Home/Encounter/Article

ജനു 30, 2020 1911 0 Shalom Tidings
Encounter

ദൈവത്തെ തടയാന്‍ കഴിയും!

സ്രഷ്ടാവായ ദൈവം സൃഷ്ടികളായ മനുഷ്യരെ പിടിച്ചുനിര്‍ത്തുന്നതല്ല; മറിച്ച് കേവലം സൃഷ്ടികളായ ചില മനുഷ്യര്‍ ദൈവത്തിലുള്ള തങ്ങളുടെ അചഞ്ചലമായ വിശ്വാസംകൊണ്ട് സ്രഷ്ടാവിനെ പിടിച്ചുനിര്‍ത്തുന്നതാണ് വിശുദ്ധ ബൈബിളിലെ ഏറ്റവും മനോഹരമായ രംഗങ്ങള്‍. ഞാന്‍ എത്തിപ്പെട്ടിരിക്കുന്ന ജീവിതസാഹചര്യത്തിന്‍റെ മറുവശത്ത് എന്‍റെ ദൈവമുണ്ടെന്നും ഞാന്‍ വിളിച്ചാല്‍ എന്നെ സഹായിക്കാന്‍ അവന്‍ ഓടിവരുമെന്നുമുള്ള ഒരു വിശ്വാസമുണ്ടല്ലോ, അതാണ് ഒരുവനെ യഥാര്‍ത്ഥ ക്രിസ്ത്യാനിയാക്കുന്നത്. പഴയനിയമത്തിലെ മനോഹരമായ വചനങ്ങളിലൊന്ന് ഈ വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ്, “നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്?” (നിയമാവര്‍ത്തനം 4:7).

ദൈവത്തെ തടഞ്ഞ മോശ

ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍നിന്ന് വിമോചിപ്പിക്കാന്‍ ദൈവം നിയോഗിച്ച മോശ, തന്‍റെ ദൈവവിളിയില്‍ വളര്‍ന്നത് ദൈവവുമായി ആത്മബന്ധം ഉണ്ടാക്കിക്കൊണ്ടാണ്. മോശയ്ക്ക് കര്‍ത്താവ് ഇസ്രായേലിന്‍റെ ദൈവം മാത്രമായിരുന്നില്ല; തന്‍റെ ഒരു ആത്മസുഹൃത്തുകൂടി ആയിരുന്നു. ഹൃദയം പരിശോധിക്കുന്ന ദൈവം മോശയുടെ വിശ്വാസത്തിന്‍റെ ഈ വളര്‍ച്ച മനസിലാക്കിയതുകൊണ്ടാണ് ഇസ്രായേല്‍ ജനത്തെക്കുറിച്ചുള്ള തന്‍റെ പരിഭവങ്ങള്‍ മോശയോട് പങ്കുവയ്ക്കുന്നതും. ദുഃശാഠ്യക്കാരായ ഇസ്രായേല്‍ ജനത്തെ ഒരു പാഠം പഠിപ്പിക്കാന്‍ ദൈവം ഒരുങ്ങുമ്പോഴും ദൈവത്തിന്‍റെ മുമ്പില്‍ ഒരു തടസമായി നില്ക്കുന്നതും മോശയുമായുള്ള ഈ ആത്മബന്ധംതന്നെയാണ്. അതാണ് ദൈവം മോശയോട് പറയുന്നത്, നീ എന്നെ തടയരുത് (പുറപ്പാട് 32:10) എന്ന്. തന്‍റെ ആത്മബന്ധംകൊണ്ട് സ്രഷ്ടാവായ ദൈവത്തെപ്പോലും പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ മോശ സ്രഷ്ടാവിനോടുള്ള ബന്ധത്തിന് പുതിയൊരു മാനം തരുന്നു.

ദൈവത്തിന്‍റെ ബലഹീനത

എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല (യോഹന്നാന്‍ 15:5) എന്ന് ഈശോ പറഞ്ഞതുതന്നെ തന്‍റെ സൃഷ്ടിയുടെ നിസഹായാവസ്ഥയെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടുതന്നെയാണ്. മനുഷ്യന്‍റെ നിസഹായാവസ്ഥയ്ക്കുള്ള ഉത്തരമാണ് ദൈവം. സൃഷ്ടിയുടെ നിലവിളി സ്രഷ്ടാവിന്‍റെ ബലഹീനതയാണ് എന്നതിന് തിരുവചനം സാക്ഷി. അതാണ് സങ്കീര്‍ത്തകന്‍ പറയുന്നത്: ഞാന്‍ എന്‍റെ അവസ്ഥ വിവരിച്ചപ്പോള്‍ കര്‍ത്താവ് എനിക്ക് ഉത്തരമരുളി (119:26).

ജീവിതത്തിന്‍റെ പച്ചയായ ചില സാഹചര്യങ്ങളില്‍ തളരാതെ, നിരാശരാകാതെ ദൈവത്തെ വിളിക്കാന്‍ നമ്മെ പഠിപ്പിക്കുന്ന ജീവനുള്ള സാക്ഷിയാണ് ബര്‍തിമേയൂസ്. അവന്‍ യേശുവിലേക്ക് ഹൃദയം ഉറപ്പിച്ച് വിശ്വാസത്തോടെ, കണ്ണീരോടെ വിളിച്ചു. നിലവിളി നിര്‍ത്താന്‍ പറഞ്ഞ ജനത്തിന്‍റെ ഉപദേശത്തിന് അവന്‍റെ വിശ്വാസദാര്‍ഢ്യത്തെ ഒതുക്കിനിര്‍ത്താനായില്ല. അവന്‍ എല്ലാം മറന്ന് സഹായത്തിനായി വിളിച്ചപ്പോള്‍ ദൈവം അവനുവേണ്ടി നിശ്ചലനായി (മര്‍ക്കോസ് 10:49). പ്രാര്‍ത്ഥനയ്ക്ക് ഒരു പുതിയ മാനം തരുകയാണ് ഈ ബര്‍തിമേയൂസ്.

ഹൃദയത്തിന്‍റെ ശക്തി

ആത്മാര്‍ത്ഥതയ്ക്ക് വലിയ വില കൊടുക്കുന്നവനാണ് നമ്മുടെ ദൈവം. ഹൃദയപരമാര്‍ത്ഥതയാണ് ദൈവം ആഗ്രഹിക്കുന്നത് (സങ്കീര്‍ത്തനങ്ങള്‍ 51:6) എന്ന് വചനം പഠിപ്പിക്കുന്നതിന്‍റെ പൊരുള്‍ ഇതാണ്. സുവിശേഷങ്ങളിലെ ഈശോ അനേകരെ രക്ഷിച്ചിട്ടുണ്ട്. ജനം തിരിച്ച് ഈശോയ്ക്ക് നന്ദി പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ പാപത്തിന്‍റെ പടുകുഴിയില്‍ വീണുകിടന്ന തന്നെ കരുണാര്‍ദ്രമായ സ്നേഹത്താല്‍ മാടിവിളിച്ച ഈശോയോട് ശിഷ്ടജീവിതംകൊണ്ട് നന്ദി പറഞ്ഞ മഗ്ദലന മറിയമെന്ന സ്ത്രീയുടെ ആത്മാര്‍ത്ഥതയ്ക്ക് ഈശോയെ പിടിച്ചുനിര്‍ത്താന്‍മാത്രം ശക്തിയുണ്ടായിരുന്നു. തനിക്ക് പാപമോചനം നല്കിയ ദൈവത്തോട് ജീവിതവിശുദ്ധികൊണ്ട് ആത്മാര്‍ത്ഥത കാട്ടിയ മറിയം മഗ്ദലന കുമ്പസാരം എന്ന കൂദാശയ്ക്കുതന്നെ ഒരു ദിശാബോധം നല്കുകയാണ്.

ഒരു കാര്യം മറക്കാതിരിക്കാം. നമ്മുടെ ദൈവം ഇന്നും ജീവിക്കുന്ന ക്രിസ്തുവാണ്. ഞാന്‍ വിശ്വാസത്തോടെ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന, എനിക്കായിമാത്രം തന്‍റെ യാത്ര നിര്‍ത്തി എന്‍റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ മനസുള്ള ദൈവമാണ് അവിടുന്ന്. ആ ദൈവത്തെ വിശ്വാസംകൊണ്ട് പിടിച്ചുനിര്‍ത്താനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles