Home/Engage/Article

നവം 24, 2021 366 0 Shalom Tidings
Engage

ആദ്യം ആ ചുംബനം വാങ്ങണം!

നവവൈദികനായ ഫാ. ജോസ് റോഡ്രിഗോ ഇടവകവികാരിയായി ചുമതലയേറ്റെടുത്ത സമയം. പുതിയ വൈദികനോട് ഇണങ്ങിച്ചേരുന്നതേയുള്ളൂ ഇടവകസമൂഹം. അതിന്‍റേതായ ക്ലേശങ്ങള്‍ ഫാ. ജോസിനുണ്ടായിരുന്നു. അപ്പോഴാണ് ഒരു ദിവസം യുവദമ്പതികള്‍ എട്ട് വയസുള്ള മകന്‍ ഗബ്രിയേലിനെയുംകൊണ്ട് അദ്ദേഹത്തെ സമീപിക്കുന്നത്.
അവന് അള്‍ത്താരശുശ്രൂഷകനാകണം, അതാണ് ആവശ്യം. തന്‍റെ ശുശ്രൂഷകള്‍ ഒന്ന് സുഗമമായി നീങ്ങിത്തുടങ്ങിയിട്ട് മതി പുതിയ ശുശ്രൂഷകനെ പരിശീലിപ്പിക്കാന്‍ എന്ന് ചിന്തിച്ച ഫാ. ജോസ്, ഗബ്രിയേലിനോട് ചോദിച്ചു, “നിനക്ക് അള്‍ത്താരബാലനാകണോ?” അവന്‍ മറുപടിയൊന്നും പറഞ്ഞില്ല പകരം, തന്‍റെ ഇളംകൈകള്‍കൊണ്ട് ഫാ. ജോസിനെ ആലിംഗനം ചെയ്തു. പിന്നെ എങ്ങനെ ആ വൈദികന്‍ അവനോട് എതിര്‍ത്തൊരു മറുപടി പറയും. അതിനാല്‍ അടുത്ത ഞായറാഴ്ച വിശുദ്ധബലിക്ക് 15 മിനിറ്റ് മുന്‍പ് വരാന്‍ പറഞ്ഞ് അദ്ദേഹം അവനെ പറഞ്ഞയച്ചു.

പറഞ്ഞതുപോലെതന്നെ കുടുംബത്തോടൊപ്പം അവന്‍ എത്തി.

എന്നാല്‍ തിരക്കിനിടയില്‍ വിശുദ്ധബലി തുടങ്ങുന്നതിന് അല്പം മുമ്പാണ് ഫാ. ജോസ് ഗബ്രിയേലിനെ ശ്രദ്ധിച്ചതുതന്നെ. പിന്നെ മറ്റൊരു വഴിയും കാണാത്തതിനാല്‍ താന്‍ കാണിച്ചുതരുന്നത് ചെയ്തുകൊള്ളാന്‍ പറഞ്ഞുകൊണ്ട് അദ്ദേഹം വിശുദ്ധബലിക്കായി ഒരുങ്ങി. ബലി ആരംഭിച്ചുകൊണ്ട് ഫാ. ജോസ് അള്‍ത്താര ചുംബിച്ചു. അതാ ഗബ്രിയേലും അള്‍ത്താര ചുംബിക്കുന്നു!

അങ്ങനെയാണ് ദിവ്യബലി തുടങ്ങിയത്. അന്നത്തെ വിശുദ്ധബലി കഴിഞ്ഞപ്പോള്‍ എന്തൊക്കെയാണ് അവന്‍ വിശുദ്ധബലിയില്‍ ചെയ്യേണ്ടത് എന്നെല്ലാം ഫാ. ജോസ് പറഞ്ഞുകൊടുത്തു. കൂട്ടത്തില്‍, അള്‍ത്താര ക്രിസ്തുവിന്‍റെ പ്രതീകമായതിനാല്‍ അത് വൈദികന്‍മാത്രം ചുംബിക്കേണ്ടണ്ടതാണ് എന്നും അദ്ദേഹം ഗബ്രിയേലിനോട് പറഞ്ഞു. എന്നാല്‍ അത് ഗബ്രിയേലിന് അത്രമാത്രം മനസിലായൊന്നുമില്ല. “എനിക്കും അള്‍ത്താര ചുംബിക്കണം” അവന്‍ ആവര്‍ത്തിച്ചു. ഒടുവില്‍ അവനുവേണ്ടിക്കൂടി താന്‍ അള്‍ത്താര ചുംബിച്ചുകൊള്ളാമെന്ന് പറഞ്ഞ് ഫാ. ജോസ് സമ്മതിപ്പിച്ചു.

അടുത്ത ഞായറാഴ്ചയായി. വിശുദ്ധ കുര്‍ബാന ആരംഭിച്ചപ്പോള്‍ പതിവുപോലെ ഫാ. ജോസ് അള്‍ത്താര മുത്തി. തുടര്‍ന്ന് ഗബ്രിയേലിനെ നോക്കി. അവന്‍ അള്‍ത്താരയില്‍ കവിള്‍ ചേര്‍ത്തുവച്ച് കുഞ്ഞുമുഖത്ത് വലിയ പുഞ്ചിരിയുമായി നില്‍ക്കുകയാണ്. അങ്ങനെ ചെയ്യുന്നത് നിര്‍ത്താന്‍ ഫാ. ജോസ് ആവശ്യപ്പെടുന്നതുവരെ അവന്‍ അങ്ങനെ നിന്നു.

അന്ന് ദിവ്യബലി കഴിഞ്ഞ് വീണ്ടും അദ്ദേഹം ഗബ്രിയേലിനെ ഓര്‍മ്മിപ്പിച്ചു, “നിനക്കുവേണ്ടിക്കൂടി ഞാന്‍ അള്‍ത്താര മുത്തുന്നുണ്ട്.” ഉടനെ വന്നു അവന്‍റെ മറുപടി, “ഞാന്‍ അള്‍ത്താര മുത്തിയതല്ല. അള്‍ത്താര എന്നെ മുത്തിയതാണ്!” ഒന്ന് ഞെട്ടിയ ഫാ. ജോസ് പറഞ്ഞു, “ഗബ്രിയേല്‍, കുട്ടിക്കളി കാണിക്കരുത്!” അപ്പോള്‍ ഗബ്രിയേല്‍ പറഞ്ഞു, “അല്ല അച്ചാ, ഞാന്‍ പറഞ്ഞത് സത്യമാണ്. ഈശോ എന്നെ അള്‍ത്താരയില്‍നിന്ന് മുത്തങ്ങള്‍കൊണ്ട് നിറച്ചു!” സ്പെയിനിലെ സെയ്ന്‍റ് ഒറോസിയ ദൈവാലയവികാരിയായിരുന്നപ്പോഴത്തെ ഈ അനുഭവം ഫാ. ജോസ് റോഡ്രിഗോതന്നെ പിന്നീട് പങ്കുവച്ചു. കാരണം ഗബ്രിയേല്‍ എന്ന എട്ടുവയസുകാരന്‍ പഠിപ്പിച്ച പാഠം അദ്ദേഹം എന്നും ഓര്‍ക്കുന്നു: ഈശോയുടെ സ്നേഹം സ്വീകരിച്ചാലേ അവിടുത്തെ ആഴത്തില്‍ സ്നേഹിക്കാനാവുകയുള്ളൂ.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles