Home/Encounter/Article

ജനു 08, 2020 1786 0 Father Roy Palatty CMI
Encounter

പോകാം ജെറീക്കോയില്‍നിന്ന് ജെറുസലേമിലേക്ക്

വചനത്തിന്‍റെ ഏടുകളില്‍ ആവര്‍ത്തിച്ചു കാണുന്ന ചോദ്യമാണിത്, രക്ഷ പ്രാപിക്കാന്‍ എന്തുചെയ്യണം? നിത്യതയെ സ്വപ്നം കാണുന്നവരിലൊക്കെ ഈ ചോദ്യമുണ്ട്. ദൈവത്തെ സ്നേഹിക്കുക; നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക. ഈ രണ്ടുകല്‍പ്പനകളില്‍ ഇതിനുള്ള മറുപടി ക്രിസ്തു നല്‍കുന്നുണ്ട്.

ദൈവമാരെന്ന് അറിയാം. അയല്‍ക്കാരന്‍ ആരാണ്? നിയമജ്ഞന്‍റെ ചോദ്യമിതാണ് (ലൂക്കാ. 10:25-37). നല്ല സമരിയക്കാരന്‍റെ ഉപമ വെറുമൊരു ധാര്‍മികതത്വം പഠിപ്പിക്കാനുള്ള ഉപമയല്ല. മറിച്ച്, ആത്മീയ യാത്രയില്‍ ഒരാളുടെ സഞ്ചാരപഥങ്ങളെ കാണിക്കുന്ന ഉപമകൂടിയാണിത്. ആദിമനുഷ്യന്‍റെ അധഃപതനവും നല്ല സമരിയേക്കാരന്‍റെ ഉപമയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് സഭാപിതാക്കന്മാര്‍ പറയുന്നതിന്‍റെ കാരണമിതാണ്.

ജെറുസലേമില്‍നിന്നും ജെറീക്കോയിലേക്ക് യാത്ര ചെയ്യുന്ന ആ മനുഷ്യന്‍ ആരാണ്? ദൈവത്തിന്‍റെ ഇരിപ്പിടമാണ് ജെറുസലേം. ദൈവസാന്നിദ്ധ്യത്തിന്‍റെ മലമുകള്‍, ജെറീക്കോയാകട്ടെ, പാപത്തിന്‍റെയും തിന്മയുടെയും രോഗാതുരതയുടെയും ഇടം. വാഗ്ദാന ദേശത്തേക്കു യാത്രയായപ്പോള്‍ ഇസ്രായേല്‍ ജനങ്ങള്‍ ജെറീക്കോയുടെ മതിലുകള്‍ തകര്‍ത്തത് ഓര്‍ക്കുക. അന്ധനായ ബെര്‍ത്തമിയൂസ് ആ മതിലിനു സമീപമിരുന്നാണ് നിലവിളിച്ചത്.

ഉപമയിലെ ആ മനുഷ്യന്‍ ജെറീക്കോയിലേക്ക് ഇറങ്ങുകയാണ്. വഴിവിട്ട ഒരു യാത്രയാണിത്. ദൈവസങ്കേതം വിട്ടിറങ്ങുന്ന യാത്ര. അപകടം പതിയിരിപ്പുണ്ടെന്നറിഞ്ഞിട്ടും ആദിമ സര്‍പ്പത്തിന്‍റെ വാക്കിനു കാതോര്‍ത്ത ആദിമാതാപിതാക്കളെപ്പോലെതന്നെ അയാള്‍ ആ വഴിയിലൂടെ പോയി. കവര്‍ച്ചക്കാര്‍ അയാളെ ഗ്രസിച്ചു, തകര്‍ത്തുകളഞ്ഞു. സകലതും അവര്‍ അപഹരിച്ചു, പ്രാണനൊഴികെ.

ജെറുസലേം അവനു നല്‍കിയതെല്ലാം ജെറീക്കോ അവനില്‍നിന്ന് അപഹരിച്ചെടുത്തു. തെറ്റായ വഴികളില്‍ കെണികള്‍ കാത്തുനില്‍ക്കുന്നുണ്ട്. രണ്ടു കാര്യങ്ങള്‍ അവനില്‍ നഷ്ടമായി. ജെറുസലേം അവനു നല്‍കിയ പ്രസാദവരത്തിന്‍റെ തിളക്കം. അതില്‍നിന്ന് അവനുണ്ടായ ജീവന്‍. അവന്‍ മുറിവേറ്റു, അര്‍ദ്ധപ്രാണനായി.

തുടര്‍ന്ന്, ഒരു പുരോഹിതനും ലെവായനും കടന്നുപോകുന്നു. പഴയനിയമത്തിന്‍റെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പ്രതിനിധികളാണവര്‍. ഒരു മതസങ്കല്‍പ്പത്തിനോ, തത്വചിന്തയ്ക്കോ ന്യൂ ഏജ് ആശയങ്ങള്‍ക്കോ ഒന്നും ഈ മനുഷ്യനെ രക്ഷിക്കാനാവില്ല. തകര്‍ന്നുകിടക്കുന്ന ആ മനുഷ്യനെ നോക്കി മറുവഴിയിലൂടെ പോകാനേ കഴിയൂ. തനിയെ എഴുന്നേല്‍ക്കാന്‍ അയാള്‍ക്ക് ആകുന്നുമില്ല. ഒന്നുറക്കെ കരയാന്‍പോലും കഴിയാത്തവന്‍. തെറ്റായ മാര്‍ഗം തിരഞ്ഞെടുത്തതിന്‍റെ കുറ്റബോധം അയാളെ വല്ലാതെ തകര്‍ത്തുകളയുന്നുണ്ട്. ഈ അടിമത്വത്തില്‍നിന്നും മുറിവില്‍നിന്നും ആര് ഇയാളെ വിടുവിക്കും?

അവിടെയാണ് നല്ല സമരിയാക്കാരനായ ക്രിസ്തുവിന്‍റെ ആഗമനം. പാപംതിരഞ്ഞെടുത്ത് അര്‍ദ്ധപ്രാണനായി കഴിയുന്ന നിന്നെ രക്ഷിക്കാന്‍ കാലത്തിന്‍റെ പൂര്‍ത്തിയില്‍ അവതീര്‍ണ്ണനായവനാണ് ക്രിസ്തു. മനസ്സലിഞ്ഞ് അടുത്തെത്തി. എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവുകള്‍ വച്ചുകെട്ടി. തന്‍റെ കുരിശിലെ രക്തമാണ് ആ വീഞ്ഞ്. കൂദാശകളാണ് ആ എണ്ണ. കുര്‍ബാനയും മറ്റു കൂദാശകളും നല്‍കി അവന്‍റെ പ്രാണനെ വീണ്ടെടുക്കുകയാണ് ആ സമരിയേക്കാരന്‍. തുടര്‍ന്നവനെ, സത്രത്തിലെത്തിക്കുന്നു. സഭയാണ് ആ സത്രം. ഫീല്‍ഡ് ഹോസ്പിറ്റല്‍ (ഫ്രാന്‍സിസ് പാപ്പ നല്‍കിയ വിശേഷണം) ഇനിമുതല്‍ അവന്‍ സൗഖ്യം സ്വീകരിക്കേണ്ടത് ഇവിടെയാണ്. രണ്ടു ദിനാറ നല്‍കി. മനുഷ്യന്‍റെ വീണ്ടെടുപ്പിന് ക്രിസ്തു കുരിശില്‍ നല്‍കിയ വിലയാണിത്.

പാപത്തിന്‍റെ അടിമത്വത്തില്‍നിന്നും വിടുവിക്കാനും വീണുപോയ മനുഷ്യാത്മാവിനെ വീണ്ടെടുക്കാനും ക്രിസ്തു നല്‍കുന്ന വില. ചരിത്രത്തിന്‍റെ പാതയോരത്ത് ഒറ്റപ്പെട്ട് നിസ്സഹായകനും മുറിവേറ്റവനുമായി കിടക്കുന്ന മനുഷ്യനെ തോളിലേറ്റി സഭാഗാത്രത്തിന്‍റെ സംരക്ഷണത്തിനായി ഭരമേല്‍പ്പിച്ചിട്ടാണ് ആ നല്ല സമരിയേക്കാരന്‍ പോയതെന്നോര്‍ക്കുക. അര്‍ദ്ധപ്രാ
ണരെ വീണ്ടെടുത്തപ്പോള്‍ നാം ക്രിസ്തുവിനെ നഗ്നനാക്കി, കുരിശില്‍ ഉയര്‍ത്തി!

സത്രസൂക്ഷിപ്പുകാരോട് പറഞ്ഞു: “ഇവന്‍റെ കാര്യം കൃത്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നുവെങ്കില്‍ ഞാന്‍ തിരികെവരുമ്പോള്‍ തന്നുകൊള്ളാം”. ഇനിയും എന്തെങ്കിലും വീഴ്ച പറ്റിയാല്‍ അതിനൊക്കെ ഞാന്‍ പരിഹാരം ചെയ്തുകൊള്ളാം. രണ്ടാമത്തെ ആഗമനംവരെയും വീണ്ടെടുപ്പിലാണ് ക്രിസ്തു. സ്നേഹം മാത്രമാണിതിന് കാരണം. നിയമങ്ങളോ മാനുഷികമായ കരുതലുകളോ ഒന്നുമാകില്ല.

ആര് നിന്‍റെ അയല്‍ക്കാരനല്ല എന്ന ചോദ്യത്തിന് യഹൂദന് കൃത്യമായ മറുപടിയുണ്ട്. നാലു കൂട്ടം മനുഷ്യരാണവര്‍: ഒന്ന്, സ്വന്തം മതത്തിനെതിരെ അബദ്ധ സിദ്ധാന്തം പ്രചരിപ്പിക്കുന്ന പാഷണ്ഡി. രണ്ട്, സ്വന്തം മതത്തെ ഒറ്റുകൊടുക്കുന്ന ചാരന്‍. മൂന്ന്, സ്വന്തം മതത്തെ ഉപേക്ഷിക്കുന്ന വിശ്വാസത്യാഗി. നാല്, ജെറുസലേം ദൈവാലയ പരിസരം അശുദ്ധമാക്കിയ സമരിയാക്കാര്‍.

സമരിയാക്കാര്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്നതിന് കൃത്യമായ തെളിവല്ലേ സമരിയാക്കാരി സ്ത്രീയുടെ വാക്കുകളിലുള്ളത്; നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോട് വെള്ളം ചോദിക്കുന്നുവോ? (യോഹ. 4:9) മറ്റൊരിടത്ത് ക്രിസ്തുവിനെ സ്വീകരിക്കാതെ നിലകൊണ്ട സമരിയാക്കാരനോട് ഇടിമുഴക്കത്തിന്‍റെ മക്കളായ യാക്കോബും യോഹന്നാ
നും പറഞ്ഞത് ഓര്‍ക്കുക. “കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്നും അഗ്നി ഇറക്കി ഇവരെ നശിപ്പിക്കുക എന്നു ഞങ്ങള്‍ പറയട്ടെയോ?” (ലൂക്കാ. 9: 52-55)

വീണ് അര്‍ദ്ധപ്രാണനായി കിടക്കുന്ന എന്നെ രക്ഷിക്കാന്‍ ക്രിസ്തു തന്നെ വരണം. അവന്‍റെ പവിത്രമായ സഭാഗാത്രത്തില്‍ എന്നെ അവന്‍ ചേര്‍ത്തു പിടിക്കണം. അവനെന്നെ ജെറുസലേമില്‍ സുരക്ഷിതമായി എത്തിക്കും. എല്ലാവരും തേടുന്ന നിത്യതയാണിത്. നാമും അവനൊപ്പം നല്ല സമരിയാക്കാരനാകണം. വീണുപോകുന്നവരെ താങ്ങി പിടിക്കുന്ന സഭാഗാത്രത്തോട് ചേര്‍ത്ത്വെക്കുന്ന നല്ല സമരായര്‍.

അപ്പോള്‍ ഇനി തിരിച്ചു നടക്കാം, ജെറീക്കോയില്‍നിന്നും ജെറുസലേമിലേക്ക്. വീണുപോയ ജെറീക്കോയുടെ പാതയോരങ്ങളില്‍നിന്നും ജീവന്‍ നല്‍കുന്ന ജെറുസലേമിന്‍റെ വിശുദ്ധ അങ്കണത്തിലേക്ക്.

Share:

Father Roy Palatty CMI

Father Roy Palatty CMI is a priest of the congregation of the Carmelites of Mary Immaculate. He earned his Ph.D. in Philosophy from the Catholic University of Leuven in Belgium and is a published author of books and articles. Since 2014, he has been serving as Spiritual Director of Shalom Media, a Catholic media ministry based in South Texas. Shalom Media is home to SHALOM WORLD Catholic television network and publishes Shalom Tidings bi-monthly magazine. Father Varghese is a gifted speaker and has been an in-demand preacher around the world, leading numerous retreats for priests, religious, and lay people.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles