Home/Encounter/Article

ജുലാ 15, 2019 1995 0 ഫാ. ജെന്‍സണ്‍ ലാസലെറ്റ്
Encounter

കായേന്‍ സിൻഡ്രമുണ്ടോ, സൗഖ്യം നേടാം!

ആശ്രമത്തില്‍ എല്ലാ ആഴ്ചയിലും പ്രാര്‍ത്ഥിക്കാന്‍ വന്നിരുന്ന ഒരു സഹോദരി ഇടക്കാലംവച്ച് വരവ് നിര്‍ത്തി. എന്തെങ്കിലും ശാരീരിക അസുഖമായിരിക്കുമെന്നാണ് കരുതിയത്. പിന്നീടൊരിക്കല്‍ പ്രാര്‍ത്ഥിക്കാനായി ആ സഹോദരിയുടെ പ രിചയക്കാരുടെ വീട്ടില്‍ പോകുവാനിട യായി. അവരാണ് ആ സ്ത്രീവരാത്തതിന്‍റെ യഥാര്‍ത്ഥ കാരണം വിവരിച്ച ത്. ഒരു ഞെട്ടലോടെ ഞാനത് കേട്ടു. ആ സ്ത്രീയുടെ ആ ജന്മശത്രുവായ ഭര്‍തൃസഹോദരനും കുടുംബവും ഞങ്ങളുടെ ആശ്രമത്തില്‍ പ്രാര്‍ത്ഥിക്കാനായി വരുന്നതുകൊണ്ടാണത്രേ അവര്‍ വരവു നിര്‍ത്തിയത്. അവര്‍ക്കാണ് എപ്പോഴും സാമ്പത്തികമായ ഉന്നമനം. ഇതേ ദൈവാലയത്തില്‍ അവരെയാണ് മാതാവ് കൂടുതല്‍ അനുഗ്രഹിക്കുന്നത്.അതുകൊണ്ട് അവരുടെ മുഖം കാണാതിരിക്കാനും അവരെക്കാള്‍ കൂടുതല്‍ കൃപ ലഭിക്കാനുമായി മറ്റൊരു ദൈവാലയത്തിലേക്കാണ് യാത്ര! അസൂയയും കോപവും ശത്രുതയും ഒരുവനെ ദൈവത്തില്‍നിന്നും അകറ്റുമെന്നത് ഉദാഹരണസഹിതം വിശ്വസിക്കുവാന്‍ നിര്‍ബന്ധിതനായി.

സത്യത്തില്‍ എന്‍റെയും നിങ്ങളുടെയും ആധ്യാത്മിക ജീവിതത്തിന്‍റെ ഉന്നമനത്തിനുമേല്‍ വീഴുന്ന ഒരു കുരുക്കല്ലേ അസൂയ? അസൂയ എന്ന വാതിലിലൂടെയാണ് സാത്താന്‍ ലോകത്തിലേക്ക് പ്രവേശിച്ചത് എന്നു പറഞ്ഞത് ഫ്രാന്‍സിസ് മാര്‍പാപ്പ യാണ്. അസൂയ എന്നത് മറ്റുള്ളവരുടെ വസ്തുക്കള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ദുഃഖവും അവയെ സ്വന്തമാക്കാനുള്ള ക്രമരഹിതമായ ആഗ്രഹവുമാണെന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട് (സി സിസി 2253).അങ്ങനെയെങ്കില്‍ അസൂയ എന്നത് പത്താം പ്രമാണത്തിന്‍റെ പ്രകടമായ ലംഘനവും ഒരു മൗലികപാപവുമാണെന്ന് നിശ്ചയമായും പറയുവാന്‍ കഴിയും.

ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും പലപ്പോഴും ചിന്തിക്കുന്നത് നമുക്ക് അസൂയ ഇല്ലെന്നതാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും സത്യമതല്ല. നാം പോലുമറിയാതെ നമ്മില്‍ വളരെ എളുപ്പത്തില്‍ പ്രവേശിച്ച് അതിവേഗം വേരുപാകുന്ന പാപമാണ് അസൂയ. നമ്മില്‍ അസൂയ ഉണ്ടോ എന്ന് തിരിച്ചറിയുവാന്‍ സഹായിക്കുന്ന ഏതാനും ചില എളുപ്പവഴികള്‍ കുറിക്കട്ടെ.
1. ഒരുവന് സൗഭാഗ്യങ്ങളും നേട്ടങ്ങളും ഉണ്ടാകുമ്പോള്‍ എന്‍റെ മനസ് അസ്വസ്ഥമാകാറുണ്ടോ? ( എന്നെക്കാള്‍ നന്നായി ഒരാള്‍ പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍, പാടുന്നത് കേള്‍ക്കുമ്പോള്‍, കൂടുതല്‍ ഉയര്‍ന്ന ജോലി ലഭിച്ചെന്നറിയുമ്പോള്‍, മാര്‍ക്ക് ലഭിച്ചുവെന്നറിയുമ്പോള്‍)
2. അന്യന്‍റെ വസ്തുക്കള്‍ സ്വന്തമാക്കണമെന്ന അതിയായ ആഗ്രഹം തോന്നാറുണ്ടോ?.
3. മറ്റുള്ളവന്‍റെ നാശം കാണാന്‍ ആഗ്രഹിച്ച് കുതന്ത്രങ്ങള്‍ മെനയാറുണ്ടോ?
4. തന്‍റെ തകര്‍ച്ചകള്‍ക്ക് കാരണം അപരനാണെന്ന് ആവര്‍ത്തിച്ച് പറയാറുണ്ടോ?
5. നമ്മെക്കാള്‍ മെച്ചപ്പെട്ടവരെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയോ ഏഷണി പറയുകയോ ഹീനമായി സംസാരിക്കുകയോ ചെയ്യാറുണ്ടോ?
6. അപരന്‍റെ നേട്ടങ്ങളെല്ലാം ക്രമരഹിതമായ മാര്‍ഗത്തിലൂടെയാണെന്ന് പറയാറുണ്ടോ?
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും നമ്മിലുണ്ടെങ്കില്‍ അസൂയയുടെ വിത്തുകള്‍ നമ്മില്‍ മുളപൊട്ടിത്തുടങ്ങി എന്നുവേണം കരുതാന്‍. അവയെ മുളയിലേ നുള്ളിയാല്‍ നല്ലത്. എന്നാല്‍ കൂടുതല്‍ വേരൂന്നാനും വളരാനും അനുവദിച്ചാലോ? അത് ഏറെ അപകടങ്ങള്‍ സൃഷ്ടിക്കും. അസൂയയുടെ തിക്തഫലങ്ങള്‍ ഏതെല്ലാമാണെന്നുകൂടി അറിഞ്ഞിരിക്കുന്നത് ഉചിതമായിരിക്കും.
1. അസൂയയുടെ തിക്തഫലത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഇങ്ങനെ അഭിപ്രായപ്പെടുന്നു:

അസൂയ ഒരു വ്യക്തിയെ ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നതില്‍നിന്നും അകറ്റി സഹോദരനെതിരെ അമര്‍ഷം വളര്‍ത്തി ഉള്ളിലുള്ള ആനന്ദത്തെ നശിപ്പി ച്ചുകളയുന്നു. അങ്ങനെയുള്ള വ്യക്തികള്‍ ആത്മസന്തോഷം നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി രോഗാവസ്ഥയിലേക്ക് നിപതി ക്കും. അതുകൊണ്ടാണ് വചനം പറയുന്നത്: “പ്രശാന്തമായ മനസ് ശരീരത്തിന് ഉന്മേഷം നല്‍കുന്നു. അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു” (സുഭാഷിതങ്ങള്‍ 14:30). അസൂയയും കോപവും ജീവിതത്തെ വെട്ടിച്ചുരുക്കുമെന്നും (പ്രഭാഷകന്‍ 30:24) വചനം പറയുന്നുണ്ട്. ചുരുക്കത്തില്‍ അസൂയ ആയുസ് കുറയ്ക്കുമെന്നു സാരം.

2. അസൂയ ഒരു വ്യക്തിയെ കഠിനഹൃദയനും കൊലപാതകിയുമാക്കുന്നു. മനഃശാസ്ത്രത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കായേന്‍ സിന്‍ഡ്രം. ആബേല്‍ ദൈവത്തിന് ഇഷ്ടമുള്ള കാഴ്ചയര്‍പ്പിച്ചതുകൊണ്ടാണ് ദൈവം ആബേലിന്‍റെ  തന്നിഷ്ടം നിറവേറ്റി തനിക്കിഷ്ടമുള്ളത് സമര്‍പ്പിച്ച കായേന് മനസിലായില്ല. തന്മൂലം അവന്‍ കഠിനഹൃദയനും കൊലപാതകിയുമായി മാറുന്നു (ഉല്പത്തി4). ജോസഫിനെ സഹോദരന്മാര്‍ കൊല്ലാന്‍ ശ്രമിക്കുന്നതും (ഉല്പത്തി 37), സാവൂള്‍ ദാവീദിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതുമെല്ലാം (1സാമുവല്‍19) അസൂയയുടെ പരിണതഫലങ്ങളായി ബൈബിള്‍ ചൂണ്ടിക്കാണിക്കുന്ന സംഭവങ്ങളാണ്.

3. അസൂയ കുടുംബത്തെയും സമൂഹത്തെയും തകര്‍ക്കുന്ന ആശങ്കയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെടുന്നുണ്ട്.

4. അസൂയ എന്ന തിന്മ വിധേയത്വമില്ലായ്മയിലേക്കും അനുസരണക്കേടിലേക്കും താന്‍പോരിമയിലേക്കും നയിക്കും. ഇതില്‍ കൂടുതല്‍ തിക്തഫലങ്ങള്‍ അസൂയക്കുണ്ടെന്ന് നമ്മുടെ ജീവിതാനുഭവങ്ങള്‍തന്നെ ചികഞ്ഞെടുത്താല്‍ മനസിലാക്കാവുന്നതേയുള്ളൂ. കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ അസൂയയെ എങ്ങനെ നിര്‍മാര്‍ജനം ചെയ്യാം എന്നതും ചിന്തനീയമാണ്.അസൂയ ഇല്ലാതാകണമെങ്കില്‍:
1. അപരനെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ ശ്രമിക്കുക. അപരന്‍റെ നന്മയില്‍ അവനോടൊപ്പം സന്തോഷിക്കുക, കര്‍ത്താവിന് നന്ദി പറയുക. മറിയത്തിനുണ്ടായത് ഈ മനോഭാവമാണ്. അവള്‍ എലിസബത്തിന്‍റെ ആനന്ദത്തില്‍ പങ്കാളിയായി. മാത്രമല്ല, തനിക്ക് ലഭിച്ച കൃപയെക്കാള്‍ എലിസബത്തിന് ലഭിച്ച ദൈവകൃപയെ ഓര്‍ക്കുവാനും അതെക്കുറിച്ച് ദൈവത്തിന് നന്ദി പറയുവാനും പരിശ്രമിച്ചു. ആദിമസഭയില്‍ അപ്പസ്തോലന്മാര്‍ക്കും ഉണ്ടായിരുന്നു ഈ മനോഭാവം. ദൈവം പൗലോസിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്നു കേട്ടപ്പോള്‍ ഏവരും സന്തോഷിക്കുന്നതായും ദൈവത്തെ സ്തുതിക്കുന്നതായും വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട് (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 21:20).സ്നേഹം അസൂയപ്പെടുന്നില്ലെന്ന് പൗലോസ് ശ്ലീഹാ പറഞ്ഞുവച്ചതും അതുതന്നെയാണ് (1 കോറിന്തോസ് 13:4). അസൂയ തോന്നുന്നവരോട് സ്നേഹത്തോടെ പെരുമാറാനുള്ള ബോധപൂര്‍വമായ ശ്രമം അനിവാര്യമാണ്.
2. ദൈവകൃപയില്‍ ആശ്രയിക്കുക. ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട് (1 കോറിന്തോസ് 4:7) എന്ന വചനം ഓര്‍ക്കുന്നത് നല്ലതാണ്. ഏതൊരു വ്യക്തിക്കും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ദൈവികദാനമാണ്. ആ മികവ് ദൈവത്തിനുള്ളതാണ് എന്ന് വിശ്വസിക്കുക.
3. എന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം എന്‍റെ ആത്മാവിന്‍റെ രക്ഷയാണെന്ന് ചിന്തിക്കുക. വളരെയധികം പണമുണ്ടായിട്ട് എന്തു കാര്യം? ധനവാന്‍റെയും ലാസറിന്‍റെയും ഉപമ (ലൂക്കാ 16:19-31) എത്രയോ മനോഹരമായാണ് അത് സൂചിപ്പിക്കുന്നത്.
4. ഓരോരുത്തരും അവര്‍ക്ക് ലഭിച്ച ചെറുതും വലുതുമായ അനുഗ്രഹങ്ങളെക്കുറിച്ച് സദാ നന്ദിയുള്ളവരായിരിക്കുക.
5. അപരനെ അനുഗ്രഹിച്ച ദൈവം എന്‍റെ കാര്യത്തിലും ശ്രദ്ധാലുവാണെന്നും ഉചിതമായ സമയത്ത് എന്നെയും അനുഗ്രഹിക്കുമെന്നും വിശ്വസിക്കുക (1 പ ത്രോസ് 5:6). അസൂയയുടെ വാതായനങ്ങള്‍ അടയ്ക്കുവാന്‍ സ്നേഹത്തിന്‍റെ വാതായനങ്ങള്‍ തുറക്കാം. സ്നേഹത്തിന്‍റെ കവാടങ്ങളിലൂടെ ഒരിക്കലും സാത്താന്‍ പ്രവേശിക്കുകയില്ല, തീര്‍ച്ച.

 

Share:

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles