Home/Encounter/Article

ജൂണ്‍ 04, 2020 1825 0 ഷെവ. ബെന്നി പുന്നത്തറ
Encounter

നിശബ്ദതയാണ് ബലം

സീത്താ എന്നായിരുന്നു അവളുടെ പേര്. കുടുംബത്തിലെ ദാരിദ്ര്യംകാരണം പന്ത്രണ്ടാമത്തെ വയസില്‍ അവള്‍ ഒരു സമ്പന്ന കുടുംബത്തിലെ പരിചാരികയായി ജോലിയില്‍ പ്രവേശിച്ചു. വീട്ടില്‍നിന്നും എട്ടു കിലോമീറ്റര്‍ ദൂരെയുള്ള ‘ലൂക്കാ’ എന്ന പട്ടണത്തിലെ ‘ഫാറ്റിനെല്ലി’ കുടുംബം സില്‍ക്ക്-കമ്പിളി വസ്ത്രനിര്‍മാണരംഗത്ത് പ്രശസ്തരായിരുന്നു. ധാരാളം ജോലിക്കാരുള്ള ആ വീട്ടിലേക്ക് കടന്നുചെന്ന സീത്തായെ കാത്തിരുന്നത് പീഡനങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു.

സൗമ്യതയും ശാന്തതയും നിറഞ്ഞ സീത്തായുടെ വ്യക്തിത്വം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഒരു നിമിഷംപോലും അലസമായി കളയാതെ കഠിനാധ്വാനം ചെയ്യുന്ന സീത്തായെ യജമാനത്തിക്കും വളരെ ഇഷ്ടമായി. അത് മറ്റു ജോലിക്കാര്‍ക്ക് അവളോട് അസൂയ തോന്നുന്നതിന് കാരണമായി. അവരെല്ലാവരും അവള്‍ക്കെതിരെ തിരിഞ്ഞു. മനഃപൂര്‍വം പാത്രങ്ങള്‍ പൊട്ടിച്ചിട്ട് അത് ചെയ്തത് സീത്തായാണെന്ന് അവര്‍ യജമാനത്തിയെ ധരിപ്പിക്കും. എന്തെങ്കിലും സാധനങ്ങള്‍ കാണാതായാല്‍ അത് സീത്താ എടുത്തുകൊണ്ടുപോകുന്നത് കണ്ടെന്ന് അവര്‍ കള്ളസാക്ഷ്യം പറയും. യജമാനത്തി സീത്തായെ എന്തെങ്കിലും പ്രത്യേക ജോലി ഏല്പിച്ചാല്‍ അത് പൂര്‍ത്തിയാക്കാതിരിക്കാന്‍ മറ്റുള്ളവര്‍ തടസങ്ങള്‍ സൃഷ്ടിക്കും. തല്‍ഫലമായി കഴിവില്ലാത്തവളും അലസയും അവിശ്വസ്തയുമായി അവള്‍ മുദ്ര കുത്തപ്പെട്ടു. അവിടുത്തെ ജോലിക്കാരില്‍ ഏറ്റവും സീനിയറായ ‘എറിക്കേറ്റ്’ ആണ് ഇതിനെല്ലാം നേതൃത്വം നല്കിയത്.

പക്ഷേ സീത്താ സ്വയം ന്യായീകരിക്കാനൊന്നും പോയില്ല. എല്ലാ അവഹേളനങ്ങളും കുറ്റാരോപണങ്ങളും അവള്‍ ക്ഷമയോടെ സഹിച്ചു. ചെയ്യാത്ത തെറ്റിനുള്ള ശിക്ഷയും അവള്‍ ഈശോയെപ്രതി സന്തോഷത്തോടെ സ്വീകരിച്ചു. ഒടുവില്‍ ‘എറിക്കേറ്റ്’ മാരകമായ രോഗം പിടിച്ച് കിടപ്പിലായി. എല്ലാം മറന്ന് സീത്താ അവളെ ശുശ്രൂഷിക്കുവാന്‍ തയാറായി. അത് എറിക്കേറ്റിന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു. അവള്‍ സീത്തായോട് ചെയ്ത ദ്രോഹം വീട്ടുകാരോട് ഏറ്റുപറഞ്ഞു. വീട്ടുകാരും സീത്തായുടെ ഹൃദയവിശുദ്ധി കണ്ടറിഞ്ഞ് പശ്ചാത്താപവിവശരായി. വീട്ടുകാര്‍ സീത്തായെ വീടിന്‍റെ മുഴുവന്‍ മേല്‍വിചാരകയാക്കി ഉയര്‍ത്തി. അവള്‍ ആരോടും പ്രതികാരം ചെയ്തില്ല. ക്രമേണ ലൂക്കാ മുഴുവന്‍ അവളുടെ വിശുദ്ധിയെക്കുറിച്ചുള്ള വാര്‍ത്ത വ്യാപിച്ചു. 1272-ല്‍ അറുപതാമത്തെ വയസില്‍ മരിച്ച സീത്തായെ ദൈവാലയത്തിലെ ബിഷപ്പിന്‍റെ കബറിടത്തോട് ചേര്‍ന്നാണ് സംസ്കരിച്ചിരിക്കുന്നത്. 1696-ല്‍ വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടപ്പോള്‍ 150-ഓളം അത്ഭുതങ്ങള്‍ സീത്തായുടെ മധ്യസ്ഥതയില്‍ സംഭവിച്ചതായി പരിശോധിച്ചു തെളിഞ്ഞു. എഴുന്നൂറ് വര്‍ഷങ്ങള്‍ക്കുശേഷവും അവളുടെ ശരീരം ജീര്‍ണിക്കാതെ ലൂക്കായിലെ സാന്‍ ഫെര്‍ഡീനോ ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

സഹനങ്ങളുണ്ടാകുമ്പോള്‍ ശാന്തതയോടെ അവയെ സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ ആന്തരികമായി നാം ശക്തരായിരിക്കണം. വിശുദ്ധ സീത്താ അനുദിനമുള്ള ദിവ്യബലിയിലൂടെയും രാത്രികളില്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുന്നതിലൂടെയും ദൈവത്തോട് ചേര്‍ന്ന് നിലനിന്നതുകൊണ്ടാണ് അനീതികളെ നിശബ്ദതയില്‍ നേരിടാന്‍ പ്രാപ്തയായത്. സഹനത്തോടുള്ള പ്രതികരണങ്ങളാണ് നമ്മുടെ ആന്തരികതയെ വെളിപ്പെടുത്തുന്നത്. പൊട്ടിത്തെറിയും സ്വന്തം നിഷ്കളങ്കത തെളിയിക്കാനുള്ള ബദ്ധപ്പാടും ആന്തരിക ദൗര്‍ബല്യത്തിന്‍റെ അടയാളമാണ്. ക്ഷമാപൂര്‍വം കുരിശുകളെ സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ കുരിശിന്‍റെ മുകളില്‍ ജീവിക്കുവാന്‍ കഴിയൂ…

അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു (ഏശയ്യാ 53:7). പീലാത്തോസിന്‍റെ മുന്നിലും ഹേറോദേസിന്‍റെ മുന്നിലും യേശു നിശബ്ദനായിരുന്നു. “പ്രധാന പുരോഹിതരും പ്രമാണിമാരും അവന്‍റെമേല്‍ കുറ്റം ആരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല” (മത്തായി 27:12-14). കാരണം “അവന് ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്‍റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്ക് വിട്ടുകൊടുത്തത്” (ഏശയ്യാ 53:9-10).

ദൈവം അറിയാതെ എന്‍റെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ലെന്നും എല്ലാ തിന്മകളെയും നന്മയാക്കി മാറ്റാന്‍ ദൈവത്തിന് കഴിയുമെന്നുമുള്ള വിശ്വാസമാണ് തിന്മയുടെ മുന്നില്‍ പതറാതെ നില്ക്കാന്‍ നമുക്ക് ശക്തി നല്കുന്നത്. എന്നാല്‍ ദൈവത്തിലുള്ള വിശ്വാസം ദുര്‍ബലമാകുമ്പോള്‍ നാംതന്നെ നമുക്കുവേണ്ടി പോരാടാന്‍ ഇറങ്ങും. അപ്പോള്‍ പ്രശ്നങ്ങള്‍ വഷളാവുകയും ദൈവപദ്ധതികള്‍ തകിടം മറിയുകയും ചെയാം. നാം നിശബ്ദരായിരിക്കുമ്പോള്‍ ദൈവം തീര്‍ച്ചയായും നമുക്കുവേണ്ടി സംസാരിക്കും. പരിശുദ്ധ അമ്മയുടെ ജീവിതം ഇതിന് നല്ലൊരു ഉദാഹരണമാണ്.

മാതാവ് അനുഭവിച്ച തീവ്രമായ നൊമ്പരങ്ങളിലൊന്ന് ജോസഫ് തന്നെ സംശയിക്കുന്നുവെന്നതായിരിക്കാം. എന്നിട്ടും തന്‍റെ ഉദരത്തില്‍ വളരുന്ന ശിശുവിന്‍റെ ദൈവികരഹസ്യങ്ങള്‍ വിശദീകരിച്ച് ജോസഫിനെ ബോധ്യപ്പെടുത്താന്‍ പരിശുദ്ധ അമ്മ പരിശ്രമിച്ചില്ല. താന്‍ എത്ര വിശദീകരിച്ചാലും മനുഷ്യര്‍ക്ക് ഇത് മനസിലാക്കുക ബുദ്ധിമുട്ടാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. ദൈവത്തിനുമാത്രമേ തന്‍റെ നിഷ്കളങ്കത ജോസഫിനെ ബോധ്യപ്പെടുത്താനാകൂ എന്ന തിരിച്ചറിവ് നിശബ്ദമായ പ്രാര്‍ത്ഥനയിലേക്ക് മാതാവിനെ നയിച്ചു. ഒടുവില്‍ ദൈവം നേരിട്ട് ജോസഫിനോട് സംസാരിച്ച് സംശയങ്ങള്‍ ദുരീകരിക്കുന്നതുവരെ അവഗണനയുടെയും സംശയത്തിന്‍റെയും വേദന ശാന്തതയോടെ ക്ഷമിച്ചു.

നാംതന്നെ നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിരക്കു പിടിക്കുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകും. നാം യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് ദൈവത്തിനുവേണ്ടി കാത്തിരിക്കുക എന്നതാണ്. അതുവരെയും നിശബ്ദമായി സഹിച്ചാല്‍ മാത്രം പോരാ – ഹൃദയത്തിലെ സ്നേഹം നഷ്ടപ്പെട്ടുപോകാതെ കാത്തുസൂക്ഷിക്കുകയും വേണം.

വിശുദ്ധ സീത്തായുടെ പുണ്യം സഹിച്ചതിലല്ല, പ്രത്യുത സ്നേഹിച്ചതിലാണ്. അനീതി സഹിക്കുമ്പോഴും അവള്‍ അനുസരണയും ബഹുമാനവും യജമാനത്തിക്ക് നല്‍കി. തനിക്കെതിരെ ഗൂഢാലോചന നടത്തുന്ന സഹപരിചാരികമാരോട് വിദ്വേഷം വച്ചുപുലര്‍ത്തിയില്ല. അവിടെയാണ് ദൈവം മഹത്വപ്പെട്ടത്. അതിനാലാണ് ദൈവം അവളെയും മഹത്വപ്പെടുത്തിയത്.

ഹൃദയത്തില്‍ എളിമയില്ലെങ്കില്‍ നമുക്ക് നിശബ്ദമായി സഹിക്കുവാന്‍ കഴിയുകയില്ല. എപ്പോഴും പരാതി പറയുന്നവര്‍, സങ്കടം പറഞ്ഞുകൊണ്ട് നടക്കുന്നവര്‍, രൂക്ഷമായി പ്രതികരിക്കുന്നവര്‍ ഇവരുടെയെല്ലാം യഥാര്‍ത്ഥ പ്രശ്നം എളിമയില്ലായ്മയാണ്. മറ്റുള്ളവരുടെ സഹതാപവും അനുഭാവവും നേടിയെടുത്തുകൊണ്ട് സ്വയത്തെ പരിപോഷിപ്പിക്കാനുള്ള ശ്രമം നമ്മളെ ആന്തരികമായി കൂടുതല്‍ ദുര്‍ബലമാക്കും. അതിനാല്‍ വേദനകള്‍ നിശബ്ദമായി സഹിക്കുവാന്‍ നാം പഠിക്കണം. സങ്കടങ്ങള്‍ ദൈവസന്നിധിയില്‍ ഇറക്കിവയ്ക്കാന്‍ കഴിയാത്തവരാണ് എപ്പോഴും മനുഷ്യരുടെ ആശ്വാസത്തിനുവേണ്ടി ഓടി നടക്കുന്നത്. എന്നാല്‍ മറ്റുള്ളവരുടെ സഹതാപത്തിന് നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഒരിക്കലും സാധിക്കുകയുമില്ല. നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ ഇടപെടാന്‍ കഴിവുള്ള കര്‍ത്താവിന് മുന്നില്‍ ഹൃദയം തുറക്കാന്‍ പഠിച്ചാല്‍ നമുക്ക് മനുഷ്യരുടെ തിന്മകളെ അതിജീവിക്കുവാന്‍ ശക്തി ലഭിക്കും.

സങ്കടങ്ങള്‍ പറഞ്ഞുകൊണ്ടുനടക്കാനുള്ളതല്ല. അവ നമ്മുടെയും മറ്റുള്ളവരുടെയും രക്ഷയ്ക്കായുള്ള മുത്തുകളാണ്. അത് സ്നേഹത്തില്‍ പൊതിഞ്ഞു സൂക്ഷിക്കാനുള്ളതാണ്. നമ്മുടെ ഉപരി വിശുദ്ധീകരണത്തിനും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും രക്ഷയ്ക്കും സഹനത്തിന്‍റെ വഴികളിലൂടെ ദൈവം നമ്മെ നടത്തുമ്പോള്‍ അവിടുത്തെ ജ്ഞാനത്തെയും സ്നേഹത്തെയും നാം സംശയിക്കരുത്. പത്രോസ് ശ്ലീഹാ പറയുന്നത് ഇപ്രകാരമാണ്: “പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്‍റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍. അവന്‍റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും” (1 പത്രോസ് 4:12-13). പ്രഭാഷകന്‍ പറയുന്നതും ഇപ്രകാരമാണ്. “വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്. എന്തെന്നാല്‍ സ്വര്‍ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു. സഹനത്തിന്‍റെ ചൂളയില്‍ കര്‍ത്താവിന് സ്വീകാര്യരായ മനുഷ്യരും” (പ്രഭാഷകന്‍ 2:4-5).

സഹനം സ്വീകരിക്കാത്തതിന്‍റെ അടയാളമാണ് പറഞ്ഞുകൊണ്ടുനടക്കുന്നത്. അതിനാല്‍ എല്ലാ വേദനകളും ദൈവകരങ്ങളില്‍നിന്നും നമുക്ക് സ്വീകരിക്കാന്‍ ശ്രമിക്കാം. കര്‍ത്താവ് അതിനുള്ള കൃപ നമുക്ക് പ്രദാനം ചെയ്യട്ടെ.

പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവേ, അങ്ങ് നിശബ്ദമായി സഹിച്ചുകൊണ്ട് ഞങ്ങള്‍ക്കൊരു മാതൃക നല്കിയല്ലോ. എന്നാല്‍ ഞങ്ങള്‍ ദുര്‍ബലരായതുകൊണ്ട് ഇഷ്ടമില്ലാത്തതിനെയും നൊമ്പരം നല്‍കുന്നതിനെയും ശാന്തതയോടെ സ്വീകരിക്കുവാന്‍ പരാജയപ്പെട്ടുപോകുന്നു. കര്‍ത്താവേ, കുറ്റപ്പെടുത്തിയും കുറ്റം പറഞ്ഞും സങ്കടം പറഞ്ഞുകൊണ്ടുനടന്നും ഞങ്ങള്‍ കൂടുതല്‍ ദുര്‍ബലരായിത്തീരുന്നു. കര്‍ത്താവേ… ഞങ്ങളുടെ വിശ്വാസത്തെ വര്‍ധിപ്പിച്ചു നല്‍കണമേ. ശാന്തതയോടെ സഹിച്ച് അങ്ങയുടെ മഹത്വം കാണാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം നല്‍കിയാലും – ആമ്മേന്‍.

Share:

ഷെവ. ബെന്നി പുന്നത്തറ

ഷെവ. ബെന്നി പുന്നത്തറ has authored many books on the faith life which have been translated into several languages. In 2012, then Pope Benedict XVI awarded the title of ‘Chevalier’ to Punnathara for his outstanding contributions to the Catholic Church and society. In addition to being the founder of Shalom ministries, Punnathara serves as the Chairman of Shalom Media. He and his wife, Stella, an author and speaker, live in India along with their two children.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles