- Latest articles
ഒരു സുഹൃത്ത് എന്നോട് പങ്കുവച്ച സംഭവം കുറിക്കട്ടെ. ആശാരിപ്പണിയെടുത്ത് ജീവിക്കുന്ന ഷാജി എന്ന കുടുംബനാഥന്‍റെ ജീവിതത്തിലുണ്ടായ സംഭവമാണിത്. കഴുത്ത് തിരിക്കാനും കൈകള്‍ ചലിപ്പിക്കാനുമൊക്കെ ബുദ്ധിമുട്ടാകുന്ന എല്ലുകളെ ബാധിക്കുന്ന പ്രത്യേക അസുഖം അദ്ദേഹത്തെ ബാധിച്ചു. ജോലിക്ക് പോകാന്‍ കഴിയാതെ ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. പല മരുന്നുകളും കഴിച്ചെങ്കിലും രോഗത്തിന് കുറവില്ലാത്ത അവസ്ഥ.
അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം അങ്ങാടിയില്‍ പോയി മടങ്ങുമ്പോള്‍ അവിടെയുള്ള കോണ്‍വെന്‍റിന്‍റെ മതിലില്‍ എഴുതിവച്ചിരിക്കുന്ന ദൈവവചനം ശ്രദ്ധിച്ചു. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 16/31- “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും”. ആ മനുഷ്യന് അപ്പോള്‍ ഉള്ളില്‍ തോന്നിയതനുസരിച്ച് അദ്ദേഹം മതിലിനോട് ചേര്‍ന്നുനിന്ന് ആ ദൈവവചമതിലില്‍ തെളിഞ്ഞ സൗഖ്യംനത്തില്‍ കൈകള്‍ ചേര്‍ത്ത് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. വചനത്തില്‍ കൈകള്‍ ചേര്‍ത്ത നിമിഷംതന്നെ ഏതോ ഒരു ശക്തി തന്നെ മുന്നോട്ട് തള്ളുന്നതായി അനുഭവപ്പെട്ടു. ആസമയം മുതല്‍ അദ്ദേഹം സൗഖ്യമുള്ളവനായി മാറി.
ഈ സൗഖ്യം അക്രൈസ്തവനായ അദ്ദേഹത്തെ ചിന്തിപ്പിച്ചു. പിന്നീട് അയാള്‍ മാമോദീസ സ്വീകരിച്ച് സഭയിലെ അംഗമായി മാറി. നമ്മുടെ വാഹനങ്ങളിലും മതിലുകളിലും വീട്ടിലുമെല്ലാം വചനം പ്രദര്‍ശിപ്പിച്ചുകൊണ്ട് നമ്മുടെ ഈശോയെ കൊടുക്കാന്‍ കഴിയില്ലേ?
'
ഞാന്‍ അപ്പോള്‍ നോവിഷ്യറ്റിലായിരുന്നു. എങ്ങനെ തരണം ചെയ്യുമെന്നു കരുതിയ ചില സഹനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. പല വിശുദ്ധരോടും ഞാന്‍ നൊവേന നടത്തി. എന്നാല്‍ സഹനങ്ങള്‍ കൂടിവരികയാണു ചെയ്തത്. ജീവിക്കാന്‍തന്നെ ബുദ്ധിമുട്ടായി. പെട്ടെന്ന് ഉണ്ണിയീശോയുടെ വിശുദ്ധ ത്രേസ്യയോടു പ്രാര്‍ത്ഥിക്കണമെന്ന് ഒരു പ്രേരണ ലഭിച്ചു. ഈ പുണ്യവതിയുടെ പേരില്‍ ഒരു നൊവേന ഞാന്‍ ആരംഭിച്ചു. നൊവേനയുടെ അഞ്ചാം ദിവസം ഞാന്‍ വിശുദ്ധ ത്രേസ്യായെ സ്വപ്നം കണ്ടു. ഭൂമിയില്‍ ജീവിച്ചിരിക്കുന്നപോലെയാണ് കണ്ടത്.
ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്താതെ ഇപ്രകാരം പറഞ്ഞുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു: “ഇക്കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടാ; ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുക. ഞാനും വളരെ സഹിച്ചിട്ടുണ്ട്. ‘ എന്നാല്‍ ഞാനത് വിശ്വസിച്ചില്ല. ഞാന്‍ പറഞ്ഞു: “നീ ഒന്നും സഹിച്ചെന്ന് എനിക്ക് തോന്നുന്നില്ല.” എന്നാല്‍ അവള്‍ വളരെ സഹിച്ചെന്ന് എനിക്കു ബോധ്യമാകുന്നവിധത്തിൽ സംസാരിച്ചു. അവള്‍ എന്നോടു പറഞ്ഞു “സിസ്റ്റര്‍, മൂന്നു ദിവസത്തിനുള്ളില്‍ ഈ പ്രയാസങ്ങളെല്ലാം സന്തോഷപ്രദമായി പര്യവസാനിക്കും.’ എന്നാല്‍ ഞാന്‍ അവരെ വിശ്വസിക്കായ്കയാല്‍ അവള്‍ ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്തി. എന്‍റെ ആത്മാവ് ആനന്ദപൂരിതമായി. ഞാനവരോടു ചോദിച്ചു: ‘നീ ഒരു വിശു ദ്ധയാണോ?’ “അതെ” അവള്‍ മറുപടി പറഞ്ഞു. “ഞാന്‍ ഒരു വിശുദ്ധയാണ്. മൂന്നു ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ക്കു തീരുമാനമാകും.” ഞാന്‍ ചോദിച്ചു: “ഏറ്റവും പ്രിയപ്പെട്ട ത്രേസ്യാ, ഞാന്‍ സ്വര്‍ഗത്തില്‍ പോകുമോ എന്ന് എന്നോടു പറയുമോ?’ അവള്‍ മറുപടി പറഞ്ഞു: “ഉവ്വ്, സഹോദരി സ്വര്‍ഗത്തില്‍ പോകും.’
“കൊച്ചുത്രേസ്യാ, നിന്നെപ്പോലെ ഞാന്‍ അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു വിശുദ്ധയാകുമോ?’ അവള്‍ പറഞ്ഞു: “ഉവ്വ്, എന്നെപ്പോലെ നീയും ഒരു വിശുദ്ധയാകും. എന്നാല്‍ നീ കര്‍ത്താവീശോയില്‍ ആശ്രയിക്കണം.’ പിന്നീട് എന്‍റെ അപ്പനും അമ്മയും സ്വര്‍ഗത്തില്‍ പോകുമോ എന്നു ഞാന്‍ ചോദിച്ചു. അവര്‍ പോകുമെന്ന് വിശുദ്ധ മറുപടി പറഞ്ഞു. ഞാന്‍ വീണ്ടും ചോദിച്ചു: “എന്‍റെ സഹോദരിമാരും സഹോദരന്മാരും സ്വര്‍ഗത്തില്‍ പോകുമോ?’ അവര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാന്‍ അവള്‍ ആവശ്യപ്പെട്ടു. വ്യക്തമായ ഒരു മറുപടി തന്നില്ല. അവര്‍ക്കു വളരെ പ്രാര്‍ത്ഥന ആവശ്യമാണെന്ന് എനിക്കു മനസിലായി. അതൊരു സ്വപ്നമായിരുന്നെങ്കിലും, അതിന് അതിന്‍റേതായ പ്രാധാന്യം ഉണ്ടായിരുന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന്
'രാഷ്ട്രീയകുറ്റത്തിന് പോളണ്ടില്‍നിന്നും നാടുകടത്തപ്പെട്ട ഒരു രാജകുമാരന്‍ ഫ്രാന്‍സില്‍ കൊട്ടാരവും സ്വത്തും വാങ്ങി. അദ്ദേഹത്തിന് ചെറുപ്പത്തിലുണ്ടായിരുന്ന ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിന്‍റെ ഫലമായി ദൈവത്തിനെതിരായും മരണാനന്തരജീവിതത്തിനെതിരായും പുസ്തകം എഴുതിത്തുടങ്ങിയ സമയം. ഒരു സായാഹ്നത്തില്‍ അദ്ദേഹം നടക്കാനിറങ്ങിയപ്പോള്‍ ഒരു സാധുസ്ത്രീ കരയുന്നത് കണ്ടു. എന്തിനാണ് അവള്‍ കരയുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു.
ആ സ്ത്രീ പറഞ്ഞു: “ഞാന്‍ അങ്ങയുടെ കാര്യസ്ഥന്‍ സ്റ്റുവേര്‍ഡ് ജീന്‍ മരിയയുടെ ഭാര്യയാണ്. ഭര്‍ത്താവ് രണ്ട് ദിവസം മുമ്പ് മരിച്ചു. അദ്ദേഹം ഒരു നല്ല ഭര്‍ത്താവും അങ്ങയുടെ വിശ്വസ്തസേവകനുമായിരുന്നു. ഭര്‍ത്താവിന്‍റെ രോഗം നീണ്ടുനിന്നതിനാല്‍, സമ്പാദ്യം മുഴുവന്‍ ചികിത്സക്കായി ചെലവഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ എന്‍റെ കൈയില്‍ ഒന്നുമില്ല.”
രാജകുമാരന്‍ അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവളെ ആശ്വസിപ്പിക്കുകയും അവളുടെ ആവശ്യത്തിലേക്കായി കുറച്ച് പണം നല്കുകയും ചെയ്തു.
കുറച്ചുനാള്‍ കഴിഞ്ഞ് ഒരു സായാഹ്നത്തില്‍ രാജകുമാരന്‍ തന്‍റെ മുറിയില്‍ പുസ്തകരചനയില്‍ മുഴുകിയിരിക്കുമ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പുസ്തകത്തില്‍നിന്ന് മുഖമുയര്‍ത്താതെതന്നെ സന്ദര്‍ശകനോട് കടന്നുവരാന്‍ അദ്ദേഹം പറഞ്ഞു. ഒരാള്‍ മെല്ലെ വാതില്‍ തുറന്ന് അകത്തുപ്രവേശിച്ച് രാജകുമാരന്‍റെ എഴുത്തുമേശക്ക് അഭിമുഖമായി നിന്നു.
തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. മരിച്ചുപോയ കാര്യസ്ഥന്‍ സ്റ്റുവേര്‍ഡ് ജീന്‍ മരിയ ഒരു പുഞ്ചിരിയോടെ തന്‍റെ മുന്നില്‍!
“രാജകുമാരാ, എനിക്കുവേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിക്കാനായി എന്‍റെ ഭാര്യയെ സഹായിച്ചതിന് നന്ദി പറയാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്‍റെ രക്ഷാകരമായ തിരുരക്തത്തിന് നന്ദി, അത് എനിക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഇന്ന് സ്വര്‍ഗത്തിലേക്ക് പോകുന്നു. അതിനുമുമ്പ് അങ്ങയോട് നന്ദി പറയാന്‍ ദൈവം എനിക്ക് അനുവാദം തന്നു.”
തുടര്‍ന്ന് അയാള്‍ പറഞ്ഞു, “രാജകുമാരാ, ദൈവം ഉണ്ട്, ഭാവിജീവിതം ഉണ്ട്, സ്വര്‍ഗവും നരകവും ഉണ്ട്.” ഇത്രയും പറഞ്ഞ് അയാള്‍ അപ്രത്യക്ഷനായി. രാജകുമാരന്‍ ഭക്തിയോടെ മുട്ടിന്‍മേല്‍ നിന്ന് വിശ്വാസപ്രമാണം ചൊല്ലി!
'
പ്രാര്‍ത്ഥനയും ഭക്താനുഷ്ഠാനങ്ങളും ദീര്‍ഘകാലംകൊണ്ട് നേടേണ്ട ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കാനും അത് നേടാനും വ്യക്തികളെ പ്രാപ്തരാക്കുന്നുവെന്ന് മയാമി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. ആത്മനിയന്ത്രണം വര്‍ധിപ്പിക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങളെ പ്രാര്‍ത്ഥന സ്വാധീനിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.
വിസ്കോണ്‍സിന്‍-മാഡിസണ്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ദുരുപയോഗിക്കപ്പെട്ട ബന്ധങ്ങളുടെ ഇരകള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചാണ്. അല്പംകൂടി മെച്ചപ്പെട്ട രീതിയില്‍ തങ്ങളെത്തന്നെ നോക്കിക്കാണാനും വൈകാരികവേദന കുറയ്ക്കാനും പ്രാര്‍ത്ഥന അവരെ സഹായിച്ചു.
കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ കണ്ടെത്തിയത് വിശ്വാസത്തെ ഗൗരവമായി പരിഗണിക്കുകയും പതിവായി ദൈവാലയത്തില്‍ പോകുകയും ചെയ്യുന്നവരില്‍ വിഷാദരോഗം വരാനുള്ള സാധ്യത 90 ശതമാനവും ഇല്ലെന്നാണ്.
“ദൈവഭക്തി അനുഗ്രഹത്തിന്‍റെ ആരാമംപോലെയാണ്; ഏത് മഹത്വത്തെയുംകാള്‍ നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40/27)
'
‘എല്ലാറ്റിലും ഉപരി ഞാനാണ് വലുത്. എന്‍റെ ഇഷ്ടം, എന്‍റെ ചോയ്സ്, എന്‍റെ സ്വാതന്ത്ര്യം-അതാണ് പ്രധാനം.’ ഈ തത്വത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ?
‘സാത്താനിസത്തിന്‍റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ നിങ്ങള്‍ക്ക്?” പയ്യന്‍റെ ചോദ്യം കേട്ടപ്പോള്‍ എന്‍റെയും ആകാംക്ഷ ഉണര്‍ന്നു. കുട്ടികളുടെ ധ്യാനത്തിന് തന്‍റെ സാക്ഷ്യം പങ്കുവയ്ക്കുകയായിരുന്നു അവന്‍.
അവന്‍റെ മാതാപിതാക്കള്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ വന്നവരാണ്. അതുകൊണ്ട് കുഞ്ഞിലേതൊട്ട് വിശ്വാസ സത്യങ്ങള്‍ അറിയാനും അതില്‍ വളരാനും കഴിഞ്ഞു. എന്നാല്‍, ടീനേജിലേക്ക് പ്രവേശിച്ചതിനുശേഷം ദൈവത്തില്‍നിന്നും കുറെ അകന്ന് പോയി.
നല്ല കഴിവുള്ള പയ്യനാണ്, പാട്ടും ഗിറ്റാറുമൊക്കെ നന്നായി വഴങ്ങും. പള്ളിയിലെ ക്വയറിലും അള്‍ത്താരശുശ്രൂഷയിലും വളരെ സജീവം. പക്ഷേ ഇതൊക്കെ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും, അവന്‍റെ ഹൃദയം ദൈവത്തില്‍നിന്ന് വളരെ അകന്ന് പോയിരുന്നു. ലോകത്തിന്‍റെ കെണികളില്‍നിന്നും കരകയറാന്‍ ശ്രമിച്ചെങ്കിലും വിടുതല്‍ കിട്ടുന്നില്ലായിരുന്നു.
ആയിടെയാണ് മെറ്റല്‍ സംഗീതത്തോട് ചായ്വ് തോന്നുന്നത്. ആ ത്വര പതിയെ സാത്താനിസത്തോട് അടുപ്പിച്ചു. തന്‍റെ പോക്ക് ശരിയല്ലെന്ന് എങ്ങനെയോ സുബോധമുണ്ടായി; മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രാര്‍ത്ഥന മൂലമാവും. എന്തായാലും, ദൈവകൃപയാല്‍ അവയില്‍നിന്നെല്ലാം പിന്തിരിയാന്‍ അവന് കഴിഞ്ഞു.
തന്‍റെ സാക്ഷ്യം പറഞ്ഞപ്പോള്‍, അവന്‍ കുട്ടികളോടായി ചോദിച്ചതാണ് ആദ്യം പറഞ്ഞ ചോദ്യം. സാത്താനിസത്തിന്‍റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ എന്ന്. എന്നിട്ട് ഉത്തരവും പറഞ്ഞ് തന്നു.
‘എല്ലാറ്റിലും ഉപരി ഞാനാണ് വലുത്, എന്‍റെ ഇഷ്ടം, എന്‍റെ ചോയ്സ്, എന്‍റെ സ്വാതന്ത്ര്യം- അതാണ് പ്രധാനം. വിലക്കുകള്‍ ഒന്നുമേയില്ലാത്ത കുത്തഴിഞ്ഞ സ്വാതന്ത്ര്യം തരുന്ന പ്ലാറ്റ്ഫോം; അതാണ് സാത്താനിസം പ്രദാനം ചെയ്യുന്നത്.’
മേല്‍പ്പറഞ്ഞതൊക്കെ വേറെങ്ങോ കൂടി കേട്ടിട്ടില്ലേ? അതെ, ഇന്നത്തെ സെക്കുലര്‍ സംസ്കാരം കുഞ്ഞുങ്ങളുടെ ഉള്ളില്‍ കുത്തി വയ്ക്കുന്ന വിഷവും ഇത് തന്നെയാണ്. ‘ഞാന്‍, ഞാന്‍, ഞാന്‍…’ യഥാര്‍ത്ഥ നന്മയും സത്യവും മറച്ച് വച്ചുകൊണ്ടാണെങ്കിലും ‘എന്‍റെ ഇഷ്ടം, എന്‍റെ സുഖം, എന്‍റെ സന്തോഷം, എന്‍റെ അവകാശം…’
മനുഷ്യനെ മയക്കാന്‍ ഇതിലും വലിയ കറുപ്പ് വേറെ വേണോ?
യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള സ്വയംമഹത്വപ്പെടുത്തലി (self exaltation) ലൂടെ ഞാന്‍ എന്നെത്തന്നെ തകര്‍ക്കുകയാണ്, നഷ്ടപ്പെടുത്തുകയാണ്. ഈ സത്യം നാം തിരിച്ചറിയാതെ പോകുന്നു. “ദൈവത്തിന്‍റെ രൂപത്തിലായിരുന്നുവെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തണ്ട കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ- അതെ കുരിശുമരണംവരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലിപ്പി 2/6-8) പ്രലോഭകന്‍റെ വിളയാട്ടത്തിനുള്ള മറുപടിയാണ് ഈശോയുടെ പീഡാനുഭവ രഹസ്യങ്ങള്‍ നമ്മോട് പറയുന്നത്.
വ്യക്തിതന്നെയാണ് ഇവിടെയും പ്രധാനം. എന്നാല്‍, സ്വയംമഹത്വപ്പെടുത്തല്‍ (ടലഹള ലഃമഹമേശേീി) വഴിയല്ല, മറിച്ച് സ്വയംനിരാസത്തി(ടലഹള റലിശമഹ)ലൂടെ വേണം ഞാന്‍ എന്നെ നേടേണ്ടത്. ‘എന്‍റെ ഹിതമല്ല, പിതാവിന്‍റെ ഹിതം നിറവേറട്ടെ’ എന്ന ഗുരുമൊഴിയാണ് കുരിശിന്‍റെ സുവിശേഷത്തിന്‍റെ അടിസ്ഥാനതത്വം. ചുരുക്കിപ്പറഞ്ഞാല്‍, ഇതല്ലേ സ്നേഹത്തിന്‍റെ ഏറ്റവും ഉയര്‍ന്ന രൂപം; സ്നേഹിതന് വേണ്ടി ജീവന്‍ ബലി നല്‍കുന്ന സ്നേഹം. എല്ലാവരും സ്വന്തം ഇഷ്ടങ്ങള്‍മാത്രം എപ്പോഴും ചെയ്തുകൊണ്ടിരുന്നാല്‍, അതുമാത്രം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ലോകക്രമംതന്നെ താറുമാറാകും. ബന്ധങ്ങള്‍ തകരും. കലഹങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും പെരുകും. എവിടെയും എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥ. ഇന്ന് കാണുന്ന അസ്വാരസ്യങ്ങളുടെയും അസമാധാനങ്ങളുടെയും യുദ്ധങ്ങളുടെയും പിന്‍കാരണം സ്വാഭീഷ്ടപ്രവര്‍ത്തനങ്ങളാണല്ലോ. അപ്രകാരം മനുഷ്യനെയും ലോകത്തെയും തകര്‍ക്കുകയാണ് ശത്രുവായ സാത്താന്‍റെ ലക്ഷ്യവും.
ബലിയുടെ പ്രാധാന്യം മറച്ചുവച്ചുകൊണ്ട്, സ്നേഹത്തെ പ്രഘോഷിക്കുന്ന ജനപ്രിയ സംസ്കാരം, പറുദീസായുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ചെയ്യുന്നത്. ബലിയാകല്‍ ഒഴിവാക്കിക്കൊണ്ട് സ്നേഹം, സ്നേഹമാണ് വലുതെന്ന് പ്രഘോഷിച്ച അറുപതുകളിലെ ലൈംഗികവിപ്ലവം ഇതിന്‍റെ ഉത്തമ ഉദാഹരണമാണ്. ആദി മുതലേ നുണയനായവന്‍റെ തന്ത്രങ്ങളെപ്പറ്റി ജാഗ്രത ഉണ്ടാവണമെന്ന് സാരം.
സ്നേഹത്തെപ്രതി സ്വന്തം ഹിതങ്ങള്‍ ത്യജിക്കാന്‍ കൃപ ചോദിക്കാം. എന്നെ വേദനിപ്പിച്ചവരെ, എനിക്കെതിരെ നിന്നവരെ, എനിക്കെതിരെ തിന്മ നിരൂപിച്ചവരെ, ജോലി സ്ഥലത്ത് എന്നെ ഞെരുക്കുന്നവരെ… എല്ലാവരെയും ഈശോയുടെ കുരിശിനോട് ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിക്കാം. ശുദ്ധസ്നേഹം നമ്മെ എല്ലാവരെയും വീണ്ടെടുക്കാന്‍ കാരണമാകട്ടെ.
എന്‍റെ ഹിതത്തിനെതിരെ പോരാടാനുള്ള ബലം പിതാവേ, എനിക്കേകണമേ.
'
ഒരിക്കല്‍, കേരളത്തിനു പുറത്തുള്ള, ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ ഒരു ഫെസ്റ്റ് നടന്നു. എല്ലാവരും വളരെ കളര്‍ഫുള്‍ ആയി വസ്ത്രം ധരിച്ചാണ് അന്ന് കോളേജിലെത്തിയത്. അപ്പോളതാ ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിമാത്രം ഏറെ വ്യത്യസ്തമായ രീതിയില്‍ വസ്ത്രധാരണം ചെയ്തു വന്നിരിക്കുന്നു. അവളുടെ തലയില്‍ ഒരു പ്രത്യേകതരം അലങ്കാരവസ്തു ധരിച്ചിട്ടുണ്ട്. അതില്‍ ഏതോ പക്ഷിയുടെ തൂവലുകളൊക്കെയുണ്ട്. ‘ഇത് ഈ നാട്ടിലെ ഫാഷനായിരിക്കുമോ?”ഞാന്‍ മനസ്സില്‍ ചിന്തിച്ചു. അപ്പോഴാണ് മറ്റു സഹപാഠികളും അതു പറഞ്ഞ് ചിരിക്കുന്നതു കണ്ടത്. ഇത് ഫാഷനൊന്നുമല്ലായെന്നും അവള്‍ ഒരു പരിഹാസപാത്രമായി മാറുകയാണ് എന്നും അപ്പോള്‍ എനിക്കു മനസ്സിലായി. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ് പിന്നീട് സംഭവിച്ചത്.
പല കുട്ടികളും അവളുടെ അടുത്തു ചെന്ന് ‘സൂപ്പര്‍,’സൂപ്പര്‍’ എന്ന് പറയുന്നുണ്ട്. ഇതും പറഞ്ഞ് തിരിച്ചുവരുന്നവരുടെ മുഖത്താകട്ടെ പരിഹാസച്ചിരിയും. ഇതൊക്കെ കണ്ടപ്പോള്‍ എനിക്കൊരു വിഷമം. ഞാന്‍ ചെന്ന് അവളോട് സത്യം പറഞ്ഞു. പക്ഷേ എന്‍റെ സത്യം അവള്‍ക്ക് സ്വീകാര്യമായിരുന്നില്ല. കാരണം അത് നല്ലതാണെന്ന് പലരും അവളോടു പറഞ്ഞു കഴിഞ്ഞതാണല്ലോ.
അവളുടെ മുന്നില്‍ സൂപ്പര്‍ എന്നു പറയുകയും അവളുടെ അസാന്നിധ്യത്തില്‍ പരിഹസിക്കുകയും ചെയ്യുന്ന കാപട്യം എന്നെ ഏറെ ചിന്തിപ്പിച്ചു. മനുഷ്യപ്രീതിയുടെയും അഭിപ്രായങ്ങളുടെയും പൊള്ളത്തരം എത്രത്തോളമുണ്ട് എന്ന് എനിക്കു മനസ്സിലാക്കിത്തന്ന ഒരു അനുഭവമായിരുന്നു അത്. തുടര്‍ന്നും എന്‍റെയും മറ്റുള്ളവരുടെയും ജീവിതത്തിലൂടെ ഇത്തരം ധാരാളം അനുഭവങ്ങള്‍ കണ്ടും അനുഭവിച്ചും മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു. ഇനി എല്ലാം ദൈവപ്രീതിക്കുവേണ്ടി! ഹൃദയം കാണുന്ന കര്‍ത്താവിന്‍റെ മുമ്പില്‍ നാട്യങ്ങളും മുന്‍കരുതലുകളും ഒന്നും വേണ്ട. അതുകൊണ്ട് കര്‍ത്താവിനെ പ്രീതിപ്പെടുത്താനാണ് കൂടുതല്‍ എളുപ്പവും. അങ്ങനെ എന്‍റെ പ്രവൃത്തികള്‍ ഈശോയ്ക്കു സ്വീകാര്യമാണോ എന്ന് വിവേചിച്ചറിയാന്‍ ശ്രമിക്കാന്‍ തുടങ്ങി.
ഇത്തരത്തില്‍ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ ജീവിതം കുറേക്കൂടി സുഗമമായതായി അനുഭവപ്പെടാറുണ്ട്. ഒരു പുതിയ വസ്ത്രം മേടിച്ചാല്‍പ്പോലും ആദ്യം പള്ളിയില്‍ പോകുമ്പോള്‍ ധരിക്കണം, ഈശോയെ കാണിക്കണം എന്നു നിര്‍ബന്ധമുള്ള എന്‍റെ ഒരു കൂട്ടുകാരിയെ ഈ സമയം ഓര്‍ത്തുപോകുന്നു. ഈശോയെ മനസ്സില്‍ കണ്ടുകൊണ്ട്, ഈശോയ്ക്കുവേണ്ടി’എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് ഒരു ഗ്ലാസ്സ് വെള്ളം ആര്‍ക്കെങ്കിലും കൊടുത്തു നോക്കൂ, ഭക്ഷണം വിളമ്പി നോക്കൂ… ഹൃദയം ദൈവസാന്നിധ്യത്താല്‍ നിറയും. ഇതുപോലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ജീവിതം മാറിമറിയുമെന്നതു തീര്‍ച്ചയാണ്.
എന്നാല്‍, ദൈവത്തിന് പ്രീതികരമാണോ എന്ന് എങ്ങനെ തിരിച്ചറിയും? വിശുദ്ധ കൊച്ചുത്രേസ്യാ കൂടെയുള്ള മറ്റു സിസ്റ്റേഴ്സില്‍നിന്നുമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ശാരീരികമായ സഹനങ്ങളുമെല്ലാം ദൈവത്തിനു കാഴ്ചവച്ചു പ്രാര്‍ത്ഥിച്ചിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താനായി അവള്‍ കണ്ടെത്തിയ കുറുക്കുവഴികളായിരുന്നു ഇത്. ഇങ്ങനെ നിസ്സാരമെന്നു തോന്നുന്ന ധാരാളം പുണ്യപ്രവൃത്തികള്‍ അവള്‍ കര്‍ത്താവിനെ പ്രീതിപ്പെടുത്താനായി ചെയ്തിരുന്നു. ഇതില്‍ അവിടുന്ന് സംപ്രീതനാണോ എന്നറിയാന്‍ അവള്‍ ആഗ്രഹിച്ചു. ഒരിക്കല്‍ വിശുദ്ധയുടെ അടുക്കല്‍, സ്വപ്നത്തില്‍, മൂന്നു പുണ്യവതികള്‍ വന്നു. അതില്‍ ഒരാളോട് അവള്‍ ചോദിച്ചു: “എന്‍റെ നിസ്സാരമായ ചെറിയ ചെയ്തികളെയും ആഗ്രഹങ്ങളെയുംകാള്‍ അധികമായി, നല്ല ദൈവം എന്തെങ്കിലും എന്നില്‍ നിന്നാവശ്യപ്പെടുന്നുണ്ടോ എന്നുകൂടി എന്നോടു പറയണമേ; അവിടുന്ന് എന്നില്‍ സംപ്രീതനാണോ?’അവര്‍ മറുപടി പറഞ്ഞു: “നല്ല ദൈവം വേറൊന്നും ആവശ്യപ്പെടുന്നില്ല; അവിടുന്നു സംപ്രീതനാണ് അതീവ സംപ്രീതന്‍…”
അങ്ങനെ, തന്‍റെ ശുശ്രൂഷ ദൈവത്തിന് സ്വീകാര്യമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.
വിശുദ്ധരുടെ ജീവിതത്തില്‍ മാത്രമല്ല, ദൈവത്തിന് പ്രീതികരമായോ എന്നറിയാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവിടുന്ന് ഉത്തരം നല്കുകതന്നെ ചെയ്യും. കാരണം, മക്കള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പിതാവിന് അഭിനന്ദിക്കാതിരിക്കാനാവില്ലല്ലോ.
എന്നാല്‍, ദൈവം അഭിനന്ദിക്കണമെങ്കില്‍ ദൈവത്തിനാണു നമ്മള്‍ നല്കുന്നതെന്ന് ഉറപ്പു വരുത്തണം. ഒരു വിശിഷ്ടവിഭവം ഉണ്ടാക്കി ഒരാള്‍ക്ക് കൊടുത്തിട്ട് മറ്റൊരാള്‍ അഭിനന്ദിക്കണം എന്നു ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. അതു സ്വീകരിച്ചയാളാണ് അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടത്. അതുപോലെതന്നെ ദൈവത്തിനു നല്കപ്പെടുന്നതു മാത്രമാണ് അവിടുന്ന് വിലമതിക്കുന്നത്. എനിക്കുവേണ്ടിയും എന്‍റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടിയും, എന്‍റെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും ചെയ്യുന്നതില്‍ അവിടുത്തേക്ക് എന്തു കാര്യം?
നമ്മള്‍ ആരെ സ്നേഹിക്കുന്നുവോ അവരെ പ്രീതിപ്പെടുത്തും. അതിനാല്‍ത്തന്നെ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പ്രീതിപ്പെടുത്താതിരിക്കാന്‍ സാധിക്കില്ല. അല്ലാത്തവര്‍, മനുഷ്യരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കും. മനുഷ്യപ്രീതിക്കുവേണ്ടി ഓടിനടക്കുന്നവര്‍ക്ക് ആധ്യാത്മികമായി വളരാന്‍ സാധിക്കുകയില്ല. അവര്‍ മറ്റു മനുഷ്യരെയോ, അല്ലെങ്കില്‍ തങ്ങള്‍ ഭയപ്പെടുന്നവരെയോ, തങ്ങളെത്തന്നെയോ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും. തങ്ങളെത്തന്നെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയാകട്ടെ, എപ്പോഴും സ്വന്തം സുഖം, നേട്ടം എന്നിവയിലേക്കും ആയിരിക്കും. അവര്‍ക്ക് തങ്ങളുടെ കൂടെയുള്ളവരെ പരിഗണിക്കാനോ ബഹുമാനിക്കുവാനോ സാധിക്കുകയില്ല.
അതിനാല്‍, നമ്മുടെ ജീവിതവും പ്രയത്നങ്ങളുംകൊണ്ട് ആരെയാണ് പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് കണ്ടെത്താം, തിരുത്താം. “നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ത്ഥതയോടെ ചെയ്യുവിന്‍” (കൊളോസോസ് 3/23)
ദൈവസ്നേഹത്തെപ്രതി ചെയ്യുന്നതെല്ലാം വിലമതിക്കപ്പെടുകതന്നെ ചെയ്യും. അപ്പോള്‍, നന്മകള്‍ ചെയ്തിട്ടും കുറ്റം മാത്രം കേള്‍ക്കേണ്ടി വന്നാലും, നന്നായി ചെയ്യണമെന്ന ആഗ്രഹത്തോടെ പ്രയത്നിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാതെ വന്നാലും പിടിച്ചു നില്‍ക്കാന്‍ നമുക്കു കരുത്തു ലഭിക്കും. കാരണം, “മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും”‘(1 സാമുവല്‍ 16/7).
കര്‍ത്താവേ, ജീവിതത്തിലെ സകല കാര്യങ്ങളിലും അങ്ങയുടെ പ്രീതി തേടുവാന്‍ എന്നെ അനുഗ്രഹിക്കണമേ, ആമ്മേന്‍.
'
പാപത്തില്‍നിന്ന് ഒഴിഞ്ഞിരിക്കാന്‍ സഹായിക്കുന്ന ഈ ധ്യാനം എപ്പോഴും നമുക്ക് ആവശ്യമാണ്.
മംഗലപ്പുഴ സെമിനാരിയുടെ ക്ളാസുകളൊന്നിലാണ് അദ്ധ്യാപകന്‍റെ ചോദ്യം. നമുക്ക് നമ്മുടെ മരണത്തെ ഒന്ന് ധ്യാനിച്ചാലോ…. ഞാന്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും ആ സ്ഥാനത്ത് നിങ്ങളെ ഓര്‍ത്താല്‍ മതി!”
ചിരിച്ചു കൊണ്ടായിരുന്നു മറുപടി. പിന്നെ എല്ലാവരും പതിയെ കണ്ണുകളടച്ചു.
കനത്ത നിശബ്ദതയില്‍ ആ ഗുരുവിന്‍റെ വാക്കുകളിലൂടെയായി പിന്നെ മനസിന്‍റെ യാത്ര…
“തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അതാ നിങ്ങള്‍ക്കൊരു അപകടമുണ്ടാവുകയാണ്… ആരൊക്കെയോ നിങ്ങളെയെടുത്തു ഹോസ്പിറ്റലിലേക്കോടുന്നു. നിങ്ങളെ പ്രവേശിപ്പിച്ച തീവ്രപരിചരണമുറിയുടെ മുന്നിലേക്കോടിയെത്തുന്ന നിങ്ങളുടെ പ്രിയപ്പെട്ടവര്‍… രക്ഷിക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ട് ശ്വാസം നിലച്ച നിങ്ങളുടെ ശരീരത്തിന് മുകളിലേക്ക് ആ വെള്ളത്തുണി ഇട്ടിട്ട് നിസ്സഹായതയോടെ ഡോക്ടര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂട്ടനിലവിളിയുയരുന്നുണ്ട്….
അന്നുവരെ ഓടിക്കളിച്ച വീടിന്‍റെ മുറ്റത്ത് നിങ്ങള്‍ക്കായൊരു പന്തലുയരുകയാണ്. മരണത്തിന്‍റെ ഗന്ധമുള്ള ആംബുലന്‍സില്‍നിന്ന് നിങ്ങളുടെ മരവിച്ച ശരീരമെടുത്ത് ഓര്‍മ്മകള്‍ തളം കെട്ടിനില്‍ക്കുന്ന വീടിന്‍റെ അകത്തേക്ക് ഒരു മഞ്ചലിലേക്കെടുത്തു വയ്ക്കുന്നു.
ചിലര്‍ മരണക്കുറി അടിക്കാന്‍ നിങ്ങളുടെ ഫോട്ടോ തപ്പുന്നു. കേട്ടറിഞ്ഞ് നിങ്ങളുടെ മൃതദേഹത്തെ കാണാന്‍ ആളുകളെത്തുന്നു. ചിലര്‍ വീടിന്‍റെ പുറത്ത് വട്ടം കൂടി നിങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്തൊക്കെയായിരിക്കും ആ ഓര്‍മ്മകള്‍? അങ്ങനെ ഓര്‍മ്മിക്കാന്‍മാത്രം നല്ല ഓര്‍മ്മകള്‍ പരിചയമുള്ളവര്‍ക്ക് കൊടുത്തിട്ടുണ്ടോ…
രാവേറുവോളം നീളുന്ന ആളുകളുടെ വരവ്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മൃതദേഹത്തിന്‍റെ അടുത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍.
പിറ്റേന്ന് പുലരിയില്‍ മുറ്റത്തെ പന്തലിലേക്ക് എടുത്ത് വച്ച നിങ്ങളുടെ മൃതദേഹം കാണാന്‍ റീത്തുമായി എത്തുന്ന ചിലര്‍. സംസ്കാരശുശ്രൂഷയ്ക്കായി എത്തുന്ന വൈദികന്‍. ഇടയിലെ പ്രസംഗം, എന്തായിരിക്കും പ്രസംഗത്തില്‍ പറയുക?
ഒടുവില്‍ അത്രയും നാള്‍ ജീവിച്ച വീട്ടില്‍നിന്നും ഇനിയൊരിക്കലും തിരികെ വരാത്ത യാത്ര, നിങ്ങള്‍ എന്നും കിടന്നുറങ്ങിയ മുറി, ഇട്ട വസ്ത്രങ്ങള്‍, എപ്പോഴും കൂടെ കൂട്ടിയ മൊബൈല്‍ ഫോണ്‍. വിട… വെറും കയ്യോടെ യാത്ര…
മനസ്സില്‍ ഒരുപാട് ദേഷ്യം ഉണ്ടായിരുന്നവരൊക്കെ അന്ത്യയാത്രക്ക് വന്നിട്ടുണ്ട്. ഒരവസരം കിട്ടിയിരുന്നെങ്കില്‍ അവരോടൊക്കെ ഒന്ന് ക്ഷമ ചോദിക്കാമായിരുന്നു…
സെമിത്തേരിയില്‍ നിങ്ങള്‍ക്കായി ഒരുക്കിയ കുഴിയുടെ അടുത്തു കൊണ്ടുവന്നു വച്ച മൃതദേഹം. അന്ത്യചുംബനത്തിന്‍റെ നിമിഷങ്ങള്‍… ആ നിമിഷങ്ങളില്‍ പ്രിയപ്പെട്ടവരുടെ മനസിലൂടെ കടന്നു പോവുന്നതെന്തായിരിക്കും?
കുഴിയിലേക്കിറക്കിയ നിങ്ങളുടെ ദേഹത്തില്‍ വന്നു വീഴുന്ന മണ്ണ്. ഈ ലോകത്തേക്കുള്ള കാഴ്ച അവസാനിക്കുകയാണ്. നിങ്ങള്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, സാധിക്കുന്നില്ല. അവസാനപിടി മണ്ണും വാരിയിട്ട് എല്ലാവരും മടങ്ങുകയാണ്…”
കുറച്ചേറെ നിശബ്ദതയ്ക്കു ശേഷം വീണ്ടും ഗുരുവിന്‍റെ വാക്കുകള്‍ ക്ലാസില്‍ മുഴങ്ങി, “ഇനി കണ്ണുതുറന്നോളൂ!”
വല്ലാത്തൊരനുഭവമായിരുന്നത്, ചിലരുടെ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു…
ആരോ പറഞ്ഞത് ശരിയാണ്, ഏറ്റവും നല്ല ധ്യാനകേന്ദ്രം സെമിത്തേരി തന്നെ. ഏറ്റവും നല്ല ധ്യാനം മരണത്തെക്കുറിച്ചുള്ളതും. പ്രഭാഷകവചനം പറയുന്നു, “ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം. എന്നാല്‍, നീ പാപം ചെയ്യുകയില്ല” (പ്രഭാഷകന്‍ 7/36). പാപത്തില്‍നിന്ന് ഒഴിഞ്ഞിരിക്കാനുള്ള നല്ലൊരു മാര്‍ഗമാണ് തിരുവചനം നിര്‍ദേശിക്കുന്നത്. അതിലൂടെ നന്മരണമെന്ന അനുഗ്രഹത്തിലേക്ക് വഴിതുറക്കും.
വാസ്തവത്തില്‍ നന്മരണം ലഭിക്കാനല്ലേ നാം ജീവിക്കുന്നതുതന്നെ. ദൈവവചനം ഓര്‍മ്മിപ്പിക്കുന്നു, “ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിന് പകരമായി എന്തുകൊടുക്കും?” (മത്തായി 16/26). അനശ്വരമായ ആത്മാവ് സന്തോഷപൂര്‍വം ദൈവത്തിലേക്ക് മടങ്ങാനുള്ളതാണ്. ശരീരമാകട്ടെ പൊടിയിലേക്ക് തിരികെപ്പോകാനുള്ളതും. അതിനാല്‍ നമ്മുടെ ആത്മാവിന് അതിന്‍റെ മൂല്യത്തിനനുസരിച്ച് പ്രഥമപരിഗണന കൊടുക്കാം. മരണം യഥാര്‍ത്ഥത്തില്‍ അവസാനമല്ലല്ലോ നിത്യജീവന്‍റെ ആരംഭമല്ലേ? നിത്യജീവിതത്തിനായുള്ള യോഗ്യത നേടുന്ന സ്ഥലമാണ് ഭൂമി. അസ്സീസ്സിയിലെ പുണ്യാളന്‍ പറഞ്ഞുവയ്ക്കുന്നു: “മരിക്കുമ്പോഴാണ് നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്.’
'
ദൈവത്തെയും മനുഷ്യനെയും ഈ പ്രപഞ്ചത്തെയും ജീവിതത്തെയുമെല്ലാം യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നതുപോലെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് തെറ്റുപറ്റാനിടയുണ്ട്.
ആദിപാപം ആദിമാതാപിതാക്കളുടെ ആന്തരികനയനങ്ങളില്‍ ഇരുള്‍ നിറച്ചു. യഥാര്‍ത്ഥ ദൈവികജ്ഞാനം അവര്‍ക്കു നഷ്ടമായി. സാത്താന്‍ ദൈവത്തെക്കുറിച്ച് നല്‍കിയ തെറ്റായ അറിവ് അവര്‍ സ്വീകരിച്ചു. അവനവനെയും തന്റെ സമസൃഷ്ടിയെയും തെറ്റായ കാഴ്ചപ്പാടിലൂടെ കാണാന്‍ മനുഷ്യന് ഇടയായി. മാനവകുലം മുഴുവന്‍ ഈ അജ്ഞതയുടെ അന്ധകാരത്തില്‍ അകപ്പെട്ടു.ഈ ഇരുളില്‍നിന്ന് മാനവരാശിയെ വിമോചിപ്പിക്കുന്ന ദിവ്യസൂര്യനാണ് യേശുക്രിസ്തു. ഈ അജ്ഞതയില്‍നിന്ന് സത്യജ്ഞാനത്തിലേക്ക് മനുഷ്യനെ നയിക്കുന്നവനാണ് ദൈവപുത്രനായ ക്രിസ്തു. അവിടുന്നാണ് ലോകത്തിന്റെ പ്രകാശം, അവിടുന്നാണ് സത്യത്തിന്റെ സ്വാതന്ത്ര്യം നല്‍കുന്ന പുത്രന്‍. ലോകത്തെ സത്യത്തിന്റെ പൂര്‍ണത പഠിപ്പിച്ച ഗുരുവാണ് ക്രിസ്തു.
എങ്ങനെയാണ് ക്രിസ്തു നമ്മെ ഇരുളില്‍നിന്ന് ജ്ഞാനപ്രകാശത്തിലേയ്ക്ക് നയിച്ചത്? അത് ദൈവിക വെളിപാട് (Revelation) നമുക്ക് നല്‍കിക്കൊണ്ടാണ്. ദൈവാവിഷ്‌കരണം, ദൈവിക വെളിപാട് എന്നൊക്കെ നാം മനസ്സിലാക്കുന്ന ദൈവത്തിന്റെ സ്വയംവെളിപ്പെടുത്തലാണിത്. ”പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ഏകജാതനായ”ദൈവപുത്രനാണ് ക്രിസ്തു എന്നതാണ് അവിടുത്തെ വെളിപ്പെടുത്തലിന്റെ ആധികാരികതയുടെ അടിസ്ഥാനം. ”പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാനനാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു” (ഹെബ്രായര്‍ 1/1-2). ആ പുത്രനാകട്ടെ ”അവിടുത്തെ മഹത്വത്തിന്റെ തേജസും സത്തയുടെ മുദ്രയുമാണ്” (ഹെബ്രായര്‍ 1:3) എന്നത് ആ വെളിപാടിനെ നിര്‍ണായകമാക്കുന്നു. ”പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്താന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല” എന്നാണല്ലോ ക്രിസ്തു നമ്മെ അറിയിച്ചത് (മത്തായി 11/27). ഈ ക്രിസ്തുവാണ് ”ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല, അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും” (യോഹന്നാന്‍ 8/12) എന്ന് നമുക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്. ഇവിടെ ദൈവം ദൈവത്തെത്തന്നെ ക്രിസ്തുവില്‍ സ്വയം വെളിപ്പെടുത്തി. ക്രിസ്തു ദൈവിക വെളിപാടിന്റെ അന്തസത്തയും, വെളിപാടിന്റെ മധ്യസ്ഥനും വെളിപാടിന്റെ കര്‍ത്താവുമായി നിലകൊള്ളുന്നു. (Christ is the subject and object of revelation, he is also the mediator of revelation)
എന്താണ് ക്രിസ്തു നമുക്ക് വെളിപ്പെടുത്തിത്തന്ന ജ്ഞാനപ്രകാശം? നാലു കാര്യങ്ങളാണ് പ്രധാനമായും ഈ വെളിപ്പെടുത്തലില്‍ ഉള്ളത്.
ഒന്നാമതായി നമുക്ക് ക്രിസ്തുവിലൂടെ യഥാര്‍ത്ഥവും പരിപൂര്‍ണവുമായ ദൈവദര്‍ശനം ലഭിച്ചു. ദൈവം ആരെന്ന് പൂര്‍ണതയില്‍ വെളിപ്പെട്ടുകിട്ടി. ദൈവത്തെക്കുറിച്ചുള്ള തെറ്റായതും അപൂര്‍ണമായതുമായ അറിവായിരുന്നു അതുവരെ മാനവരാശിക്ക് ഉണ്ടായിരുന്നത്. സാത്താന്‍ അവതരിപ്പിച്ച തെറ്റായ ദൈവസങ്കല്‍പം മനുഷ്യന്റെ ഉള്ളില്‍ ഭീതിപടര്‍ത്തിനിന്നിരുന്നു. തത്വജ്ഞാനികളെന്ന് അവകാശപ്പെട്ട പലരും പങ്കുവച്ച ദൈവസങ്കല്‍പങ്ങളും മനുഷ്യബുദ്ധിയുടെ കണ്ടുപിടുത്തങ്ങളെന്ന നിലയില്‍ പൂര്‍ണമായ ദൈവദര്‍ശനം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല. ദൈവം സ്വയം വെളിപ്പെടുത്തിയാല്‍ മാത്രമേ ദൈവമാരെന്ന് മനുഷ്യന് ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. ഇതാണ് ക്രിസ്തുവിലൂടെ നല്കപ്പെട്ടത്; ക്രിസ്തുവില്‍ സംഭവിച്ചത്. അങ്ങനെ അവികലവും പൂര്‍ണവുമായ ദൈവദര്‍ശനം മാനവരാശിക്കു ലഭിച്ചു.
രണ്ടാമതായി, ദൈവം ക്രിസ്തുവില്‍ നമുക്കു വെളിപ്പെടുത്തിത്തന്നത് മനുഷ്യന്‍ ആരാണ് എന്ന വസ്തുതയാണ്. അവികലവും പൂര്‍ണവുമായ മനുഷ്യദര്‍ശനം ക്രിസ്തുവിലൂടെ മാനവരാശിക്ക് ലഭിച്ചു. ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ മനുഷ്യനെ മനുഷ്യന്‍ കാണാനുള്ള കൃപ ആദിപാപത്താല്‍ നഷ്ടമാവുകയും സാത്താനാഗ്രഹിച്ചവിധം കാണാന്‍ ഇടയാവുകയും ചെയ്തു. മനുഷ്യന്‍ ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവനാണെന്ന് വിശുദ്ധ ഗ്രന്ഥം നമുക്കു പറഞ്ഞുതരുന്നു. ഈ ദര്‍ശനം ക്രിസ്തുവിലൂടെ അതിന്റെ പൂര്‍ണതയില്‍ വെളിപ്പെട്ടു കിട്ടി. ദൈവത്തിന്റെ യഥാര്‍ത്ഥ ഛായയും സമ്പൂര്‍ണ്ണഛായയും (The real image and the perfect image) ആദ്യജാതനായ ക്രിസ്തുവാണ്. ആ ക്രിസ്തുവിന്റെ ഛായയിലാണ് നാം സൃഷ്ടിക്കപ്പെട്ടത്.
ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. നാം ദൈവപുത്രരും ക്രിസ്തുവിനോടൊപ്പം നിത്യത പ്രാപിക്കേണ്ടവരുമാണ് എന്ന സത്യം ക്രിസ്തു വെളിപ്പെടുത്തി. അങ്ങനെ മനുഷ്യന്റെ ആരംഭവും മനുഷ്യന്റെ അന്തവും ദൈവമാണെന്നും, ദൈവൈക്യത്തിനായി സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യനെന്നുമുള്ള സത്യം ക്രിസ്തുവില്‍ മാനവരാശിക്കു ലഭിച്ചു.
മനുഷ്യന്‍ ആരാണെന്നു മാത്രമല്ല, മനുഷ്യന്‍ ആരായിത്തീരുമെന്നും ക്രിസ്തുവില്‍ വെളിപ്പെട്ടു കിട്ടി. മാനവരാശിയുടെ ഭാവി ക്രിസ്തുവില്‍ വെളിപ്പെട്ടു. ദൈവം നമ്മുടെ പിതാവെങ്കില്‍ നാമെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നു തെളിയുന്നു; ക്രിസ്തുവിന്റെ സഹോദരരും. ആ സാഹോദര്യബന്ധമാണ് മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ പുലര്‍ത്തേണ്ടത് എന്നും വെളിവാക്കപ്പെട്ടു. ക്രിസ്തീയത പങ്കുവയ്ക്കുന്ന സാര്‍വ്വജനീന സാഹോദര്യത്തിന്റെ അടിസ്ഥാനമിതാണ്.
ദൈവം മനുഷ്യനായി അവതരിച്ചതാണ് ക്രിസ്തു. ആകയാല്‍ കുറവുകളില്ലാത്തതും പൂര്‍ണവുമായ മനുഷ്യപ്രകൃതി എങ്ങനെയായിരിക്കുമെന്നറിയാന്‍ ക്രിസ്തുവിലേക്ക് നോക്കിയാല്‍ മതി. ക്രിസ്തുവാണ് പരിപൂര്‍ണ മനുഷ്യന്‍. പൂര്‍ണനാകണമെങ്കില്‍ ക്രിസ്തുവിനെപ്പോലെയായിത്തീരണം എന്നു സാരം. മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്നും എങ്ങനെ പ്രതികരിക്കണമെന്നുമുള്ളതിന്റെ മാതൃകയാണ് ക്രിസ്തുവിന്റെ ജീവിതം. സമ്പൂര്‍ണ്ണ മനുഷ്യന്‍ ആരാണ് എന്ന ചോദ്യത്തിന് ദൈവം നല്‍കിയ ഉത്തരമാണ് ക്രിസ്തു.
നിത്യസത്യങ്ങളെക്കുറിച്ചും നിത്യജീവനെക്കുറിച്ചുമുള്ള വെളിപ്പെടുത്തല്‍ മനുഷ്യനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. മനുഷ്യന് നിത്യജീവന്‍ പ്രാപിക്കാനുള്ള മാര്‍ഗവും ക്രിസ്തു വെളിപ്പെടുത്തി. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവന്‍ മാത്രമല്ല, ക്രിസ്തുവിനാല്‍ രക്ഷിക്കപ്പെട്ടവനുമാണ് മനുഷ്യന്‍ എന്ന വസ്തുത വെളിപ്പെട്ടു.
മൂന്നാമതായി, ക്രിസ്തുവില്‍ മനുഷ്യനു ലഭിച്ച ജ്ഞാനം ഒരു പ്രപഞ്ചദര്‍ശനം ഉള്‍ക്കൊള്ളുന്നതാണ്. ഈ പ്രപഞ്ചം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും, ഇത് ക്രിസ്തുവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടതാണെന്നുമുള്ള ബോധ്യം ലഭിക്കുന്നു. അതോടൊപ്പം ഈ പ്രപഞ്ചത്തിന്റെ നശ്വരതയും വരാനിരിക്കുന്ന നിത്യതയും വെളിപ്പെട്ടു. പ്രപഞ്ചം സ്വയംഭൂവായ യാഥാര്‍ത്ഥ്യമല്ലെന്നും അതിന്റെ സ്രഷ്ടാവും പരിപാലകനും നിയന്താവും ദൈവമാണെന്നും വെളിവായിരിക്കുന്നു. മനുഷ്യന്‍ ഈ പ്രപഞ്ചത്തെ മൂല്യമുള്ളതായിക്കാണണമെന്നും അതിനെ പരിപാലിക്കാന്‍ നിയുക്തനാണെന്നും വെളിപ്പെട്ടു.
നാലാമതായി ക്രിസ്തുവില്‍ മനുഷ്യനു ലഭിച്ച ജ്ഞാനം ജീവിതദര്‍ശനവും ധാര്‍മ്മിക ദര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ്. ജീവിതം ധന്യമാകുന്നത് സ്‌നേഹത്താല്‍ നിറയപ്പെട്ട് സ്‌നേഹത്താല്‍ നയിക്കപ്പെടുമ്പോഴാണ്. അത് അപരനുവേണ്ടിയുള്ള ശുശ്രൂഷയും സ്വയം ത്യജിക്കലും ഉള്‍ക്കൊള്ളുന്നതാണ്. നാം നമുക്കുവേണ്ടി ജീവിക്കാതിരിക്കുകയും അപരനുവേണ്ടി ജീവിക്കുകയും ചെയ്യുന്നതാണ് ഔന്നത്യപൂര്‍ണമായ ജീവിതമെന്ന് ക്രിസ്തു കാണിച്ചുതന്നു. ശൂന്യവത്കരണത്തിലൂടെ അപരനുവേണ്ടി സ്വയം ത്യജിക്കുന്നതാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന് നാം അറിയാനിടയായി. ഇത് മാനവരാശിക്ക് യഥാര്‍ത്ഥ ജീവിതപന്ഥാവും ധാര്‍മിക ദര്‍ശനവും നല്‍കുന്നതാണ്. സ്‌നേഹത്തില്‍നിന്ന് വ്യതിചലിക്കുന്നതൊക്കെ യഥാര്‍ത്ഥ മനുഷ്യത്വത്തില്‍നിന്നുള്ള വ്യതിചലനമാണ്. ദൈവപ്രീതിക്കുള്ള യഥാര്‍ത്ഥ വഴിയും സ്‌നേഹംതന്നെയാണ് എന്നും, ബലികളും കാഴ്ചകളുമല്ല എന്നും തെളിയിക്കപ്പെട്ടു.
ഈവിധം സമ്പൂര്‍ണമായ ദൈവികജ്ഞാനത്താല്‍ മനുഷ്യന്‍ പ്രകാശിക്കപ്പെട്ടു. ഇതാണ് ക്രിസ്തുവില്‍ നമുക്കു ലഭിച്ച ജ്ഞാനപ്രകാശം. ഇതാണ് രക്ഷ. ഇതാണ് നിത്യജീവന്റെ വഴി.
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘കൃപ’ എന്ന ഗ്രന്ഥത്തില്‍നിന്ന്)
'
കൊവിഡ്നിമിത്തം ശ്വസനം വിഷമകരമായിത്തീര്‍ന്നതിനാല്‍ ഫ്രാന്‍സിസ്കോയെ ഇന്‍ട്യൂബേറ്റ് ചെയ്യാനൊരുങ്ങുന്ന സമയം. തന്നെ പരിചരിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട നഴ്സായ റൂബന്‍ അരികിലുണ്ട്. കൈയിലുണ്ടായിരുന്ന ജപമാല റൂബന് നല്കിക്കൊണ്ട് ഫ്രാന്‍സിസ്കോ പറഞ്ഞു, “ഇത് കൈയില്‍ വയ്ക്കണം. ഞാന്‍ സുബോധത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ തിരികെ നല്കുക. അല്ലാത്തപക്ഷം നീയിത് സ്വന്തമായി എടുത്തുകൊള്ളുക.” ഒരു മിഷനറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് ബ്രസീലില്‍നിന്നുള്ള ഫ്രാന്‍സിസ്കോ ബ്രിട്ടോ. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അദ്ദേഹത്തിന് ആശുപത്രിക്കിടക്കയിലും കരുത്തുപകര്‍ന്ന മരുന്നായിരുന്നു ജപമാലപ്രാര്‍ത്ഥന.
എന്നാല്‍ ഇരുപത്തഞ്ചുകാരനായ നഴ്സ് റൂബന്‍ കാവല്‍കാന്‍റെയുടെ ഹൃദയം തൊട്ട ആ ജപമാല പിന്നീട് അവന്‍റെ സ്വന്തമായിത്തീരുകയാണുണ്ടായത്. കാരണം ഫ്രാന്‍സിസ്കോ മരണത്തിലേക്ക് നടന്നുപോയി. പക്ഷേ അദ്ദേഹം സമ്മാനിച്ച ജപമാല റൂബന്‍റെ വിശ്വാസജീവിതത്തിന് പുതിയ ഉണര്‍വ് നല്കുകയാണ്. റൂബന്‍തന്നെയാണ് ഈ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. “നിര്‍ഭാഗ്യവശാല്‍, ഈ ലോകത്തുവച്ച് നിങ്ങള്‍ക്ക് ഈ ജപമാല തിരികെനല്കാന്‍ എനിക്ക് കഴിയില്ല. പക്ഷേ, പരിശുദ്ധ മാതാവ് നിങ്ങളെ സ്വര്‍ഗത്തില്‍ സ്വീകരിക്കുമെന്ന് എനിക്കറിയാം,” റൂബന്‍ തന്‍റെ കുറിപ്പില്‍ എഴുതി. അദ്ദേഹം പറഞ്ഞ വചനം ഉദ്ധരിച്ചാണ് റൂബന്‍ അവസാനിപ്പിക്കുന്നത്,
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി മാറ്റുന്നു (റോമാ 8/28)
'“നമ്മുടെ രക്ഷകന്‍ എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാരെ ഏതാനും നിമിഷങ്ങള്‍ മാത്രം അകമ്പടി സേവിച്ചപ്പോള്‍ അവര്‍ ദൈവിക സ്നേഹത്താല്‍ കത്തിജ്വലിച്ചെങ്കില്‍, യാത്രാമധ്യേ അവന്‍ നമ്മോട് സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചില്ലേയെന്ന് അവര്‍ പറഞ്ഞെങ്കില്‍ ഈശോമിശിഹായുമായി മുപ്പത് കൊല്ലങ്ങളോളം സംഭാഷിച്ച, നിത്യജീവന്‍റെ വചസ്സുകള്‍ കേട്ട, വിശുദ്ധ യൗസേപ്പിതാവിന്‍റെ ഹൃദയം വിശുദ്ധമായ സ്നേഹാഗ്നിജ്വാലയില്‍ എത്രയധികം കത്തിജ്വലിച്ചിട്ടുണ്ടാകാം” (വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി).
ഈശോ വീടിനുപുറത്ത് അധ്വാനത്തിലോ യാത്രയിലോ ആണെങ്കിലും വീട്ടില്‍ മറിയത്തോടൊപ്പം ആയിരുന്ന ജോസഫിന് ദൈവികസാന്നിധ്യം അനുഭവവേദ്യമായിരുന്നു. ഞാനത് വിശദീകരിക്കാം. നിങ്ങള്‍ ഫീറ്റോമറ്റേണല്‍ മൈക്രോഷിമ്മറിസം (fetomaternal microchimerism) എന്ന ഒരു പദം കേട്ടിട്ടുണ്ടോ? വലിയ സങ്കീര്‍ണത നിറഞ്ഞ പദമാണെങ്കിലും അമ്മയും ശിശുവും തമ്മിലുള്ള അത്ഭുതാവഹമായ ശാരീരിക ബന്ധത്തെക്കുറിച്ച് ഇത് സൂചിപ്പിക്കുന്നുണ്ട്. ഒരു അമ്മയുടെ ശരീരത്തില്‍ ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുന്ന കാലഘട്ടം കഴിഞ്ഞാലും ശിശുവിന്‍റെ ജീവനുള്ള കോശങ്ങള്‍ അവളുടെ ശരീരത്തില്‍ അവശേഷിക്കുന്നതായി ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ പ്രതിഭാസത്തിന്‍റെ പേരാണ് ഫീറ്റോമറ്റേണല്‍ മൈക്രോഷിമ്മറിസം. ശാസ്ത്രജ്ഞരുടെ നിരീക്ഷണപ്രകാരം ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോഴും അവള്‍ പ്രസവിച്ചുകഴിയുമ്പോഴും ശിശുവിന്‍റെ കോശങ്ങള്‍ അവളുടെ ശരീരത്തില്‍ കണ്ടെത്താനാകും. ഇങ്ങനെയുള്ള അനേകം കോശങ്ങള്‍ പിന്നീടുള്ള കാലത്തും ആ സ്ത്രീയുടെ ശരീരത്തില്‍ നിലനില്‍ക്കും. ശാസ്ത്രജ്ഞന്മാരും ഗവേഷകരും കണ്ടെത്തിയതുപ്രകാരം തിരിച്ചും സംഭവിക്കുന്നുണ്ട്. ഒരമ്മയുടെ കോശങ്ങള്‍ മക്കളുടെ ശരീരത്തിലേക്കും കൈമാറ്റം ചെയ്യപ്പെടുകയും അവരുടെ ശരീരത്തില്‍ ജീവിതകാലം മുഴുവന്‍ നിലനില്ക്കുകയും ചെയ്യുന്നു. ഇത് അത്ഭുതാവഹമാണ.്
ഈ പദത്തെക്കുറിച്ച് വിശുദ്ധ യൗസേപ്പിതാവിന് ഒന്നുംതന്നെ അറിയില്ലെങ്കിലും അവന്‍ തന്‍റെ ഭാര്യ മറിയത്തിന്‍റെ സാന്നിധ്യത്തിലായിരുന്നപ്പോഴെല്ലാം ഈശോയുടെ സാന്നിധ്യത്താല്‍ ദൈവം അവനെ അനുഗ്രഹിക്കുന്നത് തുടര്‍ന്നു. മറിയത്തിന്‍റെ അടുത്ത് ഇരിക്കുന്നത് ഈശോയുടെ അടുത്ത് ആയിരിക്കുക എന്നതുതന്നെ. ഈശോ അവിടെ ജീവിക്കുന്നു. തന്‍റെ ദൈവിക സുതന്‍റെ സജീവകോശങ്ങള്‍ മറിയത്തിന്‍റെ ശരീരത്തിലുണ്ട്. ദൈവത്തിന്‍റെ സാന്നിധ്യത്തില്‍ ആയിരിക്കാന്‍വേണ്ടി വിശുദ്ധ യൗസേപ്പിതാവിന് നമ്മുടെ കര്‍ത്താവ് തന്‍റെ ഭവനത്തില്‍ സന്നിഹിതനാകേണ്ട ആവശ്യമില്ല. എവിടെയെല്ലാം മറിയം ഉണ്ടോ അവിടെയെല്ലാം ഈശോയുമുണ്ട്.
വിശുദ്ധ യൗസേപ്പിതാവിന്‍റെ ഭാര്യ ജീവിക്കുന്ന സക്രാരിയും ചലിക്കുന്ന സക്രാരിയും മറയ്ക്കപ്പെട്ട ദൈവാലയവുമായിരുന്നു. മറിയത്തിന്‍റെ അടുത്ത് വരാന്‍ പിശാചുകള്‍ ഭയപ്പെടുന്നുവെങ്കില്‍ നമ്മള്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. അവളൊരിക്കലും ദൈവിക സാന്നിധ്യം ഇല്ലാതെ ജീവിച്ചിട്ടില്ല.
“ദൈവം അവളുടെ ശരീരത്തില്‍ ജീവിക്കുന്നു. ലില്ലി ഏതാനും ദിവസത്തേക്ക് മാത്രമാണെങ്കിലും സൂര്യപ്രകാശത്തിലും ചൂടിലും വയ്ക്കുകയാണെങ്കില്‍, കണ്ണഞ്ചുംവിധം മഹാപ്രഭയോടുകൂടിയ വെണ്മ നേടിയെടുക്കുന്നുവെങ്കില്‍, അനേകം വര്‍ഷങ്ങള്‍ നീതിസൂര്യന്‍റെ കിരണങ്ങള്‍ക്കുമുന്നിലും അവിടുന്നില്‍നിന്ന് (ഈശോ)തന്‍റെ ശോഭയെല്ലാം നേടിയെടുക്കുന്ന രഹസ്യാത്മക ചന്ദ്രന്‍റെ (പരിശുദ്ധ മറിയം) മുന്നിലുമായിരുന്ന വിശുദ്ധ യൗസേപ്പിതാവ് അസാധാരണമായ ശുദ്ധതയില്‍ എത്രത്തോളം ഉയര്‍ന്നെന്ന് ആര്‍ക്ക് ഗ്രഹിക്കാനാവും.” (വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ്)
“ഓ വിശുദ്ധനായ പൂര്‍വ്വ പിതാവേ, മറിയത്തിന്‍റെ മനോഹരമായ ആന്തരികവും ബാഹ്യവുമായ സൗന്ദര്യം സന്തോഷത്തോടെ ആസ്വദിക്കുകയും ആനന്ദത്തോടെ ഈശോയെ ധ്യാനിക്കുകയും ചെയ്തുകൊണ്ട് അങ്ങ് ചെലവഴിച്ച സന്തോഷകരമായ മണിക്കൂറുകളെപ്രതി ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. നിരന്തരമായി അങ്ങ് അവരെ പഠിച്ചു, അവരുടെ ഹൃദയത്തില്‍നിന്ന് മാധുര്യവും ക്ഷമയും ആത്മപരിത്യാഗവും അങ്ങ് പഠിച്ചെടുത്തു.” (വാഴ്ത്തപ്പെട്ട അമലോത്ഭവത്തിന്‍റെ കാബ്രറ ഡി അര്‍മീഡാ)
വിശുദ്ധ യൗസേപ്പിതാവ് അനുഭവിച്ചത് സമാനമായി അനുഭവിക്കാനുള്ള സൗഭാഗ്യം പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഉണ്ട്. കാരണം എല്ലാ ആശ്രമങ്ങളിലും മഠങ്ങളിലും ദൈവികസാന്നിധ്യം വസിക്കുന്ന സക്രാരി ഉണ്ട്. എല്ലാ സക്രാരികളും അടിസ്ഥാനപരമായി മറിയത്തിന്‍റെ ശാരീരിക ദൈവാലയത്തിന്‍റെ ഒരു തനി പകര്‍പ്പാണ്. സക്രാരികള്‍ക്ക് മറയുണ്ടോ കവാടങ്ങള്‍ അടച്ചിട്ടുണ്ടോ എന്നുള്ളത് അത്ര പ്രാധാന്യമുള്ള കാര്യമല്ല, ഈശോയുടെ സാന്നിധ്യം അവിടെ ഇപ്പോഴുമുണ്ട്. നസ്രത്തിലെ വിശുദ്ധഭവനത്തിലും അത് അങ്ങനെതന്നെയായിരുന്നു. മറിയത്തില്‍ സദാസമയവും ദൈവം വസിച്ചു, വിശുദ്ധ യൗസേപ്പിതാവ് എല്ലായ്പോഴും ഈശോയുടെ സാന്നിധ്യത്തിലായിരുന്നു.
“പുല്‍ക്കൂട്ടിലെ ശിശുവിന്‍റെ ശരീരത്തിലുള്ള ദൈവികതയെയും അള്‍ത്താരയില്‍ അപ്പത്തിന്‍റെ രൂപത്തില്‍ ഇന്നും തുടരുന്ന ക്രിസ്തുവിനെയും നോക്കാനുള്ള സന്നദ്ധതയാണ് ക്രിസ്തീയതയുടെ അടയാളം” (ഫുള്‍ട്ടണ്‍ ജെ. ഷീന്‍)
ദൈവത്തിന്‍റെ സക്രാരിയായ മറിയത്തിന്‍റെ തനിപ്പകര്‍പ്പാണ് കത്തോലിക്കാ ദൈവാലയങ്ങളിലെ സക്രാരികള്‍. പലപ്പോഴും അതിനുമുന്നില്‍ ഇല്ലാത്തത് വിശുദ്ധ യൗസേപ്പിതാവിനെപ്പോലുള്ള ആത്മാക്കളാണ്, ആ സക്രാരിയില്‍ സന്നിഹിതനും മറഞ്ഞിരിക്കുന്നവനുമായ ഈശോയെ ആരാധിക്കുന്ന ആത്മാക്കള്‍. വിശുദ്ധ യൗസേപ്പിനെപ്പോലുള്ള അനേകം ആളുകളെ സഭയ്ക്ക് ആവശ്യമായിരിക്കുന്നു.
“നല്ല ആരാധകരെ ലഭിക്കാനായി നാം ദൈവത്തോട് യാചിക്കണം; വിശുദ്ധ യൗസേപ്പിതാവിന് പകരം വയ്ക്കാനും അദ്ദേഹത്തിന്‍റെ ആരാധനയുടെ ജീവിതം അനുകരിക്കാനും ദിവ്യകാരുണ്യനാഥന് അങ്ങനെയുള്ളവരെ ആവശ്യമുണ്ട്” (വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്).
വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ആകാന്‍ നിങ്ങളും ക്രിസ്തുവിനെ ആരാധിക്കുന്നവരാകണം. ശരീരത്തിലും രക്തത്തിലും ആത്മാവിലും ദൈവത്വത്തിലും ഈശോ ദിവ്യകാരുണ്യമായി സന്നിഹിതനായിരിക്കുന്ന അടുത്തുള്ള കത്തോലിക്ക ദൈവാലയങ്ങളില്‍ നിനക്ക് പോകാന്‍ കഴിയും. ദിവ്യകാരുണ്യം യേശുക്രിസ്തുവാണ്. ക്രൈസ്തവവിശ്വാസത്തിന്‍റെ ഉറവിടവും ഉച്ചകോടിയും ഈ പരിശുദ്ധ കൂദാശയാണ്. അതിനാല്‍ത്തന്നെ ദിവ്യകാരുണ്യത്തിലെ ഈശോയുമായി നിന്നെ ആഴമായ ബന്ധത്തിലേക്ക് നയിക്കാന്‍ വിശുദ്ധ യൗസേപ്പിതാവ് ആഗ്രഹിക്കുന്നു.
1997-ല്‍ പോളണ്ടിലെ കലിസയിലുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മാര്‍പാപ്പ എന്ന നിലയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഒരു സന്ദര്‍ശനം നടത്തി. അന്ന് അവിടെ ഉണ്ടായിരുന്ന ജനത്തോട് താന്‍ ഓരോ ദിവസവും ബലിയര്‍പ്പിക്കുന്നതിന് മുമ്പ് വിശുദ്ധ യൗസേപ്പിതാവിനോട് ഇങ്ങനെ ഒരു പ്രാര്‍ത്ഥന അര്‍പ്പിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
“അനേകം രാജാക്കന്മാര്‍ കാണാനും ശ്രവിക്കുവാനും ആഗ്രഹിച്ചിട്ടും സാധിക്കാതിരുന്ന ദൈവത്തെ കാണാനുള്ള സൗഭാഗ്യം കിട്ടിയ ഭാഗ്യവാനായ വിശുദ്ധ യൗസേപ്പിതാവേ, അങ്ങ് അവിടുത്തെ കാണുകയും കേള്‍ക്കുകയും മാത്രമല്ല അവിടുത്തെ കരങ്ങളില്‍ എടുക്കുകയും ചുംബിക്കുകയും അവനെ വസ്ത്രം ധരിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു.
രാജകീയ പൗരോഹിത്യം ഞങ്ങളെ ഭരമേല്‍പ്പിച്ച ദൈവമേ, വെടിപ്പുള്ള ഹൃദയത്തോടെയും കുറ്റമറ്റ മനസ്സാക്ഷിയോടെയും ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവ് കന്യകാമറിയത്തില്‍ നിന്ന് ജനിച്ച അങ്ങയുടെ ഏകജാതനെ വഹിച്ചത് പോലെ അങ്ങയുടെ വിശുദ്ധമായ അള്‍ത്താരയില്‍ ശുശ്രൂഷിക്കാനുള്ള കൃപ നല്കണമേ. അങ്ങേ ദിവ്യസുതന്‍റെ തിരുശരീരരക്തങ്ങള്‍ യോഗ്യതയോടെ സ്വീകരിക്കുവാന്‍ ഇന്നേ ദിവസം ഞങ്ങളെ യോഗ്യരാക്കേണമേ. വരാനിരിക്കുന്ന യുഗത്തില്‍ നിത്യമായ പ്രതിഫലം നേടാന്‍ ഒരുക്കണമേ, ആമ്മേന്‍.”
ദിവ്യകാരുണ്യ സന്നിധിയില്‍ ധാരാളം സമയം ചെലവഴിക്കുക. നിങ്ങളുടെ താമസസ്ഥലത്ത് നിത്യാരാധന ചാപ്പല്‍ ഉണ്ടെങ്കില്‍ എല്ലാ ആഴ്ചയും ദിവ്യകാരുണ്യ സന്നിധിയില്‍ ആയിരിക്കാന്‍ സമയം കാണുക. നിങ്ങളുടെ താമസസ്ഥലത്ത് ദൈവാലയത്തോട് ചേര്‍ന്ന് നിത്യാരാധന നടത്തുന്ന ചാപ്പല്‍ ഇല്ലെങ്കില്‍ ഒരുപക്ഷേ ദൈവാലയത്തില്‍ ഒരു ദിവസത്തില്‍ ഏതാനും മണിക്കൂറുകളോ അഥവാ ആഴ്ചയില്‍ ഒരു പ്രത്യേകദിവസമോ ദിവ്യകാരുണ്യാരാധന ഉണ്ടായിരിക്കാം. അവിടെപ്പോവുക! ഇനി ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചിരിക്കുന്ന ഒരു ദൈവാലയം നിങ്ങള്‍ക്ക് കണ്ടെത്താനായില്ലെങ്കില്‍ വെറുതെ ഒരു കത്തോലിക്കാ ദൈവാലയം സന്ദര്‍ശിച്ച് അവിടെ സക്രാരിയുടെ മുന്നില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുക. ഈശോ പകലും രാവും അവിടെയുണ്ടല്ലോ. അവിടുന്ന് നിനക്കായി കാത്തിരിക്കുന്നു. ഈശോയ്ക്കും മറിയത്തിനും വേണ്ടി മറ്റൊരു യൗസേപ്പ് ആവുക.
“നീ ദിവ്യകാരുണ്യ സന്ദര്‍ശനം നടത്തുമ്പോള്‍ അനുഗൃഹീതകന്യകയുടെയും വിശുദ്ധ യൗസേപ്പിതാവിന്‍റെയും വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെയുടെയും സ്നേഹത്തോടുകൂടി ഈശോയെ സമീപിക്കുക” (വിശുദ്ധ ജോസഫ് സെബാസ്റ്റ്യന്‍ പെല്‍ജര്‍)
“ഓ, വാഴ്ത്തപ്പെട്ട യൗസേപ്പിതാവേ അവതരിച്ച വചനത്തിന്‍റെ ആദ്യ വാക്കുകള്‍ കൊണ്ട് ഞാന്‍ അങ്ങയോടൊത്ത് ആരാധിക്കുന്നു. അവിടുത്തെ ആരാധ്യപാദങ്ങള്‍ ആദ്യമായി പതിഞ്ഞതിന്‍റെ പാടുകള്‍ ആദരവോടെ ചുംബിക്കാന്‍ അങ്ങയോടൊപ്പം ഞാനും കമിഴ്ന്നു വീഴുന്നു. അനന്തനന്മസ്വരൂപനായിരിക്കുന്ന ദൈവമേ, ഞങ്ങള്‍ക്ക് ശക്തി പകരാന്‍ വേണ്ടി അങ്ങ് ദുര്‍ബലനായി. സ്വര്‍ഗ്ഗത്തിലെ ഭാഷ സംസാരിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കാനായി അങ്ങ് കുഞ്ഞുങ്ങളെപോലെ സംസാരിക്കാന്‍ ആഗ്രഹിച്ചു! വിശുദ്ധ യൗസേപ്പിതാവേ ഈശോയോട് അങ്ങേയ്ക്കുണ്ടായിരുന്ന സ്നേഹവായ്പ് എന്നില്‍ ജനിപ്പിക്കണമേ. അങ്ങയെപ്പോലെ ദൈവത്തെ സ്നേഹിക്കാന്‍ എനിക്ക് കൃപ വാങ്ങിത്തരേണമേ. (വാഴ്ത്തപ്പെട്ട ബാര്‍ത്തലോ ലോംഗോ)
വിശുദ്ധ യൗസേപ്പിനോടുള്ള പ്രതിഷ്ഠ, നമ്മുടെ ആത്മീയപിതാവിന്‍റെ വിസ്മയങ്ങള്‍ എന്ന ഗ്രന്ഥത്തില്‍നിന്ന്
'ആഫ്രിക്കയില്‍ ഒരുതരം പുരയെലിയുണ്ട്. ചെറിയ ഈ എലി വീടുകളില്‍ എങ്ങനെയെങ്കിലും കയറികൂടുന്നു. രാത്രി മനുഷ്യര്‍ കിടന്നുറങ്ങുമ്പോള്‍, ഈ എലി പതിയെ തന്‍റെ ജോലി ആരംഭിക്കും. അത് വന്ന് ഉറങ്ങിക്കിടക്കുന്ന മനുഷ്യന്‍റെ വിരല്‍ കാര്‍ന്നുതിന്നാന്‍ തുടങ്ങും. ചെറിയ വേദന തോന്നുന്ന മനുഷ്യന്‍ കാല്‍ അല്പം അനക്കും. അപ്പോള്‍ എലി അല്പം മാറിനില്ക്കും. എന്നിട്ട് താനുണ്ടാക്കിയ മുറിവിലേക്ക് ഊതും. മുറിവിലേക്ക് കാറ്റ് കിട്ടുമ്പോള്‍, കിടന്നുറങ്ങുന്ന വ്യക്തിക്ക് ഒരു പ്രത്യേകസുഖം. ആ സുഖത്തില്‍ അയാള്‍ വീണ്ടും മയങ്ങുന്നു. അങ്ങനെ മയങ്ങുന്ന മനുഷ്യന്‍റെ വിരല്‍ ആ എലി വീണ്ടും കാര്‍ന്നുതിന്നാന്‍ തുടങ്ങും. വേദനിക്കുമ്പോള്‍ എഴുന്നേല്‍ക്കാതെ വീണ്ടും കാലനക്കുന്ന മനുഷ്യന്‍. ആ മനുഷ്യന്‍റെ മുറിവിലേക്ക് എലി വീണ്ടും ഊതുന്നു… നല്ലൊരു സുഖം. ആ സുഖത്തില്‍ വീണ്ടും നന്നായി കിടന്നുറങ്ങുന്ന മനുഷ്യന്‍. പിറ്റേ ദിവസം ഉണരുമ്പോള്‍ തന്‍റെ വിരലില്‍ കുറേ ഭാഗം എലി കാര്‍ന്നുതിന്നതായി ആ വ്യക്തി മനസ്സിലാക്കുന്നു. ഉറക്കത്തില്‍നിന്ന് ബോധപൂര്‍വ്വം ഒന്ന് എഴുന്നേറ്റിരുന്നുവെങ്കില്‍, വേദന അനുഭവപ്പെട്ട കാലിലൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഒഴിവാക്കാമായിരുന്ന ഒരു വലിയ മുറിവ്. ബുദ്ധിയുള്ള എലി. മുറിവിലെ വേദനകാരണം എപ്പോഴൊക്കെ മനുഷ്യന്‍ ഉണര്‍ന്നോ അപ്പോഴൊക്കെ ആ വേദനയ്ക്ക് തന്‍റെ ശ്വാസത്തിലൂടെ ഒരു സുഖം കൊടുത്ത എലി.
ഒരു നിമിഷത്തെ ആത്മീയജാഗ്രതക്കുറവ്, വലിയ ആത്മീയവീഴ്ചയ്ക്ക് കാരണമായേക്കാം. അലസതമൂലം പാപത്തെ ഗൗനിക്കാതെ, ലോകത്തില്‍ മയങ്ങിയതുമൂലം ജീവിതത്തില്‍ നഷ്ടപ്പെട്ട വിശുദ്ധി, ഉണ്ടായ വലിയ മുറിവുകള്‍…
എല്ലാ പാപത്തിനും ഒരു നൈമിഷികസുഖം ഉണ്ട്. ആ സുഖം ശാശ്വതമല്ല. അതറിയാവുന്ന സാത്താന്‍ വിവിധങ്ങളായ തന്‍റെ കുടിലതന്ത്രത്തിലൂടെ നമ്മെ അതിലേക്ക് വീണ്ടും വീണ്ടും കീഴ്പ്പെടുത്തുന്നു. ആ സുഖം വേണ്ട എന്നുവച്ചാല്‍ നമ്മുടെ ആത്മാവിനെ രക്ഷിക്കാന്‍ സാധിക്കും. നിദ്രവിട്ട് ഉണരേണ്ട ആ നിമിഷങ്ങളില്‍ ഉണരാന്‍ നാം ബോധപൂര്‍വം തീരുമാനമെടുക്കാതെ അത് സാധ്യമാവുകയില്ല. പാപത്തിലൂടെ സംജാതമാകുന്ന സുഖം നമ്മെ നിത്യമരണത്തിലേക്ക് നയിക്കുന്നു. പാപം ചെയ്യുമ്പോള്‍ നമ്മുടെ ആത്മാവിന് വേദനിക്കുന്നു. ആ വേദന മറക്കാനായി നമ്മുടെ ഇന്ദ്രിയങ്ങളിലേക്ക്, ശരീരത്തിലേക്ക് ഉള്ള പിശാചിന്‍റെ ഊതലില്‍ കിട്ടുന്ന ഒരു സുഖമാണ് ആ നൈമിഷികസുഖം. ആ സുഖത്തില്‍ മയങ്ങിയാല്‍, ഒരിക്കലും രക്ഷപ്പെടാനാവാത്തവിധം ഒരുവന്‍റെ നിത്യജീവന്‍ അപകടത്തിലാക്കപ്പെടും.
കഴുകന്‍ ശവത്തിന്‍റെ സ്വാദ് അനുഭവിച്ച് അത് തിന്നാന്‍ തുടങ്ങിയാല്‍ അതിനെ അവിടെനിന്ന് ഓടിക്കുക എളുപ്പമല്ല. കഴുകന്‍ ശവത്തിന്‍റെ കണ്ണാണ് ആദ്യം കുത്തിപ്പറിച്ച് തിന്നുക. അതുപോലെ, നമ്മുടെ ഇന്ദ്രിയങ്ങളില്‍ കണ്ണാണ് സാധാരണ പിശാച് ആദ്യം അവന്‍റേതായി സ്വന്തമാക്കുക. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും (മത്തായി 6:22-23) എന്ന് പറയുന്നത് അതിനാലല്ലേ. നമ്മുടെ കണ്ണിനെ സ്വന്തമാക്കിയാലോ പിന്നെ നമ്മെ വിഴുങ്ങുക സാത്താന് എത്രയോ എളുപ്പം.
മത്സ്യത്തെ ചൂണ്ടയിട്ട് പിടിക്കുന്നത് നോക്കൂ. ചൂണ്ടയില്‍ ഇരകൊളുത്തി വെള്ളത്തിലിട്ടശേഷം വളരെ ക്ഷമയോടെ കാത്തിരിക്കുന്ന വ്യക്തി. എത്ര നേരമെങ്കിലും താന്‍ ലക്ഷ്യമിടുന്ന ഇരക്കായി കാത്തിരിക്കുവാന്‍ അയാള്‍ തയ്യാറാണ്. മത്സ്യത്തെ ആകര്‍ഷിക്കുവാന്‍, അവന്‍ തന്‍റെ ചൂണ്ട പതിയെ അനക്കികൊണ്ടിരിക്കും. അവസാനം മത്സ്യം ചൂണ്ടയില്‍ കൊത്തുന്നു. പെട്ടെന്ന് അവന്‍റെ ക്ഷമ അവസാനിച്ചു. ഭാവം മാറി. സ്വതന്ത്രമായി നടന്ന മത്സ്യത്തിന് ആകര്‍ഷകമെന്ന് തോന്നിയ ചൂണ്ടയില്‍ കൊത്തിയിരുന്ന ആ ഇരയെ സ്വന്തമാക്കാന്‍ ശ്രമിച്ചതിനാല്‍ തന്‍റെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ …
നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു (1 പത്രോസ് 5/8). നമ്മുടെ ഇന്ദ്രിയങ്ങളെ വശീകരിക്കാന്‍ പറ്റിയ പലവിധത്തിലുള്ള ഇരകള്‍ തന്‍റെ ചൂണ്ടയില്‍ കൊത്തി, ദൈവമക്കളെ വശീകരിക്കുവാന്‍ പരമാവധി പരിശ്രമിക്കും. അവന്‍റെ ചൂണ്ടയില്‍ ഇട്ടിരിക്കുന്ന, നമ്മുടെ കണ്ണിന് ആകര്‍ഷകമാകുന്ന ഇരയില്‍ നാം കൊത്തിയാല്‍ നാം അവന്‍റേതായി മാറും. നമ്മെ സ്വന്തമാക്കുന്നതുവരെ, നമ്മുടെ ഓരോ ചലനങ്ങളും നോക്കി ക്ഷമയോടെ എത്രനാളും നമ്മെ പിടിക്കുവാനായി കാത്തിരിക്കുവാന്‍ അവന്‍ തയ്യാറാണ്. നമ്മുടെ ഇന്ദ്രിയങ്ങളെ മോഹിപ്പിക്കുന്ന ഇര തന്‍റെ ചൂണ്ടയില്‍ വച്ചുകൊണ്ട്, ജീവിതത്തിന്‍റെ വിവിധതീരങ്ങളില്‍, നമ്മെ പ്രചോദിപ്പിച്ചുകൊണ്ട് പിശാച് സദാ കാത്തിരിക്കുന്നു.
അതിനാല്‍ പിശാചിന്‍റെ കെണിയില്‍നിന്ന്, സര്‍പ്പത്തിന്‍റെ ദംശനത്തില്‍നിന്നെന്നപോലെ നാം ഓടി അകലണം. ഇന്ദ്രിയങ്ങള്‍ക്ക് സുഖം നല്‍കുന്നതെല്ലാം നമ്മുടെ നിത്യജീവന് ഉപകാരപ്രദമായിരിക്കണമെന്നില്ല. പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ട് എന്ന് ഓര്‍ക്കണം. അത് നിന്നില്‍ താല്പര്യം വച്ചിരിക്കുന്നു (ഉല്പത്തി 4/7). പെട്ടെന്ന് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടല്ല പിശാച് നമ്മെ താന്‍ ഒരുക്കിയിരിക്കുന്ന കെണിയില്‍ നമ്മെ വീഴ്ത്തുക. പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ട് (2 കൊറിന്തോസ് 11/14). അതിനാല്‍ ഒരുവന്‍റെ ആത്മീയ ജാഗ്രതക്കുറവുമൂലം ചില ബന്ധങ്ങള്‍പോലും ബന്ധനങ്ങളായിതീരുകയും തന്മൂലം നിത്യജീവന്‍ അപകടത്തില്‍ ആവുകയും ചെയ്തേക്കാം.
കര്‍ത്താവ് പറഞ്ഞു. സദാ ജാഗരൂകരായിരിക്കുവിന്‍. മുഴുവന്‍ സമയവും ജാഗരൂകത ആവശ്യമാണ്. നമ്മുടെ ജീവിതത്തില്‍ പിശാച് ഒരുക്കുന്ന കെണികള്‍ തിരിച്ചറിയാതെ പോയാല്‍, ജാഗ്രതയില്‍ ഇരിക്കേണ്ട സമയത്ത്, ഒരു നിമിഷം ഈലോകത്തിന്‍റെ നശ്വരസുഖത്തില്‍ ഒന്ന് മയങ്ങിയാല്‍ ഒരുപക്ഷേ ആര്‍ക്കും രക്ഷിക്കാന്‍ പറ്റാത്തവിധം നമ്മുടെ നിത്യജീവന്‍ അപകടത്തില്‍ ആയേക്കാം.
'