Home/Encounter/Article

ജുലാ 08, 2024 31 0 k. J Mathew
Encounter

ദൈവത്തെ സംശയിച്ചുപോകുന്ന നിമിഷങ്ങളില്‍…

ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ സമ്പൂര്‍ണ സൗഭാഗ്യാവസ്ഥയിലായിരിക്കുന്ന ദൈവത്തിന് ഭൂമിയില്‍ പിടയുന്ന മനുഷ്യമനസിന്‍റെ വേദനകള്‍ മനസിലാക്കുവാന്‍ സാധിക്കുമോ? അവന്‍റെ രോദനങ്ങള്‍ ദൈവം ചെവിക്കൊള്ളുന്നുണ്ടോ? പലരുടെയും മനസില്‍ ഉയരുന്ന സംശയങ്ങളാണിവയെല്ലാം. കണ്ണുകാണാത്ത, ചെവി കേള്‍ക്കാത്ത വെറും കളിമണ്‍പ്രതിമകളാണ് ഈശ്വരരൂപങ്ങളെന്ന് നിരീശ്വരവാദികള്‍ പരിഹസിക്കുന്നു. എവിടെയാണ് സത്യം?

ദൈവം ജീവനുള്ളവനാണ്. കാരണം അവിടുന്ന് മനുഷ്യനോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. തന്‍റെ കണ്ണുകളും കാതുകളും തുറന്നവയാണെന്ന് അവിടുന്നുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏശയ്യായുടെ പ്രവചനഗ്രന്ഥത്തില്‍ ഇപ്രകാരം അവിടുന്ന് പറയുന്നു: ”നിന്‍റെ പ്രാര്‍ത്ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്‍റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു” (ഏശയ്യാ 38/5). ഹെസക്കിയാ രാജാവിനോടാണ് ഇത് പറയപ്പെടുന്നത്. മാരകരോഗത്തിന് അടിമയായ ഹെസക്കിയാ മരണത്തിന്‍റെ വക്കിലെത്തി. ”നീ മരിക്കും, സുഖം പ്രാപിക്കുകയില്ല’ എന്ന സന്ദേശം പ്രവാചകനിലൂടെ ദൈവം രാജാവിന് നല്‍കി. ഹൃദയം തകര്‍ന്നുപോയി ഹെസക്കിയാ രാജാവിന്‍റെ. മരണവാര്‍ത്ത ആരെയാണ് ഭയപ്പെടുത്താത്തത്? എന്നാല്‍ അദ്ദേഹം നിരാശയ്ക്ക് അടിമയായില്ല. മറിച്ച് അദ്ദേഹം ദൈവത്തിന്‍റെ കരുണയില്‍ കൂടുതല്‍ ശരണപ്പെട്ടു. വേദനയോടെ കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ ദൈവം മനസലിയുമെന്നും അവിടുന്ന് തന്‍റെ തീരുമാനം മാറ്റുമെന്നും ഹെസക്കിയാ മനസിലാക്കിയിരുന്നു.

എന്താണ് അദ്ദേഹം ചെയ്തത് എന്നറിയാമോ? ആശ്വാസത്തിനായി കൊട്ടാരത്തിലെ ഉപദേശകരുടെ നേരേ അദ്ദേഹം തിരിഞ്ഞില്ല. പ്രത്യുത ഈ വിപല്‍സന്ധിയില്‍ ദൈവത്തിലേക്കുമാത്രം തിരിഞ്ഞു. അദ്ദേഹം വെറുതെ പ്രാര്‍ത്ഥിക്കുകയല്ല ചെയ്തത്, ഹൃദയം നൊന്ത്, കണ്ണീരോടെ ദൈവസന്നിധിയില്‍ നിലവിളിച്ചു. തന്‍റെ കണ്ണീര്‍ മറ്റാരും കാണാതിരിക്കാന്‍ രാജാവ് ചുമരിന് നേരേ തിരിഞ്ഞ് കിടന്നാണ് പ്രാര്‍ത്ഥിച്ചത്. ആ നിലവിളി ദൈവസന്നിധിയിലെത്തി. ദൈവം ഉടന്‍ ഉത്തരം നല്‍കി. ”ഇതാ, നിന്‍റെ ആയുസ് പതിനഞ്ചു വര്‍ഷംകൂടി ഞാന്‍ ദീര്‍ഘിപ്പിക്കും” (ഏശയ്യാ 38/5).

കഷ്ടതകള്‍ പ്രളയജലംപോലെ കരകവിഞ്ഞ് ഒഴുകുന്ന നിമിഷങ്ങളില്‍ നാം ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം നമുക്ക് അഭയമായി, ഉറപ്പുള്ള പാറയായി ഒരു ദൈവമുണ്ട്. സങ്കീര്‍ത്തകന്‍ ഇപ്രകാരം പറയുന്നു: ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ്” (സങ്കീര്‍ത്തനങ്ങള്‍ 46/1). നമ്മെ പിടിച്ചുലയ്ക്കുന്ന അതിശക്തമായ പ്രകൃതിക്ഷോഭങ്ങളോ സമാനങ്ങളായ അനുഭവങ്ങളോ ഉണ്ടായാലും ചഞ്ചലചിത്തരാകേണ്ട കാര്യമില്ല. ”ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 46/2). ഈ ദൈവത്തില്‍ അഭയം കണ്ടെത്തുന്നവര്‍ ഭാഗ്യവാന്മാര്‍. അവിടുന്ന് വലിയ കാര്യങ്ങളില്‍ മാത്രമല്ല, വളരെ നിസാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയേക്കാവുന്ന കാര്യങ്ങളില്‍പ്പോലും ശ്രദ്ധിക്കുന്ന ഒരു ദൈവംതന്നെയാണ്. എന്‍റെ ഒരു അനുഭവം കുറിക്കട്ടെ.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഒരു ദിവസം നല്ല ശാരീരികക്ഷീണം തോന്നിയതുകൊണ്ട് ഒരു ദിവസം വീട്ടില്‍ വിശ്രമിക്കാമെന്ന് കരുതി. ഉച്ചവരെ വിശ്രമിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് അല്പനേരത്തെ വിശ്രമത്തിനുശേഷം പ്രാര്‍ത്ഥനയ്ക്കായി എഴുന്നേറ്റപ്പോള്‍ കണ്ടത് ഭാര്യ മേരിക്കുട്ടി കിടക്കുന്നതാണ്. എന്താണ് പറ്റിയത് എന്ന് ഞാന്‍ ചോദിച്ചു. കാരണം അങ്ങനെ ദീര്‍ഘസമയം കിടക്കുന്ന സ്വഭാവം ഉള്ള ആളല്ല. ഗ്യാസ് കുടുങ്ങിയതുകൊണ്ടുള്ള അസ്വസ്ഥതയാണെന്ന് പറഞ്ഞു. ഇടയ്ക്ക് അങ്ങനെ വരാറുള്ളതാണ്. പണി പാളിയല്ലോ എന്നു ഞാന്‍ വിചാരിച്ചു. ശുശ്രൂഷിക്കപ്പെടുവാന്‍ കിടന്ന ഞാന്‍ ശുശ്രൂഷിക്കേണ്ട ഒരു സാഹചര്യം. വേഗം അതിനുള്ള പതിവു മരുന്നുകള്‍ നല്‍കി. കുറച്ചു കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദി തുടങ്ങി. ഞാന്‍ അടുക്കളയില്‍പോയി നോക്കി. ദൈവാനുഗ്രഹം! കഞ്ഞിക്കലത്തിന്‍റെ മൂട്ടില്‍ അല്പം ചോറുണ്ട്. ഞാന്‍ അത് ചൂടാക്കി മിക്‌സിയില്‍ ഇട്ട് അടിച്ച് ഉപ്പുചേര്‍ത്ത് നല്‍കി. ഇങ്ങനെ പല പ്രാവശ്യം നല്‍കി. അസ്വസ്ഥതകള്‍ കുറഞ്ഞു, ശാന്തമായി ഉറങ്ങുവാന്‍ തുടങ്ങി.

ഏകദേശം എട്ടുമണിയായി. വെള്ളിയാഴ്ച ആയതിനാല്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരുന്നില്ല. അടുക്കള ബന്ദാണ്. എന്തുചെയ്യും? ഹോട്ടലില്‍ പോയാല്‍ പൊറോട്ടയോ ചപ്പാത്തിയോ മാത്രമേ കിട്ടുകയുള്ളൂ. ചെറിയ കറിയാണെങ്കിലും അല്പം ചോറുണ്ണണമെന്നാണ് ആഗ്രഹം. ഭക്ഷണം പാകംചെയ്യാനുള്ള ആരോഗ്യവുമില്ല. അടുത്ത വീടുകളില്‍ ഈ സമയത്ത് ചെന്നാല്‍ ചോറുണ്ണാന്‍ വന്നതാണെന്ന് അവര്‍ വിചാരിക്കും. ഒരു കാര്യം ചെയ്യാം, ക്ഷീണമാണെങ്കിലും അല്പം ദൂരെയുള്ള അനിയന്‍റെ വീട്ടില്‍ പോകാം. ഞാന്‍ ഫോണ്‍ വിളിച്ചു, കാര്യം പറഞ്ഞു. അനിയന്‍റെ മറുപടി എനിക്ക് സന്തോഷം നല്‍കി. ‘എനിക്ക് ചക്കിട്ടപാറയ്ക്ക് വരേണ്ട ആവശ്യമുണ്ട്. കുടുംബകൂട്ടായ്മയ്ക്ക് വികാരിയച്ചന്‍ വന്നിട്ടുണ്ട്.

അച്ചനെ തിരിച്ചുകൊണ്ടുവിടാന്‍ വരുമ്പോള്‍ ഞാന്‍ ചോറും കറിയുമായി എത്തിയേക്കാം.’ ഏകദേശം ഒമ്പതുമണിയായപ്പോള്‍ ബെല്ലടിച്ചു. ഇതാ സമൃദ്ധമായ ചോറും കറിയും മുമ്പില്‍! ഒരു കാര്യം എനിക്ക് ബോധ്യമായി കാക്കകളെ വിട്ട് ഏലിയായ്ക്ക് കാലത്തും വൈകിട്ടും അപ്പവും മാംസവും കൊടുത്ത ദൈവം (1 രാജാക്കന്മാര്‍ 17/6) ചരിത്രത്തില്‍ ഉറങ്ങുന്ന ഒരു ദൈവമല്ല. അവിടുന്ന് ഇന്ന് ചക്കിട്ടപാറയിലും ജീവിക്കുന്നു,
പ്രവര്‍ത്തിക്കുന്നു. തന്നിലേക്ക് മുഖമുയര്‍ത്തുന്നവരുടെ ചെറിയ ആവശ്യങ്ങള്‍പോലും നിറവേറ്റുന്നു.

ആ ദൈവത്തിന്‍റെ മുമ്പില്‍ നമ്മുടെ ജീവിതത്തെ ഇപ്പോള്‍ നല്‍കി പ്രാര്‍ത്ഥിക്കാം:
പിതാവേ, അങ്ങ് ജീവിക്കുന്ന ദൈവമാണല്ലോ. അങ്ങയെ സംശയിച്ചുപോയ നിമിഷങ്ങളെയോര്‍ത്ത് ഞാന്‍ മാപ്പു ചോദിക്കുന്നു. അങ്ങയുടെ തിരുമുഖം എന്നും എനിക്ക് വെളിപ്പെടുത്തിത്തരണമേയെന്നുമാത്രം ഞാന്‍ അപേക്ഷിക്കുന്നു. അങ്ങയുടെ ചിറകിന്‍റെ നിഴലില്‍ എന്നെ നിരന്തരം സൂക്ഷിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

Share:

k. J Mathew

k. J Mathew

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles