Home/Encounter/Article

ജുലാ 30, 2019 1718 0 Renjith Lawrence
Encounter

നാടകത്തിനിടയിലെ അത്ഭുതം

മാമ്മോദീസായെ പരിഹസിച്ച് നാടകം തയാറാക്കിയ ജനേസിയൂസ് അഭിനേതാക്കളുടെ പ്രത്യേകമധ്യസ്ഥനായി മാറിയ ജീവിതകഥ.

റോമാ നഗരത്തിലെ മികച്ച അഭിനേതാവും എഴുത്തുകാരനുമായിരുന്നു നാലാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരി ച്ച ജനേസിയൂസ്. വിശുദ്ധ ജനേസിയൂസിന്‍റെ തൊഴിലായ അഭിനയം പോലെ തന്നെ ഏറെ നാടകീയത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതവും മരണവും. എഡി 303ല്‍, ക്രൈസ്തവരെ പീഡിപ്പിച്ചിരുന്ന

ഡയോക്ളീഷ്യൻ ചക്രവര്‍ത്തി തന്റെ സ്ഥാനാരോഹണത്തിന്‍റെ 20-ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി റോമാ നഗരം സന്ദര്ശിച്ചപ്പോൾ, അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നതിനായി ക്രൈസ്തവരെ പരിഹസിച്ചുകൊണ്ട് ഒരു നാടകം അവതരിപ്പിക്കാൻ വിജാതീയനായ ജനേസിയൂസ് തീരുമാനമെടുത്തു.

ഇതിന് മുന്നൊരുക്കമായാണ് ,തനിക്ക് ക്രൈസ്തവ വിശ്വാസിയാകാൻ ആഗ്രഹമുണ്ട് എന്ന വ്യാജേന അദ്ദേഹം ഒരു ക്രൈസ്തവ കൂട്ടായ്മയില്‍ ചേര്‍ന്ന് മതബോധന വിദ്യാര്‍ത്ഥിയായി (കാറ്റക്കുമെൻ) പഠനം ആരംഭിച്ചത്. ക്രൈസ്തവരുടെ ആചാരങ്ങളെയും വിശ്വാസത്തെയും കുറിച്ച് പഠിക്കുകയും മനസിലാക്കുകയും ചെയ്യുക എന്നതായിരുന്നു ജനേസിയൂസിന്‍റെ ഉദ്ദേശ്യം. ആ കാലഘട്ടത്തില്‍ ക്രൈസ്തവ മതബോധന വിദ്യാര്‍ത്ഥി ആയിരിക്കുക എന്നത് പിടിക്കപ്പെട്ടാൽ മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു. അഭിനയ ത്തിലും നാടകാവതരണത്തിലുമുള്ള അദ്ദേഹത്തിന്‍റെ താത്പര്യം നിമിത്തം മാത്രമാണ് ഈ സാഹസത്തിന് അദ്ദേഹം മുതിര്‍ന്നത്.

മാമ്മോദീസയിലൂടെ ഒരു ക്രിസ്ത്യാനി ജനിക്കുന്നു എന്ന അത്ഭുതമാണ് മതബോധനവിദ്യാഭ്യാസം ആരംഭി ച്ച ജനേസിയൂസിനെ ഏറെ സ്വാധീനിച്ചത്. തലയില്‍ വീഴുന്ന മാമ്മോദീസജലം ജന്മപാപം കഴുകിക്കളഞ്ഞുകൊണ്ട് ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നു എന്ന ആശയം ഒരേ സമയം അദ്ദേഹത്തെ സ്വാധീനിക്കുകയും സംശയാകുലനാക്കുകയും ചെയ്തു. മാമ്മോദീസ എന്ന വിഷയം തന്‍റെ നാടകത്തിന്‍റെ പ്രമേയമാക്കുവാൻ തീരുമാനിച്ച ജനേസിയൂസ് ക്രൈസ്തവനേതാക്കളില്‍നിന്ന് തനിക്ക് സ്വാംശീകരിക്കാൻ കഴിയുന്നത്ര അറിവ് ഈ കൂദാശയെക്കുറിച്ച്  നേടി. നാടകത്തിന് ആവശ്യമായ അറിവ് ശേഖരിച്ച ജനേസിയൂസ് ക്രൈസ്തവരുമായുള്ള ബന്ധം വിച്ഛേദിക്കുകയും നാടകത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അവസാനം ആ ദിവസം വന്നെത്തി. ചക്രവര്‍ത്തിയായ ഡയോക്ളീഷ്യൻ ഉൾപ്പെടുന്ന സദസ്സിന് മുൻപിൽ ജനേസിയൂസിന്‍റെ  നേതൃത്വത്തില്‍ നാടകത്തില്‍ അഭിനയിക്കുന്നവര്‍ അണിനിരന്നു. മാമോദീസ സ്വീകരിക്കാൻവേണ്ടി നിലവിളിക്കുന്ന രോഗിയായ ഒരു വ്യക്തിയുടെ റോളാണ് ജനേസിയൂസ് അഭിനയിച്ചിരുന്നത്. വൈദികനായി വേഷം ധരിച്ച നടൻ ‘മാമോദീസ ജലം’ ജനേസിയൂസിന്‍റെ തലയിലേക്ക് ഒഴിച്ചപ്പോൾ അവിടെ ഒരത്ഭുതം സംഭവിച്ചു. ആ നിമിഷം ജനേസിയൂസിന്‍റെ ഹൃദയത്തിലേക്ക് ക്രിസ്തുവിലുള്ള വിശ്വാസം കടന്നുവന്നു!

കാലയയോടുള്ള താൽപ്പര്യത്തിന്‍റെ ഭാഗമായാണ് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചു പഠിക്കാനാരംഭിച്ചതെങ്കിലും ക്രിസ്തു ജനേസിയൂസിനെ സ്വാധീനിച്ചിരുന്നു. അഭിനയത്തിന്‍റെ ഭാഗമായാണെങ്കിലും മാമോദീസ ജലം തലയില്‍ വീണ നിമിഷം പരിശുദ്ധാത്മാവിന്റെ പ്രകടമായ പ്രവര്‍ത്തനം ജനേസിയൂസിന്‍റെ ജീവിതത്തില്‍ ആരംഭിച്ചു. ആ വേദിയില്‍ എഴുന്നേറ്റുനിന്നുകൊണ്ട് ജനേസിയൂസ് തന്‍റെ ക്രൈസ്തവവിശ്വാസം പരസ്യമായി പ്രഖ്യാപി ച്ചു. ക്രൈസ്തവരെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഡയോക്ളഷ്യൻ ചക്രവർത്തിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഇപ്രകാരം സംസാരിച്ചു എന്ന് ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ‘വിശുദ്ധ ജനേസിയൂസിന്‍റെ പ്രവര്‍ത്തനങ്ങള്‍’എന്ന പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു.

“ലോകത്തിന്‍റെ ചക്രവര്‍ത്തിയെ പ്രീതിപ്പെടുത്താനാണ് ഇന്ന് ഞാനിവിടെ ഈ നാടകം കളിച്ചത്. പക്ഷേ ഇപ്പോഴിതാ ഞാനെന്‍റെ സ്വര്‍ഗീയ രാജാവിനെ പ്രീതിപ്പെടുത്തുന്നു. നിങ്ങളെ ചിരിപ്പിക്കാനാണ് ഞാൻ ഇന്നിവിടെ വന്നത് , എന്നാൽ ഇപ്പോൾ ദൈവത്തെയും മാലാഖമാരെയും പ്രസാദിപ്പിച്ചിരിക്കുന്നു.ഈ നിമിഷം മുതല്‍ ഈ വലിയ രഹസ്യങ്ങളെ ഞാൻ ഒരിക്കലും പരിഹസിക്കില്ല. മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും യഥാര്‍ത്ഥ ദൈവവും പ്രകാശവും സത്യവും കരുണയും കര്‍ത്താവായ യേശുക്രിസ്തുവാണെന്ന് ഇപ്പോൾ എനിക്കറിയാം. ഓ, മഹാനായ ചക്രവര്‍ത്തീ, ഈ രഹസ്യങ്ങളില്‍ വിശ്വസിക്കുക, ഞാൻ അങ്ങയെ പഠിപ്പിക്കാം. അങ്ങനെ കര്‍ത്താവായ യേശുക്രിസ്തുവാണ്  യഥാര്‍ത്ഥ ദൈവമെന്ന് അങ്ങ് അറിയും.”

അപ്പോൾത്തന്നെ ജനേസിയൂസും സഹനടന്മാരും അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റുള്ള നടന്മാർക്ക് ക്രൈസ്തവ വിശ്വാസവുമായി ബന്ധമൊന്നുമില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അവരെ വിട്ടയച്ചു. എന്നാല്‍ ക്രൈസ്തവവിശ്വാസത്തില്‍ നിന്ന് പിന്മാറാൻ ജെനേസിയൂസ് തയാറായില്ല. അതേത്തുടര്‍ന്ന് അദ്ദേഹത്തെ പ്രത്തോറിയതിന്റെ ചുമതല വഹിച്ചിരുന്ന പ്ലോഷിയന്റെ പക്കല്‍ പീഡനത്തിനായി ഏല്‍ പ്പിച്ചുകൊടുത്തു. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ഇരുമ്പുവടികൊണ്ടു പ്രഹരിക്കുകയും മറ്റ് പീഡനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തിട്ടും ആ വിശ്വാസം ഇളകിയില്ല. അവസാനം ജനേസിയൂസിനെ ശിരച്ഛേദം ചെയ്യാൻ ഉത്തരവിട്ടു. ‘നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവാണ് ദൈവം.അവന്‍റെ നാമത്തില്‍ നമുക്ക് ജീവനുണ്ട്”എന്ന വാക്കുകളോടെയാണ് ജനേസിയൂസ് നിത്യജീവൻ പുല്‍കിയത്. ജനേസിയൂസിന് മാമ്മോദീസ നല്‍കുക എന്ന ലക്ഷ്യത്തോടെയല്ല തലയില്‍ വെളളമൊഴിച്ചത് എന്നതിനാല്‍ അദ്ദേഹത്തിന്‍റെ മാമ്മോദീസക്ക് സാധുതയില്ലായിരുന്നു. എങ്കിലും രക്തം വഴിയുള്ള മാമ്മോദീസ ജനേസിയൂസിന് ലഭിച്ചതായി സഭ അംഗീകരിക്കുകയും അദ്ദേഹത്തെ വിശുദ്ധനായി വിശുദ്ധനായി വണങ്ങുകയും ചെയ്യുന്നു. അഭിനേതാക്കളുടെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ ജനേസിയൂസ്.

 

 

 

 

Share:

Renjith Lawrence

Renjith Lawrence

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles