Home/Encounter/Article

ഫെബ്രു 06, 2020 1843 0 Msgr. C.J. Varkey
Encounter

ചൂടുള്ള കടലയും ‘ഒരു നേര’വും

പ്രിയമക്കളേ,

“ആരിക്കാ കടല, നല്ല ചൂടുള്ള കടല, ആരിക്കുവേണം നല്ല ചൂടുള്ള കടല…”

ബസ് സ്റ്റാന്‍ഡില്‍ എപ്പോഴും കേള്‍ക്കുന്ന ശബ്ദമാണിത്. ഈ 1968-ാം ആണ്ടില്‍ അരി കിട്ടാന്‍ വലിയ പ്രയാസമായപ്പോഴാണ് ഈ കച്ചവടം വര്‍ധിച്ചത്. ഇങ്ങനെ ബസിനുചുറ്റും വിളിച്ചുപറഞ്ഞ് കച്ചവടം നടത്തുന്നവര്‍. വറുത്ത നിലക്കടലയാണ് വില്പനസാധനം. അനേകര്‍ വാങ്ങുന്നുണ്ട്. വാങ്ങുന്നവരെല്ലാം രസത്തിനുവേണ്ടി കടല വാങ്ങി കഴിക്കുന്നതാണോ? അല്ല. ഒരു നേരത്തെ ആഹാരം വെട്ടിച്ചുരുക്കി പത്തുപൈസയുടെ കടലയില്‍ പൊരുത്തപ്പെടുന്നതാണ്. അവര്‍ ഒരു നേരം നോല്‍ക്കുകയാണ് പല ദിവസവും. യാത്ര ചെയ്യുന്നവര്‍ പലപ്പോഴും ചായവെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞുകൂടുന്നത്. കൂടുതല്‍ വാങ്ങിയാല്‍ പൈസ വളരെയാകും. ഭക്ഷണം കഴിക്കാന്‍ താല്പര്യം ഇല്ലാഞ്ഞിട്ടല്ല.

ഇപ്രകാരം ചെയ്യുന്നവരുടെ ‘ഒരു നേര’ത്തിന് അഥവാ ഒരു നേരത്തെ ആഹാരം ഉപേക്ഷിക്കുന്നതിന് ഒരു ഫലമേ ഉണ്ടാവുകയുള്ളൂ – കുടവയര്‍ ചാടാതിരിക്കും. എന്നാല്‍ ആധ്യാത്മികഫലം കിട്ടാനുള്ള ‘ഒരുനേരം’ പ്രായശ്ചിത്താരൂപിയോടുകൂടി, ദൈവത്തെപ്രതി ചെയ്യുന്നതായിരിക്കണം.

നമ്മള്‍ നമുക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും പ്രായശ്ചിത്തം ചെയ്യണം. പല പ്രകാരത്തില്‍ പ്രായശ്ചിത്തം ചെയ്യാം. ഭക്ഷണം കുറച്ചുതന്നെയല്ല പ്രായശ്ചിത്തം ചെയ്യാവുന്നത്. ശരീരംകൊണ്ട് കഠിനമായി അധ്വാനിക്കുക, വൃത്തിഹീനമായ സ്ഥലങ്ങള്‍ വൃത്തിയാക്കുക, ചുറ്റുമുള്ളവര്‍ക്ക് ഓരോ ഉപകാരങ്ങള്‍ ചെയ്തുകൊടുക്കുക, കൈവിരിച്ചുപിടിച്ചും മറ്റും കൂടുതല്‍ പ്രാര്‍ത്ഥിക്കുക മുതലായവ ചെയ്യുവാന്‍ സാധിക്കും. ഒരാള്‍ക്ക് ഒരു വ്യക്തിയോട് സംസാരിക്കാന്‍ പ്രയാസം തോന്നുന്നു എന്നിരിക്കട്ടെ. പ്രായശ്ചിത്തത്തിനുവേണ്ടി ആ വ്യക്തിയോട് സംസാരിക്കണം. ഇനിയും ഒരാള്‍ക്ക് മറ്റൊരു വ്യക്തിയുടെ എന്തെങ്കിലും ഗുണം പറയുവാന്‍ പ്രയാസമാണെന്ന് വിചാരിക്കുക. അപ്പോള്‍ അയാള്‍ പ്രായശ്ചിത്തത്തിന്‍റെ പേരില്‍ മറ്റേ വ്യക്തിയെ പ്രശംസിച്ച് സംസാരിക്കുക. ഒരാള്‍ക്ക് ചെറിയ കാര്യത്തിന് അനുവാദം ചോദിക്കാന്‍ മടിയുണ്ടായിരിക്കും; പ്രായശ്ചിത്തത്തിന്‍റെ പേരില്‍ അനുവാദം ചോദിക്കട്ടെ.

വേനല്‍ക്കാലമല്ലേ, ചിലര്‍ക്ക് എപ്പോഴും വെള്ളം കുടിക്കണം. തപസിന്‍റെ പേരില്‍ അല്പം കഴിഞ്ഞ് വെള്ളം കുടിച്ചാല്‍ മതിയെന്ന് വയ്ക്കണം. ഇങ്ങനെ നൂറുകൂട്ടം തപഃക്രിയകള്‍ ഓരോരുത്തര്‍ക്കും കണ്ടുപിടിക്കുവാന്‍ സാധിക്കും. ചുരുക്കത്തില്‍ നമ്മുടെ കര്‍ത്താവിന്‍റെ പീഡാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് നമ്മുടെ ദുരാശകള്‍ക്കും അഹങ്കാരത്തിനും കടിഞ്ഞാണിടണം.

പണം സമ്പാദിക്കുന്നതിന് മനുഷ്യന്‍ എന്തെല്ലാം കഷ്ടപ്പാടുകളാണ് ചെയ്യുന്നത്. പൊരിയുന്ന വെയിലത്ത് വഴിയരികില്‍ കിടന്ന് ഭിക്ഷ യാചിക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവര്‍ക്ക് വെയിലിന്‍റെ ചൂട് അസഹ്യമാണ്. പക്ഷേ പണം കിട്ടുമല്ലോ എന്ന് ചിന്തിച്ചുകൊണ്ട് അവര്‍ അത് സഹിക്കുന്നു. പണ്ട് തൂണില്‍ തപസ് ചെയ്തിരുന്ന വിശുദ്ധന്മാരുമുണ്ട്. അത് പുണ്യം സമ്പാദിക്കാനായിരുന്നു. എന്നുവച്ച് നിങ്ങളാരും തൂണില്‍ തപസ് ചെയ്യാനുദ്യമിക്കേണ്ട. നല്ല ഉറക്കക്കാരാണെങ്കില്‍ കഴുത്തും കുത്തി വീണ് കാലപുരിക്ക് പോകും. തപഃക്രിയകള്‍ പ്രാര്‍ത്ഥനയോടുകൂടിയതായിരിക്കണം. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ളതായിരിക്കണം.

Share:

Msgr. C.J. Varkey

Msgr. C.J. Varkey

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles