- Latest articles
എന്‍റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് ഞാന്‍. മാതാപിതാക്കളും ചേട്ടനും അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍നിന്ന് 2003 ജൂണ്‍ മാസം എട്ടാം തിയതി ഞാന്‍ പൗരോഹിത്യപരിശീലനത്തിനായി ഇറങ്ങി. സ്‌കൂള്‍ പഠനകാലത്ത് പഠനത്തില്‍ മോശമായിരുന്നു. എന്നാല്‍ വൈദികപരിശീലനകാലത്ത് പഠനമേഖലയില്‍ ഈശോ പ്രത്യേക അനുഗ്രഹം ചൊരിയാന്‍ തുടങ്ങി. സാമാന്യം മികച്ച മാര്‍ക്കാണ് എനിക്ക് വൈദികപഠനസമയത്ത് ലഭിച്ചുകൊണ്ടിരുന്നത്. അങ്ങനെ സന്തോഷകരമായി സെമിനാരിജീവിതം മുന്നോട്ടുപോയിക്കൊണ്ടിരുന്നു.
വൈദികപരിശീലനം ആരംഭിക്കുന്ന ഓരോ വൈദികവിദ്യാര്‍ത്ഥിയും സ്വപ്നം കാണുന്ന ഒരു ദിവസമുണ്ട്, ആദ്യമായി ഈശോയുടെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കുന്ന ദിവസം. ആ സ്വപ്നത്തിലേക്ക് ഞാനുള്‍പ്പെടെയുള്ള ഞങ്ങളുടെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ അടുത്തുകൊണ്ടിരുന്നു… തിരുപ്പട്ടത്തിലേക്ക് എത്താന്‍ ഏതാണ്ട് ഒന്നരവര്‍ഷം ബാക്കി നില്ക്കുന്ന നാളുകള്‍.
ഒരു ദിവസം നേരം വെളുത്തപ്പോള്‍ എന്‍റെ ഇടത്തേ കണ്ണിന് കാഴ്ചയില്ല! കണ്ണാടിയില്‍ നോക്കി പരിശോധിച്ചപ്പോള്‍ ആ കണ്ണ് തുറന്നുതന്നെയിരിക്കുന്നുണ്ട്, പക്ഷേ കാര്യമായി ഒന്നും കാണുന്നില്ല! തുടര്‍ന്ന് ചികിത്സകള്‍ക്കായി പോയി. പരിശീലകരായ വൈദികര്‍ക്ക് എന്നെ മുന്നോട്ട് പോകാന്‍ അനുവദിക്കണോ എന്നുള്ള സംശയങ്ങളും ആകുലതകളുമൊക്കെയുണ്ട്. കാരണം കാഴ്ചയില്ലാത്ത ഒരാള്‍ക്ക് അജപാലനപരമായ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവില്ലല്ലോ. പക്ഷേ കര്‍ത്താവിന്‍റെ പ്രത്യേക കരുതല്‍നിമിത്തം പഠനമേഖലകളിലും പ്രാര്‍ത്ഥനാജീവിതത്തിലുമെല്ലാം സമൃദ്ധമായി എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി.
തളരാതിരുന്നതിനുപിന്നില്‍….
ആ സമയത്ത് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ‘എങ്ങനെ തളരാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു? പേടി തോന്നിയില്ലേ?’ വാസ്തവത്തില്‍, ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുന്നതിന് നാലുമാസങ്ങള്‍ക്കുമുമ്പ് പരിശുദ്ധ കുര്‍ബാനയുടെ ഇടയില്‍ ഈശോ എനിക്കൊരു അനുഭവം തന്നു. ആ അനുഭവം ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴും ആവര്‍ത്തിച്ചു. ഈ രണ്ട് അനുഭവങ്ങളും എന്‍റെ ആത്മീയപിതാവിനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ അത് ഈശോയുടെ തിരുശരീരമാണെന്നും തിരുരക്തമാണെന്നും കുറെക്കൂടി വിശ്വസിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ലേ. ഈ വിശ്വാസം ഉള്ളില്‍ വച്ചാല്‍ മതി.”
ആ ഉപദേശം സ്വീകാര്യമായിരുന്നു. പക്ഷേ അതോടൊപ്പംതന്നെ എന്തോ ഒരു വേദന വരാന്‍ പോകുന്നുണ്ടോ എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് 2012 മെയ് 30-ന് ഇടത്തേ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടത്.
അതേത്തുടര്‍ന്ന് സെമിനാരിയില്‍ അവസാന ഒന്നര വര്‍ഷത്തെ പ്രധാന പഠനങ്ങള്‍ക്കൊപ്പം ചികിത്സകളും നടന്നുകൊണ്ടിരുന്നു. ആ വര്‍ഷം കടന്നുപോയി. അടുത്ത വര്‍ഷത്തെയും പഠനം ഏതാണ്ട് പൂര്‍ത്തിയായി. തിരുപ്പട്ടം കിട്ടാനായി നിശ്ചയിച്ചിരുന്ന ദിവസങ്ങള്‍ അടുക്കുകയാണ്. ആ സമയത്ത് ഞാനും ഒപ്പമുള്ളവരും ചേര്‍ന്ന് പീലാസയും കാസയും കാപ്പയുമൊക്കെ വാങ്ങാനായി പോയി. അതെല്ലാം കൈയില്‍ കിട്ടാനായി കൊതിയോടെ കാത്തിരിക്കുന്ന സമയം. ആ ഡിസംബര്‍ 15-ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്‍റെ വലത്തേ കണ്ണിന്‍റെ കാഴ്ചയും നഷ്ടമായിരുന്നു. അപ്പച്ചന്‍ എന്നെയുംകൊണ്ട് ആശുപത്രിയില്‍ കയറിയിറങ്ങി. ഡോക്ടര്‍ അവസാനം പറഞ്ഞു, ”ഞാനും പ്രാര്‍ത്ഥിക്കാം.” കാരണം മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഈശോ ഉത്തരം പറഞ്ഞില്ല…
തീര്‍ത്തും അവ്യക്തമായി എന്തോ കാണുന്നു എന്നുമാത്രമേയുണ്ടായിരുന്നുള്ളൂ പിന്നീട്. ആ ദിവസങ്ങളില്‍ കൂട്ടുകാര്‍ കാസയും പീലാസയും എന്‍റെ കൈയില്‍ കൊണ്ടുവന്നുതന്നു. അന്ന് ഞാന്‍ ഹൃദയം നൊന്ത് ചോദിച്ചു, ”ഈശോയേ, ഈ പീലാസയെടുത്ത് ഇതില്‍ നിന്‍റെ തിരുശരീരം വച്ച് ഇതെന്‍റെ ശരീരമാകുന്നു എന്നു പറയാന്‍ എന്നെ അനുവദിക്കുമോ? കാസയെടുത്ത് ഇതെന്‍റെ രക്തമാകുന്നുവെന്ന് പറയാന്‍ ഈശോയേ, എന്നെ ഒന്ന് അനുവദിക്കുമോ?” അന്ന് ഈശോ ഒരുത്തരവും പറഞ്ഞില്ല. എല്ലാവരും കാപ്പ നോക്കി ‘നല്ല ഭംഗിയുണ്ടെ’ന്ന് പറയുമ്പോള്‍ ഇതൊക്കെ ഒരിക്കലെങ്കിലും ധരിക്കാന്‍ കഴിയുമോ എന്നും ഈശോയോട് ചോദിച്ചുപോയിട്ടുണ്ട്. അപ്പോഴും ഈശോ ഒരുത്തരവും പറഞ്ഞില്ല.
ആ സമയത്ത് വീട്ടില്‍ കുറച്ചുനാള്‍ വി്രശമിച്ചിരുന്നു. അന്ന് അനിയത്തിയാകട്ടെ പ്രസവശേഷം വീട്ടില്‍ വിശ്രമത്തിലായിരിക്കുന്ന സമയമാണ്. അനിയത്തിയും അധ്യാപികയായിരുന്ന ആന്റിയും ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകളെല്ലാം കാണാപാഠം പഠിക്കാന്‍ സഹായിച്ചു. ചില പ്രാര്‍ത്ഥനകള്‍ പഠിക്കാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ പഠനം നിര്‍ത്തിയിട്ട് ഒരു ജപമാലരഹസ്യം ധ്യാനിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് വീണ്ടും പഠിക്കും. അങ്ങനെ എല്ലാ പ്രാര്‍ത്ഥനകളും കാണാപാഠമായി.
അനിശ്ചിതത്വം… അശരീരി…
ഡിസംബര്‍ 31-ന് വീട്ടില്‍നിന്നും ഇറങ്ങി. തുടര്‍ന്ന് സെമിനാരിയിലേക്കും ബിഷപ്‌സ് ഹൗസിലേക്കും പോകേണ്ടിയിരുന്നു. ആദരണീയനായ റാഫേല്‍ തട്ടില്‍ പിതാവാണ് എനിക്ക് പട്ടം തരേണ്ടത്. പിതാവ് എനിക്കായി ഒന്നരമണിക്കൂറോളം പ്രാര്‍ത്ഥിച്ചിട്ട് എന്‍റെ കണ്ണിന്‍റെ കാഴ്ചയുടെ പ്രശ്‌നം അറിഞ്ഞിട്ടുതന്നെ പട്ടം സ്വീകരിക്കാന്‍ അനുവാദം തന്നു. അത്ഭുതകരമായ ആ ദൈവിക ഇടപെടലില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ ഞാന്‍ ഒരുങ്ങി.
തിരുപ്പട്ടത്തിന്‍റെ ദിവസമെത്തി. 2014 ജനുവരി ഒന്ന്. അന്ന് പടികള്‍ കയറിയിറങ്ങുക തുടങ്ങി, പല കാര്യങ്ങളും കൂട്ടുകാരുടെ സഹായമില്ലാതെ തനിയെ ചെയ്യേണ്ടിവരും എന്നെനിക്കറിയാം. എങ്ങനെ അതെല്ലാം ചെയ്യുമെന്ന ആശങ്കയുമുണ്ട്. എന്തായാലും പിതാവിനോടൊപ്പം കാറില്‍ ജപമാല ചൊല്ലിക്കൊണ്ടാണ് വന്നത്.
തിരുപ്പട്ടത്തിനായി ഒരുങ്ങുന്നതിന്‍റെ തിരക്കില്‍ ആ ജപമാല പോക്കറ്റിലിടാന്‍ മറന്നുപോയി. പിന്നീട് പോക്കറ്റിലിടാന്‍ പറ്റുകയുമില്ല. കൈയില്‍ പിടിക്കാനുമാവില്ലെന്നറിയാം. അതിനാല്‍ കൈത്തണ്ടയില്‍ ചുറ്റിവച്ചു. തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇരുവശത്തും നിന്നിരുന്ന വൈദികര്‍ക്ക് എന്‍റെ അവസ്ഥ അറിയാമായിരുന്നതുകൊണ്ട് അവര്‍ എന്നെ സഹായിക്കാനായി പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തന്നിരുന്നു. എന്നാല്‍ അവരുടെ സ്വരത്തെക്കാള്‍ തെളിഞ്ഞ സ്വരത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തരുന്ന മറ്റൊരു സ്വരം ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി. എല്ലാ കാര്യങ്ങളും ചെയ്യാന്‍ സഹായിക്കുന്നതിന് കൂടെ ഒരാളുണ്ടെന്ന് എനിക്ക് മനസിലായി. അത് മറ്റാരുമായിരുന്നില്ല പരിശുദ്ധ അമ്മയായിരുന്നു. അന്നുമുതല്‍ എന്നും കൈത്തണ്ടയില്‍ ചുറ്റിയ ജപമാല എല്ലായ്‌പോഴും, പ്രത്യേകിച്ച് ദിവ്യബലിസമയത്തും എന്നോടൊപ്പമുണ്ട്.
ഉത്തരം കിട്ടിയ ദിവസം
ഞാന്‍ ഹൃദയം നൊന്ത് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം എന്‍റെ തിരുപ്പട്ടത്തിന്‍റെ ദിവസം ഈശോ ഉത്തരം തന്നു. ഇന്ന് അനേകതവണ ഞാന്‍ എന്‍റെ കാപ്പ അണിഞ്ഞുകഴിഞ്ഞു. ഏത് പീലാസയും കാസയും കൈയിലെടുത്താണോ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എനിക്ക് സാധിക്കുമോ എന്ന് ഹൃദയമുരുകി ചോദിച്ചത് അതേ പീലാസയും കാസയും കൈയിലേന്തി അനേകതവണ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകഴിഞ്ഞു. ആദ്യബലിയുടെ അന്നും പിന്നീടും അതാതു ദിവസത്തെ സുവിശേഷഭാഗം കാണാതെ പഠിച്ചാണ് പരിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചിരുന്നത്.
വൈദികനായതിനുശേഷം പിതാവിന്‍റെ നിര്‍ദേശപ്രകാരം ഞാനൊരു പള്ളിയില്‍ മൂന്നര മാസക്കാലം സഹവികാരിയായി ഇരുന്നു. പിന്നീട് എന്‍റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മറ്റൊരു സ്ഥാപനത്തില്‍ എട്ടരമാസത്തോളം ഒരു അംഗത്തെപ്പോലെ താമസിച്ചു. അതിനുശേഷം പാലക്കാട് ധോണി ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്തു. ചികിത്സകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
2016 ഫെബ്രുവരിയില്‍ നിര്‍ണായകമായ ഒരു സംഭവമുണ്ടായി. കുറച്ച് മാസങ്ങളായി സ്ഥിരമായി പനിനിമിത്തം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയായിരുന്നു. ഫെബ്രുവരിയിലാകട്ടെ ബി.പി വല്ലാതെ കുറഞ്ഞ് ശരീരം മരുന്നുകളോടൊന്നും പ്രതികരിക്കാത്ത അവസ്ഥ വന്നു. മരണമെന്നുതന്നെ ഡോക്‌ടേഴ്‌സ് ഉള്‍പ്പെടെ എല്ലാവരും ചിന്തിച്ചുതുടങ്ങി. മാതാപിതാക്കളോടും അപ്രകാരം പറയുകയും ചെയ്തു. എന്നാല്‍ പെട്ടെന്നൊരു ദിവസം ബി.പി തനിയെ ഉയര്‍ന്നു. അങ്ങനെ അത്ഭുതകരമായി ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് തിരികെവന്നു. കര്‍ത്താവ് എന്‍റെ പൗരോഹിത്യശുശ്രൂഷ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു!
അല്പനാളുകള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു അത്ഭുതം! എന്‍റെ വലത്തെ കണ്ണിന്‍റെ കാഴ്ച ഈശോ 2016 ആഗസ്റ്റ് 22-ന് എനിക്ക് തിരിച്ചുതന്നു. വൈദ്യശാസ്ത്രത്തിന് അതിന്‍റെ കാരണം വിശദീകരിക്കാനായിട്ടില്ല. ഇപ്പോള്‍ വലത്തേ കണ്ണിന് മാത്രമേ കാഴ്ചയുള്ളൂവെങ്കിലും എനിക്ക് വായിക്കാനും വാഹനം ഓടിക്കാനുമെല്ലാം സാധിക്കുന്നുണ്ട്.
ബെഷെറ്റ്‌സ് ഡിസീസ് (Behcet’s Disease) എന്ന അപൂര്‍വ അസുഖമാണ് എനിക്കുള്ളത്. ഈ അസുഖം ശരീരത്തില്‍ ഇമ്യൂണിറ്റി സിസ്റ്റത്തെയാണ് ബാധിക്കുന്നത്. അതാണ് കാഴ്ച നഷ്ടപ്പെടാനുണ്ടായ കാരണം. കണ്ണുകള്‍മാത്രമല്ല, രക്തയോട്ടമുള്ള ഏത് അവയവവും ഈ രോഗത്തിന്‍റെ ഫലം അനുഭവിക്കേണ്ടിവന്നേക്കാം. പക്ഷേ ഇന്നും ഈശോ അവിടുത്തെ പൗരോഹിത്യശുശ്രൂഷ ചെയ്യാനുള്ള ആരോഗ്യസ്ഥിതി എനിക്ക് തരുന്നു.
കര്‍ത്താവ് കാണിച്ച കാരുണ്യം മാത്രമാണ് എന്‍റെ പൗരോഹിത്യം. ”കര്‍ത്താവിന്‍റെ പുരോഹിതരെന്ന് നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകരെന്ന് നിങ്ങള്‍ അറിയപ്പെടും” (ഏശയ്യാ 61/6). കണ്ണില്ലാതെ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയ എനിക്ക് തിരുവോസ്തിരൂപനായ ഈശോയെ കാണാന്‍ സാധിക്കില്ലായിരുന്നെങ്കിലും ഞാനര്‍പ്പിച്ച ബലികളില്‍ പലരും ഈശോയെ കണ്ടു, അനുഭവിച്ചു! അവിടുത്തേക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക!
തൃശൂര്‍ അതിരൂപതയില്‍ വെളുത്തൂര്‍ സെന്റ് ജോര്‍ജ് ഇടവകാംഗമാണ് ഫാ. പോള്‍. പിതാവ്: നിര്യാതനായ കെ.ഐ.ആന്റണി, മാതാവ്: റോസിലി ആന്റണി, രണ്ട് സഹോദരങ്ങള്‍. ഇപ്പോള്‍ തൃപ്രയാര്‍ താന്ന്യം സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തിലും നാട്ടിക സെന്റ് ജൂഡ് ദൈവാലയത്തിലും വികാരിയായി സേവനം ചെയ്യുന്നു.
ഏതാണ്ട് 40 വര്‍ഷങ്ങള്‍ പിന്നില്‍നിന്നാണ് ജോസേട്ടന്‍ ജീവിതകഥ പറയാന്‍ തുടങ്ങിയത്. അന്ന് ദൈവത്തോട് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. തൃശൂര്‍ ഒല്ലൂരിലെ ഒരു സാധാരണ ക്രൈസ്തവകുടുംബത്തിലെ അംഗം. ബേക്കറി ഷോപ്പ് നടത്തുന്നു. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകും, പക്ഷേ പോകുന്നത് ഉറങ്ങാനാണ്. ഏറ്റവും പിന്നില്‍ പോയിരിക്കും. സാവധാനം ഉറങ്ങും. എല്ലാവരും പോകുന്നനേരത്ത് ആരെങ്കിലും തട്ടിവിളിക്കുമ്പോഴാണ് എഴുന്നേറ്റ് പുറത്തിറങ്ങുക. ഇതായിരുന്നു സ്ഥിതി.
ഭേദപ്പെട്ട വരുമാനവും കൂടിയുള്ളതിനാല്‍ ജീവിതം ‘സസുഖം’ മുന്നോട്ടുപോകുന്ന കാലം. മദ്യപാനവും പുകവലിയും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം. ബന്ധങ്ങളും കുടുംബജീവിതവുമെല്ലാം നന്നായി പോകുന്നുവെന്നുതന്നെ ജോസേട്ടന്‍ കരുതി.
ആയിടെ സഹോദരന് ഒരു അസുഖം. ബാംഗ്ലൂര്‍ ഉള്‍പ്പെടെ പലയിടത്തും ജോസേട്ടന്‍ കൂടപ്പിറപ്പിനെചികിത്സിപ്പിക്കാനായി കൊണ്ടുപോയി. പക്ഷേ ഒരു കുറവുമുണ്ടായില്ല. അപ്പോഴാണ് കുരിയച്ചിറയില്‍ കരിസ്മാറ്റിക് ധ്യാനം വന്നത്. അവിടത്തെ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പോയിത്തുടങ്ങിയപ്പോള്‍ സഹോദരന് അസുഖം വലിയ തോതില്‍ കുറഞ്ഞു. അതുകണ്ടപ്പോള്‍ തോന്നി, ‘അവിടെപ്പോയി നമുക്കും അസുഖമെല്ലാം മാറ്റിയാലോ’ എന്ന്. അതല്ലാതെ മറ്റ് ഉദ്ദേശ്യങ്ങളൊന്നും മനസിലുണ്ടായിരുന്നില്ല. എന്തായാലും ഈ ചിന്തയോടെ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തു.
ധ്യാനം എല്ലാം പൊളിച്ചു….
നന്നായി ജീവിക്കുന്നുവെന്നും ദാമ്പത്യജീവിതം നന്നായി പോകുന്നുവെന്നുമുള്ള ധാരണകളെല്ലാം പൊളിഞ്ഞുപോയത് ആ ധ്യാനത്തോടെയാണ്. തന്‍റെ ഭാഗത്ത് നിരവധി പിഴവുകളുണ്ടെന്നും അവയൊക്കെ തിരുത്തി നന്നായി ജീവിക്കണമെന്നും തോന്നിത്തുടങ്ങി. പനയ്ക്കലച്ചനാണ് കൗണ്‍സിലിംഗ് ചെയ്തത്. അച്ചന്‍ പറഞ്ഞു, ”സഹോദരനെ സഹോദരന്‍റെ ജീവിതത്തിലേക്ക് വിടുക. ജോസ് ജോസിന്‍റെ കച്ചവടത്തില്‍ ശ്രദ്ധിക്കുക.” ആ നിര്‍ദേശം ജോസേട്ടന്‍ അനുസരിച്ചു. സഹോദരന്‍റെ രോഗം സുഖപ്പെട്ടു. ജോസേട്ടനാകട്ടെ നല്ലൊരു മാനസാന്തരാനുഭവത്തിലേക്ക് വരുകയും ചെയ്തു.
ബൈബിള്‍ വായിക്കാന്‍ പിന്നെ ആവേശമായി. രാത്രി ഒന്നും രണ്ടും മണിവരെയൊക്കെ ബൈബിള്‍ വായിക്കും. കുരിയച്ചിറ പള്ളിയിലെ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പോകാന്‍ ആരംഭിച്ചതും ധ്യാനത്തിനുശേഷമാണ്. എന്നും വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ തുടങ്ങി. പള്ളിയില്‍ ഏറ്റവും മുന്നിലായിരുന്നു പിന്നീടുള്ള നില്‍പ്. തീര്‍ച്ചയായും ഇതിന്‍റെയെല്ലാം വ്യത്യാസം ജീവിതത്തില്‍ കാണുമല്ലോ. അത് സംഭവിച്ചു. ജോസേട്ടന് പണ്ടുമുതലേ നല്ലവണ്ണം അധ്വാനിക്കണം എന്നാണ് ചിന്ത. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം പതിനൊന്നു മണിവരെയൊക്കെ മടുപ്പില്ലാതെ അധ്വാനിക്കും. പണി കുറവാണെന്നുകണ്ടാല്‍ അപ്പനോട് മുഷിഞ്ഞുപറയും, ”ഇതെന്താ പണിയില്ലാത്തത്?”
”പണിയൊക്കെ ഇടയ്ക്ക് കുറയുമെടാ ചെക്കാ” എന്നായിരിക്കും അപ്പന്‍റെ മറുപടി.
വാസ്തവത്തില്‍ കഠിനമായി അധ്വാനിക്കണമെന്ന ചിന്തയില്‍നിന്നാണ് ജോസേട്ടന്‍റെ പരാതി ഉയര്‍ന്നിരുന്നത്. അതോടൊപ്പം മാനസാന്തരാനുഭവവും പ്രാര്‍ത്ഥനാശീലവും ചേര്‍ന്നപ്പോള്‍ ജീവിതമാകെ മാറുകയായിരുന്നു.
ലാഭത്തെക്കുറിച്ചൊന്നും വലിയ കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നില്ല. നല്ലവണ്ണം ജോലിയുണ്ടാകണം, അത്രയേയുള്ളൂ ആശ. ആ ആശ നിറവേറുന്നവിധത്തില്‍ കടയില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി. വരുന്നയാളുകള്‍ വിലപേശലില്ലാതെ ഉത്പന്നങ്ങള്‍ വാങ്ങും. പല സ്ഥലങ്ങളില്‍നിന്നാണ് ഓര്‍ഡര്‍ വരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല. പിന്നീട് ദൈവകരത്തിന്‍റെ പ്രവൃത്തി മനസിലായി. നല്ല ലാഭമുണ്ടാകാന്‍ തുടങ്ങി.
പത്തുവച്ചപ്പോള്‍….
ഇതിലേക്ക് വളര്‍ന്നതിനുപിന്നില്‍ വേറൊരു രഹസ്യവുമുണ്ടായിരുന്നു. ആദ്യ ധ്യാനം കഴിഞ്ഞപ്പോള്‍ വീണ്ടും ധ്യാനം കൂടാന്‍ ആഗ്രഹമായി. അങ്ങനെ കടുത്തുരുത്തിയിലുള്ള ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനത്തില്‍ പങ്കെടുത്തു. അവിടെനിന്നാണ് ദശാംശം നല്കണം എന്ന് മനസിലായത്.
ആ ബോധ്യത്തിലേക്ക് വന്നപ്പോള്‍ അന്നുവരെ ദു:ശീലങ്ങള്‍ക്കായി ചെലവാക്കിയിരുന്ന ഇരുപത് രൂപ ഒരു ചെപ്പില്‍ മാറ്റിവയ്ക്കാന്‍ തുടങ്ങി. അങ്ങനെ നൂറ് രൂപയൊക്കെ ആയാല്‍ ഒരാള്‍ക്ക് കൊടുക്കും. അന്നത്തെ കാലത്ത് ഏറെപ്പേര്‍ക്കും ഓലപ്പുരയാണ് ഉള്ളത്. ഓല മാറ്റി മേയണമെങ്കില്‍ നൂറ് രൂപയോളമാണ് വേണ്ടിവരിക. അങ്ങനെ കുറേപ്പേരെ സഹായിക്കാന്‍ കഴിഞ്ഞു. അത് വലിയൊരു സന്തോഷമായി. തുടര്‍ന്നും ദശാംശം എന്ന പേരില്‍ മാറ്റിവയ്ക്കുന്ന തുക സഹായം അര്‍ഹിക്കുന്നവരെന്ന് തോന്നുന്നവര്‍ക്ക് കൊടുക്കും. കൂടാതെ ദൈവശുശ്രൂഷകള്‍ക്കായും നല്കും. അന്നത്തെ കാലത്ത് പ്രധാനമായും പുതിയ ധ്യാനകേന്ദ്രങ്ങളെയാണ് സഹായിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ജോസേട്ടന്‍റെ വരുമാനവും പതുക്കെ വര്‍ധിക്കാന്‍ തുടങ്ങി.
സഹായമായി നല്കിയ പണം ചിലര്‍ അനാവശ്യമായി ഉപയോഗിച്ചു. അക്കാര്യം പിന്നീടറിഞ്ഞപ്പോഴും ജോസേട്ടന്‍ ഖേദിച്ചില്ല. ‘യേശുനാമത്തിലാണ് നല്കുന്നത്, പിന്നെ ഖേദിക്കുന്നതെന്തിന്’ എന്നായിരുന്നു ജോസേട്ടന്‍റെ പക്ഷം. സഹായം നല്കുന്നത് തുടര്‍ന്നു.
”ആദ്യമൊക്കെ കൊടുക്കുമ്പോള്‍ കൈ അല്പം മുറുകിയിരിക്കും. കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ കൈ അയയും, കൊടുക്കാനുള്ള വിഷമം മാറും. അങ്ങനെ കൈയിന് ‘വ്യായാമം’ നല്കിയാണ് മുന്നോട്ടുപോയത്,” ജോസേട്ടന്‍ അല്പം തമാശ കലര്‍ത്തി പങ്കുവയ്ക്കും. മാത്രവുമല്ല, അര്‍ഹതയില്ലാത്തവരെ തിരിച്ചറിയാനും സാവധാനം നമുക്ക് സാധിക്കുമെന്ന് ജോസേട്ടന്‍ പറയുന്നു.
പ്രതിഫലം പ്രതീക്ഷിച്ചല്ല ദശാശം കൊടുക്കാന്‍ തുടങ്ങിയതെങ്കിലും പ്രതിഫലം ലഭിക്കാന്‍ തുടങ്ങി. ലാഭവും വരുമാനവും വര്‍ധിക്കാന്‍ തുടങ്ങിയപ്പോള്‍ അക്കാര്യം ജോസേട്ടന്‍ തിരിച്ചറിഞ്ഞു. അതോടെ ദശാംശമെന്ന പേരില്‍ മാറ്റിവയ്ക്കുന്ന പങ്കും വര്‍ധിപ്പിച്ചു. പിന്നെ അതൊരു മത്സരംപോലെയായി. ജോസേട്ടന്‍റെ ദശാംശച്ചെപ്പിലെ തുക വര്‍ധിക്കുന്നതനുസരിച്ച് വരുമാനവും കൂടാന്‍ തുടങ്ങി. അങ്ങനെ തുടര്‍ന്നപ്പോള്‍ കണക്ക് നോക്കാതെ കൂടുതല്‍ നല്കുന്നതും വര്‍ധിച്ചുവന്നു. അല്പനാള്‍ കഴിഞ്ഞപ്പോള്‍ മാസത്തില്‍ ദശാംശം എന്ന രീതി മാറ്റി. ഒരു നിശ്ചിതതുക എല്ലാ ദിവസവും ദശാംശത്തിലേക്ക് നീക്കിവയ്ക്കുമെന്നല്ലാതെ പിന്നെ എണ്ണാറില്ല. മാത്രവുമല്ല, ചെറിയ ചെപ്പൊന്നും പോരാ, ബാഗ് വേണമെന്ന അവസ്ഥയായി. അര്‍ഹതപ്പെട്ടവര്‍ ചോദിക്കുമ്പോള്‍ എണ്ണിനോക്കാതെ അത് മുഴുവന്‍ എടുത്തുനല്കും.
ചോദിക്കുന്നവര്‍ക്ക് അല്പാല്പം കൊടുക്കുന്നത് ജോസേട്ടന് ഇഷ്ടമല്ല. ‘കൊടുക്കുമ്പോള്‍ നിറച്ച് കൊടുക്കണം,’ ഇതാണ് അദ്ദേഹത്തിന്‍റെ സ്റ്റൈല്‍. ആ സമയത്തെല്ലാം പല ധ്യാനകേന്ദ്രങ്ങളും പുതുതായി ആരംഭിക്കുന്ന കാലമാണ്. അവര്‍ക്ക് ദൈവശുശ്രൂഷയ്ക്കായി പണം ആവശ്യമാണെന്ന് കാണുമ്പോഴും ഇങ്ങനെതന്നെ ചെയ്യും. പലപ്പോഴും വലിയ തുകകളായിരിക്കും സഞ്ചിയിലുണ്ടാകുക. പക്ഷേ എണ്ണിനോക്കാന്‍ പോകാറില്ല. ‘ദൈവത്തിനല്ലേ കൊടുക്കുന്നത്’ എന്നായിരുന്നു ജോസേട്ടന്‍റെ ചിന്ത. തിരികെ കര്‍ത്താവ് കൊടുക്കുന്നതും അങ്ങനെതന്നെയായിരുന്നു. അങ്ങനെ മുന്നോട്ടുപോകവേ, ഒരിക്കല്‍ വരുമാനം അല്പം കുറഞ്ഞു. പക്ഷേ, പതിവുപോലെ ദശാംശം മാറ്റിവയ്ക്കുന്നതിന് ഒരു കുറവും വരുത്തിയില്ല.
രസകരമായ പ്രാര്‍ത്ഥന
ജോസേട്ടന്‍ കര്‍ത്താവിനോട് പറഞ്ഞു, ”കര്‍ത്താവേ, ഇങ്ങനെ പോയാല്‍ ശരിയാകില്ലല്ലോ. എനിക്ക് വരുമാനം ഇരട്ടിയാക്കിത്തരണം.”
ജോസേട്ടന്‍ ഇങ്ങനെയാണ് കര്‍ത്താവിനോട് സംസാരിക്കുന്നത്. തനി തൃശൂര്‍ ശൈലിയിലുള്ള സംസാരം. വരുമാനം അധികം ചോദിക്കുന്നതിന് കര്‍ത്താവിനോട് ന്യായം പറയുന്നത് ഇങ്ങനെ, ”എനിക്ക് തരണോണ്ട് നെനക്ക് നഷ്ടമൊന്നുമില്ലല്ലോ. നിന്‍റെ മക്കളുടെ കൈയിലിക്കന്ന്യല്ലേ അതൊക്കെ പോണത്, പിന്നെന്താ…?”
അത് നന്നായി അറിയാവുന്നതുകൊണ്ട് ജോസേട്ടന് കൊടുക്കാന്‍ കര്‍ത്താവിനും സന്തോഷം.
തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍, ദശാംശം കൊടുക്കുന്നതിനെക്കുറിച്ച് മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കാറുണ്ട്, ‘പ്രതിഫലത്തിനുവേണ്ടിയല്ലാതെ, ദൈവത്തിനായി ദശാംശം നല്കുക. മറ്റ് കാര്യങ്ങള്‍ തനിയെ ക്രമീകരിക്കപ്പെട്ടുകൊള്ളും.’
ദശാംശം നല്കി അനുഗ്രഹിക്കപ്പെട്ടവരോട് അടുത്ത പടിയായി ജോസേട്ടന്‍റെ ഉപദേശം. ”ഇനി ദശാംശം നല്കരുത്!” വര്‍ഷങ്ങളായി ദശാംശം നല്കിയിട്ടും വലിയ സാമ്പത്തിക അഭിവൃദ്ധിയൊന്നും ലഭിച്ചില്ലെന്ന് പരാതി പറയുന്നവരോട് ചോദിക്കും, ”നിങ്ങള്‍ ഇപ്പോഴും ദശാംശം കൊടുക്കുന്നുണ്ടോ?” ഉവ്വെന്ന് മറുപടി കിട്ടിയാല്‍ അവരോടും പറയും, ”ഇനി ദശാംശം നല്കരുത്!”
കേള്‍ക്കുന്നവര്‍ അമ്പരന്നുനില്‍ക്കുമ്പോള്‍ ജോസേട്ടന്‍ തുടരും,”നിങ്ങള്‍ക്ക് ലജ്ജയില്ലേ, ഇപ്പോഴും ദശാംശംതന്നെ കൊടുത്തുകൊണ്ടിരിക്കാന്‍. അനുഗ്രഹിക്കപ്പെടുമ്പോള്‍ അതിനനുസരിച്ച് കര്‍ത്താവിന് കൊടുക്കുന്നതിന്‍റെ തോതും കൂടണ്ടേ?”
സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതാണ് ജോസേട്ടന്‍ അവരോടും പറയുന്നത്. ‘അങ്ങനെ വര്‍ധിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ സാവധാനം നമുക്ക് ജീവിക്കാന്‍, നാം ദശാംശമായി മാറ്റിവയ്ക്കുന്ന തുക മതി എന്ന അവസ്ഥ വരും. ബാക്കിയെല്ലാം ആവശ്യക്കാര്‍ക്ക് കൊടുക്കാം.’
കര്‍ത്താവിനും പലിശ?
വല്ലപ്പോഴും അല്പം വരുമാനം കുറഞ്ഞെന്നു കണ്ടാലും ദശാംശത്തിന്‍റെ ബാഗില്‍ ഇടുന്നതിന് കുറവൊന്നും വരുത്തുകയില്ല. അതാണ് ജോസേട്ടന്‍റെ രീതി. ഇനി വല്ല അത്യാവശ്യവും വരികയാണെന്ന് കരുതുക. കര്‍ത്താവിന്‍റെ കയ്യില്‍നിന്ന് കടമെടുക്കും. ആവശ്യമായ തുക ദശാംശത്തിന്‍റെ ബാഗില്‍നിന്ന് കര്‍ത്താവിന്‍റെ അനുമതിയോടെ എണ്ണിയെടുക്കും. ബാങ്ക് പലിശയും ചേര്‍ത്തുള്ള തുകയായിരിക്കും തിരിച്ചു വയ്ക്കുക. അങ്ങനെ കര്‍ത്താവിനെ പലിശക്കാരനാക്കിയ വീരനാണ് ജോസേട്ടന്‍. അത് പങ്കുവയ്ക്കുമ്പോള്‍ ജോസേട്ടന് ഹൃദയം നിറഞ്ഞ ചിരി.
തന്‍റെ ബേക്കറിശൃംഖല ഇന്നും വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വളര്‍ച്ചയ്ക്കുപിന്നിലെ പ്രധാനരഹസ്യങ്ങള്‍ പ്രാര്‍ത്ഥനയും ദശാംശവുമാണെന്ന് ജോസേട്ടന്‍ വ്യക്തമാക്കുകയാണ്.
മൂന്ന് ശതമാനംമാത്രം കത്തോലിക്കരുള്ള നോര്‍വേ എന്ന രാഷ്ട്രം. അവിടത്തെ ഒരു കൊച്ചുപട്ടണം. സ്വന്തം കുടുംബാംഗങ്ങളും അമ്മാവന്‍മാരും അമ്മായിമാരും കസിന്‍സും മറ്റൊരു ഫിലിപ്പിനോ-നോര്‍വീജിയന്‍ കുടുംബവുമല്ലാതെ കത്തോലിക്കാവിശ്വാസികളായി മറ്റാരുമില്ല. എന്നിട്ടും ഉറച്ച കത്തോലിക്കാ വിശ്വാസം പുലര്‍ത്തി ജീവിക്കുക എന്നത് അല്പം ക്ലേശകരംതന്നെയായിരുന്നു. പക്ഷേ മത്തിയാസ് ബ്രൂണോ ലീഡം ഇന്നാള്‍വരെയും വിശ്വാസത്തില്‍ ഉറച്ചുനിന്നു. എന്നുമാത്രമല്ല ഇന്ന് മത്തിയാസ് വെറും മത്തിയാസ് അല്ല ഡീക്കന്‍ മത്തിയാസ് ലീഡം ആണ്.
വല്ലാതെ മോഹിപ്പിച്ചപ്പോള്‍….
കുട്ടിക്കാലം ഓര്‍ക്കുകയാണെങ്കില്‍ താനൊരു പുരോഹിതനായിത്തീരുമെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ വളരെക്കുറവായിരുന്നുവെന്ന് മത്തിയാസ് പറയുന്നു. മെറ്റാലിക് ബാന്‍ഡില്‍ ഡ്രമ്മര്‍ ആകണമെന്നും അല്ലെങ്കില്‍ പ്രൊഫഷനല്‍ സ്‌കേറ്റിംഗ് താരമാകണമെന്നുമൊക്കെയായിരുന്നു മോഹങ്ങള്‍. നീട്ടിവളര്‍ത്തിയ മുടിയും എപ്പോഴും കൂടെ കരുതുന്ന സ്‌കേറ്റ്‌ബോര്‍ഡും ഒക്കെയായിരുന്നു അന്നത്തെ പ്രത്യേകതകള്‍. എങ്കിലും അന്നും വിശ്വാസം ശക്തമായിരുന്നു.
അള്‍ത്താരബാലന്‍ എന്ന തന്‍റെ ഉത്തരവാദിത്വം നിറവേറ്റാന്‍ എപ്പോഴും ഉത്സുകന്‍. സ്‌കേറ്റ്‌ബോര്‍ഡില്‍ കയറി ദൈവാലയത്തിലെത്തിയാല്‍ താമസിയാതെതന്നെ അള്‍ത്താരശുശ്രൂഷകന്‍റെ വസ്ത്രമണിഞ്ഞെത്തുന്ന മത്തിയാസ് ഒരു അപൂര്‍വ കാഴ്ചതന്നെയായിരുന്നു.
പ്രായത്തിന്‍റെ ഒരു ഘട്ടത്തില്‍ സാധാരണ ഉണ്ടാകാന്‍ സാധ്യതയുള്ള, ഇതിനോടൊന്നും താത്പര്യമില്ലാത്ത ഒരു ഇടവേളയിലൊഴികെ ബാക്കി എല്ലാക്കാലത്തും തിരുസഭയും വിശുദ്ധ കര്‍മങ്ങളും മത്തിയാസിനെ ആകര്‍ഷിച്ചിരുന്നു.
പിന്നീട് പൗരോഹിത്യം തന്നെ വല്ലാതെ മോഹിപ്പിച്ചുവെന്നാണ് ഡീക്കന്‍ മത്തിയാസിന്‍റെ വാക്കുകള്‍. എല്ലാത്തരത്തിലുമുള്ള മനുഷ്യരുടെയും എല്ലാത്തരം സാഹചര്യങ്ങളിലും പുരോഹിതര്‍ സന്നിഹിതരാകുന്നത് പൗരോഹിത്യത്തിന് ഒരു നായകപരിവേഷം നല്കി. മത്തിയാസിന് പരിചിതരായ വൈദികരെല്ലാം യേശുവിനെ എങ്ങനെ അനുകരിക്കാമെന്നതിന് മികച്ച ഉദാഹരണങ്ങളായിരുന്നു. അതേ സമയം മറ്റ് മനുഷ്യരെപ്പോലെതന്നെ തങ്ങള്‍ക്കും ബലഹീനതകളും കുറവുകളും ഉണ്ടെന്നത് സത്യസന്ധമായി അംഗീകരിക്കുന്നവരുമായിരുന്നു.
ബ്രഹ്മചാരിക്ക് ഇത് കിട്ടുമോ?
വൈദികരും സന്യസ്തരും അനുഭവിക്കുന്ന ആനന്ദം മത്തിയാസില്‍ വലിയ ജിജ്ഞാസ ഉളവാക്കി. അവര്‍ പ്രകടിപ്പിക്കുന്ന ആനന്ദം മറ്റുള്ളവരിലേക്കും പടരുന്നതും മത്തിയാസിനെ വളരെ ചിന്തിപ്പിച്ചു. പണവും പ്രശസ്തിയും ലൈംഗികതയുമാണ് സന്തുഷ്ടജീവിതത്തിനുവേണ്ട വിഭവങ്ങള്‍ എന്ന് ആധുനിക സംസ്‌കാരം പഠിപ്പിക്കുമ്പോള്‍ ഇതെല്ലാം വേണ്ടെന്നുവച്ചിട്ടും ഈ വൈദികരും സന്യസ്തരും ഇത്ര ആനന്ദത്തോടെ ജീവിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കാതെ വയ്യായിരുന്നു. കാരണം അവരില്‍ കണ്ടത് ആഴത്തിലുള്ള യഥാര്‍ത്ഥ ആനന്ദവും സമാധാനവുമായിരുന്നു. മാത്രവുമല്ല അത് അവര്‍ കണ്ടുമുട്ടുന്നവരിലേക്കും പടര്‍ത്തുകയും ചെയ്യുന്നു.
എന്നാല്‍ ഇതേ സമയം മത്തിയാസിന് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവളെ വിവാഹം ചെയ്ത് ഒമ്പതുമണി മുതല്‍ അഞ്ചുവരെ മാത്രമുള്ള ജോലിയും ചെയ്ത് സന്തുഷ്ട കുടുംബജീവിതം നയിക്കണമെന്നാണ് കരുതിയിരുന്നത്. പക്ഷേ വൈദികരുടെ ആനന്ദം അവനെ വളരെയേറെ ആകര്‍ഷിച്ചു.
‘എവിടെനിന്നാണ് അവര്‍ക്കിത് ലഭിക്കുന്നത്? എനിക്കും ഇത് വേണം!’ അതായി മത്തിയാസിന്‍റെ ചിന്ത.
”ബ്രഹ്മചാരികളായി ജീവിച്ചിട്ടും ഈ ആനന്ദം എങ്ങനെ ഉണ്ടാകുന്നു? ദിവസംമുഴുവനുമുള്ള ശുശ്രൂഷകള്‍ കഴിഞ്ഞ് തിരികെ പ്രതീക്ഷയോടെ വരാന്‍ ഭാര്യയോ മക്കളോ ഇല്ല. ഇങ്ങനെ നോക്കുമ്പോള്‍ ഏകാന്തതയും അസ്വസ്ഥതയും സമ്മാനിക്കുന്ന ഒന്നായിമാത്രമേ എനിക്ക് ബ്രഹ്മചര്യത്തെ കാണാനായുള്ളൂ. അതിനാല്‍ വൈദികവിളി വിവേചിച്ചറിയുന്നത് അവിടെ തീര്‍ന്നു എന്ന് ഞാന്‍ കരുതി,” മത്തിയാസ് പറയുന്നു.
എല്ലാം മാറ്റിമറിച്ച ട്രിപ്
19-ാം വയസില്‍ ഒരു പ്രോജക്റ്റിന്‍റെ ഭാഗമായി ഹോണ്ടുറാസ് സന്ദര്‍ശിച്ചത് മത്തിയാസിന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. തീര്‍ത്തും ദുരിതപൂര്‍ണമായ സാഹചര്യങ്ങളിലും ഉറച്ച വിശ്വാസവും സത്യസന്ധമായ പ്രത്യാശയും പുലര്‍ത്തുന്ന ആളുകളെയാണ് അവിടെ കണ്ടത്. അവിടെ കാണാനിടയായ വൈദികരും സന്യസ്തരുമായിരുന്നു ഏറ്റവും ശക്തരായ സാക്ഷികള്‍.
കടുത്ത ദാരിദ്ര്യത്തിലും മോശം ജീവിതസാഹചര്യങ്ങളിലും ഉള്ളവരെ സേവിക്കാനായി അവര്‍ തങ്ങളുടെ സൗകര്യപ്രദമായ ജീവിതം വേണ്ടെന്നുവച്ചിരിക്കുന്നു. മറ്റു വൈദികരില്‍ കണ്ട അതേ ആനന്ദം അവരിലും നിറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ബ്രഹ്മചര്യം പാലിക്കുന്നത് വൈദികര്‍ക്കും സന്യസ്തര്‍ക്കും സ്വയം മറന്ന് സേവനം ചെയ്യാന്‍ സഹായകമാണ് എന്നും മത്തിയാസ് മനസിലാക്കി. അപ്പോള്‍മുതലാണ് താനും വൈദികനാകാന്‍ വിളിക്കപ്പെട്ടിട്ടുണ്ടോ എന്ന് കര്‍ത്താവിനോട് ചോദിക്കാന്‍ തുടങ്ങിയത്. എന്നാലും ദൈവവിളിയെക്കുറിച്ച് ഉറപ്പിക്കണമെങ്കില്‍ പല കാര്യങ്ങളും യഥാസ്ഥാനത്ത് വീഴേണ്ടിയിരുന്നു.
അമ്മ മറച്ചുവച്ച രഹസ്യം
യൂണിവേഴ്‌സിറ്റി പഠനം തുടരവേ ഒരു ഇടവകയില്‍ സേവനം ചെയ്യുകകൂടി ചെയ്തുകൊണ്ട് മൂന്ന് വര്‍ഷത്തോളം പ്രാര്‍ത്ഥിച്ച് കാത്തിരുന്ന ശേഷമാണ് വൈദികനാകാനുള്ള വിളി വിവേചിച്ചറിഞ്ഞത്. അങ്ങനെ ഒടുവില്‍ സെമിനാരിയിലേക്ക് അപേക്ഷ നല്കാന്‍ തീരുമാനിച്ചു.
അവനെ കത്തോലിക്കാവിശ്വാസത്തില്‍ ഉറപ്പിച്ച് വളര്‍ത്തിയ സ്വന്തം അമ്മ ആ സമയത്ത് തീര്‍ത്തും രോഗിണിയായിരുന്നു. അമ്മയുടെ മരണത്തിന് തൊട്ടുമുമ്പ് തന്‍റെ ദൈവവിളിയെക്കുറിച്ച് ധൈര്യപൂര്‍വം തുറന്നുപറഞ്ഞു. അത്രയും മോശം രോഗാവസ്ഥയിലും അത്യധികം സന്തോഷമാണ് അമ്മ പ്രകടിപ്പിച്ചത്.
അതിനുശേഷം അവിശ്വസനീയമാംവിധം ദൈവവിളിയെ ഉറപ്പിക്കുന്ന ചില കാര്യങ്ങള്‍ അറിഞ്ഞു. അത് ഏറെ സന്തോഷകരമായിരുന്നു. ചില ബന്ധുക്കളാണ് അവ വെളിപ്പെടുത്തിയത്. മത്തിയാസിന് ദൈവവിളി ലഭിക്കുന്നതിനായി അമ്മ അവര്‍ക്കൊപ്പം രഹസ്യമായി പ്രാര്‍ത്ഥിച്ചിരുന്നുവത്രേ. പക്ഷേ ഒരിക്കല്‍പ്പോലും അമ്മ അത് മകനോട് പറഞ്ഞിരുന്നില്ല. അമ്മയുടെ സ്വാധീനമില്ലാതെ സ്വന്തമായി തന്‍റെ ദൈവവിളി അവന്‍ മനസിലാക്കണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നിരിക്കണം.
100 വര്‍ഷം മുമ്പത്തെ പ്രാര്‍ത്ഥന
തന്‍റെ കത്തോലിക്കാവിശ്വാസജീവിതവും ഈ ദൈവവിളിയുമെല്ലാം ലഭിച്ചതിന് പിന്നില്‍ ചില രഹസ്യങ്ങളുണ്ടെന്ന് മത്തിയാസിനറിയാം. ഒരു നൊബേല്‍ ജേതാവും ഈ ജീവിതകഥയിലെ മാറ്റിനിര്‍ത്താനാവാത്ത ഘടകമാണ്. നോര്‍വേയില്‍നിന്നുള്ള സാഹിത്യനൊബേല്‍ ജേതാവായ സിഗ്രീദ് ഊണ്‍ട്‌സെറ്റ് ആണ് മത്തിയാസിന്‍റെ ഈ ജീവിതത്തിലെ ഒരു പ്രധാനകഥാപാത്രം. നിരീശ്വരവാദികളും നാമമാത്ര ലൂഥറന്‍ വിശ്വാസികളുമായിരുന്നവരുടെ മകളായി ജനിച്ച് പില്ക്കാലത്ത് ഉറച്ച കത്തോലിക്കാവിശ്വാസിയായ എഴുത്തുകാരിയായിരുന്നു സിഗ്രീദ്. വെറുതെ വിശ്വാസം സ്വീകരിക്കുകമാത്രമല്ല കത്തോലിക്കാ ആത്മീയതയില്‍ ആഴപ്പെടുകയും ചെയ്തിരുന്നു അവര്‍. ഡൊമിനിക്കന്‍ അല്മായസഭയില്‍ അംഗവുമായി. തന്‍റെ ഇടവകദൈവാലയത്തില്‍നിന്ന് ദൈവവിളി ഉണ്ടാകാനായി തീവ്രമായി അവര്‍ പ്രാര്‍ത്ഥിച്ചിരുന്നുവത്രേ. ആ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്കിയ ഉത്തരമാണ് അതേ ഇടവകയില്‍നിന്ന് വൈദികജീവിതത്തിലേക്കുള്ള തന്‍റെ വിളി എന്ന് മത്തിയാസ് കരുതുന്നു; 100 വര്‍ഷത്തോളം മുമ്പ് അവര്‍ ഉയര്‍ത്തിയ പ്രാര്‍ത്ഥന!
ഈ ദൈവവിളിയെക്കുറിച്ച് സിഗ്രീദ് ഊണ്‍ട്‌സെറ്റ് പ്രവചിച്ചിക്കുകയും ചെയ്തിരുന്നുവെന്ന് മത്തിയാസ് പറയുന്നു. ഭാവിയില്‍ യൂറോപ്പിലെ വിശ്വാസം ക്ഷയിക്കുമെന്നും അന്ന് പാശ്ചാത്യര്‍ സുവിശേഷം നല്കിയ ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലുംനിന്നുള്ള മിഷനറിമാര്‍ നോര്‍വേയിലെ പൂര്‍വപിതാക്കന്‍മാരുടെ വിശ്വാസം തിരികെ കൊണ്ടുവരുമെന്നും അവര്‍ എഴുതിയിട്ടുണ്ട്. ഫിലിപ്പെന്‍സില്‍നിന്ന് വന്ന് തന്‍റെ വിശ്വാസം മുറുകെപ്പിടിച്ച് ജീവിച്ച അമ്മ അതിന് ഉത്തമ ഉദാഹരണമാണ്.
കത്തോലിക്കാവിശ്വാസം സ്വീകരിക്കുംമുമ്പുതന്നെ ട്രെറ്റന്‍ എന്ന തന്‍റെ പട്ടണത്തിലെ ദൈവാലയത്തില്‍ സിഗ്രീദ് വിശുദ്ധബലിയില്‍ സംബന്ധിക്കുമായിരുന്നു എന്ന് മത്തിയാസ് മനസിലാക്കി. തന്‍റെ കുടുംബത്തിലെ പൂര്‍വികരുമായി സിഗ്രീദ് വ്യക്തിപരമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും അറിയാം.
ഇതിനെല്ലാം തിലകക്കുറിയെന്നോണം തന്‍റെ ഡീക്കന്‍പട്ടത്തിന് മത്തിയാസ് അണിഞ്ഞത് 1930-ല്‍ സിഗ്രീദ് സമ്മാനിച്ച തിരുവസ്ത്രങ്ങളാണ്. ഇന്ന് ഡീക്കന്‍ മത്തിയാസ് ലീഡവും ഒപ്പമുള്ള വൈദികാര്‍ത്ഥികളും നോര്‍വേയെ പുന:സുവിശേഷീകരിക്കുക എന്ന, താരതമ്യേന കഠിനമായ, ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.
ഒരു ഞായറാഴ്ച, യാത്രാമധ്യേ റോഡരികിലുള്ള ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ കയറി. രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയാണ് ഇനിയുള്ളത്. അല്പം നേരത്തെ എത്തി ദൈവാലയത്തില്‍ ഇരിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുളിവു വീഴാത്ത വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു മുതിര്‍ന്ന യുവാവ്. ആദ്യത്തെ ദിവ്യബലിയ്ക്കുപയോഗിച്ച വിശുദ്ധ പാത്രങ്ങളും തിരികളും മാറ്റി രണ്ടാമത്തെ വിശുദ്ധ ബലിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ക്കായി അനേകതവണ അദേഹത്തിന് ദൈവാലയത്തിലേക്ക്, വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുകയും സങ്കീര്‍ത്തിയിലേക്ക് പോവുകയും ചെയ്യേണ്ടിവന്നു. ദൈവാലയത്തിനുള്ളിലൂടെ പലപ്രാവശ്യം ദിവ്യകാരുണ്യ ഈശോയ്ക്ക് അപ്പുറവും ഇപ്പുറവും കടക്കേണ്ടതായും വന്നു.
എന്നാല്‍ ഏറ്റവും അതിശയകരമായത്, ഈ അവസരങ്ങളിലെല്ലാം അദ്ദേഹം ദിവ്യകാരുണ്യ ഈശോയെ ശിരസുനമിച്ച് ഭക്തിയോടെ ആരാധിച്ചിരുന്നു എന്നതാണ്. ആരും ശ്രദ്ധിച്ചുപോകുന്ന സ്‌നേഹപ്രകടനം. എത്ര ആദരവോടെയാണ് അദേഹം ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നത്..! സങ്കീര്‍ത്തിയിലേക്ക് പോകുമ്പോഴും ആ ബഹുമാനത്തിന് മാറ്റുകുറയുന്നില്ല.
രാജാധിരാജാവിന്‍റെ സന്നിധിയില്‍ ഭയഭക്ത്യാദരവുകളോടെ പ്രവേശിക്കുകയും കുമ്പിട്ട് ആരാധിച്ച് ഉത്തരവാദിത്വങ്ങള്‍ സ്‌നേഹപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്ന ദൈവാലയ ശുശ്രൂഷി. ഈശോയോട് അദ്ദേഹത്തിന്‍റെ ഹൃദയത്തിലുള്ള ഉത്ഘടസ്‌നേഹത്തിന്‍റെ ബഹിര്‍സ്ഫുരണമായിരുന്നു ആ ആദരവിന്‍റെ ഉറവിടം. അദ്ദേഹത്തിന്‍റെ പെരുമാറ്റം കണ്ടാലറിയാം അവിടെ സര്‍വശക്തനായ ദൈവം സന്നിഹിതനാണെന്ന്. സ്വര്‍ഗത്തില്‍ വസിക്കുന്ന അത്യുന്നതന്‍ ആ ദൈവാലയത്തില്‍ സര്‍വമഹത്വത്തോടെ ഉപവിഷ്ഠനാണെന്ന് ആ കപ്യാര്‍ ഒന്നും പറയാതെ കാണിച്ചുതന്നു; ഒരു മാലാഖയെപ്പോലെ. അദ്ദേഹത്തിന്‍റെ പേരോ വിശദാംശങ്ങളോ അറിയില്ല, പക്ഷേ, ഒന്നറിയാം, ആ ശുശ്രൂഷിക്ക് ദൈവത്തെ അറിയാം. അവിടുത്തെ എപ്രകാരം സ്‌നേഹിക്കണമന്ന്, ആദരിക്കണമെന്ന് അറിയാം.
”എന്നെ ആദരിക്കുന്നവനെ ഞാനും ആദരിക്കും” (1സാമുവല്‍ 2/30), ”ദൈവഭക്തി അനുഗ്രഹത്തിന്‍റെ ആരാമം പോലെയാണ്; ഏതു മഹത്വത്തെയുകാള്‍ നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40/27) എന്ന ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം ഈ ദൈവാലയ ശുശ്രൂഷിയെയും കുടുംബത്തെയും അദേഹത്തിനുള്ള സകലത്തെയും അവിടുന്ന് എത്രയധികമായി ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും..! കര്‍ത്താവിന്‍റെ പേടകം ആദരവോടെ സംരക്ഷിച്ച ഓബദ് ഏദോമിനെക്കുറിച്ച് 2സാമുവല്‍ 6/11,12 രേഖപ്പെടുത്തുന്നു: ‘കര്‍ത്താവിന്‍റെ പേടകം ഓബദ് ഏദോമിന്‍റെ വീട്ടില്‍ മൂന്നുമാസം ഇരുന്നു. കര്‍ത്താവ് ഓബദ് ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു. ദൈവത്തിന്‍റെ പേടകം നിമിത്തം കര്‍ത്താവ് ഓബദ് ഏദോമിന്‍റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു…’
'അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുക! ആദ്യനാളുകളില്‍ എനിക്കത് ആശ്ചര്യകരമായ ഒരറിവായിരുന്നു. ആദ്യകുര്‍ബാന സ്വീകരണത്തോടു ചേര്‍ന്നുതന്നെയാണ് അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള അറിവും എനിക്ക് കിട്ടിയത്. അറിവ് അനുഭവമായിത്തീര്‍ന്നപ്പോള്‍ അത് എനിക്ക് ഏറെ ആസ്വാദ്യതയുള്ളതായി അനുഭവപ്പെട്ടു.
നാലാം ക്ലാസില്‍വച്ചായിരുന്നു എന്‍റെ ആദ്യത്തെ കുര്‍ബാനസ്വീകരണം. എസ്.ഡി സിസ്റ്റേഴ്‌സാണ് എന്നെ അതിന് ഒരുക്കിയത്. തികഞ്ഞ അനുസരണത്തോടുകൂടി നമസ്‌കാരങ്ങളെല്ലാം പഠിച്ച് ഞാന്‍ ആദ്യകുര്‍ബാന സ്വീകരിക്കുവാന്‍ ഒരുങ്ങി.
അന്നത്തെ കാലഘട്ടത്തില്‍ ആദ്യകുര്‍ ബാന സ്വീകരിച്ചാല്‍ സ്വീകരിക്കുന്ന കുട്ടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുടക്കംകൂടാതെ ദിവ്യബലിയില്‍ സംബന്ധിക്കുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തേതുപോലെ വാഹനസൗകര്യങ്ങളൊന്നും തീരെ ഇല്ലാതിരുന്ന അക്കാലത്ത് കുന്നും മലയും താണ്ടി രണ്ടും മൂന്നും കിലോമീറ്റര്‍ നടന്ന് പള്ളിയില്‍ എത്തേണ്ടവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഞാനും അവരില്‍പെട്ട ഒരാള്‍ ആയിരുന്നു. ദിവസേനയുള്ള ദിവ്യബലി അസാധ്യമായിരുന്ന ഞങ്ങള്‍ക്കുവേണ്ടി ഞങ്ങളെ ആദ്യകുര്‍ബാനയ്ക്കുവേണ്ടി ഒരുക്കിയ സിസ്റ്റര്‍ നല്ലൊരു പരിഹാരമാര്‍ഗം പറഞ്ഞുതന്നു. അതാണ് ‘അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം.
‘ സിസ്റ്റര്‍ ഇങ്ങനെ പറഞ്ഞു. ”എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഈശോയ്ക്ക് നമ്മുടെ ഉള്ളില്‍ വസിക്കുവാന്‍ ഒരു തിരുവോസ്തിയോളം ചെറുതാകാന്‍ കഴിയുമെന്നത് ആശ്ചര്യകരം തന്നെയല്ലേ. എന്നാല്‍ അതിനെക്കാള്‍ വലിയ ഒരത്ഭുതം ഈശോയ്ക്ക് ചെയ്യാന്‍ കഴിയും. ഈ തിരുവോസ്തിക്ക് ‘അരൂപിക്കടുത്തവിധം നമ്മുടെ ഉള്ളില്‍ വരാനും വന്നു വാസമാക്കാനും കഴിയും’ എന്നതാണത്. അതിനാല്‍ ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞ് എല്ലാ ദിവസവും പള്ളിയില്‍ വരാന്‍ പറ്റാത്തവര്‍ ഒട്ടും വിഷമിക്കേണ്ട. നമുക്ക് ദിവ്യകാരുണ്യ ഈശോയെ അരൂപിക്കടുത്തവിധവും സ്വീകരിക്കാം. ഞാന്‍ ചൊല്ലിത്തരുന്ന ഈ പ്രാര്‍ത്ഥന സ്വീകരിച്ച് ഹൃദിസ്ഥമാക്കി അത് ഈശോയോട് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി.” പ്രാര്‍ത്ഥന ഇതാണ്:
”സക്രാരിയില്‍ പരിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോ, അങ്ങ് സത്യമായും ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഏറ്റുപറയുന്നു. ഓ ദിവ്യ ഈശോയെ കൂദാശയ്ക്കടുത്തവിധം അങ്ങയെ സ്വീകരിക്കുവാന്‍ എനിക്ക് സാധ്യമല്ലാത്ത ഈ നിമിഷത്തില്‍ അരൂപിക്കടുത്തവിധം അവിടുന്ന് എന്‍റെ ഹൃദയത്തിലേക്കും എന്‍റെ ജീവിതത്തിലേക്കും എഴുന്നള്ളിവരേണമേ. ഓ ഈശോയേ, പാപിയായ എന്‍റെ പ്രാര്‍ത്ഥന കേട്ടുകൊണ്ട് അവിടുന്ന് എന്‍റെ ഹൃദയത്തില്‍ എഴുന്നള്ളിവന്നിരിക്കുന്നുവെന്ന് ഞാന്‍ ഉറപ്പായി വിശ്വസിക്കുകയും അതിനായി നന്ദി പറയുകയും ചെയ്യുന്നു. ഓ എന്‍റെ നല്ല ഈശോയേ എന്നെ പൂര്‍ണമായും നിന്റേതാക്കി മാറ്റണമേ ആമ്മേന്‍.”
എന്നെപ്പോലെ എല്ലാ ദിവസവും പള്ളിയിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഈ പ്രാര്‍ത്ഥന വലിയ ആശ്വാസവും കൂദാശയ്ക്കടുത്ത ദിവ്യകാരുണ്യ സ്വീകരണംപോലെതന്നെയോ അതിലധികമോ ആസ്വാദ്യകരവുമായി ആ നാളുകളില്‍ അനുഭവപ്പെട്ടിട്ടുണ്ട്.
എവിടെവച്ചും എത്രവട്ടമെങ്കിലും
സിസ്റ്റര്‍ തുടര്‍ന്നും പറഞ്ഞുതന്നു. ”ഈ അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം എത്രപ്രാവശ്യം വേണമെങ്കിലും എവിടെവച്ചും നമുക്കു നടത്താം. നിങ്ങള്‍ക്കു മാത്രമല്ല പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ കഴിയാത്ത നിങ്ങളുടെ അപ്പച്ചന്മാര്‍ക്കും അമ്മച്ചിമാര്‍ക്കും വീട്ടിലുള്ള എല്ലാവര്‍ക്കും ഈ രീതിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാം. ഈ പ്രാര്‍ത്ഥന കാണാപാഠം പഠിക്കാന്‍ വിഷമമുള്ളവര്‍ക്ക് ഇതേ രീതിയില്‍ത്തന്നെ ചൊല്ലണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ”ഓ ദിവ്യകാരുണ്യ ഈശോയേ അങ്ങയെ സ്വീകരിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന എന്‍റെ ഹൃദയത്തിലേക്ക് അരൂപിക്കടുത്തവിധം എഴുന്നള്ളിവരണേ” എന്നുമാത്രം പ്രാര്‍ത്ഥിച്ചാലും ദിവ്യകാരുണ്യ ഈശോ നമ്മുടെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരും. ഒരു ദിവസത്തില്‍ എത്രപ്രാവശ്യം വേണമെങ്കിലും നമുക്ക് ഈവിധത്തില്‍ അരൂപിക്കടുത്തവിധം വിശുദ്ധ കുര്‍ബാന സ്വീകരിക്കാം. നമുക്കുമുമ്പേ സ്വര്‍ഗത്തിലെത്തിയിട്ടുള്ള വലിയ വലിയ വിശുദ്ധന്മാരില്‍ പലരും ഒരു ദിവസംതന്നെ ഈ വിധത്തില്‍ അരൂപിയില്‍ പലവട്ടം വിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടുള്ളവര്‍ ആണ്.” ഇത്രയുമാണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരിണത്തെ സംബന്ധിച്ച് അന്ന് സിസ്റ്ററില്‍നിന്നും കിട്ടിയ അറിവ്. അറിവു മാത്രമല്ല ആ സ്വീകരണം എപ്പോഴെല്ലാം ഞാന്‍ നടത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അതൊരു മാധുര്യമേറുന്ന അനുഭവമായിരുന്നു.
പിന്നീടങ്ങോട്ട്
മുതിര്‍ന്ന ക്ലാസുകളില്‍ എത്തിയപ്പോള്‍ അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണത്തെ സംബന്ധിച്ച് കൂടുതല്‍ വിശാലമായ വെളിപ്പെടുത്തലുകള്‍ കിട്ടി. എല്ലാം ആ നാളുകളില്‍ എന്നെ പഠിപ്പിച്ച സിസ്റ്റേഴ്‌സുവഴി കിട്ടിയിട്ടുള്ളതാണ്. അത് ഇതാണ്. അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം ആര്‍ക്കുവേണമെങ്കിലും നടത്താം. കത്തോലിക്കാ സഭയിലുള്ള അംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടത് എന്നാണ് ഞാന്‍ ആദ്യനാളുകളില്‍ അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ച് മനസിലാക്കിയിരുന്നത്. എന്നാല്‍ അങ്ങനെ മാത്രമല്ല അതെന്നു ഞാന്‍ തിരിച്ചറിഞ്ഞു. യേശുവിനെ സ്‌നേഹിക്കുകയും അവിടുത്തെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും ചെയ്യുന്ന ഏതൊരുവനും ഏതു സഭയില്‍പെട്ടവനാകട്ടെ, ഏതു ജാതിയിലും ജനതയിലുംപെട്ടവനാകട്ടെ അവന് ദിവ്യകാരുണ്യ ഈശോയെ അരൂപിക്കടുത്തവിധം സ്വീകരിക്കുവാനുള്ള അവകാശമുണ്ട്.
”സത്യമായും ദൈവത്തിന് പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും ഏതു ജനതയില്‍പെട്ടവനാണെങ്കിലും അവിടുത്തേക്ക് സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു” (അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ 10/35). ഈ തിരിച്ചറിവില്ലാത്ത യേശുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവന്നിട്ടുള്ള അനേക വിജാതീയര്‍ കുര്‍ബാനയനുഭവം ഞങ്ങള്‍ക്ക് അന്യമാണല്ലോ എന്നുകരുതി വിലപിച്ചു കഴിയുന്നു. അതിന്‍റെ യാതൊരാവശ്യവുമില്ല. ഹൃദയത്തില്‍ സ്വന്തം തെറ്റുകളെക്കുറിച്ച് അനുതാപമുണ്ടായിരിക്കുകയും യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറയുകയും ചെയ്യുന്ന ഏതൊരുവനും അവന്‍ ഏതു സഭയില്‍പെട്ടവനാകട്ടെ, ഏതു ജനതയില്‍പെട്ടവനാകട്ടെ അവന് വിശുദ്ധ കുര്‍ബാന അരൂപിയില്‍ ഉള്‍ക്കൊള്ളാന്‍ അവകാശമുണ്ട്.
ഞങ്ങളെ ആദ്യകുര്‍ബാന സ്വീകരണത്തിനൊരുക്കിയ സിസ്റ്റര്‍ പറഞ്ഞുതന്ന ആ ദിവ്യകാരുണ്യ പ്രാര്‍ത്ഥന പൂര്‍ണ വിശ്വാസത്തോടെ ഹൃദയപൂര്‍വം ചൊല്ലിയാല്‍മതി.
എല്ലാ ദിവസവും ദിവ്യബലിയില്‍ സംബന്ധിക്കണമെന്നും വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളണമെന്നും വളരെ തീവ്രമായിത്തന്നെ ആഗ്രഹിക്കുന്ന ഒത്തിരിപ്പേര്‍ ഇത് വായിക്കുന്നവരുടെ ഇടയിലുണ്ട്. പക്ഷേ അനാരോഗ്യത്തിന്‍റെ അവസ്ഥകള്‍കൊണ്ടും മറ്റുപല വിപരീത സാഹചര്യങ്ങള്‍കൊണ്ടും അനേകംപേര്‍ക്ക് ഇതിന് കഴിയാറില്ല. ഇതെഴുതുന്ന ഞാനും അത്തരത്തില്‍പെട്ട ഒരാള്‍തന്നെയാണ്. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം വലിയൊരു ദൈവാനുഗ്രഹമാണ് ഈ അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം. വിശുദ്ധ കുര്‍ബാന കൂദാശയ്ക്കടുത്തവിധം സ്വീകരിക്കുന്ന അതേ അനുഭവംതന്നെ അരൂപിയിലുള്ള ഈ ദിവ്യകാരുണ്യ സ്വീകരണസമയത്ത് ഈശോ നമുക്കും നല്‍കും. പൂര്‍ണമായ വിശ്വാസത്തോടെ സ്വീകരിക്കുന്നവര്‍ക്ക് അതിലും അധികവും ദൈവം തരും.
ചിലപ്പോഴെല്ലാം ഈ അനുഭവം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയില്‍ ശാരീരികമായി പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിട്ടും അതിന് കഴിയാതെപോയതില്‍ സങ്കടപ്പെട്ട് എന്നൊക്കെ അതിനു പകരമായി അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിച്ചുവോ അന്നൊക്കെ മൂന്നിരട്ടിപങ്ക് ദൈവാനുഭവം എല്ലാ മേഖലയിലുമുള്ള അഭിഷേകക്കൂടുതലും ദിവ്യകാരുണ്യ ഈശോ എനിക്കു തന്നിട്ടുണ്ട്. എന്നിലൂടെ നിര്‍വഹിക്കപ്പെടേണ്ട എന്‍റെ കടമകളും ഉത്തരവാദിത്വങ്ങളും ജോലികളും ഈ രീതിയില്‍ അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിച്ച ദിവസങ്ങളില്‍ മൂന്നിരട്ടിപങ്ക് അഭിഷേകത്തോടെ നടത്തപ്പെടുന്നത് വലിയ അത്ഭുതത്തോടുകൂടെത്തന്നെ ഞാന്‍ മനസിലാക്കിയിട്ടുണ്ട്.
ഉപേക്ഷമൂലമുള്ള പാപം
എന്നാല്‍ എല്ലാദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ സാഹചര്യവും ആരോഗ്യവും ഉള്ളവര്‍ ഒരു കാരണവശാലും അനുദിന ദിവ്യബലി ഉപേക്ഷിക്കരുത്. അങ്ങനെ ചെയ്താല്‍ അത് ഉപേക്ഷമൂലം ചെയ്യുന്ന പാപമായിത്തീരും. അനുദിന കുര്‍ബാനയില്‍ ശാരീരികമായി പങ്കെടുക്കുന്നവര്‍ക്കും അതിനുശേഷവും പലവട്ടം അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാവുന്നതാണ്. ദിവസം മുഴുവനും നിരന്തര ദൈവസാന്നിധ്യത്തിലും ദൈവപരിപാലനയിലും വിശുദ്ധിയിലും വ്യാപരിക്കുവാന്‍ ഇത് നമ്മെ സഹായിക്കും. നാം അള്‍ത്താരയില്‍ വണങ്ങുന്ന മഹാവിശുദ്ധരില്‍ പലരും ഈ രീതിയിലുള്ള അരൂപിയിലുള്ള ദിവ്യകാരുണ്യ അനുഭവം ഒരു ദിവസത്തില്‍തന്നെ പലവട്ടം ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ളവരാണ്.
കോവിഡ്കാലത്ത്
കോവിഡ് മഹാമാരി പെയ്തിറങ്ങിയ കാലത്ത് ശാരീരികമായി ദിവ്യബലിയില്‍ സംബന്ധിക്കുവാന്‍ വിശ്വാസികള്‍ക്ക് കഴിയാതിരുന്ന സമയത്താണ് ആ കുറവു നികത്താന്‍വേണ്ടി മാധ്യമങ്ങളിലൂടെയുള്ള വിശുദ്ധ ബലികളില്‍ കുര്‍ബാനസ്വീകരണസമയത്ത് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണ പ്രാര്‍ത്ഥന സാധാരണ ജനങ്ങളെ തേടിയെത്തിയത്. വിശ്വാസികളില്‍ പലരും ആ സമയത്താണ് ഇങ്ങനെയൊരു പ്രാര്‍ത്ഥന ഉണ്ടെന്നുതന്നെ മനസിലാക്കുന്നത്. പക്ഷേ ഇത് സഭയില്‍ അനേക കാലങ്ങള്‍ക്കുമുമ്പേ ഉണ്ടായിരുന്നതുതന്നെയാണ്. ഇന്നും നിലനില്‍ക്കുന്നതുമാണ്.
ഉത്ഭവംകത്തോലിക്കാസഭയില്‍
അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം ഉടലെടുത്തത് കത്തോലിക്കാ സഭയില്‍തന്നെയാണ്. പക്ഷേ ഇത് കത്തോലിക്കാ സഭാവിശ്വാസികളുടെമാത്രം സ്വകാര്യസ്വത്തല്ല. വിശുദ്ധ കുര്‍ബാനയിലുള്ള യേശുവിന്‍റെ സാന്നിധ്യത്തെ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന ഏതൊരുവനും അവന്‍ ഏതു സഭയിലോ ജാതിയിലോ ജനതയിലോ പെട്ടവനാകട്ടെ അരൂപിയിലുള്ള ഈ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള അവകാശമുണ്ട്. അജ്ഞതമൂലം അത് നാം നഷ്ടമാക്കരുത്. യേശുവില്‍ വിശ്വസിക്കുവാന്‍ ഭാഗ്യം ലഭിച്ചിട്ടും ഔദ്യോഗികമായി (മാമോദീസയിലൂടെ) സഭയുടെ ഭാഗമാകാന്‍ കഴിയാത്തവര്‍ക്ക് കൂദാശയ്ക്കടുത്ത വിധത്തിലുള്ള ദിവ്യകാരുണ്യസ്വീകരണം കത്തോലിക്കാ സഭാനിയമമനുസരിച്ച് അനുവദനീയമല്ലല്ലോ. അങ്ങനെയുള്ളവര്‍ക്ക് ഒരു വലിയ ആശ്വാസദൂതായിരിക്കും അരൂപിയിലുള്ള ഈ ദിവ്യകാരുണ്യ സ്വീകരണം എന്ന് എനിക്കുറപ്പുണ്ട്. ഇതൊരു ദൈവശാസ്ത്രത്തിന്‍റെ വെളിപ്പെടുത്തലല്ല.
എന്‍റെയും ഈ വിധത്തില്‍ ഈശോയെ സ്വീകരിക്കുകയും ചെയ്തിട്ടുള്ള മറ്റനേകരുടെയും ജീവിതാനുഭവമാണ്. അമ്മയുടെ മടിയിലിരുന്നു സ്വസ്ഥമായി മുലപ്പാല്‍ നുകരുന്ന കുഞ്ഞ് ആസ്വാദ്യതയോടെ അത് ചെയ്തു സംതൃപ്തനാകുന്നത് അതിന്‍റെ പിന്നിലെ ദൈവശാസ്ത്രം മനസിലാക്കിയിട്ടല്ലല്ലോ. അതവനെ നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന ജീവിതാനുഭവം ആയതുകൊണ്ടാണ്. അതിനാല്‍ ദിവ്യകാരുണ്യ ഈശോയെ നമുക്ക് സര്‍വാത്മനാ സ്വീകരിക്കാം.
ഈശോയുടെ കുരിശിലെ ബലിയെക്കാള്‍ എത്രയോ വലിയ ശൂന്യവല്‍ക്കരണമാണ് ആര്‍ക്കും കൈനീട്ടി തൊടാനും വിശ്വാസപൂര്‍വം ഉള്‍ക്കൊള്ളാനും തക്കവിധത്തിലുള്ള ഒരു തിരുവോസ്തിയാകാന്‍ തന്നെ സമര്‍പ്പിക്കുന്നതിലൂടെ അവിടുന്ന് ചെയ്തത്. ഈ മഹാസൗഭാഗ്യം യേശുവിനെ അറിയാന്‍ ഭാഗ്യം ലഭിച്ച ആരും നഷ്ടപ്പെടുത്താതിരിക്കും. യേശുവിനെ അറിയാന്‍ ഭാഗ്യം ലഭിക്കാത്ത അനേകര്‍ക്കുവേണ്ടിക്കൂടിയും നമുക്ക് വിശ്വാസപൂര്‍വം വിശുദ്ധ കുര്‍ബാന സ്വീകരിക്കാം.
പാപത്തിലേക്കും നാശത്തിലേക്കും കുതിച്ചുപാഞ്ഞ് നശിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തെ രക്ഷപെടുത്താന്‍ ദൈവത്തിന്‍റെ മഹാകാരുണ്യത്തിന് മാത്രമേ കഴിയുകയുള്ളൂ. നമുക്ക് ദൈവകരുണയുടെ ചാലകങ്ങളായി മാറാം. ഈ ലോകത്തെ രക്ഷയിലേക്ക് നയിക്കുന്ന പരമമായ ദൈവകാരുണ്യമാണല്ലോ വിശുദ്ധ കുര്‍ബാന. അതുകൊണ്ടാണല്ലോ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയെ ‘പരിശുദ്ധ പരമ ദിവ്യകാരുണ്യം’ എന്ന് സഭാപിതാക്കന്മാര്‍ വിളിക്കുന്നത്. നാം നമുക്കുവേണ്ടി മാത്രമല്ല ഈലോകത്തിലേക്കു പിറന്നു വീഴുന്ന ഓരോ ആത്മാവിനുവേണ്ടിയും വിശുദ്ധ കുര്‍ബാന അരൂപിയില്‍ സ്വീകരിക്കുന്നവരായി മാറട്ടെ. അങ്ങനെ ഈ കുര്‍ബാനയനുഭവം സകല ആത്മാക്കള്‍ക്കും നിത്യരക്ഷയിലേക്കു നയിക്കുന്ന ഒന്നായിത്തീരട്ടെ!!
നിത്യസ്തുതിക്കു യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ആമ്മേന്‍.
ഞാന്‍ ആയിരിക്കുന്ന സന്യാസസഭയില്‍ ശുദ്ധീകരണ സ്ഥലത്ത് കഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണമെന്ന നിര്‍ബന്ധമുണ്ട്. സെമിനാരിയില്‍ ക്ലാസുള്ള ഒരു ദിവസം ഈ പ്രാര്‍ത്ഥനയെക്കുറിച്ചു ഞാന്‍ പാടേ മറന്നുപോവുകയുണ്ടായി. ഇടയ്ക്ക് എപ്പോഴോ ഞാന്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി മറിച്ചുനോക്കിയപ്പോള്‍ അതില്‍ പുണ്യവതി, ഒരു കാര്യം അറിയാനായി തനിക്കുണ്ടായ ജിജ്ഞാസ അടക്കിയതും പകരം അത് ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ഒരു ആത്മാവിനുവേണ്ടി കാഴ്ചവച്ചതും വായിക്കാനിടയായി.
ഉടനെ ഞാന്‍ എന്‍റെ മറന്നുപോയ അന്നത്തെ പ്രാര്‍ത്ഥനയെക്കുറിച്ച് ഓര്‍ത്തു. ഇതാ ഇവിടെ ഞാന്‍ വ്യത്യസ്തവും എന്നാല്‍ പ്രായോഗികവുമായ ഒരു പ്രാര്‍ത്ഥനാരീതി കണ്ടുമുട്ടിയിരിക്കുന്നു. ഞാന്‍ വേഗം ഇത്തരത്തില്‍ എന്തെങ്കിലും എനിക്കും ചെയ്യാന്‍ കഴിയുമോയെന്ന് ചിന്തിച്ച് കൊണ്ടിരിക്കെ, കസേരയില്‍ ചാരിയിരിക്കാതെ നിവര്‍ന്നിരുന്നുകൊണ്ട് ആ സുഖം ഉപേക്ഷിക്കാനും പകരം ആ കൊച്ചുപരിത്യാഗം ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ആത്മാക്കള്‍ക്കായി കാഴ്ചവച്ചു പ്രാര്‍ത്ഥിക്കുവാനും ആത്മാവ് എന്നെ പ്രേരിപ്പിച്ചു. ചാരിയിരുന്നുകൊണ്ടാണ് ഇപ്പോള്‍ ഇത് വായിക്കുന്നതെങ്കില്‍ അത് കാഴ്ചവച്ചു തുടര്‍ന്ന് വായിക്കണേ….
ജിജ്ഞാസ ഉണ്ടാകുമ്പോള്‍ കാഴ്ചവയ്ക്കാന്‍ കാത്തിരിക്കാതെ ഓര്‍മ്മയില്‍വന്ന ഒരു ആത്മാവിനുവേണ്ടി ഉടനെ ഇക്കാര്യം ഞാന്‍ കാഴ്ചവച്ചു. ഇതാ ഒരു സെക്കന്റ് കൊണ്ട് ഞാന്‍ ഒരു ഉഗ്രന്‍ പ്രാര്‍ത്ഥന സമര്‍പ്പിച്ചിരിക്കുന്നു. ഒരു കൊച്ചു പരിത്യാഗം കാഴ്ചവച്ചിരിക്കുന്നു. കര്‍ത്താവിന്‍റെ കൃപ എനിക്ക് ആവേശം പകര്‍ന്നു. വേഗം ഒരു സുകൃതജപവും കരുണക്കൊന്തയും ജപമാലയുടെ ഒരു രഹസ്യവും ഇതേ നിയോഗത്തിനായി കാഴ്ചവച്ചു പ്രാര്‍ത്ഥിച്ചു. അന്നേരം എന്തെന്നില്ലാത്ത ഒരു ഉണര്‍വ്വും ആനന്ദവുമാണ് എനിക്ക് അനുഭവപ്പെട്ടത്. പരിശുദ്ധാത്മാവ് നല്‍കിയ കൊച്ചുപ്രേരണയെ അനുസരിച്ചപ്പോള്‍ വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചുകൊണ്ട് അവിടുന്ന് എന്നെ സഹായിച്ചിരിക്കുന്നു. ഹല്ലേലുയ്യാ!
ഞാന്‍ ഈ അനുഭവത്തിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത് ഇവയെല്ലാമാണ്; ആത്മാവിന്‍റെ പ്രേരണകള്‍ അനുസരിക്കുക, ഒരു ശ്വാസംപോലും പാഴാക്കാതെ ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവയ്ക്കുക, കര്‍ത്താവിന്‍റെ കൃപയില്‍ ആശ്രയിച്ച് ആത്മാവിന്‍റെ ഇഷ്ടത്തിനൊത്ത് പ്രാര്‍ത്ഥിക്കുകയും കൊച്ചുകൊച്ചു പരിത്യാഗങ്ങള്‍ ചെയ്തു മുന്‍പോട്ട് പോവുകയും ചെയ്യുക. നന്നായി പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നില്ലെന്നോര്‍ത്ത് തളരരുത്, കുറേ സമയം പ്രാര്‍ത്ഥനയ്ക്ക് കിട്ടുന്നില്ലല്ലോ എന്നുവിചാരിച്ച് വിഷമിക്കുകയും അരുത്. നമുക്ക് പ്രിയപ്പെട്ട വിശുദ്ധ കൊച്ചുത്രേസ്യയൊക്കെ ചെയ്തിരുന്നതുപോലെ നമ്മുടെ ഒരു ഹൃദയമുയര്‍ത്തല്‍പോലും പ്രാര്‍ത്ഥനയാക്കുക എന്നുസാരം. അല്‍പ്പംമുന്‍പ് നിവര്‍ന്നിരുന്നത് ഒരു പ്രാര്‍ത്ഥനയാക്കാന്‍ മറന്നേക്കരുത് കേട്ടോ…!
”കര്‍ത്താവിന്‍റെ ഭക്തരേ, അവിടുത്തെ ആശ്രയിക്കുവിന്‍; പ്രതിഫലം ലഭിക്കാതിരിക്കുകയില്ല” (പ്രഭാഷകന്‍ 2/8).
'പതിവുപോലെ ജോലി കഴിഞ്ഞു മുറിയിലെത്തിയപ്പോഴാണ് എസി പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടത്. ചൂട് കാലം ആണ് ദുബായില്‍ .മുറിയില്‍ എസി ഇല്ലാതെ ഒരു നിമിഷം ആയിരിക്കുക ദുസ്സഹമാണ്. ടെക്നിഷ്യനെ പല തവണ ഫോണില്‍ വിളിച്ചു. അവസാനം അവര്‍ വന്നു എ സി പരിശോധിക്കാമെന്ന് ഉറപ്പു നല്‍കി. മണിക്കൂറികള്‍ കടന്നു പോയി കൊണ്ടിരുന്നു . ചെറിയൊരു ഫാന്‍ മുറിയില്‍ ഉണ്ടായിരുന്നെങ്കിലും അപ്പോഴത്തെ ചൂടിനെ ശമിപ്പിക്കാന്‍ കഴിഞ്ഞില്ല. രാത്രി എട്ടു മണിയോടെ ടെക്നീഷ്യന്മാര്‍ എത്തിച്ചേര്‍ന്നു. തകരാറെന്താണെന്നു പറഞ്ഞു മനസ്സിലാക്കി. കുറച്ചു സമയം എടുക്കും റിപ്പയറിങ് തീരാന്‍ എന്ന് അവരുടെ മറുപടി.
തൊട്ടടുത്ത ദിനം ഓണ ദിവസമാണ്. മലയാളി ഹോട്ടലുകളിലെല്ലാം ഓണസദ്യ ആയിരിക്കും ലഭിക്കുക. മുന്‍കൂട്ടി ബുക്ക് ചെയ്താലേ ഭക്ഷണം കിട്ടുകയുള്ളൂ. മുറിയില്‍ ആണെങ്കില്‍ ഭക്ഷണമൊന്നും പാകപ്പെടുത്തുന്നുമില്ല. എ.സി റിപ്പയറിങ് തീരുമ്പോഴേക്കും വിളിച്ചു സദ്യ ഓര്‍ഡര്‍ ചെയ്യാം എന്ന് കരുതിയതാണ്. പക്ഷേ എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി പതിനൊന്നു മണി. പരിസരത്തുള്ള ഹോട്ടലുകള്‍ അടച്ചു കഴിഞ്ഞു. ഈശോയോടു കുറച്ചു കലിപ്പില്‍ ആയി. നാളെ പട്ടിണി കിടക്കണമെന്നാണോ നിന്‍റെ ആഗ്രഹം എന്ന് ചോദിച്ചു ഈശോയോടു വഴക്കിട്ടു. യൗസേപ്പിതാവിന്‍റെ രൂപത്തില്‍ നോക്കി വഴക്കു തുടര്‍ന്നു.
സ്വന്തം ആയി ഒരു മകള്‍ ഇല്ലാത്ത അദ്ദേഹത്തിന്‍റെ വിഷമം വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിക്കുകയാണ് ഞാന്‍. യൗസേപ്പിതാവിനെ എളുപ്പത്തില്‍ സെന്റിയാക്കുന്ന മാജിക് ആണത്. മകളായി ഞാന്‍ ഉണ്ടല്ലോ എന്ന ആശ്വാസ വാക്കുകളും കൂടി ആകുമ്പോള്‍ എല്ലാം സെറ്റ്. രാവിലെ ജോലിക്കു പോകാന്‍ ഇറങ്ങുകയാണ്… വീണ്ടും ഈശോക്കും യൗസേപ്പിതാവിനും റിമൈന്‍ഡര്‍, ‘കുറച്ചു പായസമെങ്കിലും കിട്ടാന്‍ വഴിയുണ്ടോ?’ മുറിയില്‍ പൂര്‍ണ്ണ നിശബ്ദത. എന്ത് സംഭവിച്ചാലും തിരിച്ചു വന്നിട്ട് കാണാം എന്ന് പറഞ്ഞുകൊണ്ട് മുറിയില്‍ നിന്ന് ഞാന്‍ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് ഇറങ്ങി. ഇന്ന് പട്ടിണിയെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
ജോലി ആരംഭിച്ചത് മുതല്‍ സ്വര്‍ഗ്ഗത്തിന്‍റെ ഇന്നത്തെ പെര്‍ഫോമന്‍സ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡ്യൂട്ടി തീരാന്‍ ഏകദേശം ഒരു മണിക്കൂര്‍ അവശേഷിക്കുമ്പോള്‍ ഒരു ഫോണ്‍ കാള്‍ ലഭിച്ചു. എന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകയും ആണ് അവള്‍. ഫോണിലൂടെ സ്‌നേഹാന്വേഷണങ്ങള്‍ നടത്തി. ജോലി കഴിഞ്ഞു പോകുമ്പോള്‍ അവളുടെ ഹോസ്റ്റലിന്‍റെ അടുത്തൊന്നു വന്നിട്ട് പോകാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ചോദിച്ചു, ‘പായസം തരാന്‍ വേണ്ടിയാണോ?’ അവള്‍ ചിരിച്ചുകൊണ്ട് അല്ലെന്നു മറുപടി പറഞ്ഞു.
എന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ പോലെ… എന്തായാലും അവളുടെ അടുത്ത് ചെന്നു. ഒരു വലിയ പാര്‍സല്‍ ബോക്‌സ് അവള്‍ എന്‍റെ നേരെ നീട്ടി. അതിനു മുകളില്‍ ഓണസദ്യ എന്ന് സ്റ്റിക്കര്‍!!
അവളുടെയും എന്‍റെയും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. ഇനി കഥയിലെ ട്വിസ്റ്റിലേക്കു പോകാം. തലേ ദിവസം അവള്‍ ഒരു പാര്‍സല്‍ സദ്യ അവള്‍ക്കു വേണ്ടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഓണദിനത്തില്‍ പാഴ്‌സല്‍ വാങ്ങാന്‍ താഴേക്കു ഗോവണിപ്പടികള്‍ ഇറങ്ങി വരുമ്പോള്‍ അവളുടെ കാതില്‍ ആരോ ആന്‍ മരിയ എന്ന് മൂന്നു തവണ പറഞ്ഞു അത്രേ…. ഞാന്‍ സദ്യ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അവള്‍ക്കറിയില്ല. എങ്കിലും കാതില്‍ കേട്ട സ്വരം മൂലം പാഴ്‌സല്‍ കൊണ്ടു വന്ന ആളോട് മറ്റൊരു പാഴ്‌സല്‍ കൂടി തരാന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഡെലിവറി ബോയ് മറുപടി പറഞ്ഞതിപ്രകാരമാണ്, ”ഞങ്ങള്‍ ഇന്ന് ഓര്‍ഡര്‍ ആദ്യം തരാന്‍ വന്നത് നിങ്ങളുടെ അടുത്താണ്. അതിനാല്‍ കുറച്ചു പാഴ്‌സല്‍ എക്‌സ്ട്രാ വച്ചിട്ടുണ്ട്. ഒടുവിലാണ് ഇവിടെ വരുന്നതെങ്കില്‍ പാഴ്‌സല്‍ തീര്‍ന്നുപോയിട്ടുണ്ടാകും.” അദ്ദേഹം ഉടനെ ഒരു എക്‌സ്ട്രാ പാര്‍സല്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ഇല്ലാതെ തന്നെ അവള്‍ക്കു നല്‍കി…
കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍ക്ക് പിറകിലെ രഹസ്യം ഇതായിരുന്നു… എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നു മാത്രമായിരുന്നു എന്‍റെ ചിന്ത ഈശോയുടെ അടുത്തേക്ക് ഓടിച്ചെന്നു. സദ്യ ഈശോക്ക് മുന്‍പില്‍ വച്ചു. ഈശോക്ക് ചന്നം പിന്നം ചക്കര ഉമ്മകള്‍… പാവം യൗസേപ്പിതാവിനെ കണ്ടപ്പോള്‍ എന്ത് പറയണം എന്നറിയാതെ വിഷമിച്ചു. നീണ്ട താടിയില്‍ അല്‍പ നേരം തലോടിക്കൊണ്ട് യൗസേപ്പിതാവിനും ഉമ്മ കൊടുത്തു… മകള്‍ ഇല്ലാത്ത വിഷമം മാറിയില്ലേ എന്ന് ചോദിക്കുമ്പോള്‍ യൗസേപ്പിതാവിന്‍റെ മുഖം പുഞ്ചിരിയോടെ ചോദിക്കുന്നത് പോലെ…. ‘നീ ഇത് എത്രാമത്തെ തവണയാ എന്നെ സെന്റിയാക്കി കാര്യം നേടുന്നത്?’
മറ്റൊരു സംഭവം കൂടി പറയാം. ശനിയാഴ്ചകളില്‍ മാത്രമാണ് പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. അന്ന് രാവിലെ ദേവാലയത്തിലേക്ക് പോകുമ്പോഴാണ് ഒരു മസാലദോശ അനുഭവം ഓര്‍ത്തത്. ഉടനെ ആ ഷോപ്പില്‍നിന്നും മസാലദോശ വാങ്ങിക്കണമെന്ന് ആഗ്രഹം തോന്നി. പക്ഷേ ഷോപ്പ് കുറച്ചു ദൂരെ ആണ്. എനിക്ക് വഴി അറിയുകയില്ല. സ്വന്തമായി വാഹനവും ഇല്ല… പരിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ചു ഇരിപ്പിടത്തില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ ഈശോയോടു പറഞ്ഞു… ”അങ്ങ് ഹൃദയത്തില്‍ വന്നിരിക്കുന്ന ഏറ്റവും വിലപ്പെട്ട ഈ സമയത്തു ചോദിക്കേണ്ടതാണോ എന്നെനിക്കറിയില്ല. എങ്കിലും ഒരു കാര്യം പറയുവാ ഈശോയേ… എനിക്ക് മസാലദോശ വേണമെന്ന് തോന്നുവാണല്ലോ, നമ്മള്‍ പണ്ട് പോയിട്ടുള്ള ഷോപ്പില്‍നിന്നും…” സ്വര്‍ഗ്ഗത്തിലുള്ളവര്‍ ഒരുപക്ഷേ എന്നെത്തന്നെ നിരീക്ഷിക്കുകയായിരിക്കും. പരിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ച ശേഷം മസാലദോശ വേണമെന്ന് പറയുന്ന ഈ കാന്താരി പ്പെണ്ണിനെ…ഒടുവില്‍ ദൈവാലയത്തിന് പുറത്തിറങ്ങി പാര്‍ക്കിംഗ് സ്ഥലത്ത് എത്തിയപ്പോള്‍ സുഹൃത്തിന്‍റെ ഫോണ്‍കാള്‍, ”പത്തുമിനിട്ടു കാത്തു നിന്നാല്‍ ഒരു മസാലദോശ വാങ്ങിത്തരാം. വീട്ടില്‍ കൊണ്ടുപോയി വിടുകയും ചെയ്യാം.
” അവിടെനിന്ന് കരഞ്ഞാല്‍ ആളുകള്‍ കാണും എന്നതുകൊണ്ട് നിറഞ്ഞൊഴുകുന്ന മിഴികളോടെ ഞാന്‍ കുറച്ചു ദൂരം മുന്നോട്ടു നടന്നു… ഒടുവില്‍ പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ സുഹൃത്തിനൊപ്പം കടയില്‍ പോയി മസാലദോശ കഴിച്ചു. ഞാന്‍ ആഗ്രഹിച്ച അതേ കടയില്‍നിന്നുതന്നെ… ഈശോ എന്ത് പാവമാണല്ലേ??? വലിയ കാര്യങ്ങള്‍ ചെയ്തു തരുന്ന ഈശോയെക്കാള്‍ എന്‍റെ ചെറിയ കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുന്ന ഈശോയെയാണ് ഞാന്‍ കൂടുതല്‍ സ്‌നേഹിക്കുന്നത്. അവനോടൊപ്പം ഉള്ള ജീവിതം എത്രയോ മാധുര്യമുള്ളതാണ്. തന്നോട് കൂടെ ആയിരിക്കാന്‍ അവന്‍ നമ്മെ വിളിക്കുന്നു… എപ്പോഴും ഈശോയുമായി സംസാരിക്കുക. നമ്മുടെ എല്ലാ കാര്യങ്ങളിലേക്കും അവനെ ക്ഷണിക്കുക. നസ്രായനാകട്ടെ നമ്മുടെ ബെസ്റ്റി…. ”കര്‍ത്താവില്‍ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യും” (സങ്കീര്‍ത്തനങ്ങള്‍ 32/10).
'”എല്ലാം പൊറുക്കുന്ന ദൈവത്തിന്‍റെ കരുണയാണ് മഴയെന്ന് സങ്കല്പിക്കുക. അത് ആത്മാവില്‍ പതിക്കുമ്പോള്‍ പാപത്തിന്‍റെ കറകള്‍ മായുകയും മനുഷ്യഹൃദയം നവീകരിക്കപ്പെടുകയും ചെയ്യുന്നു. കുഞ്ഞാടിന്‍റെ പാപപരിഹാരബലിയാല്‍ എല്ലാ ദൈവമക്കള്‍ക്കും ലഭിക്കുന്ന ദൈവികസമ്മാനമാണത്. എല്ലാവര്‍ക്കും വാഗ്ദാനം ചെയ്യപ്പെടുന്ന ദൈവത്തിന്‍റെ കരുണ. അംഗീകരിച്ചാല്‍മാത്രം മതിയാകുന്ന, സ്വീകരിച്ചാല്‍മാത്രം മതിയാകുന്ന, ദൈവികവാഗ്ദാനം.”
ഈശോ അപ്പസ്‌തോലനായ യാക്കോബിനോട്,
‘യേശുവിന്‍റെ കണ്ണുകളിലൂടെ’- വാല്യം ഒന്ന്.
കുട്ടിക്കാലത്തുതന്നെ മദ്ബഹാശുശ്രൂഷിയായി കൈവയ്പ് ലഭിച്ചിരുന്നതിനാല്‍, വൈദികനാകാനുള്ള ആഗ്രഹവും മനസില്‍ മുളപൊട്ടി. അന്ന് ഞാന്‍ യാക്കോബായ സഭാസമൂഹത്തില്‍ അംഗമായിരുന്നു. എങ്കിലും വൈദിക ദൈവവിളിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാതിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു രാത്രിയില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്‍റെ മുഖം മനസില്‍ തെളിഞ്ഞതും മലങ്കര കത്തോലിക്കാസഭയില്‍ വൈദികനാകണമെന്ന ചിന്ത വന്നതും. ആ പ്രേരണ ശക്തമായതോടെ അനുയോജ്യരായ വ്യക്തികളെ സമീപിച്ച് അതിനുവേണ്ട സഹായങ്ങള്‍ തേടി. തുടര്‍ന്ന് സെമിനാരിയില്‍ ചേര്‍ന്നു. പിന്നെ വൈദികപരിശീലനത്തിന്‍റെ വര്‍ഷങ്ങള്‍.
പരിശീലനകാലത്ത് ലിറ്റര്‍ജി അഥവാ ആരാധനക്രമം പഠിപ്പിക്കുന്ന വൈദികന്‍ ഒരിക്കല്‍ ചോദിച്ചു, ”എന്തിനാണ് നിങ്ങള്‍ വൈദികനാകുന്നത്?” ‘സുവിശേഷം പ്രഘോഷിക്കാന്‍’, ‘ദൈവത്തിനായി ജീവിക്കാന്‍’ തുടങ്ങി പല ഉത്തരങ്ങള്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് വന്നു. എന്‍റെ മനസില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള ആഗ്രഹം നല്ലവണ്ണം ഉണ്ടായിരുന്നതിനാല്‍ ‘വിശുദ്ധ ബലി അര്‍പ്പിക്കാന്‍’ എന്നതായിരുന്നു ഞാന്‍ നല്കിയ ഉത്തരം. അന്ന് വൈദികന്‍ വ്യക്തമാക്കി, ‘അതാണ് ശരിയായ ഉത്തരം.’ കാരണം ഒരാള്‍ വൈദികനാകുന്നത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനാണ്. മറ്റുള്ള കാര്യങ്ങളെല്ലാം അതിന്‍റെ ഫലമായി സംഭവിക്കേണ്ടതാണ്. ആ സംഭവം എന്നില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി.
കര്‍ത്താവ് അന്വേഷിക്കുന്നതെന്തിന്?
പരിശീലനകാലഘട്ടം കഴിഞ്ഞ് 2019 ഡിസംബര്‍ 27-നായിരുന്നു പൗരോഹിത്യാഭിഷേകം. അധികം താമസിയാതെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പോകാനാണ് നിയോഗം ലഭിച്ചത്. ആന്ധ്രാപ്രദേശിലായിരുന്നു ശുശ്രൂഷകള്‍. ബലിപീഠത്തോടുചേര്‍ന്ന് ജീവിക്കാനും വൈദികനാകാനും കൊതിച്ചിരുന്നെങ്കിലും വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ട് അത്ര തീവ്രമായ ബോധ്യങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ലെന്ന് പറയാം. അങ്ങനെയിരിക്കേ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്‍റെ വാക്കുകള്‍ എന്നെ വളരെയധികം ആകര്‍ഷിച്ചു, ”നീ ദൈവാലയത്തില്‍ ഇരിക്കുക, കര്‍ത്താവ് നിന്നെ അന്വേഷിക്കുന്നു!”
എങ്കിലും എങ്ങനെയാണ് ദൈവാലയത്തില്‍ ഇരിക്കേണ്ടത് എന്ന ഒരു സംശയം മനസിലുണ്ടായിരുന്നു. അതിനുത്തരമായി മര്‍ക്കോസ് 3/13-15 വചനം ലഭിച്ചു. ”അവന്‍ മലമുകളിലേക്ക് കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു. അവര്‍ അവന്‍റെ സമീപത്തേക്ക് ചെന്നു. തന്നോടുകൂടെ ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരെ നിയോഗിച്ചു.” ആ വചനത്തിലൂടെ, ഈശോയോടുകൂടെ ആയിരിക്കുന്നതുവഴിയാണ് മറ്റ് നിയോഗങ്ങളെല്ലാം നിറവേറ്റാനുള്ള ശക്തി ലഭിക്കുക എന്ന ബോധ്യം എന്നില്‍ ശക്തമായി.
കൂടാതെ സിബി എന്ന അല്മായ സുവിശേഷകന്‍ കുറച്ചുനാള്‍ മിഷന്‍പ്രദേശത്ത് എനിക്കൊപ്പം താമസിക്കാനെത്തി. അദ്ദേഹം തീക്ഷ്ണമായ ദിവ്യകാരുണ്യഭക്തിയുള്ള ആളായിരുന്നു. തെല്ലും മടുപ്പില്ലാതെ മണിക്കൂറുകള്‍ പരിശുദ്ധ കുര്‍ബാനയ്ക്കുമുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന അദ്ദേഹത്തോടൊപ്പം ഞാനും ഇരിക്കാന്‍ തുടങ്ങി. സ്തുതി, അനുതാപപ്രാര്‍ത്ഥനകള്‍, ആരാധനാഗാനങ്ങള്‍, മധ്യസ്ഥപ്രാര്‍ത്ഥനകള്‍, നന്ദിയര്‍പ്പണം തുടങ്ങി എല്ലാ ഘടകങ്ങളും ചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ ദിവ്യകാരുണ്യ ആരാധന. ആദ്യമൊക്കെ ഏറെ സമയം ഇരിക്കുമ്പോള്‍ വിരസത തോന്നിയെങ്കിലും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അതിന്‍റെ മാധുര്യവും ഫലങ്ങളുമെല്ലാം എനിക്കും അനുഭവമാകാന്‍ തുടങ്ങി. വരദാനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ചതും അദ്ദേഹമാണ്. അതേത്തുടര്‍ന്ന്, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുമ്പോള്‍ ആ പ്രദേശങ്ങളിലേക്ക് ദിവ്യകാരുണ്യം വഹിച്ചുകൊണ്ട് പോകാന്‍ തുടങ്ങി. ദിവ്യകാരുണ്യനാഥനെ വഹിച്ച് പ്രാര്‍ത്ഥനയോടെയും ഒരുക്കത്തോടെയും സഞ്ചരിക്കാന്‍ ശ്രദ്ധിക്കും.
അതിശക്തന്‍ ദിവ്യകാരുണ്യം
അപ്രകാരം ഒരിക്കല്‍ ദിവ്യകാരുണ്യനാഥനൊപ്പം ഒരു വീട്ടില്‍ കയറിച്ചെന്നു. ഞാന്‍ കയറിയതേ ആ വീട്ടിലെ മുറിക്കകത്ത് ഉണ്ടായിരുന്ന സ്ത്രീ വിറയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് അവള്‍ വല്ലാതെ അക്രമാസക്തയായി. ആ സമയത്ത് ഞാന്‍ ചോദിച്ചപ്പോള്‍ ദിവ്യകാരുണ്യം എന്താണെന്നുപോലും അറിയാത്ത ആ സ്ത്രീ പറഞ്ഞത് ഇങ്ങനെ, ”അത് ഈശോയാണ്!” ആ സംഭവം ദിവ്യകാരുണ്യശക്തിയുടെ മഹനീയതയെക്കുറിച്ച് എനിക്കും ഒരു തിരിച്ചറിവായിരുന്നു.
മറ്റൊരിക്കല്‍ അവിടത്തെ വിശ്വാസിസമൂഹം ധ്യാനത്തില്‍ സംബന്ധിച്ചുകൊണ്ടിരിക്കുന്ന സമയം. ധ്യാനഗുരുവായ വൈദികന്‍ എല്ലാവരോടും ദിവ്യകാരുണ്യത്തെ വന്നുവണങ്ങാന്‍ ആവശ്യപ്പെട്ടു. പൈശാചിക ആവാസമുള്ള സ്ത്രീയും ആ സമൂഹത്തിലുണ്ടായിരുന്നു. അവള്‍ ദിവ്യകാരുണ്യത്തെ സമീപിച്ചതേ ഷോക്കടിച്ചതുപോലെ തെറിച്ചുവീണു. അത് എല്ലാവര്‍ക്കും കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. അവരുടെയെല്ലാം ഹൃദയത്തില്‍ പരിശുദ്ധ കുര്‍ബാനയോടുള്ള ആദരവും ഭക്തിയും വര്‍ധിക്കാന്‍ ആ അത്ഭുതം കാരണമായി.
ഈ സ്ത്രീയുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവംകൂടി പങ്കുവയ്ക്കാം. ആദ്യം പ്രാര്‍ത്ഥനയെല്ലാം നല്കി ഏതാണ്ട് വിമുക്തയായ അവള്‍ വീണ്ടും പൈശാചികസ്വാധീനത്തിലായി. ആ സമയത്ത് അവള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ചെന്നപ്പോള്‍ ദിവ്യകാരുണ്യം അടങ്ങിയ ചെപ്പ് അവളുടെ തലയില്‍ തൊടുവിച്ച് പ്രാര്‍ത്ഥിക്കാന്‍ ദൈവികപ്രേരണ. ഞാന്‍ അപ്രകാരം ചെയ്തു. പെട്ടെന്ന് ആ ചെപ്പിന് തിളയ്ക്കുന്നപോലെ ചൂട്! എന്‍റെമാത്രം തോന്നലാണോ എന്നറിയില്ലല്ലോ. അതിനാല്‍ കൂടെ വന്നിരുന്ന യുവാവിനെ വിളിച്ച് അതിലൊന്ന് തൊട്ടുനോക്കാന്‍ പറഞ്ഞു. തൊട്ടിട്ട് അവന്‍ പറയുകയാണ്, ‘കാളുതുന്തി’! പൊള്ളുന്നു!!
സാക്ഷാല്‍ ഈശോ വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനാണ്. അവിടുത്തെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ദിവ്യകാരുണ്യം യോഗ്യതയോടെ സ്വീകരിച്ച് മുന്നോട്ടുപോകുമ്പോള്‍ ആ ശക്തി കാത്തുസൂക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ അയോഗ്യതയോടെ സ്വീകരിക്കുകയോ അനാദരവോടെ മുന്നോട്ടുപോകുകയോ ചെയ്താല്‍ ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യം വിട്ടുപോകുന്നതായും അനുഭവപ്പെട്ടിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ എന്‍റെ ദിവ്യകാരുണ്യഭക്തിയെ ബലപ്പെടുത്തുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ ശക്തി സ്വീകരിക്കുന്നത് ദിവ്യകാരുണ്യനാഥനില്‍നിന്നുതന്നെ.
'ആര്‍ച്ച്ബിഷപ്പായിരിക്കേ നീണ്ട പതിമൂന്ന് വര്‍ഷം ജയിലില്‍ കിടന്നശേഷം മോചനം നേടിയ വ്യക്തിയാണ് പ്രശസ്തധ്യാനഗുരുവായിരുന്ന കര്‍ദിനാള്‍ വാന്‍ ത്വാന്‍. പതിമൂന്നില്‍ ഒമ്പത് വര്‍ഷം ഏകാന്തതടവാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. പക്ഷേ ആ അവസ്ഥയിലും അദ്ദേഹം തന്‍റെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ ഒരു വഴി കണ്ടെത്തി. തടവില്‍ കഴിയുന്നവരെല്ലാം ഭാവിയില്‍ സ്വതന്ത്രരാകുമെന്ന പ്രത്യാശയില്‍ അതിലേക്ക് നോക്കിയാണ് ജീവിക്കുന്നത്. ജയിലിലെ ക്ലേശങ്ങള്‍ അതിജീവിക്കാന്‍ ആ പ്രത്യാശ ശക്തി പകരും. എന്നാല്‍ വാന്‍ ത്വാന്‍ ചിന്തിച്ചു, ‘നാളെ ഞാന്‍ ഉണ്ടാകുമോ എന്നറിയില്ല. അതിനാല്‍ ഇന്നിനെ നോക്കി ജീവിക്കണം.’ അപ്രകാരം, യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ജീവിക്കാന്‍ തുടങ്ങി.
ഭാവിയില്‍ ചെയ്യാനിരിക്കുന്ന മഹത്പ്രവൃത്തികളെക്കുറിച്ച് സ്വപ്നം കണ്ടതുകൊണ്ട് വലിയ കാര്യമില്ല. കാരണം അതിന് അവസരം വന്നുചേരണമെന്നില്ലല്ലോ. ഉറപ്പുള്ളത് മരണംമാത്രമാണ്. അതിനാല്‍ത്തന്നെ ജയില്‍ജീവിതത്തിലെ സാധാരണപ്രവൃത്തികള്‍ അസാധാരണമായി ചെയ്യാമെന്നായിരുന്നു വാന്‍ ത്വാന്‍റെ തീരുമാനം. അതാണ് വിശുദ്ധി സ്വന്തമാക്കാനുതകുന്ന പാത എന്ന് അദ്ദേഹം മനസിലാക്കി. തുടര്‍ന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു,
”യേശുവേ, ഞാന്‍ ഭാവിക്കായി കാത്തുനില്‍ക്കില്ല.
വര്‍ത്തമാനകാലത്തില്‍ ജീവിക്കും. അതിനെ സ്‌നേഹംകൊണ്ട് നിറയ്ക്കും.”
വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ധ്യാപകര്‍ക്കു വേണ്ടിയുള്ള ഒരു കരിസ്മാറ്റിക് സമ്മേളനം, സുപ്രധാനമായ ഒരു ക്ലാസ് കൊടുക്കാന്‍ നിയുക്തനായത് ഞാനായിരുന്നു. വരുംതലമുറയെ വാര്‍ത്തെടുക്കുന്നവരാണല്ലോ അദ്ധ്യാപകര്‍, അക്കാരണത്താല്‍ത്തന്നെ ആ സമ്മേളനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായി ഞാന്‍ കരുതി. ഞാന്‍ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം അറിവുള്ളവരുടെ സഹായത്തോടെ നന്നായി ഒരുങ്ങാന്‍ സാധിച്ചു; നോട്ടും കുറിച്ചിരുന്നു. ഒരുങ്ങി കുമ്പസാരിച്ചു, ദിവ്യകാരുണ്യം സ്വീകരിച്ചു. മനസിനെ ശാന്തമാക്കി സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പതിവിന് വിരുദ്ധമായി തീവണ്ടിയില്‍ ബര്‍ത്തും റിസര്‍വ് ചെയ്തിരുന്നു. ഒന്നും എന്‍റെ ദൗത്യനിര്‍വ്വഹണത്തിനു തടസം വരുത്തരുതല്ലോ.
പോകേണ്ട ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്കു പുറപ്പെടുമ്പോള്‍ കരുതി, വീട്ടിലെത്തി കുളിച്ച് നേരത്തേതന്നെ അത്താഴവും കഴിച്ച് റെയില്‍വേ സ്റ്റേഷനിലെത്തും. ആദ്യത്തെ ക്ലാസ് എന്റേതാണ്. എല്ലാ കരുതലുകളും എടുത്തു.
എന്നാല്‍ ജോലിസ്ഥലത്തുനിന്നും മടങ്ങിയെത്തിയ എന്നെ സ്വീകരിച്ചത് ആദ്യത്തെ വീഴ്ച വീണ് മൂക്കും മുഖവും കരുവാളിച്ചു നില്ക്കുന്ന ഒന്നര വയസുകാരിയായ എന്‍റെ സൗമ്യമോളാണ്. എനിക്കൊട്ടും സഹിച്ചില്ല. മോളെയും വാരിയെടുത്ത് ഞാന്‍ തിരുഹൃദയരൂപത്തിന്‍റെ മുമ്പിലെത്തി. ”എന്തുകൊണ്ട് നീ എന്‍റെ കുഞ്ഞിനെ കാത്തുസൂക്ഷിച്ചില്ല. ശരിയാണ്, കുഞ്ഞുങ്ങള്‍ വീണേക്കും. ആദ്യത്തെ വീഴ്ചയും ഒരു ദിവസം ഉണ്ടായേ പറ്റൂ. പക്ഷേ, ഇന്ന് ഇതു വേണ്ടിയിരുന്നോ?….
ഇന്നെനിക്കെങ്ങനെ അവിടെ എത്തി ഭംഗിയായി പ്രസംഗിക്കാനാവും? എന്‍റെ കുഞ്ഞിന്‍റെ നീരുവീര്‍ത്ത മുഖമാവില്ലേ തിരികെ എത്തുവോളം എന്‍റെ കണ്‍മുന്‍പില്‍…” പിന്നെയും എന്തെല്ലാമൊക്കെയോ ഞാന്‍ പുലമ്പി. കുറച്ചു പറഞ്ഞു കഴിയുമ്പോഴുള്ള ഒരു ശാന്തത. ആ ശാന്തതയില്‍ എന്‍റെ മനസില്‍ ഒരു സ്വരമുയര്‍ന്നു. ”ആരുടെ കുഞ്ഞാണവള്‍ നിന്‍റെ കുഞ്ഞോ?”
ഞാന്‍ പറഞ്ഞു, ”അതെ, എന്‍റെ കുഞ്ഞ്.”
ഒന്നുകൂടി ചിന്തിച്ചു നോക്കൂ, ”നിന്‍റെ കുഞ്ഞോ?”
ഞാനല്പമൊന്നയഞ്ഞു, ”നീ എനിക്കുതന്ന കുഞ്ഞ്.”
”അതെ. നീ അവളെ കാണുന്നതിനെത്രയോ മുമ്പ് ഞാന്‍ സ്‌നേഹിച്ചു തുടങ്ങിയ എന്‍റെ കുഞ്ഞ്. വളര്‍ത്താന്‍ ഞാന്‍ നിന്നെ ഏല്പിച്ച എന്‍റെ പൊന്നോമന കുഞ്ഞ്.”
വാദി പ്രതിയായി മാറുന്നതു ഞാനറിഞ്ഞു. പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു, ”അവളുടെ ചതഞ്ഞുവീര്‍ത്ത മുഖം കണ്ടപ്പോള്‍ എനിക്കു വല്ലാതെ വിഷമം തോന്നി. ഞാനെന്തൊക്കെയോ പറഞ്ഞു പോയി… എന്നോട്…” ‘
”നിന്‍റെ മോള്‍ ഒന്നു വീണപ്പോള്‍ നിനക്കിത്രയേറെ വേദന, ഈ വേദനയില്‍ ചവുട്ടിനിന്നുകൊണ്ടു നീ പോയി അവരോടു പറയുക, വീഴുന്ന ഓരോ പൊന്നോമനകളെക്കുറിച്ചും ഞാനെന്തുമാത്രം വേദനിക്കുന്നുവെന്ന്.”
അന്നു തീവണ്ടിയിലെ ബര്‍ത്തില്‍ കിടക്കുമ്പോള്‍ മനസു നിറയെ വീഴുന്ന കുഞ്ഞുങ്ങളായിരുന്നു. ആത്മീയമായി, മാനസികമായി, വൈകാരികമായി, ശാരീരികമായി തകരുന്ന കുഞ്ഞുങ്ങള്‍…. ദൈവത്തിന്‍റെ പൊന്നോമനകളുടെ വീഴ്ചകള്‍.
”എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്‍റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും” (മത്തായി 18/6). ”ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 18/10-11). ”ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍ ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” (മര്‍ക്കോസ് 10/14).
ദൈവത്തിന്‍റെ വേദനയെന്തെന്ന് അല്പമൊന്നൂഹിക്കാന്‍ എനിക്കു പറ്റി. വീഴ്ചകളെ ഒഴിവാക്കാനും വീഴാതെ ജീവിക്കാനും അവരെ ഒട്ടേറെ സഹായിക്കേണ്ട അദ്ധ്യാപകര്‍. അവരോട് ഈ പിതാവിന്‍റെ വേദനയുടെ കഥയാണ് പറയേണ്ടത് എന്ന് എനിക്കു മനസിലായി. തീവണ്ടിയില്‍ നിന്നും ഇറങ്ങിയ ഞാന്‍ ആദ്യം ചെയ്തത് കയ്യില്‍ കരുതിയിരുന്ന പ്രസംഗത്തിന്‍റെ കുറിപ്പടി കീറിക്കളയുകയായിരുന്നു.
ഞാന്‍ കണ്ടെത്തി
എന്‍റെ പ്രാര്‍ത്ഥന പലപ്പോഴും ദൈവം ചെയ്തതിലെ കുറ്റം കണ്ടെത്തലാകുന്നു. ദൈവത്തിന്‍റെ മറവികള്‍ ചൂണ്ടിക്കാട്ടലാകുന്നു. ദൈവത്തിനു നിര്‍ദ്ദേശങ്ങള്‍ നല്‍കലാകുന്നു. എന്‍റെ ഉത്തരവാദിത്വങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും അതിന്‍റെ കൂടി കുറ്റം ദൈവത്തിലാരോപിക്കയും ആകുന്നു. ദൈവഹിതമറിയാനും അതു നിറവേറ്റേണ്ടതെങ്ങനെയെന്നു ചോദിക്കാനും അതിനാവശ്യമായ ശക്തി നേടാനുമല്ലേ വാസ്തവത്തില്‍ എന്‍റെ പ്രാര്‍ത്ഥനാസമയം വിനിയോഗിക്കേണ്ടിയിരിക്കുന്നത്.
ഞാന്‍ പഠിച്ചു
പറഞ്ഞുകേട്ടതോ വായിച്ചറിഞ്ഞതോ ആയ ഒരു ദൈവത്തെയല്ല അനുഭവിച്ചറിഞ്ഞ ഒരു ദൈവത്തെ വേണം പ്രഘോഷിക്കുവാന്‍. ഓരോ കാര്യത്തെയും ഓരോ സംഭവത്തെയും ദൈവത്തിന്‍റെ കാഴ്ചപ്പാടിലൂടെ കണ്ട്, അനുഭവിച്ചാലേ പ്രവാചകദൗത്യം നിറവേറ്റാനാവൂ. അതിനാണ് പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമായിരിക്കുന്നത് (1 കോറിന്തോസ് 2/11-16).
*********
'