Trending Articles
ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന കാലം. രാവിലെ കോടതിയിലേക്കുള്ള യാത്രയില്‍ പതിവുപോലെ നിത്യാരാധനാചാപ്പലിലേക്ക് പോയി. അകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സാധാരണ ചെയ്യാറുള്ളതുപോലെ സ്യൂട്ട് ഉള്‍പ്പെടെയുള്ള എന്‍റെ ഔദ്യോഗിക വസ്ത്രങ്ങള്‍ മാറ്റിവച്ചു. അന്ന് ആരാധനാമധ്യേ മൃദുവായ ഒരു ചോദ്യം മനസിലേക്ക് വന്നു. “നിന്നെ ഇപ്രകാരം ഔദ്യോഗിക പരിവേഷങ്ങളണിഞ്ഞ് നില്‍ക്കാന്‍ സഹായിച്ച എന്‍റെ മുന്നില്‍ അത് ധരിച്ചുനില്‍ക്കാന്‍ എന്തിന് ലജ്ജിക്കുന്നു?”
ആ ദൈവാനുഭവത്തിനുശേഷം, സ്യൂട്ട് ധരിച്ച് പ്രാര്‍ത്ഥിക്കുന്നത് ഈശോയ്ക്ക് ഇഷ്ടമാണെന്നും അതുവഴി ഈശോയ്ക്ക് മഹത്വം നല്കുകയാണ് ചെയ്യുന്നത് എന്നും ബോധ്യമായി. അതോടെ, ചാപ്പലില്‍ കയറുമ്പോള്‍ ജസ്റ്റിസിന്‍റെ സ്യൂട്ട് ധരിച്ചുകൊണ്ടുതന്നെ ഈശോയെ ആരാധിക്കുന്ന പതിവിന് തുടക്കമിട്ടു. അതുപോലെ മറ്റുള്ളവര്‍ എന്തുചിന്തിക്കും എന്നു ഗൗനിക്കാതെ, ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നത് എനിക്ക് വലിയ അഭിമാനമാണ്. കാരണം, ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്തത്ര അനുഗ്രഹങ്ങളാണ് ദൈവം എനിക്ക് നല്കിയിട്ടുള്ളത്. അവയ്ക്കെല്ലാമുള്ള എന്‍റെ ദൈവത്തോടുള്ള പ്രതിനന്ദിയാണ് ആ പ്രാര്‍ത്ഥനയും ആരാധനയും. ന്യായാധിപന്‍റെ ഔദ്യോഗിക വസ്ത്രമണിഞ്ഞ് കൈവിരിച്ചുപിടിച്ചു പ്രാര്‍ത്ഥിക്കുന്നതുകണ്ട് പലരും ദൈവത്തെ മഹത്വപ്പെടുത്താനിടയായതില്‍ ഞാന്‍ അവിടുത്തേക്ക് നന്ദി പറയുന്നു. “എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും; ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും” (സങ്കീര്‍ത്തനം 63:4).
ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകുന്നതിന് ആനുപാതികമായി ഞാന്‍ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു എന്ന് ചിലരെങ്കിലും വിലയിരുത്താറുണ്ട്. എന്നാല്‍, ദൈവത്തോട് എത്രമാത്രം അടുക്കുന്നുവോ അത്രയധികമായി അവിടുന്ന് എന്നെ ഉയര്‍ത്തുന്നു എന്നതാണ് എന്‍റെ അനുഭവം. അത് അവിടുത്തെ മഹത്വത്തിന്‍റെ ഒരു അടയാളംകൂടിയാണ്.
പരിഹാരങ്ങള്‍ വന്ന വഴി
18 വര്‍ഷവും എട്ടു മാസവും ഞാന്‍ ജഡ്ജിയായി സേവനം ചെയ്തു. 20 വര്‍ഷത്തിലധികം അഭിഭാഷകനായിരുന്നു. അതിനിടയില്‍ പല കേസുകളിലും എന്‍റെ ചിന്തയിലോ ബുദ്ധിയിലോ ഒരു പരിഹാരവും തെളിയാത്ത സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെയും സഹായം തേടിയിരുന്നത് പരിശുദ്ധ അമ്മയിലാണ്. കേസിന്‍റെ കുരുക്കുകളെല്ലാം അഴിച്ച് കൃത്യമായ പരിഹാരം നിര്‍ദേശിക്കാന്‍ പരിശുദ്ധ അമ്മ എന്നെ എല്ലായ്പോഴും സഹായിച്ചിട്ടുണ്ട് . അതുപോലെ, അമ്മ അരികില്‍വന്ന് പരിശുദ്ധാത്മാവിന്‍റെ സഹായം ചോദിക്കാന്‍ എന്നെ പ്രേരിപ്പിക്കും. അതോടെ പരിഹാരം തെളിഞ്ഞുവന്നുകൊള്ളും.
പരിശുദ്ധ മാതാവ് വഴിയാണ് എന്‍റെ പ്രാര്‍ത്ഥനകള്‍ കൂടുതലും അര്‍പ്പിക്കാറുള്ളത്. ‘അമ്മയുടെ വിമലഹൃദയമാകുന്ന താലത്തില്‍വച്ച് ഈശോയുടെ തിരുഹൃദയത്തിലൂടെ പരമപിതാവേ പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ ഞാന്‍ ഈ പ്രാര്‍ത്ഥന അങ്ങേക്ക് സമര്‍പ്പിക്കുന്നു’ എന്ന പ്രാര്‍ത്ഥന എപ്പോഴും ചൊല്ലും. അമ്മയുടെ വിമലഹൃദയമാകുന്ന താലത്തില്‍വച്ച് സമര്‍പ്പിക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേകമായ വിധത്തില്‍ സ്വീകാര്യത ലഭിക്കുന്നു എന്നത് അനുഭവമാണ്.
ഇത് മകന്‍റെ അമ്മ
എന്‍റെ വ്യക്തിപരമായ ജീവിതത്തിലും പ്രാര്‍ത്ഥന വളരെയധികം പ്രധാനപ്പെട്ടതാണ്. ബാല്യകാലംമുതല്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തി എന്നില്‍ ഉടലെടുത്തിരുന്നു. അതിന് പ്രചോദനമായത് മടിയിലിരുത്തി ‘എന്‍റെ അമ്മേ, എന്‍റെ ആശ്രയമേ’ എന്ന് ചൊല്ലാന്‍ പഠിപ്പിച്ച അമ്മച്ചിയും സമയം ലഭിക്കുമ്പോഴെല്ലാം ജപമാല ചൊല്ലിയിരുന്ന അപ്പച്ചനുമാണ്.
അമ്മ ആശ്രയമായുള്ളപ്പോള്‍ ഞാന്‍ വീഴാതെ അമ്മ താങ്ങും, ഞാന്‍ കൈവിട്ടാലും എന്‍റെ കൈ വിടാത്ത അമ്മ. ഞാന്‍ കുതറിമാറുമ്പോഴും വീഴാതെ എന്നെ ചേര്‍ത്തു പിടിക്കുന്ന, എപ്പോഴും എന്‍റെ അരികിലുള്ള എന്‍റെ സ്വന്തം അമ്മയാണ് പരിശുദ്ധ മാതാവ്. മാത്രമല്ല, അമ്മയുടെ കണ്ണ് എന്‍റെമേലുണ്ടെങ്കില്‍ എനിക്ക് തെറ്റ് ചെയ്യാന്‍ സാധിക്കുകയില്ല. ഈ ചിന്ത പല തെറ്റുകളില്‍നിന്നും എന്നെ പിന്തിരിപ്പിച്ചിട്ടുണ്ട്. അമ്മ നോക്കിയിരിക്കുമ്പോള്‍ ഏത് മകനാണ് തെറ്റ് ചെയ്യാന്‍ സാധിക്കുക? അത് ആ വാത്സല്യപൂര്‍വമായ സ്നേഹംകൊണ്ടാണ്. “കുടുംബാംഗങ്ങളുടെ നടപടികള്‍ അവള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നു” (സുഭാഷിതങ്ങള്‍ 31:27) എന്ന തിരുവചനം പരിശുദ്ധ അമ്മയില്‍ അന്വര്‍ത്ഥമാണ്.
ഏതൊരു മകനും മകള്‍ക്കും ലഭിക്കാവുന്ന ഏറ്റവും വലിയ വാത്സല്യമാണ് അമ്മവാത്സല്യം. ആ വാത്സല്യം എപ്പോഴും സന്തോഷത്തോടെ, നന്ദിയോടെ പരിശുദ്ധ അമ്മയില്‍നിന്ന് സ്വീകരിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്നതില്‍ വലിയ അഭിമാനമുണ്ട്. ദിവസവും ഒന്നിലധികം ജപമാല ചൊല്ലാനുള്ള കൃപ ഈശോ എനിക്ക് നല്കാറുണ്ട്. അപ്പോഴെല്ലാം ഈശോയുടെ രക്ഷാകര രഹസ്യങ്ങള്‍ പരിശുദ്ധ അമ്മ ധ്യാനിച്ചതുപോലെ അമ്മയോടു ചേര്‍ന്നുനിന്ന് ധ്യാനിച്ച് ജപമാല ചൊല്ലാന്‍ ശ്രമിക്കാറുണ്ട്. അതുവഴി രക്ഷാകരസംഭവങ്ങള്‍ ആഴത്തില്‍ മനസിലാക്കാനും വ്യാഖ്യാനിക്കാനും അമ്മ സഹായിക്കുന്നു.
സ്റ്റിയറിങ്ങ് പിടിച്ച അമ്മ
യാത്രയ്ക്കിടയില്‍ ജപമാല ചൊല്ലുക പതിവാണ്. കുടുംബമൊത്തുള്ള ഒരു യാത്ര. ഞാനാണ് വാഹനമോടിച്ചിരുന്നത്. ഞങ്ങള്‍ ജപമാല ചൊല്ലിക്കൊണ്ടിരിക്കുകയാണ്. നല്ല മഴയുമുണ്ട്. ഒരു വാഹനം സ്പീഡില്‍ ഞങ്ങള്‍ക്കെതിരെ വരുന്നത് കണ്ടു. അത് നേരെ വന്ന് ഇടിച്ചാല്‍ എല്ലാം തീര്‍ന്നു വെന്ന് എല്ലാവര്‍ക്കും മനസിലായി… അപ്പോഴും ജപമാല തുടര്‍ന്നുകൊണ്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ആ വാഹനത്തെ ഞങ്ങള്‍ സുരക്ഷിതമായി കടന്നുപോന്നിരിക്കുന്നു എന്നുമാത്രം മനസിലായി. അത് ജപമാല രാജ്ഞിയായ പരിശുദ്ധ അമ്മ ഞങ്ങളുടെ വാഹനത്തിന്‍റെ സ്റ്റിയറിങ്ങ് ഏറ്റെടുത്തതുകൊണ്ടു മാത്രമാണ്.
ചില സമയങ്ങളില്‍ എല്ലാവരുംകൂടി സംസാരിച്ച് യാത്ര തുടരുമ്പോള്‍ ഉള്ളില്‍നിന്ന് ഒരു മൃദുസ്വരം കേള്‍ക്കും, ‘ജപമാല ചൊല്ലേണ്ട സമയമായി!’ അപ്പോള്‍ ഞങ്ങള്‍ സംസാരം നിര്‍ത്തി രഹസ്യങ്ങള്‍ ധ്യാനിച്ച് ജപമാലയര്‍പ്പിക്കും. ജപമാല ചൊല്ലുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ധിക്കുന്നതായും അനുഭവപ്പെട്ടിട്ടുണ്ട്, കുടുംബം ഒന്നായിത്തീരുന്ന ഹൃദ്യമായ അനുഭവം. വീട്ടില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിച്ചശേഷം കുടുംബപ്രാര്‍ത്ഥന ചൊല്ലുമ്പോഴും അതേ ഹൃദ്യത ലഭിക്കാറുണ്ട്. പരിശുദ്ധ അമ്മ എപ്പോഴും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന ആളാണല്ലോ.
അമ്മയുടെ ദൗത്യം എന്താണ്? അപ്പനിലേക്ക് മക്കളെ ചേര്‍ത്തുനിര്‍ത്തുക എന്നതല്ലേ? ഈശോയിലേക്ക് മക്കളെ കൊണ്ടുപോകുന്ന വഴികാട്ടിയും വഴിയുമായി അമ്മ എന്നെ നയിക്കുന്നു. അതിന് വല്ലാത്തൊരു മാധുര്യവും അനുഭവപ്പെട്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ എല്ലാം പരിശുദ്ധ മാതാവിലൂടെ ദൈവത്തിന് സമര്‍പ്പിക്കാനാണ് എനിക്ക് ഇഷ്ടം. “അവളുടെ സന്താനങ്ങള്‍ അവളെ ഭാഗ്യവതിയെന്നു വിളിക്കുന്നു” (സുഭാഷിതങ്ങള്‍ 31:28) എന്ന തിരുവചനം എത്ര അര്‍ത്ഥവത്താണ്!
അമ്മയുടെ വിമലഹൃദയമാകുന്ന താലത്തില്‍വച്ച് ഈശോയുടെ തിരുഹൃദയത്തിലൂടെ പരമപിതാവേ പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ ഞാന്‍ ഇത് അങ്ങേക്ക് സമർപ്പിക്കുന്നു
Justice Kurian Joseph serves as a judge of the Supreme Court of India. Justice Joseph is well known in the country as someone who publicly and boldly witnesses his Catholic Faith. In 2015, there was a widely acclaimed decision and acknowledgment of his faith when he had written objecting to the Conference of Chief Justices of High Courts being scheduled on Good Friday. Justice Joseph refused to attend the Conference on the grounds that his faith did not permit him to do so. He is also known for having declined a dinner invitation from the Indian Prime Minister for visiting judges, as the dinner was held on Holy Saturday.
Want to be in the loop?
Get the latest updates from Tidings!