഉള്ളില്‍ മങ്ങിപ്പോയി നിര്‍ജീവാവസ്ഥയിലായിരുന്ന പൗരോഹിത്യത്തോടുള്ള അഭിനിവേശത്തെ ശക്തമായ രീതിയില്‍ തട്ടിയുണര്‍ത്തി.’

1939 മാര്‍ച്ച് മാസത്തില്‍ കാള്‍ ഇപ്രകാരം തന്‍റെ ഡയറിയില്‍ കുറിച്ചു ‘അത് മരണകരമായ ഒരു പോരാട്ടമായിരുന്നു. ഒരു വൈദികനാകാനാണ് ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. അതിനുവേണ്ടി മറ്റെല്ലാം ഞാന്‍ ത്യജിക്കുകയാണ്.’

1939 മാര്‍ച്ച് 25-ന് കാള്‍ ലെയ്സ്നര്‍ ഡീക്കനായി അഭിഷിക്തനായി. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വൈദികനായി അഭിഷിക്തനാകാം എന്ന് പ്രതീക്ഷിച്ചിരിക്കവേയാണ് ടി.ബി രോഗം അദ്ദേഹത്തെ പിടികൂടുന്നത്. ബ്ലാക്ക് ഫോറസ്റ്റിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് കാളിനെ ഗെസ്താപ്പോ അറസ്റ്റ് ചെയ്തു. ഷാസന്‍ഹോസന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ തടവിലാക്കിയ കാളിനെ പിന്നീട് കുപ്രസിദ്ധമായ ഡാഷ്വേ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് മാറ്റി.

1939 നവംബര്‍ 11, 17: ‘ഭാരമേറിയ രോഗത്തിന്‍റെയും അസ്വാതന്ത്ര്യത്തിന്‍റെയും ദിനങ്ങള്‍ക്ക് ദൈവമേ, ഞാന്‍ നന്ദി പറയുന്നു. എല്ലാത്തിനും അതിന്‍റേതായ അര്‍ത്ഥമുണ്ട്. എനിക്ക് ഏറ്റവും നന്മയായിട്ടുള്ളത് മാത്രമാണ് അങ്ങ് അനുവദിക്കുന്നത്. ബാഹ്യമായ തടവിന്‍റെ ദിനങ്ങള്‍ ദൈവത്തിലുള്ള ആന്തരികമായ സ്വാതന്ത്ര്യം അനുഭവിക്കുന്ന സുവര്‍ണ ദിനങ്ങളാണ്.’

2600-ലധികം വൈദികരെയും നിരവധി സെമിനാരി വിദ്യാര്‍ത്ഥികളെയും പ്രോട്ടസ്റ്റന്‍റ് ശുശ്രൂഷകരെയും പാര്‍പ്പിച്ചിരുന്ന കുപ്രസിദ്ധ ക്യാമ്പാണ് ഡാഷ്വേ. പട്ടിണിയും നിര്‍ബന്ധിത ജോലിയും അദ്ദേഹത്തിന്‍റെ രോഗാവസ്ഥ ഗുരുതരമാക്കി. ക്യാമ്പിനോടനുബന്ധിച്ച് മനുഷ്യരുടെ ശരീരത്തില്‍ മരുന്നുകള്‍ പരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ആശുപത്രിയിലേക്ക് കാള്‍ ലെയ്സ്നറെ മാറ്റി. ദുരിതത്തിന്‍റെ ആ ലോകത്തും തന്‍റെ സഹതടവുകാര്‍ക്ക് പ്രത്യാശയുടെ അടയാളമാകാന്‍ കാളിന് കഴിഞ്ഞു. കൂടെയുള്ളവരെ ആശ്വസിപ്പിക്കാനും സഹിഷ്ണുതയോടെ പെരുമാറുവാനും അദ്ദേഹം ശ്രദ്ധിച്ചു. ‘ആശ്വസിപ്പിക്കുന്ന മാലാഖ’ എന്നാണ് കൂടെയുള്ളവര്‍ അദ്ദേഹത്തെ വിളിച്ചത്.

1939 നവംബര്‍ 22: ‘ക്രിസ്തുവേ എന്‍റെ ജീവിതം പൂര്‍ണമായി അങ്ങേക്ക് ഞാന്‍ നല്‍കുന്നു. അത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അങ്ങ് മാത്രമാണ്. അവിടുത്തെ തിരുഹിതം നിറവേറട്ടെ.’

ഒളിപ്പിച്ച ബിസ്കറ്റുകളും കാപ്പിയും

രോഗം മൂര്‍ച്ഛിച്ച കാളിന്‍റെ പേര് ഗ്യാസ് ചേംബറിലടച്ച് വധിക്കാനുള്ളവരുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടു. എന്നാല്‍ ദൈവത്തിന്‍റെ തിരുഹിതം മറ്റൊന്നായിരുന്നു. ഗ്യാസ് ചേംബറില്‍ അടയ്ക്കപ്പെടേണ്ടവരുടെ കൂട്ടത്തില്‍നിന്ന് അദ്ദേഹത്തിന്‍റെ പേര് നീക്കപ്പെട്ടു. 1944 ഡിസംബര്‍ 17-ന് കാള്‍ ഏറ്റവുമധികം കൊതിച്ചിരുന്നതും അസാധ്യമെന്ന് കരുതപ്പെട്ടിരുന്നതുമായ ആ കര്‍മ്മം നടന്നു. സഹതടവുകാരനായിരുന്ന ഫ്രഞ്ച് ബിഷപ് ആള്‍ട്ടര്‍ ക്രിസ്റ്റസ് അതീവ രഹസ്യമായി കാള്‍ ലെയ്സ്നറിന് വൈദികപട്ടം നല്‍കി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നടന്ന ആ പൗരോഹിത്യ സ്വീകരണചടങ്ങില്‍ ഉപയോഗിക്കുന്നതിനായുള്ള അംശവടിയും മോതിരവും സഹതടവുകാരാണ് നിര്‍മ്മിച്ചത്. പൗരോഹിത്യ സ്വീകരണത്തെക്കുറിച്ച് കേട്ടറിഞ്ഞ സഹതടവുകാരായ പ്രോട്ടസ്റ്റന്‍റ് ശുശ്രൂഷകര്‍ ഒളിപ്പിച്ചുവച്ച ബിസ്കറ്റുകളും കാപ്പിയും ഉപയോഗിച്ച് നവവൈദികനുവേണ്ടി വിരുന്നൊരുക്കി.

പൗരോഹിത്യം സ്വീകരിക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷവാനായിരുന്നെങ്കിലും അനാരോഗ്യം നിമിത്തം ഒരാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന് പ്രഥമ ദിവ്യബലി അര്‍പ്പിക്കാന്‍ സാധിച്ചത്. സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്‍റെ തിരുനാള്‍ ദിനമായ ഡിസംബര്‍ 26-ന് അദ്ദേഹം പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. അതായിരുന്നു അദ്ദേഹം അര്‍പ്പിച്ച ഏകബലിയും. 1945 ഏപ്രില്‍ 29-ാം തിയതി അമേരിക്കന്‍ സൈന്യം ഡാഷ്വേ കോണ്‍ സന്‍ട്രേഷന്‍ ക്യാമ്പിലുള്ള തടവുകാരെ മോചിപ്പിച്ചു. പക്ഷേ അപ്പോഴേക്കും ഫാ. കാള്‍ ലെയ്സ്നറിന്‍റെ ആരോഗ്യനില തിരിച്ചുപിടിക്കാനാവാത്തവിധം മോശമായി കഴിഞ്ഞിരുന്നു.

തിരിച്ചുകിട്ടിയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നന്ദിയുടെയും ദൈവസ്തുതിയുടെയും വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിന്‍റെ ഡയറി നിറഞ്ഞു. ‘ഓ ഏറ്റവും പരിശുദ്ധനായവനേ, എന്‍റെ ശത്രുക്കളെയും അനുഗ്രഹിക്കണമേ’ എന്നതാണ് അദ്ദേഹത്തിന്‍റെ ഡയറിയില്‍ കുറിച്ചിരിക്കുന്ന അവസാന വാക്കുകള്‍. 1945 ഓഗസ്റ്റ് 12-ാം തിയതി മരണത്തിന് ഒരുക്കമായുള്ള കൂദാശ സ്വീകരിച്ച അദ്ദേഹം നിത്യതയിലേക്ക് യാത്രയായി. കേവലം 30 വയസില്‍ ജീവിതം പൂര്‍ത്തിയാക്കിയ ഫാ. കാള്‍ ലെയ്സ്നറെ 1996 ജൂണ്‍ 23-ന് ബര്‍ലിനില്‍ വച്ച് നടന്ന ചടങ്ങില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍റെ സഹതടവുകാരനായിരുന്ന ഒരു വൈദികന്‍റെ സാക്ഷ്യം വളരെ ശ്രദ്ധേയമാണ്, “കാള്‍ ലെയ്സ്നര്‍ എപ്പോഴും സന്തുഷ്ടനായി കാണപ്പെട്ടു. അത് ഹൃദയത്തില്‍നിന്നുള്ള സന്തോഷമായിരുന്നു!”

Share:

Renjith Lawrence

Renjith Lawrence

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles