Home/Evangelize/Article

നവം 24, 2021 589 0 Msgr. C.J. Varkey
Evangelize

ആ സംഭവം പത്രോസ് പരസ്യപ്പെടുത്തിയതിനുകാരണം?

അനുതാപം പ്രസംഗിക്കാനാണ് ശിഷ്യന്‍മാര്‍ അയക്കപ്പെട്ടിരിക്കുന്നതായി കാണുന്നത്. “പാപമോചനത്തിനുള്ള അനുതാപം അവന്‍റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഇവയ്ക്ക് സാക്ഷികളാണ്. ഇതാ എന്‍റെ പിതാവിന്‍റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയക്കുന്നു” (ലൂക്കാ 24/47-49). നമ്മെ ശ്രവിക്കുന്നവരെ അനുതാപത്തിലേക്ക്, അങ്ങനെ മാനസാന്തരത്തിലേക്ക് ആനയിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന പ്രേഷിതവേല. ഏത് മതക്കാരനെയും പാപത്തെക്കുറിച്ചുള്ള അനുതാപത്തിലേക്ക് നയിക്കാന്‍ സാധിക്കും. എല്ലാ മനുഷ്യര്‍ക്കുംതന്നെ, തങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പാപികളാണെന്ന ബോധ്യം ഉണ്ട്. മോചനം ലഭിക്കാനും ആഗ്രഹം ഉണ്ട്. പാപമോചനത്തിന് അനുതാപം കൂടിയേ കഴിയൂ. കുമ്പസാരിച്ച് പാപമോചനം സിദ്ധിച്ചവരും നിരന്തരമായി, ആഴമായി മനസ്താപപ്പെട്ടാല്‍ അത് കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും. നിരാശയോടെയോ കുറ്റബോധത്തോടെയോ ഉള്ളത് അനുതാപമല്ല. പാപമോചനം കിട്ടിയതിലുള്ള നന്ദിയോടെയും അതേ സമയം ഇത്ര നല്ല ദൈവത്തിനെതിരായി പാപം ചെയ്തല്ലോ എന്ന വേദനയോടെയും ദുഃഖിക്കുക. വിശുദ്ധ പത്രോസ് കര്‍ത്താവിനെ ഉപേക്ഷിച്ച് പറഞ്ഞതിനെക്കുറിച്ച് കോഴികൂവുമ്പോഴൊക്കെ കരയുമായിരുന്നു എന്ന് പറയപ്പെടുന്നു. കാരണം കോഴികൂവലായിരുന്നു കര്‍ത്താവ് പത്രോസിന് കൊടുത്ത അടയാളം.

കയ്യാപ്പായുടെ അരമന ഇപ്പോള്‍ ഒരു പള്ളിയായി ഉപയോഗിക്കുന്നു. അതിന്‍റെ പേര് ഇപ്പോള്‍ വിശുദ്ധ പത്രോസിന്‍റെ കോഴികൂവലിന്‍റെ പള്ളി എന്നാണ്. ആരും കാണാത്ത ആ സംഭവം പത്രോസ്തന്നെ പരസ്യപ്പെടുത്തി. നാല് സുവിശേഷകന്‍മാരും ആ സംഭവം രേഖപ്പെടുത്തി. അതിനാല്‍ നമ്മളും പാപങ്ങളെക്കുറിച്ച്, കുമ്പസാരിച്ചവയെക്കുറിച്ചുപോലും, എന്നും അനുതപിക്കണം. വീണ്ടും വീണ്ടും കുമ്പസാരിക്കേണ്ടതില്ല. ഒരിക്കല്‍ ഏറ്റുപറഞ്ഞാല്‍മതി. ഉള്ളില്‍ അനുതാപം ഉണ്ടായിരിക്കുക. അപ്പോള്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ കിട്ടും. അനുതപിക്കാന്‍ മറ്റുള്ളവരെയും പ്രേരിപ്പിക്കണം. അങ്ങനെ അനുതപിക്കുമ്പോള്‍ പിതാവിന്‍റെ ദാനമായ പരിശുദ്ധാത്മാവിന്‍റെ നിറവ് നമുക്ക് കൂടുതലായി ലഭിക്കും.

യോഹന്നാന്‍ 12/40- “അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ട് കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്ക് തിരിഞ്ഞ് ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യാതിരിക്കേണ്ടതിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു.”

അനുതപിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ നിറവ് നമുക്ക് കൂടുതലായി ലഭിക്കുമെന്നാണ് ഞാന്‍ പറഞ്ഞുവച്ചത്. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിന് ശരിയായി തുറന്നുകൊടുക്കാത്ത പലരും കാണുമെന്ന് എനിക്ക് തോന്നുകയാണ്. അരൂപിയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രമാത്രം കണ്ടിട്ടും കണ്ണുകൊണ്ട് കാണാതെയും ഹൃദയംകൊണ്ട് ഗ്രഹിക്കാതെയും കര്‍ത്താവിങ്കലേക്ക് തിരിയാതെയും ഇരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ ഇപ്പോഴെങ്കിലും പരിശുദ്ധാത്മാവിന് തുറന്നുകൊടുക്കട്ടെ.

ലൂക്കാ 22/39-40- അവന്‍ പുറത്തുവന്ന് പതിവുപോലെ ഒലിവുമലയിലേക്ക് പോയി. ശിഷ്യന്‍മാരും അവനെ പിന്തുടര്‍ന്നു. അവിടെ എത്തിയപ്പോള്‍ അവന്‍ അവരോട് പറഞ്ഞു: നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍.

അവസാനമായി പ്രാര്‍ത്ഥനയിലാണ് നാം ശരണം വയ്ക്കേണ്ടത്. പ്രാര്‍ത്ഥന കുറയുമ്പോള്‍ പ്രശ്നങ്ങളുണ്ടാകും. പ്രാര്‍ത്ഥന ഉള്ളപ്പോഴും പ്രശ്നങ്ങളുണ്ടാകും. എന്നാല്‍ വേഗം തീരും. മനസിനെ ഭാരപ്പെടുത്തുകയില്ല. പ്രാര്‍ത്ഥിക്കാതിരുന്നാല്‍ പ്രശ്നങ്ങള്‍ നമ്മുടെ ഹൃദയസമാധാനത്തെ നശിപ്പിക്കും. പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥന വേണം. അരൂപിയില്‍ വളരാനും പ്രാര്‍ത്ഥന അത്യാവശ്യമാണ്. അവിടുത്തോടുകൂടി ആയിരിക്കാന്‍വേണ്ടിയാണ് അവിടുന്ന് നമ്മെ തിരഞ്ഞെടുത്തത്. ബാഹ്യപ്രവര്‍ത്തനങ്ങളുടെ ബാഹുല്യം അവിടുത്തോടുകൂടി ആയിരിക്കാന്‍ പലപ്പോഴും നമ്മെ അനുവദിക്കുന്നില്ല. ദൈവരാജ്യവും അതിന്‍റെ നീതിയും ആദ്യമേ അന്വേഷിച്ചാല്‍ ബാക്കിയുള്ളതെല്ലാം നമുക്ക് കൂട്ടിച്ചേര്‍ത്തുതരുമെന്നുള്ള കാര്യം നമ്മള്‍ മറക്കരുത്. നിങ്ങളെല്ലാവരും സുഖമായിരിക്കുക; സന്തോഷമായിരിക്കുക, ഈശോയുടെ സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.

Share:

Msgr. C.J. Varkey

Msgr. C.J. Varkey

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles