• Latest articles
ഏപ്രി 29, 2024
Evangelize ഏപ്രി 29, 2024

“നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. വെറുപ്പും അമര്‍ഷവും മുന്‍വിധികളും നിങ്ങളുടെ ഹൃദയത്തില്‍നിന്നും ഇല്ലാതാകട്ടെ. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും അവരുടെമേല്‍ ദൈവാനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുക. ആഴ്ചയില്‍ രണ്ടുദിവസം റൊട്ടിയും വെള്ളവും മാത്രം കഴിച്ചുകൊണ്ട് ഉപവസിക്കുക. രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമെങ്കിലും പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കണം. വിശുദ്ധ കുര്‍ബാനയും ജപമാലയും ഓരോ ദിവസവും ഉണ്ടാകണം. അങ്ങനെ എല്ലാംകൂടി മൂന്നുമണിക്കൂര്‍ എങ്കിലും ദൈവസന്നിധിയില്‍ ദിവസവും ചെലവഴിക്കണം. ദിവസങ്ങളുടെ ഇടവേളകളില്‍ ചില നിമിഷങ്ങളെ പ്രാര്‍ത്ഥനാവേളകളാക്കിത്തീര്‍ക്കുക…. ഈ ലോകത്തിന്‍റെ കാര്യങ്ങളെക്കുറിച്ച് അമിതമായി ഭാരപ്പെടാതെ, അവയെല്ലാം പ്രാര്‍ത്ഥനയിലൂടെ സ്വര്‍ഗീയപിതാവിനെ ഭരമേല്‍പിക്കുക. നമ്മുടെ കാര്യങ്ങളെക്കുറിച്ചുള്ള ആകുലത ആന്തരികസ്വസ്ഥത നഷ്ടപ്പെടുത്തുന്നതിനാല്‍, നന്നായി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയാതാകും.”

'

By: Shalom Tidings

More
ഏപ്രി 29, 2024
Evangelize ഏപ്രി 29, 2024

നൈജീരിയ: ആ ഞായറാഴ്ച വേദപാഠക്ലാസില്‍ സഹപാഠികളോടൊപ്പമായിരുന്നപ്പോള്‍ വിവിയന്‍റെ സംസാരവിഷയം വിശുദ്ധ മരിയ ഗൊരേത്തി ആയിരുന്നു. അധാര്‍മികതയിലേക്ക് വീണുപോകരുതെന്ന് കൂട്ടുകാരെ അവള്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. യേശുവിനെക്കുറിച്ചും ദൈവാനുഭവങ്ങളെക്കുറിച്ചും പറയാന്‍ അവള്‍ക്കെപ്പോഴും നൂറ് നാവായിരുന്നു. പതിവുപോലെ തിരക്ക് നിറഞ്ഞ 2009 നവംബര്‍ 15 ഞായറാഴ്ചയും ക്ലാസും പങ്കുവയ്ക്കലുമെല്ലാം കഴിഞ്ഞ് വിവിയന്‍ വീട്ടിലേക്ക് മടങ്ങി.

അന്ന് നൈജീരിയയും സ്വിറ്റ്സര്‍ലന്‍ഡും തമ്മില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ടായിരുന്നു. കളിയുടെ ആവേശത്തിലായിരുന്ന പ്രദേശവാസികളെല്ലാം ടെലിവിഷനുമുന്നില്‍. ഈ ആരവത്തിനിടയില്‍ മൂന്ന് മോഷ്ടാക്കള്‍ വിവിയന്‍റെ വീട്ടില്‍ കയറി. ആയുധധാരികളായിരുന്നു അവര്‍. വിവിയന്‍റെ പിതാവിനെയുള്‍പ്പെടെ ആക്രമിച്ച അവര്‍ വിലപ്പെട്ട വസ്തുക്കളെല്ലാം കൈക്കലാക്കി. അതും പോരാഞ്ഞിട്ടാണ് ലൈംഗികമായ ദുരുദ്ദേശ്യത്തോടെ വിവിയനുനേരെ തിരിഞ്ഞത്. ഒരു നിമിഷം! മരിയ ഗോരേത്തിയുടെ മാതൃക വിവിയന്‍റെ മനസില്‍ മിന്നിമറഞ്ഞുകാണണം. അവള്‍ സര്‍വ്വശക്തിയോടെ അവരെ ചെറുത്തു. ആ ചെറുത്തുനില്‍പ് അവരെ പ്രകോപിതരാക്കി. അവളുടെ വയറിനുനേരെ അവര്‍ വെടിയുതിര്‍ത്തു.

സഹായിക്കാന്‍ എല്ലാവരും ഓടിയെത്തുംമുമ്പേ അവള്‍ തന്‍റെ ചാരിത്ര്യവിശുദ്ധി കാത്തുകൊണ്ട് മരണം വരിച്ചു. മരിയ ഗൊരേത്തിയെക്കുറിച്ച് സ്നേഹത്തോടെയും ആദരവോടെയും പങ്കുവയ്ക്കുകമാത്രമല്ല ആ മാതൃക പിഞ്ചെല്ലുകയും ചെയ്ത ധീരയായ പെണ്‍കുട്ടിയായി അവള്‍ മാറി. പില്ക്കാലത്ത് 2019 ഒക്ടോബറില്‍ അസാധാരണ മിഷനറിമാസമായി ആചരിച്ചപ്പോള്‍ ലോകമെങ്ങുനിന്നും തിരഞ്ഞെടുക്കപ്പെട്ട വീരോചിതമായ 25 ജീവചരിത്രങ്ങളില്‍ ഒന്ന് വിവിയന്‍ ഉച്ചേച്ചി ഓഗു എന്ന സാധാരണക്കാരിയുടേതായിരുന്നു. നൈജീരിയയിലെ ബെനിന്‍ സിറ്റിയില്‍ 1995 ജൂലൈ ഒന്നിന് ജനിച്ച ഈ പെണ്‍കുട്ടിയുടെ വിശുദ്ധനാമകരണത്തിനുള്ള നടപടികള്‍ക്ക് വത്തിക്കാന്‍ തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍.

'

By: Shalom Tidings

More
ഏപ്രി 29, 2024
Evangelize ഏപ്രി 29, 2024

ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ഒരു ചൊവ്വാഴ്ച. ഞാന്‍ പതിവുപോലെ ജോലിസ്ഥലത്തേക്ക് പോയിരുന്നു. ഭര്‍ത്താവും ഇളയ മോനുമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് ഒരു വലിയ ഇടിവെട്ടി. വീട്ടിലേക്കുള്ള ഇലക്ട്രിക് പോസ്റ്റുമുതല്‍ മീറ്റര്‍ വരെയുള്ള മുഴുവന്‍ വയറും കത്തിപ്പോയി. മീറ്ററും ഭാഗികമായി കത്തി നശിച്ചു. അതിന്‍റെ മുകളിലായുള്ള സണ്‍ഷെയ്ഡും കുറച്ച് പൊട്ടിപ്പോയി. പിന്നെ നാശനഷ്ടമുണ്ടായത് അടുക്കളഭാഗത്താണ്. അവിടെനിന്നും വിറകുപുരയിലേക്ക് വലിച്ചിട്ടിരുന്ന വയറും അവിടെയുള്ള ബള്‍ബുമെല്ലാം കത്തിനശിച്ചു. പക്ഷേ അവിടെ ശേഖരിച്ചുവച്ചിരുന്ന വിറകിലും ചൂട്ടിലുമൊന്നും ഒരു തീപ്പൊരിപോലും വീണില്ല.

പിന്നീട് നോക്കിയപ്പോള്‍ മറ്റൊരു കാര്യവും ശ്രദ്ധയില്‍പ്പെട്ടു. അതിരുചേര്‍ന്ന് 50 മീറ്ററോളം നീളത്തില്‍ മണ്ണിലൂടെ വഴിവെട്ടിയതുപോലെ ഇരിക്കുന്നു! ഇടിമിന്നലേറ്റതാണ്! മിന്നല്‍ ആ പാതയിലൂടെ പോകുമ്പോള്‍ ഒരു വലിയ കരിങ്കല്ല് അടുക്കളഭാഗത്തേക്ക് തെറിച്ചുവീഴുകയും ചെയ്തിട്ടുണ്ട്. അതിന്‍റെ അടുത്താണ് ഗ്യാസ് സിലിണ്ടര്‍ ഇരുന്നതെങ്കിലും ഒരു അപകടവും ഉണ്ടായില്ല. മാത്രവുമല്ല, മീറ്ററില്‍നിന്ന് വീടിനുള്ളിലേക്കുള്ള ഒരു വയറുപോലും കത്തി നശിക്കുകയോ മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് കേടുവരുകയോ ചെയ്തില്ല. മൂന്ന് ഫാന്‍ മാത്രമാണ് പോയത്.

ഭര്‍ത്താവ് ആ സമയം ലാപ്ടോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. പക്ഷേ ഒരു നിസാര ഷോക്ക്പോലും ഉണ്ടായില്ല എന്നതും വലിയ അത്ഭുതമായിരുന്നു. ആ മിന്നലിന്‍റെ സമയത്ത് ഞങ്ങള്‍ ആരും പ്രത്യേകപ്രാര്‍ത്ഥനയൊന്നും നടത്തിയിട്ടില്ല. പക്ഷേ അതിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ഞങ്ങള്‍ പരിശുദ്ധ അമ്മയുടെ രൂപം എടുത്ത് വീടിനു ചുറ്റും ജപമാലറാലി നടത്തിയിരുന്നു. അതോടുചേര്‍ന്ന് തിരുരക്തത്തിന്‍റെ സംരക്ഷണം ചോദിച്ചുകൊണ്ട് മുന്‍വാതിലിലും പിന്‍വാതിലിലും വിശുദ്ധ കുരിശാല്‍ മുദ്രണം ചെയ്ത് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ആ പ്രാര്‍ത്ഥന നടത്താന്‍ പ്രേരിപ്പിച്ചത് പരിശുദ്ധാത്മാവാണെന്ന് എനിക്ക് ബോധ്യമുണ്ട്. ആ പ്രേരണ അനുസരിക്കാനുള്ള കൃപയും നല്ല ദൈവം ഞങ്ങള്‍ക്ക് നല്കി. അതിലൂടെ, ഞങ്ങളുടെ ഭവനത്തിന് വലിയ സ്വര്‍ഗീയസംരക്ഷണം നല്‍കിയ ഈശോയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല.

“കര്‍ത്താവിന്‍റെ മഹത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവുമായി നിലകൊള്ളും. അതു പകല്‍ തണല്‍ നല്‍കും. കൊടുങ്കാറ്റിലും അത് അഭയമായിരിക്കും” (ഏശയ്യാ 4/6).

'

By: Simmi Santosh

More
ഏപ്രി 29, 2024
Evangelize ഏപ്രി 29, 2024

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഈശോ ഉപയോഗിക്കുന്നുണ്ടോ?

നാളുകള്‍ക്കുമുമ്പ് പതിവുപോലെ ഒരു അവധി ദിവസം. ശാലോം ടൈംസിനുവേണ്ടി എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. രോഗത്തിന്‍റെ ക്ലേശങ്ങള്‍ ഉള്ളതിനാല്‍ ഈശോയുടെ ക്രൂശിതരൂപം പിടിച്ച് കട്ടിലില്‍ കിടന്നു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ലേഖനമെഴുതാനായി എന്‍റെ കൈകളെ ഈശോ ചലിപ്പിക്കാന്‍ തുടങ്ങിയത്. അത്രയും നേരം ഞാനും ഈശോയും സ്നേഹസംഭാഷണത്തിലായിരുന്നു.

ഈശോ നല്‍കുന്ന പ്രേരണ അനുസരിച്ചു മൊബൈലിലെ മംഗ്ലീഷ് ആപ്പില്‍ ഞാന്‍ ടൈപ്പ് ചെയ്തുകൊണ്ട് കിടക്കുകയാണ്. പെട്ടന്ന് വാട്ട്സാപ്പില്‍ ഒരു സന്ദേശം വന്നു, “ചേച്ചി ഞാന്‍ ഒരു ഏകദിന കണ്‍വെന്‍ഷന് ധ്യാനിപ്പിക്കാന്‍ പോവുകയാണ്. പ്രാര്‍ത്ഥിക്കണം.” ഈശോയെ ഒത്തിരി സ്നേഹിക്കുന്ന ഒരു വൈദികന്‍.

വാട്ട്സാപ്പ് സന്ദേശം വായിച്ചശേഷം ഞാന്‍ വീണ്ടും ലേഖനം എഴുതാന്‍ തുടങ്ങി. അഞ്ചു മിനിറ്റിനുള്ളില്‍ ഈശോയുടെ ഒരു ശബ്ദം കാതില്‍ പതിഞ്ഞു, “മഴക്കാറുണ്ട്…”

മുറിയില്‍ കിടക്കുന്ന എന്നോട് മഴക്കാറുണ്ടെന്നു ഈശോ പറഞ്ഞപ്പോള്‍ അല്പം അത്ഭുതം തോന്നി. കട്ടിലില്‍നിന്നും എഴുന്നേറ്റ് ഞാന്‍ ജനാലകള്‍ തുറന്നു പുറത്തേക്കു നോക്കി. പൊള്ളുന്ന ഉച്ചവെയില്‍. “ഈ മരുഭൂമിയില്‍ എവിടെയാണ് ഈശോയേ മഴക്കാറ്” എന്ന് കളിയാക്കിക്കൊണ്ട് ഞാന്‍ വീണ്ടും കട്ടിലില്‍ വന്നു കിടന്നു.

ഈശോ വീണ്ടും അതേ വാക്കുകള്‍ ആവര്‍ത്തിച്ചു. ഒപ്പം ആ വൈദികനെ വിളിക്കാന്‍ ഒരു പ്രേരണയും. ലേഖനം എഴുതുന്നത് തല്ക്കാലം നിര്‍ത്തി വച്ചു. അദ്ദേഹത്തെ വിളിച്ചു, “അച്ചാ അവിടെ മഴക്കാറുണ്ടോ?”‘

മറുപടി ഇങ്ങനെ, “ചെറുതായി കാര്‍മേഘം മൂടുന്നപോലെ ഉണ്ട്. പക്ഷേ മഴ പെയ്യാനുള്ളതൊന്നും ഇല്ല ചേച്ചി. ഞാന്‍ അതുകൊണ്ടു സ്കൂട്ടറില്‍ പോകാമെന്ന് കരുതി. ഇതാ ഇറങ്ങാന്‍ പോവുകയാണ്. ചേച്ചി എന്തിനാ ഇങ്ങനെ ചോദിക്കുന്നത്?”

“മഴക്കാറുണ്ടെന്ന് ഈശോ പറയുന്നു. അതുകൊണ്ട് ആരെയെങ്കിലും വിളിച്ച് ഒരു കാര്‍ ക്രമീകരിച്ചു പോയാല്‍ മതി. ഈശോ പറഞ്ഞതല്ലേ!” ഞാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഈ അവസാന നിമിഷം ആരെ വിളിക്കാനാ, സമയം പോകുവാണല്ലോ’ എന്ന് അദ്ദേഹത്തിന്‍റെ ചോദ്യം. ഈശോ പറഞ്ഞെന്നു പറയുമ്പോഴും മഴയ്ക്കുള്ള സാധ്യത ആകാശത്തില്‍ പ്രകടമാകാതിരുന്നത് അദ്ദേഹത്തെ അല്പം നിരുത്സാഹപ്പെടുത്തി എന്ന് തോന്നുന്നു. മനസില്ലാ മനസോടെ ആരെയോ വിളിച്ചു കാര്‍ വരുത്തി യാത്ര പുറപ്പെട്ടു.

ലേഖനം ഞാന്‍ എഴുതി അവസാനിപ്പിച്ചു. വൈകുന്നേരമായപ്പോള്‍ മൊബൈലില്‍ അച്ചന്‍റെ സന്ദേശം. ‘ധ്യാനത്തിന് പോകുന്ന വഴിയില്‍ എല്ലാം ഒരു ചിന്ത മാത്രമേ ഉണ്ടായുള്ളൂ. വെറുതെ കാര്‍ വിളിച്ചല്ലോ എന്ന്. ഒരു തുള്ളി മഴപോലും പെയ്തതുമില്ല. പക്ഷേ ധ്യാനം കഴിഞ്ഞു കാറില്‍ കയറിയതും നിമിഷങ്ങള്‍ക്കുള്ളില്‍ ശക്തമായ മഴ. കാറില്‍ ആയതുകൊണ്ട് മാത്രമാണ് തിരിച്ചെത്താന്‍ കഴിഞ്ഞത്. റോഡ് മുഴുവന്‍ വെള്ളം നിറഞ്ഞു. ഇടിമിന്നലും ശക്തമായ കാറ്റും.’

എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. പാവം ഈശോ. അവന്‍റെ കരുതലും സ്നേഹവും എത്രമാത്രം ആണ്! ദുബായില്‍ മുറിയിലെ കട്ടിലില്‍ കിടന്ന് ശാലോമിലേക്കുള്ള ലേഖനം എഴുതിക്കൊണ്ടിരുന്ന ഈശോ എന്‍റെ വാട്ട്സാപ്പ് മെസ്സേജ് വായിക്കുന്നുണ്ടെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. അതിനുശേഷം പലപ്പോഴും എന്‍റെ മൊബൈലിലെ മെസ്സേജുകള്‍ ഞാന്‍ ഈശോയെ വായിച്ചുകേള്‍പ്പിക്കാറുണ്ട്. എനിക്ക് ലഭിക്കുന്ന പ്രാര്‍ത്ഥനാനിയോഗങ്ങളും ഈശോയോടു വായിച്ചു പരിഹരിക്കാന്‍ പറയും.

മറ്റൊരു അനുഭവം കൂടി പങ്കുവയ്ക്കാം. ഒരു ക്രിസ്തുമസ് തലേന്ന്. ഉച്ചയോടുകൂടി ചെറിയൊരു മയക്കത്തിലേക്ക് ഞാന്‍ വഴുതിവീണു. ഉറക്കത്തിനു മുന്‍പ് മൊബൈലില്‍ ലഭിച്ച ക്രിസ്തുമസ് ആശംസാസന്ദേശങ്ങള്‍ നോക്കുന്നതിനിടക്ക് ഒരു വാട്ട്സാപ്പ് സന്ദേശം ഇങ്ങനെ ആയിരുന്നു. മേല്‍പ്പറഞ്ഞ ദൈവിക ഇടപെടല്‍ ഉണ്ടായ വൈദികന്‍റെ സന്ദേശം, “ചേച്ചീ, ഇന്ന് ഇടവകയിലെ പാതിരാ കുര്‍ബ്ബാനയ്ക്ക് എന്‍റെ ഒരു സുഹൃത്ത് വൈദികന്‍ ആണ് ക്രിസ്തുമസ് സന്ദേശം നല്‍കുന്നത്. തിരക്കായതുകൊണ്ടു ഇന്ന് അദ്ദേഹത്തെ കിട്ടിയത് ഉപകാരം ആയി. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ത്ഥിക്കണം.”

അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈശോ ഹൃദയത്തില്‍ ഒരു പ്രേരണ നല്‍കി. അദ്ദേഹം ക്രിസ്തുമസ് സന്ദേശത്തിനായി ഒരുങ്ങണം. എന്താണ് ഈശോയുടെ പ്ലാന്‍ എന്ന് മനസിലായില്ല. ഫോണില്‍ വിളിച്ചു കിട്ടാഞ്ഞതിനാല്‍ ഒരു സന്ദേശം അയച്ചു വച്ചു. കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ലഭിച്ച മറുപടി സന്ദേശം ഇതായിരുന്നു. പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് സന്ദേശം നല്‍കാമെന്ന് ഏറ്റിരുന്ന സുഹൃത്ത് വൈദികന് ചില സാഹചര്യങ്ങളാല്‍ അതിനു സാധിക്കുകയില്ല. ക്രിസ്തുമസ് സന്ദേശത്തിനായി ഒരുങ്ങണം എന്ന് ഈശോ പറഞ്ഞതിന്‍റെ കാരണം അപ്പോഴാണ് മനസിലായത്.

ഈശോക്ക് നമ്മുടെ മൊബൈല്‍ ഫോണില്‍പ്പോലും ഇത്രമാത്രം ശ്രദ്ധ ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. ഓരോ മൊബൈല്‍ സന്ദേശങ്ങളും ഫോണ്‍കാളുകളും നമ്മള്‍ മൊബൈലില്‍ കാണുന്നതും എല്ലാം അവന്‍റെ കണ്മുന്‍പില്‍ ഉണ്ടല്ലോ. “കര്‍ത്താവിന്‍റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല; അവിടുന്ന് മനുഷ്യന്‍റെ എല്ലാ മാര്‍ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢ സ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു. പ്രപഞ്ചസൃഷ്ടിക്കു മുമ്പു തന്നെ അവിടുന്ന് അത് അറിഞ്ഞിരുന്നു; സൃഷ്ടിക്കു ശേഷവും അങ്ങനെ തന്നെ” (പ്രഭാഷകന്‍ 23/19-20).

സോഷ്യല്‍ മീഡിയ വളരെ സാങ്കേതിക വളര്‍ച്ച നേടിയ കാലഘട്ടത്തിലാണല്ലോ നാമെല്ലാവരും ജീവിക്കുന്നത്. അവ ഉപയോഗിക്കുന്നത് വിവേകത്തോടെ ആയിരിക്കണം. സോഷ്യല്‍ മീഡിയകളില്‍ നാം ഷെയര്‍ ചെയ്യുന്ന കുറിപ്പുകള്‍, കമെന്‍റുകള്‍, വിഡിയോകള്‍ -എല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞാലും നിലനില്‍ക്കും. ഒരുപക്ഷേ നാം മണ്‍മറഞ്ഞുപോയ ശേഷവും. ഈശോയുടെ കണ്ണുകളില്‍ നിന്ന് ഒന്നും മറഞ്ഞിരിക്കാത്തതിനാല്‍ അവിടുത്തെ സ്നേഹാര്‍ദ്ര ഹൃദയത്തെ മുറിപ്പെടുത്തുന്നതൊന്നും മീഡിയകളിലൂടെ ചെയ്യാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.

“ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥ വാക്കിനും വിധി ദിവസത്തില്‍ കണക്കു കൊടുക്കേണ്ടിവരും. നിന്‍റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്‍റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും” (മത്തായി 12/ 36-37).

ഒരിക്കല്‍ വായിച്ച ഒരു വാര്‍ത്ത മനസിലേക്ക് കടന്നുവരികയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അശ്ലീലചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഒരു യുവതി ഈശോയെ അനുഭവിച്ചറിഞ്ഞപ്പോള്‍ അനേകരെ വഴിതെറ്റിച്ച തന്‍റെ ജീവിതം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ചു. വെബ്സൈറ്റുകളില്‍നിന്ന് അവര്‍ അഭിനയിച്ച പല സീരീസുകളും നീക്കം ചെയ്യാന്‍ പരിശ്രമിച്ചെങ്കിലും ചിലതൊന്നും നീക്കം ചെയ്യാനായില്ല.

ഈ നാളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുടെ കാലമാണ്. പരസ്പരം വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും ത്വര വളര്‍ത്താന്‍ മാത്രമേ അതിനു സാധിക്കുന്നുള്ളൂ എന്ന് നാം തിരിച്ചറിയുന്നുണ്ടോ? ആത്മാവിന്‍റെ ദൈവികകൃപ ഒലിച്ചുപോകുന്നത് നാം അറിയുന്നില്ല.

മാനുഷിക നിയമങ്ങള്‍ പലപ്പോഴും ദൈവിക നിയമങ്ങള്‍ക്ക് എതിരാണ്. ഭൂരിപക്ഷം മനുഷ്യര്‍ ചെയ്യുന്നതോ പറയുന്നതോ ദൈവസന്നിധിയില്‍ സ്വീകാര്യമാകണം എന്നില്ല. നാശത്തിന്‍റെ കുഴിയിലേക്ക് തന്‍റെ മക്കളെ സാത്താന്‍ വലിച്ചുകൊണ്ടുപോകുന്ന നൊമ്പരപ്പെടുത്തുന്ന കാഴ്ച കണ്ണീരോടെ നോക്കിനില്‍ക്കുന്ന ഈശോയുടെ മുഖം നമുക്കോര്‍ക്കാം. സോഷ്യല്‍ മീഡിയകള്‍ക്കായി നാം ഉപയോഗിക്കുന്ന ഫോണുകള്‍, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പ് ഇവയെല്ലാം ഈശോയുടെ കൈകളില്‍ ഏല്പിക്കാം. ഈശോക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ അവന്‍ വിശുദ്ധീകരിക്കട്ടെ അവയെല്ലാം. വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റിസ് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കട്ടെ. ډ

'

By: Ann Maria Christeena

More
മാര്‍ 20, 2024
Evangelize മാര്‍ 20, 2024

ഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്. വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അധ്യാപകന്‍ ഒരിക്കല്‍ ചോദിച്ചു: “ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള്‍ തരാം.” ജോസഫ് ഉടന്‍ ചാടിയെണീറ്റ് പറഞ്ഞു: “ദൈവം ഇല്ലാത്തത് എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അച്ചന് രണ്ട് ആപ്പിള്‍ തരാം.” ദൈവസാന്നിധ്യത്തെക്കുറിച്ച് കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണ് പില്‍ക്കാലത്ത് സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വിശുദ്ധ പത്താം പിയൂസ് പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് സാലസ് ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ പതിനഞ്ചു മിനിറ്റിലും അരൂപിക്കടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയിരുന്നത്രേ!

ഈശോയുടെ സാന്നിധ്യാനുഭവത്തില്‍ ആത്മാവ് ഉറപ്പിക്കപ്പെടണം. അതുമാത്രമാണ് ശക്തമായ ആത്മീയ അടിത്തറ. തിന്മയ്ക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നമുക്ക് ബലം നല്‍കുന്നത് ദൈവസാന്നിധ്യാനുഭവമാണ്. ഒരിക്കല്‍ വിശുദ്ധ ക്ലാര ഈശോയുടെ പീഡാനുഭവത്തെയോര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് സാത്താന്‍ ഇങ്ങനെ പറഞ്ഞു: “നീ എന്തിനാണ് കരയുന്നത്? നീ ഒരുപാട് കരഞ്ഞിട്ടുള്ളവളല്ലേ? ഇങ്ങനെ കരഞ്ഞു കരഞ്ഞ് എന്തിന് നിന്‍റെ സൗന്ദര്യവും ജീവിതവും നശിപ്പിക്കുന്നു?” ക്ലാര മറുപടി പറഞ്ഞു: “എന്‍റെ രക്ഷകനായ ഈശോ സദാസമയവും എന്‍റെ കൂടെയുണ്ട്. അവിടുന്ന് എന്‍റെ കണ്ണീരൊപ്പും, എന്നെ ആശ്വസിപ്പിക്കും. സാത്താനേ നീ ദൂരെപ്പോവുക.” ഉടന്‍ സാത്താന്‍ ഓടി മറഞ്ഞു. മറ്റൊരവസരത്തില്‍ കപ്പേളയിലെ ക്രൂശിതരൂപം തന്നെ സൂക്ഷിച്ചു നോക്കുന്നതായി ക്ലാരയ്ക്ക് അനുഭവപ്പെട്ടു. ഇങ്ങനെ ഒരു സ്വരവും കേട്ടു: “നീ ഒരിക്കലും തനിച്ചല്ല, എല്ലാറ്റിനും ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ട്.” ആത്മാവിന്‍റെ ഏകവും സുനിശ്ചിതവുമായ ബലമാണ് ദൈവം കൂടെയുണ്ട് എന്ന അനുഭവം. അതില്ലാത്ത ആത്മാവ് ആത്മീയയാത്രയില്‍ തളര്‍ന്നുപോകുന്നു.

വിശുദ്ധ മരിയ ഗൊരേത്തിയുടെ അമ്മ അസൂന്താമ്മ തന്‍റെ മകളെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: “ഇന്നു നീ ഈശോയെ സ്വീകരിച്ചവളാണ്. ഇന്നു മുഴുവന്‍ ഈശോയുടെ കൂടെയാണെന്നു ബോധ്യമുണ്ടായിരിക്കണം.” മരിയ എന്നും എപ്പോഴും ആ ബോധ്യം നിലനിര്‍ത്തിയിരുന്നു.

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തന്‍റെ ജീവിതത്തിന്‍റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ രോഗാവസ്ഥയില്‍, ഏകാന്തതയില്‍ ഒരു മുറിയില്‍ കഴിയുമ്പോള്‍, അദ്ദേഹം മുറിയുടെ വാതില്‍ക്കല്‍ ഇങ്ങനെ എഴുതി വച്ചിരുന്നു: “ഈ മുറിയില്‍ കയറുന്നവര്‍ ആത്മീയ കാര്യങ്ങളല്ലാതെ ഒന്നും സംസാരിക്കരുത്.” ദൈവസാന്നിധ്യമനുഭവിച്ച് ആനന്ദിച്ചിരുന്നതിനാല്‍ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേള്‍ക്കാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യമിതാണ്: ആത്മീയാനന്ദം രുചിച്ചു തുടങ്ങിയ മനുഷ്യാത്മാവ് ഭൗതികസുഖങ്ങളില്‍നിന്ന് അകന്നു തുടങ്ങും.

പരിശുദ്ധ ത്രിത്വത്തിന്‍റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: “കാര്‍മല്‍ മഠത്തില്‍ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഞങ്ങള്‍ അവിടുന്നില്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍!” അവള്‍ തുടരുന്നു: “പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും കര്‍മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പര്‍ക്കമാണ്… എല്ലായിടത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങള്‍ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സംവഹിക്കുന്നു. ആകയാല്‍ ഞങ്ങളുടെ ജീവിതം മുന്‍കൂട്ടിയുള്ള ഒരു സ്വര്‍ഗാസ്വാദനമാണ്.” ക്രിസ്തുശിഷ്യന്‍െറ ജീവിതം ലോകത്തില്‍ സ്വര്‍ഗീയാനുഭവം രുചിക്കുന്നതാണ്. ദൈവസാന്നിധ്യാനുഭവം കൂടാതെ ഇത് സാധ്യമല്ല.

വിശുദ്ധാത്മാക്കള്‍ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്ചുകൊണ്ടും, അവിടുന്നുമായി ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മബന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യാനുഭവത്തില്‍ വളര്‍ന്നുവന്നു. ഇപ്രകാരം ഒരു സ്നേഹൈക്യമാണ് ഈശോ തന്‍റെ വിശുദ്ധാത്മാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നതും.

ആത്മാവിന്റെ സ്നേഹദാഹം തീര്‍ക്കാന്‍ നാം അഭയം ഗമിക്കേണ്ടത് ദിവ്യകാരുണ്യസന്നിധിയിലാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാതെ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കാനും ആശ്വാസം പ്രാപിക്കാനും ആത്മാവ് വളരേണ്ടിയിരിക്കുന്നു. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാനും ആശ്വസിപ്പിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ ആന്തരികദാഹത്തിന് ഈശോ നല്‍കുന്ന ഉത്തരമാണ് ദിവ്യകാരുണ്യം.

'

By: Father James Kiliyananickal

More
മാര്‍ 20, 2024
Evangelize മാര്‍ 20, 2024

ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്ന്, അതിനു ചേര്‍ന്നവിധത്തില്‍ നന്മകള്‍ ചെയ്ത യുവതിക്ക് ലഭിച്ച ദൈവാനുഭവങ്ങള്‍

എനിക്ക് വളരെ ചെറുപ്പം തൊട്ടേ ശാലോം വായിക്കാന്‍ ഇഷ്ടമായിരുന്നു, എന്നെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ശാലോം കാരണമായിട്ടുണ്ട്. നാടകീയമായ അത്ഭുതങ്ങളല്ല എന്‍റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത്. പക്ഷേ ദൈവം എന്നെ സ്നേഹിക്കുന്നുവെന്നും ദൈവഹിതപ്രകാരം ചെയ്യുന്ന സത്പ്രവൃത്തികള്‍ക്കെല്ലാം അവിടുന്ന് പ്രതിഫലം നല്കുന്നുവെന്നും എന്നെ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങള്‍ ഏറെയുണ്ട്.

തിരുഹൃദയവും സ്വര്‍ണലോക്കറ്റും

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂണ്‍ മാസത്തില്‍ കാന്‍സര്‍ ബാധിതയായ എന്‍റെ അമ്മയുടെ അമ്മ തീര്‍ത്തും കിടപ്പായി. ആ അമ്മ ഒറ്റക്കായിരുന്നു താമസം. തിരുഹൃദയത്തിനോടുള്ള വണക്കത്തിനായി ആ മാസം എല്ലാ ദിവസവും അമ്മയ്ക്കുവേണ്ട അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു കൊടുക്കാം എന്ന് വിചാരിച്ചു. അന്ന് ഞാന്‍ മാമോദീസ സ്വീകരിച്ചിട്ടില്ല. എങ്കിലും രാവിലെ വീട്ടിലെ ജോലികള്‍ കഴിഞ്ഞു വിശുദ്ധ കുര്‍ബ്ബാനക്കുപോകും. തിരികെ വന്നു കുട്ടികളെ സ്കൂളില്‍ അയച്ചതിനുശേഷം നാലഞ്ച് കിലോമീറ്റര്‍ അകലെ താമസിക്കുന്ന അമ്മയെ തുടച്ചു വൃത്തിയാക്കി, ഭക്ഷണവും മരുന്നും കൊടുത്ത് ജോലിസ്ഥലത്തേക്ക് യാത്രയാവും. അക്കാലത്ത് ഭര്‍ത്താവും ഒപ്പം ഉണ്ടാവുമായിരുന്നു. അപ്പോള്‍ അമ്മ പറയും ദൈവം ഇതിന് നിനക്ക് സമ്മാനം തരുമെന്ന്. ഈ ജോലികള്‍ എല്ലാം ചെയ്യാന്‍ എങ്ങനെ ശക്തി കിട്ടി എന്നുപോലുമറിയില്ല. ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് ആ ദിവസങ്ങള്‍ കടന്നു പോയി.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് കെ.എസ്.എഫ്.ഇ-യില്‍നിന്നും ഒരു ഫോണ്‍ കാള്‍. അത്തവണ കെ.എസ്.എഫ്.ഇ ചിട്ടിയുടെ സ്വര്‍ണനാണയം സമ്മാനമായി ലഭിച്ചിരിക്കുന്നത് എനിക്കാണെന്ന്. കുറേനാള്‍ കഴിഞ്ഞു സ്വര്‍ണനാണയം ലഭിച്ചപ്പോള്‍ അതുമാറ്റി ലോക്കറ്റ് വാങ്ങാന്‍ കടയില്‍ ചെന്നു. ഈശോയുടെ തിരുഹൃദയരൂപത്തിന്‍റെ ഒരേയൊരു ലോക്കറ്റേ ആ കടയിലുള്ളൂ. അത് ഞാന്‍ സ്വന്തമാക്കി. മുമ്പ് അങ്ങനെ ഒന്ന് കണ്ടിട്ടില്ലായിരുന്നു, അപ്പോഴാണ് അമ്മ പറഞ്ഞ ഈശോയുടെ സമ്മാനമാണ് അതെന്ന് ഓര്‍മ വന്നത്.

“നിന്‍റെ ഹൃദയത്തില്‍ മുദ്രയായും നിന്‍റെ കരത്തില്‍ അടയാളമായും എന്നെ പതിക്കുക” (ഉത്തമഗീതം 8/6) എന്ന വചനം ഓര്‍ത്ത് ഈ ലോക്കറ്റ് അണിഞ്ഞു നടക്കുന്നത് എനിക്കു ഭയങ്കര സന്തോഷമായിരുന്നു. വീട്ടില്‍ എന്നെ കാണാന്‍ ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട ഒരു ചേച്ചി വരാറുണ്ട്, അവരും ഞാന്‍ ചേര്‍ന്നിരുന്ന ചിട്ടിയില്‍ ചേര്‍ന്നിരുന്നു. “ഗോള്‍ഡ് കോയിന്‍ കിട്ടിയല്ലോ, അത് എന്തു ചെയ്തു?” വളരെ സന്തോഷത്തോടെ അവര്‍ എന്നോട് ചോദിച്ചു.

ഞാന്‍ എന്‍റെ കഴുത്തില്‍ കിടന്നിരുന്ന ഈശോയുടെ തിരുഹൃദയരൂപം ഉയര്‍ത്തിക്കാട്ടി, അത് കണ്ടതും അവരുടെ ഭാവം മാറി. എന്നെയും ഈശോയെയും മാതാവിനെയും കുറെ ചീത്ത പറഞ്ഞു. എനിക്കാകെ ദേഷ്യമായി. പക്ഷേ ഈശോ ഓര്‍മിപ്പിച്ചു, “തിരികെ ഒന്നും പറയണ്ട!” എന്നെപ്രതി അവഹേളിക്കപ്പെടാനുള്ള ഭാഗ്യം കൂടി (മത്തായി 5/11-12) നിനക്ക് ലഭിച്ചിരിക്കുന്നു എന്നായിരുന്നു അവിടുന്ന് പറഞ്ഞത്.

താലിയില്‍ ഒരു ‘ചോയ്സ്’

ഹൈന്ദവ അടയാളമുള്ള താലിയായിരുന്നു എന്‍റെ കഴുത്തില്‍. അത് കാണുമ്പോള്‍ എനിക്ക് എന്തോ വിഷമം തോന്നും, ഞാന്‍ വിചാരിക്കുമായിരുന്നു താലി വാങ്ങാന്‍ പോയവര്‍ക്ക് ഒരടയാളവും ഇല്ലാത്ത താലി വാങ്ങിയാല്‍ പോരായിരുന്നോ? എന്നാല്‍, വിവാഹ ഉടമ്പടിയുടെ അടയാളമായ താലി പവിത്രമായതിനാല്‍ അത് മാറ്റാനും ശ്രമിച്ചില്ല.

അങ്ങനെയിരിക്കേ ഒരിക്കല്‍ അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തോട് അനുബന്ധിച്ച് അവിടത്തെ മുറികള്‍ വൃത്തിയാക്കാന്‍ ചെല്ലണമെന്ന് ഞങ്ങളുടെ സുഹൃത്തായ വൈദികന്‍ പറഞ്ഞു. ഞായാറാഴ്ച ആയതുകൊണ്ട് അവിടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്നും തീരുമാനിച്ചു. ഭര്‍ത്താവും ഞാനും രാവിലെ വീട്ടില്‍നിന്നും ഇറങ്ങി. പക്ഷേ ഞങ്ങള്‍ എത്തിയപ്പോഴേക്കും ചില ചേച്ചിമാര്‍ മിക്കവാറും വൃത്തിയാക്കി കഴിഞ്ഞിരുന്നു, ഞങ്ങള്‍ക്ക് ചെറിയ ജോലിയേ ഉണ്ടായിരുന്നുള്ളൂ.

അതുകഴിഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്ന് കരുതിയിരുന്നെങ്കിലും രാവിലത്തെ കുര്‍ബാന കഴിഞ്ഞതിനാല്‍ പിന്നെ വൈകിട്ട് നാലുമണി മുതലേ വിശുദ്ധ കുര്‍ബാനകള്‍ ഉള്ളൂ. വീട്ടില്‍ തിരികെ ചെന്നിട്ട് വീണ്ടും വിശുദ്ധ കുര്‍ബാനക്ക് എത്തുക ബുദ്ധിമുട്ടായിരുന്നു. ഞങ്ങളെ ജോലി ഏല്‍പ്പിച്ച വൈദികനും അവിടെയില്ല, ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു നില്‍ക്കുമ്പോള്‍ അധികം ദൂരത്തല്ലാത്ത ഭരണങ്ങാനത്തേക്ക് പോകാന്‍ ഒരു തോന്നല്‍. എന്തായാലും പോയി നോക്കാമെന്ന് കരുതി. അവിടെ എത്തിയപ്പോള്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ കൃത്യം വിശുദ്ധ കുര്‍ബാന തുടങ്ങുന്നു!

മുഖവും കഴുത്തുമൊക്കെ ഒന്ന് തുടച്ച് വിശുദ്ധബലിയില്‍ പങ്കെടുക്കാനൊരുങ്ങിയപ്പോഴാണ് കഴുത്തിലെ മാല അഴിഞ്ഞുകിടക്കുന്നതായി കണ്ടത്. നോക്കിയപ്പോള്‍ മാലയില്‍ കൊളുത്തും ഈശോയുടെ തിരുഹൃദയത്തിന്‍റെ ലോക്കറ്റും ഉണ്ട്. മാല പൊട്ടിയിട്ടുമില്ല. സാധാരണ ഗതിയില്‍ താലിയെക്കാള്‍ വലിയ ലോക്കറ്റായിരുന്നു ഊരിപ്പോകേണ്ടിയിരുന്നത്. പക്ഷേ താലിമാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെയും, പോയ വാഹനത്തിലും ധ്യാനകേന്ദ്രത്തിലും തിരഞ്ഞുവെങ്കിലും താലി കണ്ടു കിട്ടിയില്ല.

വീണ്ടും താലി വാങ്ങിക്കാന്‍ ജ്വല്ലറിയില്‍ പോയി. ഇത്തവണ ഒരു അടയാളവുമില്ലാത്ത പ്ലെയിന്‍ ആയിട്ടുള്ള താലി വാങ്ങിക്കും എന്നു തീര്‍ച്ചപ്പെടുത്തിയിരുന്നു, പക്ഷേ കടയില്‍ രണ്ടു തരം താലി മാത്രം. ഒന്ന് ഓം എന്ന് എഴുതിയത്, അല്ലെങ്കില്‍ കുരിശ് അടയാളമുള്ളത്. ഞാന്‍ ആകെ വിഷമത്തിലായി. താമസിക്കുന്നത് ഹൈന്ദവവിശ്വാസം പുലര്‍ത്തുന്ന കൂട്ടുകുടുംബത്തില്‍. ഈശോ എന്‍റെ മുന്‍പില്‍ ഒരു തിരഞ്ഞെടുപ്പിനായി ആ താലികള്‍ വച്ചുതന്നിരിക്കുകയാണെന്ന് തോന്നി, ഏതു വേണം? എവിടെയോ മായിച്ചു മറന്ന വാചകം ഓര്‍മ വന്നു,

“നിനക്കുവേണ്ടി ഞാന്‍ കുരിശില്‍,

എനിക്കുവേണ്ടി നീ ലോകത്തില്‍”

“എന്‍റെ ഈശോയേ, എനിക്ക് നീ മതി” എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. കുരിശടയാളമുള്ള താലി നോക്കിയിട്ട് ഭര്‍ത്താവും അതുതന്നെ എടുത്തോളാന്‍ പറഞ്ഞു. അതൊരു മെയ്മാസം ആയിരുന്നു, ഞങ്ങളുടെ വിവാഹവാര്‍ഷികദിനത്തില്‍ത്തന്നെ ഞങ്ങളുടെ സുഹൃത്തായ വൈദികന്‍ താലി ആശീര്‍വദിച്ചു തന്നു. അതും അണിഞ്ഞ് ഈശോക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചു. രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് മറ്റൊരു മെയ് മാസത്തില്‍ ഞങ്ങള്‍ മാമോദീസയും സ്വീകരിച്ചു.

“തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവ് നല്കി” (യോഹന്നാന്‍ 1/12).

'

By: Alphonsa Joseph

More
മാര്‍ 20, 2024
Evangelize മാര്‍ 20, 2024

തുണസഹോദരനായ ജെറാര്‍ഡിന് ഒരു അവിഹിതബന്ധമുണ്ട്! ഈ കഥ കാട്ടുതീപോലെ പ്രചരിച്ചു. സംഭവം അവരുടെ സന്യാസസഭാസ്ഥാപകനായ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരിയുടെ ചെവിയിലുമെത്തി. അദ്ദേഹം ജെറാര്‍ഡിനെ വിളിച്ചു ചോദിച്ചു. പക്ഷേ ഒരു സ്ത്രീ പ്രചരിപ്പിക്കുന്ന നുണക്കഥയാണ് എന്നറിയാമായിരുന്നെങ്കിലും അവന്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ പോയില്ല. മൗനം പാലിക്കുകയാണ് ചെയ്തത്. അമ്പരന്നുപോയ അല്‍ഫോണ്‍സ് ലിഗോരി അവനെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതില്‍നിന്ന് വിലക്കി. ജെറാര്‍ഡിന് അത് മരണതുല്യമായിരുന്നു. പകരം ഇങ്ങനെ ചിന്തിച്ചു, “ഈശോ ഒരുപക്ഷേ എന്നില്‍ എഴുന്നെള്ളിവരാന്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കും. അങ്ങനെയല്ലെങ്കില്‍ എന്‍റെ നിരപരാധിത്വം ഈശോ തെളിയിക്കട്ടെ. ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും അവന്‍ എന്‍റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടല്ലോ.”

നാളുകള്‍ പിന്നിട്ടു. അവനില്‍ കുറ്റം വ്യാജമായി ആരോപിച്ച സ്ത്രീക്ക് മരണകരമായ രോഗം പിടിപെട്ടു. തന്‍റെ പാപത്തിന്‍റെ ഫലമാണ് അതെന്ന് ചിന്തിച്ച അവള്‍ ഉടന്‍തന്നെ അല്‍ഫോണ്‍സ് ലിഗോരിക്ക് സത്യം പറഞ്ഞ് കത്തെഴുതി. എന്തുകൊണ്ട് സത്യം പറഞ്ഞില്ലെന്ന് അദ്ദേഹം ജെറാര്‍ഡിനോട് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, “ഒരു വിശുദ്ധനാവാന്‍ യോജിച്ച സന്ദര്‍ഭമായിരുന്നു അത്. അതിനാല്‍ നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി.” ഈ പുണ്യത്തിന് വലിയ സമ്മാനം സ്വര്‍ഗത്തില്‍ ഉണ്ടാകുമെന്ന് വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി ജെറാര്‍ഡിനോട് പറഞ്ഞു. അത് അക്ഷരംപ്രതി ശരിയായിരുന്നു, ജെറാര്‍ഡ് വിശുദ്ധപദവിയിലെത്തി; വിശുദ്ധ ജെറാര്‍ഡ് മജെല്ല.

'

By: Shalom Tidings

More
മാര്‍ 20, 2024
Evangelize മാര്‍ 20, 2024

മനസുതളര്‍ന്ന് കിടന്നിരുന്ന മുറിയില്‍ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു…

നാളുകള്‍ക്കുമുമ്പ്, ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ച് ദൂരെയായി മാറി താമസിക്കേണ്ട ഒരു സാഹചര്യം വന്നു. 2013-ലായിരുന്നു അത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം ഏറെ പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയായിരുന്നു. അവിടെ താമസം തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ശാലോം ടൈംസ് മാസികയൊന്നും ലഭിച്ചിരുന്നില്ല. എനിക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു മാസികയായിരുന്നു ശാലോം ടൈംസ്. ഒരു മാസിക കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു.

അങ്ങനെയിരിക്കെ അടുത്ത വീട്ടിലെ ഒരു ചേട്ടന്‍ ഞങ്ങള്‍ക്ക് 2016 ലെ ശാലോം കലണ്ടര്‍ കൊണ്ടുവന്നു തന്നു. അത് ഒരു വലിയ സന്തോഷമായിരുന്നു. ജനുവരിമാസം മുതല്‍ ശാലോം ടൈംസ് തരാമെന്നും പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ അതിനായി കാത്തിരുന്നു.

ആയിടക്ക് ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് ഒരു ബന്ധുവിന്‍റെ വിവാഹത്തിന് പോയി. തിരിച്ച് വന്നപ്പോള്‍ ഞങ്ങള്‍ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരാള്‍ മറ്റ് പലരുടെയും വാക്കുകേട്ട് ഞങ്ങളെ തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്‍റെ അധീനതയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണമൂലമുണ്ടായ അസ്വസ്ഥതയാല്‍ അതുവരെ പറഞ്ഞ വ്യവസ്ഥകള്‍ എല്ലാം അദ്ദേഹം മാറ്റിപ്പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറിത്തരണമെന്ന് ആവശ്യപ്പെട്ടു.

വളരെ വേദനാജനകമായ അവസ്ഥ. ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമായി പെട്ടെന്ന് എങ്ങോട്ട് മാറും? ഞാനാകെ തളര്‍ന്നു. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എല്ലാ സമയവും കിടപ്പുതന്നെ.

“സാരമില്ല, എല്ലാം ദൈവം കാണുന്നുണ്ടല്ലോ. ജീവിതത്തില്‍ പ്രശ്നങ്ങളെ തരണം ചെയ്യണം” ഭാര്യ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നെങ്കിലും എനിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചതേയില്ല.

മാനസിക സംഘര്‍ഷം താങ്ങാനാകാതെ ഒരാഴ്ചയോളം ഞാന്‍ കിടപ്പായിരുന്നു. ഞാന്‍ കിടന്നിരുന്ന മുറിയിലാണ് 2016 ലെ ശാലോം കലണ്ടര്‍ കിടന്നിരുന്നത്. ആ കലണ്ടറിന്‍റെ മുന്‍പേജിലെ വചനം ഇതായിരുന്നു: “ഉണര്‍ന്നു പ്രശോഭിക്കുക; നിന്‍റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം നിന്‍റെ മേല്‍ ഉദിച്ചിരിക്കുന്നു” (ഏശയ്യാ 60/1). ആ വചനം പലയാവര്‍ത്തി വായിച്ചപ്പോള്‍ അതെന്നെ ധൈര്യപ്പെടുത്തി.

“ഈ വചനം നമുക്ക് ഉള്ളതാണ്!” ഞാന്‍ ഭാര്യയോട് പറഞ്ഞു.

അതുകേട്ട് അവള്‍ മറുപടി നല്കി, “ശരിയാണ്, നമ്മുടെ ഈ പ്രശ്നത്തെ ദൈവം നേരത്തേ അറിഞ്ഞാണ് ആ ചേട്ടനിലൂടെ നമുക്ക് ഈ കലണ്ടര്‍ തന്നത്.”

പിന്നീട് മൂന്നോ നാലോ ദിവസത്തോളം ഞങ്ങള്‍ എപ്പോഴും ഈ വചനം വായിച്ചു കൊണ്ടിരുന്നു. ആ വചനത്തിന്‍റെ ശക്തിയാല്‍ അപ്പോഴത്തെ പ്രശ്നത്തെ തരണം ചെയ്യാനും ആ വ്യക്തിയോട് വെറുപ്പില്ലാതിരിക്കാനും ദൈവം സഹായിച്ചു.

കാലം കടന്നുപോയപ്പോള്‍, ഒരു ശാലോം ടൈംസിനായി കൊതിച്ച ഞങ്ങളെ ശാലോം ഏജന്‍റായി കര്‍ത്താവ് മാറ്റി. ഇന്ന് 50 പേര്‍ക്ക് ശാലോം ടൈംസ് നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു. ജറെമിയ 29/11- “കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുളള പദ്ധതി എന്‍റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുളള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.”

'

By: Joby George

More
മാര്‍ 20, 2024
Evangelize മാര്‍ 20, 2024

ക്രിസ്മസിനായി എങ്ങനെ ഒരുങ്ങണമെന്ന് പരിശുദ്ധ ദൈവമാതാവ് എന്നെ പഠിപ്പിച്ചു. ഉണ്ണീശോയെക്കൂടാതെ പരിശുദ്ധ അമ്മ കാണപ്പെട്ട് എന്നോട് പറഞ്ഞു, “എന്‍റെ മകളേ, നിന്‍റെ ഹൃദയത്തില്‍ വസിക്കുന്ന ഈശോയ്ക്ക് എപ്പോഴും വിശ്രമിക്കാന്‍ സാധിക്കത്തക്കവിധം നിശബ്ദതയിലും എളിമയിലും നീ ജീവിക്കണം. നിന്‍റെ ഹൃദയത്തില്‍ നീ അവനെ ആരാധിക്കണം. നിന്‍റെ ആന്തരികതയില്‍നിന്ന് നീ ഒരിക്കലും പുറത്തുപോകരുത്. എന്‍റെ മകളേ, നിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിഷ്ഠയോടുകൂടി അനുഷ്ഠിക്കുമ്പോഴും ആന്തരികതക്ക് ഭംഗം വരാതിരിക്കാനുള്ള കൃപാവരം ഞാന്‍ നിനക്കായി നേടിത്തരാം. നീ നിന്‍റെ ഹൃദയത്തില്‍ എപ്പോഴും അവനോടൊന്നിച്ച് വസിക്കണം. അവനാണ് നിന്‍റെ ശക്തി…”

'

By: Shalom Tidings

More
ഫെബ്രു 23, 2024
Evangelize ഫെബ്രു 23, 2024

ഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് പങ്കുവച്ച കാര്യമാണിത്. എപ്പോഴോ ഒരു പാപചിന്ത പയ്യന്‍റെ മനസ്സില്‍ വന്നു. അതിലേക്കൊന്ന് ചാഞ്ഞ്, ദുര്‍മോഹത്തിലേക്ക് നീങ്ങിത്തുടങ്ങിയ നിമിഷങ്ങള്‍… പെട്ടെന്നതാ ആരോ ഫോണ്‍ വിളിക്കുന്നു!

ഒരു വൈദികനായിരുന്നു അത്. കാവല്‍മാലാഖ പയ്യന് അടയാളം കൊടുത്തു അപ്പോള്‍ത്തന്നെ. സുബോധം വീണ്ടെടുക്കാനായി. പൊടുന്നനെ ഈശോനാമം വിളിക്കാന്‍ അവന് ബലം കിട്ടി. ആ പാപചിന്ത എങ്ങോ പോയി മറയുകയും ചെയ്തു. അവന്‍ പറയുകയാണ്, “അച്ചാ, ശരിക്കും ആ വൈദികന്‍ ദൈവത്തിന്‍റെ ഉപകരണമായി പ്രവര്‍ത്തിക്കുവായിരുന്നു.”

അവന്‍ ഇത് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. എന്‍റെ ജീവിതത്തിലും ഇതുപോലെ പലരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്, തെറ്റില്‍നിന്നും എന്നെ രക്ഷിച്ച ഇടപെടലുകള്‍.

ആളുകളുടെ ‘ക്വാളിറ്റി’ അഥവാ ഗുണമേന്മ തിരിച്ചറിയാന്‍ ഇത് നല്ലൊരു ഉപാധിയാണെന്നാണ് എന്‍റെ ഒരു ഇത്. ഫലത്തില്‍നിന്നും വൃക്ഷത്തെ തിരിച്ചറിയാന്‍ സുവിശേഷം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് വേറൊന്നല്ല. കൂടെയുള്ളവരെ പാപത്തിലേക്കും തിന്മയിലേക്കും നയിക്കുന്ന ഇടപെടലുകള്‍ നല്ല വൃക്ഷത്തിന്‍റെ ലക്ഷണം അല്ല. അവരില്‍നിന്നും ദൂരം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒപ്പം, ഞാനാകുന്ന വൃക്ഷത്തിന്‍റെ ‘ക്വാളിറ്റി’യും പരിശോധിക്കുന്നത് നല്ലതാണ്. ചുറ്റുമുള്ളവരെ നന്മയിലേക്ക് നയിക്കാനും പാപത്തില്‍നിന്നും പിന്തിരിപ്പിക്കാനും എനിക്ക് സാധിക്കുന്നുണ്ടോ? നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളായി രൂപാന്തരപ്പെടാം.

“നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല… അവരുടെ ഫലങ്ങളില്‍നിന്ന് നിങ്ങള്‍ അവരെ അറിയും.” (മത്തായി 7/17- 20).

'

By: Father Joseph Alex

More
ഫെബ്രു 23, 2024
Evangelize ഫെബ്രു 23, 2024

ജീവന്‍റെയും ശക്തിയുടെയും സൗഖ്യത്തിന്‍റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടാന്‍…

എയ്റോസ്പേസ് ശാസ്ത്രജ്ഞനാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു. ഫോര്‍ബ്സ് മാഗസിന്‍ ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായി തെരഞ്ഞെടുത്ത വ്യക്തികളിലൊരാള്‍. റൊമാനിയ സ്വദേശിയാണെങ്കിലും പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറി. ചൊവ്വാഗ്രഹത്തിലേക്കുള്ള റൊമേനിയയുടെ ആദ്യ സിമുലേഷന്‍ മിഷനില്‍ പങ്കാളിയുമാണ് അദ്ദേഹം. നാസയുമായി സഹകരിച്ചാണ് ഈ മിഷന്‍ നടത്തുന്നത്. ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍മാത്രമല്ല, ഗ്രന്ഥകര്‍ത്താവ്, പ്രസംഗകന്‍ എന്നീ നിലകളിലും ഡോ. ഡ്രാഗോസ് പ്രഗല്ഭനാണ്.

ബുദ്ധിയായിരുന്നു ഡ്രാഗോസിന്‍റെ ദൈവം. യുക്തിക്ക് നിരക്കാത്ത യാതൊന്നിനും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. അങ്ങനെ എല്ലാം സുഗമമായി പോകുമ്പോഴാണ് ഡ്രാഗോസിനെ പിടിച്ചുലയ്ക്കുകയും തളര്‍ത്തിക്കളയുകയും ചെയ്യുംവിധം വലിയ തകര്‍ച്ചകള്‍ കടന്നുവന്നത്. അതുവരെ കെട്ടിപ്പടുത്തതെല്ലാം തകര്‍ന്നടിഞ്ഞു. ബന്ധങ്ങള്‍ അറ്റു. സ്ഥാപനം പൂട്ടേണ്ടിവന്നു. മാതാപിതാക്കള്‍പോലും അകന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ പല തത്വശാസ്ത്രങ്ങളും വിശ്വാസങ്ങളും കൊണ്ട് ആത്മാവിന്‍റെ ദാഹത്തെ ശമിപ്പിക്കാന്‍ ഡ്രാഗോസ് ശ്രമിച്ചു. എല്ലാം വിഫലമായി. തെല്ലും മുന്നോട്ടുനീങ്ങാനാവില്ലെന്ന് തോന്നിയ നിസ്സഹായാവസ്ഥ. ആത്മഹത്യയെക്കുറിച്ചുമാത്രമായിരുന്നു ആ നാളുകളില്‍ ഡ്രാഗോസിന്‍റെ ചിന്ത.

ക്രിസ്ത്യാനിയായി വളര്‍ന്നെങ്കിലും ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞിരുന്നില്ല എന്നതായിരുന്നു അദേഹത്തിന്‍റെ നിസ്സഹായതയുടെ കാരണം. അതിനാല്‍ത്തന്നെ തനിക്ക് സഹായം ചോദിക്കാന്‍ ജീവിക്കുന്ന ഒരു ദൈവമുണ്ടെന്നത് ഡാഗോസിന് അറിയില്ലായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് ഡോ. ഡ്രാഗോസിനെ ഹവായിലെ ഫാമിലേക്ക് ക്ഷണിച്ചത്. അവിടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നാല് മാസക്കാലം ഒറ്റയ്ക്ക് താമസിച്ചു. പുസ്തകങ്ങള്‍ മാത്രമായിരുന്നു കൂട്ട്.

അങ്ങനെയിരിക്കേ, ഒരു പുസ്തകം വായിച്ചു തുടങ്ങിയ മാത്രയില്‍ ഡോ. ഡ്രാഗോസ് ബ്രറ്റസാനു മറിഞ്ഞുവീണു. വീഴാതിരിക്കുവാന്‍ ശ്രമിച്ചെങ്കിലും വായിച്ച ആ വാക്യത്തിന്‍റെ ശക്തി അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായില്ല. എങ്കിലും അതുവരെ ബാധിച്ചിരുന്ന നിരാശ നീങ്ങി ആ സമയം ആനന്ദം ഉള്ളില്‍ നിറയുന്നതായി തിരിച്ചറിഞ്ഞു. പരിശുദ്ധാത്മാവിന്‍റെ ശക്തമായ സാന്നിധ്യം അദ്ദേഹത്തിന്‍റെ ശരീരത്തെ പൊതിഞ്ഞു. ജീവിതത്തിലുണ്ടായ ചില വേദനകള്‍ നീങ്ങിപ്പോകുന്നതിനായി പ്രാര്‍ത്ഥിച്ചതിനുള്ള ഉത്തരമായിരുന്നു ആ അനുഭവം. കാതറിന്‍ കോള്‍മാന്‍ രചിച്ച ‘ദ ഗ്രേറ്റസ്റ്റ് പവര്‍ ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകമായിരുന്നു ഡോ. ഡ്രാഗോസ് വായിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പുസ്തകത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, അവതാരികയിലെ ഒരു വാചകത്തിലൂടെ അദ്ദേഹം വഴിയും സത്യവും ജീവനുമായവനെ തിരിച്ചറിഞ്ഞു. “ഇനിയും യേശുവിനായി നിന്‍റെ ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!” ഈ വാക്യമാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു എന്ന പ്രശസ്ത ശാസ്ത്രജ്ഞനെ ‘വീഴ്ത്തി’യത്.’ സാവൂള്‍ കുതിരപ്പുറത്തുനിന്ന് വീണ് പൗലോസ് ആയതുപോലെ പിന്നെ എല്ലാം മാറിമറിയുകയായിരുന്നു. ബുദ്ധികൊണ്ടു മാത്രം പ്രവര്‍ത്തിച്ചിരുന്ന ആ ശാസ്ത്രജ്ഞന്‍ പിന്നെ പൂര്‍ണ ഹൃദയവും ആത്മാവുംകൊണ്ട് ദൈവത്തെ തേടാന്‍ ആരംഭിച്ചു.

അദ്ദേഹം പറയുന്നു: തത്വശാസ്ത്രങ്ങളും മതങ്ങളുമൊക്കെയുണ്ടെങ്കിലും തുറന്ന മനസോടെ യേശുവിലേക്ക് വരുമ്പോള്‍ മുഴുവന്‍ സ്നേഹവും മുഴുവന്‍ ശക്തിയും സ്വര്‍ഗവും അവിടെയാണ് അടങ്ങിയിരിക്കുന്നത് എന്ന് മനസിലാകും. തുറന്ന ഹൃദയത്തോടെ യേശുവിനെ സമീപിക്കുന്നവര്‍ക്ക് ജീവന്‍റെയും ശക്തിയുടെയും സൗഖ്യത്തിന്‍റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടുന്നു. ചെയ്യേണ്ടത് ഇത്രമാത്രം.

പ്രാര്‍ത്ഥിക്കുക:

‘പരിശുദ്ധാത്മാവേ, എന്‍റെ ഹൃദയത്തിന്‍റെയും മനസിന്‍റെയും എല്ലാ വാതിലുകളും ഞാന്‍ അങ്ങേയ്ക്കായി തുറന്നുതരുന്നു. എന്നെത്തന്നെ ഞാന്‍ മുഴുവനായി യേശുവിന് സമര്‍പ്പിക്കുന്നു.’

ഡോ. ഡ്രാഗോസിനെ ‘വീഴ്ത്തിയ’ ചോദ്യം നമ്മോടും കര്‍ത്താവ് ചോദിക്കുന്നുണ്ട്, “ഇനിയും യേശുവിനായി ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!”

'

By: Shalom Tidings

More