Home/Enjoy/Article

ജനു 25, 2023 281 0 Anu Jose
Enjoy

ജീവിതം എളുപ്പമാക്കുന്നതിനുള്ള ദൈവികരഹസ്യം

ഒരിക്കല്‍, കേരളത്തിനു പുറത്തുള്ള, ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ ഒരു ഫെസ്റ്റ് നടന്നു. എല്ലാവരും വളരെ കളര്‍ഫുള്‍ ആയി വസ്ത്രം ധരിച്ചാണ് അന്ന് കോളേജിലെത്തിയത്. അപ്പോളതാ ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിമാത്രം ഏറെ വ്യത്യസ്തമായ രീതിയില്‍ വസ്ത്രധാരണം ചെയ്തു വന്നിരിക്കുന്നു. അവളുടെ തലയില്‍ ഒരു പ്രത്യേകതരം അലങ്കാരവസ്തു ധരിച്ചിട്ടുണ്ട്. അതില്‍ ഏതോ പക്ഷിയുടെ തൂവലുകളൊക്കെയുണ്ട്. ‘ഇത് ഈ നാട്ടിലെ ഫാഷനായിരിക്കുമോ?”ഞാന്‍ മനസ്സില്‍ ചിന്തിച്ചു. അപ്പോഴാണ് മറ്റു സഹപാഠികളും അതു പറഞ്ഞ് ചിരിക്കുന്നതു കണ്ടത്. ഇത് ഫാഷനൊന്നുമല്ലായെന്നും അവള്‍ ഒരു പരിഹാസപാത്രമായി മാറുകയാണ് എന്നും അപ്പോള്‍ എനിക്കു മനസ്സിലായി. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ് പിന്നീട് സംഭവിച്ചത്.

പല കുട്ടികളും അവളുടെ അടുത്തു ചെന്ന് ‘സൂപ്പര്‍,’സൂപ്പര്‍’ എന്ന് പറയുന്നുണ്ട്. ഇതും പറഞ്ഞ് തിരിച്ചുവരുന്നവരുടെ മുഖത്താകട്ടെ പരിഹാസച്ചിരിയും. ഇതൊക്കെ കണ്ടപ്പോള്‍ എനിക്കൊരു വിഷമം. ഞാന്‍ ചെന്ന് അവളോട് സത്യം പറഞ്ഞു. പക്ഷേ എന്‍റെ സത്യം അവള്‍ക്ക് സ്വീകാര്യമായിരുന്നില്ല. കാരണം അത് നല്ലതാണെന്ന് പലരും അവളോടു പറഞ്ഞു കഴിഞ്ഞതാണല്ലോ.

അവളുടെ മുന്നില്‍ സൂപ്പര്‍ എന്നു പറയുകയും അവളുടെ അസാന്നിധ്യത്തില്‍ പരിഹസിക്കുകയും ചെയ്യുന്ന കാപട്യം എന്നെ ഏറെ ചിന്തിപ്പിച്ചു. മനുഷ്യപ്രീതിയുടെയും അഭിപ്രായങ്ങളുടെയും പൊള്ളത്തരം എത്രത്തോളമുണ്ട് എന്ന് എനിക്കു മനസ്സിലാക്കിത്തന്ന ഒരു അനുഭവമായിരുന്നു അത്. തുടര്‍ന്നും എന്‍റെയും മറ്റുള്ളവരുടെയും ജീവിതത്തിലൂടെ ഇത്തരം ധാരാളം അനുഭവങ്ങള്‍ കണ്ടും അനുഭവിച്ചും മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു. ഇനി എല്ലാം ദൈവപ്രീതിക്കുവേണ്ടി! ഹൃദയം കാണുന്ന കര്‍ത്താവിന്‍റെ മുമ്പില്‍ നാട്യങ്ങളും മുന്‍കരുതലുകളും ഒന്നും വേണ്ട. അതുകൊണ്ട് കര്‍ത്താവിനെ പ്രീതിപ്പെടുത്താനാണ് കൂടുതല്‍ എളുപ്പവും. അങ്ങനെ എന്‍റെ പ്രവൃത്തികള്‍ ഈശോയ്ക്കു സ്വീകാര്യമാണോ എന്ന് വിവേചിച്ചറിയാന്‍ ശ്രമിക്കാന്‍ തുടങ്ങി.

ഇത്തരത്തില്‍ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ ജീവിതം കുറേക്കൂടി സുഗമമായതായി അനുഭവപ്പെടാറുണ്ട്. ഒരു പുതിയ വസ്ത്രം മേടിച്ചാല്‍പ്പോലും ആദ്യം പള്ളിയില്‍ പോകുമ്പോള്‍ ധരിക്കണം, ഈശോയെ കാണിക്കണം എന്നു നിര്‍ബന്ധമുള്ള എന്‍റെ ഒരു കൂട്ടുകാരിയെ ഈ സമയം ഓര്‍ത്തുപോകുന്നു. ഈശോയെ മനസ്സില്‍ കണ്ടുകൊണ്ട്, ഈശോയ്ക്കുവേണ്ടി’എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് ഒരു ഗ്ലാസ്സ് വെള്ളം ആര്‍ക്കെങ്കിലും കൊടുത്തു നോക്കൂ, ഭക്ഷണം വിളമ്പി നോക്കൂ… ഹൃദയം ദൈവസാന്നിധ്യത്താല്‍ നിറയും. ഇതുപോലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ജീവിതം മാറിമറിയുമെന്നതു തീര്‍ച്ചയാണ്.

എന്നാല്‍, ദൈവത്തിന് പ്രീതികരമാണോ എന്ന് എങ്ങനെ തിരിച്ചറിയും? വിശുദ്ധ കൊച്ചുത്രേസ്യാ കൂടെയുള്ള മറ്റു സിസ്റ്റേഴ്സില്‍നിന്നുമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ശാരീരികമായ സഹനങ്ങളുമെല്ലാം ദൈവത്തിനു കാഴ്ചവച്ചു പ്രാര്‍ത്ഥിച്ചിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താനായി അവള്‍ കണ്ടെത്തിയ കുറുക്കുവഴികളായിരുന്നു ഇത്. ഇങ്ങനെ നിസ്സാരമെന്നു തോന്നുന്ന ധാരാളം പുണ്യപ്രവൃത്തികള്‍ അവള്‍ കര്‍ത്താവിനെ പ്രീതിപ്പെടുത്താനായി ചെയ്തിരുന്നു. ഇതില്‍ അവിടുന്ന് സംപ്രീതനാണോ എന്നറിയാന്‍ അവള്‍ ആഗ്രഹിച്ചു. ഒരിക്കല്‍ വിശുദ്ധയുടെ അടുക്കല്‍, സ്വപ്നത്തില്‍, മൂന്നു പുണ്യവതികള്‍ വന്നു. അതില്‍ ഒരാളോട് അവള്‍ ചോദിച്ചു: “എന്‍റെ നിസ്സാരമായ ചെറിയ ചെയ്തികളെയും ആഗ്രഹങ്ങളെയുംകാള്‍ അധികമായി, നല്ല ദൈവം എന്തെങ്കിലും എന്നില്‍ നിന്നാവശ്യപ്പെടുന്നുണ്ടോ എന്നുകൂടി എന്നോടു പറയണമേ; അവിടുന്ന് എന്നില്‍ സംപ്രീതനാണോ?’അവര്‍ മറുപടി പറഞ്ഞു: “നല്ല ദൈവം വേറൊന്നും ആവശ്യപ്പെടുന്നില്ല; അവിടുന്നു സംപ്രീതനാണ് അതീവ സംപ്രീതന്‍…”
അങ്ങനെ, തന്‍റെ ശുശ്രൂഷ ദൈവത്തിന് സ്വീകാര്യമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.

വിശുദ്ധരുടെ ജീവിതത്തില്‍ മാത്രമല്ല, ദൈവത്തിന് പ്രീതികരമായോ എന്നറിയാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവിടുന്ന് ഉത്തരം നല്കുകതന്നെ ചെയ്യും. കാരണം, മക്കള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പിതാവിന് അഭിനന്ദിക്കാതിരിക്കാനാവില്ലല്ലോ.

എന്നാല്‍, ദൈവം അഭിനന്ദിക്കണമെങ്കില്‍ ദൈവത്തിനാണു നമ്മള്‍ നല്കുന്നതെന്ന് ഉറപ്പു വരുത്തണം. ഒരു വിശിഷ്ടവിഭവം ഉണ്ടാക്കി ഒരാള്‍ക്ക് കൊടുത്തിട്ട് മറ്റൊരാള്‍ അഭിനന്ദിക്കണം എന്നു ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. അതു സ്വീകരിച്ചയാളാണ് അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടത്. അതുപോലെതന്നെ ദൈവത്തിനു നല്കപ്പെടുന്നതു മാത്രമാണ് അവിടുന്ന് വിലമതിക്കുന്നത്. എനിക്കുവേണ്ടിയും എന്‍റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടിയും, എന്‍റെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും ചെയ്യുന്നതില്‍ അവിടുത്തേക്ക് എന്തു കാര്യം?

നമ്മള്‍ ആരെ സ്നേഹിക്കുന്നുവോ അവരെ പ്രീതിപ്പെടുത്തും. അതിനാല്‍ത്തന്നെ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പ്രീതിപ്പെടുത്താതിരിക്കാന്‍ സാധിക്കില്ല. അല്ലാത്തവര്‍, മനുഷ്യരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കും. മനുഷ്യപ്രീതിക്കുവേണ്ടി ഓടിനടക്കുന്നവര്‍ക്ക് ആധ്യാത്മികമായി വളരാന്‍ സാധിക്കുകയില്ല. അവര്‍ മറ്റു മനുഷ്യരെയോ, അല്ലെങ്കില്‍ തങ്ങള്‍ ഭയപ്പെടുന്നവരെയോ, തങ്ങളെത്തന്നെയോ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും. തങ്ങളെത്തന്നെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയാകട്ടെ, എപ്പോഴും സ്വന്തം സുഖം, നേട്ടം എന്നിവയിലേക്കും ആയിരിക്കും. അവര്‍ക്ക് തങ്ങളുടെ കൂടെയുള്ളവരെ പരിഗണിക്കാനോ ബഹുമാനിക്കുവാനോ സാധിക്കുകയില്ല.

അതിനാല്‍, നമ്മുടെ ജീവിതവും പ്രയത്നങ്ങളുംകൊണ്ട് ആരെയാണ് പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് കണ്ടെത്താം, തിരുത്താം. “നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ത്ഥതയോടെ ചെയ്യുവിന്‍” (കൊളോസോസ് 3/23)

ദൈവസ്നേഹത്തെപ്രതി ചെയ്യുന്നതെല്ലാം വിലമതിക്കപ്പെടുകതന്നെ ചെയ്യും. അപ്പോള്‍, നന്മകള്‍ ചെയ്തിട്ടും കുറ്റം മാത്രം കേള്‍ക്കേണ്ടി വന്നാലും, നന്നായി ചെയ്യണമെന്ന ആഗ്രഹത്തോടെ പ്രയത്നിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാതെ വന്നാലും പിടിച്ചു നില്‍ക്കാന്‍ നമുക്കു കരുത്തു ലഭിക്കും. കാരണം, “മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും”‘(1 സാമുവല്‍ 16/7).

കര്‍ത്താവേ, ജീവിതത്തിലെ സകല കാര്യങ്ങളിലും അങ്ങയുടെ പ്രീതി തേടുവാന്‍ എന്നെ അനുഗ്രഹിക്കണമേ, ആമ്മേന്‍.

 

 

 

 

Share:

Anu Jose

Anu Jose

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles