Home/Engage/Article

ജുലാ 08, 2024 8 0 Shalom Tidings
Engage

‘ചെറിയ ദാസി’യുടെ വിജയരഹസ്യങ്ങള്‍

ഒരു സിസ്റ്റര്‍ മദറിനെക്കുറിച്ച് പങ്കുവച്ച അനുഭവം. മഠത്തിലെ പൂന്തോട്ടത്തിനായി ഒരു പുല്ലുവെട്ടി വേണം. അതിനെക്കുറിച്ച് മദര്‍ മേരി ലിറ്റിയോട് പറഞ്ഞപ്പോള്‍ മദര്‍ നിര്‍ദേശിച്ചത് ഇങ്ങനെ: ”നിങ്ങള്‍ എന്നോട് ചോദിക്കാതെ നമ്മുടെ അമ്മയോട് (പരിശുദ്ധ മറിയത്തോട്) ചോദിക്ക്, അമ്മ തരും.” അങ്ങനെ പറഞ്ഞ് മദര്‍ ചിരിച്ചു. സിസ്റ്റര്‍ കരുതി പണമില്ലാത്തതുകൊണ്ടായിരിക്കും എന്ന്. എങ്കിലും മദര്‍ പറഞ്ഞതല്ലേ എന്നുകരുതി പ്രാര്‍ത്ഥിച്ചു.
പിറ്റേ ദിവസം. സമീപവാസിയായ ഒരു സ്ത്രീ മഠത്തില്‍ വന്നു. പരിചയമുള്ളവരാണ്, മഠത്തെ സഹായിക്കാറുമുണ്ട്. അവര്‍ കുടുംബമായി അമേരിക്കയിലേക്ക് പോകുകയാണ്. അതിനാല്‍ യാത്ര പറയാന്‍ വന്നതാണ്. പോകാന്‍ നേരം കൈയിലിരുന്ന ഒരു പൊതി മഠത്തില്‍ ഏല്പിച്ചിട്ട് പറഞ്ഞു, ”ഒരു പുല്ലുവെട്ടിയാണ്. വീട്ടില്‍ വച്ചിട്ടുപോയാല്‍ തുരുമ്പെടുത്ത് പോകും. ഇവിടെ വല്ല ഉപകാരത്തിനും കൊണ്ടെങ്കിലോ എന്നോര്‍ത്ത് കൊണ്ടുവന്നതാ.” അതുകേട്ട് മദറും മക്കളും ചിരിച്ചു.

***** ***** ***** *****

ഒരിക്കല്‍ സന്യാസസമൂഹത്തിലെ ഒരു മഠത്തിന് സമീപത്തുള്ള കുടുംബത്തില്‍ വലിയൊരു പ്രശ്‌നമുണ്ടായി. ആ സമയത്ത് മദര്‍ അവിടത്തെ സന്യാസിനികളെയെല്ലാം ഒന്നിച്ചുകൂട്ടി ആ പ്രശ്‌നത്തിന്‍റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചു. ‘ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്‌നേഹമില്ല. ക്ഷമിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല…’ എന്നിങ്ങനെ നിരവധി കാരണങ്ങളായിരുന്നു സന്യാസിനികള്‍ പറഞ്ഞത്. പക്ഷേ മദര്‍ പറഞ്ഞു, ”ആ വീട്ടിലെ അസമാധാനത്തിനും പ്രശ്‌നങ്ങള്‍ക്കും കാരണം നമ്മുടെ പ്രാര്‍ത്ഥനക്കുറവാണ്. അതിനാല്‍ ഇന്നുരാത്രി നമുക്ക് ആ കുടുംബത്തിനുവേണ്ടി ദിവ്യകാരുണ്യസന്നിധിയിലിരുന്ന് ജാഗരിച്ചുപ്രാര്‍ത്ഥിക്കാം.” മദറിന്‍റെ നിര്‍ദേശപ്രകാരം അവര്‍ ആ രാത്രി മാറിമാറി ദിവ്യകാരുണ്യസന്നിധിയിലിരുന്ന് പ്രാര്‍ത്ഥിച്ചു. ആ കുടുംബത്തിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടു, അവിടെ സമാധാനം നിറഞ്ഞു.

***** ***** ***** *****

മദര്‍ മേരി ലിറ്റി ക്യാന്‍സര്‍ബാധിതയായ സമയത്ത് സര്‍ജറി നിശ്ചയിച്ചു. സര്‍ജറിക്കുമുമ്പ് ആശുപത്രിക്കിടക്കയിലായിരുന്ന ഒരു ദിവസം. മദര്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു. കൂടെയുള്ള സിസ്റ്റര്‍ കാരണമന്വേഷിച്ചപ്പോള്‍ മദര്‍ പറയുകയാണ്, ”എനിക്ക് നല്ല സന്തോഷമാണ്, കാരണം ഇന്നലെ രാത്രിയില്‍ ഞാനൊരു കാഴ്ച കണ്ടു. അത് സ്വപ്നമാണോ എന്നെനിക്കറിയില്ല. ഓര്‍മവച്ച നാള്‍മുതല്‍ ഞാന്‍ ചെയ്ത പാപമെല്ലാം ഒരു സ്‌ക്രീനില്‍ കാണുന്നപോലെ എന്‍റെ മുമ്പില്‍ കണ്ടു. ഞാനൊരു വലിയ പാപിയാണ്, ഇത്രയേറെ പാപങ്ങള്‍ ചെയ്ത ഞാനിനി എന്തുചെയ്യും എന്ന് വിചാരിച്ചു. എന്‍റെ ഈശോയേ എന്ന് വിളിച്ച് ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ എന്‍റെ മുന്നില്‍ വലിയൊരു കടല്‍ കണ്ടു. കടലിനും എനിക്കുമിടയില്‍ പാപങ്ങളാകുന്ന വലിയ പാറ. ഈശോ എന്നോട് പറഞ്ഞു, നിന്‍റെ പാപങ്ങളെല്ലാം ഈ കടലിലേക്ക് തള്ളിയിടൂ. എന്‍റെ കരുണക്കടലില്‍ അവയെല്ലാം ഇല്ലാതാകും. എനിക്ക് തനിയെ ചെയ്യാന്‍ കഴിയുന്ന കാര്യമായിരുന്നില്ല അത്. എങ്കിലും ഈശോ പറഞ്ഞതുകൊണ്ട് എന്‍റെ സര്‍വശക്തിയുമെടുത്ത് ഞാന്‍ ആ പാറ കടലിലേക്ക് ആഞ്ഞുതള്ളി. പാറ കടലില്‍ മുങ്ങിപ്പോയി. അതുകഴിഞ്ഞപ്പോള്‍മുതല്‍ എനിക്ക് വലിയ സ്വസ്ഥതയും സമാധാനവുമാണ്. ഈശോയുടെ കരുണയ്ക്ക് പറ്റാത്തതായി ഒന്നുമില്ലല്ലോ.”

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles