Home/Engage/Article

നവം 24, 2021 743 0 Ranjith Lawrence
Engage

ആ പേരുകളല്ലാതെ മറ്റൊന്നും അഗതയ്ക്ക് പഠിക്കാനായില്ല, പക്ഷേ…

കണ്‍ഫ്യൂഷനിസം വിശ്വാസം പിന്തുടര്‍ന്നവര്‍ ആയിരുന്നു കിം അഗിതി അഗത എന്ന കൊറിയന്‍ യുവതിയും കുടുംബവും. ഒരു ദിവസം അഗതയുടെ കത്തോലിക്കയായ സഹോദരി അവരെ സന്ദര്‍ശിക്കുന്നതിനായി വന്നു. ആ കുടുംബം പിന്തുടര്‍ന്നിരുന്ന വിജാതീയ ആചാരങ്ങള്‍ കണ്ടു വേദനിച്ച സഹോദരി അവരോട് ഇപ്രകാരം പറഞ്ഞു, “ലോകത്തെ മുഴുവന്‍ ഭരിക്കുന്നത് ഒരാള്‍തന്നെയാണ്, അത് ക്രിസ്തുവാണ്. അന്ധകാരത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റ് നിങ്ങളും സത്യത്തിലേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.”

ഈ സഹോദരിയുടെ വാക്കുകള്‍ കേട്ട് അഗതയ്ക്ക് ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് അറിയുവാനുള്ള അതിയായ ആഗ്രഹം ഉണ്ടായി. എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള അവസരം ഉണ്ടായിരുന്നില്ല. എങ്കിലും സത്യത്തിനു വേണ്ടി എന്ത് ത്യാഗവും ഏറ്റെടുക്കുവാന്‍ അഗത തീരുമാനിച്ചു. അങ്ങനെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ പഠനത്തില്‍ പിന്നിലായിരുന്ന അഗതയ്ക്ക് പ്രാര്‍ത്ഥനകളും വിശ്വാസത്തിന്‍റെ അടിസ്ഥാനതത്വങ്ങളും പഠിക്കുവാന്‍ കഴിഞ്ഞില്ല.

പക്ഷേ ഈശോയുടെയും മറിയത്തിന്‍റെയും നാമങ്ങള്‍ അവളെ വല്ലാതെ ആകര്‍ഷിച്ചു. എന്ത് ചോദിച്ചാലും ഈശോ, മറിയം എന്നീ രണ്ടു വാക്കുകള്‍ മാത്രമാണ് അഗതക്ക് പറയാനുണ്ടായിരുന്നത്. ബുദ്ധിശക്തിയില്‍ പിന്നോക്കമായിരുന്നതിനാല്‍ അഗതയ്ക്ക് അന്ന് മാമ്മോദീസാ ലഭിച്ചില്ല.

കൊറിയയില്‍ ഉഗ്രമായ മതപീഡനം നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ അഗതയും ജയിലിലടയ്ക്കപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തനിക്ക് ഈശോയെയും മാതാവിനെയുംകുറിച്ചുമാത്രമേ അറിയുകയുള്ളൂ എന്നായിരുന്നു അഗതയുടെ ഉത്തരം. അപ്പോള്‍ അധികാരികള്‍ ചോദിച്ചു, “അവരെ നിരാകരിക്കാന്‍ തയ്യാറാണോ?” ഉടനെ അഗത മറുപടി നല്കി, “ഞാന്‍ അവര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറാണ്!”

തുടര്‍ന്ന് അഗത നേരിട്ടത് ക്രൂരമായ പീഡനങ്ങളാണ്. ഭര്‍ത്താവും മകനും വിശ്വാസം ഉപേക്ഷിച്ചെങ്കിലും വിശ്വാസം തള്ളിപ്പറയാന്‍ അഗത തയാറായില്ല. പീഡനങ്ങള്‍ക്ക് നടുവിലും പിടിച്ചുനില്‍ക്കാന്‍ സഹതടവുകാരുടെ വിശ്വാസവും അവള്‍ക്ക് തുണയായി. തിരുസഭ പിന്നീട് വിശുദ്ധരായി പ്രഖ്യാപിച്ച കിം മഗ്ദലന്‍, ഹാന്‍ ബാര്‍ബ തുടങ്ങിയവരായിരുന്നു അവരില്‍ ചിലര്‍. ഈശോയെയും മാതാവിനെയുംകുറിച്ച് മാത്രം അറിയാവുന്ന അഗതയുടെ ധൈര്യവും വിശ്വാസവും സഹതടവുകാരെപ്പോലും ഏറെ സ്പര്‍ശിച്ചു. അങ്ങനെ ജയിലില്‍വച്ചാണ് അഗത മാമ്മോദീസ സ്വീകരിച്ചത്. ജയിലില്‍ അനുഭവിച്ച ക്രൂരമായ പീഡനങ്ങള്‍ നേരിടുവാന്‍ മാമ്മോദീസ അഗതയ്ക്ക് കൂടുതല്‍ കരുത്തു നല്‍കി.

1839-ല്‍ അഗതയുടെയും ഒമ്പത് സഹതടവുകാരുടെയും വധശിക്ഷ നടപ്പിലാക്കി. കാളവണ്ടിയില്‍ സ്ഥാപിച്ച കുരിശിലേക്കു ഇവരുടെ കൈകളും തലമുടിയും ബന്ധിച്ച ശേഷം ദുര്‍ഘടമായ ഒരു ഇറക്കത്തിലൂടെ മലയുടെ മുകളില്‍നിന്ന് താഴത്തേക്ക് കാളയെ അതിവേഗം ഓടിച്ചു. തുടര്‍ന്ന് അവരെ ശിരച്ഛേദം ചെയ്തു.

പഠനമോ പാണ്ഡിത്യമോ അല്ല വിശുദ്ധിയുടെ മാനദണ്ഡം എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് 1925 ജൂലൈ അഞ്ചാം തീയതി തിരുസഭ അഗതയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1984 മെയ് ആറാം തീയതി സോളില്‍ നടന്ന ചടങ്ങില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അഗതയെ വിശുദ്ധയായി നാമകരണം ചെയ്തു.

Share:

Ranjith Lawrence

Ranjith Lawrence

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles