Home/Encounter/Article

മേയ് 19, 2024 45 0 Shalom Tidings
Encounter

തിരുക്കുടുംബത്തിലെ അസാധാരണ അലങ്കാരം

വാഴ്ത്തപ്പെട്ട ആന്‍ കാതറിന്‍ എമറിച്ചിന് ലഭിച്ച ദര്‍ശനങ്ങളനുസരിച്ച് തിരുക്കുടുംബം ഈജിപ്തിലേക്ക് പലായനം ചെയ്യുന്ന സമയത്ത് ഏതാണ്ട് 12 ആഴ്ച പ്രായമായിരുന്നു ഉണ്ണീശോയ്ക്ക്. ഈജിപ്തില്‍ ചെറിയ യഹൂദസമൂഹത്തോടുചേര്‍ന്ന് തിരുക്കുടുംബവും താമസമാരംഭിച്ചു. ഒരു ചെറുഗു ഹയായിരുന്നു താമസത്തിനായി കണ്ടെത്തിയത്. അവര്‍ എത്തിയപ്പോള്‍ അവിടത്തെ ഒരു വിജാതീയക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം താനേ തകര്‍ന്നുവീണു. ജോസഫ് അതിനെ ഒരു സിനഗോഗുപോലെയാക്കി മാറ്റി.

പതിയെ അവര്‍ക്കുചുറ്റും യഹൂദരും വിജാതീയരില്‍നിന്ന് യഹൂദവിശ്വാസം സ്വീകരിച്ചവരുമായി കുറച്ചുപേര്‍ കൂടി. അവരെല്ലാംതന്നെ തികച്ചും ദരിദ്രരും വിശ്വാസത്തില്‍ ക്ഷയം സംഭവിച്ചവരുമായിരുന്നു. ജോസഫിനെക്കുറിച്ച് അവര്‍ക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ദൈവം അദ്ദേഹത്തിന് നല്കിയ സ്ഥാനത്തിനനുസൃതമായി ആ സമൂഹത്തില്‍ ഒരു മഹത്പിതാവിനെപ്പോലെ അദ്ദേഹം പരിഗണിക്കപ്പെട്ടു. ജോസഫ് അവരെ സങ്കീര്‍ത്തനങ്ങള്‍ ശരിയായി ചൊല്ലാന്‍ പഠിപ്പിച്ചു.

തിരുക്കുടുംബത്തിന്‍റെ ജീവിതവും ഏറെ ക്ലേശം നിറഞ്ഞതായിരുന്നു. ശുദ്ധമായ വെള്ളമോ ആവശ്യത്തിന് വിറകോ ലഭ്യമായിരുന്നില്ല. എങ്കിലും ജോസഫിന്‍റെ പെരുമാറ്റം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. അദ്ദേഹത്തിന് ഏറെ ജോലികള്‍ ലഭിച്ചു. തികച്ചും മോശമായ താമസസ്ഥലങ്ങള്‍ അദ്ദേഹം മോടിയാക്കിനല്കി. പക്ഷേ പലരും അദ്ദേഹത്തെ അടിമയെപ്പോലെയാണ് കരുതിയത്, അതിനാല്‍ത്തന്നെ വേണ്ടത്ര പ്രതിഫലം നല്കിയില്ല. പക്ഷേ ജോസഫ് അസംതൃപ്തനായി ഒരിക്കലും കാണപ്പെട്ടില്ല.

തിരുക്കുടുംബത്തിന് അവശ്യംവേണ്ട മരഉരുപ്പടികള്‍ ജോസഫുതന്നെ നിര്‍മിച്ചു. ആന്‍ കാതറിന്‍ എമറിച്ച് കണ്ടതനുസരിച്ച് അവരുടെ കൊച്ചുഭവനത്തില്‍ പാനപാത്രംപോലുള്ള കൊച്ചുപാത്രങ്ങളില്‍ ചെടികള്‍ വച്ചിരുന്നു. അതിലൊന്ന് ജോസഫിന്‍റെ പുഷ്പിച്ച വടിയായിരുന്നു. അതിനുമുകളിലെ തണ്ട് പച്ചയായി കാണപ്പെട്ടു, അത് പുഷ്പിച്ചാണ് നിന്നിരുന്നത്. ജോസഫിന്‍റെ ദൗത്യത്തിന്‍റെയും വിശുദ്ധിയുടെയുമെല്ലാം അടയാളംപോലെ ഒരു അസാധാരണ പുഷ്പാലങ്കാരം.

ഏറെനാള്‍ വേണ്ട വെള്ളമില്ലാതെ കഷ്ടപ്പെട്ടെങ്കിലും അതിനുശേഷം മാലാഖയിലൂടെ മാതാവിന് ലഭിച്ച ദര്‍ശനമനുസരിച്ച് ഒരു ഉറവ കണ്ടെത്തി. അത് സന്തോഷപൂര്‍വം ജോസഫിനെ അറിയിച്ചപ്പോള്‍ അദ്ദേഹം അവിടത്തെ ഭൂമിയുടെ പുറംപാളി നീക്കുകയും ഒരു പഴയ കിണര്‍ കണ്ടെത്തുകയും ചെയ്തു. അത് ശുചിയാക്കി അവര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇപ്രകാരം കഠിനാധ്വാനിയായ ജോസഫിന്‍റെ നേതൃത്വത്തില്‍ തിരുക്കുടുംബം ലളിതമെങ്കിലും കൃപാപൂര്‍ണമായ ജീവിതം നയിച്ചു.

തിരുക്കുടുംബത്തിന്‍റെ കാവല്‍ക്കാരനും തൊഴിലാളികളുടെ മധ്യസ്ഥനുമായ വിശുദ്ധ ജോസഫിന്‍റെ സംരക്ഷണത്തിന്‍കീഴില്‍ നമുക്കും നമ്മെത്തന്നെ സമര്‍പ്പിക്കാം.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles