Home/Encounter/Article

ജൂണ്‍ 26, 2020 2246 0 Fr Varghese Ethithara
Encounter

എന്നെക്കുറിച്ചുള്ള ദൈവഹിതം എങ്ങനെ നിറവേറും?

ഫ്രഞ്ച് വിപ്ലവത്തിന്‍റെ (1786-1859) സമയം. ഫ്രാന്‍സിലെ ഓരോ കുടുംത്തില്‍നിന്നും പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ യുവാക്കളെ നിര്‍ബന്ധിത പട്ടാളസേവനത്തിന് രാജ്യം വിളിച്ചിരുന്നു. അങ്ങനെ ജോണ്‍ എന്ന ആ യുവാവിന്‍റെ ചേട്ടനും സൈനികസേവനത്തിന് പോയി.
അങ്ങനെയിരിക്കെ ഒരു ദിവസം അപ്പന്‍ ഇളയവനായ ജോണിനോട് ചോദിച്ചു: ഭാവിയിൽ ആരാകണമെന്നാണ്  നീ ആഗ്രഹിക്കുന്നത്? രണ്ടാമതൊന്നാലോചിക്കാതെ ജോണ്‍ പറഞ്ഞു: “എനിക്ക് ഒരു വൈദികനാവണം.”

എന്നാല്‍ ജോണിനെ തന്‍റെ ഫാമിന്‍റെ ഉത്തരവാദിത്വം ഏല്പിക്കുകയാണ് അപ്പൻ ചെയ്തത്. ജോണ്‍ ഒരു വാക്കുപോലും മറുത്ത് പറയാതെ ആ ഫാമില്‍ രണ്ട് വര്‍ഷം ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അപ്പന്‍ ഒരിക്കല്‍കൂടി ജോണിനോട് ചോദിച്ചു: “നിനക്ക് ഭാവിയെക്കുറിച്ച് എന്തെങ്കിലും സ്വപ്നങ്ങളുണ്ടോ?”

ജോണ്‍ പറഞ്ഞു: “എനിക്കൊരു വൈദികനാവണം.” മകന്‍റെ ഉത്തരം കേട്ട് അക്ഷരാര്‍ത്ഥത്തില്‍ അപ്പന്‍ ഞെട്ടിപ്പോയി. അപ്പന്‍ ചോദിച്ചു: മകനേ, നിനക്ക് ഇത്രയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ എന്തേ ഫാമില്‍ ജോലിക്കയച്ചപ്പോള്‍ നീ മടിക്കാതെ പോയത്? ജോണ്‍ പറഞ്ഞു: “പിതാവേ, ഞാനൊരു വൈദികനാകാന്‍ ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഞാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.” അപ്പന്‍ ഒരക്ഷരം പിന്നീട് ശബ്ദിച്ചില്ല. പകരം മകനെ അനുഗ്രഹിച്ച് സ്നേഹേത്താടെ സെമിനാരിയിലേക്ക് അയച്ചു. ഇന്ന് ലോകം മുഴുവന്‍ വണങ്ങുന്ന വൈദികരുടെ സ്വര്‍ഗീയ മധ്യസ്ഥനായ ജോണ്‍ മരിയവിയാനി വൈദികനാകാന്‍ യാത്രയായത് ഇപ്രകാരമാണ്. അദ്ദേഹം വളരെ ചെറുപ്പത്തിലേ തന്നെക്കുറിച്ചുള്ള ദൈവഹിതം മനസിലാക്കുകയും താന്‍ ദൈവത്തോട് സഹകരിച്ചാല്‍ അത് തന്‍റെ ജീവിതത്തില്‍ നടക്കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു.

എല്ലാത്തിനുമുണ്ടോ ദൈവഹിതം?

എല്ലാ കാര്യത്തിലും ഒരു ദൈവഹിതമുണ്ട് എന്ന സത്യം നാം മറക്കരുത്! ഈശോ പഠിപ്പിച്ച ഏക പ്രാര്‍ത്ഥനയില്‍ നാം പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെയാണല്ലോ: “അങ്ങയുടെ തിരുമനസ് സ്വർഗ്ഗത്തിലെപോലെ ഭൂമിയിലുമാകണമേ‘. സ്വർഗത്തിന് എന്നെക്കുറിച്ചും എല്ലാത്തിനെക്കുറിച്ചും ഒരു ഹിതമുണ്ട്. ആ ഹിതമാണ് നടക്കേണ്ടത്. കാരണം ആ ഹിതം അനുഗ്രഹത്തിലേക്കുള്ള യാത്രയാണ്.

എല്ലാത്തിനെക്കുറിച്ചുമുണ്ട് ഈ ദൈവഹിതം. ഞാന്‍ ഏത് ദൈവവിളി തിരഞ്ഞെടുക്കണം, ഞാന്‍ ആരെ വിവാഹം കഴിക്കണം, ഞാന്‍ ഏത് സന്യാസ സഭയില്‍ ചേരണം, എനിക്ക് എത്ര കുട്ടികള്‍ വേണം, ആ കുട്ടികള്‍ ഏത് സ്കൂളില്‍ പഠിക്കണം, അവര്‍ ഏത് കോഴ്സ് പഠിക്കണം….ഇങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചുമുണ്ട്
ഒരു ദൈവഹിതം. ഒന്നും നമ്മുടെ ജീവിതത്തില്‍ ആകസ്മികമായി സംഭവിക്കേണ്ടതല്ല. മറിച്ച് ദൈവത്തിന്‍റെ അനന്ത പദ്ധതിയുടെ ഭാഗമായി നടക്കേണ്ടതാണ്. ഒരു
സാധാരണ മനുഷ്യന് തന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഹിതം എങ്ങനെ കണ്ടുപിടിക്കാനാവും? വചനം പഠിപ്പിക്കുന്നു: “അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ              പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും! ” (ജ്ഞാനം 9:17). കര്‍ത്താവിന്‍റെ ജ്ഞാനവും പരിശുദ്ധാത്മാവുംകൊണ്ട് നിറയാനായി നാം കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു എന്നു സാരം.

കര്‍ത്താവിന്‍റെ ഹിതം മനസിലാക്കിയ ഒരാള്‍ അതിനായി ത്യാഗം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ എത്ര വലിയ ചെങ്കടല്‍ ആണെങ്കിലും അത് വഴിമാറും. അട്ടപ്പാടി സെഹിയോന്‍ അഭിഷേകാഗ്നി സിസ്റ്റേഴ്സിന്‍റെ ആദ്യവ്രത വാഗ്ദാനത്തിന്‍റെ അന്ന് ജേക്കബ് മനത്തോടത്ത് പിതാവ് പറഞ്ഞത് ഇങ്ങനെയാണ്: “ഇത് ഈ കാലഘട്ടത്തിലെ ദൈവഹിതമാണ്. എനിക്കിതിനെ നിരാകരിക്കാനാവില്ല. ” അതിനുശേഷം പിതാവ് ഒരു വചനം കൂടി തിരുവചനസന്ദേശമധ്യേ പറഞ്ഞു: ഇത് കർത്താവിന്‍റെ പ്രവൃത്തിയാണ് ഇത്വിസ്മയകരമായിരിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 118:23). കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശട്ടെ (യോഹന്നാന്‍ 3:8). കാറ്റാകുന്ന പരിശുദ്ധാത്മാവ് വീശുമ്പോള്‍ നമുക്കൊരു അപ്പൂപ്പന്‍ താടിയെപ്പോലെ നിന്നുകൊടുക്കാം. ദൈവഹിതം മനസിലാക്കി അതിനോട് സഹകരിക്കുന്നവരെ കാറ്റ് ലക്ഷ്യസ്ഥാനത്തെത്തിക്കും. അവരുടെ ജീവിതത്തില്‍ അവരെക്കുറിച്ചുള്ള ദൈവഹിതം നടക്കുമെന്നര്‍ത്ഥം.

ഞാന്‍ എന്തുചെയ്യണം?

ദൈവത്തിന് എന്നെക്കുറിച്ച് ഒരു ഹിതം ഉണ്ടെന്നോര്‍ത്ത് അത് ഞാന്‍ സഹകരിച്ചാലും ഇല്ലെങ്കിലും നടക്കുമെന്ന് കരുതരുത്. ദൈവഹിതം മനസിലാക്കി ആ ദൈവഹിതം എനിക്ക് എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും അത് നടക്കാനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നവരുടെ ജീവിതത്തിലാണ് ദൈവഹിതം പൂവണിയുക. തന്നെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഹിതം തനിക്കേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നിട്ടും അതിനോട് പൂര്‍ണമായും സഹകരിക്കാന്‍ മേരി എന്ന പെണ്‍കുട്ടി തയാറായപ്പോള്‍ മേരി ഒരനുഗ്രഹമായി; സര്‍വോപരി അവര്‍ ലോകം മുഴുവനും ഒരു അനുഗ്രഹമായി മാറി.

അഹങ്കാരംകൊണ്ടും സ്വാര്‍ത്ഥതകൊണ്ടും ബലഹീനതകൊണ്ടും തങ്ങളെക്കുറിച്ചുള്ള ദൈവഹിതം നിരസിച്ചു കളഞ്ഞ് അനുഗ്രഹമാകേണ്ടതിനുപകരം ശാപമായിത്തീരുന്നവരുമുണ്ട്  എന്ന വസ്തുത നമുക്ക്മറക്കാതിരിക്കാം. വചനം പഠിപ്പിക്കുന്നു: “ഫരിസേയരും നിയമജ്ഞരുമാകട്ടെ യോഹന്നാന്‍റെ ജ്ഞാനസ്നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചുകളഞ്ഞു” (ലൂക്കാ 7:30). അവരുടെ ജീവിതത്തില്‍ ദൈവഹിതം നടക്കേണ്ടത് സ്നാപകയോഹന്നാനിലൂടെയാണെന്ന വലിയ സത്യം മനസിലാക്കാതെ പോയനിര്‍ഭാഗ്യരായ ഫരിസേയരും നിയമജ്ഞരും നമ്മുടെ മുമ്പില്‍ ഒരു സാധ്യതകൂടിയാണ്. നമുക്ക് നമ്മെക്കുറിച്ചുള്ള ദൈവഹിതത്തെ മനസിലാക്കി, ദൈവഹിതം നമ്മുടെ ജീവിതത്തില്‍ പൂവണിയാനായി പ്രാര്‍ത്ഥിക്കാം. എന്‍റെ സുഖമോ എന്‍റെ ഇഷ്ടമോ ഒന്നുമല്ലദൈവത്തിന്‍റെ ഹിതമാണ് പ്രധാനം. ദൈവഹിതമുണ്ട് അതു നടക്കണം . ഇന്നു മുതല്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, എന്‍റെ ജീവിതത്തില്‍ ദൈവഹിതത്തിന് അനുസൃതമായതുമാത്രം സംഭവിക്കട്ടെ. ആമ്മേന്‍!

Share:

Fr Varghese Ethithara

Fr Varghese Ethithara

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles