• Latest articles
നവം 28, 2024
Encounter നവം 28, 2024

ദൈവശാസ്ത്രം എന്‍റെ ഇഷ്ടവിഷയമായിരുന്നു. ഇവാഞ്ചലിക്കല്‍ വിശ്വാസം പുലര്‍ത്തിയിരുന്നതിനാല്‍ ഇവാഞ്ചലിക്കല്‍ ദൈവശാസ്ത്രഗന്ഥങ്ങള്‍ ധാരാളം വായിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ, പത്രോസ് എന്ന പാറമേല്‍ അല്ല; യേശു, ക്രിസ്തുവാണെന്ന വെളിപാടിന്‍മേലാണ് സഭ സ്ഥാപിക്കുന്നത് എന്ന വാദം ശക്തമായി തെളിയിക്കാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഞാന്‍ നടന്നിരുന്നത്. അതിനാല്‍ ”നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18) എന്ന വചനഭാഗം എനിക്കൊരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍ പഠനം തുടങ്ങിയതിലൂടെ മനസിലായി, ഈ വചനഭാഗത്ത് പത്രോസിനെയാണ് പാറയെന്ന് വിവക്ഷിച്ചിരിക്കുന്നത് എന്ന്.
മത്തായി 16/17-19 വചനങ്ങളില്‍ പത്രോസിനോട് യേശു പറയുന്ന മൂന്ന് വാക്യങ്ങള്‍ കാണാം:

1. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍!… (മത്തായി 16/17).
2. …നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും… (മത്തായി 16/18).
3. സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും…. (മത്തായി 16/19).
ഒന്നാമത്തേത് നിശ്ചയമായും ഒരു അനുഗ്രഹത്തെ കുറിക്കുന്നു. ദൈവത്തില്‍നിന്ന് ഒരു പ്രത്യേക വെളിപ്പെടുത്തല്‍ ലഭിച്ചതിനാല്‍ ശിമയോന്‍ ഭാഗ്യവാനാണ്. മൂന്നാമത്തേതും അനുഗ്രഹംതന്നെ, സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ ശിമയോന് നല്കും. അങ്ങനെയെങ്കില്‍ ഈ രണ്ട് അനുഗ്രഹങ്ങളുടെ മധ്യത്തിലുള്ള വാക്യവും ഒരു അനുഗ്രഹമാകാതെ തരമില്ല. അതൊരു പ്രശ്‌നമായി തോന്നി. പത്രോസെന്ന പാറമേല്‍ അല്ല അദ്ദേഹത്തിന് നല്കപ്പെട്ട വെളിപാട് എന്ന പാറമേല്‍ ആണ് സഭ പണിയപ്പെട്ടിരിക്കുന്നത് എന്നാണ് ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് പഠനങ്ങള്‍. ബൈബിളിന്‍റെ ഗ്രീക്ക് മൂലത്തില്‍ ജലൃേീ െഎന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനര്‍ത്ഥം ചെറിയ കല്ല് എന്നാണ്. എന്നാല്‍ പാറ എന്നര്‍ത്ഥം വരുന്നത് ജലൃേമ എന്ന പദത്തിനാണ്. അതിനാല്‍ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വ്യാഖ്യാതാക്കള്‍ പറയുന്നത് ‘പത്രോസേ, നീയൊരു ചെറിയ കല്ലാണ്, എന്നാല്‍ നിനക്ക് ലഭിച്ച വെളിപാടാകുന്ന പാറമേല്‍ ഞാനെന്‍റെ സഭ സ്ഥാപിക്കും’ എന്നാണ് യേശു ഉദ്ദേശിക്കുന്നത് എന്നത്രേ. പക്ഷേ മത്തായിയുടെ സുവിശേഷം രചിക്കപ്പെട്ട കാലത്ത് ഉപയോഗത്തിലിരുന്ന പുരാതന ഗ്രീക്കില്‍ ഈ രണ്ട് പദങ്ങള്‍ക്കും ഒരേ അര്‍ത്ഥമാണ് ഉണ്ടായിരുന്നത് എന്നത് ശ്രദ്ധിക്കുന്നില്ല.

അതേസമയംതന്നെ, യേശു ഉപയോഗിച്ചിരുന്ന ഹീബ്രുവിന്‍റെ സഹോദരഭാഷയായ അരമായഭാഷയില്‍ കേഫാ എന്ന പദമാണ് ഉള്ളത്. ഗ്രീക്കിലെ Petros, Petra എന്നീ രണ്ട് പദങ്ങള്‍ക്കും തുല്യമാണ് കേഫാ എന്ന പദം. മാത്രവുമല്ല, പത്രോസേ നീ ചെറിയ കല്ലാകുന്നു എന്നാണ് ആ വാക്യം എന്ന് കരുതുക. എങ്കില്‍ ആ ഖണ്ഡിക തീര്‍ത്തും വിഡ്ഢിത്തംപോലെയാകും. ഒന്ന് ഊഹിച്ചുനോക്കുക,
1. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍!…
2. …നീ വെറുമൊരു ചെറിയ കല്ലാണ്….
3. സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും….
ഇങ്ങനെയാണ് ആ വാക്യങ്ങളുടെ ക്രമീകരണമെന്ന് വിശ്വസിക്കാനാവുമോ?
ഈ ഭാഗം വിശദമായി പരിശോധിക്കുമ്പോള്‍ പത്രോസ് ശിഷ്യന്മാരുടെ തലവനാണെന്നതും വ്യക്തമാകും. മറ്റ് അപ്പസ്‌തോലര്‍ പത്രോസിന് ലഭിച്ച അധികാരങ്ങള്‍ പങ്കുവച്ചുനല്കപ്പെട്ടവരായിരുന്നു. ഈ പശ്ചാത്തലത്തില്‍, യേശുവിന്‍റെ സ്വര്‍ഗാരോഹണത്തിനുശേഷം അവിടുത്തെ സ്വര്‍ഗീയ അധികാരത്തിനുകീഴില്‍ ഭൗമികസഭയുടെ തലവന്‍ പത്രോസ് ആയിരുന്നു എന്നതും മനസിലാക്കാം. അങ്ങനെയെങ്കില്‍ ആദ്യത്തെ പാപ്പ പത്രോസാണെന്ന് കത്തോലിക്കര്‍ പറയുന്നത് ശരിയാണ്. ഇക്കാര്യങ്ങളെല്ലാം ശരിയാണെങ്കില്‍ മറ്റ് കത്തോലിക്കാപ്രബോധനങ്ങളും ശരിയായിരിക്കണം. ഇതെല്ലാം കണ്ടെത്തിയതോടെ ഞാനല്പം കുഴങ്ങിയെന്ന് പറയാം.

എങ്കിലും ഞാന്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ അടുത്ത വര്‍ഷം കത്തോലിക്കാ ദൈവശാസ്ത്രം ആഴത്തില്‍ പഠിച്ചു. അതോടെ കത്തോലിക്കാവിശ്വാസത്തോടുള്ള സമീപനം മയപ്പെട്ടു. ഭാര്യ റെനിയെ വിശുദ്ധബലിക്ക് കൊണ്ടുപോകാന്‍ തുടങ്ങി. സഭയില്‍ വിവാഹകൂദാശ സ്വീകരിക്കാന്‍ തയാറായി. 1991 ഡിസംബര്‍ ഒന്നിന് ഫാ. മാര്‍ക്ക് വുഡിന്‍റെ കാര്‍മികത്വത്തിലായിരുന്നു ഞങ്ങളുടെ യഥാര്‍ത്ഥവിവാഹം. രണ്ട് സാക്ഷികള്‍മാത്രമാണ് അതില്‍ സംബന്ധിച്ചത്. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഹ്രസ്വമായ വിവാഹകര്‍മം.

ഇങ്ങനെയൊക്കെയാണെങ്കിലും ദൈവശാസ്ത്രപരമായ ചില മേഖലകളില്‍ സഭയുടെ പഠനങ്ങളോട് എതിര്‍പ്പുണ്ടായിരുന്നു. എന്‍റെ നിലപാടുകള്‍ക്ക് കടുപ്പം കുറഞ്ഞിട്ടുണ്ടെന്ന് റെനി മനസിലാക്കിയെങ്കിലും, ഞാന്‍ മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് അവളെ അറിയിച്ചില്ല. കത്തോലിക്കാപ്രബോധനങ്ങളില്‍ എന്തെങ്കിലും ഗുരുതരപ്രശ്‌നം കണ്ടെത്തിയാല്‍ ഞാനിതെല്ലാം ഉപേക്ഷിക്കും, അതിനാല്‍ അവള്‍ക്ക് പ്രതീക്ഷ കൊടുത്തിട്ട് പിന്നീട് വിഷമിക്കാന്‍ ഇടവരുത്തേണ്ട എന്ന് കരുതി. പക്ഷേ, ഒടുവില്‍… പഠനങ്ങളുടെ പൂര്‍ത്തിയില്‍, കത്തോലിക്കാസഭ ഏകസത്യസഭയാണെന്ന് തിരിച്ചറിഞ്ഞ് സഭാംഗമാകണമെന്ന് ഞാന്‍ തീരുമാനിച്ചു.
1992 ജനുവരിയിലാണ് ഇക്കാര്യം റെനിയോട് വെളിപ്പെടുത്തിയത്. അവള്‍ക്ക് വളരെ സന്തോഷമായി. എന്നാല്‍ അവളെക്കാള്‍ കൂടുതല്‍ സന്തോഷം എനിക്കായിരുന്നു.

വലിയ നോമ്പ് സമീപിച്ചപ്പോള്‍ ആ ഈസ്റ്റര്‍ തലേന്ന് ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതിനെക്കുറിച്ച് ഞാന്‍ പദ്ധതിയിടാന്‍ തുടങ്ങി. പക്ഷേ അതത്ര മുന്നോട്ട് പോയില്ല. എന്നാല്‍ ഞാന്‍ പങ്കെടുത്തിരുന്ന ആരാധനാസമൂഹത്തില്‍നിന്ന് കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയ ലിയോണും സമാനമായ വിധത്തില്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയവരും പല കാര്യങ്ങളിലും സഹായിച്ചു. ഭാര്യയെ പ്രീതിപ്പെടുത്താനാണ് ഞാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതെന്ന് ആളുകള്‍ ചിന്തിക്കുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍, എന്‍റെ പ്രൊട്ടസ്റ്റന്റ് സുഹൃത്തുക്കള്‍ എന്നെ നന്നായി മനസിലാക്കിയിരുന്നു. ഭാര്യക്കുവേണ്ടിയല്ല ഞാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
പദ്ധതികള്‍ തകിടം മറിയുന്നു…

ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സംഭവവികാസം ആ നാളുകളിലുണ്ടായി. 1992 ജൂണ്‍ അവസാനം റെനിയുടെ 27-ാം ജന്മദിനത്തിനുശേഷം താമസിയാതെ, റെനിക്ക് തീരെ സുഖമില്ലാതെയായി. പതിവുള്ള ലക്ഷണങ്ങള്‍തന്നെയാണ് കാണപ്പെട്ടത് എന്നതിനാല്‍ വന്‍കുടലിലെ വ്രണങ്ങള്‍തന്നെയാണ് വില്ലന്‍ എന്ന് ഞങ്ങള്‍ കരുതി. പക്ഷേ പെട്ടെന്നുതന്നെ റെനിക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കാതെവന്നു, തീര്‍ത്തും കിടപ്പായി. വേദനകൊണ്ട് അവള്‍ കരഞ്ഞിരുന്ന ദിവസങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. നടുവേദനയ്ക്ക് ആശ്വാസത്തിനായി മസ്സാജ് തെറാപ്പി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതുകില്‍ ഒരു മുഴ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനകളിലാണ് വേദനാജനകമായ അക്കാര്യം അറിഞ്ഞത്, റെനിക്ക് കുടലില്‍ കാന്‍സറാണ്. അത് കണ്ടുപിടിക്കാന്‍ ഏറെ വൈകിയതിനാല്‍ ചികിത്സകൊണ്ട് രക്ഷപ്പെടുന്ന അവസ്ഥയായിരുന്നില്ല.

കീമോതെറാപ്പി ആരംഭിച്ചു. ഡോക്ടറുടെ നിഗമനമനുസരിച്ച്, ബ്ലഡ് ക്ലോട്ട് നിമിത്തം പെട്ടെന്നോ ന്യൂമോണിയ നിമിത്തം ആഴ്ചകള്‍കൊണ്ടോ, അതുമല്ലെങ്കില്‍ കാന്‍സര്‍നിമിത്തം മാസങ്ങള്‍ക്കകമോ റെനിയുടെ മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇടവകവൈദികനായ ഫാ. മാര്‍ക്ക് വുഡിനെ ഞാന്‍ കാര്യങ്ങള്‍ അറിയിച്ചു. അന്ന് രാത്രിതന്നെ അദ്ദേഹം ആശുപത്രിയില്‍ ഞങ്ങളുടെ മുറിയിലെത്തി. റെനിയുടെ അവസ്ഥയെക്കുറിച്ചും എന്‍റെ സഭാപ്രവേശത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ബുദ്ധിപരമായി ഒരുങ്ങാന്‍ അല്പസമയം എനിക്ക് ആവശ്യമുണ്ടെന്ന തോന്നലിലായിരുന്നു അതിനുമുമ്പ് ഞാന്‍. എന്നാല്‍, ഇപ്പോഴേ ഞാനേറെ സമയം വൈകിച്ചുവെന്നും ഇനിയെങ്കിലും ഒരു സമര്‍പ്പണം നടത്തേണ്ട സമയമായെന്നും ആ അവസ്ഥയിലൂടെ ദൈവം പറയുന്നതായി അനുഭവപ്പെട്ടു.

അന്ന് വെള്ളിയാഴ്ചയായിരുന്നു. ആ ഞായറാഴ്ച എന്‍റെ സഭാപ്രവേശം നടത്താമെന്ന് ഞങ്ങള്‍ ചിന്തിച്ചു. എന്നാല്‍ ശനിയാഴ്ച രാവിലെ റെനി ഗുരുതരാവസ്ഥയിലായി. എപ്പോള്‍ വേണമെങ്കിലും ശ്വാസം നിലച്ചേക്കാം എന്ന അവസ്ഥ. ഞാന്‍ വേഗം ഫാ. മാര്‍ക്കിനെ വിളിച്ചു. പിറ്റേ ദിവസം വരെ കാത്തുനില്ക്കാനാവില്ല, അപ്പോള്‍ത്തന്നെ എനിക്ക് സഭാംഗമാകണം എന്നുപറഞ്ഞു. വേഗം വരാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പക്ഷേ അദ്ദേഹം എത്തുംമുമ്പ് റെനിയുടെ ചെസ്റ്റ് എക്‌സ്-റേ പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞു, ”പേടിച്ചതുപോലെ ന്യൂമോണിയ അല്ല. ശ്വാസകോശത്തിനകത്തുള്ള മുഴകളാണ് റെനിയുടെ ശ്വാസോച്ഛ്വാസത്തെ തടസപ്പെടുത്തുന്നത്. അതിനാല്‍ത്തന്നെ ഉടനെ മരിക്കാനുള്ള സാധ്യതയില്ല. കുറച്ച് ആഴ്ചകള്‍കൂടെ ജീവിച്ചേക്കും.”

ഉടനെ മരണം സംഭവിക്കുകയില്ലെന്ന് പറഞ്ഞാലും അത് ഹൃദയം നുറുക്കുന്ന വാര്‍ത്തതന്നെയായിരുന്നു. പെട്ടെന്നുതന്നെ റെനിക്ക് വേദനസംഹാരിയായി മോര്‍ഫിന്‍ കൊടുക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും ഫാ. മാര്‍ക്ക് എത്തി എന്നെ കുമ്പസാരിപ്പിച്ചു. ഏറ്റവും ഹ്രസ്വമായ വിധത്തില്‍ കര്‍മങ്ങള്‍ നടത്തി എന്നെ സഭയിലേക്ക് സ്വീകരിച്ചു. റെനിക്ക് രോഗിലേപനവും നല്കി. തുടര്‍ന്ന് ഒരേ തിരുവോസ്തി ഭാഗിച്ച് ഞങ്ങള്‍ ഇരുവര്‍ക്കും വിശുദ്ധ കുര്‍ബാന തന്നു. അങ്ങനെ ഞങ്ങളുടെ ഒന്നിച്ചുള്ള ആദ്യത്തെയും അവസാനത്തെയും ദിവ്യകാരുണ്യസ്വീകരണം ഒരേ തിരുവോസ്തിയില്‍നിന്നായിരുന്നു.

എന്നെ സഭയിലേക്ക് സ്വീകരിക്കാന്‍ ഫാ.മാര്‍ക്ക് വരുന്നതിന് അല്പം മുമ്പ് റെനിക്ക് മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ നല്കിയിരുന്നതിനാല്‍ അവള്‍ ചെറിയ മയക്കത്തിലായിരുന്നു ദിവ്യകാരുണ്യസ്വീകരണം നടത്തിയത്. പക്ഷേ എന്താണ് നടക്കുന്നതെന്ന് അവള്‍ക്ക് അറിയാമായിരുന്നു. സാധിക്കുന്നത്ര ശ്രദ്ധയോടെ പങ്കെടുത്തതും തിരുവോസ്തിയുടെ ചെറുതുണ്ട് അല്പം ക്ലേശിച്ചാണെങ്കിലും ഉള്‍ക്കൊണ്ടതും അതിനാല്‍ത്തന്നെയായിരുന്നു. എന്‍റെ സഭാപ്രവേശം പൂര്‍ത്തിയായപ്പോള്‍ അവളെ ആലിംഗനം ചെയ്തുകൊണ്ട് ഞാന്‍ മന്ത്രിച്ചു, ”ഞാനിതാ സഭയ്ക്കുള്ളില്‍ പ്രവേശിച്ചിരിക്കുന്നു.” അതുകേട്ടപ്പോള്‍ ആ മുഖത്ത് അതിമനോഹരവും സമാധാനപൂര്‍ണവുമായ ഒരു പുഞ്ചിരി വിടര്‍ന്നു, ഏറെനേരം നീണ്ടുനിന്ന ഒരു പുഞ്ചിരി.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം റെനി മോര്‍ഫിന്‍ എടുത്തുകൊണ്ടിരുന്നു. അവള്‍ ഉണര്‍ന്നിരുന്നത് അടുത്ത മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ ആവശ്യപ്പെടാനാണ്. ബാക്കിയുള്ള തീര്‍ത്തും കുറഞ്ഞ ദിവസങ്ങള്‍ അവള്‍ ഉറങ്ങിത്തീര്‍ക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എനിക്ക് അവളോട് ഗൗരവമായി സംസാരിക്കണമായിരുന്നു. ബോധത്തോടെയുള്ള 20 മിനിറ്റ് എനിക്ക് നല്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് എനിക്കത് തന്നു. ആ സമയത്ത് ഞാനവളോട് സംസാരിച്ചു. ഞാനും മറ്റുള്ളവരും അവളെ എന്തുമാത്രം സ്‌നേഹിക്കുന്നുവെന്ന് ഞാനവളോട് പറഞ്ഞു. നിത്യതയിലായിരിക്കുമ്പോള്‍ അത് മനസിലാക്കാനാവും എന്ന് ഓര്‍മിപ്പിച്ചു.

പിറ്റേന്ന്…. ഏതാണ്ട് 10.30 ആയപ്പോള്‍ ഞാന്‍ സ്‌കോട്ട് ഹാനുമായി ഫോണില്‍ സംസാരിച്ചു. എന്‍റെ മാനസാന്തരകാലത്ത് ഞങ്ങള്‍ ഫോണ്‍സുഹൃത്തുക്കളായതാണ്. അദ്ദേഹം 11 മണിയോടെ ദിവ്യകാരുണ്യ ആരാധനക്കായി പോകുകയാണ്. ഞാന്‍ പറയുന്ന കാര്യങ്ങളോട് റെനി ആത്മീയമായി പ്രതികരിക്കണമെന്നും നിത്യതയിലേക്കുള്ള അവളുടെ യാത്ര സുഗമമാക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ആരാധനയ്ക്കായി പോയി. 11.10 ആയപ്പോഴേക്കും റെനിയുടെ ജീവന്‍ പിരിഞ്ഞു. ആ ദൈവിക ഇടപെടലിനെക്കുറിച്ച് മനസിലായത് വലിയൊരു ആശ്വാസം നല്കി.
അവസാനനിമിഷത്തില്‍ റെനി എന്‍റെ കണ്ണുകളിലേക്ക് നേരെ നോക്കി. ദൈവത്തില്‍ ശരണപ്പെടണമെന്നും എല്ലാം നന്നായിരിക്കുമെന്നും ഞാനവളെ സ്‌നേഹിക്കുന്നുവെന്നും ഞാനവളോട് പറഞ്ഞു. പിന്നെ അവള്‍ക്കൊരു ചുംബനം നല്കി. അതോടെ ഈ ഭൂമിയില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു.

പരസ്പരം സമ്മാനങ്ങള്‍ നല്കാനാണ് ദൈവം ഞങ്ങളെ ഒന്നിപ്പിച്ചതെന്ന് തോന്നുന്നു. ന്യൂ ഏജ് വിശ്വാസങ്ങളില്‍നിന്ന് ഞാന്‍ അവളെ രക്ഷപ്പെടുത്തി, ഒടുവില്‍ നിത്യജീവന്‍ സ്വന്തമാക്കാന്‍ സഹായിച്ചു. റെനിയുമായുള്ള വിവാഹം എനിക്ക് കത്തോലിക്കാവിശ്വാസം എന്ന സമ്മാനം ലഭിക്കാന്‍ സഹായകമായി. ആ വിവാഹം നിമിത്തമാണല്ലോ ഞാന്‍ കത്തോലിക്കാദൈവശാസ്ത്രം പഠിച്ചത്. അവളെ സഭയില്‍നിന്ന് പുറത്തേക്ക് നയിക്കാനാണ് ഞാനത് പഠിച്ചതെങ്കിലും ആ പഠനം എന്നെ കത്തോലിക്കാവിശ്വാസംതന്നെയാണ് ബൈബിള്‍ അനുസരിച്ചുള്ള യഥാര്‍ത്ഥവിശ്വാസം എന്ന ബോധ്യത്തിലേക്ക് നയിച്ചു.

റെനി ഇപ്പോഴും എനിക്ക് സമ്മാനങ്ങള്‍ നല്കുന്നുണ്ട്. അവള്‍ മരിക്കുന്നതിനുമുമ്പുള്ള ദിവസം ഞാന്‍ സംസാരിച്ചപ്പോള്‍ ചെയ്ത ഒരു കാര്യം പ്രാര്‍ത്ഥിക്കാനുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് നല്കുകയാണ്. ഇന്ന് അവള്‍ ക്രിസ്തുവിനോടൊത്ത് ആയിരിക്കുമ്പോള്‍, ഭൂമിയിലായിരുന്നപ്പോഴത്തെക്കാള്‍ ശക്തമായി അവള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും എന്നെനിക്കറിയാം. റെനി എനിക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നത് എനിക്ക് ആശ്വാസകരമാണ്. ”ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളൂ. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍മാത്രം” (എഫേസോസ് 4/4-6).
അമേരിക്കയില്‍നിന്നുള്ള കത്തോലിക്കാ അപ്പോളജിസ്റ്റും ഗ്രന്ഥകാരനും പ്രസംഗകനും പോഡ്കാസ്റ്റ് അവതാരകനുമാണ് ജിമ്മി ഏകിന്‍. Jimmy Akin എന്ന യുട്യൂബ് ചാനലിലൂടെ കത്തോലിക്കാപ്രബോധനങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്നതിലും അദ്ദേഹം സജീവമാണ്.

'

By: ജിമ്മി ഏകിന്‍

More
നവം 26, 2024
Encounter നവം 26, 2024

വിശുദ്ധ ജെര്‍ത്രൂദിന് ശുദ്ധീകരണാത്മാക്കളോട് വലിയ അനുകമ്പയുണ്ടായിരുന്നു. എല്ലാ ദിവ്യബലികളിലും ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി തീവ്രമായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഒരുദിനം, ദിവ്യകാരുണ്യ സ്വീകരണശേഷം ഈശോയോടൊപ്പം ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു.
അപ്പോള്‍ അവിടുന്ന് പറയുന്നത് വിശുദ്ധയക്ക് കേള്‍ക്കാന്‍ കഴിഞ്ഞു: ”ഓരോ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയുടെ സൗരഭ്യം നിങ്ങളെല്ലാവര്‍ക്കും അനുഭവിക്കാന്‍ ഞാന്‍ അനുവദിക്കും.” അന്ന് വിശുദ്ധ അപേക്ഷിച്ചതിലും കൂടുതല്‍ ശുദ്ധീകരണാത്മാക്കളെ ദിവ്യബലിക്കു ശേഷം ഈശോ മോചിപ്പിച്ച് സ്വര്‍ഗത്തിലേക്ക് ആനയിക്കുന്നത് അവള്‍ കണ്ടു. ഒരിക്കല്‍ വിശുദ്ധ ഈശോയോട് ചോദിച്ചു: ”കര്‍ത്താവേ, അങ്ങയുടെ അനന്ത കാരുണ്യത്താല്‍ അവിടുന്ന് എത്ര ആത്മാക്കളെ ശുദ്ധീകരണാവസ്ഥയില്‍ നിന്നും മോചിപ്പിക്കും?”

അവിടുന്നു പറഞ്ഞു: ”ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാവപ്പെട്ട ആത്മാക്കളെ മോചിപ്പിക്കാന്‍ എന്‍റെ സ്‌നേഹം എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നു. ദയാലുവായ ഒരു രാജാവിന്‍റെ ഏറ്റവും പ്രിയപ്പെട്ട സ്‌നേഹിതന്‍ കഠിന കുറ്റം ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ടാല്‍, രാജാവ് തന്‍റെ സുഹൃത്തിനെ രക്ഷിക്കാന്‍ എത്രയധികമായി ആഗ്രഹിക്കും. കുറ്റവാളിയായ സുഹൃത്തിന്‍റെ മോചനത്തിനുവേണ്ടി രാജ്യത്തെ പ്രഭുക്കന്മാര്‍ ആരെങ്കിലും തന്‍റെയടുക്കല്‍ വാദിച്ചിരുന്നെങ്കില്‍, മോചനത്തിനായി എന്തെങ്കിലും വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ സ്‌നേഹിതനെ കാരാഗൃഹത്തില്‍ നിന്നും മോചിപ്പിക്കാമായിരുന്നുവെന്ന് രാജാവ് തീര്‍ച്ചയായും ആഗ്രഹിക്കും. അപ്രകാരം ഏതെങ്കിലും അധികാരികള്‍ കുറ്റവാളിയുടെ മോചനത്തിനുവേണ്ടി അപേക്ഷിച്ചാല്‍ രാജാവ് വലിയ സന്തോഷത്തോടെ തന്‍റെ സ്‌നേഹിതനെ ജയിലില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യും.

ഇപ്രകാരം, ശുദ്ധീകരണാവസ്ഥയിലുള്ള എന്‍റെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സ്‌നേഹപൂര്‍വമായ പ്രാര്‍ത്ഥനയ്ക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഏറ്റവും വലിയ ആനന്ദത്തോടെ ഞാന്‍ സ്വീകരിക്കുകയും പാവപ്പെട്ട ശുദ്ധീകരണാത്മാക്കളെ മോചിപ്പിക്കുകയും ചെയ്യും. കാരണം ഞാന്‍ വലിയ വിലകൊടുത്ത്, അതായത് എന്നെത്തന്നെ വിലയായി നല്കി സ്വന്തമാക്കിയവരാണ് അവര്‍. അവര്‍ എത്രയും വേഗം എന്‍റെയടുക്കല്‍ എത്തിച്ചേരണമെന്നും എന്നോടൊപ്പം ആയിരിക്കണമെന്നും ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു.
നീ സ്‌നേഹത്തോടെ പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം, ശുദ്ധീകരണാത്മാവിന്‍റെ മോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ നാവ് ഒന്ന് ചലിപ്പിക്കുമ്പോള്‍ത്തന്നെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.”

ശുദ്ധീകരണാവസ്ഥയിലൂടെ കടന്നുപോകുന്ന പ്രിയപ്പെട്ടവര്‍ക്കായി സ്‌നേഹത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. അത് ഈശോയ്ക്ക് ഏറെ പ്രിയങ്കരമാണ്. അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനയ്ക്കായി കാത്തിരിക്കുന്നു. ഈശോ വിശുദ്ധ ജര്‍ത്രൂദിനെ പഠിപ്പിച്ച പ്രാര്‍ത്ഥന മനപാഠമാക്കി, കൂടെക്കൂടെ പ്രാര്‍ത്ഥിച്ചുകൊണ്ട് ആയിരക്കണക്കിന് ആത്മാക്കളെ നമുക്ക് സ്വര്‍ഗത്തിലേക്ക് കരേറ്റാം. അവര്‍ നമ്മുടെ സഹായം എന്നും കൃതജ്ഞതയോടെ അനുസ്മരിക്കുകയും പ്രത്യുപകാരമായി നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ച് സഹായിക്കുകയും ചെയ്യും.

'

By: Shalom Tidings

More
നവം 14, 2024
Encounter നവം 14, 2024

മെക്‌സിക്കോ ഉള്‍പ്പെടെ ലാറ്റിന്‍ അമേരിക്കയിലെങ്ങും നിത്യാരാധനാചാപ്പലുകള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ പുരോഹിതനാണ് പട്രീഷിയോ ഹിലീമെന്‍. അദ്ദേഹം പങ്കുവച്ച, എട്ടുവയസ്സുള്ള മെക്‌സിക്കന്‍ ബാലന്‍റെ അനുഭവം.
യുക്കാറ്റിനിലെ മിര്‍ദിയായില്‍ നിത്യാരാധനാ ചാപ്പലിലെ ദിവ്യബലിക്കിടെ ഫാ. പട്രീഷിയോ പറഞ്ഞു, ”അതിരാവിലെ ഉണര്‍ന്ന് പ്രാര്‍ത്ഥിക്കുന്നവരെ യേശൂ നൂറുമടങ്ങ് അനുഗ്രഹിക്കും. പ്രാര്‍ത്ഥനയുടെ മണിക്കൂറിനായി യേശു നിങ്ങളെ ക്ഷണിക്കുന്നു. ഒരു മണിക്കൂര്‍ നിങ്ങള്‍ക്ക് എന്‍റെ ഒപ്പം ഉണര്‍ന്നിരിക്കുവാന്‍ കഴിയുകയില്ലേയെന്ന് യേശു നിങ്ങളോട് ചോദിക്കുന്നു.”

എട്ടുവയസുകാരന്‍ ഡീഗോ ആ വാക്കുകള്‍ ഹൃദയത്തില്‍ ഏറ്റെടുത്തു. പിതാവിന്‍റെ മദ്യപാനം, കുടുംബത്തിലെ ദാരിദ്ര്യം എന്നിവ മാറാനും വീട്ടില്‍ സന്തോഷമുണ്ടാകാനുമായി രാവിലെ മൂന്ന് മണിക്ക് ചാപ്പലില്‍ ജാഗരിച്ച് പ്രാര്‍ത്ഥിക്കാന്‍ അവന്‍ തീരുമാനിച്ചു. അമ്മയുടെ പിന്തുണയും കിട്ടിയതോടെ ആ തീരുമാനം പ്രാവര്‍ത്തികമായി.
ഒരാഴ്ച പ്രാര്‍ത്ഥിച്ചപ്പോള്‍ അവന്‍ അപ്പനെയും കൂടെ ക്ഷണിച്ചു. പക്ഷേ അദ്ദേഹം ക്ഷണം നിരസിക്കുകയാണുണ്ടായത്. പക്ഷേ ഡീഗോ പ്രാര്‍ത്ഥന തുടര്‍ന്നു. ആ പ്രാര്‍ത്ഥന ഫലം കണ്ടു! ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്‍റെ അപ്പനും ചാപ്പലില്‍ വരാന്‍ തുടങ്ങി. പതിയെ അദ്ദേഹം മദ്യപാനം നിര്‍ത്തി. കുടുംബത്തില്‍ സന്തോഷം വന്നു. അതോടൊപ്പം ദാരിദ്ര്യത്തില്‍നിന്നും അവര്‍ കരകയറി.

”കര്‍ത്താവേ! എളിയവരുടെ അഭിലാഷം അവിടുന്ന് നിറവേറ്റും; അവരുടെ ഹൃദയത്തിന് ധൈര്യം പകരും; അവിടുന്ന് അവര്‍ക്ക് ചെവികൊടുക്കും” (സങ്കീര്‍ത്തനങ്ങള്‍ 10/17)

'

By: Shalom Tidings

More
നവം 10, 2024
Encounter നവം 10, 2024

കര്‍ത്താവ് തന്‍റെ സ്വന്തനിശ്ചയത്താല്‍ തിരഞ്ഞെടുത്ത് ആദരിച്ചുയര്‍ത്തുന്ന ഒരു പ്രവാചകനാണ് ഹബക്കുക്ക്. ഹബക്കുക്കിന് ദൈവം നല്‍കുന്ന ആദരവും അംഗീകാരവും തിരുവചനങ്ങളില്‍ വായിച്ചറിയുമ്പോള്‍ നാം നെറ്റിചുളിച്ചുപോകും. യഹോവയായ ദൈവം ഈ മനുഷ്യനെ എന്തുകൊണ്ട് ഇത്രമേല്‍ ആദരിച്ചു എന്നോര്‍ത്ത്. എന്നാല്‍ തിരുവചനങ്ങളുടെ ചുരുളഴിയുമ്പോള്‍ നാം തിരിച്ചറിയുന്ന ഒരു സംഗതിയുണ്ട്. അദ്ദേഹം തീര്‍ച്ചയായും അര്‍ഹിക്കുന്ന ഒന്നായിരുന്നു ആ ബഹുമാനം എന്നതാണത്.

ദാനിയേലിന്‍റെ പുസ്തകത്തില്‍

ഹബക്കുക്ക് പ്രവാചകനെ നാം ആദ്യമായി കണ്ടുമുട്ടുന്നത് പ്രവാചകനായ ദാനിയേലിന്‍റെ പുസ്തകത്തിലാണ്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനും നീതിമാനും വിശുദ്ധനുമായ രാജാക്കന്മാരാല്‍ ബഹുമാന്യനുമായ ഒരു വ്യക്തിയായിരുന്നു പ്രവാചകനായ ദാനിയേല്‍. അദ്ദേഹം ഏകസത്യവിശ്വാസത്തില്‍ ഉറച്ചുനിന്നവനും ആ വിശ്വാസത്തില്‍ സ്വന്തജനമായ യഹുദരെ വളര്‍ത്തുവാന്‍ പോരാടിയവനുമായിരുന്നു. രാജാക്കന്മാര്‍ ദാനിയേലിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെങ്കിലും ദാനിയേല്‍ അവരുടെ അധീനതയിലാണ് ജീവിച്ചിരുന്നത്. തന്മൂലം വിഗ്രഹാരാധകരായ അവരില്‍നിന്നും ഏകസത്യദൈവമായ യഹോവയെ പിന്തള്ളി വിഗ്രഹാരാധന നടത്തുവാനുള്ള പ്രലോഭനങ്ങളും പ്രേരണകളും ദാനിയേലിന്‍റെ ജീവിതത്തില്‍ എന്നുമെക്കാലവും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ദാനിയേല്‍ ധീരതയോടെ നിലകൊണ്ട് ആ പ്രേരണകളെ ചെറുത്തുതോല്‍പിച്ചു. മാത്രമല്ല അവര്‍ ആരാധിച്ചിരുന്ന ബേല്‍, വ്യാളം എന്നീ വിഗ്രഹങ്ങളെ തകര്‍ത്തുകളയുകയും അവ കേവലം വിഗ്രഹങ്ങള്‍ മാത്രമാണെന്നും ദൈവങ്ങളല്ലെന്നും തെളിയിക്കുകയും ചെയ്തു. അവയ്ക്കു ശുശ്രൂഷ ചെയ്തിരുന്ന പുരോഹിതന്മാരെ രാജാവിന്‍റെ അനുവാദത്തോടെ വാളിന് ഇരയാക്കി. തന്മൂലം അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന വിഗ്രഹാരാധകനായ സൈറസ് രാജാവ് മാനസാന്തരപ്പെട്ട് ഏകസത്യദൈവത്തെ ആരാധിക്കുവാന്‍ തുടങ്ങി. ഇത് വിഗ്രഹാരാധകരായ ജനങ്ങളില്‍ വലിയ പ്രതിഷേധവും പ്രതികാരചിന്തയും ഉളവാക്കി.

അവര്‍ സൈറസ് രാജാവിനോടു പറഞ്ഞു ”ദാനിയേലിനെ ഞങ്ങള്‍ക്കു വിട്ടുതരിക. അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്‍റെ കുടുംബാംഗങ്ങളെയും കൊല്ലും.” രാജാവ് ഭയപ്പെട്ട് അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മനസില്ലാ മനസോടെ ദാനിയേലിനെ അവര്‍ക്കു വിട്ടുകൊടുത്തു. അവര്‍ ദാനിയേലിനെ സിംഹങ്ങളുടെ കുഴിയില്‍ എറിഞ്ഞു. ആറുദിവസം അവന്‍ അവിടെ കഴിച്ചുകൂട്ടി. ഏഴു സിംഹങ്ങള്‍ ആ കുഴിയില്‍ ഉണ്ടായിരുന്നു. ദിവസേന അവയ്ക്ക് രണ്ടു മനുഷ്യശരീരങ്ങളും രണ്ട് ആടുകളും കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ ദാനിയേലിനെ വളരെ വേഗത്തില്‍ വിഴുങ്ങേണ്ടതിന് അവയ്ക്ക് ഇവയൊന്നും ആ ദിവസങ്ങളില്‍ കൊടുത്തിരുന്നില്ല. ദാനിയേലിനെ വിഴുങ്ങാതിരിക്കാന്‍ ദൈവം തന്‍റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായടച്ചു. മാത്രമല്ല തികഞ്ഞ പ്രതികൂലങ്ങളുടെ നടുവില്‍ മുഴുപ്പട്ടിണിയിലായ തന്‍റെ പ്രിയപ്പെട്ട ദാസനായ ദാനിയേലിന് ഭക്ഷണമെത്തിച്ചുകൊടുക്കുവാന്‍ താന്‍ അത്യധികം സ്‌നേഹിക്കുന്ന മറ്റൊരു ദാസനായ ഹബക്കുക്കിനെ നിയോഗിക്കുകയും ചെയ്തു.

ഹബക്കുക്കിന്‍റെ തിരഞ്ഞെടുപ്പ്

അക്കാലത്ത് ഹബക്കുക്ക് പ്രവാചകന്‍ യൂദയായിലുണ്ടായിരുന്നു. അദ്ദേഹം പാടത്തു പണിയുന്ന തന്‍റെ കൊയ്ത്തുകാര്‍ക്ക് കൊടുക്കാനായി പൊടിച്ച അപ്പവും കറിയും എടുത്ത് വയലിലേക്ക് പോവുകയായിരുന്നു. കര്‍ത്താവിന്‍റെ ദൂതന്‍ അവന്‍റെ വഴിമുടക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു. നിന്‍റെ കൈയിലുള്ള ഭക്ഷണം ബാബിലോണില്‍ സിംഹക്കുഴിയില്‍ കിടക്കുന്ന ദാനിയേലിന് എത്തിച്ചുകൊടുക്കുക. അപ്പോള്‍ നിസഹായതയോടെ ഹബക്കുക്ക് ദൈവദൂതനെ നോക്കിപ്പറഞ്ഞു. ”പ്രഭോ, ഞാനൊരിക്കലും ബാബിലോണ്‍ കണ്ടിട്ടില്ല. സിംഹക്കുഴിയെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ദൈവത്തിന്‍റെ ദൂതന്‍ ഹബക്കുക്കിന്‍റെ മുടിക്കുത്തിന് പിടിച്ച് തൂക്കിയെടുത്ത് ബാബിലോണില്‍ സിംഹക്കുഴിയുടെ മുകളില്‍ വായുവേഗത്തില്‍ എത്തിച്ചു. അപ്പോള്‍ ഹബക്കുക്ക് വിളിച്ചുപറഞ്ഞു. ”ദാനിയേല്‍ ദാനിയേല്‍ ദൈവം നിനക്ക് എത്തിച്ചുതന്നിരിക്കുന്ന ഭക്ഷണം കഴിച്ചാലും.” ദാനിയേല്‍ പറഞ്ഞു. ദൈവമേ അങ്ങ് എന്നെ ഓര്‍മിച്ചിരിക്കുന്നു. അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല. ദാനിയേല്‍ എഴുന്നേറ്റ് ഭക്ഷണം കഴിച്ചു. കര്‍ത്താവിന്‍റെ ദൂതന്‍ ഉടന്‍തന്നെ ഹബക്കുക്കിനെ അവന്‍റെ സ്ഥലത്തേക്ക് മടക്കിക്കൊണ്ടുവന്നു.

ഹബക്കുക്ക് ഒരു അനിവാര്യതയായിരുന്നുവോ?

യഹോവയായ ദൈവത്തിന്‍റെ അത്ഭുതകരമായ ഒരു തീറ്റിപ്പോറ്റലാണ് മുമ്പുള്ള വരികളില്‍ നാം വായിച്ചത്. ഇതു വായിക്കുമ്പോള്‍ നാം ചിലപ്പോള്‍ നെറ്റിചുളിച്ചു ചിന്തിച്ചുപോകും, ദൈവമായ കര്‍ത്താവിന് തന്‍റെ ദാസനായ ദാനിയേലിന് ഭക്ഷണം കൊടുക്കാന്‍ അനേകമൈല്‍ ദൂരെ യൂദയായില്‍ ജീവിച്ചിരുന്ന ഹബക്കുക്ക് പ്രവാചകന്‍തന്നെ വേണമായിരുന്നോ എന്ന്. ആകാശത്തുനിന്നും മന്ന പൊഴിച്ച് തന്‍റെ ജനമായ ഇസ്രായേലിനെ മരുഭൂമിയില്‍ തീറ്റിപ്പോറ്റിയവനാണ് അവിടുന്ന്. ആ മന്നപോലെ കുറച്ച് അപ്പം ദൈവദൂതന്‍റെ കൈയില്‍ കൊടുത്തുവിട്ടാല്‍ പോരായിരുന്നോ അവിടുത്തേക്ക്.

അനേകമൈല്‍ ദൂരെ സ്വന്തം വയലിലേക്ക് പണിക്കാര്‍ക്കുള്ള അപ്പവുമായി പോയ ഹബക്കുക്കിനെ മുടിക്ക് തൂക്കിപ്പിടിച്ച് വായുവേഗത്തില്‍ ആകാശത്തിലൂടെ പറത്തി ബാബിലോണിലെ സിംഹക്കുഴിയുടെ മുകളില്‍ എത്തിക്കണമായിരുന്നോ?! തൊട്ടടുത്ത് അതുമല്ലെങ്കില്‍ ബാബിലോണില്‍ത്തന്നെയുള്ള സത്യദൈവത്തെ ആരാധിക്കുന്ന ഏതെങ്കിലും വീട്ടില്‍ച്ചെന്ന് അവിടെ ചുട്ട അപ്പം കൊണ്ടുപോയി ദാനിയേലിന് കൊടുക്കുവാന്‍ ദൈവദൂതനെ ഏര്‍പ്പാടു ചെയ്യാമായിരുന്നു. പക്ഷേ ദൈവമതു ചെയ്തില്ല. അതുമല്ലെങ്കില്‍ സര്‍വശക്തനായ അവിടുത്തേക്ക് ശൂന്യതയില്‍നിന്നും അപ്പം സൃഷ്ടിച്ച് ദൈവദൂതന്‍റെ സഹായംപോലുമില്ലാതെ താന്‍ സ്‌നേഹിക്കുന്ന തന്‍റെ ദാസനായ ദാനിയേലിന് നല്‍കാമായിരുന്നു. അതും അവിടുന്ന് ചെയ്തില്ല. പിന്നെയോ ഈ അപ്പം കൊടുക്കല്‍ശുശ്രൂഷ നിര്‍വഹിക്കുവാന്‍ അങ്ങുദൂരെ വിദേശത്തു വസിച്ച ഹബക്കുക്ക് എന്ന ഒറ്റയൊരുവനെമാത്രം ദൈവം തിരഞ്ഞെടുത്തു. എന്തുകൊണ്ട്… എന്തുകൊണ്ടിങ്ങനെയെന്ന് നാം ചോദിച്ചുപോയേക്കാം.

അതിനുള്ള ഉത്തരം ലഭിക്കണമെങ്കില്‍ നാം ഹബക്കുക്കിന്‍റെ പുസ്തകം അവസാനത്തെ അധ്യായത്തിന്‍റെ അവസാനഭാഗത്ത് കണ്ണോടിക്കണം. അവിടെ ഹബക്കുക്ക് തന്‍റെ ഹൃദയാന്തര്‍ഭാഗത്തുനിന്നും ഒഴുകുന്ന മിഴിനീരോടെ തന്‍റെ ദൈവത്തോടു നടത്തുന്ന ആഴത്തിലുള്ള ഒരു സമര്‍പ്പണം നാം കാണുന്നു. അവിടെ താന്‍ വിശ്വസിക്കുന്ന തന്‍റെ ദൈവത്തിന്‍റെ വഴികളെക്കുറിച്ചുള്ള ഒടുങ്ങാത്ത പ്രത്യാശ ഹബക്കുക്കിന്‍റെ വാക്കുകളില്‍ തെളിഞ്ഞുനില്‍ക്കുന്നു. കര്‍ത്താവേ, ”അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും. എന്‍റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും. കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം. കലമാന്‍റെ പാദങ്ങള്‍ക്കെന്നതുപോലെ അവിടുന്ന് എന്‍റെ പാദങ്ങള്‍ക്ക് വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു” (ഹബക്കുക്ക് 3/17-19).

നൂറുശതമാനവും തന്‍റെ വിശ്വാസത്തെ തകര്‍ക്കാന്‍ തക്കവിധം തനിക്കെതിരെ കാര്യങ്ങള്‍ പ്രതികൂലമായി നിലകൊള്ളുമ്പോഴും തന്നെ വിളിച്ചു വേര്‍തിരിച്ച് അഭിഷേകം ചെയ്ത ദൈവത്തോടുള്ള അചഞ്ചലമായ സ്‌നേഹവും അവിടുന്നിലുള്ള മാറ്റമില്ലാത്ത പ്രത്യാശയുമാണ് ആ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. തീര്‍ച്ചയായും ഹബക്കുക്ക് ഒത്തിരി വലിയവന്‍ തന്നെ. ദൈവം തിരഞ്ഞെടുത്തു നിയോഗിച്ച മറ്റെല്ലാ പ്രവാചകന്മാരെക്കാളും അതിശ്രേഷ്ഠനും അവന്‍തന്നെ. കാരണം ദൈവം തിരഞ്ഞെടുത്തു നിയോഗിച്ച മറ്റെല്ലാ പ്രവാചകന്മാരും തങ്ങളുടെ പ്രവാചകദൗത്യത്തിന്‍റെ ഭാഗമായി നേരിടേണ്ടിവന്ന കഠിനസഹനങ്ങളുടെ നേരത്ത് ദൈവത്തോടു മറുതലിക്കുകയും വിശ്വാസം നഷ്ടപ്പെട്ടവരെപ്പോലെ ദൈവത്തോടു വാദിക്കുകയും മറുചോദ്യങ്ങള്‍ ചോദിക്കുകയും ദൈവത്തെ കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്.

സൗമ്യന്മാരില്‍ അതിസൗമ്യനായ മോശപോലും ദൈവത്തോടു കയര്ത്തു. ”ഞാനിവരെയെല്ലാം മുതുകത്തു വഹിക്കുവാന്‍ ഞാനാണോ ഇവരെയെല്ലാം പ്രസവിച്ചത്?” എന്ന് താന്‍ വാഗ്ദാനനാട്ടിലേക്ക് നയിച്ച ജനമായ ഇസ്രായേലിനെക്കുറിച്ച് മോശ ദൈവത്തോടു കയര്‍ക്കുന്നു.
പക്ഷേ ഹബക്കുക്ക് എന്ന ഒരൊറ്റ പ്രവാചകന്‍ മാത്രമേ എല്ലാം പ്രതികൂലമായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും. എന്‍റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും. കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം എന്ന് തികഞ്ഞ പരമാര്‍ത്ഥതയോടെ ദൈവത്തോടു പറഞ്ഞിട്ടുള്ളൂ. അതാണ് ഹബക്കുക്കിന്‍റെ മഹത്വം. അതാണ് ഹബക്കുക്കിനെ മറ്റു പ്രവാചകന്മാരില്‍നിന്നും വ്യത്യസ്തനാക്കിത്തീര്‍ക്കുന്നത്. തികഞ്ഞ പ്രതികൂലങ്ങളുടെ നടുവിലും ദൈവത്തിന്‍റെ ഹിതങ്ങളോടും അവിടുത്തെ പദ്ധതികളോടുമുള്ള ചോദ്യം ചെയ്യാത്തതും നിരുപാധികവുമായ വിധേയത്വം! അതാണ് ഹബക്കുക്കിനെ അനന്യനാക്കുന്നത്! ഇവിടെ ദാനിയേലും ഹബക്കുക്കും ഒരുമിക്കുന്നു. തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ദാസനായ ദാനിയേലിന് അപ്പം നല്‍കി പോറ്റാന്‍തക്ക യോഗ്യതയുള്ള തുണയായി ദൈവം ഹബക്കുക്കിനെ ഉയര്‍ത്തുന്നു.

എല്ലാം അനുകൂലമായിരിക്കെ ദൈവത്തെ സ്തുതിക്കുക ഏതൊരുവനും സാധ്യമായ സംഗതിയാണ്. എന്നാല്‍ എല്ലാം പ്രതികൂലമായിരിക്കെ ദൈവത്തെ സ്തുതിക്കുക, തന്നെ തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത ദൈവത്തില്‍ പൂര്‍ണമായും പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ദൈവമായ കര്‍ത്താവാണ് എന്‍റെ ബലമെന്ന് ഉച്ചത്തില്‍ പ്രഘോഷിക്കാന്‍ കഴിയുക, അത് ഏറ്റവും മഹത്തരമായ കാര്യമാണ്. അത് ചെയ്തവനാണ് ഹബക്കുക്ക്. ഹബക്കുക്കിനെപ്പോലെ ശക്തനും ധീരനും അചഞ്ചലനുമായിരിക്കാനുള്ള അഭിഷേകത്തിനായി നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. ”എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” എന്ന് എല്ലാ പ്രതികൂലങ്ങളുടെ നടുവിലും ദൈവത്തോടും മനുഷ്യനോടും പറഞ്ഞ പരിശുദ്ധ മറിയം, നമ്മുടെ അമ്മ, ഈ ഒരവസ്ഥയിലേക്കുയരാന്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ച് നമ്മെ സഹായിക്കട്ടെ. ‘പ്രെയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ.’

'

By: സ്റ്റെല്ല ബെന്നി

More
നവം 08, 2024
Encounter നവം 08, 2024

ദൈവത്താല്‍ പ്രചോദിതമായ തിരുവെഴുത്തുകള്‍ ഒരു കൊട്ടാരത്തിനുള്ളില്‍ പൂട്ടിയിട്ടിരിക്കുന്ന മുറികള്‍പോലെയാണ്. ഓരോ മുറിയും തുറക്കാന്‍ താക്കോലുകളുണ്ട്. പക്ഷേ ശരിയായ താക്കോലുകളല്ല വാതിലില്‍ കിടക്കുന്നത്. എല്ലാ താക്കോലുകളും ചിതറിക്കിടക്കുന്നതിനാല്‍ ഒന്നും പൊരുത്തപ്പെടുന്നില്ല. വിശ്വാസത്തോടെ വിശുദ്ധഗ്രന്ഥം തുറക്കുന്ന വിശ്വാസിക്ക് താക്കോലുകള്‍ ഏതെന്ന് അറിയാം; തിരുവെഴുത്തുകളുടെ അര്‍ത്ഥം മനസിലാക്കാന്‍ അവനെ അനുവദിക്കുന്ന താക്കോലുകള്‍, ദൈവം തനിക്കായി പ്രത്യേകം കരുതിയിരിക്കുന്ന താക്കോലുകള്‍.
ഒരിജന്‍

'

By: Shalom Tidings

More
നവം 06, 2024
Encounter നവം 06, 2024

എന്‍റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് ഞാന്‍. മാതാപിതാക്കളും ചേട്ടനും അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍നിന്ന് 2003 ജൂണ്‍ മാസം എട്ടാം തിയതി ഞാന്‍ പൗരോഹിത്യപരിശീലനത്തിനായി ഇറങ്ങി. സ്‌കൂള്‍ പഠനകാലത്ത് പഠനത്തില്‍ മോശമായിരുന്നു. എന്നാല്‍ വൈദികപരിശീലനകാലത്ത് പഠനമേഖലയില്‍ ഈശോ പ്രത്യേക അനുഗ്രഹം ചൊരിയാന്‍ തുടങ്ങി. സാമാന്യം മികച്ച മാര്‍ക്കാണ് എനിക്ക് വൈദികപഠനസമയത്ത് ലഭിച്ചുകൊണ്ടിരുന്നത്. അങ്ങനെ സന്തോഷകരമായി സെമിനാരിജീവിതം മുന്നോട്ടുപോയിക്കൊണ്ടിരുന്നു.
വൈദികപരിശീലനം ആരംഭിക്കുന്ന ഓരോ വൈദികവിദ്യാര്‍ത്ഥിയും സ്വപ്നം കാണുന്ന ഒരു ദിവസമുണ്ട്, ആദ്യമായി ഈശോയുടെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കുന്ന ദിവസം. ആ സ്വപ്നത്തിലേക്ക് ഞാനുള്‍പ്പെടെയുള്ള ഞങ്ങളുടെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ അടുത്തുകൊണ്ടിരുന്നു… തിരുപ്പട്ടത്തിലേക്ക് എത്താന്‍ ഏതാണ്ട് ഒന്നരവര്‍ഷം ബാക്കി നില്ക്കുന്ന നാളുകള്‍.

ഒരു ദിവസം നേരം വെളുത്തപ്പോള്‍ എന്‍റെ ഇടത്തേ കണ്ണിന് കാഴ്ചയില്ല! കണ്ണാടിയില്‍ നോക്കി പരിശോധിച്ചപ്പോള്‍ ആ കണ്ണ് തുറന്നുതന്നെയിരിക്കുന്നുണ്ട്, പക്ഷേ കാര്യമായി ഒന്നും കാണുന്നില്ല! തുടര്‍ന്ന് ചികിത്സകള്‍ക്കായി പോയി. പരിശീലകരായ വൈദികര്‍ക്ക് എന്നെ മുന്നോട്ട് പോകാന്‍ അനുവദിക്കണോ എന്നുള്ള സംശയങ്ങളും ആകുലതകളുമൊക്കെയുണ്ട്. കാരണം കാഴ്ചയില്ലാത്ത ഒരാള്‍ക്ക് അജപാലനപരമായ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവില്ലല്ലോ. പക്ഷേ കര്‍ത്താവിന്‍റെ പ്രത്യേക കരുതല്‍നിമിത്തം പഠനമേഖലകളിലും പ്രാര്‍ത്ഥനാജീവിതത്തിലുമെല്ലാം സമൃദ്ധമായി എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി.

തളരാതിരുന്നതിനുപിന്നില്‍….

ആ സമയത്ത് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ‘എങ്ങനെ തളരാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു? പേടി തോന്നിയില്ലേ?’ വാസ്തവത്തില്‍, ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുന്നതിന് നാലുമാസങ്ങള്‍ക്കുമുമ്പ് പരിശുദ്ധ കുര്‍ബാനയുടെ ഇടയില്‍ ഈശോ എനിക്കൊരു അനുഭവം തന്നു. ആ അനുഭവം ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴും ആവര്‍ത്തിച്ചു. ഈ രണ്ട് അനുഭവങ്ങളും എന്‍റെ ആത്മീയപിതാവിനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ അത് ഈശോയുടെ തിരുശരീരമാണെന്നും തിരുരക്തമാണെന്നും കുറെക്കൂടി വിശ്വസിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ലേ. ഈ വിശ്വാസം ഉള്ളില്‍ വച്ചാല്‍ മതി.”

ആ ഉപദേശം സ്വീകാര്യമായിരുന്നു. പക്ഷേ അതോടൊപ്പംതന്നെ എന്തോ ഒരു വേദന വരാന്‍ പോകുന്നുണ്ടോ എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് 2012 മെയ് 30-ന് ഇടത്തേ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടത്.
അതേത്തുടര്‍ന്ന് സെമിനാരിയില്‍ അവസാന ഒന്നര വര്‍ഷത്തെ പ്രധാന പഠനങ്ങള്‍ക്കൊപ്പം ചികിത്സകളും നടന്നുകൊണ്ടിരുന്നു. ആ വര്‍ഷം കടന്നുപോയി. അടുത്ത വര്‍ഷത്തെയും പഠനം ഏതാണ്ട് പൂര്‍ത്തിയായി. തിരുപ്പട്ടം കിട്ടാനായി നിശ്ചയിച്ചിരുന്ന ദിവസങ്ങള്‍ അടുക്കുകയാണ്. ആ സമയത്ത് ഞാനും ഒപ്പമുള്ളവരും ചേര്‍ന്ന് പീലാസയും കാസയും കാപ്പയുമൊക്കെ വാങ്ങാനായി പോയി. അതെല്ലാം കൈയില്‍ കിട്ടാനായി കൊതിയോടെ കാത്തിരിക്കുന്ന സമയം. ആ ഡിസംബര്‍ 15-ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്‍റെ വലത്തേ കണ്ണിന്‍റെ കാഴ്ചയും നഷ്ടമായിരുന്നു. അപ്പച്ചന്‍ എന്നെയുംകൊണ്ട് ആശുപത്രിയില്‍ കയറിയിറങ്ങി. ഡോക്ടര്‍ അവസാനം പറഞ്ഞു, ”ഞാനും പ്രാര്‍ത്ഥിക്കാം.” കാരണം മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഈശോ ഉത്തരം പറഞ്ഞില്ല…

തീര്‍ത്തും അവ്യക്തമായി എന്തോ കാണുന്നു എന്നുമാത്രമേയുണ്ടായിരുന്നുള്ളൂ പിന്നീട്. ആ ദിവസങ്ങളില്‍ കൂട്ടുകാര്‍ കാസയും പീലാസയും എന്‍റെ കൈയില്‍ കൊണ്ടുവന്നുതന്നു. അന്ന് ഞാന്‍ ഹൃദയം നൊന്ത് ചോദിച്ചു, ”ഈശോയേ, ഈ പീലാസയെടുത്ത് ഇതില്‍ നിന്‍റെ തിരുശരീരം വച്ച് ഇതെന്‍റെ ശരീരമാകുന്നു എന്നു പറയാന്‍ എന്നെ അനുവദിക്കുമോ? കാസയെടുത്ത് ഇതെന്‍റെ രക്തമാകുന്നുവെന്ന് പറയാന്‍ ഈശോയേ, എന്നെ ഒന്ന് അനുവദിക്കുമോ?” അന്ന് ഈശോ ഒരുത്തരവും പറഞ്ഞില്ല. എല്ലാവരും കാപ്പ നോക്കി ‘നല്ല ഭംഗിയുണ്ടെ’ന്ന് പറയുമ്പോള്‍ ഇതൊക്കെ ഒരിക്കലെങ്കിലും ധരിക്കാന്‍ കഴിയുമോ എന്നും ഈശോയോട് ചോദിച്ചുപോയിട്ടുണ്ട്. അപ്പോഴും ഈശോ ഒരുത്തരവും പറഞ്ഞില്ല.

ആ സമയത്ത് വീട്ടില്‍ കുറച്ചുനാള്‍ വി്രശമിച്ചിരുന്നു. അന്ന് അനിയത്തിയാകട്ടെ പ്രസവശേഷം വീട്ടില്‍ വിശ്രമത്തിലായിരിക്കുന്ന സമയമാണ്. അനിയത്തിയും അധ്യാപികയായിരുന്ന ആന്റിയും ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകളെല്ലാം കാണാപാഠം പഠിക്കാന്‍ സഹായിച്ചു. ചില പ്രാര്‍ത്ഥനകള്‍ പഠിക്കാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ പഠനം നിര്‍ത്തിയിട്ട് ഒരു ജപമാലരഹസ്യം ധ്യാനിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് വീണ്ടും പഠിക്കും. അങ്ങനെ എല്ലാ പ്രാര്‍ത്ഥനകളും കാണാപാഠമായി.

അനിശ്ചിതത്വം… അശരീരി…

ഡിസംബര്‍ 31-ന് വീട്ടില്‍നിന്നും ഇറങ്ങി. തുടര്‍ന്ന് സെമിനാരിയിലേക്കും ബിഷപ്‌സ് ഹൗസിലേക്കും പോകേണ്ടിയിരുന്നു. ആദരണീയനായ റാഫേല്‍ തട്ടില്‍ പിതാവാണ് എനിക്ക് പട്ടം തരേണ്ടത്. പിതാവ് എനിക്കായി ഒന്നരമണിക്കൂറോളം പ്രാര്‍ത്ഥിച്ചിട്ട് എന്‍റെ കണ്ണിന്‍റെ കാഴ്ചയുടെ പ്രശ്‌നം അറിഞ്ഞിട്ടുതന്നെ പട്ടം സ്വീകരിക്കാന്‍ അനുവാദം തന്നു. അത്ഭുതകരമായ ആ ദൈവിക ഇടപെടലില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ ഞാന്‍ ഒരുങ്ങി.
തിരുപ്പട്ടത്തിന്‍റെ ദിവസമെത്തി. 2014 ജനുവരി ഒന്ന്. അന്ന് പടികള്‍ കയറിയിറങ്ങുക തുടങ്ങി, പല കാര്യങ്ങളും കൂട്ടുകാരുടെ സഹായമില്ലാതെ തനിയെ ചെയ്യേണ്ടിവരും എന്നെനിക്കറിയാം. എങ്ങനെ അതെല്ലാം ചെയ്യുമെന്ന ആശങ്കയുമുണ്ട്. എന്തായാലും പിതാവിനോടൊപ്പം കാറില്‍ ജപമാല ചൊല്ലിക്കൊണ്ടാണ് വന്നത്.

തിരുപ്പട്ടത്തിനായി ഒരുങ്ങുന്നതിന്‍റെ തിരക്കില്‍ ആ ജപമാല പോക്കറ്റിലിടാന്‍ മറന്നുപോയി. പിന്നീട് പോക്കറ്റിലിടാന്‍ പറ്റുകയുമില്ല. കൈയില്‍ പിടിക്കാനുമാവില്ലെന്നറിയാം. അതിനാല്‍ കൈത്തണ്ടയില്‍ ചുറ്റിവച്ചു. തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇരുവശത്തും നിന്നിരുന്ന വൈദികര്‍ക്ക് എന്‍റെ അവസ്ഥ അറിയാമായിരുന്നതുകൊണ്ട് അവര്‍ എന്നെ സഹായിക്കാനായി പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തന്നിരുന്നു. എന്നാല്‍ അവരുടെ സ്വരത്തെക്കാള്‍ തെളിഞ്ഞ സ്വരത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തരുന്ന മറ്റൊരു സ്വരം ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി. എല്ലാ കാര്യങ്ങളും ചെയ്യാന്‍ സഹായിക്കുന്നതിന് കൂടെ ഒരാളുണ്ടെന്ന് എനിക്ക് മനസിലായി. അത് മറ്റാരുമായിരുന്നില്ല പരിശുദ്ധ അമ്മയായിരുന്നു. അന്നുമുതല്‍ എന്നും കൈത്തണ്ടയില്‍ ചുറ്റിയ ജപമാല എല്ലായ്‌പോഴും, പ്രത്യേകിച്ച് ദിവ്യബലിസമയത്തും എന്നോടൊപ്പമുണ്ട്.

ഉത്തരം കിട്ടിയ ദിവസം

ഞാന്‍ ഹൃദയം നൊന്ത് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം എന്‍റെ തിരുപ്പട്ടത്തിന്‍റെ ദിവസം ഈശോ ഉത്തരം തന്നു. ഇന്ന് അനേകതവണ ഞാന്‍ എന്‍റെ കാപ്പ അണിഞ്ഞുകഴിഞ്ഞു. ഏത് പീലാസയും കാസയും കൈയിലെടുത്താണോ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എനിക്ക് സാധിക്കുമോ എന്ന് ഹൃദയമുരുകി ചോദിച്ചത് അതേ പീലാസയും കാസയും കൈയിലേന്തി അനേകതവണ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകഴിഞ്ഞു. ആദ്യബലിയുടെ അന്നും പിന്നീടും അതാതു ദിവസത്തെ സുവിശേഷഭാഗം കാണാതെ പഠിച്ചാണ് പരിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചിരുന്നത്.
വൈദികനായതിനുശേഷം പിതാവിന്‍റെ നിര്‍ദേശപ്രകാരം ഞാനൊരു പള്ളിയില്‍ മൂന്നര മാസക്കാലം സഹവികാരിയായി ഇരുന്നു. പിന്നീട് എന്‍റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മറ്റൊരു സ്ഥാപനത്തില്‍ എട്ടരമാസത്തോളം ഒരു അംഗത്തെപ്പോലെ താമസിച്ചു. അതിനുശേഷം പാലക്കാട് ധോണി ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്തു. ചികിത്സകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

2016 ഫെബ്രുവരിയില്‍ നിര്‍ണായകമായ ഒരു സംഭവമുണ്ടായി. കുറച്ച് മാസങ്ങളായി സ്ഥിരമായി പനിനിമിത്തം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയായിരുന്നു. ഫെബ്രുവരിയിലാകട്ടെ ബി.പി വല്ലാതെ കുറഞ്ഞ് ശരീരം മരുന്നുകളോടൊന്നും പ്രതികരിക്കാത്ത അവസ്ഥ വന്നു. മരണമെന്നുതന്നെ ഡോക്‌ടേഴ്‌സ് ഉള്‍പ്പെടെ എല്ലാവരും ചിന്തിച്ചുതുടങ്ങി. മാതാപിതാക്കളോടും അപ്രകാരം പറയുകയും ചെയ്തു. എന്നാല്‍ പെട്ടെന്നൊരു ദിവസം ബി.പി തനിയെ ഉയര്‍ന്നു. അങ്ങനെ അത്ഭുതകരമായി ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് തിരികെവന്നു. കര്‍ത്താവ് എന്‍റെ പൗരോഹിത്യശുശ്രൂഷ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു!

അല്പനാളുകള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു അത്ഭുതം! എന്‍റെ വലത്തെ കണ്ണിന്‍റെ കാഴ്ച ഈശോ 2016 ആഗസ്റ്റ് 22-ന് എനിക്ക് തിരിച്ചുതന്നു. വൈദ്യശാസ്ത്രത്തിന് അതിന്‍റെ കാരണം വിശദീകരിക്കാനായിട്ടില്ല. ഇപ്പോള്‍ വലത്തേ കണ്ണിന് മാത്രമേ കാഴ്ചയുള്ളൂവെങ്കിലും എനിക്ക് വായിക്കാനും വാഹനം ഓടിക്കാനുമെല്ലാം സാധിക്കുന്നുണ്ട്.
ബെഷെറ്റ്‌സ് ഡിസീസ് (Behcet’s Disease) എന്ന അപൂര്‍വ അസുഖമാണ് എനിക്കുള്ളത്. ഈ അസുഖം ശരീരത്തില്‍ ഇമ്യൂണിറ്റി സിസ്റ്റത്തെയാണ് ബാധിക്കുന്നത്. അതാണ് കാഴ്ച നഷ്ടപ്പെടാനുണ്ടായ കാരണം. കണ്ണുകള്‍മാത്രമല്ല, രക്തയോട്ടമുള്ള ഏത് അവയവവും ഈ രോഗത്തിന്‍റെ ഫലം അനുഭവിക്കേണ്ടിവന്നേക്കാം. പക്ഷേ ഇന്നും ഈശോ അവിടുത്തെ പൗരോഹിത്യശുശ്രൂഷ ചെയ്യാനുള്ള ആരോഗ്യസ്ഥിതി എനിക്ക് തരുന്നു.

കര്‍ത്താവ് കാണിച്ച കാരുണ്യം മാത്രമാണ് എന്‍റെ പൗരോഹിത്യം. ”കര്‍ത്താവിന്‍റെ പുരോഹിതരെന്ന് നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകരെന്ന് നിങ്ങള്‍ അറിയപ്പെടും” (ഏശയ്യാ 61/6). കണ്ണില്ലാതെ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയ എനിക്ക് തിരുവോസ്തിരൂപനായ ഈശോയെ കാണാന്‍ സാധിക്കില്ലായിരുന്നെങ്കിലും ഞാനര്‍പ്പിച്ച ബലികളില്‍ പലരും ഈശോയെ കണ്ടു, അനുഭവിച്ചു! അവിടുത്തേക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക!
തൃശൂര്‍ അതിരൂപതയില്‍ വെളുത്തൂര്‍ സെന്റ് ജോര്‍ജ് ഇടവകാംഗമാണ് ഫാ. പോള്‍. പിതാവ്: നിര്യാതനായ കെ.ഐ.ആന്റണി, മാതാവ്: റോസിലി ആന്റണി, രണ്ട് സഹോദരങ്ങള്‍. ഇപ്പോള്‍ തൃപ്രയാര്‍ താന്ന്യം സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തിലും നാട്ടിക സെന്റ് ജൂഡ് ദൈവാലയത്തിലും വികാരിയായി സേവനം ചെയ്യുന്നു.

'

By: ഫാ. പോള്‍ കള്ളികാടന്‍

More
നവം 06, 2024
Encounter നവം 06, 2024

ഏതാണ്ട് 40 വര്‍ഷങ്ങള്‍ പിന്നില്‍നിന്നാണ് ജോസേട്ടന്‍ ജീവിതകഥ പറയാന്‍ തുടങ്ങിയത്. അന്ന് ദൈവത്തോട് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. തൃശൂര്‍ ഒല്ലൂരിലെ ഒരു സാധാരണ ക്രൈസ്തവകുടുംബത്തിലെ അംഗം. ബേക്കറി ഷോപ്പ് നടത്തുന്നു. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകും, പക്ഷേ പോകുന്നത് ഉറങ്ങാനാണ്. ഏറ്റവും പിന്നില്‍ പോയിരിക്കും. സാവധാനം ഉറങ്ങും. എല്ലാവരും പോകുന്നനേരത്ത് ആരെങ്കിലും തട്ടിവിളിക്കുമ്പോഴാണ് എഴുന്നേറ്റ് പുറത്തിറങ്ങുക. ഇതായിരുന്നു സ്ഥിതി.

ഭേദപ്പെട്ട വരുമാനവും കൂടിയുള്ളതിനാല്‍ ജീവിതം ‘സസുഖം’ മുന്നോട്ടുപോകുന്ന കാലം. മദ്യപാനവും പുകവലിയും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം. ബന്ധങ്ങളും കുടുംബജീവിതവുമെല്ലാം നന്നായി പോകുന്നുവെന്നുതന്നെ ജോസേട്ടന്‍ കരുതി.
ആയിടെ സഹോദരന് ഒരു അസുഖം. ബാംഗ്ലൂര്‍ ഉള്‍പ്പെടെ പലയിടത്തും ജോസേട്ടന്‍ കൂടപ്പിറപ്പിനെചികിത്സിപ്പിക്കാനായി കൊണ്ടുപോയി. പക്ഷേ ഒരു കുറവുമുണ്ടായില്ല. അപ്പോഴാണ് കുരിയച്ചിറയില്‍ കരിസ്മാറ്റിക് ധ്യാനം വന്നത്. അവിടത്തെ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പോയിത്തുടങ്ങിയപ്പോള്‍ സഹോദരന് അസുഖം വലിയ തോതില്‍ കുറഞ്ഞു. അതുകണ്ടപ്പോള്‍ തോന്നി, ‘അവിടെപ്പോയി നമുക്കും അസുഖമെല്ലാം മാറ്റിയാലോ’ എന്ന്. അതല്ലാതെ മറ്റ് ഉദ്ദേശ്യങ്ങളൊന്നും മനസിലുണ്ടായിരുന്നില്ല. എന്തായാലും ഈ ചിന്തയോടെ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തു.

ധ്യാനം എല്ലാം പൊളിച്ചു….

നന്നായി ജീവിക്കുന്നുവെന്നും ദാമ്പത്യജീവിതം നന്നായി പോകുന്നുവെന്നുമുള്ള ധാരണകളെല്ലാം പൊളിഞ്ഞുപോയത് ആ ധ്യാനത്തോടെയാണ്. തന്‍റെ ഭാഗത്ത് നിരവധി പിഴവുകളുണ്ടെന്നും അവയൊക്കെ തിരുത്തി നന്നായി ജീവിക്കണമെന്നും തോന്നിത്തുടങ്ങി. പനയ്ക്കലച്ചനാണ് കൗണ്‍സിലിംഗ് ചെയ്തത്. അച്ചന്‍ പറഞ്ഞു, ”സഹോദരനെ സഹോദരന്‍റെ ജീവിതത്തിലേക്ക് വിടുക. ജോസ് ജോസിന്‍റെ കച്ചവടത്തില്‍ ശ്രദ്ധിക്കുക.” ആ നിര്‍ദേശം ജോസേട്ടന്‍ അനുസരിച്ചു. സഹോദരന്‍റെ രോഗം സുഖപ്പെട്ടു. ജോസേട്ടനാകട്ടെ നല്ലൊരു മാനസാന്തരാനുഭവത്തിലേക്ക് വരുകയും ചെയ്തു.

ബൈബിള്‍ വായിക്കാന്‍ പിന്നെ ആവേശമായി. രാത്രി ഒന്നും രണ്ടും മണിവരെയൊക്കെ ബൈബിള്‍ വായിക്കും. കുരിയച്ചിറ പള്ളിയിലെ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പോകാന്‍ ആരംഭിച്ചതും ധ്യാനത്തിനുശേഷമാണ്. എന്നും വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ തുടങ്ങി. പള്ളിയില്‍ ഏറ്റവും മുന്നിലായിരുന്നു പിന്നീടുള്ള നില്‍പ്. തീര്‍ച്ചയായും ഇതിന്‍റെയെല്ലാം വ്യത്യാസം ജീവിതത്തില്‍ കാണുമല്ലോ. അത് സംഭവിച്ചു. ജോസേട്ടന് പണ്ടുമുതലേ നല്ലവണ്ണം അധ്വാനിക്കണം എന്നാണ് ചിന്ത. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം പതിനൊന്നു മണിവരെയൊക്കെ മടുപ്പില്ലാതെ അധ്വാനിക്കും. പണി കുറവാണെന്നുകണ്ടാല്‍ അപ്പനോട് മുഷിഞ്ഞുപറയും, ”ഇതെന്താ പണിയില്ലാത്തത്?”
”പണിയൊക്കെ ഇടയ്ക്ക് കുറയുമെടാ ചെക്കാ” എന്നായിരിക്കും അപ്പന്‍റെ മറുപടി.

വാസ്തവത്തില്‍ കഠിനമായി അധ്വാനിക്കണമെന്ന ചിന്തയില്‍നിന്നാണ് ജോസേട്ടന്‍റെ പരാതി ഉയര്‍ന്നിരുന്നത്. അതോടൊപ്പം മാനസാന്തരാനുഭവവും പ്രാര്‍ത്ഥനാശീലവും ചേര്‍ന്നപ്പോള്‍ ജീവിതമാകെ മാറുകയായിരുന്നു.
ലാഭത്തെക്കുറിച്ചൊന്നും വലിയ കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നില്ല. നല്ലവണ്ണം ജോലിയുണ്ടാകണം, അത്രയേയുള്ളൂ ആശ. ആ ആശ നിറവേറുന്നവിധത്തില്‍ കടയില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി. വരുന്നയാളുകള്‍ വിലപേശലില്ലാതെ ഉത്പന്നങ്ങള്‍ വാങ്ങും. പല സ്ഥലങ്ങളില്‍നിന്നാണ് ഓര്‍ഡര്‍ വരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല. പിന്നീട് ദൈവകരത്തിന്‍റെ പ്രവൃത്തി മനസിലായി. നല്ല ലാഭമുണ്ടാകാന്‍ തുടങ്ങി.

പത്തുവച്ചപ്പോള്‍….

ഇതിലേക്ക് വളര്‍ന്നതിനുപിന്നില്‍ വേറൊരു രഹസ്യവുമുണ്ടായിരുന്നു. ആദ്യ ധ്യാനം കഴിഞ്ഞപ്പോള്‍ വീണ്ടും ധ്യാനം കൂടാന്‍ ആഗ്രഹമായി. അങ്ങനെ കടുത്തുരുത്തിയിലുള്ള ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനത്തില്‍ പങ്കെടുത്തു. അവിടെനിന്നാണ് ദശാംശം നല്കണം എന്ന് മനസിലായത്.
ആ ബോധ്യത്തിലേക്ക് വന്നപ്പോള്‍ അന്നുവരെ ദു:ശീലങ്ങള്‍ക്കായി ചെലവാക്കിയിരുന്ന ഇരുപത് രൂപ ഒരു ചെപ്പില്‍ മാറ്റിവയ്ക്കാന്‍ തുടങ്ങി. അങ്ങനെ നൂറ് രൂപയൊക്കെ ആയാല്‍ ഒരാള്‍ക്ക് കൊടുക്കും. അന്നത്തെ കാലത്ത് ഏറെപ്പേര്‍ക്കും ഓലപ്പുരയാണ് ഉള്ളത്. ഓല മാറ്റി മേയണമെങ്കില്‍ നൂറ് രൂപയോളമാണ് വേണ്ടിവരിക. അങ്ങനെ കുറേപ്പേരെ സഹായിക്കാന്‍ കഴിഞ്ഞു. അത് വലിയൊരു സന്തോഷമായി. തുടര്‍ന്നും ദശാംശം എന്ന പേരില്‍ മാറ്റിവയ്ക്കുന്ന തുക സഹായം അര്‍ഹിക്കുന്നവരെന്ന് തോന്നുന്നവര്‍ക്ക് കൊടുക്കും. കൂടാതെ ദൈവശുശ്രൂഷകള്‍ക്കായും നല്കും. അന്നത്തെ കാലത്ത് പ്രധാനമായും പുതിയ ധ്യാനകേന്ദ്രങ്ങളെയാണ് സഹായിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ജോസേട്ടന്‍റെ വരുമാനവും പതുക്കെ വര്‍ധിക്കാന്‍ തുടങ്ങി.

സഹായമായി നല്കിയ പണം ചിലര്‍ അനാവശ്യമായി ഉപയോഗിച്ചു. അക്കാര്യം പിന്നീടറിഞ്ഞപ്പോഴും ജോസേട്ടന്‍ ഖേദിച്ചില്ല. ‘യേശുനാമത്തിലാണ് നല്കുന്നത്, പിന്നെ ഖേദിക്കുന്നതെന്തിന്’ എന്നായിരുന്നു ജോസേട്ടന്‍റെ പക്ഷം. സഹായം നല്കുന്നത് തുടര്‍ന്നു.
”ആദ്യമൊക്കെ കൊടുക്കുമ്പോള്‍ കൈ അല്പം മുറുകിയിരിക്കും. കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ കൈ അയയും, കൊടുക്കാനുള്ള വിഷമം മാറും. അങ്ങനെ കൈയിന് ‘വ്യായാമം’ നല്കിയാണ് മുന്നോട്ടുപോയത്,” ജോസേട്ടന്‍ അല്പം തമാശ കലര്‍ത്തി പങ്കുവയ്ക്കും. മാത്രവുമല്ല, അര്‍ഹതയില്ലാത്തവരെ തിരിച്ചറിയാനും സാവധാനം നമുക്ക് സാധിക്കുമെന്ന് ജോസേട്ടന്‍ പറയുന്നു.

പ്രതിഫലം പ്രതീക്ഷിച്ചല്ല ദശാശം കൊടുക്കാന്‍ തുടങ്ങിയതെങ്കിലും പ്രതിഫലം ലഭിക്കാന്‍ തുടങ്ങി. ലാഭവും വരുമാനവും വര്‍ധിക്കാന്‍ തുടങ്ങിയപ്പോള്‍ അക്കാര്യം ജോസേട്ടന്‍ തിരിച്ചറിഞ്ഞു. അതോടെ ദശാംശമെന്ന പേരില്‍ മാറ്റിവയ്ക്കുന്ന പങ്കും വര്‍ധിപ്പിച്ചു. പിന്നെ അതൊരു മത്സരംപോലെയായി. ജോസേട്ടന്‍റെ ദശാംശച്ചെപ്പിലെ തുക വര്‍ധിക്കുന്നതനുസരിച്ച് വരുമാനവും കൂടാന്‍ തുടങ്ങി. അങ്ങനെ തുടര്‍ന്നപ്പോള്‍ കണക്ക് നോക്കാതെ കൂടുതല്‍ നല്കുന്നതും വര്‍ധിച്ചുവന്നു. അല്പനാള്‍ കഴിഞ്ഞപ്പോള്‍ മാസത്തില്‍ ദശാംശം എന്ന രീതി മാറ്റി. ഒരു നിശ്ചിതതുക എല്ലാ ദിവസവും ദശാംശത്തിലേക്ക് നീക്കിവയ്ക്കുമെന്നല്ലാതെ പിന്നെ എണ്ണാറില്ല. മാത്രവുമല്ല, ചെറിയ ചെപ്പൊന്നും പോരാ, ബാഗ് വേണമെന്ന അവസ്ഥയായി. അര്‍ഹതപ്പെട്ടവര്‍ ചോദിക്കുമ്പോള്‍ എണ്ണിനോക്കാതെ അത് മുഴുവന്‍ എടുത്തുനല്കും.

ചോദിക്കുന്നവര്‍ക്ക് അല്പാല്പം കൊടുക്കുന്നത് ജോസേട്ടന് ഇഷ്ടമല്ല. ‘കൊടുക്കുമ്പോള്‍ നിറച്ച് കൊടുക്കണം,’ ഇതാണ് അദ്ദേഹത്തിന്‍റെ സ്റ്റൈല്‍. ആ സമയത്തെല്ലാം പല ധ്യാനകേന്ദ്രങ്ങളും പുതുതായി ആരംഭിക്കുന്ന കാലമാണ്. അവര്‍ക്ക് ദൈവശുശ്രൂഷയ്ക്കായി പണം ആവശ്യമാണെന്ന് കാണുമ്പോഴും ഇങ്ങനെതന്നെ ചെയ്യും. പലപ്പോഴും വലിയ തുകകളായിരിക്കും സഞ്ചിയിലുണ്ടാകുക. പക്ഷേ എണ്ണിനോക്കാന്‍ പോകാറില്ല. ‘ദൈവത്തിനല്ലേ കൊടുക്കുന്നത്’ എന്നായിരുന്നു ജോസേട്ടന്‍റെ ചിന്ത. തിരികെ കര്‍ത്താവ് കൊടുക്കുന്നതും അങ്ങനെതന്നെയായിരുന്നു. അങ്ങനെ മുന്നോട്ടുപോകവേ, ഒരിക്കല്‍ വരുമാനം അല്പം കുറഞ്ഞു. പക്ഷേ, പതിവുപോലെ ദശാംശം മാറ്റിവയ്ക്കുന്നതിന് ഒരു കുറവും വരുത്തിയില്ല.

രസകരമായ പ്രാര്‍ത്ഥന

ജോസേട്ടന്‍ കര്‍ത്താവിനോട് പറഞ്ഞു, ”കര്‍ത്താവേ, ഇങ്ങനെ പോയാല്‍ ശരിയാകില്ലല്ലോ. എനിക്ക് വരുമാനം ഇരട്ടിയാക്കിത്തരണം.”
ജോസേട്ടന്‍ ഇങ്ങനെയാണ് കര്‍ത്താവിനോട് സംസാരിക്കുന്നത്. തനി തൃശൂര്‍ ശൈലിയിലുള്ള സംസാരം. വരുമാനം അധികം ചോദിക്കുന്നതിന് കര്‍ത്താവിനോട് ന്യായം പറയുന്നത് ഇങ്ങനെ, ”എനിക്ക് തരണോണ്ട് നെനക്ക് നഷ്ടമൊന്നുമില്ലല്ലോ. നിന്‍റെ മക്കളുടെ കൈയിലിക്കന്ന്യല്ലേ അതൊക്കെ പോണത്, പിന്നെന്താ…?”
അത് നന്നായി അറിയാവുന്നതുകൊണ്ട് ജോസേട്ടന് കൊടുക്കാന്‍ കര്‍ത്താവിനും സന്തോഷം.
തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍, ദശാംശം കൊടുക്കുന്നതിനെക്കുറിച്ച് മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കാറുണ്ട്, ‘പ്രതിഫലത്തിനുവേണ്ടിയല്ലാതെ, ദൈവത്തിനായി ദശാംശം നല്കുക. മറ്റ് കാര്യങ്ങള്‍ തനിയെ ക്രമീകരിക്കപ്പെട്ടുകൊള്ളും.’

ദശാംശം നല്കി അനുഗ്രഹിക്കപ്പെട്ടവരോട് അടുത്ത പടിയായി ജോസേട്ടന്‍റെ ഉപദേശം. ”ഇനി ദശാംശം നല്കരുത്!” വര്‍ഷങ്ങളായി ദശാംശം നല്കിയിട്ടും വലിയ സാമ്പത്തിക അഭിവൃദ്ധിയൊന്നും ലഭിച്ചില്ലെന്ന് പരാതി പറയുന്നവരോട് ചോദിക്കും, ”നിങ്ങള്‍ ഇപ്പോഴും ദശാംശം കൊടുക്കുന്നുണ്ടോ?” ഉവ്വെന്ന് മറുപടി കിട്ടിയാല്‍ അവരോടും പറയും, ”ഇനി ദശാംശം നല്കരുത്!”
കേള്‍ക്കുന്നവര്‍ അമ്പരന്നുനില്‍ക്കുമ്പോള്‍ ജോസേട്ടന്‍ തുടരും,”നിങ്ങള്‍ക്ക് ലജ്ജയില്ലേ, ഇപ്പോഴും ദശാംശംതന്നെ കൊടുത്തുകൊണ്ടിരിക്കാന്‍. അനുഗ്രഹിക്കപ്പെടുമ്പോള്‍ അതിനനുസരിച്ച് കര്‍ത്താവിന് കൊടുക്കുന്നതിന്‍റെ തോതും കൂടണ്ടേ?”
സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതാണ് ജോസേട്ടന്‍ അവരോടും പറയുന്നത്. ‘അങ്ങനെ വര്‍ധിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ സാവധാനം നമുക്ക് ജീവിക്കാന്‍, നാം ദശാംശമായി മാറ്റിവയ്ക്കുന്ന തുക മതി എന്ന അവസ്ഥ വരും. ബാക്കിയെല്ലാം ആവശ്യക്കാര്‍ക്ക് കൊടുക്കാം.’

കര്‍ത്താവിനും പലിശ?

വല്ലപ്പോഴും അല്പം വരുമാനം കുറഞ്ഞെന്നു കണ്ടാലും ദശാംശത്തിന്‍റെ ബാഗില്‍ ഇടുന്നതിന് കുറവൊന്നും വരുത്തുകയില്ല. അതാണ് ജോസേട്ടന്‍റെ രീതി. ഇനി വല്ല അത്യാവശ്യവും വരികയാണെന്ന് കരുതുക. കര്‍ത്താവിന്‍റെ കയ്യില്‍നിന്ന് കടമെടുക്കും. ആവശ്യമായ തുക ദശാംശത്തിന്‍റെ ബാഗില്‍നിന്ന് കര്‍ത്താവിന്‍റെ അനുമതിയോടെ എണ്ണിയെടുക്കും. ബാങ്ക് പലിശയും ചേര്‍ത്തുള്ള തുകയായിരിക്കും തിരിച്ചു വയ്ക്കുക. അങ്ങനെ കര്‍ത്താവിനെ പലിശക്കാരനാക്കിയ വീരനാണ് ജോസേട്ടന്‍. അത് പങ്കുവയ്ക്കുമ്പോള്‍ ജോസേട്ടന് ഹൃദയം നിറഞ്ഞ ചിരി.
തന്‍റെ ബേക്കറിശൃംഖല ഇന്നും വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വളര്‍ച്ചയ്ക്കുപിന്നിലെ പ്രധാനരഹസ്യങ്ങള്‍ പ്രാര്‍ത്ഥനയും ദശാംശവുമാണെന്ന് ജോസേട്ടന്‍ വ്യക്തമാക്കുകയാണ്.

'

By: സിജി ബിനു

More
നവം 04, 2024
Encounter നവം 04, 2024

മൂന്ന് ശതമാനംമാത്രം കത്തോലിക്കരുള്ള നോര്‍വേ എന്ന രാഷ്ട്രം. അവിടത്തെ ഒരു കൊച്ചുപട്ടണം. സ്വന്തം കുടുംബാംഗങ്ങളും അമ്മാവന്‍മാരും അമ്മായിമാരും കസിന്‍സും മറ്റൊരു ഫിലിപ്പിനോ-നോര്‍വീജിയന്‍ കുടുംബവുമല്ലാതെ കത്തോലിക്കാവിശ്വാസികളായി മറ്റാരുമില്ല. എന്നിട്ടും ഉറച്ച കത്തോലിക്കാ വിശ്വാസം പുലര്‍ത്തി ജീവിക്കുക എന്നത് അല്പം ക്ലേശകരംതന്നെയായിരുന്നു. പക്ഷേ മത്തിയാസ് ബ്രൂണോ ലീഡം ഇന്നാള്‍വരെയും വിശ്വാസത്തില്‍ ഉറച്ചുനിന്നു. എന്നുമാത്രമല്ല ഇന്ന് മത്തിയാസ് വെറും മത്തിയാസ് അല്ല ഡീക്കന്‍ മത്തിയാസ് ലീഡം ആണ്.

വല്ലാതെ മോഹിപ്പിച്ചപ്പോള്‍….

കുട്ടിക്കാലം ഓര്‍ക്കുകയാണെങ്കില്‍ താനൊരു പുരോഹിതനായിത്തീരുമെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ വളരെക്കുറവായിരുന്നുവെന്ന് മത്തിയാസ് പറയുന്നു. മെറ്റാലിക് ബാന്‍ഡില്‍ ഡ്രമ്മര്‍ ആകണമെന്നും അല്ലെങ്കില്‍ പ്രൊഫഷനല്‍ സ്‌കേറ്റിംഗ് താരമാകണമെന്നുമൊക്കെയായിരുന്നു മോഹങ്ങള്‍. നീട്ടിവളര്‍ത്തിയ മുടിയും എപ്പോഴും കൂടെ കരുതുന്ന സ്‌കേറ്റ്‌ബോര്‍ഡും ഒക്കെയായിരുന്നു അന്നത്തെ പ്രത്യേകതകള്‍. എങ്കിലും അന്നും വിശ്വാസം ശക്തമായിരുന്നു.
അള്‍ത്താരബാലന്‍ എന്ന തന്‍റെ ഉത്തരവാദിത്വം നിറവേറ്റാന്‍ എപ്പോഴും ഉത്സുകന്‍. സ്‌കേറ്റ്‌ബോര്‍ഡില്‍ കയറി ദൈവാലയത്തിലെത്തിയാല്‍ താമസിയാതെതന്നെ അള്‍ത്താരശുശ്രൂഷകന്‍റെ വസ്ത്രമണിഞ്ഞെത്തുന്ന മത്തിയാസ് ഒരു അപൂര്‍വ കാഴ്ചതന്നെയായിരുന്നു.

പ്രായത്തിന്‍റെ ഒരു ഘട്ടത്തില്‍ സാധാരണ ഉണ്ടാകാന്‍ സാധ്യതയുള്ള, ഇതിനോടൊന്നും താത്പര്യമില്ലാത്ത ഒരു ഇടവേളയിലൊഴികെ ബാക്കി എല്ലാക്കാലത്തും തിരുസഭയും വിശുദ്ധ കര്‍മങ്ങളും മത്തിയാസിനെ ആകര്‍ഷിച്ചിരുന്നു.
പിന്നീട് പൗരോഹിത്യം തന്നെ വല്ലാതെ മോഹിപ്പിച്ചുവെന്നാണ് ഡീക്കന്‍ മത്തിയാസിന്‍റെ വാക്കുകള്‍. എല്ലാത്തരത്തിലുമുള്ള മനുഷ്യരുടെയും എല്ലാത്തരം സാഹചര്യങ്ങളിലും പുരോഹിതര്‍ സന്നിഹിതരാകുന്നത് പൗരോഹിത്യത്തിന് ഒരു നായകപരിവേഷം നല്കി. മത്തിയാസിന് പരിചിതരായ വൈദികരെല്ലാം യേശുവിനെ എങ്ങനെ അനുകരിക്കാമെന്നതിന് മികച്ച ഉദാഹരണങ്ങളായിരുന്നു. അതേ സമയം മറ്റ് മനുഷ്യരെപ്പോലെതന്നെ തങ്ങള്‍ക്കും ബലഹീനതകളും കുറവുകളും ഉണ്ടെന്നത് സത്യസന്ധമായി അംഗീകരിക്കുന്നവരുമായിരുന്നു.

ബ്രഹ്മചാരിക്ക് ഇത് കിട്ടുമോ?

വൈദികരും സന്യസ്തരും അനുഭവിക്കുന്ന ആനന്ദം മത്തിയാസില്‍ വലിയ ജിജ്ഞാസ ഉളവാക്കി. അവര്‍ പ്രകടിപ്പിക്കുന്ന ആനന്ദം മറ്റുള്ളവരിലേക്കും പടരുന്നതും മത്തിയാസിനെ വളരെ ചിന്തിപ്പിച്ചു. പണവും പ്രശസ്തിയും ലൈംഗികതയുമാണ് സന്തുഷ്ടജീവിതത്തിനുവേണ്ട വിഭവങ്ങള്‍ എന്ന് ആധുനിക സംസ്‌കാരം പഠിപ്പിക്കുമ്പോള്‍ ഇതെല്ലാം വേണ്ടെന്നുവച്ചിട്ടും ഈ വൈദികരും സന്യസ്തരും ഇത്ര ആനന്ദത്തോടെ ജീവിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കാതെ വയ്യായിരുന്നു. കാരണം അവരില്‍ കണ്ടത് ആഴത്തിലുള്ള യഥാര്‍ത്ഥ ആനന്ദവും സമാധാനവുമായിരുന്നു. മാത്രവുമല്ല അത് അവര്‍ കണ്ടുമുട്ടുന്നവരിലേക്കും പടര്‍ത്തുകയും ചെയ്യുന്നു.

എന്നാല്‍ ഇതേ സമയം മത്തിയാസിന് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവളെ വിവാഹം ചെയ്ത് ഒമ്പതുമണി മുതല്‍ അഞ്ചുവരെ മാത്രമുള്ള ജോലിയും ചെയ്ത് സന്തുഷ്ട കുടുംബജീവിതം നയിക്കണമെന്നാണ് കരുതിയിരുന്നത്. പക്ഷേ വൈദികരുടെ ആനന്ദം അവനെ വളരെയേറെ ആകര്‍ഷിച്ചു.
‘എവിടെനിന്നാണ് അവര്‍ക്കിത് ലഭിക്കുന്നത്? എനിക്കും ഇത് വേണം!’ അതായി മത്തിയാസിന്‍റെ ചിന്ത.
”ബ്രഹ്മചാരികളായി ജീവിച്ചിട്ടും ഈ ആനന്ദം എങ്ങനെ ഉണ്ടാകുന്നു? ദിവസംമുഴുവനുമുള്ള ശുശ്രൂഷകള്‍ കഴിഞ്ഞ് തിരികെ പ്രതീക്ഷയോടെ വരാന്‍ ഭാര്യയോ മക്കളോ ഇല്ല. ഇങ്ങനെ നോക്കുമ്പോള്‍ ഏകാന്തതയും അസ്വസ്ഥതയും സമ്മാനിക്കുന്ന ഒന്നായിമാത്രമേ എനിക്ക് ബ്രഹ്മചര്യത്തെ കാണാനായുള്ളൂ. അതിനാല്‍ വൈദികവിളി വിവേചിച്ചറിയുന്നത് അവിടെ തീര്‍ന്നു എന്ന് ഞാന്‍ കരുതി,” മത്തിയാസ് പറയുന്നു.

എല്ലാം മാറ്റിമറിച്ച ട്രിപ്

19-ാം വയസില്‍ ഒരു പ്രോജക്റ്റിന്‍റെ ഭാഗമായി ഹോണ്ടുറാസ് സന്ദര്‍ശിച്ചത് മത്തിയാസിന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. തീര്‍ത്തും ദുരിതപൂര്‍ണമായ സാഹചര്യങ്ങളിലും ഉറച്ച വിശ്വാസവും സത്യസന്ധമായ പ്രത്യാശയും പുലര്‍ത്തുന്ന ആളുകളെയാണ് അവിടെ കണ്ടത്. അവിടെ കാണാനിടയായ വൈദികരും സന്യസ്തരുമായിരുന്നു ഏറ്റവും ശക്തരായ സാക്ഷികള്‍.
കടുത്ത ദാരിദ്ര്യത്തിലും മോശം ജീവിതസാഹചര്യങ്ങളിലും ഉള്ളവരെ സേവിക്കാനായി അവര്‍ തങ്ങളുടെ സൗകര്യപ്രദമായ ജീവിതം വേണ്ടെന്നുവച്ചിരിക്കുന്നു. മറ്റു വൈദികരില്‍ കണ്ട അതേ ആനന്ദം അവരിലും നിറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ബ്രഹ്മചര്യം പാലിക്കുന്നത് വൈദികര്‍ക്കും സന്യസ്തര്‍ക്കും സ്വയം മറന്ന് സേവനം ചെയ്യാന്‍ സഹായകമാണ് എന്നും മത്തിയാസ് മനസിലാക്കി. അപ്പോള്‍മുതലാണ് താനും വൈദികനാകാന്‍ വിളിക്കപ്പെട്ടിട്ടുണ്ടോ എന്ന് കര്‍ത്താവിനോട് ചോദിക്കാന്‍ തുടങ്ങിയത്. എന്നാലും ദൈവവിളിയെക്കുറിച്ച് ഉറപ്പിക്കണമെങ്കില്‍ പല കാര്യങ്ങളും യഥാസ്ഥാനത്ത് വീഴേണ്ടിയിരുന്നു.

അമ്മ മറച്ചുവച്ച രഹസ്യം

യൂണിവേഴ്‌സിറ്റി പഠനം തുടരവേ ഒരു ഇടവകയില്‍ സേവനം ചെയ്യുകകൂടി ചെയ്തുകൊണ്ട് മൂന്ന് വര്‍ഷത്തോളം പ്രാര്‍ത്ഥിച്ച് കാത്തിരുന്ന ശേഷമാണ് വൈദികനാകാനുള്ള വിളി വിവേചിച്ചറിഞ്ഞത്. അങ്ങനെ ഒടുവില്‍ സെമിനാരിയിലേക്ക് അപേക്ഷ നല്കാന്‍ തീരുമാനിച്ചു.
അവനെ കത്തോലിക്കാവിശ്വാസത്തില്‍ ഉറപ്പിച്ച് വളര്‍ത്തിയ സ്വന്തം അമ്മ ആ സമയത്ത് തീര്‍ത്തും രോഗിണിയായിരുന്നു. അമ്മയുടെ മരണത്തിന് തൊട്ടുമുമ്പ് തന്‍റെ ദൈവവിളിയെക്കുറിച്ച് ധൈര്യപൂര്‍വം തുറന്നുപറഞ്ഞു. അത്രയും മോശം രോഗാവസ്ഥയിലും അത്യധികം സന്തോഷമാണ് അമ്മ പ്രകടിപ്പിച്ചത്.
അതിനുശേഷം അവിശ്വസനീയമാംവിധം ദൈവവിളിയെ ഉറപ്പിക്കുന്ന ചില കാര്യങ്ങള്‍ അറിഞ്ഞു. അത് ഏറെ സന്തോഷകരമായിരുന്നു. ചില ബന്ധുക്കളാണ് അവ വെളിപ്പെടുത്തിയത്. മത്തിയാസിന് ദൈവവിളി ലഭിക്കുന്നതിനായി അമ്മ അവര്‍ക്കൊപ്പം രഹസ്യമായി പ്രാര്‍ത്ഥിച്ചിരുന്നുവത്രേ. പക്ഷേ ഒരിക്കല്‍പ്പോലും അമ്മ അത് മകനോട് പറഞ്ഞിരുന്നില്ല. അമ്മയുടെ സ്വാധീനമില്ലാതെ സ്വന്തമായി തന്‍റെ ദൈവവിളി അവന്‍ മനസിലാക്കണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നിരിക്കണം.

100 വര്‍ഷം മുമ്പത്തെ പ്രാര്‍ത്ഥന

തന്‍റെ കത്തോലിക്കാവിശ്വാസജീവിതവും ഈ ദൈവവിളിയുമെല്ലാം ലഭിച്ചതിന് പിന്നില്‍ ചില രഹസ്യങ്ങളുണ്ടെന്ന് മത്തിയാസിനറിയാം. ഒരു നൊബേല്‍ ജേതാവും ഈ ജീവിതകഥയിലെ മാറ്റിനിര്‍ത്താനാവാത്ത ഘടകമാണ്. നോര്‍വേയില്‍നിന്നുള്ള സാഹിത്യനൊബേല്‍ ജേതാവായ സിഗ്രീദ് ഊണ്‍ട്‌സെറ്റ് ആണ് മത്തിയാസിന്‍റെ ഈ ജീവിതത്തിലെ ഒരു പ്രധാനകഥാപാത്രം. നിരീശ്വരവാദികളും നാമമാത്ര ലൂഥറന്‍ വിശ്വാസികളുമായിരുന്നവരുടെ മകളായി ജനിച്ച് പില്ക്കാലത്ത് ഉറച്ച കത്തോലിക്കാവിശ്വാസിയായ എഴുത്തുകാരിയായിരുന്നു സിഗ്രീദ്. വെറുതെ വിശ്വാസം സ്വീകരിക്കുകമാത്രമല്ല കത്തോലിക്കാ ആത്മീയതയില്‍ ആഴപ്പെടുകയും ചെയ്തിരുന്നു അവര്‍. ഡൊമിനിക്കന്‍ അല്മായസഭയില്‍ അംഗവുമായി. തന്‍റെ ഇടവകദൈവാലയത്തില്‍നിന്ന് ദൈവവിളി ഉണ്ടാകാനായി തീവ്രമായി അവര്‍ പ്രാര്‍ത്ഥിച്ചിരുന്നുവത്രേ. ആ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്കിയ ഉത്തരമാണ് അതേ ഇടവകയില്‍നിന്ന് വൈദികജീവിതത്തിലേക്കുള്ള തന്‍റെ വിളി എന്ന് മത്തിയാസ് കരുതുന്നു; 100 വര്‍ഷത്തോളം മുമ്പ് അവര്‍ ഉയര്‍ത്തിയ പ്രാര്‍ത്ഥന!

ഈ ദൈവവിളിയെക്കുറിച്ച് സിഗ്രീദ് ഊണ്‍ട്‌സെറ്റ് പ്രവചിച്ചിക്കുകയും ചെയ്തിരുന്നുവെന്ന് മത്തിയാസ് പറയുന്നു. ഭാവിയില്‍ യൂറോപ്പിലെ വിശ്വാസം ക്ഷയിക്കുമെന്നും അന്ന് പാശ്ചാത്യര്‍ സുവിശേഷം നല്കിയ ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലുംനിന്നുള്ള മിഷനറിമാര്‍ നോര്‍വേയിലെ പൂര്‍വപിതാക്കന്‍മാരുടെ വിശ്വാസം തിരികെ കൊണ്ടുവരുമെന്നും അവര്‍ എഴുതിയിട്ടുണ്ട്. ഫിലിപ്പെന്‍സില്‍നിന്ന് വന്ന് തന്‍റെ വിശ്വാസം മുറുകെപ്പിടിച്ച് ജീവിച്ച അമ്മ അതിന് ഉത്തമ ഉദാഹരണമാണ്.

കത്തോലിക്കാവിശ്വാസം സ്വീകരിക്കുംമുമ്പുതന്നെ ട്രെറ്റന്‍ എന്ന തന്‍റെ പട്ടണത്തിലെ ദൈവാലയത്തില്‍ സിഗ്രീദ് വിശുദ്ധബലിയില്‍ സംബന്ധിക്കുമായിരുന്നു എന്ന് മത്തിയാസ് മനസിലാക്കി. തന്‍റെ കുടുംബത്തിലെ പൂര്‍വികരുമായി സിഗ്രീദ് വ്യക്തിപരമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും അറിയാം.
ഇതിനെല്ലാം തിലകക്കുറിയെന്നോണം തന്‍റെ ഡീക്കന്‍പട്ടത്തിന് മത്തിയാസ് അണിഞ്ഞത് 1930-ല്‍ സിഗ്രീദ് സമ്മാനിച്ച തിരുവസ്ത്രങ്ങളാണ്. ഇന്ന് ഡീക്കന്‍ മത്തിയാസ് ലീഡവും ഒപ്പമുള്ള വൈദികാര്‍ത്ഥികളും നോര്‍വേയെ പുന:സുവിശേഷീകരിക്കുക എന്ന, താരതമ്യേന കഠിനമായ, ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

'

By: ഡീക്കന്‍ മത്തിയാസ് ലീഡം

More
ഒക്ട് 28, 2024
Encounter ഒക്ട് 28, 2024

ഒരു ഞായറാഴ്ച, യാത്രാമധ്യേ റോഡരികിലുള്ള ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ കയറി. രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയാണ് ഇനിയുള്ളത്. അല്പം നേരത്തെ എത്തി ദൈവാലയത്തില്‍ ഇരിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുളിവു വീഴാത്ത വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു മുതിര്‍ന്ന യുവാവ്. ആദ്യത്തെ ദിവ്യബലിയ്ക്കുപയോഗിച്ച വിശുദ്ധ പാത്രങ്ങളും തിരികളും മാറ്റി രണ്ടാമത്തെ വിശുദ്ധ ബലിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ക്കായി അനേകതവണ അദേഹത്തിന് ദൈവാലയത്തിലേക്ക്, വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുകയും സങ്കീര്‍ത്തിയിലേക്ക് പോവുകയും ചെയ്യേണ്ടിവന്നു. ദൈവാലയത്തിനുള്ളിലൂടെ പലപ്രാവശ്യം ദിവ്യകാരുണ്യ ഈശോയ്ക്ക് അപ്പുറവും ഇപ്പുറവും കടക്കേണ്ടതായും വന്നു.

എന്നാല്‍ ഏറ്റവും അതിശയകരമായത്, ഈ അവസരങ്ങളിലെല്ലാം അദ്ദേഹം ദിവ്യകാരുണ്യ ഈശോയെ ശിരസുനമിച്ച് ഭക്തിയോടെ ആരാധിച്ചിരുന്നു എന്നതാണ്. ആരും ശ്രദ്ധിച്ചുപോകുന്ന സ്‌നേഹപ്രകടനം. എത്ര ആദരവോടെയാണ് അദേഹം ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നത്..! സങ്കീര്‍ത്തിയിലേക്ക് പോകുമ്പോഴും ആ ബഹുമാനത്തിന് മാറ്റുകുറയുന്നില്ല.

രാജാധിരാജാവിന്‍റെ സന്നിധിയില്‍ ഭയഭക്ത്യാദരവുകളോടെ പ്രവേശിക്കുകയും കുമ്പിട്ട് ആരാധിച്ച് ഉത്തരവാദിത്വങ്ങള്‍ സ്‌നേഹപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്ന ദൈവാലയ ശുശ്രൂഷി. ഈശോയോട് അദ്ദേഹത്തിന്‍റെ ഹൃദയത്തിലുള്ള ഉത്ഘടസ്‌നേഹത്തിന്‍റെ ബഹിര്‍സ്ഫുരണമായിരുന്നു ആ ആദരവിന്‍റെ ഉറവിടം. അദ്ദേഹത്തിന്‍റെ പെരുമാറ്റം കണ്ടാലറിയാം അവിടെ സര്‍വശക്തനായ ദൈവം സന്നിഹിതനാണെന്ന്. സ്വര്‍ഗത്തില്‍ വസിക്കുന്ന അത്യുന്നതന്‍ ആ ദൈവാലയത്തില്‍ സര്‍വമഹത്വത്തോടെ ഉപവിഷ്ഠനാണെന്ന് ആ കപ്യാര്‍ ഒന്നും പറയാതെ കാണിച്ചുതന്നു; ഒരു മാലാഖയെപ്പോലെ. അദ്ദേഹത്തിന്‍റെ പേരോ വിശദാംശങ്ങളോ അറിയില്ല, പക്ഷേ, ഒന്നറിയാം, ആ ശുശ്രൂഷിക്ക് ദൈവത്തെ അറിയാം. അവിടുത്തെ എപ്രകാരം സ്‌നേഹിക്കണമന്ന്, ആദരിക്കണമെന്ന് അറിയാം.

”എന്നെ ആദരിക്കുന്നവനെ ഞാനും ആദരിക്കും” (1സാമുവല്‍ 2/30), ”ദൈവഭക്തി അനുഗ്രഹത്തിന്‍റെ ആരാമം പോലെയാണ്; ഏതു മഹത്വത്തെയുകാള്‍ നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40/27) എന്ന ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം ഈ ദൈവാലയ ശുശ്രൂഷിയെയും കുടുംബത്തെയും അദേഹത്തിനുള്ള സകലത്തെയും അവിടുന്ന് എത്രയധികമായി ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും..! കര്‍ത്താവിന്‍റെ പേടകം ആദരവോടെ സംരക്ഷിച്ച ഓബദ് ഏദോമിനെക്കുറിച്ച് 2സാമുവല്‍ 6/11,12 രേഖപ്പെടുത്തുന്നു: ‘കര്‍ത്താവിന്‍റെ പേടകം ഓബദ് ഏദോമിന്‍റെ വീട്ടില്‍ മൂന്നുമാസം ഇരുന്നു. കര്‍ത്താവ് ഓബദ് ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു. ദൈവത്തിന്‍റെ പേടകം നിമിത്തം കര്‍ത്താവ് ഓബദ് ഏദോമിന്‍റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു…’

'

By: ആന്‍സിമോള്‍ ജോസഫ്

More
ഒക്ട് 23, 2024
Encounter ഒക്ട് 23, 2024

അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുക! ആദ്യനാളുകളില്‍ എനിക്കത് ആശ്ചര്യകരമായ ഒരറിവായിരുന്നു. ആദ്യകുര്‍ബാന സ്വീകരണത്തോടു ചേര്‍ന്നുതന്നെയാണ് അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള അറിവും എനിക്ക് കിട്ടിയത്. അറിവ് അനുഭവമായിത്തീര്‍ന്നപ്പോള്‍ അത് എനിക്ക് ഏറെ ആസ്വാദ്യതയുള്ളതായി അനുഭവപ്പെട്ടു.
നാലാം ക്ലാസില്‍വച്ചായിരുന്നു എന്‍റെ ആദ്യത്തെ കുര്‍ബാനസ്വീകരണം. എസ്.ഡി സിസ്റ്റേഴ്‌സാണ് എന്നെ അതിന് ഒരുക്കിയത്. തികഞ്ഞ അനുസരണത്തോടുകൂടി നമസ്‌കാരങ്ങളെല്ലാം പഠിച്ച് ഞാന്‍ ആദ്യകുര്‍ബാന സ്വീകരിക്കുവാന്‍ ഒരുങ്ങി.

അന്നത്തെ കാലഘട്ടത്തില്‍ ആദ്യകുര്‍ ബാന സ്വീകരിച്ചാല്‍ സ്വീകരിക്കുന്ന കുട്ടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുടക്കംകൂടാതെ ദിവ്യബലിയില്‍ സംബന്ധിക്കുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തേതുപോലെ വാഹനസൗകര്യങ്ങളൊന്നും തീരെ ഇല്ലാതിരുന്ന അക്കാലത്ത് കുന്നും മലയും താണ്ടി രണ്ടും മൂന്നും കിലോമീറ്റര്‍ നടന്ന് പള്ളിയില്‍ എത്തേണ്ടവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഞാനും അവരില്‍പെട്ട ഒരാള്‍ ആയിരുന്നു. ദിവസേനയുള്ള ദിവ്യബലി അസാധ്യമായിരുന്ന ഞങ്ങള്‍ക്കുവേണ്ടി ഞങ്ങളെ ആദ്യകുര്‍ബാനയ്ക്കുവേണ്ടി ഒരുക്കിയ സിസ്റ്റര്‍ നല്ലൊരു പരിഹാരമാര്‍ഗം പറഞ്ഞുതന്നു. അതാണ് ‘അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം.

‘ സിസ്റ്റര്‍ ഇങ്ങനെ പറഞ്ഞു. ”എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഈശോയ്ക്ക് നമ്മുടെ ഉള്ളില്‍ വസിക്കുവാന്‍ ഒരു തിരുവോസ്തിയോളം ചെറുതാകാന്‍ കഴിയുമെന്നത് ആശ്ചര്യകരം തന്നെയല്ലേ. എന്നാല്‍ അതിനെക്കാള്‍ വലിയ ഒരത്ഭുതം ഈശോയ്ക്ക് ചെയ്യാന്‍ കഴിയും. ഈ തിരുവോസ്തിക്ക് ‘അരൂപിക്കടുത്തവിധം നമ്മുടെ ഉള്ളില്‍ വരാനും വന്നു വാസമാക്കാനും കഴിയും’ എന്നതാണത്. അതിനാല്‍ ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞ് എല്ലാ ദിവസവും പള്ളിയില്‍ വരാന്‍ പറ്റാത്തവര്‍ ഒട്ടും വിഷമിക്കേണ്ട. നമുക്ക് ദിവ്യകാരുണ്യ ഈശോയെ അരൂപിക്കടുത്തവിധവും സ്വീകരിക്കാം. ഞാന്‍ ചൊല്ലിത്തരുന്ന ഈ പ്രാര്‍ത്ഥന സ്വീകരിച്ച് ഹൃദിസ്ഥമാക്കി അത് ഈശോയോട് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി.” പ്രാര്‍ത്ഥന ഇതാണ്:

”സക്രാരിയില്‍ പരിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോ, അങ്ങ് സത്യമായും ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഏറ്റുപറയുന്നു. ഓ ദിവ്യ ഈശോയെ കൂദാശയ്ക്കടുത്തവിധം അങ്ങയെ സ്വീകരിക്കുവാന്‍ എനിക്ക് സാധ്യമല്ലാത്ത ഈ നിമിഷത്തില്‍ അരൂപിക്കടുത്തവിധം അവിടുന്ന് എന്‍റെ ഹൃദയത്തിലേക്കും എന്‍റെ ജീവിതത്തിലേക്കും എഴുന്നള്ളിവരേണമേ. ഓ ഈശോയേ, പാപിയായ എന്‍റെ പ്രാര്‍ത്ഥന കേട്ടുകൊണ്ട് അവിടുന്ന് എന്‍റെ ഹൃദയത്തില്‍ എഴുന്നള്ളിവന്നിരിക്കുന്നുവെന്ന് ഞാന്‍ ഉറപ്പായി വിശ്വസിക്കുകയും അതിനായി നന്ദി പറയുകയും ചെയ്യുന്നു. ഓ എന്‍റെ നല്ല ഈശോയേ എന്നെ പൂര്‍ണമായും നിന്റേതാക്കി മാറ്റണമേ ആമ്മേന്‍.”
എന്നെപ്പോലെ എല്ലാ ദിവസവും പള്ളിയിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഈ പ്രാര്‍ത്ഥന വലിയ ആശ്വാസവും കൂദാശയ്ക്കടുത്ത ദിവ്യകാരുണ്യ സ്വീകരണംപോലെതന്നെയോ അതിലധികമോ ആസ്വാദ്യകരവുമായി ആ നാളുകളില്‍ അനുഭവപ്പെട്ടിട്ടുണ്ട്.

എവിടെവച്ചും എത്രവട്ടമെങ്കിലും

സിസ്റ്റര്‍ തുടര്‍ന്നും പറഞ്ഞുതന്നു. ”ഈ അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം എത്രപ്രാവശ്യം വേണമെങ്കിലും എവിടെവച്ചും നമുക്കു നടത്താം. നിങ്ങള്‍ക്കു മാത്രമല്ല പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ കഴിയാത്ത നിങ്ങളുടെ അപ്പച്ചന്മാര്‍ക്കും അമ്മച്ചിമാര്‍ക്കും വീട്ടിലുള്ള എല്ലാവര്‍ക്കും ഈ രീതിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാം. ഈ പ്രാര്‍ത്ഥന കാണാപാഠം പഠിക്കാന്‍ വിഷമമുള്ളവര്‍ക്ക് ഇതേ രീതിയില്‍ത്തന്നെ ചൊല്ലണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ”ഓ ദിവ്യകാരുണ്യ ഈശോയേ അങ്ങയെ സ്വീകരിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന എന്‍റെ ഹൃദയത്തിലേക്ക് അരൂപിക്കടുത്തവിധം എഴുന്നള്ളിവരണേ” എന്നുമാത്രം പ്രാര്‍ത്ഥിച്ചാലും ദിവ്യകാരുണ്യ ഈശോ നമ്മുടെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരും. ഒരു ദിവസത്തില്‍ എത്രപ്രാവശ്യം വേണമെങ്കിലും നമുക്ക് ഈവിധത്തില്‍ അരൂപിക്കടുത്തവിധം വിശുദ്ധ കുര്‍ബാന സ്വീകരിക്കാം. നമുക്കുമുമ്പേ സ്വര്‍ഗത്തിലെത്തിയിട്ടുള്ള വലിയ വലിയ വിശുദ്ധന്മാരില്‍ പലരും ഒരു ദിവസംതന്നെ ഈ വിധത്തില്‍ അരൂപിയില്‍ പലവട്ടം വിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടുള്ളവര്‍ ആണ്.” ഇത്രയുമാണ് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരിണത്തെ സംബന്ധിച്ച് അന്ന് സിസ്റ്ററില്‍നിന്നും കിട്ടിയ അറിവ്. അറിവു മാത്രമല്ല ആ സ്വീകരണം എപ്പോഴെല്ലാം ഞാന്‍ നടത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അതൊരു മാധുര്യമേറുന്ന അനുഭവമായിരുന്നു.

പിന്നീടങ്ങോട്ട്

മുതിര്‍ന്ന ക്ലാസുകളില്‍ എത്തിയപ്പോള്‍ അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണത്തെ സംബന്ധിച്ച് കൂടുതല്‍ വിശാലമായ വെളിപ്പെടുത്തലുകള്‍ കിട്ടി. എല്ലാം ആ നാളുകളില്‍ എന്നെ പഠിപ്പിച്ച സിസ്റ്റേഴ്‌സുവഴി കിട്ടിയിട്ടുള്ളതാണ്. അത് ഇതാണ്. അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം ആര്‍ക്കുവേണമെങ്കിലും നടത്താം. കത്തോലിക്കാ സഭയിലുള്ള അംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടത് എന്നാണ് ഞാന്‍ ആദ്യനാളുകളില്‍ അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ച് മനസിലാക്കിയിരുന്നത്. എന്നാല്‍ അങ്ങനെ മാത്രമല്ല അതെന്നു ഞാന്‍ തിരിച്ചറിഞ്ഞു. യേശുവിനെ സ്‌നേഹിക്കുകയും അവിടുത്തെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും ചെയ്യുന്ന ഏതൊരുവനും ഏതു സഭയില്‍പെട്ടവനാകട്ടെ, ഏതു ജാതിയിലും ജനതയിലുംപെട്ടവനാകട്ടെ അവന് ദിവ്യകാരുണ്യ ഈശോയെ അരൂപിക്കടുത്തവിധം സ്വീകരിക്കുവാനുള്ള അവകാശമുണ്ട്.

”സത്യമായും ദൈവത്തിന് പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും ഏതു ജനതയില്‍പെട്ടവനാണെങ്കിലും അവിടുത്തേക്ക് സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു” (അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ 10/35). ഈ തിരിച്ചറിവില്ലാത്ത യേശുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവന്നിട്ടുള്ള അനേക വിജാതീയര്‍ കുര്‍ബാനയനുഭവം ഞങ്ങള്‍ക്ക് അന്യമാണല്ലോ എന്നുകരുതി വിലപിച്ചു കഴിയുന്നു. അതിന്‍റെ യാതൊരാവശ്യവുമില്ല. ഹൃദയത്തില്‍ സ്വന്തം തെറ്റുകളെക്കുറിച്ച് അനുതാപമുണ്ടായിരിക്കുകയും യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറയുകയും ചെയ്യുന്ന ഏതൊരുവനും അവന്‍ ഏതു സഭയില്‍പെട്ടവനാകട്ടെ, ഏതു ജനതയില്‍പെട്ടവനാകട്ടെ അവന് വിശുദ്ധ കുര്‍ബാന അരൂപിയില്‍ ഉള്‍ക്കൊള്ളാന്‍ അവകാശമുണ്ട്.
ഞങ്ങളെ ആദ്യകുര്‍ബാന സ്വീകരണത്തിനൊരുക്കിയ സിസ്റ്റര്‍ പറഞ്ഞുതന്ന ആ ദിവ്യകാരുണ്യ പ്രാര്‍ത്ഥന പൂര്‍ണ വിശ്വാസത്തോടെ ഹൃദയപൂര്‍വം ചൊല്ലിയാല്‍മതി.

എല്ലാ ദിവസവും ദിവ്യബലിയില്‍ സംബന്ധിക്കണമെന്നും വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളണമെന്നും വളരെ തീവ്രമായിത്തന്നെ ആഗ്രഹിക്കുന്ന ഒത്തിരിപ്പേര്‍ ഇത് വായിക്കുന്നവരുടെ ഇടയിലുണ്ട്. പക്ഷേ അനാരോഗ്യത്തിന്‍റെ അവസ്ഥകള്‍കൊണ്ടും മറ്റുപല വിപരീത സാഹചര്യങ്ങള്‍കൊണ്ടും അനേകംപേര്‍ക്ക് ഇതിന് കഴിയാറില്ല. ഇതെഴുതുന്ന ഞാനും അത്തരത്തില്‍പെട്ട ഒരാള്‍തന്നെയാണ്. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം വലിയൊരു ദൈവാനുഗ്രഹമാണ് ഈ അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം. വിശുദ്ധ കുര്‍ബാന കൂദാശയ്ക്കടുത്തവിധം സ്വീകരിക്കുന്ന അതേ അനുഭവംതന്നെ അരൂപിയിലുള്ള ഈ ദിവ്യകാരുണ്യ സ്വീകരണസമയത്ത് ഈശോ നമുക്കും നല്‍കും. പൂര്‍ണമായ വിശ്വാസത്തോടെ സ്വീകരിക്കുന്നവര്‍ക്ക് അതിലും അധികവും ദൈവം തരും.

ചിലപ്പോഴെല്ലാം ഈ അനുഭവം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയില്‍ ശാരീരികമായി പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിട്ടും അതിന് കഴിയാതെപോയതില്‍ സങ്കടപ്പെട്ട് എന്നൊക്കെ അതിനു പകരമായി അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിച്ചുവോ അന്നൊക്കെ മൂന്നിരട്ടിപങ്ക് ദൈവാനുഭവം എല്ലാ മേഖലയിലുമുള്ള അഭിഷേകക്കൂടുതലും ദിവ്യകാരുണ്യ ഈശോ എനിക്കു തന്നിട്ടുണ്ട്. എന്നിലൂടെ നിര്‍വഹിക്കപ്പെടേണ്ട എന്‍റെ കടമകളും ഉത്തരവാദിത്വങ്ങളും ജോലികളും ഈ രീതിയില്‍ അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിച്ച ദിവസങ്ങളില്‍ മൂന്നിരട്ടിപങ്ക് അഭിഷേകത്തോടെ നടത്തപ്പെടുന്നത് വലിയ അത്ഭുതത്തോടുകൂടെത്തന്നെ ഞാന്‍ മനസിലാക്കിയിട്ടുണ്ട്.

ഉപേക്ഷമൂലമുള്ള പാപം

എന്നാല്‍ എല്ലാദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ സാഹചര്യവും ആരോഗ്യവും ഉള്ളവര്‍ ഒരു കാരണവശാലും അനുദിന ദിവ്യബലി ഉപേക്ഷിക്കരുത്. അങ്ങനെ ചെയ്താല്‍ അത് ഉപേക്ഷമൂലം ചെയ്യുന്ന പാപമായിത്തീരും. അനുദിന കുര്‍ബാനയില്‍ ശാരീരികമായി പങ്കെടുക്കുന്നവര്‍ക്കും അതിനുശേഷവും പലവട്ടം അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാവുന്നതാണ്. ദിവസം മുഴുവനും നിരന്തര ദൈവസാന്നിധ്യത്തിലും ദൈവപരിപാലനയിലും വിശുദ്ധിയിലും വ്യാപരിക്കുവാന്‍ ഇത് നമ്മെ സഹായിക്കും. നാം അള്‍ത്താരയില്‍ വണങ്ങുന്ന മഹാവിശുദ്ധരില്‍ പലരും ഈ രീതിയിലുള്ള അരൂപിയിലുള്ള ദിവ്യകാരുണ്യ അനുഭവം ഒരു ദിവസത്തില്‍തന്നെ പലവട്ടം ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ളവരാണ്.

കോവിഡ്കാലത്ത്

കോവിഡ് മഹാമാരി പെയ്തിറങ്ങിയ കാലത്ത് ശാരീരികമായി ദിവ്യബലിയില്‍ സംബന്ധിക്കുവാന്‍ വിശ്വാസികള്‍ക്ക് കഴിയാതിരുന്ന സമയത്താണ് ആ കുറവു നികത്താന്‍വേണ്ടി മാധ്യമങ്ങളിലൂടെയുള്ള വിശുദ്ധ ബലികളില്‍ കുര്‍ബാനസ്വീകരണസമയത്ത് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണ പ്രാര്‍ത്ഥന സാധാരണ ജനങ്ങളെ തേടിയെത്തിയത്. വിശ്വാസികളില്‍ പലരും ആ സമയത്താണ് ഇങ്ങനെയൊരു പ്രാര്‍ത്ഥന ഉണ്ടെന്നുതന്നെ മനസിലാക്കുന്നത്. പക്ഷേ ഇത് സഭയില്‍ അനേക കാലങ്ങള്‍ക്കുമുമ്പേ ഉണ്ടായിരുന്നതുതന്നെയാണ്. ഇന്നും നിലനില്‍ക്കുന്നതുമാണ്.

ഉത്ഭവംകത്തോലിക്കാസഭയില്‍

അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം ഉടലെടുത്തത് കത്തോലിക്കാ സഭയില്‍തന്നെയാണ്. പക്ഷേ ഇത് കത്തോലിക്കാ സഭാവിശ്വാസികളുടെമാത്രം സ്വകാര്യസ്വത്തല്ല. വിശുദ്ധ കുര്‍ബാനയിലുള്ള യേശുവിന്‍റെ സാന്നിധ്യത്തെ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന ഏതൊരുവനും അവന്‍ ഏതു സഭയിലോ ജാതിയിലോ ജനതയിലോ പെട്ടവനാകട്ടെ അരൂപിയിലുള്ള ഈ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള അവകാശമുണ്ട്. അജ്ഞതമൂലം അത് നാം നഷ്ടമാക്കരുത്. യേശുവില്‍ വിശ്വസിക്കുവാന്‍ ഭാഗ്യം ലഭിച്ചിട്ടും ഔദ്യോഗികമായി (മാമോദീസയിലൂടെ) സഭയുടെ ഭാഗമാകാന്‍ കഴിയാത്തവര്‍ക്ക് കൂദാശയ്ക്കടുത്ത വിധത്തിലുള്ള ദിവ്യകാരുണ്യസ്വീകരണം കത്തോലിക്കാ സഭാനിയമമനുസരിച്ച് അനുവദനീയമല്ലല്ലോ. അങ്ങനെയുള്ളവര്‍ക്ക് ഒരു വലിയ ആശ്വാസദൂതായിരിക്കും അരൂപിയിലുള്ള ഈ ദിവ്യകാരുണ്യ സ്വീകരണം എന്ന് എനിക്കുറപ്പുണ്ട്. ഇതൊരു ദൈവശാസ്ത്രത്തിന്‍റെ വെളിപ്പെടുത്തലല്ല.

എന്‍റെയും ഈ വിധത്തില്‍ ഈശോയെ സ്വീകരിക്കുകയും ചെയ്തിട്ടുള്ള മറ്റനേകരുടെയും ജീവിതാനുഭവമാണ്. അമ്മയുടെ മടിയിലിരുന്നു സ്വസ്ഥമായി മുലപ്പാല്‍ നുകരുന്ന കുഞ്ഞ് ആസ്വാദ്യതയോടെ അത് ചെയ്തു സംതൃപ്തനാകുന്നത് അതിന്‍റെ പിന്നിലെ ദൈവശാസ്ത്രം മനസിലാക്കിയിട്ടല്ലല്ലോ. അതവനെ നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന ജീവിതാനുഭവം ആയതുകൊണ്ടാണ്. അതിനാല്‍ ദിവ്യകാരുണ്യ ഈശോയെ നമുക്ക് സര്‍വാത്മനാ സ്വീകരിക്കാം.

ഈശോയുടെ കുരിശിലെ ബലിയെക്കാള്‍ എത്രയോ വലിയ ശൂന്യവല്‍ക്കരണമാണ് ആര്‍ക്കും കൈനീട്ടി തൊടാനും വിശ്വാസപൂര്‍വം ഉള്‍ക്കൊള്ളാനും തക്കവിധത്തിലുള്ള ഒരു തിരുവോസ്തിയാകാന്‍ തന്നെ സമര്‍പ്പിക്കുന്നതിലൂടെ അവിടുന്ന് ചെയ്തത്. ഈ മഹാസൗഭാഗ്യം യേശുവിനെ അറിയാന്‍ ഭാഗ്യം ലഭിച്ച ആരും നഷ്ടപ്പെടുത്താതിരിക്കും. യേശുവിനെ അറിയാന്‍ ഭാഗ്യം ലഭിക്കാത്ത അനേകര്‍ക്കുവേണ്ടിക്കൂടിയും നമുക്ക് വിശ്വാസപൂര്‍വം വിശുദ്ധ കുര്‍ബാന സ്വീകരിക്കാം.

പാപത്തിലേക്കും നാശത്തിലേക്കും കുതിച്ചുപാഞ്ഞ് നശിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തെ രക്ഷപെടുത്താന്‍ ദൈവത്തിന്‍റെ മഹാകാരുണ്യത്തിന് മാത്രമേ കഴിയുകയുള്ളൂ. നമുക്ക് ദൈവകരുണയുടെ ചാലകങ്ങളായി മാറാം. ഈ ലോകത്തെ രക്ഷയിലേക്ക് നയിക്കുന്ന പരമമായ ദൈവകാരുണ്യമാണല്ലോ വിശുദ്ധ കുര്‍ബാന. അതുകൊണ്ടാണല്ലോ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയെ ‘പരിശുദ്ധ പരമ ദിവ്യകാരുണ്യം’ എന്ന് സഭാപിതാക്കന്മാര്‍ വിളിക്കുന്നത്. നാം നമുക്കുവേണ്ടി മാത്രമല്ല ഈലോകത്തിലേക്കു പിറന്നു വീഴുന്ന ഓരോ ആത്മാവിനുവേണ്ടിയും വിശുദ്ധ കുര്‍ബാന അരൂപിയില്‍ സ്വീകരിക്കുന്നവരായി മാറട്ടെ. അങ്ങനെ ഈ കുര്‍ബാനയനുഭവം സകല ആത്മാക്കള്‍ക്കും നിത്യരക്ഷയിലേക്കു നയിക്കുന്ന ഒന്നായിത്തീരട്ടെ!!
നിത്യസ്തുതിക്കു യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ആമ്മേന്‍.

'

By: സ്റ്റെല്ല ബെന്നി

More
ഒക്ട് 21, 2024
Encounter ഒക്ട് 21, 2024

ഞാന്‍ ആയിരിക്കുന്ന സന്യാസസഭയില്‍ ശുദ്ധീകരണ സ്ഥലത്ത് കഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണമെന്ന നിര്‍ബന്ധമുണ്ട്. സെമിനാരിയില്‍ ക്ലാസുള്ള ഒരു ദിവസം ഈ പ്രാര്‍ത്ഥനയെക്കുറിച്ചു ഞാന്‍ പാടേ മറന്നുപോവുകയുണ്ടായി. ഇടയ്ക്ക് എപ്പോഴോ ഞാന്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി മറിച്ചുനോക്കിയപ്പോള്‍ അതില്‍ പുണ്യവതി, ഒരു കാര്യം അറിയാനായി തനിക്കുണ്ടായ ജിജ്ഞാസ അടക്കിയതും പകരം അത് ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ഒരു ആത്മാവിനുവേണ്ടി കാഴ്ചവച്ചതും വായിക്കാനിടയായി.

ഉടനെ ഞാന്‍ എന്‍റെ മറന്നുപോയ അന്നത്തെ പ്രാര്‍ത്ഥനയെക്കുറിച്ച് ഓര്‍ത്തു. ഇതാ ഇവിടെ ഞാന്‍ വ്യത്യസ്തവും എന്നാല്‍ പ്രായോഗികവുമായ ഒരു പ്രാര്‍ത്ഥനാരീതി കണ്ടുമുട്ടിയിരിക്കുന്നു. ഞാന്‍ വേഗം ഇത്തരത്തില്‍ എന്തെങ്കിലും എനിക്കും ചെയ്യാന്‍ കഴിയുമോയെന്ന് ചിന്തിച്ച് കൊണ്ടിരിക്കെ, കസേരയില്‍ ചാരിയിരിക്കാതെ നിവര്‍ന്നിരുന്നുകൊണ്ട് ആ സുഖം ഉപേക്ഷിക്കാനും പകരം ആ കൊച്ചുപരിത്യാഗം ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ആത്മാക്കള്‍ക്കായി കാഴ്ചവച്ചു പ്രാര്‍ത്ഥിക്കുവാനും ആത്മാവ് എന്നെ പ്രേരിപ്പിച്ചു. ചാരിയിരുന്നുകൊണ്ടാണ് ഇപ്പോള്‍ ഇത് വായിക്കുന്നതെങ്കില്‍ അത് കാഴ്ചവച്ചു തുടര്‍ന്ന് വായിക്കണേ….

ജിജ്ഞാസ ഉണ്ടാകുമ്പോള്‍ കാഴ്ചവയ്ക്കാന്‍ കാത്തിരിക്കാതെ ഓര്‍മ്മയില്‍വന്ന ഒരു ആത്മാവിനുവേണ്ടി ഉടനെ ഇക്കാര്യം ഞാന്‍ കാഴ്ചവച്ചു. ഇതാ ഒരു സെക്കന്റ് കൊണ്ട് ഞാന്‍ ഒരു ഉഗ്രന്‍ പ്രാര്‍ത്ഥന സമര്‍പ്പിച്ചിരിക്കുന്നു. ഒരു കൊച്ചു പരിത്യാഗം കാഴ്ചവച്ചിരിക്കുന്നു. കര്‍ത്താവിന്‍റെ കൃപ എനിക്ക് ആവേശം പകര്‍ന്നു. വേഗം ഒരു സുകൃതജപവും കരുണക്കൊന്തയും ജപമാലയുടെ ഒരു രഹസ്യവും ഇതേ നിയോഗത്തിനായി കാഴ്ചവച്ചു പ്രാര്‍ത്ഥിച്ചു. അന്നേരം എന്തെന്നില്ലാത്ത ഒരു ഉണര്‍വ്വും ആനന്ദവുമാണ് എനിക്ക് അനുഭവപ്പെട്ടത്. പരിശുദ്ധാത്മാവ് നല്‍കിയ കൊച്ചുപ്രേരണയെ അനുസരിച്ചപ്പോള്‍ വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചുകൊണ്ട് അവിടുന്ന് എന്നെ സഹായിച്ചിരിക്കുന്നു. ഹല്ലേലുയ്യാ!

ഞാന്‍ ഈ അനുഭവത്തിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത് ഇവയെല്ലാമാണ്; ആത്മാവിന്‍റെ പ്രേരണകള്‍ അനുസരിക്കുക, ഒരു ശ്വാസംപോലും പാഴാക്കാതെ ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവയ്ക്കുക, കര്‍ത്താവിന്‍റെ കൃപയില്‍ ആശ്രയിച്ച് ആത്മാവിന്‍റെ ഇഷ്ടത്തിനൊത്ത് പ്രാര്‍ത്ഥിക്കുകയും കൊച്ചുകൊച്ചു പരിത്യാഗങ്ങള്‍ ചെയ്തു മുന്‍പോട്ട് പോവുകയും ചെയ്യുക. നന്നായി പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നില്ലെന്നോര്‍ത്ത് തളരരുത്, കുറേ സമയം പ്രാര്‍ത്ഥനയ്ക്ക് കിട്ടുന്നില്ലല്ലോ എന്നുവിചാരിച്ച് വിഷമിക്കുകയും അരുത്. നമുക്ക് പ്രിയപ്പെട്ട വിശുദ്ധ കൊച്ചുത്രേസ്യയൊക്കെ ചെയ്തിരുന്നതുപോലെ നമ്മുടെ ഒരു ഹൃദയമുയര്‍ത്തല്‍പോലും പ്രാര്‍ത്ഥനയാക്കുക എന്നുസാരം. അല്‍പ്പംമുന്‍പ് നിവര്‍ന്നിരുന്നത് ഒരു പ്രാര്‍ത്ഥനയാക്കാന്‍ മറന്നേക്കരുത് കേട്ടോ…!

”കര്‍ത്താവിന്‍റെ ഭക്തരേ, അവിടുത്തെ ആശ്രയിക്കുവിന്‍; പ്രതിഫലം ലഭിക്കാതിരിക്കുകയില്ല” (പ്രഭാഷകന്‍ 2/8).

'

By: ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

More