Trending Articles
തഞ്ചാവൂരില്‍ ഒരു ധ്യാനപരിപാടിക്കായി ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സന്യാസിനി, സിസ്റ്റര്‍ ലിറ്റില്‍ തെരേസ, പങ്കുവച്ച അനുഭവമാണിത്. സിസ്റ്ററിന് നാളുകള്‍ക്കുമുമ്പ് തഞ്ചാവൂരില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഒരു വൃദ്ധസദനത്തിന്‍റെ ചുമതലയാണ് നല്കപ്പെട്ടത്. അവിടെയായിരിക്കേ 2004 സെപ്റ്റംബര്‍ മാസത്തിലെ എട്ടുനോമ്പ് ദിവസങ്ങള്‍ വന്നു. പരിശുദ്ധ കുര്‍ബാനയുടെ മുമ്പിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന വേളയില്‍ ജീവിതത്തിലാദ്യമായി സിസ്റ്ററിന് ഒരു ദര്‍ശനം ലഭിക്കുകയാണ്! തന്‍റെ ചുമതലയിലുള്ള വൃദ്ധസദനത്തിന് മുമ്പിലുള്ള ഒരു തെങ്ങിന്‍റെ മുകളിലൂടെ കടല്‍വെള്ളം വരുന്നു. തുടര്‍ന്ന് ഒരു ബോട്ട് വന്ന് വീഴുന്നു, അതില്‍നിന്ന് രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും വെള്ളത്തിനടിയിലേക്ക് പോകുന്നു…!
അതിനുശേഷം സിസ്റ്ററിന് വല്ലാത്ത ഒരു ഉള്‍ഭയം. സിസ്റ്റര്‍ പതുക്കെ ഒരു സ്ഥലംമാറ്റത്തിനായി ശ്രമിക്കാന്‍ തുടങ്ങി. പക്ഷേ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയാണുണ്ടായത്. പിന്നീട് ഒക്‌ടോബര്‍ മാസാവസാനം ജപമാല ചൊല്ലുന്നതിനിടെ പരിശുദ്ധ അമ്മ മറ്റൊരു സന്ദേശം കൊടുത്തു, ”കുമ്പസാരിച്ച് ഒരുങ്ങിയിരിക്കുക.”
അതെത്തുടര്‍ന്ന് സിസ്റ്റര്‍ തുടരെ കുമ്പസാരിക്കുകയും വൃദ്ധസദനത്തിലെ മുഴുവന്‍ അന്തേവാസികളെയും കുമ്പസാരിച്ച് പ്രാര്‍ത്ഥനയില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി.
അല്പനാള്‍ കഴിഞ്ഞ് 2004 ഡിസംബര്‍ 25-ന് സിസ്റ്ററും സഹപ്രവര്‍ത്തകരും വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുകയാണ്. ഏതാണ്ട് രണ്ടുമണിയോടുകൂടി ഒരു ഫോണ്‍കോള്‍ വന്നു. തിണ്ടുകല്‍ എന്ന സ്ഥലത്തുനിന്ന് ഒരു വൈദികനാണ് വിളിക്കുന്നതെന്നും അമ്മയെയും കൂട്ടി ഒരു മകന്‍ അവിടെ വരുമെന്നും അവര്‍ക്ക് അവിടെ താമസിക്കാന്‍ അനുമതി കൊടുക്കണമെന്നും പറഞ്ഞു.
ഫോണ്‍ കട്ട് ചെയ്ത് അല്പം കഴിഞ്ഞ് ആ നമ്പര്‍ കോളര്‍ ഐഡിയില്‍നിന്നെടുത്ത് തിരിച്ചു വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ ആ നമ്പര്‍ നിലവിലില്ല എന്നാണ് കേള്‍ക്കുന്നത്. ഇതെല്ലാം സംഭവിച്ചപ്പോള്‍ സിസ്റ്ററിന് ഉത്കണ്ഠയും ഭയവും വര്‍ധിച്ചു. ആ ദിവസം അങ്ങനെ നീങ്ങി. രാത്രി ഏതാണ്ട് പത്തുമണി സമയമടുത്തപ്പോള്‍ കോളിങ്ങ് ബെല്‍ മുഴങ്ങുന്നു! സിസ്റ്റര്‍ നോക്കിയപ്പോള്‍ മുപ്പതോ മുപ്പത്തിയഞ്ചോ വയസ് തോന്നിക്കുന്ന ഒരു യുവാവും പ്രായമായ ഒരു സ്ത്രീയും… ആ യുവാവ് പറഞ്ഞു, ”രാവിലെ അച്ചന്‍ പറഞ്ഞിരുന്നില്ലേ. അത് ഞങ്ങളെപ്പറ്റിയാണ്.”
അത് കേട്ടപ്പോള്‍ വിശ്വാസ്യമായി തോന്നി. അതിനാല്‍ പെട്ടെന്നുതന്നെ താക്കോല്‍ എടുക്കാനായി സിസ്റ്റര്‍ അകത്തേക്ക് പോയി. തിരികെ വന്നപ്പോള്‍ ആ സ്ത്രീമാത്രമേയുള്ളൂ!
”നിങ്ങളുടെ മകന്‍ എവിടെ?” സിസ്റ്റര്‍ തിരക്കി, പക്ഷേ അവര്‍ മറുപടിയൊന്നും പറയുന്നില്ല. സിസ്റ്ററിന്‍റെ ഭയം പിന്നെയും വര്‍ധിക്കുകയാണ്. എന്തായാലും അവരെ ഒരു മുറിയില്‍ താമസിപ്പിച്ചു. അവിടെയെത്തിയപ്പോള്‍മുതല്‍ അവര്‍ കരയാന്‍ തുടങ്ങി. ”എന്‍റെ മക്കളാരും ഒരുക്കമല്ല, അവരെല്ലാം നശിക്കാന്‍ പോകുന്നു,” ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടാണ് കരച്ചില്‍!
സിസ്റ്റര്‍ എത്ര ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും ആ സ്ത്രീ ഒന്നും ശ്രദ്ധിക്കുന്നില്ല. പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഏതാണ്ട് വെളുപ്പിന് മൂന്നുമണി സമയത്ത് ആ സ്ത്രീ കരച്ചില്‍ നിര്‍ത്തി സിസ്റ്ററിനോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. സിസ്റ്റര്‍ പോയി വെള്ളമെടുത്ത് തിരിച്ചുവന്നപ്പോള്‍ മുറിയില്‍ അവരെ കാണുന്നില്ല. അവിടം മുഴുവന്‍ നോക്കിയിട്ടും കണ്ടില്ല. ആ ഭവനത്തിന്‍റെ മുന്‍വശത്തെ വാതില്‍, ഗ്രില്‍ മുഴുവന്‍ പൂട്ടിയിരുന്നു. എങ്കിലും വീണ്ടും ആ വൃദ്ധസദനം മുഴുവനും അന്വേഷിച്ചു. പക്ഷേ ആ സ്ത്രീയെ കണ്ടുകിട്ടിയില്ല. ഈ സംഭവവുംകൂടെ കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വല്ലാത്ത ഒരു അവസ്ഥയിലെത്തി.
പിറ്റേ ദിവസം, 2004 ഡിസംബര്‍ 26. ഏതാണ്ട് ഒമ്പതരമണി സമയം. വൃദ്ധസദനത്തിന് പുറത്ത് വലിയ ഒരു ശബ്ദം കേട്ടു. സിസ്റ്റര്‍ പുറത്തേക്ക് വന്നപ്പോള്‍ മുമ്പ് ദര്‍ശനത്തില്‍ കണ്ടതുപോലെ കടല്‍വെള്ളം സദനത്തിന് മുമ്പിലുള്ള തെങ്ങിനു മുകളിലൂടെ എത്തി ഒരു ബോട്ടില്‍ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും വന്ന് സദനത്തിന് മുമ്പിലേക്ക് മൂക്കുകുത്തി വീഴുന്നു. പിന്നീടൊന്നും ഓര്‍ക്കുന്നില്ല. ബോധം നഷ്ടപ്പെട്ടു. ബോധം വന്നപ്പോള്‍ വെള്ളത്തിനടിയില്‍ മരങ്ങള്‍ക്കിടയിലൂടെ ഒലിച്ചുപോവുകയായിരുന്നു. മരണം അടുത്തു എന്ന് സിസ്റ്റര്‍ ഉറപ്പിച്ചു. പെട്ടെന്ന് സിസ്റ്ററിന് ക്ഷമിച്ച് പ്രാര്‍ത്ഥിക്കണമെന്ന് തോന്നി. ”ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം; എന്നാല്‍ നീ പാപം ചെയ്യുകയില്ല”(പ്രഭാഷകന്‍ 7/36).
ജീവന്‍റെ അവസാനഘട്ടമെത്തി എന്നു തോന്നിയ നിമിഷം. പെട്ടെന്ന്, തലേദിവസം രാത്രി അമ്മയുമായി വന്ന യുവാവ് സിസ്റ്ററിന്‍റെ മുടിയില്‍ ചുരുട്ടിപ്പിടിച്ച് വലിച്ച് മറ്റൊരു ദിശയിലേക്ക് കൊണ്ടുപോവുന്ന അനുഭവം! മുട്ടോളം വെള്ളത്തിലാണ് കൊണ്ടുപോയി നിര്‍ത്തിയത്. എന്നിട്ട് മുന്നോട്ട് തള്ളിനീക്കി. വേഗം സിസ്റ്റര്‍ പുറകോട്ട് നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. പെട്ടെന്ന് കാതുകളില്‍ ഒരു സ്വരം: ”സമുദ്രത്തിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അത് നിന്നെ മുക്കിക്കളയുകയില്ല” (ഏശയ്യാ 43/2).
എവിടെനിന്നോ ലഭിച്ച ശക്തിയില്‍ സാവധാനം സിസ്റ്റര്‍ നടക്കാന്‍ ശ്രമിച്ചു, പക്ഷേ അവിടം മുഴുവന്‍ ശവശരീരങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു. എങ്കിലും പലരുടെയും സഹായത്തോടെ അവിടെനിന്ന് സുരക്ഷിതസ്ഥാനത്തെത്തി. അതിനുശേഷം ഏതാണ്ട് നാല് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞു. ശാരീരികമായും മാനസികമായും വളരെ ക്ഷതമേറ്റിരുന്നു. ഏറെ പ്രാര്‍ത്ഥനകള്‍ക്കുശേഷമാണ് എല്ലാം ശരിയായത്. ദൈവം നല്കിയ രണ്ടാം ജീവിതത്തില്‍ പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും സിസ്റ്റര്‍ മുന്നോട്ട് പോകുന്നു.
അതിനെക്കാള്‍ അതിശയിപ്പിച്ച കാര്യം മറ്റൊന്നാണ്, സിസ്റ്റര്‍ ശുശ്രൂഷ ചെയ്തിരുന്ന വൃദ്ധസദനം മുഴുവന്‍ നശിച്ചുപോയി. പക്ഷേ അതിലെ ഒരൊറ്റ അന്തേവാസിപോലും മരണപ്പെട്ടില്ല! ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലെനിന്ന് അവരെ മുഴുവന്‍ ജീവനോടെ വീണ്ടെടുത്ത് തിരികെ കൊണ്ടുവരികയാണ് ഉണ്ടായത്.
ആ അനുഭവം എന്നെയും ഏറെ ചിന്തിപ്പിച്ചു. കൂടെക്കൂടെയുള്ള കുമ്പസാരത്തിനും അനുതാപത്തിനും എന്തുമാത്രം വിലയുണ്ടെന്ന് പരിശുദ്ധ അമ്മ മനസിലാക്കിത്തന്നു. ”കര്‍ത്താവ് തന്‍റെ അടുക്കലേക്ക് തിരിയുന്നവരോട് പ്രദര്‍ശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്ര വലുതാണ്!” (പ്രഭാഷകന്‍ 17/29).
ജോര്‍ജ് ജോസഫ്
Want to be in the loop?
Get the latest updates from Tidings!