Home/Encounter/Article

ഒക്ട് 23, 2019 1831 0 John Thenghumpallil
Encounter

‘കിരുകിരാ’ ശബ്ദവും പരിശുദ്ധാത്മാവും

പരിശുദ്ധാത്മാവിന്‍റെ ഇടപെടലിന്‍റെ അതിശക്തമായ ഒരു സംഭവമാണ് എസെക്കിയേല്‍ പ്രവാചകന്‍ 37-ാം അധ്യായത്തില്‍ വിവരിക്കുന്നത്. “ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. ഞാന്‍
നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മ്മം പൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍ പ്രാപിക്കും.
ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. എന്നോട് കല്‍പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്ദം ഉണ്ടായി- ഒരു കിരുകിരാ ശബ്ദം. വേര്‍പെട്ടുപോയ അസ്ഥികള്‍ തമ്മില്‍ ചേര്‍ന്നു” (എസെക്കിയേല്‍ 37:5-7)

തകര്‍ന്നടിഞ്ഞ മനുഷ്യശരീരത്തിലെ ചിതറിപ്പോയ അസ്ഥികളെ ഒരുമിച്ചുകൂട്ടി, അവയില്‍ ഞരമ്പും മാംസവും ചര്‍മ്മവും വച്ചുപിടിപ്പിച്ച്, ജീവശ്വാസം ആ ശരീരങ്ങളില്‍ പ്രവേശിപ്പിച്ച്, അവ ഒരു സൈന്യംപോലെ ബലവത്തായ മനുഷ്യരായി രൂപാന്തരപ്പെട്ടതിന്‍റെ ആദ്യ പ്രതികരണമായിരുന്നു ആ ‘കിരുകിരാ’ ശബ്ദം. ചിതറിക്കിടന്ന അസ്ഥികള്‍ യഥാസ്ഥാനത്ത് എത്തിയപ്പോള്‍ പരസ്പരം കൂട്ടിമുട്ടിയപ്പോഴുണ്ടായ പ്രകമ്പനം എന്നു പറയാം. രൂപവും ക്രമവും ഇല്ലാതിരുന്ന അസ്ഥികള്‍ രൂപമുള്ള, ശക്തന്മാരായ സേനാംഗങ്ങളെപ്പോലെ ജീവനും ശക്തിയും സ്വീകരിക്കുംമുമ്പ് അവര്‍ക്ക് കടന്നുപോകേണ്ടിവന്ന അനിവാര്യമായ പ്രക്രിയയായിരുന്നു. ആ കൂട്ടിമുട്ടല്‍, ആ ‘കിരുകിരാ’ ശബ്ദം!

ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മില്‍ പ്രവര്‍ത്തിക്കണമെങ്കില്‍, നമ്മളും ഇതുപോലൊരു പ്രക്രിയയിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. അതൊരു ഏറ്റുമുട്ടലാണ്. നമ്മളിലുള്ള മനുഷ്യാരൂപി ദൈവാരൂപിയെ നേരിടുമ്പോള്‍ നമ്മുടെ ആത്മാവില്‍നിന്നും ഒരു ‘കിരുകിരാ’ ശബ്ദം ഉയരും. ഈ ലോകത്തിന്‍റെ മക്കളായ നമ്മില്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ്
കടന്നുവരുമ്പോള്‍ നമ്മള്‍ ദൈവമക്കളായി മാറും. ആ പ്രക്രിയയില്‍, നാം സ്വന്തമായി കരുതിയ
പലതും ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്. സ്വാര്‍ത്ഥത, അഹങ്കാരം, ദുഃശീലങ്ങള്‍, പാപങ്ങള്‍, തെറ്റായ
ബോധ്യങ്ങള്‍, തെറ്റിദ്ധാരണകള്‍, ആസക്തികള്‍, ദുരാഗ്രഹങ്ങള്‍, അശുദ്ധിയുടെ തലങ്ങള്‍
അങ്ങനെ പലതും. ഇവയെല്ലാം നമ്മില്‍നിന്നും പുറത്തിറങ്ങുമ്പോള്‍, അവയുടെ ദുരാത്മാക്കള്‍
പരിശുദ്ധാത്മാവിനാല്‍ നിറയാന്‍ പോകുന്ന നമ്മുടെ ആത്മാവിനോട് മല്ലടിച്ചുകൊണ്ടാണ് ഇറങ്ങി
പ്പോകുന്നത്. അപ്പോള്‍ നമ്മിലുണ്ടാകുന്ന ആ പ്രകമ്പനത്തെ, ആ ഏറ്റുമുട്ടലിനെ കിരുകിരാ
ശബ്ദത്തോടു നമുക്ക് സാമ്യപ്പെടുത്താം. അങ്ങനെയൊരു കിരുകിരാ ശബ്ദം നമ്മില്‍ ഉണ്ടായാല്‍
മാത്രമേ പരിശുദ്ധാത്മാവിന് നമ്മില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ, നമ്മെ ദൈവമക്കളായി രൂപാന്തരപ്പെടുത്താന്‍ കഴിയൂ.

നമ്മുടെ അനുദിന ജീവിതത്തില്‍ ഓരോ ദിവസവും ദൈവത്തിന് ഇഷ്ടമില്ലാത്തതെല്ലാം നമ്മില്‍നിന്നും ഉപേക്ഷിക്കുന്നതിന്‍റെ വേദനയും നഷ്ടവും നമ്മില്‍ സംഭവിക്കണം. ലോകാരൂപിയോടുള്ള ഏറ്റുമുട്ടലിന്‍റെ കിരുകിരാ ശബ്ദം നിരന്തരം നാം കേള്‍ക്കണം. ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ അടയാളമാണ് ആ വേദനയും നഷ്ടവും. അതൊരു മധുരനൊമ്പരമാകട്ടെ – നമ്മുടെ നാഥനെ സ്വന്തമാക്കാനും അവന്‍റെ സ്വന്തമാകാനും.

Share:

John Thenghumpallil

John Thenghumpallil

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles