Home/Encounter/Article

ആഗ 16, 2023 386 0 Sister Mary
Encounter

അക്രൈസ്തവ യുവതിയുടെ അപ്പത്തിലെ ഈശോ

ഒരു ക്രിസ്ത്യാനിയുടെ മഹത്വം അവര്‍ മനസിലാക്കിയിരുന്നുവെങ്കില്‍- ദൈവത്തെ ഭക്ഷിക്കുന്ന, വഹിക്കുന്ന പുണ്യ ജന്മങ്ങള്‍!

ഈശോയെ അറിഞ്ഞതുമുതല്‍ ഈശോയെ തിരുവോസ്തിയില്‍ സ്വീകരിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. ഒരു ഹിന്ദുവായി ജനിച്ചതുകൊണ്ട് എനിക്കത് സാധിക്കാത്തതില്‍ വളരെ ദുഃഖം ഉണ്ടായിരുന്നു. ഒരു ക്രിസ്ത്യാനിയായി ജനിക്കാന്‍ കഴിയാത്തതിന് ഞാന്‍ ഈശോയോട് എപ്പോഴും പരാതി പറയും. അതിരാവിലെ അച്ഛന്‍റെയും അമ്മയുടെയും കൈപിടിച്ച് പ്രഭാതബലിക്കായി വെള്ളവസ്ത്രം ധരിച്ച് പോകുന്നത് പലപ്പോഴും ഞാന്‍ സ്വപ്നം കാണാറുണ്ട്. അതിന് സാധിക്കാത്തതോര്‍ത്ത് ഏറെ കരഞ്ഞിട്ടുണ്ട്.

ഒരു ക്രിസ്ത്യാനിയുടെ മഹത്വം അവര്‍ മനസിലാക്കിയിരുന്നുവെങ്കില്‍- ദൈവത്തെ ഭക്ഷിക്കുന്ന, വഹിക്കുന്ന പുണ്യ ജന്മങ്ങള്‍! എല്ലാത്തിനും എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ഈശോയെ സ്വീകരിക്കാതെ, പല ഒഴികഴിവുകള്‍ പറഞ്ഞ് കടന്നുപോകുന്ന എത്ര ക്രിസ്ത്യാനികള്‍ ഉണ്ട്. പക്ഷേ ഈശോയെ സ്വന്തമാക്കുമ്പോള്‍ അവര്‍ എല്ലാം സ്വന്തമാക്കി. തിരുവോസ്തിയില്‍ ഈശോയെ സ്വീകരിക്കുമ്പോള്‍ അവര്‍ പ്രകാശത്തിന്‍റെ മക്കളായിത്തീരും. ഈശോയെ വിശുദ്ധിയോടും ഒരുക്കത്തോടും സ്വീകരിക്കുമ്പോള്‍ അവര്‍ വിശുദ്ധരായി മാറും. “അവന്‍ അപ്പം എടുത്ത് ആശീര്‍വദിച്ചു മുറിച്ച് അവര്‍ക്ക് കൊടുത്തു. അപ്പോള്‍ അവരുടെ കണ്ണുകള്‍ തുറന്നു” (ലൂക്കാ 24/30) എന്നാണല്ലോ തിരുവചനം പറയുന്നത്.

ഹൃദയത്തിന്‍റെ തീവ്രമായ ആഗ്രഹം നിമിത്തം ഞാന്‍ ദിവസവും ശാലോം ടി.വിയില്‍ രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയില്‍ പങ്കെടുക്കുമായിരുന്നു. അരൂപിയില്‍ ഈശോയെ സ്വീകരിക്കും. ഈശോ എന്നിലേക്ക് വരുന്നത് എനിക്ക് അനുഭവിക്കാന്‍ സാധിക്കുമായിരുന്നു. എന്നെ സ്പര്‍ശിച്ച് അനുഗ്രഹിക്കും. അത് കഴിഞ്ഞിട്ടാണ് ഞാന്‍ പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. എന്‍റെ പ്രാര്‍ത്ഥനയും ആഗ്രഹവും ഓരോ ദിവസം കടന്നുപോകുമ്പോഴും വര്‍ധിച്ചുകൊണ്ടിരുന്നു.

അങ്ങനെയിരിക്കേ, ആ വര്‍ഷത്തെ പെസഹാവ്യാഴം വന്നു. വൈകുന്നേരം എന്‍റെ പ്രാര്‍ത്ഥനാമുറി വളരെ ഭംഗിയായി അലങ്കരിച്ചു. ഒരു പെസഹാ അപ്പം ഉണ്ടാക്കി ഈശോയുടെ തിരുഹൃദയരൂപത്തിനു മുന്നില്‍വച്ചു. എന്നിട്ട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

“ഈശോ, ലോകം മുഴുവനും ഇന്ന് പെസഹാ തിരുനാള്‍ ആഘോഷിക്കുകയാണ്. എനിക്ക് ദൈവാലയത്തില്‍ പോകാനോ ഈശോയെ സ്വീകരിക്കാനോ കഴിയില്ല. പക്ഷേ എന്‍റെ ഹൃദയത്തിലും ഈശോ ഇന്ന് വരണം. എനിക്ക് വിശ്വാസമാണ്. ഈശോ ഈ പെസഹാ അപ്പം ആശീര്‍വദിച്ച് എനിക്ക് തരണം. ഈശോ വരാതെ ഞാന്‍ ഇവിടെനിന്ന് എഴുന്നേല്‍ക്കില്ല. ഈശോയേ വരണമേ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്‍റെ ഹൃദയവും ശരീരവും നിന്‍റെ ദൈവാലയമാക്കി മാറ്റണമേ. എന്നിലും വസിക്കണമേ. ഈശോയേ വരണമേ, ആശീര്‍വദിക്കണമേ. പാപിയും അയോഗ്യയുമായ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.”

അങ്ങനെ ആ രാത്രി മുഴുവന്‍ ഈശോയുടെ തിരുഹൃദയരൂപത്തിനു മുമ്പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എന്‍റെ ഈശോ വരും, വരാതിരിക്കില്ല…. പരിശുദ്ധ അമ്മയോടുചേര്‍ന്ന് ഞാന്‍ കാത്തിരുന്നു. ഈശോ വരുമെന്ന് എനിക്ക് വലിയ പ്രത്യാശ ഉണ്ടായിരുന്നു.

പക്ഷേ ഏറെ നേരം കടന്നുപോയിട്ടും ഈശോ വന്നില്ല. എന്‍റെ മനസില്‍ വളരെ ദുഃഖം തോന്നി, ഞാന്‍ കരഞ്ഞു. ഈശോ വരുന്നില്ലല്ലോ. ഹൃദയത്തില്‍ വളരെ ഭാരം തോന്നി. ഹൃദയത്തില്‍ നിറഞ്ഞ പ്രാര്‍ത്ഥനകള്‍ ഈശോയ്ക്ക് അര്‍പ്പിച്ചു. “ഞാന്‍ ഒരു പാപിയും അയോഗ്യയും ആയതുകൊണ്ടല്ലേ ഈശോ വരാത്തത്. ഒരു വിശുദ്ധയായി ജനിക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈശോ വരുമായിരുന്നു. ഈശോ നീ വരില്ലേ….” എന്നൊക്കെയായിരുന്നു പരാതികള്‍. നിര്‍ബന്ധം പിടിക്കുന്ന ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഞാന്‍ ദുഃഖിച്ചു.

അല്പസമയം കഴിഞ്ഞപ്പോള്‍ എന്‍റെ ശരീരവും മനസും ആത്മാവും ഒരു ദൈവാനുഭവത്തില്‍ മുങ്ങുന്നതുപോലെ അനുഭവപ്പെട്ടു. ഞാന്‍ വല്ലാതെ പേടിച്ചു. എന്നെ ആരോ എടുക്കുന്നു, വലിയൊരു പ്രകാശം എനിക്ക് നേരെ വരുന്നു, ഒരു പ്രകാശമനുഷ്യരൂപം ആ പെസഹാ അപ്പത്തില്‍ കടന്നുവന്നു. പ്രകാശപൂര്‍ണനായി എന്‍റെ ദിവ്യരക്ഷകന്‍ ആ അപ്പത്തില്‍ പ്രവേശിച്ച് എന്നെ ആശീര്‍വദിച്ച് അനുഗ്രഹിച്ചു. അധികം താമസിക്കാതെ വളരെ കൊതിയോടെയും ഭക്തിയോടെയും ആ പെസഹാ അപ്പം ഞാന്‍ കൃതജ്ഞതാപൂര്‍വം ഭക്ഷിച്ചു.

ഈശോയെ സ്നേഹിക്കണമെങ്കില്‍ മതമോ നിറമോ അറിവോ ഒന്നും പരിമിതികളല്ല എന്നെനിക്കുറപ്പാണ്. വിശുദ്ധമായ ഒരു ഹൃദയവും സ്നേഹിക്കുവാനുള്ള ഒരു മനസും ശിശുതുല്യമായ വിശ്വാസവും മതി, ഈശോ നമ്മളെ തേടിവരും. നമ്മുടെ ആഗ്രഹങ്ങളും നിയോഗങ്ങളും വിശുദ്ധമാകുമ്പോള്‍ ഈശോ കേള്‍ക്കാതിരിക്കില്ല. മാമോദീസ സ്വീകരിക്കാന്‍ മാത്രമല്ല, അവിടുത്തെ മണവാട്ടിയായി വ്രതം ചെയ്യാനും എന്നെ അനുഗ്രഹിച്ചവനാണ് അവിടുന്ന്.

എത്ര ഭാഗ്യമുള്ള ജന്മമാണ് ക്രിസ്ത്യാനിയുടേത്. അത് അവര്‍ തിരിച്ചറിഞ്ഞിരുന്നു എങ്കില്‍ കൃപയ്ക്കുമേല്‍ കൃപയായി തീരുമായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ 34/8- “കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍.” ഈശോ ജീവിക്കുന്ന ദൈവമാണ്. നമുക്ക് ചുറ്റും നിറഞ്ഞുനില്ക്കുന്ന ദൈവസാന്നിധ്യം അനുഭവിക്കണമെങ്കില്‍ ചോദ്യങ്ങളും പരിമിതികളും ഇല്ലാത്ത നിഷ്കളങ്കമായ വിശ്വാസം വേണം. ഈ വിശ്വാസത്തില്‍നിന്ന് നമ്മെ വേര്‍പെടുത്തുവാന്‍ പല തിന്മയുടെ ശക്തികളും പ്രവര്‍ത്തിക്കും. അപ്പോഴും വിശ്വാസം മുറുകെ പിടിച്ച് രക്തസാക്ഷികളെപ്പോലെ ക്രിസ്തുവിനെ ഏറ്റുപറയുവാന്‍ ശക്തി തരുന്നത് ദിവ്യകാരുണ്യ സ്വീകരണമാണ്. വളരെ ഒരുക്കത്തോടും ഭക്തിയോടും സ്നേഹത്തോടും ത്യാഗത്തോടുംകൂടി ഈശോയെ സ്വീകരിക്കുന്നവര്‍ക്ക് അത് വലിയ അനുഭവമായി മാറും.

ജീവിക്കുന്ന ഏകസത്യ ദൈവം യേശു മാത്രമാണ്. യേശുവിനെ സ്വന്തമാക്കിയവര്‍ സ്വര്‍ഗം സ്വന്തമാക്കി. ഈ ലോകത്തില്‍ ഏറ്റവും വലിയ ഭാഗ്യവും അതുതന്നെ. ഓരോ തിരുവോസ്തിയിലും ഈശോയുടെ തുടിക്കുന്ന ഹൃദയമാണുള്ളത്. ആ തിരുഹൃദയത്തിലെ ദാഹവും തുടിപ്പും അവിടുത്തെ മക്കള്‍ക്കുവേണ്ടിയാണ്. എന്‍റെ ജീവിതത്തില്‍ ഒരിക്കല്‍പോലും ഈശോയെ സ്വീകരിക്കാത്ത ഒരു ദിവസംപോലും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന. ഇന്നുവരെ ഈശോ അതിന് കൃപ തരുന്നു.

Share:

Sister Mary

Sister Mary

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles