Trending Articles
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂലൈ മാസത്തില്‍ ഷാര്‍ജയില്‍നിന്ന് ഞാന്‍ അവധിക്കാലത്ത് നാട്ടില്‍ എത്തി. ആ വരവിന് ഒരു പ്രത്യേക ഉദ്ദേശ്യവുമുണ്ടായിരുന്നു. എന്റെ കാലിലെ മുട്ടുചിരട്ടയ്ക്ക് സ്ഥാനഭ്രംശം സംഭവിച്ച് ചികിത്സ എടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ പ്ലാസ്റ്റര്‍ വെട്ടിയപ്പോള്‍ കാല്‍മുട്ട് മടക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ഷാര്‍ജയില്‍ വളരെയധികം ചികിത്സ ചെയ്തു. എന്നിട്ടും മാറാത്ത അവസ്ഥയിലാണ് നാട്ടിലേക്ക് ചികിത്സക്ക് എത്തിയത്. നാട്ടിലെ വളരെ പ്രഗത്ഭനായ ഡോക്ടര്‍ ഫിസിയോതെറാപ്പി നടത്താന്‍ നിര്‍ദേശിച്ചു. എന്നിട്ടും മാറ്റമൊന്നുമില്ലാതെ വന്നപ്പോള്‍ സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചു. റോബോട്ട് നടക്കുന്നതുപോലെയാണ് ഞാന്‍ നടന്നിരുന്നത്.
ആ സമയത്താണ് എന്റെ അപ്പന്‍ എന്നോട് ഒരു ധ്യാനത്തിന് പോകാനും ഏറ്റവും വലിയ ഡോക്ടറായ ഈശോയുടെ ചികിത്സയാണ് നമുക്ക് വേണ്ടതെന്നും പറഞ്ഞത്. ആദ്യം ഞാന്‍ കുറെ ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും അവസാനം ഒരു കൊച്ചുധ്യാനകേന്ദ്രത്തില്‍ പോകാന്‍ തീരുമാനിച്ചു. ധ്യാനത്തിന്റെ ആദ്യദിവസം കടന്നുപോയി. രണ്ടാം ദിവസം വൈകുന്നേരം പെട്ടെന്ന് ഒരു ബ്രദര്‍ വന്നു പറഞ്ഞു: ”ഇനി നമുക്ക് കുരിശിന്റെ വഴി പ്രാര്‍ത്ഥനയാണ്. മുട്ടുകുത്താന്‍ സാധിക്കാത്തവരുണ്ടെങ്കില്‍ അവര്‍ പുറകില്‍ പോയിരിക്കണം.” ഞാന്‍ മനസില്‍ പറഞ്ഞു, ഇതിനുമുമ്പ് പല ധ്യാനവും കൂടിയിട്ടുണ്ട്. പക്ഷേ ഇന്നേവരെ കുരിശിന്റെ വഴി പ്രാര്‍ത്ഥന ഒരു ധ്യാനത്തിലും ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് ജൂലൈമാസം, നോമ്പുകാലം പോലുമല്ല. ഇതെന്തൊരു ധ്യാനം? അവസാനം ആറുമാസമായി മുട്ടുകുത്താന്‍ സാധിക്കാത്ത ഞാന്‍ പുറകില്‍ പോയിരിക്കാന്‍ തീരുമാനിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ പല്ലെല്ലാം കൊഴിഞ്ഞ്, മുണ്ടും ചട്ടയും ധരിച്ച്, മേയ്ക്കാമോതിരവുമണിഞ്ഞ അമ്മച്ചിമാരാണ് അവിടെ ഇരിക്കുന്നത്. ഈ ചെറുപ്രായത്തില്‍ ഇത്രയും വയസായവരുടെ കൂടെ എങ്ങനെ ഇരിക്കും? മനസില്‍ വലിയൊരു നാണക്കേട്. പിന്നെ ചിന്തിച്ചു, ഒരു കാല് വളയുമല്ലോ. മുമ്പിലെ കസേരയുടെ പുറകില്‍ എങ്ങനെയെങ്കിലും മുട്ടുകുത്തുന്നതായി അഭിനയിക്കാം. ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴേക്കും അതാ ‘കുരിശില്‍ മരിച്ചവനേ…..’ എന്ന ഗാനം തുടങ്ങി. പിന്നെ പുറകോട്ട് പോകാനും പറ്റാത്ത അവസ്ഥയായി. അപ്പോഴേക്കും അതാ ഒന്നാം സ്ഥലം എന്നു പറഞ്ഞ് എല്ലാവരും മുട്ടുകുത്തി. ഞാനെന്തൊക്കെ ശ്രമിച്ചിട്ടും വിചാരിച്ചതൊന്നും നടപ്പാക്കാനായില്ല. ഗതികെട്ട് ഞാന്‍ കസേരയില്‍ തല കുമ്പിട്ടിരുന്നു. അച്ചന്‍ എന്നെ കാണുമല്ലോ? പറഞ്ഞത് അനുസരിക്കാതെ മുമ്പിലിരുന്ന എന്നെ നോക്കി എല്ലാവരും പരിഹസിക്കുകയായിരിക്കില്ലേ? ആകെ മനസില്‍ എന്തൊക്കെയോ തോന്നി. ഒന്നും മനസിലാവുന്നില്ല. നാണക്കേട് സഹിക്കാന്‍ വയ്യാതെ ഞാന്‍ മനസില്‍ ശക്തിയായി ഒരു വിളി വിളിച്ചു. ‘എന്റെ ഈശോയേ!’ എന്തു സംഭവിച്ചെന്നറിയില്ല. പുറകില്‍നിന്ന് എന്നെ ആരോ ഭയങ്കരമായ ശക്തിയില്‍ തള്ളിയ അനുഭവം. ഞാന്‍ മുട്ടുകുത്തി! എന്റെ മുട്ടുകള്‍ മടങ്ങി!!! ആറുമാസമായി മടങ്ങാത്ത, സര്‍ജറി ചെയ്യണമെന്ന് പറഞ്ഞ, എന്റെ കാല്‍മുട്ട് ഏറ്റവും വലിയ ഡോക്ടര്‍ സുഖമാക്കി. കുരിശിന്റെ വഴിയിലെ ജീവനുള്ള ഈശോയെ ഞാന്‍ കണ്ടു. അവിടുന്ന് എന്നെ സ്പര്‍ശിച്ചു.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നോമ്പുകാലത്ത് എല്ലാ ക്രിസ്ത്യാനികുട്ടികളും ഉച്ചഭക്ഷണസമയത്ത് കുരിശിന്റെ വഴിക്ക് വരണമെന്ന് നിര്‍ബന്ധമായിരുന്നു. വിശന്നു പൊരിഞ്ഞ വയറുമായിട്ടാണ് ഈ പ്രാര്‍ത്ഥന. ഓരോ സ്ഥലങ്ങളും ധ്യാനിച്ച് മുട്ടു കുത്തുമ്പോഴും ഞാന്‍ പറയും, ഇതാരു കണ്ടുപിടിച്ച പ്രാര്‍ത്ഥനയാണാവോ? വിശന്ന് പൊരിഞ്ഞ് എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കാന്‍ കൊതിയായി നില്ക്കുന്ന നേരത്തെയൊരു പ്രാര്‍ത്ഥന! അങ്ങനെ ഉള്ളില്‍ പിറുപിറുത്ത്, ആ കുരിശിന്റെ വഴിയിലൂടെ, എന്റെകൂടെ നടന്നിരുന്ന ഈശോയെ കാണാന്‍ പറ്റാതെ, വര്‍ഷങ്ങള്‍ ആ പ്രാര്‍ത്ഥനയില്‍ ഞാന്‍ പങ്കുചേര്‍ന്നു.
പക്ഷേ ഇന്ന് കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങളിലും ആ ജീവിക്കുന്ന ഈശോയുടെ കൂടെ നീങ്ങുന്നു. ‘എത്ര വര്‍ഷം, എന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ഈശോയ്‌ക്കെതിരെ പിറുപിറുത്തു’ ഞാന്‍ മനംനൊന്തു കരഞ്ഞു.
പക്ഷേ അപ്പോഴേക്കും സ്‌നേഹം മാത്രമായ ഈശോ, കുരിശില്‍ കിടന്ന് വേദനയില്‍ പിടയുമ്പോഴും നല്ല കള്ളന് മാപ്പു കൊടുത്ത ഈശോ എന്നെ വാരിപ്പുണര്‍ന്ന് ആശ്വസിപ്പിച്ചു. ജീവിതമാകുന്ന കുരിശുമെടുത്ത് പിറുപിറുത്ത് മുന്നോട്ട് നടക്കുമ്പോള്‍, ജീവിക്കുന്ന ഈശോ, ഓര്‍ശ്ലേമിന്‍ സ്ത്രീകളെ ആശ്വസിപ്പിച്ച ഈശോ, നമ്മെ ഓരോരുത്തരെയും ആശ്വസിപ്പിച്ച്, വാരിപ്പുണര്‍ന്ന് നമ്മുടെ കൂടെ നടക്കുന്നുണ്ട്. ആ സ്‌നേഹം മനസിലാക്കാന്‍ ഇനിയും വൈകരുതേ!
Sini John
Want to be in the loop?
Get the latest updates from Tidings!