Home/Encounter/Article

മേയ് 20, 2024 29 0 Shalom Tidings
Encounter

ജസ്യൂട്ട് സംഘത്തെ പ്രൊട്ടസ്റ്റന്റ് കുടുംബം ക്ഷണിച്ചതെന്തിന്?

പോളണ്ടിലെ ഓസ്‌ട്രോഗില്‍ 1627-ലാണ് ഈ സംഭവം നടന്നത്. അവിടത്തെ ഒരു മാന്യകുടുംബത്തില്‍നിന്നുള്ള ഒരു സ്ത്രീ ദുഷ്ടാരൂപിയുടെ സ്വാധീനത്തിന്‍റെ പല ലക്ഷണങ്ങളും കാണിക്കാന്‍ തുടങ്ങി. അങ്ങനെയാണ് പ്രൊട്ടസ്റ്റന്റ് കാല്‍വിനിസ്റ്റ് വിശ്വാസികളായ കുടുംബാംഗങ്ങള്‍ സ്വന്തം സഭയിലെ ശുശ്രൂഷകരെ സമീപിച്ചത്. അവര്‍ വന്ന് പ്രാര്‍ത്ഥനകള്‍ നടത്തിയെങ്കിലും ആര്‍ക്കും അവളെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ അവര്‍ സമീപത്തുള്ള കത്തോലിക്കാ ജസ്യൂട്ട് ആശ്രമത്തിലെത്തി.

ആശ്രമത്തിന്‍റെ റെക്ടറായ വൈദികന്‍ ആരാഞ്ഞു, ”നിങ്ങളുടെ വൈദികരെയും ശുശ്രൂഷകരെയും ആ സ്ത്രീക്കരികിലേക്ക് അയക്കാമല്ലോ?” അതെല്ലാം ചെയ്തുകഴിഞ്ഞതാണെന്നായിരുന്നു അവരുടെ മറുപടി. എങ്കില്‍പ്പിന്നെ തങ്ങള്‍ ചെല്ലാമെന്ന് റെക്ടര്‍ സമ്മതിച്ചു. അങ്ങനെ അവരുടെ സംഘം പ്രസ്തുത സ്ത്രീക്കരികിലെത്തിയപ്പോള്‍ അവര്‍ അവളുടെമേല്‍ വിശുദ്ധജലം തളിക്കുകയും തങ്ങളുടെ സന്യാസസഭാസ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുശേഷിപ്പുകൊണ്ട് അവളുടെമേല്‍ സ്പര്‍ശിക്കുകയും ചെയ്തു. ആ തിരുശേഷിപ്പ് എന്താണെന്ന് മനസിലാക്കാന്‍ യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടും ആ സ്ത്രീ പുളഞ്ഞുതിരിഞ്ഞുകൊണ്ട് വിളിച്ചുകൂവി, ”ഇഗ്നേഷ്യസിന്‍റെ അസ്ഥി എന്നെ ക്ലേശിപ്പിക്കുന്നു!” അതോടെ അവള്‍ പിശാചുബാധിതയാണെന്ന് അവര്‍ ഉറപ്പുവരുത്തി.

ആ സ്ത്രീയുടെ ശരീരത്തെക്കാളുപരി അവിടെ കൂടിയവരുടെ ആത്മാവിനെ സുഖപ്പെടുത്താന്‍ ആഗ്രഹിച്ച റെക്ടര്‍ നിര്‍ദേശിച്ചു, ”കാല്‍വിന്‍റെ ഗ്രന്ഥങ്ങളേതെങ്കിലും കൊണ്ടുവരിക.”

കൊണ്ടുവന്ന ഗ്രന്ഥം അവള്‍ക്ക് കൊടുത്തപ്പോള്‍ അവള്‍ അത് സ്വീകരിച്ച് ഒരു പാവനഗ്രന്ഥത്തിന് നല്‌കേണ്ട ആദരവോടെ ചുംബിച്ചു. അപ്പോള്‍ റെക്ടര്‍ അത് തിരികെ വാങ്ങിയിട്ട് അവള്‍ കാണാതെ അതില്‍ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ചിത്രം വച്ചിട്ട് അവള്‍ക്കുനേരെ നീട്ടി. ഉടനെ അവളിലെ പിശാച് കോപത്തോടെ അലറിക്കൊണ്ട് പറഞ്ഞു, ”ഞാനത് തൊടുകപോലുമില്ല!”

അതിലെന്താണ് നിന്നെ ഭയപ്പെടുത്തുന്നതെന്ന് പറയാന്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടപ്പോള്‍ അവളിലെ പിശാച് നിസ്സഹായനായി വെളിപ്പെടുത്തി, ”നിങ്ങള്‍ അതില്‍ വച്ചിരിക്കുന്ന ഇഗ്നേഷ്യസിന്‍റെ ചിത്രം!”

ഇതെല്ലാം കണ്ട് അരിശം വന്ന അവിടത്തെ ഒരാള്‍ പുലമ്പി, ”പാപ്പാ അനുഭാവികളായ നിങ്ങള്‍ക്ക് സാത്താനുമായി ഒത്തുകളിയുള്ളതുകൊണ്ടാണ് ഇങ്ങനെയെല്ലാം പറയുന്നത്.” ഉടനെ റെക്ടര്‍ അവരോട് പറഞ്ഞു, ”ഇക്കണ്ടതൊന്നും നിങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെങ്കില്‍ ഒരു കാര്യം ചെയ്യാം. നിങ്ങളുടെ വിശ്വാസമാണ് ശരിയെങ്കില്‍ ഈ പിശാച് എന്നില്‍ പ്രവേശിക്കട്ടെ. അല്ല, കത്തോലിക്കാവിശ്വാസമാണ് ശരിയെങ്കില്‍ ഒരു മണിക്കൂര്‍നേരത്തേക്ക് ഈ പിശാച് നിങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. എങ്കില്‍ നിങ്ങള്‍ തൃപ്തിപ്പെടുമോ?”

ചോദ്യം ചെയ്തയാള്‍മാത്രമല്ല, ആരും അതിന് തയാറായില്ല. പകരം എല്ലാവരും ചേര്‍ന്ന് ആ പാവം സ്ത്രീയെ വിമോചിപ്പിക്കണമെന്ന് അപേക്ഷിച്ചു. റെക്ടറിനും സംഘത്തിനും സമ്മതിക്കാതെ വയ്യെന്ന സ്ഥിതി. അങ്ങനെ സമ്മതം നല്കി യാത്രയായ അവര്‍, ഉപവസിച്ചും പരിഹാരം ചെയ്തും അവള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഭൂതോച്ചാടകനായ വൈദികന്‍ അവള്‍ക്കായി വിശുദ്ധബലി അര്‍പ്പിച്ചു. ഒടുവില്‍ ഭൂതോച്ചാടനകര്‍മങ്ങള്‍ നടത്തുകയും ചെയ്തു. അതോടെ അവള്‍ വിമോചിതയായി. തുടര്‍ന്ന് അവള്‍ ചെയ്തത് മറ്റൊന്നുമല്ല, തന്‍റെ പിഴവുകള്‍ ഏറ്റുപറഞ്ഞു. താമസിയാതെ കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും ചെയ്തു.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles