• Latest articles
ഡിസം 27, 2019
Encounter ഡിസം 27, 2019

ശരീരത്തിനും മനസിനും ഒരുപോലെ സൗഖ്യം ലഭിക്കുന്ന ഇടമാണ് കുമ്പസാരം. അവിടെ നടക്കുന്ന അത്ഭുതങ്ങള്‍ നമ്മെ വിസ്മയിപ്പിക്കേണ്ടതാണ്. ഒരു സാധാരണ വൈദികനിലൂടെ ഈശോയ്ക്ക് മറഞ്ഞിരുന്ന് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തേണ്ടേ? ആ നിമിഷംവരെ സംസാരിച്ചും കൂട്ടു കൂടിയും നടന്ന വൈദികനില്‍ ഈശോയുടെ പ്രത്യേക സാന്നിധ്യമൊന്നും പ്രത്യക്ഷത്തില്‍ പ്രകടമല്ലെങ്കിലും എങ്ങനെ ഈശോ വൈദികനെ പൊതിഞ്ഞുപിടിച്ച് ഈ അത്ഭുതകര്‍മം നിര്‍വഹിക്കുന്നു!

ധ്യാനത്തില്‍ സംബന്ധിക്കാനായിരുന്നു ആ വ്യക്തി വന്നത്. ദൈവവചനം സ്പര്‍ശിച്ചപ്പോള്‍ ജീവിതത്തെ വെട്ടിയൊരുക്കി. അനുതാപക്കണ്ണീരോടെ കുമ്പസാരവേദിയിലേക്ക് അണഞ്ഞു. തന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടു എന്നതിന് ഒരു പ്രത്യേക അടയാളം നല്കണമേ എന്ന് പ്രാര്‍ത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ, വൈദികന്‍റെ ആശീര്‍വാദം സ്വീകരിച്ച് കുമ്പസാരവേദിയില്‍നിന്നും കടന്നുവന്ന ആ സഹോദരന്‍റെ കാലിലെ വര്‍ഷങ്ങളായി മരവിച്ചിരുന്ന ഒരു വിരല്‍ കര്‍ത്താവ് അപ്പോള്‍ സുഖപ്പെടുത്തി. ദൈവമേ എല്ലാത്തിനും നന്ദി എന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മാവ് ശുദ്ധമാകുക മാത്രമല്ല, ശാരീരിക അസ്വസ്ഥതകളും ഈശോ സുഖപ്പെടുത്തും.

മറ്റൊരാള്‍ ജീവിതത്തിന്‍റെ എല്ലാ പൊടിപടലങ്ങളും കണ്ടെത്താന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് പാപസങ്കീര്‍ത്തനത്തിന് അണഞ്ഞത്. സ്വന്ത ജീവിതത്തിലെ വിനകളുടെ ഭാരങ്ങള്‍ ഈശോ കുമ്പസാരവേദിയില്‍ ഏറ്റെടുത്തപ്പോള്‍, അതിന്‍റെ ആനന്ദം ആത്മാവിലും മനസിലും മാത്രമല്ല ശരീരത്തിലും അനുഭവപ്പെട്ടു. നാളുകളായി ഹാര്‍ട്ടിന് അല്പം അസ്വസ്ഥതകള്‍ ഇ.സി.ജിയില്‍ കണ്ടിരുന്നു. ഒരു ധ്യാനത്തില്‍ ഈശോയോടൊപ്പം ചെലവഴിച്ച് വചനം ശ്രവിച്ച് ആത്മീയ ഡോക്ടറെ കണ്ടതിനുശേഷം ശാരീരിക ഡോക്ടറെ കാണാനായിരുന്നു പദ്ധതി. പക്ഷേ പാപഭാരം പോയതോടുകൂടെ ഹൃദയത്തിന്‍റെ ഭാരവും ഈശോ കൊണ്ടുപോയി. എന്തൊരത്ഭുതമാണ് ഇത്. ഈശോ ഇന്നും ജീവിക്കുന്നു, പ്രവര്‍ത്തിക്കുന്നു. കൊടുങ്കാറ്റിന്‍റെ ആരവത്തിലല്ല, നിശബ്ദതയുടെ ഏകാന്തതയുടെ തീരത്തിരുന്ന് ഈശോ എല്ലാം കഴുകി വെടിപ്പാക്കുന്നു.

ആദിമ ക്രൈസ്തവ സമൂഹത്തില്‍ സാധാരണയായി കണ്ടിരുന്ന ആത്മീയവരദാനങ്ങളിലൂടെ സഭയെ പരിശുദ്ധാത്മാവ് ഈ കാലഘട്ടത്തിലും നയിക്കുന്നുണ്ട്. വലിയ സുകൃതങ്ങളൊന്നും അവകാശപ്പെടാന്‍ ഇല്ലാതെയാണ് ഒരു വ്യക്തി ധ്യാനത്തിനായി കടന്നുവന്നത്. പരിശുദ്ധാത്മാവിന്‍റെ കൃപാദാനങ്ങള്‍ക്കായി തീക്ഷ്ണതയോടെ ആഗ്രഹിക്കാനേ സാധിച്ചിരുന്നുള്ളൂ. ആത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശുദ്ധമായ ഹൃദയത്തിലാണ് സംഭവിക്കുന്നത് എന്ന് ബോധ്യപ്പെട്ടപ്പോള്‍ ബന്ധങ്ങളില്‍ വന്ന വിള്ളലുകളെല്ലാം ക്ഷമയോടെ പ്രാര്‍ത്ഥിച്ച് കണ്ടെത്തി. അങ്ങനെ ലഘുപാപങ്ങള്‍പോലും ഏറ്റുപറഞ്ഞാണ് കുമ്പസാരിച്ചത്. കാല്‍വരിയില്‍ എനിക്കായി രക്തം ചിന്തി പാപകടങ്ങള്‍ മോചിച്ച ഈശോയുടെ സ്നേഹം അവിടെ അനുഭവിച്ചു എന്നായിരുന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ് വൈദികന്‍ കരങ്ങള്‍ ഉയര്‍ത്തി ആശീര്‍വദിച്ചപ്പോള്‍ ഉള്ളില്‍ സ്തുതിക്കണമെന്ന് തോന്നി. പക്ഷേ സ്തുതിക്കാനായി വാക്കുകള്‍ തേടിയപ്പോഴേക്കും ഉള്ളിന്‍റെ ഉള്ളില്‍നിന്ന് ആത്മാവിന്‍റെ സ്തുതിഗീതങ്ങളാണ് പുറത്തേക്ക് വന്നത്. അങ്ങനെ അദ്ദേഹത്തിന് ഭാഷാവരത്തില്‍ സ്തുതിക്കുവാന്‍ സാധിച്ചു.

കുമ്പസാരവേദിയിലെ സൗഖ്യവും അത്ഭുതങ്ങളും രുചിച്ചറിഞ്ഞവരാണ് വിശുദ്ധാത്മാക്കള്‍. നമുക്കും അവ അനുഭവിക്കാം. വൈദികനും അപ്പുറത്ത് എല്ലാ അധികാരവും നിങ്ങള്‍ക്ക് ഞാന്‍ നല്കുന്നു എന്ന ഈശോയുടെ വാക്കുകള്‍ ഓര്‍ക്കാം. നാഥാ, ഒരുക്കത്തോടെ പാവനമായ കുമ്പസാരവേദിയില്‍ മുട്ടുകുത്താന്‍ എന്നെ പഠിപ്പിക്കണേ. അങ്ങ് കുരിശില്‍ നേടിത്തന്ന രക്ഷ ഞങ്ങള്‍ക്ക് നല്കാന്‍ കുമ്പസാരവേദിയില്‍ ഞങ്ങള്‍ക്കായി കാത്തിരിക്കുന്ന കര്‍ത്താവേ, ഒരായിരം നന്ദി. ആദ്യകുമ്പസാരം തുടങ്ങി ഇന്നുവരെ ഞങ്ങളെ ഈ ദിവ്യകൂദാശയിലൂടെ അനുഗ്രഹിച്ച എല്ലാ വന്ദ്യവൈദികര്‍ക്കും ഒരായിരം നന്ദി.

'

By: Sr Elsis Mathew MSMI

More
ഡിസം 26, 2019
Encounter ഡിസം 26, 2019

വിവാഹം കഴിഞ്ഞ് പതിനാറ് വര്‍ഷങ്ങള്‍ തികയുന്നതിനുമുമ്പേ പ്രിയതമന്‍ വിട പറഞ്ഞു. ആ വിവാഹബന്ധത്തിലെ ഒമ്പത് കുട്ടികളില്‍ നാലുപേരും അകാലത്തില്‍ മരണമടഞ്ഞു. കുടുംബജീവിതത്തെ കടപുഴക്കിയെറിയുന്ന വിനാശത്തിന്‍റെ കൊടുങ്കാറ്റ് ആഞ്ഞുവീശിയ ഒരു കുടുംബം. പക്ഷേ ആ കുടുംബത്തിലെ അമ്മയെക്കുറിച്ച് കുട്ടികള്‍ ഇപ്രകാരമാണ് പറയുന്നത്: ‘അമ്മ എപ്പോഴും പുഞ്ചിരിക്കുന്നവളായിട്ടാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്.’ വിലാപവും നെടുവീര്‍പ്പും പരാതികളും സ്ഥിരമായി ഉയരേണ്ട ആ ഭവനാന്തരീക്ഷത്തില്‍ അലയടിച്ചിരുന്നത് ആനന്ദതരംഗങ്ങളായിരുന്നുവത്രേ. ആരാണ് ഈ അസാധാരണ കുടുംബനാഥ എന്നറിയുവാന്‍ നിങ്ങള്‍ക്ക് ആകാംക്ഷ ഉണ്ടായിരിക്കുമല്ലേ.

ഇത് കൊഞ്ചീത്ത – സുഹൃത്തുക്കളും ബന്ധുക്കളും അങ്ങനെയാണ് സ്നേഹപൂര്‍വം അവരെ വിളിച്ചിരുന്നത്. മെക്സിക്കോയില്‍ ഒരു സാധാരണ കുടുംബജീവിതം അസാധാരണമാംവിധം നയിച്ചിരുന്ന അവര്‍ കുടുംബജീവിതം നയിക്കുന്നവര്‍ക്ക് മാത്രമല്ല, സമര്‍പ്പിതര്‍ക്കും ആവേശവും പ്രചോദനവും നല്കുന്ന ഒരു സ്ത്രീരത്നമാണ്.

ഒരു വീട്ടമ്മയും വിധവയുമായി ഒതുങ്ങിക്കഴിയേണ്ടിയിരുന്ന അവരുടെ ജീവിതത്തെ ദൈവം എടുത്തുയര്‍ത്തി. അഞ്ച് സന്യാസസ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ ദൈവം അവരെ ഉപകരണമാക്കി എന്ന് പറയുമ്പോള്‍ അവര്‍ കൈവരിച്ച ഔന്നത്യം ഊഹിക്കാമല്ലോ. ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ ആ ജീവിതവിശുദ്ധിക്ക് കഴിഞ്ഞ മെയ് നാലിന് (2019) സഭ ഔദ്യോഗിക അംഗീകാര മുദ്ര ചാര്‍ത്തി. കൊഞ്ചീത്തായെ മെക്സിക്കോ സിറ്റിയില്‍ വച്ചുതന്നെ ആഘോഷപൂര്‍വമായ ദിവ്യബലിമധ്യേ ധന്യയായി സഭ പ്രഖ്യാപിച്ചു.

എന്തായിരുന്നു കൊഞ്ചീത്തായുടെ വിശുദ്ധിയുടെ രഹസ്യം? അവര്‍ മനസില്‍ സൂക്ഷിച്ച തീവ്രമായ ഒരു അഭിലാഷമുണ്ടായിരുന്നു: ഈ ലോകത്തില്‍ ജീവിക്കുമ്പോഴും ഈ ലോകത്തിന്‍റെ മോഹങ്ങളില്‍പ്പെടാതെ ജീവിക്കുക. എല്ലാ അറിവിനെയും ഉല്ലംഘിക്കുന്ന ക്രിസ്തുവിന്‍റെ സ്നേഹത്താല്‍ നിറയപ്പെടുവാന്‍ അവര്‍ അനുനിമിഷം പ്രാര്‍ത്ഥിച്ചിരുന്നു. ക്രിസ്തുവിന്‍റെ ആ രൂപാന്തരപ്പെടുത്തുന്ന സ്നേഹം അവളെ ആവരണം ചെയ്തിരുന്നതുകൊണ്ട് ക്രിസ്തുവിന്‍റെ പരിമളം പരത്തുവാന്‍ അവര്‍ക്ക് സാധിച്ചു. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്ക് സഹനങ്ങളുടെ കൊടുംവേനലില്‍ ഒട്ടും വാടാത്ത ഒരു മനോഹര റോസാപ്പുഷ്പത്തെ വീട്ടില്‍ കാണുവാന്‍ കഴിഞ്ഞത്.

ജീവിതത്തില്‍ ക്രിസ്തുവിനെ ധരിച്ചിരുന്ന അവര്‍ എല്ലാക്കാര്യത്തിലും ക്രിസ്തുവിന്‍റെ ഹിതം അന്വേഷിച്ചിരുന്നു. തന്‍റെ ആഗ്രഹങ്ങള്‍ – അവ എത്ര വിശുദ്ധമാണെന്ന് തോന്നിയാലും – അവര്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ദൈവഹിതത്തിന് അനുരൂപമായ ഒരു ആഗ്രഹത്തെ മാത്രമേ കൊഞ്ചീത്ത പ്രവൃത്തിപഥത്തില്‍ എത്തിച്ചിരുന്നുള്ളൂ എന്നര്‍ത്ഥം.

ദൈവസാന്നിധ്യത്തിനായി അവര്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു, വരണ്ട ഭൂമി മഴയ്ക്കുവേണ്ടി എന്നതുപോലെ. അതിനായി മണിക്കൂറുകള്‍ അവര്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ സത്യമായും സന്നിഹിതനായിരിക്കുന്ന യേശുവിന്‍റെ മുമ്പില്‍ ആയിരിക്കുന്നത് തികച്ചും ആനന്ദകരമായ ഒരു അനുഭവമായിരുന്നു അവര്‍ക്ക്.

‘വീട്ടുജോലികളുടെ തിരക്കുള്ളതുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് സമയമില്ല’ എന്ന ഒഴിവുകഴിവ് പറയുന്നവരുടെ മുമ്പില്‍ ഒരു വെല്ലുവിളിയാണ് കൊഞ്ചീത്ത. ഭര്‍ത്താവില്ലാത്ത, കുടുംബനാഥനില്ലാത്ത ആ വലിയ ഭവനത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന തിരക്കിനിടയിലും ദൈവത്തിനുള്ളത് ദൈവത്തിന് നല്കുവാന്‍ അവര്‍ സമയം കണ്ടെത്തിയിരുന്നു. പ്രാര്‍ത്ഥനയുടെയും പ്രവൃത്തിയുടെയും ഒരു സമ്യക്കായ ലയനം അവരുടെ ജീവിതത്തില്‍ കാണുവാന്‍ സാധിക്കും. സുവിശേഷത്തില്‍ വിവരിക്കുന്ന മര്‍ത്തായും മറിയവും ഒരാളില്‍ ഉള്‍ച്ചേര്‍ന്നാല്‍ എത്ര മനോഹരമായിരിക്കും! അതായിരുന്നു കൊഞ്ചീത്താ.

പ്രാര്‍ത്ഥനയില്‍നിന്നും ആര്‍ജിച്ചെടുത്ത ഈ ശക്തിയാണ് കൊടിയ സഹനങ്ങളെ ശാന്തതയോടെ നേരിടുവാന്‍ അവര്‍ക്ക് ഊര്‍ജം നല്കിയത്. ഏതൊരു മനുഷ്യനും വേദന, വേദന തന്നെ. അതിന് മാറ്റമില്ല. ഭര്‍ത്താവ് മരിച്ച ആ നാളുകളില്‍ ഒരു കത്തി മനസിനെ കീറിമുറിച്ചിരുന്നുവെന്ന് അവര്‍ ഓര്‍മിക്കുന്നു. പക്ഷേ ദൈവത്തിന്‍റെ ശക്തിയാല്‍ അവര്‍ ആ വേദനയെയും തുടര്‍ന്നുണ്ടായ എല്ലാ വേദനകളെയും അതിജീവിച്ചു.

അവരിലേക്ക് ചൊരിയപ്പെട്ട ദൈവസ്നേഹം പരസ്നേഹമായി രൂപാന്തരപ്പെട്ടിരുന്നു. രോഗികളെയും മരണാസന്നരെയും സന്ദര്‍ശിക്കുന്നതും ശുശ്രൂഷിക്കുന്നതും അവര്‍ ഒരു ജീവിതക്രമമാക്കി. പാവപ്പെട്ടവരുടെ ഇടയില്‍ പാവപ്പെട്ടവളായി കൊഞ്ചീത്ത ജീവിച്ചു.

ഇന്ന് നമുക്ക് അനുകരിക്കാവുന്ന മറ്റൊരു മാതൃകയും അവര്‍ നല്കുന്നുണ്ട്. അത് പുരോഹിതരുടെ വിശുദ്ധിയ്ക്കുവേണ്ടിയുള്ള അവരുടെ തീക്ഷ്ണമായ ആഗ്രഹവും പ്രാര്‍ത്ഥനയും ആയിരുന്നു. അത് വിട്ടുമാറാത്ത ഒരു ചിന്തയായിരുന്നു കൊഞ്ചീത്തായ്ക്ക്. സഭ ഇന്ന് പീഡനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സമര്‍പ്പിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുടെ കരങ്ങളുയര്‍ത്തുവാന്‍ ഓരോ ദൈവസ്നേഹിക്കും ബാധ്യതയുണ്ടെന്നും അവരുടെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു.

ഈ മഹതിയുടെ ജീവിതം ഒരു കാര്യംകൂടി നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട് – നമുക്കും നമ്മുടെ ജീവിതത്തെ മഹത്തരമാക്കാം. അങ്ങനെ കാലമാം കടല്‍ത്തീരത്ത് നമ്മുടേതായ പാദമുദ്രകള്‍ അവശേഷിപ്പിച്ച് കടന്നുപോകാം. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.

കര്‍ത്താവായ ദൈവമേ, അങ്ങയെ ധരിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങനെ മറ്റുള്ളവര്‍ ഞങ്ങളില്‍ അങ്ങയെ കാണട്ടെ. അങ്ങയുടെ ആനന്ദവും സ്നേഹവും പ്രസരിപ്പിക്കുന്ന ജീവിതങ്ങളായി ഞങ്ങളുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.

'

By: K J Mathew

More
ഡിസം 26, 2019
Encounter ഡിസം 26, 2019

ഉത്തരേന്ത്യയില്‍ മിഷന്‍ പ്രദേശത്ത് തീക്ഷ്ണതയോടെ തന്‍റെ പൗരോഹിത്യശുശ്രൂഷ ചെയ്യുന്ന അജിത് അച്ചനെ ഓര്‍മ്മിക്കുന്നു. അതികഠിനമായി കൈകള്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടിരുന്നു അച്ചന്. തണുപ്പിന്‍റെ പ്രശ്നങ്ങളാണ് എന്ന് കരുതി ആദ്യം ആ വേദന അത്ര ഗൗരവത്തില്‍ എടുത്തില്ല. പക്ഷേ വേദനക്ക് ശമനമുണ്ടായില്ല. അത് തുടര്‍ന്നു, പിന്നെ ശക്തമായി. ചികിത്സകളൊന്നും ഫലിച്ചില്ലെന്നുമാത്രമല്ല വിശുദ്ധ കുര്‍ബാനമധ്യേ ഈശോയെ ഉയര്‍ത്താന്‍പോലും സാധിക്കാതെ അച്ചന്‍റെ കൈകള്‍ക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു. ആ സമയത്തെല്ലാം വളരെ വേദനയോടെ അച്ചന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, “അങ്ങയെ ഉയര്‍ത്തുന്ന ഈ കൈകള്‍ക്ക് അങ്ങ് ബലം തരണമേ. അങ്ങ് ജീവന്‍ പകരണമേ…”

അങ്ങനെയിരിക്കേ ഒരു ദിവസം ബലിയര്‍പ്പണവേളയില്‍ ഈശോയെ കൈകളില്‍ എടുക്കുന്ന നേരമായി. അല്പം വേദന തോന്നിയെങ്കിലും അച്ചന്‍ അന്ന് വിശ്വാസത്തോടെ ശക്തമായി പ്രാര്‍ത്ഥിച്ചു. അത് ഈശോ തൊട്ട ദിവസമായിരുന്നു. പിന്നീട് ഇന്നുവരെ അച്ചന്‍റെ കൈകളില്‍ ആ വേദന ഉണ്ടായിട്ടില്ല. വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചപ്പോള്‍, എല്ലാം ക്രിസ്തുവിന് ഏല്പിച്ചുകൊടുത്തപ്പോള്‍ അവന്‍ തിരിച്ചു തൊട്ട അവര്‍ണ്ണനീയമായ നിമിഷം.

നമുക്കും ഈ വിശ്വാസം മതി. വളരെ Simple ആയ വിശ്വാസം. അത്രമേല്‍ humble ആയ(എളിമയാര്‍ന്ന) വിശ്വാസം! ക്രിസ്തു എന്നെ തൊടുമെന്നുള്ള വിശ്വാസം. ഈ വിശ്വാസം ഒളിച്ചുവയ്ക്കാതെ വിളിച്ചു പറയുമ്പോഴാണ് വചനം ജീവിതമാകുന്നത്, അത്ഭുതങ്ങള്‍ കടന്നുവരുന്നത്. വിശ്വസിക്കുന്നു എന്ന് പറയാന്‍ എളുപ്പമാണ്. വിശ്വാസപ്രമാണം ആവര്‍ത്തിക്കാനും വിഷമമില്ല. എന്നാല്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നവന്‍ പറയുന്ന വചനങ്ങള്‍ക്ക് കാതോര്‍ത്ത് അത് ജീവിതമാക്കുമ്പോള്‍ അത്ഭുതങ്ങള്‍ ഒഴുകും, വചനം പിറവിയെടുക്കും.

സങ്കീര്‍ത്തകന്‍ പറയുന്നു, “കര്‍ത്താവേ, ഭൂമി അങ്ങയുടെ കാരുണ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു.” പക്ഷേ ഭൂമി മുഴുവന്‍ നിറഞ്ഞിരിക്കുന്ന ഈ കാരുണ്യം തിരിച്ചറിയണമെങ്കില്‍ ഒരു കാര്യം ആവശ്യമാണ്. അതാണ് ക്രിസ്തു ആവശ്യപ്പെടുന്നത്, വിശ്വാസം. വിശ്വാസം ജീവിതമാക്കുക; അവിടുത്തെ കാരുണ്യം നിന്നെ പൊതിഞ്ഞുപിടിക്കുന്നത് അനുഭവിച്ചറിയാനാവും.

'

By: Fr Bibin Ezhuplakkal

More
ഡിസം 26, 2019
Encounter ഡിസം 26, 2019

ദൈവത്തിന്‍റെ വഴികള്‍ വിസ്മയകരങ്ങളാണ്. അത് മനുഷ്യദൃഷ്ടിയില്‍ ഗണിച്ചെടുക്കാവുന്നവയല്ല. വലിയ പ്രതിസന്ധികള്‍ക്കുള്ള പരിഹാരം ഏറെ എളിയതാകാം. അതു നിര്‍ദേശിക്കുമ്പോള്‍ സ്വീകരിക്കുകയാണ് പ്രധാനം. എളിയ മാര്‍ഗങ്ങളിലൂടെ വന്‍കാര്യങ്ങള്‍ ചെയ്യാന്‍ കര്‍ത്താവിനാകും.

സിറിയാരാജാവിന്‍റെ സൈന്യാധിപനായിരുന്നു നാമാന്‍. നീതിമാനായ നാമാന്‍റെ സാന്നിധ്യം സിറിയാ രാജ്യത്തിന് മുഴുവന്‍ അനുഗ്രഹമായിരുന്നു. എങ്കിലും, നാമാന്‍ കുഷ്ഠരോഗിയായിരുന്നു. ചികിത്സകള്‍ പലതു ചെയ്തിട്ടും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് ഇസ്രായേല്‍ ദേശത്ത് എലീഷാ എന്നൊരു പ്രവാചകനുണ്ടെന്നും അദ്ദേഹത്തിന്‍റെ ഉന്നതമായ വരദാന സിദ്ധികളെക്കുറിച്ചും അറിവു ലഭിച്ചത്.

സൈന്യാധിപനെ സ്നേഹിച്ചിരുന്ന രാജാവ് ഇസ്രായേല്‍ രാജാവിനു കത്തെഴുതി. യാത്രയ്ക്കുള്ള സൗകര്യങ്ങളൊരുക്കി. രഥങ്ങളും കുതിരകളുമായി എലീഷായുടെ വീട്ടുപടിക്കലെത്തി. എലീഷാ, ഒരു ദൂതനെ അവരുടെ അടുത്തേക്കയച്ചു: “നാമാന്‍, നീ ജോര്‍ദാനില്‍ പോയി ഏഴുപ്രാവശ്യം കുളിക്കുക. നീ ശുദ്ധനായി ശരീരം പൂര്‍വ്വസ്ഥിതിയെ പ്രാപിക്കും.” (2 രാജാ. 5:10) നാമാന് ദേഷ്യം നിയന്ത്രിക്കാനായില്ല. “എന്‍റെ നാട്ടില്‍ കുളങ്ങളില്ലാഞ്ഞിട്ടാണോ ഇവിടേയ്ക്ക് എന്നെ അയച്ചത്? നാട്ടിലെ കുളങ്ങള്‍ ജോര്‍ദാനേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ടതല്ലേ?” നാമാന്‍ പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയാണ്. ജോര്‍ദാനിലെ വെള്ളം അത്ര ശുദ്ധമല്ല. പരിസരവും അത്ര നല്ലതല്ല. അല്ലെങ്കിലും, കുളത്തില്‍ മുങ്ങിയാല്‍ കുഷ്ഠം മാറുന്നതെങ്ങനെയാണ്?

നാമാന്‍ തുടര്‍ന്നു: “എലീഷാ പ്രവാചകന്‍ അടുത്തെത്തി, കരം വീശി, ദൈവനാമത്തില്‍ എന്നെ സൗഖ്യപ്പെടുത്തുമെന്നാണ് ഞാന്‍ കരുതിയത്.” പ്രശ്നവും പരിഹാരവും നാമാന്‍റെ കൈവശമുണ്ട്. പക്ഷേ, ദൈവവഴികള്‍ അറിയാനുള്ള മനസും അതനുസരിക്കാനുള്ള എളിമയും അയാള്‍ക്കില്ലാതെ പോയി. ദൈവതിരുമുമ്പില്‍ പ്രാര്‍ത്ഥന ഉണര്‍ത്തുന്ന അര്‍ത്ഥി തന്നെ പരിഹാരവും നിശ്ചയിക്കുന്നു!

എന്‍റെ കുടുംബം ശരിയാകാന്‍ നീ എന്‍റെ വരുമാനമാര്‍ഗങ്ങള്‍ അനുഗ്രഹിക്കണം. എന്‍റെ ആത്മീയജീവിതം ശരിയാകാന്‍ അങ്ങെന്‍റെ വരദാനങ്ങള്‍ മിനുസപ്പെടുത്തണം. എനിക്കൊരു ഉയര്‍ച്ചയുണ്ടാകാന്‍ അങ്ങന്‍റെ പാസ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന രാജ്യത്തിന്‍റെ സീല്‍ ഞാന്‍പതിപ്പിക്കണം. ഇങ്ങനെ പോകുന്നു, ആ പരിഹാരവഴികള്‍. നാം നിനക്കാത്ത എത്രയോ വഴികള്‍ ദൈവത്തിന്‍റെ മനസിലുണ്ട്!

നാമാന്‍ തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ ഭൃത്യന്മാരില്‍ ഒരാള്‍ ചോദിച്ചു: “പ്രവാചകന്‍ ഭാരിച്ച കാര്യമാണ് നിര്‍ദേശിച്ചിരുന്നതെങ്കില്‍ അങ്ങ് അത് ചെയ്യുമായിരുന്നില്ലേ? ദൈവപുരുഷന്‍റെ വാക്കനുസരിക്കുന്നതല്ലേ നല്ലത്.” നാമാനെന്ന സൈന്യാധിപന്‍ ജോര്‍ദാനിലേക്ക് എത്തുന്നത് മനസില്ലാമനസോടെയാണ്. കാരണം, താന്‍ കാണുന്ന ഒരു പരിഹാരവഴിയിലല്ല, ദൈവപുരുഷന്‍റെ നിര്‍ദേശങ്ങള്‍. എങ്കിലും, ഏഴാവര്‍ത്തി മുങ്ങി, ശരീരം മുഴുവന്‍ ഒരു പൈതലിനുസമാനം ശുദ്ധമായി, സൗഖ്യപ്പെട്ടു.

ദൈവം പറയുന്ന എളിയ ചുവടുകള്‍ മതി, ചരിത്രത്തിന്‍റെ ദിശ മാറാന്‍. അതനുസരിക്കുന്നവരാകണം നാം എന്നതാണ് പ്രധാനം. സ്രഷ്ടാവിനേക്കാള്‍ ബുദ്ധിയുള്ളവരും പ്രാപ്തിയുള്ളവരുമാണ് നാമെന്ന് ചിന്തിക്കുമ്പോള്‍, ദൈവശബ്ദം നേര്‍ത്ത് ഇല്ലായ്മ ചെയ്യപ്പെടും. കടലില്‍ കാറ്റിനെ അയച്ചവനറിയാം അതിനെ എങ്ങനെ ഒടുക്കണമെന്ന്. നാം മാര്‍ഗങ്ങള്‍ നിര്‍ദേശിക്കേണ്ടതില്ല. കടലിനു മുമ്പില്‍ നമ്മെ നിറുത്തിയവനറിയാം അതിനെ എങ്ങനെ കുറുകെ കടക്കാന്‍ അനുവദിക്കണമെന്ന്.

പരിഹാരം കാണാനാവാത്ത ഒരു പ്രശ്നവും മാനവന്‍റെ ജീവിതമേശപ്പുറത്തേക്ക് അവന്‍ എറിഞ്ഞു തരില്ല. പക്ഷേ, അവന്‍ പറയുന്നത് അനുസരിക്കണം. “എന്‍റെ ചിന്തകള്‍ നിങ്ങളുടേതു പോലെയല്ല. നിങ്ങളുടെ വഴികള്‍ എന്‍റേതുപോലെയുമല്ല. ആകാശം ഭൂമിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനേക്കാള്‍ ഉന്നതമത്രേ” (ഏശ. 55:8).

വൃക്ഷത്തിന്‍റെ വേരിന്‍റെ ആഴമറിയാതെ ശിഖിരങ്ങളില്‍ മാത്രം നോക്കി തീര്‍പ്പുകള്‍ കല്‍പ്പിക്കുന്നവരാണ് മനുഷ്യര്‍. ചെങ്കടലിന്‍റെ മുമ്പില്‍ നമ്മെ നിറുത്തിയിട്ട് അവന്‍ ഒരിക്കലും നമ്മെ കൈവിടില്ല. അതു മുറിക്കാന്‍ ഒരു മോശയും ഒരു വടിയും മതി. ജെറീക്കോ കോട്ടയുടെ മുമ്പില്‍ വെച്ച് അവന്‍ നമ്മെ തനിയെയാക്കില്ല. അതു തകര്‍ക്കാന്‍ ഒരു ജോഷ്വായും ഒരാരവവും അവന്‍ കരുതിവെച്ചിട്ടുണ്ട്. വടി ഉയര്‍ത്താനും ആരവം മുഴക്കാനും മുങ്ങി എഴുന്നേല്‍ക്കാനും നീ മനസുകാണിച്ചാല്‍മതി.

'

By: Rev Dr Roy Paalaatty

More
ഡിസം 26, 2019
Encounter ഡിസം 26, 2019

ഹൃദയഹാരിയായ ഒരു അനുഭവമായിരുന്നു അത്. 32 യുവതീയുവാക്കള്‍ ജീസസ് യൂത്തിന്‍റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ഫുള്‍ടൈം കമ്മിറ്റ്മെന്‍റ്’ എടുത്ത് ഇറങ്ങുന്നു. ജോലിയും വരുമാനവും ഭാവിയും ഒന്നും നോക്കാതെ, കര്‍ത്താവിന് വേണ്ടി ജീവിക്കാന്‍, പ്രവര്‍ത്തിക്കാന്‍, തയാറായിക്കൊണ്ടുള്ള ഇറക്കം. 32 പേരോടൊപ്പം മിക്കവരുടെയും മാതാപിതാക്കളും സഹോദരങ്ങളും സന്തോഷത്തോടെ ഈ അനുഭവം പങ്കിടാന്‍ സന്നിഹിതരായിരുന്നു. അതില്‍ രണ്ടു പേര്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍. ബാക്കിയുള്ളവര്‍, ബിരുദവും ബിരുദാനന്തര ബിരുദവും സമ്പാദിച്ച് ജോലി സാദ്ധ്യതയുള്ളവര്‍. ശമ്പളവും സൗഭാഗ്യവും സാധ്യതകളുമെല്ലാം വേണ്ടെന്നുവച്ചവര്‍. പ്രതിസന്ധികള്‍ ഉണ്ടാവുമെന്ന് ഉറപ്പുണ്ടായിട്ടും, കര്‍ത്താവ് കൂടെയുണ്ടാവും എന്ന ഉറപ്പോടെ പുറപ്പെടുന്നവര്‍. സന്ദേഹങ്ങള്‍ ഹൃദയത്തില്‍ ഒളിപ്പിച്ചും സന്തോഷാശ്രുക്കള്‍ പൊഴിച്ച്, അവരെ യാത്രയാക്കുന്ന മാതാപിതാക്കള്‍.

കണ്ണുനീരില്‍ ഒരു വിടവാങ്ങല്‍

അപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയത് 1974-ല്‍ പത്താംക്ലാസ്സ് പഠനം കഴിഞ്ഞ് സെമിനാരി പ്രവേശനത്തിനായി പടിയിറങ്ങിയ കാര്യമാണ്. എട്ടാം ക്ലാസ് കഴിഞ്ഞ സമയത്ത് സെമിനാരിയില്‍ ചേരാന്‍ ആഗ്രഹം അറിയിച്ചപ്പോള്‍ അപ്പച്ചനാണ് ആദ്യം നിരുത്സാഹപ്പെടുത്തിയത്. ഇത്രയും ഗൗരവതരമായ തീരുമാനമെടുക്കാന്‍ എന്‍റെ ഇളംമനസ്സിന് പക്വത വന്നിട്ടില്ലെന്ന് അപ്പച്ചന് അറിയാമായിരുന്നു. പത്താം ക്ലാസ്സു കഴിഞ്ഞപ്പോഴും അല്പം കൂടെ ചിന്തിച്ചിട്ടു പോരേ എന്ന അഭിപ്രായം ഉണ്ടായി. എങ്കിലും സന്ദേഹത്തോടെ സമ്മതം മൂളി.

നിശ്ചിത ദിവസം പോകാനൊരുങ്ങുകയായിരുന്നു. ഒരിക്കല്‍ക്കൂടി ഇടവകപ്പള്ളിയില്‍ പോയി. ആ സമയത്ത് അവിടെ ആരും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടോ അറിയാതെ എന്‍റെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍കണങ്ങള്‍ ധാരധാരയായി ഒഴുകി. നാല് വര്‍ഷത്തോളം അള്‍ത്താര ബാലനായിരുന്നു. അന്നൊന്നും അനുഭവിക്കാത്ത വികാരത്തോടെ സക്രാരിയുടെ മുമ്പില്‍ പോയി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. നിത്യസഹായമാതാവിന്‍റെ രൂപത്തിനു മുമ്പിലും ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്‍റെ രൂപത്തിനു മുമ്പിലും കുറേനേരം നിന്ന് മാധ്യസ്ഥ്യം യാചിച്ചു. പിന്നെ സാവധാനം കണ്ണുകള്‍ തുടച്ച് വികാരിയച്ചനോട് യാത്ര പറയാന്‍ ചെന്നു.

വിശ്വാസ പരിശീലനത്തിലും ദൈവവിളി പരിപോഷണത്തിലും ഒക്കെ വളരെ ശ്രദ്ധിച്ചിരുന്ന മോണ്‍സിഞ്ഞോര്‍ അംബ്രോസ് അറക്കലായിരുന്നു എന്‍റെ വികാരിയച്ചന്‍. അമ്മച്ചിയോടൊപ്പം പള്ളിക്കൂടത്തില്‍ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകന്‍ വികാരിയച്ചനോടൊപ്പം ആ സമയത്ത് ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് പുതുമണവാളനായി അച്ചന്‍റെയടുത്ത് എത്തിയതായിരുന്നു ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം. ഞാന്‍ സെമിനാരിയില്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പറഞ്ഞു: ‘ദേ, ഇത് നമ്മുടെ മേരി ടീച്ചറിന്‍റെ മകനല്ലേ? ഇവനെന്തിനാ സെമിനാരിയില്‍ ചേരുന്നത്? ഞാന്‍ ഏതായാലും എന്‍റെ മക്കളെ അച്ചനാക്കാന്‍ തീരുമാനിച്ചിട്ടില്ല!’ അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്‍റെ മനസ്സില്‍ തറച്ചു. എങ്കിലും മറിച്ചൊന്നും പറയാതെ വികാരിയച്ചന്‍റെ ആശീര്‍വാദം വാങ്ങി, യാത്രപറഞ്ഞിറങ്ങി. ആ സംഭവത്തെക്കുറിച്ച് പിന്നീടും ഞാന്‍ ഓര്‍ത്തിട്ടുണ്ട്. അപ്പോഴെല്ലാം ഒരു കാര്യം എന്നെ അതിശയിപ്പിച്ചിരുന്നു, എന്തുകൊണ്ടോ അവര്‍ക്ക് മക്കളുണ്ടായില്ല! ആ സാറും ഭാര്യയും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു.

ദൈവത്തിനായി ഇറങ്ങിത്തിരിക്കുമ്പോള്‍ അവിടുത്തെ പരിപാലന നമ്മോടൊത്ത് എപ്പോഴും ഉണ്ടാവുമെന്നതാണ് എന്‍റെ എളിയ സാക്ഷ്യം. ദൈവത്തിനായി മക്കളെ ഔദാര്യപൂര്‍വ്വം പറഞ്ഞയക്കുമ്പോള്‍ ദൈവത്തിന്‍റെ അനുഗ്രഹവും ഔദാര്യവും സമൃദ്ധമായി അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യും. ചങ്കുപറിച്ചു സമര്‍പ്പിക്കുന്ന അനുഭവമാകണം ആകെയുള്ള അരുമമകനെ ബലിയര്‍പ്പിക്കാന്‍ ദൈവം ആവശ്യപ്പെട്ടപ്പോള്‍ അബ്രാഹത്തിന്‍റെ ആന്തരിക സംഘര്‍ഷം… എന്നാല്‍, ആ വികാര വിക്ഷോഭങ്ങളൊന്നും ഉല്‍പത്തി 22-ലെ വിവരണത്തിലില്ല. ദൈവം ആവശ്യപ്പെട്ടു. അയാള്‍ അനുസരണയോടെ ഇറങ്ങിപ്പുറപ്പെട്ടു.

അബ്രാഹം പുത്രന്‍റെ കഴുത്തില്‍ കത്തി വയ്ക്കാന്‍ തുനിഞ്ഞ നേരം കര്‍ത്താവിന്‍റെ ദൂതന്‍ ആകാശത്തുനിന്നും വീണ്ടും അബ്രാഹത്തെ വിളിച്ചുപറഞ്ഞു: കര്‍ത്താവ് അരുള്‍ ചെയ്യുന്നു. നിന്‍റെ ഏകപുത്രനെപ്പോലും എനിക്ക് തരാന്‍ മടിക്കായ്ക കൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു. ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും (ഉല്‍പത്തി 22:17). സമര്‍പ്പണം നടത്താന്‍ തയാറുളളവരെ എക്കാലത്തും ‘അബ്രഹാമിന്‍റെ ദൈവം’ പരിപാലിച്ചു കൊണ്ടിരിക്കുന്നു.

Yes or No പറഞ്ഞവര്‍

അള്‍ത്താരബാലനായിരുന്ന ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഏതാനും മാസങ്ങള്‍ക്കുമുമ്പ് ബൈക്ക് അപകടത്തില്‍ മരണമടഞ്ഞു. മൃതസംസ്കാര ശുശ്രൂഷയില്‍ എനിക്ക് പങ്കെടുക്കാനായില്ല. ദുഃഖാര്‍ത്തരായ മാതാപിതാക്കളെയും ഇളയ സഹോദരിയെയും ആശ്വസിപ്പിക്കാനും പ്രാര്‍ത്ഥിക്കാനുമായി ഏഴാം ചരമദിനത്തില്‍ ഞാന്‍ സെമിത്തേരിയില്‍ പോയിരുന്നു. തീരാനൊമ്പരത്തില്‍ ആയിത്തീര്‍ന്ന അവരെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല. കല്ലറയിങ്കലെ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കു ശേഷം, ഞാന്‍ അവിടെനിന്നും തെല്ലൊന്ന് നീങ്ങിയപ്പോള്‍, ആ പിതാവ് എന്‍റെ അടുത്തേയ്ക്ക് വന്നു.

എന്‍റെ ഇരു കരങ്ങളും മുറുകെ പിടിച്ച് അദ്ദേഹം പറഞ്ഞു: ‘ഞങ്ങളുടെ മകന്‍ ഈശോയുടെ അടുത്തേയ്ക്ക് പോയിരിക്കയാണ്. അവന്‍ ഈശോയ്ക്കുവേണ്ടി ആയിരിക്കാന്‍ ആഗ്രഹിച്ചവനാണ്. സെമിനാരിയില്‍ ചേരാന്‍ ആഗ്രഹിച്ചപ്പോള്‍ ഞാനാണ് അവനെ തടഞ്ഞത്. ഞാന്‍ അന്ന് അവനോട് പറഞ്ഞു: ഞങ്ങള്‍ക്ക് നീയല്ലാതെ വേറെ ആരുണ്ട്! നീ സെമിനാരിയില്‍ പോയാല്‍പ്പിന്നെ, അവിടെ പെട്ടുപോകും!’ കണ്ഠമിടറിക്കൊണ്ട്, നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം എന്നോട് വിക്കിവിക്കിയാണ് അക്കാര്യം പറഞ്ഞത്. അദ്ദേഹത്തെ കഴിയുംവിധം ആശ്വസിപ്പിച്ചു. നമ്മെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ആ പദ്ധതി അനുസരിച്ച് നമ്മുടെ ഹൃദയം ഉദാരമാകണം.

റോമിലെ ഫ്രാന്‍സിസ്കാ കബ്രീനി ഇടവകയിലെ നിയോ കാറ്റകുമിനേറ്റ് കമ്മ്യൂണിറ്റിയെ (Neo Catechumenate) ഞാന്‍ സഹായിക്കുമായിരുന്നു. ആ സമൂഹത്തില്‍ അവിടത്തെ ദേശീയ നീന്തല്‍ താരമായ അന്ന റീത്ത എന്ന യുവതി ഉണ്ടായിരുന്നു. ഇറ്റാലിയന്‍ ഭാഷയല്ലാതെ മറ്റൊരു ഭാഷയും വശമില്ലാതിരുന്ന അന്ന റീത്ത ഭര്‍ത്താവ് പവുലോ മൊന്തനാരിയുടെ ആകസ്മികമരണത്തിനുശേഷം സൗത്ത് കൊറിയയില്‍ സുവിശേഷ ശുശ്രൂഷക്കായി പോയി! അന്ന റീത്തയെപ്പോലെ എത്രയോ പേര്‍! പാലാരിവട്ടം സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇടവകാംഗങ്ങളായ അലക്സി പള്ളനെയും ഭാര്യ ഷൈനിയെയും കുടുംബത്തെയും വര്‍ഷങ്ങളായി അറിയാം. ഫാ. ധീരജ് സാബു ഐ.എം.എസിനോടൊപ്പം സാന്ത്വന കമ്മ്യൂണിറ്റിയുടെ ഭാഗമായി ക്രിസ്തുവിന്‍റെ സുവിശേഷവാഹകരായി വടക്കേ ഇന്ത്യയില്‍ വര്‍ഷങ്ങളായി ജീവിക്കുന്നു അവര്‍.

ഇറ്റലിയിലെ ട്രെന്തോയില്‍ 1920 ജനുവരിയില്‍ ജനിച്ച ക്യാരാ ലൂബിക് 1943 ഡിസംബറിലാണ് ഫോകുലാരെ (Foculare) എന്ന പ്രസ്ഥാനം തുടങ്ങിയത്. ഇന്ന് 182 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമായി എത്രയോ പേരാണ് ആദ്ധ്യാത്മികതയുടെ പുതിയ അഗ്നി ഹൃദയത്തില്‍ സ്വീകരിച്ച് ശാന്തിവാഹകരായി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത്!

വേണം ചില വിപ്ലവങ്ങള്‍

Fr. Joe Mannath-ന്‍റെ വിഖ്യാതമായ “A Radical Love A Path of Light’ (വിപ്ലവകരമായ സ്നേഹം, പ്രകാശത്തിന്‍റെ പാത) എന്ന പുസ്തകത്തില്‍ അദ്ദേഹം ചോദിക്കുന്നു: സന്യസ്ത സമര്‍പ്പണ ജീവിതത്തിന്‍റെ ഭാവിയെപ്പറ്റി നിങ്ങള്‍ എന്തു ചിന്തിക്കുന്നു? സമര്‍പ്പിത ജീവിതത്തിലേക്ക് ദൈവവിളി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ആശങ്കയോടെയാണോ ശുഭാപ്തി വിശ്വാസത്തോടെയാണോ സഭയിലെ സന്യാസസഭകളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുന്നത്?

ഈ വിവരണങ്ങളുടെ അടിക്കുറിപ്പില്‍ അദ്ദേഹം ധനശാസ്ത്രജ്ഞന്മാരായ ജോണ്‍ മൈക്കിള്‍ ത്വെറ്റും ആഡ്രിയന്‍ വൂള്‍ഡ്രിഡ്ജും ചേര്‍ന്നെഴുതിയ ‘God is Back’ How the Global Faith is Changing the World എന്ന പുസ്തകം ഉദ്ധരിച്ച് പറയുന്നത് ശ്രദ്ധേയമാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആധുനിക സമൂഹത്തിലെ ആദ്ധ്യാത്മികതയും ദൈവവിശ്വാസവും വളരുന്നുവെന്നത് മറക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. സഭയില്‍ അല്മായരുടെ സജീവമായ മുന്നേറ്റങ്ങളും അതിശയിപ്പിക്കുന്ന സാക്ഷ്യജീവിതങ്ങളും വളരുന്നതോടൊപ്പം, സന്യാസ സമൂഹങ്ങളിലൂടെയുള്ള സമര്‍പ്പിത ജീവിതവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

സുവിശേഷാത്മക ജീവിതത്തിന്‍റെ നവീനരൂപങ്ങള്‍ സഭയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ രൂപീകൃതമാകുമ്പോഴും സാമ്പ്രദായിക (Tradtional) സന്യാസസമൂഹങ്ങളും സമര്‍പ്പിത ജീവിതങ്ങളും പകരമാവില്ല എന്ന വിശുദ്ധ ജോണ്‍ പോള്‍ പാപ്പയുടെ വാക്കുകളും നാം വിലമതിക്കണം. (Vita Consecrata  – സമര്‍പ്പിത ജീവിതം-നമ്പര്‍ 62). അതോടൊപ്പം ജോണ്‍ പോള്‍ പാപ്പ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്: ദാനങ്ങളും (Charism) സര്‍ഗാത്മക കഴിവുകളും(Creative Energy‑) ഉള്‍ക്കൊള്ളുന്ന ഈ പുതിയ സമൂഹങ്ങള്‍ക്ക് ദൈവശാസ്ത്രപരവും കാനോനികവുമായ അടിസ്ഥാനമുണ്ടായിരിക്കണം.

താന്‍ ദൈവകരങ്ങളിലെ ഒരു ഉപകരണംമാത്രമാണെന്ന് ‘ഫോകുലാരെ’യുടെ സ്ഥാപകയായ ക്യാരാ ലൂബിക് 1977-ല്‍ ഇറ്റലിയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സാക്ഷ്യപ്പെടുത്തി. കര്‍ത്താവിനായി വീട് വിട്ടിറങ്ങുന്നവരുടെ പ്രത്യാശ എന്നുമിതാണ്: ദൈവകരങ്ങളിലെ ഉപകരണമായി സ്വയം സമര്‍പ്പിക്കുമ്പോള്‍ അതിശയിപ്പിക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ നമ്മുടെ ജീവിതംകൊണ്ട് അവിടുന്ന് വരയ്ക്കും!

'

By: Bishop Dr Alex Vadakkumthala

More
ഡിസം 26, 2019
Encounter ഡിസം 26, 2019

എന്‍റെ ഇളയ മകന്‍ ജോസഫിന്‍റെ ഒരു കാല്‍ ചെറുപ്പത്തില്‍ വളഞ്ഞാണിരുന്നത്. അത് ശരിയാകുന്നതിനായി രണ്ട് സര്‍ജറികള്‍ നടത്തി. തുടര്‍ന്ന് അവനെ പ്രത്യേക ഷൂസും ധരിപ്പിച്ചിരുന്നു. 13 വയസായാല്‍ വെല്ലൂര്‍ ആശുപത്രിയില്‍ മറ്റൊരു സര്‍ജറികൂടി ചെയ്യാനും തീരുമാനിച്ചിരുന്നു. അങ്ങനെയിരിക്കേ ഒരു ഈസ്റ്ററിന് മുമ്പ് ഞങ്ങള്‍ പാലായില്‍ ഒരു കരിസ്മാറ്റിക് ധ്യാനത്തിനു പോയി. ഭാര്യയും ഞാനും ഇളയ മകനും ആ ധ്യാനത്തില്‍ സംബന്ധിച്ചു. ഈസ്റ്ററിന്‍റെ തലേന്ന് രാത്രിയാണ് വീട്ടില്‍ തിരികെ എത്തിയത്.

വീട്ടിലെത്തി അല്പസമയം വിശ്രമിച്ചിട്ട് പുലരുമ്പോഴേക്കും എല്ലാവരും ഈസ്റ്ററിന്‍റെ വിശുദ്ധബലിക്ക് പോയി. തിരിച്ച് വീട്ടിലെത്തിയ സമയം ജോസഫ് ഞങ്ങളെ വിളിക്കുന്ന സ്വരം കേട്ടു, “ഓടിവാ, കാല്‍ ശരിയാവുന്നു!”

വലിയ സ്വരത്തിലുള്ള വിളികേട്ട് ഓടിച്ചെന്നപ്പോള്‍ അവന്‍റെ വളഞ്ഞിരുന്ന കാല്‍ ശരിയായിരിക്കുന്നതാണ് കണ്ടത്. ഉള്ളിലേക്ക് തിരിഞ്ഞിരുന്ന കാല്‍ അവന്‍റെ കണ്‍മുന്നില്‍വച്ച് കറങ്ങിവന്ന് ശരിയാവുകയായിരുന്നു എന്നവന്‍ പറഞ്ഞു. ഞങ്ങളെല്ലാം നിറഞ്ഞ കണ്ണുകളോടെ കര്‍ത്താവിന് നന്ദിയര്‍പ്പിച്ചു. ധ്യാനം വലിയ ആത്മാഭിഷേകം തന്നുവെങ്കിലും ഇങ്ങനെയൊരു രോഗസൗഖ്യത്തിനുവേണ്ടിയൊന്നും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങളെ സ്നേഹിക്കുന്ന നല്ല യേശു ഇന്നും ജീവിക്കുന്നു. അവിടുന്ന് മകനെ സുഖപ്പെടുത്തി.

'

By: Kurien Jose

More
ഒക്ട് 25, 2019
Encounter ഒക്ട് 25, 2019

എല്ലാവരെയും രസിപ്പിക്കാന്‍ മിടുക്കിയായ ഒരു കൂട്ടുകാരിയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. എല്ലാവരെയുംപോലെ സങ്കടങ്ങള്‍ അവള്‍ക്കുമുണ്ടെങ്കിലും ആ പെരുമാറ്റം കണ്ടാല്‍ അവള്‍ക്ക് ഒരു പ്രശ്നവുമില്ലെന്ന് തോന്നും. അതിനാല്‍ അവളുടെകൂടെ സമയം ചെലവഴിക്കാന്‍
പൊതുവേ എല്ലാവരും ഇഷ്ടപ്പെട്ടു.

നാളുകള്‍ ചിലത് കഴിഞ്ഞപ്പോള്‍ അവളുടെ മറ്റൊരു സ്വഭാവപ്രത്യേകതകൂടി ശ്രദ്ധയില്‍പ്പെട്ടു. ഒരു ദിവസം ഞങ്ങള്‍ കുറച്ചുപേര്‍ ഒരു യാത്രയ്ക്ക് ഒരുങ്ങി നില്ക്കുമ്പോഴാണ് അതുണ്ടായത്. ആ സമയത്ത്, അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ പരിചയപ്പെട്ട ഒരു യുവാവ് ബൈക്കില്‍ പോകുന്നു. അവന്‍ കൈവീശി കാണിച്ചുകൊണ്ട് എന്തോ പറഞ്ഞു, ഞങ്ങള്‍ക്കൊന്നും മനസിലായില്ല. ഉടനെ ഞങ്ങളുടെ രസികത്തി കൂട്ടുകാരി ‘ഫോണില്‍ വിളിക്കാം’ എന്ന് അവനോട് ആംഗ്യം കാണിച്ചു. ഞങ്ങളൊന്നു ഞെട്ടി. പരിചയപ്പെട്ട ഉടനെ അവന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങിയോ എന്നതായിരുന്നു ഞങ്ങളുടെ ആശ്ചര്യത്തിനു കാരണം. ‘ഓ, ഇതൊന്നും അത്ര വലിയ കാര്യമല്ല’ എന്ന മട്ടില്‍ അവള്‍ അതത്ര ഗൗനിച്ചില്ല.

പിന്നെയാണ് അക്കാര്യം കൂടുതല്‍ മനസിലായത്, അവള്‍ക്ക് പൊതുവേ ആണ്‍കുട്ടികളുമായി ചങ്ങാത്തം കൂടുതലാണ്. പലരുമായും ഫോണില്‍ ഏറെ നേരം സംസാരിക്കും. മോശമായ സംസാ
രമൊന്നുമല്ല; ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ വെറും ‘സൊള്ളല്‍.’ ഇങ്ങനെയുള്ള ഒരു രീതിയായിരുന്നതുകൊണ്ട് അവള്‍ പല ‘ലവ് അഫയറു’കളിലും ചെന്നു പെട്ടു. ചിലതില്‍നിന്നെല്ലാം അപകടം കൂടാതെ രക്ഷപ്പെടുകയും ചെയ്തു. ഇവളെ സംബന്ധിച്ച് പ്രത്യേക അടുപ്പമൊന്നുമില്ലെങ്കിലും ചിലരാകട്ടെ കല്യാണം ആലോചിച്ചു ചെന്നു. തന്‍റെ കുടുംബസാഹചര്യത്തിന് ചേരാത്ത ബന്ധമാണെന്നുപറഞ്ഞ് അവള്‍തന്നെ മിക്കവാറും എല്ലാം തന്നെ ഗുരുതരമാവാതെ ഒഴിവാക്കി. എന്നിട്ടും ഒരു പ്രേമബന്ധം അവള്‍ക്ക് ചീത്തപ്പേരുണ്ടാക്കിയാണ് അവസാനിച്ചത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായെങ്കിലും ദൈവാശ്രയവും തെറ്റ് തിരുത്തുന്ന മനോഭാവവും ഉണ്ടായിരുന്നതുകൊണ്ട് അവളുടെ ജീവിതം വീണ്ടും തളിര്‍ക്കുന്നത് ഞാന്‍ കണ്ടു. പിന്നീട് അവള്‍
വിവാഹിതയായി. നല്ല കുടുംബജീവിതം നയിക്കാനും അവള്‍ക്ക് സാധിച്ചു. വീണ്ടും
കണ്ടുമുട്ടിയപ്പോഴെല്ലാം മറ്റൊന്നുകൂടി എന്‍റെ ശ്രദ്ധയാകര്‍ഷിച്ചു, ചുറ്റുപാടുകളെ സജീവമാക്കുന്ന അതേ മിടുക്കിതന്നെയാണ് അവളിപ്പോഴും. ദൈവത്തില്‍ ആശ്രയിക്കുന്നവരുടെ കരുത്തിനെക്കു
റിച്ച് അതെന്നെ ഓര്‍മ്മിപ്പിക്കുന്നു. പലപ്പോഴും അവള്‍ കൈകളില്‍ ജപമാലയേന്തി പ്രാര്‍ത്ഥിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഉണങ്ങാന്‍ തുടങ്ങിയിടത്തുനിന്ന് ആ ജീവിതം വീണ്ടും തളിര്‍ത്തതിന്‍റെരഹസ്യം തേടി മറ്റെങ്ങും പോകേണ്ടതില്ലായിരുന്നു.

പക്ഷേ, ആ ജീവിതം അടുത്തുനിന്ന് വീക്ഷിച്ചതില്‍നിന്ന് പഠിച്ച പാഠം ഒരിക്കലും എനിക്ക് മറക്കാനാവില്ല. അനാവശ്യമായ ആണ്‍, പെണ്‍ ചങ്ങാത്തങ്ങളും നിരുപദ്രവകരമെന്നു തോന്നിയാലും ദീര്‍ഘമായ മൊബൈല്‍ഫോണ്‍സംഭാഷണങ്ങളും പെണ്‍കുട്ടിയുടെയായാലും
ആണ്‍കുട്ടിയുടെയായാലും ജീവിതത്തിന് ഗുരുതരമായ പരിക്കുകളുണ്ടാക്കും. പെണ്‍കുട്ടികളെ അത് വളരെ പ്രകടമായി ബാധിക്കും, ആണ്‍കുട്ടികളെ അത്ര പ്രകടമല്ലാതെയും. അതിനാല്‍ ഇത്തരം ബന്ധങ്ങളില്‍ ആരോഗ്യകരമായ അകലം പാലിക്കുന്നതുതന്നെയാണ് നല്ലത്. അതി
നെക്കാളുപരി ഇത്തരം സുഹൃത്തുക്കളുമായുള്ള ഫോണ്‍സംഭാഷണങ്ങള്‍ അധികം
നീണ്ടുപോകാതെ നിയന്ത്രിക്കാന്‍ സാധിക്കണം. അതിന് കഴിയുന്നില്ലെങ്കില്‍ ഫോണ്‍വിളികള്‍തന്നെ ഒഴിവാക്കുകയാവും ഉചിതം.

ഇനി ഇത്തരത്തിലുള്ള ബന്ധങ്ങള്‍നിമിത്തം പരിക്കേറ്റവരാണ് നിങ്ങളെങ്കില്‍ ഇത് എതിര്‍ലിംഗത്തില്‍പ്പെട്ട സുഹൃത്തുക്കളെ ആരോഗ്യകരമായ അകലത്തില്‍ നിര്‍ത്തിയും ദീര്‍ഘമായ ഫോണ്‍സംഭാഷണങ്ങള്‍ ഉപേക്ഷിച്ചും ജീവിതം വീണ്ടും ക്രമീകരിക്കാനുള്ള ക്ഷണമായി കാണുക. സംഭവിച്ച പരിക്കുകള്‍ സൗഖ്യപ്പെടുത്താന്‍ ദൈവാശ്രയമെന്ന മരുന്നിന്
കഴിയും. ഏശയ്യാ 59:1-ലൂടെ കര്‍ത്താവ് നമ്മോട് പറയുന്ന വാക്കുകള്‍ പ്രത്യാശ പകരുന്നവയാണ്- “രക്ഷിക്കാന്‍ കഴിയാത്ത വിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്ത
വിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല.”

'

By: Diya Karun

More
ഒക്ട് 25, 2019
Encounter ഒക്ട് 25, 2019

എട്ട് വര്‍ഷം മുമ്പുണ്ടായ ഒരനുഭവത്തിന്‍റെ ഓര്‍മകള്‍ ഇപ്പോഴും മനസിലുണ്ട്. ഒരു കോണ്‍വെന്‍റില്‍ സിസ്റ്റേഴ്സിന്‍റെ വാര്‍ഷിക ധ്യാനത്തില്‍ സഹായിക്കാനായി എത്തിയതാണ്. ചായ കുടിക്കാനായി സന്ദര്‍ശക മുറിയിലേക്ക് പോകുമ്പോള്‍ ഭിത്തിയില്‍ എഴുതി വച്ചിരിക്കുന്ന ഒരു വാക്യം ശ്രദ്ധയില്‍പ്പെട്ടു. “മക്കളേ, തമാശയായിട്ടു പോലും നിങ്ങള്‍ നുണ പറയരുത്.” ആ
സന്യാസസമൂഹത്തിന്‍റെ സ്ഥാപകപിതാവ് കുഴിഞ്ഞാലിലച്ചന്‍ നല്കിയ ഉപദേശമാണത്.

വളരെ നിസാരമെന്ന് തോന്നാവുന്ന ഈയൊരു വാക്യം വായിച്ച നിമിഷം എന്‍റെയുള്ളില്‍ അഭിഷേകത്തിന്‍റെ ഒരനുഭവമുണ്ടായി. ചായ കുടിക്കുന്നതിന് മുമ്പ് മുഖം കഴുകിക്കൊണ്ടിരു
ന്നപ്പോള്‍ ദൈവാത്മാവ് സംസാരിക്കുവാന്‍ തുടങ്ങി:”മകനേ, എന്നും ബലിയര്‍പ്പിക്കുന്ന പുരോ
ഹിതനല്ലേ നീ. സ്ഥാപനവാക്യങ്ങള്‍ ചൊല്ലുമ്പോള്‍ നിന്‍റെ സ്വരം ഞാന്‍ എന്നും
കടമെടുക്കുകയാണെന്ന കാര്യം ഓര്‍ക്കാറുണ്ടോ? പരിശുദ്ധാത്മാവിനെ നീയല്ലേ വിളിച്ചിറക്കുന്നത്? നിന്‍റെ നാവിന്‍റെ പരിശുദ്ധിക്കായി ആത്മാര്‍ത്ഥമായി ശ്രമിക്കാറുണ്ടോ?” ആത്മാവിന്‍റെ കോണിലെവിടെയോ ഒരാളല്‍. തമാശയായിട്ടുപോലും നുണ പറയില്ലെന്ന് ഈശോയ്ക്ക് വാക്ക് കൊടുത്തു കഴിഞ്ഞാണ് ചായ കുടിച്ചത്.

അന്ന് വൈകുന്നേരത്തെ ക്ലാസിലുംആരാധനയിലും സവിശേഷമായ ജ്വലനം ഞാന്‍ ഹൃദയത്തില്‍ അനുഭവിച്ചു. ക്ലാസിനുമുമ്പ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ആത്മാവിന്‍റെ പല മേഖലകളിലേക്കും പരിശുദ്ധാത്മാവ് വെളിച്ചം വിതറി. മറഞ്ഞുകിടന്ന അനേകം കൊച്ചുപാപങ്ങള്‍ തെളിഞ്ഞുവന്നു. ആര്‍ക്കും ഒരുപദ്രവവും വരുത്താത്ത നിഷ്കളങ്ക നുണകള്‍ അഭിഷേകത്തെ മറയ്ക്കുന്ന സ്വഭാവവൈകല്യമാണെന്ന് തിരിച്ചറിഞ്ഞു. അവയില്‍ പലതുംമറ്റുള്ളവരെ ചിരിപ്പിക്കുവാനും അങ്ങനെ നല്ല ഇംപ്രഷന്‍ ഉണ്ടാക്കുവാനും വേണ്ടിയു ള്ളവയായിരുന്നു. ധ്യാനത്തിന്‍റെ ക്ലാസുകളില്‍ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആകര്‍ഷകമായി അവതരിപ്പിക്കുന്ന രീതി എനിക്കുണ്ടായിരുന്നു. ഇവയെല്ലാം കള്ളം പറയരുതെന്ന ദൈവകല്പനയുടെ ലംഘനമാണെന്ന് ഞാന്‍ മനസിലാക്കി. ഇനിയൊരിക്കലും തമാശയായിപ്പോലും കള്ളം പറയില്ലെന്ന ഉറച്ച തീരുമാനമെടുത്തപ്പോള്‍, അത് കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞപ്പോള്‍, കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു.

ഇത് നമുക്ക് തരുന്ന വലിയൊരു ആത്മീയ പാഠമുണ്ട്. വിശുദ്ധിയില്‍ വളരാനുള്ള രാജവീഥികളില്‍ പ്രധാനം അനുതപിക്കുന്ന ഹൃദയമാണ്. അനുതാപം ലഭിക്കണമെങ്കില്‍ പാപത്തെ ഉപേക്ഷിക്കാന്‍ ഉള്ളില്‍ത്തട്ടി തീരുമാനമെടുക്കണം. അപ്പോള്‍ കണ്ണുകള്‍ സജലങ്ങളാകും. പുറമേ അഭിഷേക
ക്കണ്ണീര്‍ എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. എന്നാല്‍ ആത്മാവില്‍ അശ്രുകണങ്ങള്‍ വീഴുമെന്നുള്ളത് ഉറപ്പാണ്. ദൈവത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം ഹൃദയത്തില്‍ തുടിക്കണം.”ദൈവത്തില്‍നിന്ന് അകലാന്‍ കാണി ച്ചതിന്‍റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചു വന്ന് അവിടുത്തെ തേടുവിന്‍”(ബാറൂക്ക് 4:28).

കണ്ണീരോടെ കുമ്പസാരിക്കാന്‍ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണ്. ധ്യാന വേളകളില്‍ വാവിട്ട് കരഞ്ഞുകൊണ്ട് കുമ്പസാരിക്കുന്ന അനേകരുണ്ട്. കുമ്പസാരത്തെ കണ്ണുനീരിന്‍റെ മാമോദീസ എന്ന് വിളിച്ചത് സഭാപിതാവായ വിശുദ്ധ അംബ്രോസാണ്. മാമോദീസയെ കൂദാശയാക്കുന്ന ഘടകം ശിശുവിന്‍റെ ശിരസില്‍ കാര്‍മികന്‍ ഒഴിക്കുന്ന ജലമാണ്. കുമ്പസാരത്തെ അര്‍ത്ഥ
പൂര്‍ണമാക്കുന്നത് ആത്മാവിലെ കണ്ണുനീരാണ്. ദൈവത്തെ വേദനിപ്പിച്ചല്ലോയെന്ന
സങ്കടത്തെക്കാള്‍ സ്വന്തം ഭവനത്തില്‍ തിരിച്ചെത്തിയതിന്‍റെ ആനന്ദക്കണ്ണീരാണ് ഉണ്ടാകേ
ണ്ടത്. ശരിയായ അനുതാപം നിറഞ്ഞാല്‍ പ്രാര്‍ത്ഥനാജീവിതത്തില്‍ പെട്ടെന്ന് വളരും. പൊതുവില്‍ പ്രാര്‍ത്ഥനാജീവിതത്തിലെ രണ്ട് തടസങ്ങള്‍ ഉറക്കവും  പലവിചാരവുമാണേല്ലാ. അതിന്‍റെ പ്രധാന കാരണം ദൈവസാന്നിധ്യാനുഭവം ലഭിക്കാത്തതാണ് അഥവാ ദൈവമഹത്വം
ഹൃദയത്തില്‍ അനുഭവപ്പെടാത്തതാണ്. ദൈവമഹത്വം ദര്‍ശിച്ചാല്‍ ഉറക്കവും പലവിചാരവും ഓടിമറയും. ഗത്സമനിയില്‍ ഉറങ്ങിയ പത്രോസ് താബോറില്‍ ഉറങ്ങിയില്ല. പത്രോസും കൂടെയുള്ളവരും ഉണര്‍ന്നിരുന്നു. അവര്‍ അവന്‍റെ മഹത്വം ദര്‍ശിച്ചു (ലൂക്കാ 9:32).

അനുതാപം നിറഞ്ഞാല്‍ നമുക്കും താബോറനുഭവം കിട്ടും. പാപത്തെയോര്‍ത്ത് കരഞ്ഞപ്പോള്‍ ദൈവത്തെ എപ്പോഴും കണ്‍മുമ്പില്‍ കാണാനുള്ള വരം നല്കി ദൈവം ദാവീദിനെ അനുഗ്രഹിച്ചു: “കര്‍ത്താവ് എപ്പോഴും എന്‍റെ കണ്‍മുമ്പിലുണ്ട്. അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാന്‍ കുലുങ്ങുകയില്ല” (സങ്കീര്‍ത്തനം 16:8). പരിശുദ്ധാത്മാവ് ഈയനുഭവം നല്കിയതു
കൊണ്ടാകണം പത്രോസ് പന്തക്കുസ്താപ്രസംഗത്തില്‍ ഈ വചനം ഉദ്ധരിക്കുന്നത് (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍2:25). ദൈവത്തിന്‍റെ പരിശുദ്ധി കണ്ടപ്പോഴാണ് ഏശയ്യാ പാപബോധത്താല്‍
കരഞ്ഞത് (ഏശയ്യാ 6:5). എന്നും വിശുദ്ധകുര്‍ബാനയില്‍ ദൈവത്തിന്‍റെ വിശുദ്ധി തിരിച്ചറിഞ്ഞ് കരയാനുള്ള കൃപയ്ക്കായി നമുക്കും പ്രാര്‍ത്ഥിക്കാം. ഉരുകിയ മനസാണ് കര്‍ത്താവിന് സ്വീകാര്യമായ ബലി. പാപത്തെയും പാപസാഹചര്യങ്ങളെയും ഉപേക്ഷിക്കാന്‍ ഹൃദയത്തില്‍
ആത്മാര്‍ത്ഥമായ തീരുമാനമെടുക്കണം. സ്വന്തം വീടിന്‍റെ മുകള്‍നില വാടകയ്ക്ക് കൊടുത്താല്‍ നിനക്ക് അതില്‍ അവകാശമില്ലാതെ വരും. ആത്മാവിന്‍റെ ആഭ്യന്തരഹര്‍മ്യത്തിലെ ഒരു നിലയും പിശാചിന് വിട്ടുകൊടുക്കരുത്. ചില കാര്യങ്ങളോട് വിട പറയുമ്പോള്‍ വേദനിക്കും. എന്നാല്‍
അത് സന്തോഷമായി മാറും. വിലാപത്തോടെ വിത്തു വിതച്ചാലും സന്തോഷത്തോടെ കൊയ്തെടുക്കാമല്ലോ. ആത്മാവിന്‍റെ അച്ചുതണ്ടില്‍ ഇങ്ങനെ കോറിയിട്ടുകൊള്ളൂ: പാപം ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷത്തിന്‍റെ നൂറിരട്ടി ആനന്ദം പാപസാഹചര്യങ്ങളെ അതിജീവിക്കുമ്പോള്‍, പാപം ചെയ്യാതെ മാറിനില്ക്കുമ്പോള്‍, പരിശുദ്ധാത്മാവ് തരും.
അറിഞ്ഞുകൊണ്ട് ഒരു കൊച്ചുനുണ പോലും പറയില്ലെന്ന് ദൈവത്തിന് വാക്കുകൊടുത്ത ഞാന്‍ ചുരുക്കമായെങ്കിലും നുണ പറഞ്ഞിട്ടുണ്ട്. പക്ഷേ നിമിഷാര്‍ദ്ധത്തിനുള്ളില്‍ പരിശുദ്ധാത്മാവിന്‍റെ കരച്ചില്‍ കേള്‍ക്കും. എത്രയും പെട്ടെന്ന് കുമ്പസാരക്കൂട്ടിലേക്കണയും.
തമാശയായിട്ടുപോലും നുണ പറയില്ലെന്ന് ഉള്ളില്‍ത്തട്ടി തീരുമാനമെടുത്തതിന്‍റെ അഭിഷേകം ഒരിക്കലും പോയിട്ടില്ല. പന്നിക്കുഴിയില്‍ ഹതാശനായി മുഖം അമര്‍ത്തി കിടന്നാല്‍ ദൈവത്തിന് നിന്നെ ചുംബിക്കാനാവില്ല. ആഗ്രഹത്തോടെ അല്പം മുഖമുയര്‍ത്തിയാല്‍ അവിടുന്ന്
സ്നേഹചുംബനംകൊണ്ട് നിന്നെ പൊതിയും. പിന്നെ തവിട് തിന്നാന്‍ തോന്നുകയില്ല.

 

 

'

By: Fr Jose Poothrikkayil

More
ഒക്ട് 25, 2019
Encounter ഒക്ട് 25, 2019

ഒരിക്കല്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച സമയത്ത് താന്‍ കര്‍ത്താവിനോടൊപ്പം ശുദ്ധീകരണസ്ഥലത്ത് എത്തിച്ചേര്‍ന്നതായി വിശുദ്ധ ജര്‍ത്രൂദ് കണ്ടു. താന്‍ ആവശ്യപ്പെടാനാഗ്രഹിച്ചതിലും അധികം ആത്മാക്കള്‍ ആ ദിവ്യകാരുണ്യസ്വീകരണശേഷം അവിടെനിന്ന്  മോചിപ്പിക്കപ്പെടുന്നത് വിശുദ്ധ മനസ്സിലാക്കി. പിന്നീടുള്ള നാളുകളിലും വിശുദ്ധ ജര്‍ത്രൂദ് ശുദ്ധീകരണാത്മാക്കള്‍ക്കായി തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒരു ദിവസം, ഈ പ്രാര്‍ത്ഥനവഴി എത്ര ആത്മാക്കളെ മോചിപ്പിക്കുമെന്ന് അവള്‍ കര്‍ത്താവിനോട് ചോദിച്ചു.
അതിനുത്തരമായി അവിടുന്ന് പറഞ്ഞത് ഇങ്ങനെയാണ്, “എന്‍റെ സ്നേഹം പാവപ്പെട്ട ആത്മാ
ക്കളെ മോചിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഉദാരമതിയായ ഒരു രാജാവ് തന്‍റെ പ്രിയപ്പെട്ട
ചങ്ങാതി കുറ്റക്കാരനായാല്‍ തന്‍റെ നീതി നിമിത്തംമാത്രം തടവറയില്‍ ഇടുന്നതുപോലെയാണ് എന്‍റെ സ്ഥിതി. സുഹൃത്തുക്കളാരെങ്കിലും അവനുവേണ്ടി മോചനാഭ്യര്‍ത്ഥനയും എന്തെങ്കിലും കാഴ്ചദ്രവ്യവുമായി വരാന്‍ രാജാവ് കാത്തിരിക്കുന്നു. അങ്ങനെ ആരെങ്കിലും വന്നാലുടന്‍ രാജാവ് തടവറയിലുള്ള സുഹൃത്തിനെ മോചിപ്പിക്കും. അതുപോലെതന്നെ ഈ പാവപ്പെട്ട ആത്മാക്കള്‍ക്കായി സമര്‍പ്പിക്കപ്പെടുന്നതെല്ലാം ഞാന്‍ വലിയ സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്തെന്നാല്‍ ഞാന്‍ ഏറ്റവും വിലകൊടുത്ത് സ്വന്തമാക്കിയ ആത്മാവ്
എന്‍റെയടുത്തായിരിക്കാനാണ് എനിക്ക് ആഗ്രഹം.” പില്‍ക്കാലത്ത് ഈ പുണ്യവതിക്ക് കര്‍ത്താവ്
പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥനയാണ് ഇന്ന് നമുക്ക് സുപരിചിതമായ വിശുദ്ധ ജര്‍ത്രൂദിന്‍റെ പ്രാര്‍ത്ഥന. നിത്യപിതാവേ, ശുദ്ധീകരണ സ്ഥലത്തുള്ള എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും എന്‍റെ
കുടുംബത്തിലും സഭയിലും ലോകത്തെങ്ങുമുള്ള എല്ലാ നിര്‍ഭാഗ്യവാന്മാരായ പാപികള്‍ക്കു
വേണ്ടിയും അങ്ങേ പുത്രനായ യേശുവിന്‍റെ ഏറ്റവും വിലയേറിയ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കുന്ന ദിവ്യബലികളോട് ചേര്‍ന്ന് അങ്ങേക്ക് ഞാന്‍ കാഴ്ചവയ്ക്കുന്നു, ആമ്മേന്‍.

'

By: Shalom Tidings

More
ഒക്ട് 24, 2019
Encounter ഒക്ട് 24, 2019

‘രാജകൊട്ടാരവുമായി അധികം ബന്ധം പുലര്‍ത്താതിരിക്കുക, ഭാര്യയായ ആനിയെ നന്നായി
നോക്കുക’ – ഇംഗ്ലണ്ടിലെ പ്രഭുകുടുംബത്തിലെ അംഗമായിരുന്ന ഫിലിപ്പ് ഹൊവാര്‍ഡിന്‍റെ
പിതാവ് തോമസ് ഹൊവാര്‍ഡ് തന്‍റെ മരണത്തിന് മുമ്പായി മകന് നല്‍കിയ രണ്ട് ഉപദേശങ്ങളായിരുന്നു ഇവ. എന്നാല്‍ യൗവനത്തിന്‍റെ ആവേശവും അംഗീകാരത്തോടുള്ള അഭിനിവേശവും ഫിലിപ്പില്‍ ഭരണം നടത്തിയിരുന്നതിനാല്‍ അദ്ദേഹം പിതാവിന്‍റെ ഉപദേശത്തിന് വേണ്ടത്ര ഗൗരവം നല്‍കിയില്ല.

പിതാവിന്‍റെ മരണശേഷം 19-ാമത്തെ വയസ്സില്‍ ഇംഗ്ലണ്ടിലെ രാജാവിനെ സഭയുടെ തലവനായി അംഗീകരിക്കുന്ന ‘ഓത്ത് ഓഫ് സുപ്രിമസി’ ചൊല്ലി രാജകൊട്ടാരത്തിലെ അംഗമായി അദ്ദേഹം മാറി. പിന്നീട് ആര്‍ഭാടപൂര്‍ണവും അസാന്‍മാര്‍ഗികവുമായ ജീവിതം നയിച്ചുകൊണ്ട്
ഭാര്യയെ അവഗണിച്ച ഫിലിപ്പ്, പിതാവിന്‍റെ രണ്ടാമത്തെ ഉപദേശവും തിരസ്കരിച്ചു. ഫിലിപ്പ്
ഹൊവാര്‍ഡ് എന്ന പ്രഭുകുമാരന്‍റെ ജീവിതത്തില്‍ ഒരു ദുരന്തകഥയ്ക്കുള്ള എല്ലാ കൂട്ടുകളും ഒത്തുചേര്‍ന്നുവന്ന സമയമായിരുന്നു അത്. എന്നാല്‍ ഫാ. എഡ്മണ്ട് കാംപിയന്‍ എന്ന കത്തോലിക്ക പുരോഹിതനുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലൂടെ ദൈവത്തിന്‍റെ കരുതല്‍ അദ്ദേഹത്തെ തേടിയെത്തി.
1581 ഓഗസ്റ്റ് 31-ാം തിയതി ലണ്ടന്‍ ടവറിലുള്ള വിശുദ്ധ യോഹന്നാന്‍റെ നാമത്തിലുള്ള ദൈവാലയത്തില്‍ വച്ച് ആംഗ്ലിക്കന്‍ സഭയിലെ ദൈവശാസ്ത്രജ്ഞരുമായി ഫാ. എഡ്മണ്ട് കാംപിയന്‍ നടത്തിയ സംവാദമാണ് ഫിലിപ്പ് ഹൊവാര്‍ഡിന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്. ഫാ.കാംപിയന്‍റെ വാദമുഖങ്ങളില്‍ ആകൃഷ്ടനായി കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരാന്‍ ഫിലിപ്പ് തീരുമാനിച്ചു. ‘ഓത്ത് ഓഫ് സുപ്രിമസി’ എടുത്ത ഒരു വ്യക്തി കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നത് ഇംഗ്ലണ്ടിലെ അന്നത്തെ നിയമപ്രകാരം മരണശിക്ഷ അര്‍ഹിക്കുന്ന കുറ്റമായിരുന്നു. എന്നാല്‍ സത്യത്തിന്‍റെ പ്രഭാസ്പര്‍ശം ലഭിച്ച ഫിലിപ്പ് അതിനെ നിരാകരിച്ചുകൊണ്ട് തന്‍റെ ജീവനെ സംരക്ഷിക്കാന്‍ കൂട്ടാക്കിയില്ല. 1584 സെപ്റ്റംബര്‍ 30-ാം തിയ്യതി ഫാ. വില്യം വെസ്റ്റണ്‍ എന്ന കത്തോലിക്ക ജസ്യൂട്ട് മിഷനറി അദ്ദേഹത്തെ കത്തോലിക്കാസഭയിലേക്ക് സ്വീകരിച്ചു.

കത്തോലിക്കാവിശ്വാസത്തിലേക്കുള്ള ഫിലിപ്പിന്‍റെ കടന്നുവരവ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ച് ഭാര്യയുമായി അനുരഞ്ജനപ്പെട്ട ഫിലിപ്പ് തന്‍റെ ചെലവുകള്‍ ചുരുക്കി, ജീവിതം ക്രമപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഭാര്യ
യായ ആനി നേരത്തേതന്നെ കത്തോലിക്കാവിശ്വാസം സ്വീകരിച്ചിരുന്നതിനാല്‍ ഹൊവാര്‍ഡിന്‍റെ കുടുംബം നേരത്തെ തന്നെ രാജ്ഞിയായ എലിസബത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടില്‍നിന്ന് ആരുമറിയാതെ ഫ്ളാന്‍ഡേഴ്സിലേക്ക് രക്ഷപ്പെടാൻ അദ്ദേഹം തീരുമാനിച്ചു. ഭാര്യ ആനി ഗര്‍ഭിണിയായിരുന്നതിനാല്‍ പിന്നീട് അവിടേക്ക് കൂട്ടിക്കൊണ്ടുവരാനായിരുന്നു അദ്ദേഹത്തിന്‍റെ പദ്ധതി. എന്നാല്‍ കപ്പലില്‍ യാത്ര തുടങ്ങി അധികം വൈകാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ലണ്ടന്‍ ടവറിലെത്തിച്ചു. 1585-ല്‍ 28-ാമത്തെ വയസില്‍ ലണ്ടന്‍ ടവറില്‍ ബന്ദിയായി തീര്‍ന്ന അദ്ദേഹം പിന്നീട് ഒരിക്കലും പുറംലോകം കണ്ടിട്ടില്ല.

ആദ്യ രണ്ട് വര്‍ഷം ഏകാന്തതടവിന് വിധിക്കപ്പെട്ട ഫിലിപ്പിന് അതിന് ശേഷവും താന്‍ അറസ്റ്റിലായതിന് ശേഷം ജനിച്ച മകനെ കാണാന്‍ അനുവാദം ലഭിച്ചില്ല. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്ന തടവറയുടെ ഭിത്തിയില്‍ അദ്ദേഹം ഇപ്രകാരം കോറിയിട്ടു –
“ഈ ലോകത്തില്‍ നാം ക്രിസ്തുവിനു വേണ്ടി എത്ര മാത്രം സഹിക്കുന്നുവോ, അത്രമാത്രം മഹത്വം ക്രിസ്തുവിനോടൊപ്പം വരാനിരിക്കുന്ന ലോകത്തില്‍ ലഭിക്കുന്നു.” 1588-ല്‍ സ്പാനിഷ്
അര്‍മാഡാ സൈന്യം ഇംഗ്ലണ്ടിനെ ആക്രമിക്കുമെന്ന ശ്രുതി എങ്ങും പരന്നു. ഈ സമയത്ത് സ്പാനിഷ് സൈന്യത്തിന്‍റെ വിജയത്തിനായി ഫിലിപ്പിന്‍റെ നേതൃത്വത്തില്‍ ജയിലില്‍ ഒരു രാത്രി
മുഴുവന്‍ പ്രാര്‍ത്ഥന നടന്നു. ഇതറിഞ്ഞ അധികാരികള്‍ അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി വീണ്ടും വിചാരണ ചെയ്തു. സാധാരണ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് അതിനിഷ്ഠൂരമായ
വധശിക്ഷയാണ് ഇംഗ്ലണ്ടില്‍ നടപ്പാക്കിയിരുന്നത്. എന്നാല്‍ ഫിലിപ്പുമായി വളരെ അടുപ്പമുള്ള ലോര്‍ഡ് ബര്‍ഗ്ലി ആയിരുന്നു അദ്ദേഹത്തെ വിധിച്ച ജൂറിയുടെ തലവന്‍. അദ്ദേഹത്തിന്‍റെ ശ്രമഫലമായി വധശിക്ഷയില്‍ നിന്നും ഫിലിപ്പിനെ ഒഴിവാക്കി. എങ്കിലും വധശിക്ഷയില്‍നിന്ന് താന്‍ വിമുക്തനാക്കപ്പെട്ട കാര്യം ഒരിക്കലും ഫിലിപ്പ് അറിഞ്ഞില്ല.

ഏത് നിമിഷവും തന്‍റെ വധശിക്ഷ നടത്തപ്പെടാമെന്ന ധാരണയിലാണ് ഫിലിപ്പ് തന്‍റെ അവസാന വര്‍ഷങ്ങള്‍ തടവറയില്‍ ചെലവഴിച്ചത്. ഒരുവിധത്തില്‍, ഇഞ്ചിഞ്ചായുള്ള ഒരു മരണവിധിയുടെ നടപ്പാക്കല്‍ തന്നെയായിരുന്നു അത്. തന്‍റെ അവസാനം അടുത്തു എന്ന് മനസിലാക്കിയ
ഫിലിപ്പ് ഇതുവരെ തനിക്ക് കാണാന്‍ സാധിക്കാതിരുന്ന മകനെയും ഭാര്യയെയും കാണുവാന്‍ അവസാനമായി ഒരിക്കല്‍ക്കൂടി അനുവാദം ചോദിച്ചുകൊണ്ട് എലിസബത്ത് രാജ്ഞിക്ക് അപേക്ഷ സമര്‍പ്പിച്ചു. കത്തോലിക്കാവിശ്വാസം ഉപേക്ഷിക്കുകയാണെങ്കില്‍ മകനെയും ഭാര്യയെയും കാണുന്നതിനുള്ള അനുവാദം മാത്രമല്ല, സ്വാതന്ത്ര്യവും നഷ്ടപ്പെട്ട പ്രതാപവും ഉള്‍പ്പെടെ എല്ലാം തിരികെ തരാമെന്ന് രാജ്ഞി ഫിലിപ്പിന് വാഗ്ദാനം നല്‍കി. എന്നാല്‍ തന്‍റെ വിശ്വാസത്തിന് വേണ്ടിയാണ് താന്‍ മരിക്കുന്നതെങ്കില്‍, അതിന് വേണ്ടി തരാന്‍ ഒരു ജീവിതം മാത്രമേയുള്ളു എന്നത് മാത്രമാണ് തന്‍റെ ഖേദമെന്നായിരുന്നു ഫിലിപ്പിന്‍റെ മറുപടി.
1595 ഒക്ടോബര്‍ 19-ാം തിയതി ഫിലിപ്പ് ഹൊവാര്‍ഡ് തടവറയില്‍ വച്ച് അന്തരിച്ചു. 1970-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ഫിലിപ്പ് ഹൊവാര്‍ഡ്, ഫാ. എഡ്മണ്ട് കാംപിയന്‍ എന്നിവരടങ്ങിയ
ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും 40 രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചു.

 

 

'

By: Saint Philip Howard

More
ഒക്ട് 24, 2019
Encounter ഒക്ട് 24, 2019

“ഭൂമിയില്‍ മനുഷ്യന്‍റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്‍റെ ഹൃദയത്തിലെ ചിന്തയും ഭാവ
നയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവ് കണ്ടു…..എന്നാല്‍ നോഹ കര്‍ത്താവിന്‍റെ
പ്രീതിക്ക് പാത്രമായി” (ഉല്പത്തി6:5-8). കാരണം “നോഹ നീതിമാനായിരുന്നു. ആ തലമുറയിലെ
കറയറ്റ മനുഷ്യന്‍. അവന്‍ ദൈവത്തിന്‍റെ മാര്‍ഗത്തില്‍ നടന്നു” (6:9)

ഇതായിരുന്നു ജലപ്രളയത്തിന്‍റെ മുമ്പുണ്ടായിരുന്ന നോഹ. എന്നാല്‍ പ്രളയത്തിനുശേഷം നോഹയുടെ ജീവിതത്തെക്കുറിച്ച് ബൈബിള്‍ പറയുന്നതിപ്രകാരമാണ്: “നോഹ ഭൂമിയില്‍ കൃഷി ചെയ്യാന്‍ തുടങ്ങി. അവനൊരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. വീഞ്ഞു കുടിച്ച് മത്തനായി
നോഹ കൂടാരത്തില്‍ നഗ്നനായി കിടന്നു. ഹാം തന്‍റെ പിതാവിനെ നഗ്നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്ന രണ്ടു സഹോദരന്മാരോട് പറയുകയും ചെയ്തു”(ഉല്പത്തി 9:20-22).
ലഹരിവിട്ടുണര്‍ന്ന നോഹയ്ക്ക്കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ലജ്ജയും കോപവും ഉണ്ടായി.
തന്‍റെ പരിഹാസ്യമായ അവസ്ഥ മറ്റുള്ളവരോട് പറഞ്ഞ് തന്നെ അപമാനിച്ച ഹാമിന്‍റെ മക്കള്‍ ശാപഗ്രസ്തരായിത്തീരട്ടെയെന്ന് അവന്‍ ശപിച്ചു. പ്രളയത്തിനുമുമ്പ് നോഹ മക്കളുടെ മുന്നില്‍ ആദരണീയനായിരുന്നു. അവന്‍ മക്കള്‍ക്ക് അനുഗ്രഹകാരണവും ആയി. എന്നാല്‍ പ്രളയാനന്തരം നോഹ മക്കളുടെ പരിഹാസവിഷയവും മക്കള്‍ക്കുമേല്‍ ശാപം വര്‍ഷിക്കുന്നവനുമായി മാറി.
കാരണം പ്രളയത്തെ അതിജീവിച്ചതിനുശേഷം നോഹ ജാഗ്രതയില്ലാത്തവനും അലസനുമായിത്തീര്‍ന്നു. ദൈവത്തില്‍ ആനന്ദിച്ചിരുന്നവന്‍ വീഞ്ഞിന്‍റെ ലഹരിയില്‍ ആനന്ദിക്കുവാന്‍ തുടങ്ങി. പെട്ടകനിര്‍മ്മാണത്തിന്‍റെ ക്ലേശങ്ങളും പ്രളയകാല ജീവിതത്തിന്‍റെ അനിശ്ചിതത്വവും അതിജീവിച്ചു കഴിഞ്ഞപ്പോഴുണ്ടായ ആലസ്യം ആത്മീയതീക്ഷ്ണതയെ
മന്ദീഭവിപ്പിച്ചു.

ഇതേ അനുഭവത്തിലേക്ക് നിപതിക്കുവാനുള്ള സാധ്യത എല്ലാ വിശ്വാസികളുടെ മുന്നിലും ഒളിഞ്ഞു നില്ക്കുന്നുണ്ട്. പരീക്ഷക്കാലത്ത് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ദിവ്യബലിയില്‍ പങ്കുചേരുകയും ചെയ്യുന്ന പല കുട്ടികളും പരീക്ഷ കഴിയുമ്പോള്‍ ആത്മീയമായ ആലസ്യത്തിലേക്ക് മടങ്ങും. ഇതുപോലെ വിവാഹത്തിനുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍
വിവാഹം കഴിഞ്ഞാല്‍ പ്രാര്‍ത്ഥനയെ അവഗണിച്ചുപോകാം. അഡ്മിഷന്‍, ജോലി ഇവയൊക്കെ കിട്ടുന്നതിനുമുമ്പ് ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കുകയും ലഭിച്ചു കഴിയുമ്പോള്‍ ആത്മീയ കാര്യങ്ങള്‍ക്ക് ഗൗരവം കൊടുക്കാതിരിക്കുകയും ചെയ്യുന്നവരാണ്
വളരെയധികംപേരും. ദൈവത്തെ യഥാര്‍ത്ഥമായി സ്നേഹിക്കാത്തവരും കാര്യസാധ്യത്തിനുവേണ്ടി മാത്രം ദൈവപ്രീതിക്കായി ശ്രമിക്കുന്നവരുമായിരിക്കും ഇക്കൂട്ടര്‍.എന്നാല്‍ ദൈവത്തെ ഗൗരവമായി എടുക്കുകയും ദൈവത്തോടൊന്നിച്ച് ജീവിക്കുവാന്‍ തീക്ഷ്ണമായി ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കും ഇതേ അബദ്ധം പറ്റാറുണ്ട്. ചില ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിയുമ്പോഴുണ്ടാകുന്ന ശൂന്യതയാണ് ഇവരെ അലസരാക്കുന്നത്.

ഇത്രയും കാലം എന്തെങ്കിലും ഒക്കെ ചെയ്യുവാനുണ്ടായിരുന്നു. പ്രാര്‍ത്ഥിക്കുവാന്‍ നിര്‍ബന്ധിക്കുന്ന വിഷയങ്ങളുണ്ടായിരുന്നു. അതൊക്കെ വിജയകരമായി പര്യവസാനിച്ചു. ഇനി ഒന്നും ചെയ്യാനില്ലാത്തതുപോലെ… അത്അവരെ ഉദാസീനരാക്കി മാറ്റാം. ഒരു ധ്യാനമോ കണ്‍വന്‍ഷനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രോഗ്രാമുകളോ സംഘടിപ്പിക്കുന്നുവെന്ന് കരുതുക. അത് പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ ഇനി ഒന്ന് വിശ്രമിക്കണം എന്ന തോന്നല്‍  ആത്മീയ ആലസ്യത്തിലേക്ക് നയിക്കാം. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. അല്ലെങ്കില്‍ പൂര്‍ത്തീകരിക്കപ്പെട്ട ദൗത്യത്തിന്‍റെ വിജയ ലഹരി. ഇത് രണ്ടും ആത്മീയ വരള്‍ച്ചയ്ക്ക്  നിദാനമാകാറുണ്ട്. ഒരുപക്ഷേ നോഹയ്ക്ക് പറ്റിയ അബദ്ധം അതായിരിക്കാം. ഈ ഭൂമിയില്‍ ഒരു വ്യക്തിയെ ക്കുറിച്ചുള്ള ദൈവികപദ്ധതികള്‍ അവസാനിച്ചാല്‍ പിന്നീട് ആ വ്യക്തി ഈ ഭൂമുഖത്തുണ്ടാവുകയില്ല. അതായത് ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നുണ്ട് എന്നതിനര്‍ത്ഥം നമ്മളെക്കുറിച്ച് കര്‍ത്താവിന് ഇനിയും എന്തൊക്കെയോ പദ്ധതികള്‍ അവശേഷിക്കുന്നു എന്നതാണ്. അതിനാല്‍ ഒരു നിയോഗത്തിന്‍റെ പൂര്‍ത്തീകരണത്തിന് ശേഷമുള്ള സമയം അടുത്ത നിയോഗം ഏറ്റുവാങ്ങാനുള്ള ഒരുക്കത്തിന്‍റെ സമയമാണ്. കൂടുതല്‍
ഉണര്‍വും ജാഗ്രതയും വേണ്ട കാലഘട്ടം. അപ്പോള്‍ നമ്മള്‍ അലസരായാല്‍ പുതിയ നിയോഗം സ്വീകരിക്കാന്‍ കൃപയില്ലാത്തവരായിത്തീരും.

ദൈവമക്കളുടെ യഥാര്‍ത്ഥ വിശ്രമസ്ഥലം ദൈവസന്നിധിയാണ്. ഒരു ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ ശരീരത്തിനും മനസിനും ആത്മാവിനും സ്വസ്ഥത നല്കി ബലപ്പെടുത്തുന്നത് ഉല്ലാസ പരിപാടികളോ ആഘോഷ പരിപാടികളോ അല്ല. പ്രത്യുത
ദൈവസാന്നിധ്യമാണ്. സങ്കീര്‍ത്തകന്‍ പറയുന്നു: “കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും രാത്രി യാമങ്ങളില്‍ അങ്ങയെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ മജ്ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു” (സങ്കീര്‍ത്തനം 63:5-6). നഷ്ടപ്പെട്ട ഊര്‍ജവും ഉത്സാഹവും ദൈവസാന്നിധ്യാനുഭവത്തിലൂടെ വീണ്ടെടുത്തു കഴിയുമ്പോഴേ പുതിയ നിയോഗങ്ങള്‍ വെളിപ്പെട്ടു കിട്ടുകയുള്ളൂ. ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നത് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടല്ല. ചെയ്യേണ്ടതെന്താണെന്ന് തിരിച്ചറിയാന്‍ കഴിയുംവിധം ദൈവസന്നിധിയില്‍ സ്വസ്ഥത കണ്ടെത്താത്തതുകൊണ്ടാണ്.

റിട്ടയര്‍ ചെയ്തതുകൊണ്ടോ മക്കള്‍ പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചതുകൊണ്ടോ അല്ലെങ്കില്‍ വിവാഹിതരായതുകൊണ്ടോ ആരുടെയും ജീവിതദൗത്യം തീരുന്നില്ല. പ്രായം കൂടി,
ആരോഗ്യം ക്ഷയിച്ചു… ഇതൊന്നും ദൈ വനിയോഗങ്ങള്‍ അവസാനിച്ചു എന്നതിന്‍റെ അടയാളങ്ങളല്ല. ദൈവമക്കളുടെ റിട്ടയര്‍മെന്‍റ് സമയം അവരുടെ മരണ സമയമാണ്. അപ്പോള്‍ വരെ അവരിലൂടെ ദൈവത്തിന് പ്രവര്‍ത്തിക്കുവാന്‍ കഴിയും. നാം ദൈവാത്മാവിനോട് തുറവി ഉള്ളവരായിരിക്കുക എന്നതാണ് പ്രധാനം. ഓരോ ദിവസവും നമ്മള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കണം:
“കര്‍ത്താവേ, അങ്ങ് എന്നെ എന്തിനുവേണ്ടി സൃഷ്ടിച്ചുവോ ആ പദ്ധതിയിലേക്ക് എന്നെ അടുപ്പിക്കണമേ. അതില്‍നിന്ന് എന്നെ അകറ്റുന്ന എല്ലാ തിന്മകളെയും എന്നില്‍നിന്നും നീക്കിക്കളഞ്ഞാലും. ദൈവമേ, ഇനിയും അവശേഷിച്ചിരിക്കുന്ന എന്‍റെ ആയുസ്സ് നിന്‍റെ തിരുഹിതം നിറവേറ്റാനായി ഞാന്‍ സമര്‍പ്പിക്കുന്നു. എന്‍റെ ഓരോ ദിവസവും ഫലപ്രദമായി ഉപയോഗിക്കുവാന്‍ എന്നെ പഠിപ്പിച്ചാലും” ആമ്മേന്‍

'

By: Chevalier Benny Punnathara

More