Trending Articles
2016-ലെ യു.എസ് ഇലക്ഷന്‍ നടക്കുമ്പോള്‍ ഞാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് താമസിച്ചിരുന്നത്. അന്ന്, ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ആസ്വദിക്കാന്‍ കൊതിക്കുന്ന നിരീശ്വരവാദിയായിരുന്നു. പക്ഷേ ട്രംപ് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്‍റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാത്രി എന്‍റെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്ന ചിലത് സംഭവിച്ചു.
ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകനായി ഫ്‌ളോറിഡായില്‍ ടാംപാ ബേ പ്രദേശത്തിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലാണ് എന്‍റെ ജനനം. ക്രൈസ്തവികതയുമായി സ്‌കൂള്‍പഠനത്തിലൂടെയും അയല്‍ക്കാര്‍വഴിയും പരിചയം ഉണ്ടായിരുന്നെങ്കിലും സുവിശേഷസന്ദേശം വ്യക്തമായി എന്നോട് പ്രഘോഷിക്കപ്പെട്ടിരുന്നില്ല. മാത്രവുമല്ല എന്‍റെ കുടുംബം പിന്തുടര്‍ന്നുവന്നിരുന്ന ഹിന്ദു വിശ്വാസം എനിക്ക് വളരെ പ്രധാനപ്പെട്ടതും ആയിരുന്നു. കോളേജിലെ ഹിന്ദു വിദ്യാര്‍ത്ഥി അസോസിയേഷന്‍റെ പ്രസിഡന്റായിരുന്നു ഞാന്‍.
കോളേജ് വിദ്യാഭ്യാസത്തിനുശേഷം സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ എന്ന നിലയില്‍ എന്‍റെ കരിയര്‍ ആരംഭിക്കുന്നതിനായി സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് മാറി. ആ സമയത്ത് ഹിന്ദുവിശ്വാസമനുസരിച്ച് എനിക്ക് ദൈവത്തോടുണ്ടായിരുന്ന ബന്ധമെല്ലാം ആവിയായിപ്പോയി. പാര്‍ട്ടികളും ഒരു ചിന്തയുമില്ലാതെയുള്ള ഡേറ്റിംഗും തുടങ്ങി ആസ്വദിക്കാവുന്ന എല്ലാ സന്തോഷങ്ങളുടെയും പുറകെയായി പിന്നെ ജീവിതം. പല സൈഡ് ബിസിനസുകളും തുടങ്ങിയെങ്കിലും എല്ലാം പരാജയപ്പെട്ടു, ജീവിതത്തില്‍ എങ്ങുമെത്താത്ത അവസ്ഥ.
ആ സമയത്താണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. പിറ്റേന്ന് ഞാന്‍ സുഹൃത്തിന് അയച്ച മെസേജ് ഇങ്ങനെയായിരുന്നു, ”ഞാനൊരു പുതിയ അമേരിക്കയിലേക്ക് ഉറക്കമുണരുന്നതുപോലെയാണ് തോന്നുന്നത്.” കാരണം അതെനിക്ക് തികച്ചും അപ്രതീക്ഷിതമായ സംഭവമായി തോന്നി. എന്തുകൊണ്ട് എല്ലാവരും ട്രംപിന് വോട്ട് ചെയ്തുവെന്ന് ഞാന്‍ ചിന്തിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന സാന്‍ ഫ്രാന്‍സിസ്‌കോ പോലെയൊരു നഗരത്തില്‍ ജീവിക്കുന്ന ആളെന്ന നിലയില്‍, ആരും ട്രംപിനെ ഗൗരവത്തിലെടുത്തിരുന്നതായി എനിക്ക് തോന്നിയിട്ടില്ല. അതിനാല്‍ത്തന്നെ ഫ്‌ളോറിഡായില്‍, ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലത്തുചെന്ന് ആളുകള്‍ ട്രംപിന് വോട്ട് ചെയ്യാനുള്ള കാരണത്തെക്കുറിച്ച് ഒരു അന്വേഷണം നടത്തി.
എനിക്കറിയാവുന്ന ആളുകളോട് സംസാരിക്കുംതോറും ക്രൈസ്തവമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതാണ് ട്രംപിന്‍റെ വിജയകാരണം എന്ന് വ്യക്തമായിക്കൊണ്ടിരുന്നു. അതിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയസംഹിതകളിലും ധാര്‍മികതയെക്കുറിച്ചുള്ള ചിന്തകളിലും ഞാന്‍ കൂടുതല്‍ ആകൃഷ്ടനാവാന്‍ തുടങ്ങി. പക്ഷേ യേശുക്രിസ്തുവെന്ന വ്യക്തിയെ ഞാനത്ര സ്വീകരിച്ചില്ല. ഞാനൊരു നിരീശ്വരനായിരുന്നു അപ്പോള്‍. അതിനാല്‍ത്തന്നെ ദൈവമെന്നല്ല, യേശുക്രിസ്തു എന്നൊരു മനുഷ്യന്‍പോലും ഈ ഭൂമിയില്‍ ജീവിച്ചിരുന്നതായി ഞാന്‍ വിശ്വസിച്ചിരുന്നില്ല. ക്രൈസ്തവികത എന്ന ആശയംതന്നെ ഒരു തമാശയായിട്ടാണ് കരുതിയത്. എന്നാല്‍, ഒടുവില്‍ എന്‍റെ അന്വേഷണത്തിന്‍റെ മറ്റെല്ലാ വഴികളും അടയുകയും മുന്നോട്ടുനീങ്ങാനാവാത്തവിധം ഞാന്‍ നിന്നുപോവുകയും ചെയ്തു. തുടര്‍ന്ന് മുന്നോട്ടുള്ള വഴി തുറക്കണമെങ്കില്‍ ക്രൈസ്തവികത സ്വയം എന്താണ് പറയുന്നത് എന്ന് പഠിക്കാതെ തരമില്ലെന്നുവന്നു.
മയക്കുമരുന്നും മദ്യവും അതിരുവിട്ട ലൈംഗികതയും സമാനമായ മറ്റ് പ്രലോഭനങ്ങളും വലച്ചിരുന്നവര്‍ എങ്ങനെ മാറ്റത്തിലേക്ക് വന്നു എന്ന സാക്ഷ്യങ്ങള്‍ ആ സമയത്ത് എന്നെ വളരെ സ്വാധീനിച്ചു. എന്‍റെ അവസ്ഥകളുമായി അവരുടെ വിവരണങ്ങള്‍ക്ക് നല്ലവണ്ണം സാമ്യമുണ്ടായിരുന്നു. കാരണം അത്തരം പ്രലോഭനങ്ങളോടൊന്നും ‘നോ’ പറയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. മനുഷ്യരെന്ന നിലയില്‍ ഉത്ഭവപാപം വഴി നാം ദുര്‍ബലരാണെന്നും ശത്രുവിന്‍റെ പ്രലോഭനങ്ങളെ തനിയെ നേരിടാനാവില്ലെന്നും ഒരിക്കലും ഞാന്‍ മനസിലാക്കിയിരുന്നില്ല. എങ്കിലും എന്‍റെ പാപങ്ങളില്‍നിന്നും പരാജയങ്ങളില്‍നിന്നും പുറത്തുകടക്കാനുള്ള ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. എന്നെത്തന്നെ നശിപ്പിക്കുന്ന അവസ്ഥയില്‍നിന്ന് എങ്ങനെയെങ്കിലും പുറത്തുവരണമെന്ന ആശ.
കത്തോലിക്കാസഭയ്ക്ക് പുറത്തുനിന്നുകൊണ്ട് ദൈവത്തോട് ‘യെസ്’ പറയാന്‍ ഞാന്‍ ശ്രമിക്കുംതോറും ജീവിതത്തിലെ കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങി. ഒടുവില്‍, തകര്‍ന്ന ബന്ധങ്ങളും തകര്‍ന്ന ബിസിനസ് സംരംഭങ്ങളും എന്നില്‍നിന്നുതന്നെ സംഭവിച്ച തെറ്റുകളും എല്ലാം കണ്ട് സ്വയം പറഞ്ഞു, ”എനിക്ക് മതിയായി, എന്നെത്തന്നെ നശിപ്പിച്ച് എനിക്ക് മതിയായി. ദൈവത്തോട് ‘യെസ്’ പറയാന്‍ എന്ത് ചെയ്യാനും ഞാന്‍ തയാറാണ്.” അതൊരു നിര്‍ണായക തീരുമാനമായിരുന്നു. അതോടൊപ്പം, കത്തോലിക്കാസഭയില്‍ ചേരാനും ചാരിത്ര്യശുദ്ധി, ഗര്‍ഭഛിദ്രം എന്നിവയെക്കുറിച്ചെല്ലാമുള്ള സഭയുടെ ഉറച്ച പഠനങ്ങള്‍ അനുസരിച്ച് ജീവിക്കാനും ആഗ്രഹം തോന്നിത്തുടങ്ങി.
ആ സമയങ്ങളില്‍ എന്‍റെ ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് എന്നിലുണ്ടായ മാറ്റങ്ങള്‍ മനസിലായി. അതിനാല്‍ ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞു, ”നിങ്ങള്‍ കത്തോലിക്കനാകാന്‍ തീരുമാനിച്ചു. ഇനി നിങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാം അല്ലേ? അതെനിക്ക് അംഗീകരിക്കാനാവില്ല. ഞാന്‍ ഈ ബന്ധം ഉപേക്ഷിക്കുകയാണ്!” താമസസ്ഥലത്ത് ഉണ്ടായിരുന്ന മിക്കവാറും സാധനങ്ങളും എടുത്തുകൊണ്ട് അവള്‍ പോയി. ആ ബന്ധവും അങ്ങനെ തകര്‍ന്നു.
എന്‍റെ വേദന ദൈവത്തിന്റേതുമോ?
തുടങ്ങിയിരുന്ന സ്റ്റാര്‍ട്ടപ്പ് പരാജയപ്പെട്ടു, വാടക നല്കാന്‍പോലും കൈയില്‍ പണമില്ല, ബന്ധങ്ങളാകട്ടെ തകരുന്നു- ഇങ്ങനെയൊരു അവസ്ഥ. ആ ദിവസങ്ങളിലൊന്നില്‍ ഉറക്കമുണര്‍ന്ന ഞാന്‍ ചിന്തിച്ചത് ഇങ്ങനെയാണ്, ”ഇതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസം…” വാസ്തവത്തില്‍ അത്തരം ദിവസങ്ങള്‍ ആദ്യമായല്ല ഞാന്‍ നേരിടുന്നത്. പക്ഷേ അന്ന് മനസില്‍ ഞാനിങ്ങനെ പറഞ്ഞു, ”ദൈവമേ, അങ്ങയുടെ ഏറ്റം കഠിനമായ ദിവസം അങ്ങ് എന്നെ സ്വീകരിച്ചു. ഇന്ന് എന്‍റെ ഏറ്റം കഠിനമായ ഈ ദിവസം ഞാന്‍ അങ്ങയെ സ്വീകരിക്കുന്നു.” കുരിശുമരണം അവിടുത്തെ മനുഷ്യജീവിതത്തിന്‍റെ ഏറ്റം കഠിനമായ ദിവസമായിരുന്നു എന്ന ചിന്തയിലാണ് അപ്രകാരം പറഞ്ഞത്.
അന്ന് ഞാന്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്നിട്ടില്ല, പക്ഷേ യേശു കുരിശുമരണത്തിലൂടെ കത്തോലിക്കാസഭയെ നമുക്ക് നല്കി എന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു. ”അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹന്നാന്‍ 3/16) എന്നാണല്ലോ വചനം ഉറപ്പുനല്‍കുന്നത്.
എന്തായാലും അന്നുമുതല്‍ ഞാനൊരു നല്ല ക്രൈസ്തവവിശ്വാസിയാകാന്‍ ശ്രമം തുടങ്ങി. താമസിയാതെ RCIA- Rite of Christian Initiation of Adults എന്ന മാമ്മോദീസയ്ക്ക് ഒരുക്കമായുള്ള പരിശീലനത്തിന് ചേര്‍ന്നു. കുറച്ച് മാസങ്ങള്‍ക്കകം സാന്‍ ഫ്രാന്‍സിസ്‌കോ സെയ്ന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍വച്ച് മാമ്മോദീസയും സ്വീകരിച്ചു.
പിന്നീടങ്ങോട്ട് ജീവിതം മാറുകയായിരുന്നു. ജീവിതം എങ്ങനെ ശരിയായി കൊണ്ടുപോകണമെന്ന് എനിക്കറിയില്ലെന്ന് ബോധ്യമായതോടെ എന്‍റെ ജീവിതം ഞാന്‍ ദൈവത്തിന് ഭരമേല്പിച്ചു. തുടര്‍ന്ന് ബിസിനസില്‍ വിജയം കണ്ടു. അങ്ങനെ കത്തോലിക്കാവിശ്വാസത്തില്‍ ആഴപ്പെട്ട് ജീവിക്കാന്‍ തുടങ്ങിയ നാളുകളില്‍, ഞാന്‍ മാമ്മോദീസ സ്വീകരിച്ച ദൈവാലയത്തില്‍ത്തന്നെ മാമ്മോദീസ സ്വീകരിച്ച ലിലിയെ കണ്ടുമുട്ടി. വിവിധ ക്രൈസ്തവപരിപാടികളില്‍ ഞങ്ങള്‍ ആവര്‍ത്തിച്ച് പരസ്പരം കാണാനിടയാവുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീടാണ് വിശുദ്ധിയുള്ള ഒരു വിവാഹജീവിതത്തിലേക്ക് കടക്കാന്‍ ആഗ്രഹിച്ചത്. അതോടെ ദിവ്യകാരുണ്യ ആരാധനക്കായി ഞങ്ങള്‍ ഒന്നിച്ചുപോകാന്‍ തുടങ്ങി.
ദിവ്യകാരുണ്യ ഈശോയെ ഒരുമിച്ച് ആരാ ധിച്ചാണ് ഞങ്ങള്‍ വിവാഹത്തിന് ഒരുങ്ങിയത്. 2022 ഡിസംബര്‍ 10-ന് ലൊറെറ്റോ മാതാവിന്‍റെ തിരുനാള്‍ദിനത്തില്‍ ഞങ്ങള്‍ വിവാഹമെന്ന കൂദാശ സ്വീകരിച്ചു.വഴിവിട്ട ബന്ധങ്ങളിലായിരുന്നപ്പോള്‍, ലഭിക്കുമെന്ന് പ്രതീക്ഷിച്ച ആനന്ദമോ സംതൃപ്തിയോ ലഭിച്ചിരുന്നില്ല. പകരം അതെല്ലാം തകര്‍ച്ചയിലേക്ക് നയിച്ചുകൊണ്ടിരുന്നു. എന്നാല്‍ വിവാഹകൂദാശ നല്കുന്ന കൃപാവരങ്ങളുടെ പിന്‍ബലത്തോടെയുള്ള ജീവിതം എത്ര മനോഹരമാണെന്ന് ഞാനിന്ന് മനസിലാക്കുന്നു.
വാസ്തവത്തില്‍, 2016-ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച ‘ഷോക്ക്’ ആണ് എനിക്ക് അനുഭവപ്പെടുന്ന ശൂന്യതയുടെ കാരണം ബോധ്യപ്പെടുത്തിയത്. ട്രംപിന്‍റെ വിജയമാണ് അതിനുള്ള പരിഹാരത്തിലേക്കും ഉത്തരത്തിലേക്കുമുള്ള പാതയില്‍ എന്നെ എത്തിച്ചത്. ആ യാത്ര കത്തോലിക്കാസഭയാണ് എന്‍റെ ഭവനം എന്ന ബോധ്യത്തിലേക്കും ദൈവവുമായുള്ള ബന്ധത്തിലേക്കും നയിച്ചു എന്നതില്‍ അവിടുത്തോട് നന്ദിയുണ്ട്.
ശത്രു എന്നെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രലോഭനങ്ങളോട് ‘നോ’ പറയാന്‍ എന്നെ ശക്തിപ്പെടുത്തിയത് ദൈവത്തോടുള്ള ബന്ധമാണ്. ഇന്ന് വര്‍ഷങ്ങളായി മദ്യത്തിലും മയക്കുമരുന്നുകളിലുംനിന്ന് മോചിതനായി ജീവിക്കാനും സാധിക്കുന്നതില്‍ ദൈവത്തിന് നന്ദി. മറ്റുള്ളവരെയും ദൈവത്തിന്‍റെ മക്കളായി കാണാനും ആദരവോടെ പരിഗണിക്കാനും ഇപ്പോള്‍ കഴിയുന്നുണ്ട്. പരാജയങ്ങള്‍ സംഭവിക്കാറില്ലെന്നല്ല. എന്നാല്‍ വീണിടത്തുനിന്ന് എഴുന്നേറ്റ് പ്രത്യാശയോടെ മുന്നോട്ടുനീങ്ങാന്‍ എന്‍റെ കത്തോലിക്കാവിശ്വാസം എന്നെ സഹായിക്കുന്നു. ”സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍ വിശ്വസിക്കുന്ന ഏവര്‍ക്കും…. അത് രക്ഷയിലേക്ക് നയിക്കുന്ന ദൈവശക്തിയാണ്” (റോമാ 1/16).
സാമ്പത്തിക ഉപദേഷ്ടാക്കള്‍ക്ക് വളരെ പ്രയോജനകരമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം- Pantenix(പാന്‍റെണിക്‌സ്)ന്‍റെ സ്ഥാപകനാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കൈലാഷ്. ദൈവരാജ്യവിസ്തൃതിക്കായി അധ്വാനിക്കുന്ന ശുശ്രൂഷകനുംകൂടിയാണ് ഇപ്പോള്‍ അദ്ദേഹം.
Kailash Duraiswamy
Want to be in the loop?
Get the latest updates from Tidings!