Home/Encounter/Article

ഏപ്രി 29, 2024 140 0 സ്റ്റെല്ല ബെന്നി
Encounter

അംഗീകരിക്കാനും ചേര്‍ത്തുനിര്‍ത്തുവാനും

ചുറ്റുമുള്ള ലോകത്തെ സൗഖ്യപ്പെടുത്തുന്നവരായി മാറാം ഈ പുതുവര്‍ഷത്തില്‍…

വര്‍ഷങ്ങള്‍ക്കുമുമ്പ് ടീച്ചറായി ലീവ് വേക്കന്‍സികളില്‍ ചുറ്റിനടന്ന കാലഘട്ടങ്ങളില്‍ പല സ്ഥലത്തും ടീച്ചേഴ്സിനുവേണ്ടിയിട്ടുള്ള ലോഡ്ജുകളില്‍ താമസിക്കാനിടവന്നിട്ടുണ്ട്. ആ നാളുകളില്‍ വൈകുന്നേരങ്ങളില്‍ ധാരാളം സമയം വര്‍ത്തമാനം പറയാനും തമാശ പറഞ്ഞ് ചിരിക്കാനുമൊക്കെ കിട്ടും. പക്ഷേ എന്നോട് ആരുംതന്നെ അധികം തമാശ പറയാറില്ലായിരുന്നു. പകരം സമയം കിട്ടുമ്പോഴൊക്കെ അവര്‍ അവരുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും പങ്കുവയ്ക്കും. ഞാന്‍ കഴിയുന്നവിധത്തിലൊക്കെ അവരെയൊക്കെ ആശ്വസിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ചേര്‍ത്തുപിടിക്കാനൊരാള്‍!

ഒരിക്കല്‍ ഒരു ടീച്ചര്‍ ഇപ്രകാരം തന്‍റെ ജീവിതത്തിലെ സഹനങ്ങളെക്കുറിച്ച് പങ്കുവച്ചു. “കുടുംബജീവിതം തുടങ്ങിയ നാളില്‍ തുടങ്ങിയ കഷ്ടപ്പാടാ… ആദ്യത്തെ പ്രഗ്നന്‍സി ഒരു മാസമായപ്പോള്‍ നഷ്ടപ്പെട്ടുപോയി. പിന്നെ കുറെയേറെ നാളുകളിലേക്ക് ഗര്‍ഭധാരണം നടന്നതേയില്ല. പിന്നീടുണ്ടായ ഗര്‍ഭം ആറുമാസം പ്രായമായപ്പോള്‍ കുട്ടി ഉള്ളില്‍ കിടന്നു മരിച്ച് നീക്കം ചെയ്യേണ്ടതായി വന്നു. പിന്നീടുള്ള ഗര്‍ഭധാരണം കഴിഞ്ഞ് പ്രസവം നടക്കുന്നതുവരെ ബഡ്റെസ്റ്റില്‍ കഴിയേണ്ടിവന്നു. പ്രസവം വളരെ പ്രയാസകരമായിരുന്നു. പ്രസവശേഷം ആദ്യം ഇട്ട സ്റ്റിച്ചുകള്‍ പഴുത്തുപൊട്ടി, രണ്ടാമതും സ്റ്റിച്ച് ഇടേണ്ടിവന്നു. ഞാന്‍ മാത്രമല്ല, എന്നെ പരിചരിച്ചവരും വല്ലാതെ ബുദ്ധിമുട്ടി. അനുഭവിച്ചു തീര്‍ത്തതെല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നു. എന്‍റെ ചേട്ടായി അതായത് എന്‍റെ ഭര്‍ത്താവ് ഒത്തിരി സ്നേഹത്തോടുകൂടെ എപ്പോഴും കൂടെയുണ്ടായിരുന്നു. അതോര്‍ക്കുമ്പോഴാണ് ഏക ആശ്വാസം.

എന്തുമാത്രം സഹിച്ചാലെന്താ അതൊക്കെ കാണാനും കേള്‍ക്കാനും അംഗീകരിക്കാനും ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കാനും സ്നേഹിക്കുന്ന ഭര്‍ത്താവ് കൂടെയുണ്ടെന്ന അനുഭവം ഏറെ ആശ്വാസകരമായ ഒന്നായിരുന്നു. ചേട്ടായി തന്ന കരുതലോര്‍ക്കുമ്പോള്‍ ഇന്നും കണ്ണു നിറഞ്ഞുപോകും. ലോകത്തില്‍ മറ്റൊരാണുങ്ങള്‍ക്കും ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നിപ്പോകുകയാണ്. ഇന്നും ജീവിതം പലവിധ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാലും ചേര്‍ത്തുനിര്‍ത്തി സ്നേഹിക്കാന്‍ എന്‍റെ ചേട്ടായി എന്‍റെ കൂടെയുണ്ട് എന്നതാണ് എന്‍റെ ഏക ആശ്വാസം!” ചേട്ടായിയെക്കുറിച്ച് പറയുമ്പോള്‍ ആ ടീച്ചറിന്‍റെ മുഖം പൂപോലെ വിരിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. കടന്നുപോകുന്ന ദുരിതങ്ങള്‍ക്കിടയിലും അവളിലെ ഭാര്യ പൂര്‍ണസംതൃപ്തയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദൈവത്തിന് സ്തുതി.

കാണാനും കേള്‍ക്കാനും അംഗീകരിക്കാനും സ്നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്താനും ഒരാള്‍ ഉണ്ടായിരിക്കുക. ഇതല്ലേ ഓരോ ഭാര്യയുടെയും ഹൃദയം കൊതിക്കുക.

സംതൃപ്തനായ ഒരു ഭര്‍ത്താവ്

ഹൈന്ദവനായ അയാള്‍ പറഞ്ഞു; “എന്‍റെ ചേച്ചീ, ഞങ്ങള്‍ പ്രേമിച്ചു കെട്ടിയതാണ്. ഞങ്ങളുടെ വിവാഹത്തിന് രണ്ടുവീട്ടുകാരും എതിരായിരുന്നു. അവള്‍ വലിയ സമ്പന്ന തറവാട്ടിലേത്. ഞാനോ തറവാടു മോശമല്ലെങ്കിലും ദരിദ്രന്‍. നാലഞ്ചു വര്‍ഷം സ്നേഹിച്ചു നടന്നു. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഞങ്ങള്‍ വിവാഹിതരായി. തമ്പുരാന്‍ ഞങ്ങള്‍ക്ക് രണ്ട് മക്കളെയും തന്നു. ഇന്നിപ്പോള്‍ ഏഴുവര്‍ഷം പിന്നിട്ടു. എന്‍റെ കുറവുകളിലേക്കും പരിമിതികളിലേക്കും ഇറങ്ങിവന്ന് അവള്‍ക്ക് ഒത്തിരി ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ മുഖം കറുത്തൊരു വാക്കോ ഇല്ലായ്മയെക്കുറിച്ച് പരാതിയോ അവളില്‍നിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. കുറ്റവും കുറവും പറഞ്ഞതായി യാതൊരു ഓര്‍മയുമില്ല. അന്നും ഇന്നും ഞാനെന്നുവച്ചാല്‍ അവള്‍ക്ക് ജീവനാ.

വീടുവിട്ടിറങ്ങിവന്നിട്ട് ഞാന്‍ കിടന്ന സിമന്‍റുതറയില്‍ ഒരു തുണിക്കഷണവും വിരിച്ച് അവള്‍ എന്നോടുചേര്‍ന്ന് കിടന്നു. ഞാന്‍ നടന്നപ്പോള്‍ എന്നോടു ചേര്‍ന്നു നടന്നു. ഇന്നിപ്പോള്‍ ഞങ്ങളുടെ സാമ്പത്തികനില ഏറെ മാറി. ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങളുടെ വീട്ടുകാര്‍ ഞങ്ങളെ അംഗീകരിച്ചു. പക്ഷേ എന്‍റെ പെണ്ണിന്‍റെ മനസുമാത്രം മാറിയിട്ടില്ല. അവള്‍ക്ക് അന്നും ഇന്നും ഞാന്‍ ദൈവമാണ്. ഇതൊക്കെയല്ലേ ചേച്ചീ, ഒരു ഭര്‍ത്താവിന്‍റെ ആനന്ദം. പണം കൊടുത്താല്‍ ചന്തയില്‍നിന്നും വാങ്ങാന്‍ കിട്ടുന്നതല്ല ഇതൊന്നും. ഒരു ഭര്‍ത്താവെന്ന നിലയില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. കാണാനും കേള്‍ക്കാനും മാനിക്കാനും അംഗീകരിക്കാനും ചേര്‍ന്നുനില്‍ക്കാനും ബലം പകരാനും ഒരുവള്‍ കൂടെയുണ്ടായിരിക്കുക. അതല്ലേ ഏറ്റവും വലിയ ധനം?”

ഒരമ്മച്ചിയുടെ ആനന്ദം

അമ്മച്ചി ഇങ്ങനെ പറഞ്ഞുതുടങ്ങി. “പിള്ളേരുടെ അപ്പന്‍ മരിച്ചിട്ട് പിന്നീടങ്ങോട്ടുള്ള ജീവിതം ദുരിതപൂര്‍ണമായിരുന്നു. സത്യത്തില്‍ കണ്ണീരേറെ കുടിച്ചിട്ടാ മോളെ ഇവറ്റകളെയൊക്കെ വളര്‍ത്തി ഈ നിലയില്‍ എത്തിച്ചത്. നൊന്തുപെറ്റ ഒമ്പതു മക്കളെ നോക്കുന്നതോടൊപ്പം പ്രായമായ അപ്പനെയും അമ്മയെയും നോക്കി അവരെയും പറഞ്ഞുവിടേണ്ട വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പിച്ചിട്ടാണ് അകാലത്തില്‍ അങ്ങേര് പോയത്. ഇന്നിപ്പോള്‍ എല്ലാം ശാന്തമായി. മക്കളൊക്കെ നല്ല നിലയിലായി. പക്ഷേ അവരാരും ഈ അമ്മ ഒരു വാക്കു പറഞ്ഞാല്‍ അതുവിട്ട് പുറം ചാടി പോകില്ല. അവര്‍ക്കറിയാം ഞാനെന്തു വില കൊടുത്താ അവരെ പോറ്റിവളര്‍ത്തി ഇത്രത്തോളമെത്തിച്ചതെന്ന്. അമ്മയെ അമ്മയായി കരുതി ചേര്‍ന്നുനില്‍ക്കുന്നവരും ചേര്‍ത്തുനിര്‍ത്തുന്നവരുമാണ് വന്നുകയറിയ മരുമക്കളും. കഷ്ടതയേറെ സഹിച്ചെങ്കിലെന്താ എന്‍റെ മക്കളും മരുമക്കളും അതെല്ലാം കാണുകയും കേള്‍ക്കുകയും അംഗീകരിക്കുകയും എന്നോടുചേര്‍ന്നു നില്‍ക്കുകയും ചെയ്തു. ഞാനൊരു ഭാഗ്യവതിയായ അമ്മതന്നെയാ മോളേ, ഒടേതമ്പുരാന് സ്തുതി.”

ഒരപ്പന്‍റെ നിര്‍വൃതി

“ചോരത്തിളപ്പിന്‍റെ കാലത്ത് കുടിയേറിയതാണ് മലബാറിന്‍റെ മണ്ണിലേക്ക്. ഏറെയേറെ അധ്വാനിച്ചു. കഷ്ടതകളേറെ സഹിച്ചു. എന്‍റെ ഭാര്യയും ഞാനുംകൂടി ദൈവത്തോടുചേര്‍ന്ന് അധ്വാനിച്ചതിന്‍റെ ഫലമായി ഇന്നിപ്പോള്‍ ഈ നിലയിലെത്തി. അമ്പത്താറാം വയസിലാണ് എന്‍റെ ഭാര്യ മരിച്ചത്. രണ്ടാം വിവാഹം കഴിക്കാന്‍ എല്ലാവരും എന്നെ ഏറെ നിര്‍ബന്ധിച്ചു. പക്ഷേ ഞാനതിന് വഴങ്ങിയില്ല. തന്മൂലം ത്യാഗങ്ങളും കഷ്ടപ്പാടുകളും ഏറെ ഏറ്റെടുക്കേണ്ടിവന്നു. അതിന് വലിയ ഫലവുമുണ്ടായി. ഇന്നിപ്പോള്‍ എന്‍റെ മക്കളെല്ലാം നല്ല നിലയിലാണ്. വന്നുകേറിയ മരുമക്കളും അങ്ങനെതന്നെ. എന്നെ അപ്പച്ചീ എന്നു വിളിച്ചാല്‍ പകുതി വിളിക്കില്ല എന്‍റെ കൊച്ചുമക്കളും. ആകപ്പാടെ സന്തോഷമാ എന്‍റെ മക്കളേ… എന്‍റെ അലച്ചിലും കഷ്ടപ്പാടും എന്‍റെ മക്കളു കണ്ടു, അംഗീകരിച്ചു, ആദരിച്ചു, ചേര്‍ത്തുനിര്‍ത്തി. അല്ല, ദൈവം കണ്ടു എന്നു പറയുന്നതാ ഏറെ ശരി. എല്ലുമുറിയെ പണി ചെയ്ത് കുടുംബം പോറ്റിയിട്ടും ആരാലും അംഗീകരിക്കപ്പെടാത്ത എത്രയോ പേര് ഈ ഭൂമിയിലുണ്ട്. അതുവച്ചു നോക്കുമ്പോള്‍ ഇത്തിരി കഷ്ടപ്പെട്ടാലെന്താ ഞാനൊരു ഭാഗ്യവാനല്ലേ. ദൈവം തുണച്ചു. അതല്ലാതെന്തു പറയാന്‍.”

ഗുണവതിയായ ഒരു ഹെഡ്മിസ്ട്രസ്

എന്‍റെ അധ്യാപന ജീവിതകാലത്ത് ഒരു സ്കൂളിലൊഴികെ എല്ലായിടത്തും എന്‍റെ ഹെഡ്മിസ്ട്രസുമാര്‍ സിസ്റ്റേഴ്സായിരുന്നു. എല്ലാവരും നല്ലവരും പ്രഗത്ഭരുംതന്നെ. ഒരു സിസ്റ്റര്‍മാത്രം എന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക് പാത്രമായി. ആ സിസ്റ്ററിന് തന്‍റെ സഹാധ്യാപകരെല്ലാവരും മക്കളെപ്പോലെയാണ്. ഓരോ സ്റ്റാഫിന്‍റെ വീട്ടിലെയും ഓരോ അംഗങ്ങളെയും സിസ്റ്ററിനറിയാം. സിസ്റ്ററിന് അവരെല്ലാം പ്രിയപ്പെട്ടവര്‍തന്നെ. സിസ്റ്റര്‍ സ്കൂള്‍ ഭരിച്ചിരുന്നത് തലകൊണ്ടല്ല, ഹൃദയംകൊണ്ടാണ്. അതുകൊണ്ടുതന്നെ സിസ്റ്ററിന്‍റെ വായില്‍നിന്നും ഒരു വാക്ക് പുറത്തുവരുന്നതിനുമുമ്പുതന്നെ സ്റ്റാഫത് അനുസരിച്ചിരിക്കും. സിസ്റ്ററിന്‍റെ ഭരണകാലത്ത് ഒരു സ്റ്റാഫും താമസിച്ച് സ്കൂളില്‍ വന്നിരുന്നില്ല. അധ്യാപകര്‍ തമ്മില്‍ത്തമ്മിലാണെങ്കിലും വലിയ ഹൃദയ ഐക്യവും പരസ്പര ധാരണയും ആയിരുന്നു ഉണ്ടായിരുന്നത്. സിസ്റ്ററിനോട് സംസാരിക്കുന്ന ഓരോ സ്റ്റാഫിനും ഓരോ കുട്ടിക്കും തോന്നുന്ന ഒരു ഫീലിങ്ങ് ഉണ്ട് – ഞാനാണ് സിസ്റ്ററിനാല്‍ ഏറ്റവും സ്നേഹിക്കപ്പെടുന്ന വ്യക്തി എന്ന്. ഹൃദയംകൊണ്ട് അംഗീകരിച്ച് സ്നേഹിച്ചപ്പോള്‍ ഹൃദയത്തിന്‍റെ അംഗീകാരം സ്റ്റാഫില്‍നിന്നും കുട്ടികളില്‍നിന്നും അവരുടെ മാതാപിതാക്കളില്‍നിന്നും സിസ്റ്ററിന് തിരികെ കിട്ടി. അതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ‘ശാന്തിനികേതനം’ തന്നെയായിരുന്നു ആ നാളുകളില്‍ ആ സ്കൂള്‍.

ഭാഗ്യപ്പെട്ട അഞ്ചുപേര്‍

മുകളില്‍ കണ്ട അഞ്ച് ഉദാഹരണങ്ങളില്‍ മറ്റുള്ളവരുടെ ഹൃദയത്തിന്‍റെ അംഗീകാരം ഏറ്റുവാങ്ങി ഭാഗ്യവാന്മാരായ വ്യക്തികളെയാണ് നാം പരിചയപ്പെട്ടത്. കാണുക, കേള്‍ക്കുക, അംഗീകരിക്കുക, സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുക… ഭൂമിയില്‍ സന്തോഷത്തിന്‍റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കി നാം അധിവസിക്കുന്ന ഈ ലോകത്തെ ഐശ്വര്യപൂര്‍ണമാക്കുക! ഈ പുത്തനാണ്ടില്‍ ഇതിനായി ദൈവം നമ്മെ വിളിക്കുകയാണ്. ഒരുവന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും. അളക്കുന്നതുതന്നെ തിരിച്ചുകിട്ടും. ഹൃദയബന്ധങ്ങള്‍ നഷ്ടപ്പെട്ട ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. തലകൊണ്ടും ലൈംഗികാവയവങ്ങള്‍കൊണ്ടും ചിന്തിക്കുകയും ബന്ധപ്പെടുകയും ചെയ്യുന്ന ഒരു യുഗത്തില്‍ നാം ജീവിക്കുന്നു. ഈ പുതുയുഗത്തില്‍ ദൈവമക്കളായ നമ്മളെ ദൈവം വിളിക്കുന്നത് പണ്ടെങ്ങോ നഷ്ടമായ ഹൃദയബന്ധങ്ങള്‍ വീണ്ടെടുക്കാനും ഹൃദയംകൊണ്ട് ഭരിക്കുന്ന ഒരു ലോകത്തിന് രൂപം കൊടുക്കാനുമാണ്.

അപ്പനെ അപ്പനായി കാണാന്‍, അംഗീകരിക്കാന്‍, ആദരിക്കാന്‍, സ്നേഹപൂര്‍വം ചേര്‍ന്നുനില്‍ക്കാന്‍ ഇന്നത്തെ തലമുറയ്ക്കാവുന്നില്ല. അമ്മയെ അമ്മയായും ഭര്‍ത്താവിനെ ഭര്‍ത്താവായും ഭാര്യയെ ഭാര്യയായും അയല്‍ക്കാരനെ അയല്‍ക്കാരനായും മേലധികാരിയെ മേലധികാരിയായും സഹപ്രവര്‍ത്തകനെ സഹപ്രവര്‍ത്തകനായും ഹൃദയപൂര്‍വം കാണാനും ഹൃദയംകൊണ്ടംഗീകരിക്കാനും ഇന്നത്തെ യുഗത്തില്‍ അനേകര്‍ക്കാകുന്നില്ല. ഈ 2024-ല്‍ ബന്ധങ്ങളുടെ തലങ്ങളിലുള്ള ഒരു തിരിച്ചുവരവിലേക്ക് പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ. ലോകത്തെ വലിയ നാശത്തില്‍നിന്നും തിരികെ കൊണ്ടുവന്നു രക്ഷപെടുത്താന്‍ ബന്ധങ്ങളുടെ തലങ്ങളിലുള്ള ഈ തിരിച്ചുവരവിനേ സാധിക്കുകയുള്ളൂ. മലാക്കി പ്രവചനം ഇപ്രകാരം പറയുന്നു “കര്‍ത്താവിന്‍റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്കയക്കും. ഞാന്‍ വന്നു ദേശത്തെ ശാപംകൊണ്ട് നശിപ്പിക്കാതിരിക്കേണ്ടതിന് ഞാന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും” (മലാക്കി 4/5-6).

പ്രിയപ്പെട്ടവരേ, ഈ അവസാന നാളുകളില്‍ ഹൃദയങ്ങളെ കോര്‍ത്തിണക്കാന്‍ വരുന്ന ഏലിയാ ദൈവത്തിന്‍റെ പരിശുദ്ധാത്മാവാണ്. കണ്ടും കേട്ടും സ്നേഹിച്ചംഗീകരിച്ചും നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി താലോലിച്ചും നമുക്ക് ചുറ്റുമുള്ള ലോകത്തെ സൗഖ്യപ്പെടുത്തുന്നവരായി ഈ 2024-ല്‍ നാം മാറട്ടെ. ദൈവകൃപ നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു. ആവേ മരിയ.

 

 

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles