Home/Encounter/Article

ജുലാ 27, 2019 1770 0 സ്റ്റെല്ല ബെന്നി
Encounter

കൃപച്ചോർച്ചകൾ അപ്രത്യക്ഷമാകാൻ…

യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു:”ലോകം നിങ്ങളെ ദ്വേഷിച്ചുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിൻ. നിങ്ങള്‍ ലോകത്തിന്‍റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍  നിങ്ങള്‍ ലോകത്തിന്റെതല്ലാത്തതുകൊണ്ട് ഞാൻ നിങ്ങളെ ലോകത്തില്‍ നിന്നും തിരഞ്ഞെടുത്തതു കൊണ്ട് ലോകം നിങ്ങളെ ദ്വേഷിക്കുന്നു” (യോഹന്നാ3 15:18-19).
ഈ വചനത്തില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. ക്രിസ്തുവിന്‍റെ അജഗണത്തോട് ലോകത്തിനും അതിന്റെ അതിന്‍റെ അധികാരിക്കും വെറുപ്പും കടുത്ത ശത്രുതയുമാണ്.ആ വെറുപ്പ് ക്രിസ്തുവിനോടും അവന്‍റെ രാജ്യത്തോടുമുള്ള വെറുപ്പുതന്നെയാണ്. അതിനുള്ള കാരണവും യേശു പിതാവിനോടുള്ള തന്‍റെ പ്രാര്‍ത്ഥനയില്‍ പറയുന്നുണ്ട്. “ഞാൻ ലോകത്തിന്‍റേതല്ലാത്തതുപോലെ അവരും ലോകത്തിന്‍റേതല്ല”

വിശുദ്ധ യോഹന്നാ ശ്ലീഹായും പരിശുദ്ധാത്മ പ്രേരിതനായി തന്‍റെ ഒന്നാം ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. “നാം ദൈവത്തില്‍നിന്നും ഉള്ളവരാണെന്നും ലോകം മുഴുവൻ ദുഷ്ടന്‍റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു” (1 യോഹന്നാ3 5:19).ദൈവരാജ്യത്തിന്‍റെ അവകാശികളായി തീരാൻ വേണ്ടി യേശു തിരഞ്ഞെടുത്ത അവിടുത്തെ അജഗണത്തെ രണ്ടു രീതിയിലാണ് ഈ ലോകത്തിന്‍റെ അധികാരിയായ സാത്താനും അവന്‍റെ ദൂതന്മാരും
തകർക്കാൻ ശ്രമിക്കുന്നത്. ഒന്ന്- ലോകത്തിലേക്കും അതിന്‍റെ മായാമോഹങ്ങളിലേക്കും അതിന്‍റെ ആഡംബരങ്ങളിലേക്കും വശ്യതകളിലേക്കും മനുഷ്യന്‍റെ ഹൃദയത്തെ ആകര്‍ഷിക്കുകയും വശീകരിക്കുകയും അതില്‍ക്കുടുക്കി നശിപ്പിക്കുകയും ചെയ്തുകൊണ്ട്. രണ്ട്- ക്രിസ്തുവിന്‍റെ അജഗണത്തെ ഞെരുക്കി പീഡിപ്പിച്ചുകൊണ്ട്. ഇതില്‍ ഒന്നാമതെത്താൻ രണ്ടാമത്തേതിനേക്കാൾ അപകടകരവും വളരെയേറെ ക്രിസ്തുദാസന്മാരെ വഴിതെറ്റിച്ചിട്ടുള്ളതും. ക്രിസ്തുവിനെപ്രതി ധാരാളം കഷ്ടതകള്‍ സന്തോഷത്തോടെ സഹിച്ച് കാരാഗൃഹവാസത്തിനുപോലും തങ്ങളെത്തന്നെ വിട്ടുകൊടുത്തുകൊണ്ട്
ദൈവരാജ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ക്രിസ്തുദാസന്മാരെ പോലും പില്‍ക്കാലത്ത് ലോകസന്തോഷങ്ങൾ കാണിച്ച് പ്രീണിപ്പിച്ച് അവരിലെ ദൈവകൃപയെ ചോര്‍ത്തികളഞ്ഞു ദൈവവേലയില്‍നിന്നുപോലും പുറത്താക്കി ലോകത്തിന്‍റെ വഴിയിലൂടെ കൊണ്ടുപോയി സാത്താൻ നിര്‍വീര്യപ്പെടുത്തിക്കളഞ്ഞിട്ടുമുണ്ട് .
പൗലോസ് ശ്ലീഹായോടുകൂടെ കഷ്ടതകള്‍ സഹിച്ചു സുവിശേഷവേളകളിൽ പങ്കുചേരുകയും പലവട്ടം അദ്ദേഹത്തോടൊപ്പം കാരാഗൃഹത്തോളം വരെ ക്രിസ്തുവിനായി സഹിക്കുകയും ചെയ്ത ഒരു ക്രിസ്തു ശിഷ്യനായിരുന്നു ദേമാസ്. എന്നാല്‍ കുറെക്കാലങ്ങള്‍ക്കുശേഷം ഈ ലോകത്തോടുള്ള ആകര്‍ഷണം തീക്ഷ്ണമതിയായ ആ ക്രിസ്തുശിഷ്യനെപ്പോലും വഴിതെറ്റിച്ച് ലോക ത്തിന്‍റെ വഴിയേ കൊണ്ടുപോയി. വിശുദ്ധ പൗലോസ്ശ്ലീഹായുടെ വാക്കുകളിലൂടെ അതു വ്യക്തമാകുന്നുണ്ട്. “ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെ വിട്ട് തെസലോനിക്കായിലേക്ക് പോയിരിക്കുന്നു” (2 തിമോത്തിയോസ് 4:10).

നമ്മളും വീണേക്കാം

നമ്മളും ഒരുപക്ഷേ ഈ ചതിക്കുഴിയില്‍ വീഴാനിടയുണ്ട്. ക്രിസ്തു സ്നേഹത്താല്‍ പ്രേരിതരായി ലോകത്തെയും അതിന്‍റെ മാര്‍ഗങ്ങളെയും ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നതിന്‍റെ ഫലമായി അനേകം കഷ്ടതകളിലൂടെയും ദുഃഖദുരിതങ്ങളിലൂടെയും കടന്നുപോയവരും നഷ്ടം സഹിച്ചും ദൈവവേല ചെയ്തവരുമൊക്കെ ആയിരിക്കാം നമ്മൾ. നിനക്കുവേണ്ടി മരിക്കേണ്ടി വന്നാലും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ലെന്ന് പത്രോസിനെപ്പോലെ കര്‍ത്താവിന് വാക്കുകൊടുത്തവരും മരണത്തോളം ഞാൻ നിന്നെ അനുഗമിക്കുമെന്ന് യേശുവിനോട് ശപഥം ചെയ്ത് പറഞ്ഞിട്ടുള്ളവരും ഒക്കെയാകും നമ്മൾ. എന്നിരുന്നാലും ഏതു നിമിഷവും വീഴ്ചയ്ക്കുള്ള സാധ്യത നമ്മുടെ മുൻപിൽ തെളിഞ്ഞു നില്ക്കുന്നുണ്ട്. അത് ലോകത്തോടും അതിന്‍റെ സുഖങ്ങളോടും ഉള്ള ആകര്‍ഷണമാണ്. “സുഖവും ധനവും സ്ഥാനമാനവും കൂടിടും നേരം -സ്വര്‍ഗരാജ്യമാര്‍ഗം തേടാൻ മറന്നു പോയിടും എല്ലാം കൂടിയുള്ള നേരം ജഡം സുഖിച്ചീടും എങ്കിലാത്മം ജീവനറ്റ് മരണം പുല്‍കിടും” എന്ന ഗാനത്തിന്‍റെ വരികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നതും മറ്റൊന്നല്ല. “ആകയാല്‍ നില്‍ക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ” (1 കോറിന്തോസ് 10:12) എന്ന് പൗലോസ് ശ്ലീഹായിലൂടെ ദൈവം നമുക്ക് നല്‍കുന്ന മുന്നറിയിപ്പിന് നമുക്ക് ചെവിയും ഹൃദയവും കൊടുക്കാം. ഒപ്പം തന്നെ അദ്ദേഹം നമ്മുടെ മുൻപിൽ വരച്ചു കാട്ടുന്ന ഒരു നല്ല മാതൃകയുണ്ട്. അത് ഇതാണ്- “മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച ഞാൻ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന് എന്‍റെ ശരീരത്തെ ഞാൻ കര്‍ശനമായി നിയന്ത്രിച്ച് കീഴടക്കുന്നു” (1 കോറിന്തോസ് 9:27) എന്നുള്ളതാണത്..

വ്യര്‍ത്ഥഭാഷണം

ലോകം നമ്മെ വശീകരിച്ച് നമ്മിൽ നിന്നും കൃപ ചോര്‍ത്തിക്കളയുന്ന ഒരു പ്രധാന വഴിയാണ് വ്യര്‍ത്ഥഭാഷണം.വ്യര്‍ത്ഥഭാഷണത്തിലൂടെ നമ്മിലുള്ള ദൈവകൃപ ചോര്‍ന്നുപോകുന്നു. അത് ഭക്തിരഹിതമായ വെടിപ്പും നിഷ്ഠയുമില്ലാത്ത ലൗകിക വഴികളിലേക്ക് നമ്മെ നയിക്കുന്നു. അതുകൊണ്ട് തിരുവചനം ഇപ്രകാരം നമ്മെ താക്കീതു ചെയ്യുന്നു “ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക. അല്ലെങ്കില്‍ അതു ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്ക് നയിക്കും. ഈ ഭക്തിരഹിതരുടെ സംസാരം ശരീരത്തെ കാര്‍ന്നു തിന്നുന്ന വ്രണംപോലെ പടർന്നു പിടിക്കും” (2തിമോത്തിയോസ് 2:16-17). പ്രഭാഷകന്‍റെ പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു: “വ്യര്‍ത്ഥഭാഷണത്തെ വെറുക്കുന്നവൻ തിന്മയില്‍നിന്നും ഒഴിഞ്ഞിരിക്കും” (പ്രഭാഷക3 19:6).

ലൗകികമായ കാര്യങ്ങളില്‍മാത്രം മുഴുകിനില്‍ക്കുന്ന സംസാരത്തില്‍നിന്നും നാം പിന്തിരിയേണ്ടിയിരിക്കുന്നു. ജഡികത മുറ്റിനില്ക്കുന്ന ലൈംഗികച്ചുവയുള്ള പാപകരമായ സംസാരം നമ്മിലെ ആധ്യാത്മിക കൃപകളെ ചോര്‍ത്തിക്കളയും. ഇതു നമ്മെ ശത്രുവായ സാത്താന്‍റെ അടിമത്തത്തിന്റെ കീഴിൽ എത്തിച്ചുചേര്‍ക്കും. ‘വാക്ക് അളന്നു തൂക്കി ഉപയോഗിക്കുക. വായ്ക്ക് വാതിലും പൂട്ടും നിര്‍മിക്കുക. നിനക്കുവേണ്ടി പതിയിരിക്കുന്നവരുടെ മുന്നിൽ ചെന്നു വീഴാതിരിക്കണമെങ്കില്‍ നാവുകൊണ്ട് തെറ്റ് ചെയ്യാതിരിക്കുക.’ (പ്രഭാഷകൻ28:25-26)

ദ്രവ്യാസക്തി

എന്തുകിട്ടിയാലും എത്ര കിട്ടിയാലും മതിയാകാത്ത മനസ് അതിനുവേണ്ടിയുള്ള പരിശ്രമങ്ങളിലൂടെ നമ്മിലുള്ള ദൈവകൃപകളെ ചോര്‍ത്തിക്കളയും. കാണുന്നതൊക്കെയും സ്വന്തമാക്കാനും  സ്വന്തമാക്കിയതിനെയൊക്കെയും വീണ്ടും വീണ്ടും വര്‍ധിപ്പിക്കാനുമുള്ള തീവ്രതയേറിയ ശ്രമങ്ങള്‍ നമ്മിലുള്ള  ദൈവികകൃപകളെ ചോര്‍ത്തിക്കളയും. തിരുവചനത്തില്‍ ഇപ്രകാരം പറയുന്നു:”ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്’ (1തിമോത്തിയോസ് 6:6). ചിലര്‍ ദൈവഭക്തി  പോലും കൂടുതല്‍ കൂടുതല്‍ ഭൗതികനന്മകള്‍ ആര്‍ജിക്കുവാനുള്ള മാര്‍ഗമായി കരുതുന്നു. “ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം. ധനമോഹത്തിലൂടെ പലരും വിശ്വാസത്തില്‍നിന്നും വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെ ത്തന്നെ മുറിപ്പെടുത്തുവാന് ഇടയായിട്ടുണ്ട് ‘(1 തിമോത്തിയോസ് 6:10). ലൗകികവസ്തുക്കള്‍ അധികമധികമായി സ്വന്തമാക്കാനും ഉപയോഗിച്ചു
സന്തോഷിക്കുവാനും ഉള്ള ക്രമംവിട്ട നമ്മുടെ ആഗ്രഹങ്ങള്‍ പിതാവായ ദൈവത്തിന്‍റെ സ്നേഹവലയത്തില്‍നിന്നുപോലും നമ്മെ പുറത്താക്കിക്കളയും. തിരുവചനങ്ങളിലൂടെ ഇക്കാര്യം കര്‍ത്താവ് നമുക്ക് മുന്നറിയിപ്പ് തരുന്നു. “ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ പിതാവിന്‍റെ സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത എന്നിങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍റേതല്ല. പ്രത്യുത ലോകത്തിന്റേതാണ് ‘ (1 യോഹന്നാ3 2:15-16). ഇവയോടുള്ള കമ്പം നമ്മളിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന ദൈവസ്നേഹത്തെയും മറ്റു ദൈവികകൃപകളെയും ചോര്‍ത്തിക്കളയുന്നു.

രണ്ടു വഞ്ചിയില്‍ കാല്‍ ചവിട്ടിയാല്‍ നമ്മളിൽ ചിലരെങ്കിലും രണ്ടു വഞ്ചിയില്‍ കാല്‍ ചവിട്ടുന്നവരാണ്. അവര്‍ക്ക് രണ്ടുകൂട്ടരെയും വേണം. ദൈവത്തെയും ധനത്തെയും. ഇരുവഞ്ചിയില്‍ കാല്‍ ചവിട്ടുന്ന ഈ സ്നേഹം മനുഷ്യനെ അധഃപതനത്തിലേക്കും നാശ ത്തിലേക്കുംതള്ളിയിടുന്നു. അങ്ങനെ അവനില്‍ നിക്ഷിപ്തമായ കൃപകള്‍ പൂര്‍ണമായും അവനില്‍നിന്നും ചോര്‍ന്ന് നഷ്ടമായിത്തീരുന്നു. അങ്ങനെയുള്ളവരോട് കര്‍ത്താവ് ചോദിക്കുന്ന ചോദ്യം ഇതാണ് “വിശ്വസ്തത പുലര്‍ത്താത്തവരേ,  ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? ലോക ത്തിന്‍റെ മിത്രമാകാൻ
ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നു” (യാക്കോബ് 4:4). ജഡത്തിന്‍റെ ദുരാശ ജഡത്തിന്‍റെ സന്തോഷത്തിനും സുഖേച്ഛകള്‍ക്കും മുൻതുക്കം കൊടുത്ത് ജീവിക്കുന്നവര്‍ക്ക് ഒരിക്കലും ദൈവകൃപയില്‍ നിലനില്‍ക്കാേനാ വളരാനോ കഴിയുകയില്ല. അവരില്‍നിന്നും ദൈവകൃപകള്‍ ഒന്നൊന്നായി താനറിയാതെ ചോര്‍ന്നുപോകുന്നു. ഇങ്ങനെയുള്ളവര്‍ സുവിശേഷയോഗങ്ങളിലോ ആത്മനവീകരണ ധ്യാനങ്ങളിലോ സംബന്ധിച്ച് ആത്മനവീകരണം പ്രാപിച്ചാലും മുന്നോട്ടുള്ള ജീവിതത്തില്‍ കുറച്ചുനാള്‍ അവര്‍ ജഡത്തോട്  ‘നോ’ എന്നു പറഞ്ഞു നിന്നാലും തുടര്‍ന്നും പ്രാര്‍ത്ഥന.

കൊണ്ടും ഉപവാസംകൊണ്ടും തങ്ങളെത്തന്നെ വിനീതരാക്കി കാത്തുസൂക്ഷിക്കാൻ മനസുവയ്ക്കായ്കയാല്‍ വീണ്ടും വിട്ടൊഴിഞ്ഞു പോന്ന തിന്മകളിലേക്ക് വഴുതി വീണുപോകുന്നു. അങ്ങനെ അവരിലെ ദൈവകൃപ ചോര്‍ന്നു പോകുന്നു. “നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്‍റെ മാലിന്യങ്ങളില്‍നിന്നും രക്ഷ പ്രാപിച്ചതിനുശേഷം വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോൽപ്പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍ അവരുടെ അന്ത്യസ്ഥിതി ആദ്യത്തെതിനേക്കാൾ മോശമായിരിക്കും …. നായ് ഛര്‍ദി ച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്ധിച്ചു ശരിയാണ് ‘ (2 പത്രോസ് 2:20-22).
“ജഡികതാത്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ് ദൈവത്തിന്‍റെ ശത്രുവാണ്.അതു ദൈവത്തിന്‍റെ നിയമത്തിന് കീഴ്‌പ്പെടുന്നില്ല അതിന് സാധിക്കുകയുമില്ല. ജഡിക പ്രവണതകള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല” (റോമാ 8:7-8).നാമെല്ലാവരുംതന്നെ ദൈവത്തിന് പ്രീതികരമായ ജീവിതം നയിച്ച് അവിടുത്തെ പ്രസാദിപ്പിക്കുവാനും മഹത്വപ്പെടുത്താനും ആഗ്രഹിക്കുന്നവരാണല്ലോ.

മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ലോകാരൂപിയോടും ജഡത്തിന്‍റെ ആസക്തികളോടും എതിരിട്ട് അതിലൂടെ നമ്മെ പ്രലോഭിപ്പിച്ചു നമ്മളിൽ നിന്നും കൃപ ചോര്‍ത്തികളഞ്ഞു നശിപ്പിക്കുന്ന സാത്താനോട് പടപൊരുതി ജയിക്കുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. അതിനുവേണ്ടിയാണല്ലോ പരിശുദ്ധമായ ദൈവം സ്വര്‍ഗംവിട്ട് ഈ ഭൂമിയിലേക്ക് വന്നു, ദൈവത്തിന്റെ സഭയെ ആശ്ലേഷിച്ചിരിക്കുന്നത്. ഈ ആത്മാവിനെ നമുക്കും ആശ്ലേഷിക്കാം.
ആദരിക്കേണ്ട വിധത്തില്‍ ആദരിക്കാം. ആശ്രയിക്കേണ്ട വിധത്തില്‍ ആശ്രയിക്കാം. അനുസരിക്കേണ്ട വിധത്തില്‍ അനുസരിക്കാം. അപ്പോൾ നമ്മളിലെ കൃപാച്ചോർച്ചകൾ എന്നന്നേക്കുമായി അപ്രത്യക്ഷമാകും. പ്രാര്‍ത്ഥനയാലും ഉപവാസത്താലും നമുക്ക് നമ്മെത്തന്നെ വിനീതരാക്കാം…. ദൈവത്തിന്‍റെ ആത്മാവ് നമ്മെ നയിക്കട്ടെ .

 

 

 

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles