Home/Encounter/Article

ഡിസം 26, 2019 2039 0 Rev Dr Roy Paalaatty
Encounter

ദൈവത്തിന്‍റെ വഴികളറിയുക

ദൈവത്തിന്‍റെ വഴികള്‍ വിസ്മയകരങ്ങളാണ്. അത് മനുഷ്യദൃഷ്ടിയില്‍ ഗണിച്ചെടുക്കാവുന്നവയല്ല. വലിയ പ്രതിസന്ധികള്‍ക്കുള്ള പരിഹാരം ഏറെ എളിയതാകാം. അതു നിര്‍ദേശിക്കുമ്പോള്‍ സ്വീകരിക്കുകയാണ് പ്രധാനം. എളിയ മാര്‍ഗങ്ങളിലൂടെ വന്‍കാര്യങ്ങള്‍ ചെയ്യാന്‍ കര്‍ത്താവിനാകും.

സിറിയാരാജാവിന്‍റെ സൈന്യാധിപനായിരുന്നു നാമാന്‍. നീതിമാനായ നാമാന്‍റെ സാന്നിധ്യം സിറിയാ രാജ്യത്തിന് മുഴുവന്‍ അനുഗ്രഹമായിരുന്നു. എങ്കിലും, നാമാന്‍ കുഷ്ഠരോഗിയായിരുന്നു. ചികിത്സകള്‍ പലതു ചെയ്തിട്ടും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് ഇസ്രായേല്‍ ദേശത്ത് എലീഷാ എന്നൊരു പ്രവാചകനുണ്ടെന്നും അദ്ദേഹത്തിന്‍റെ ഉന്നതമായ വരദാന സിദ്ധികളെക്കുറിച്ചും അറിവു ലഭിച്ചത്.

സൈന്യാധിപനെ സ്നേഹിച്ചിരുന്ന രാജാവ് ഇസ്രായേല്‍ രാജാവിനു കത്തെഴുതി. യാത്രയ്ക്കുള്ള സൗകര്യങ്ങളൊരുക്കി. രഥങ്ങളും കുതിരകളുമായി എലീഷായുടെ വീട്ടുപടിക്കലെത്തി. എലീഷാ, ഒരു ദൂതനെ അവരുടെ അടുത്തേക്കയച്ചു: “നാമാന്‍, നീ ജോര്‍ദാനില്‍ പോയി ഏഴുപ്രാവശ്യം കുളിക്കുക. നീ ശുദ്ധനായി ശരീരം പൂര്‍വ്വസ്ഥിതിയെ പ്രാപിക്കും.” (2 രാജാ. 5:10) നാമാന് ദേഷ്യം നിയന്ത്രിക്കാനായില്ല. “എന്‍റെ നാട്ടില്‍ കുളങ്ങളില്ലാഞ്ഞിട്ടാണോ ഇവിടേയ്ക്ക് എന്നെ അയച്ചത്? നാട്ടിലെ കുളങ്ങള്‍ ജോര്‍ദാനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ടതല്ലേ?” നാമാന്‍ പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയാണ്. ജോര്‍ദാനിലെ വെള്ളം അത്ര ശുദ്ധമല്ല. പരിസരവും അത്ര നല്ലതല്ല. അല്ലെങ്കിലും, കുളത്തില്‍ മുങ്ങിയാല്‍ കുഷ്ഠം മാറുന്നതെങ്ങനെയാണ്?

നാമാന്‍ തുടര്‍ന്നു: “എലീഷാ പ്രവാചകന്‍ അടുത്തെത്തി, കരം വീശി, ദൈവനാമത്തില്‍ എന്നെ സൗഖ്യപ്പെടുത്തുമെന്നാണ് ഞാന്‍ കരുതിയത്.” പ്രശ്നവും പരിഹാരവും നാമാന്‍റെ കൈവശമുണ്ട്. പക്ഷേ, ദൈവവഴികള്‍ അറിയാനുള്ള മനസും അതനുസരിക്കാനുള്ള എളിമയും അയാള്‍ക്കില്ലാതെ പോയി. ദൈവതിരുമുമ്പില്‍ പ്രാര്‍ത്ഥന ഉണര്‍ത്തുന്ന അര്‍ത്ഥി തന്നെ പരിഹാരവും നിശ്ചയിക്കുന്നു!

എന്‍റെ കുടുംബം ശരിയാകാന്‍ നീ എന്‍റെ വരുമാനമാര്‍ഗങ്ങള്‍ അനുഗ്രഹിക്കണം. എന്‍റെ ആത്മീയജീവിതം ശരിയാകാന്‍ അങ്ങെന്‍റെ വരദാനങ്ങള്‍ മിനുസപ്പെടുത്തണം. എനിക്കൊരു ഉയര്‍ച്ചയുണ്ടാകാന്‍ അങ്ങന്‍റെ പാസ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന രാജ്യത്തിന്‍റെ സീല്‍ ഞാന്‍പതിപ്പിക്കണം. ഇങ്ങനെ പോകുന്നു, ആ പരിഹാരവഴികള്‍. നാം നിനക്കാത്ത എത്രയോ വഴികള്‍ ദൈവത്തിന്‍റെ മനസിലുണ്ട്!

നാമാന്‍ തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ ഭൃത്യന്മാരില്‍ ഒരാള്‍ ചോദിച്ചു: “പ്രവാചകന്‍ ഭാരിച്ച കാര്യമാണ് നിര്‍ദേശിച്ചിരുന്നതെങ്കില്‍ അങ്ങ് അത് ചെയ്യുമായിരുന്നില്ലേ? ദൈവപുരുഷന്‍റെ വാക്കനുസരിക്കുന്നതല്ലേ നല്ലത്.” നാമാനെന്ന സൈന്യാധിപന്‍ ജോര്‍ദാനിലേക്ക് എത്തുന്നത് മനസില്ലാമനസോടെയാണ്. കാരണം, താന്‍ കാണുന്ന ഒരു പരിഹാരവഴിയിലല്ല, ദൈവപുരുഷന്‍റെ നിര്‍ദേശങ്ങള്‍. എങ്കിലും, ഏഴാവര്‍ത്തി മുങ്ങി, ശരീരം മുഴുവന്‍ ഒരു പൈതലിനുസമാനം ശുദ്ധമായി, സൗഖ്യപ്പെട്ടു.

ദൈവം പറയുന്ന എളിയ ചുവടുകള്‍ മതി, ചരിത്രത്തിന്‍റെ ദിശ മാറാന്‍. അതനുസരിക്കുന്നവരാകണം നാം എന്നതാണ് പ്രധാനം. സ്രഷ്ടാവിനേക്കാള്‍ ബുദ്ധിയുള്ളവരും പ്രാപ്തിയുള്ളവരുമാണ് നാമെന്ന് ചിന്തിക്കുമ്പോള്‍, ദൈവശബ്ദം നേര്‍ത്ത് ഇല്ലായ്മ ചെയ്യപ്പെടും. കടലില്‍ കാറ്റിനെ അയച്ചവനറിയാം അതിനെ എങ്ങനെ ഒടുക്കണമെന്ന്. നാം മാര്‍ഗങ്ങള്‍ നിര്‍ദേശിക്കേണ്ടതില്ല. കടലിനു മുമ്പില്‍ നമ്മെ നിറുത്തിയവനറിയാം അതിനെ എങ്ങനെ കുറുകെ കടക്കാന്‍ അനുവദിക്കണമെന്ന്.

പരിഹാരം കാണാനാവാത്ത ഒരു പ്രശ്നവും മാനവന്‍റെ ജീവിതമേശപ്പുറത്തേക്ക് അവന്‍ എറിഞ്ഞു തരില്ല. പക്ഷേ, അവന്‍ പറയുന്നത് അനുസരിക്കണം. “എന്‍റെ ചിന്തകള്‍ നിങ്ങളുടേതു പോലെയല്ല. നിങ്ങളുടെ വഴികള്‍ എന്‍റേതുപോലെയുമല്ല. ആകാശം ഭൂമിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനേക്കാള്‍ ഉന്നതമത്രേ” (ഏശ. 55:8).

വൃക്ഷത്തിന്‍റെ വേരിന്‍റെ ആഴമറിയാതെ ശിഖിരങ്ങളില്‍ മാത്രം നോക്കി തീര്‍പ്പുകള്‍ കല്‍പ്പിക്കുന്നവരാണ് മനുഷ്യര്‍. ചെങ്കടലിന്‍റെ മുമ്പില്‍ നമ്മെ നിറുത്തിയിട്ട് അവന്‍ ഒരിക്കലും നമ്മെ കൈവിടില്ല. അതു മുറിക്കാന്‍ ഒരു മോശയും ഒരു വടിയും മതി. ജെറീക്കോ കോട്ടയുടെ മുമ്പില്‍ വെച്ച് അവന്‍ നമ്മെ തനിയെയാക്കില്ല. അതു തകര്‍ക്കാന്‍ ഒരു ജോഷ്വായും ഒരാരവവും അവന്‍ കരുതിവെച്ചിട്ടുണ്ട്. വടി ഉയര്‍ത്താനും ആരവം മുഴക്കാനും മുങ്ങി എഴുന്നേല്‍ക്കാനും നീ മനസുകാണിച്ചാല്‍മതി.

Share:

Rev Dr Roy Paalaatty

Rev Dr Roy Paalaatty

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles