Home/Enjoy/Article

ജനു 25, 2023 178 0 Rev.Dr. James Kiliyanikkal
Enjoy

ദൈവത്തെയും മനുഷ്യനെയും ശരിയായി കാണാന്‍…

ദൈവത്തെയും മനുഷ്യനെയും ഈ പ്രപഞ്ചത്തെയും ജീവിതത്തെയുമെല്ലാം യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നതുപോലെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് തെറ്റുപറ്റാനിടയുണ്ട്.

ആദിപാപം ആദിമാതാപിതാക്കളുടെ ആന്തരികനയനങ്ങളില്‍ ഇരുള്‍ നിറച്ചു. യഥാര്‍ത്ഥ ദൈവികജ്ഞാനം അവര്‍ക്കു നഷ്ടമായി. സാത്താന്‍ ദൈവത്തെക്കുറിച്ച് നല്‍കിയ തെറ്റായ അറിവ് അവര്‍ സ്വീകരിച്ചു. അവനവനെയും തന്റെ സമസൃഷ്ടിയെയും തെറ്റായ കാഴ്ചപ്പാടിലൂടെ കാണാന്‍ മനുഷ്യന് ഇടയായി. മാനവകുലം മുഴുവന്‍ ഈ അജ്ഞതയുടെ അന്ധകാരത്തില്‍ അകപ്പെട്ടു.ഈ ഇരുളില്‍നിന്ന് മാനവരാശിയെ വിമോചിപ്പിക്കുന്ന ദിവ്യസൂര്യനാണ് യേശുക്രിസ്തു. ഈ അജ്ഞതയില്‍നിന്ന് സത്യജ്ഞാനത്തിലേക്ക് മനുഷ്യനെ നയിക്കുന്നവനാണ് ദൈവപുത്രനായ ക്രിസ്തു. അവിടുന്നാണ് ലോകത്തിന്റെ പ്രകാശം, അവിടുന്നാണ് സത്യത്തിന്റെ സ്വാതന്ത്ര്യം നല്‍കുന്ന പുത്രന്‍. ലോകത്തെ സത്യത്തിന്റെ പൂര്‍ണത പഠിപ്പിച്ച ഗുരുവാണ് ക്രിസ്തു.

എങ്ങനെയാണ് ക്രിസ്തു നമ്മെ ഇരുളില്‍നിന്ന് ജ്ഞാനപ്രകാശത്തിലേയ്ക്ക് നയിച്ചത്? അത് ദൈവിക വെളിപാട് (Revelation) നമുക്ക് നല്‍കിക്കൊണ്ടാണ്. ദൈവാവിഷ്‌കരണം, ദൈവിക വെളിപാട് എന്നൊക്കെ നാം മനസ്സിലാക്കുന്ന ദൈവത്തിന്റെ സ്വയംവെളിപ്പെടുത്തലാണിത്. ”പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ഏകജാതനായ”ദൈവപുത്രനാണ് ക്രിസ്തു എന്നതാണ് അവിടുത്തെ വെളിപ്പെടുത്തലിന്റെ ആധികാരികതയുടെ അടിസ്ഥാനം. ”പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാനനാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു” (ഹെബ്രായര്‍ 1/1-2). ആ പുത്രനാകട്ടെ ”അവിടുത്തെ മഹത്വത്തിന്റെ തേജസും സത്തയുടെ മുദ്രയുമാണ്” (ഹെബ്രായര്‍ 1:3) എന്നത് ആ വെളിപാടിനെ നിര്‍ണായകമാക്കുന്നു. ”പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്താന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെ അറിയുന്നില്ല” എന്നാണല്ലോ ക്രിസ്തു നമ്മെ അറിയിച്ചത് (മത്തായി 11/27). ഈ ക്രിസ്തുവാണ് ”ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല, അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും” (യോഹന്നാന്‍ 8/12) എന്ന് നമുക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്. ഇവിടെ ദൈവം ദൈവത്തെത്തന്നെ ക്രിസ്തുവില്‍ സ്വയം വെളിപ്പെടുത്തി. ക്രിസ്തു ദൈവിക വെളിപാടിന്റെ അന്തസത്തയും, വെളിപാടിന്റെ മധ്യസ്ഥനും വെളിപാടിന്റെ കര്‍ത്താവുമായി നിലകൊള്ളുന്നു. (Christ is the subject and object of revelation, he is also the mediator of revelation)

എന്താണ് ക്രിസ്തു നമുക്ക് വെളിപ്പെടുത്തിത്തന്ന ജ്ഞാനപ്രകാശം? നാലു കാര്യങ്ങളാണ് പ്രധാനമായും ഈ വെളിപ്പെടുത്തലില്‍ ഉള്ളത്.

ഒന്നാമതായി നമുക്ക് ക്രിസ്തുവിലൂടെ യഥാര്‍ത്ഥവും പരിപൂര്‍ണവുമായ ദൈവദര്‍ശനം ലഭിച്ചു. ദൈവം ആരെന്ന് പൂര്‍ണതയില്‍ വെളിപ്പെട്ടുകിട്ടി. ദൈവത്തെക്കുറിച്ചുള്ള തെറ്റായതും അപൂര്‍ണമായതുമായ അറിവായിരുന്നു അതുവരെ മാനവരാശിക്ക് ഉണ്ടായിരുന്നത്. സാത്താന്‍ അവതരിപ്പിച്ച തെറ്റായ ദൈവസങ്കല്‍പം മനുഷ്യന്റെ ഉള്ളില്‍ ഭീതിപടര്‍ത്തിനിന്നിരുന്നു. തത്വജ്ഞാനികളെന്ന് അവകാശപ്പെട്ട പലരും പങ്കുവച്ച ദൈവസങ്കല്‍പങ്ങളും മനുഷ്യബുദ്ധിയുടെ കണ്ടുപിടുത്തങ്ങളെന്ന നിലയില്‍ പൂര്‍ണമായ ദൈവദര്‍ശനം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല. ദൈവം സ്വയം വെളിപ്പെടുത്തിയാല്‍ മാത്രമേ ദൈവമാരെന്ന് മനുഷ്യന് ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. ഇതാണ് ക്രിസ്തുവിലൂടെ നല്കപ്പെട്ടത്; ക്രിസ്തുവില്‍ സംഭവിച്ചത്. അങ്ങനെ അവികലവും പൂര്‍ണവുമായ ദൈവദര്‍ശനം മാനവരാശിക്കു ലഭിച്ചു.
രണ്ടാമതായി, ദൈവം ക്രിസ്തുവില്‍ നമുക്കു വെളിപ്പെടുത്തിത്തന്നത് മനുഷ്യന്‍ ആരാണ് എന്ന വസ്തുതയാണ്. അവികലവും പൂര്‍ണവുമായ മനുഷ്യദര്‍ശനം ക്രിസ്തുവിലൂടെ മാനവരാശിക്ക് ലഭിച്ചു. ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ മനുഷ്യനെ മനുഷ്യന്‍ കാണാനുള്ള കൃപ ആദിപാപത്താല്‍ നഷ്ടമാവുകയും സാത്താനാഗ്രഹിച്ചവിധം കാണാന്‍ ഇടയാവുകയും ചെയ്തു. മനുഷ്യന്‍ ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവനാണെന്ന് വിശുദ്ധ ഗ്രന്ഥം നമുക്കു പറഞ്ഞുതരുന്നു. ഈ ദര്‍ശനം ക്രിസ്തുവിലൂടെ അതിന്റെ പൂര്‍ണതയില്‍ വെളിപ്പെട്ടു കിട്ടി. ദൈവത്തിന്റെ യഥാര്‍ത്ഥ ഛായയും സമ്പൂര്‍ണ്ണഛായയും (The real image and the perfect image) ആദ്യജാതനായ ക്രിസ്തുവാണ്. ആ ക്രിസ്തുവിന്റെ ഛായയിലാണ് നാം സൃഷ്ടിക്കപ്പെട്ടത്.

ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. നാം ദൈവപുത്രരും ക്രിസ്തുവിനോടൊപ്പം നിത്യത പ്രാപിക്കേണ്ടവരുമാണ് എന്ന സത്യം ക്രിസ്തു വെളിപ്പെടുത്തി. അങ്ങനെ മനുഷ്യന്റെ ആരംഭവും മനുഷ്യന്റെ അന്തവും ദൈവമാണെന്നും, ദൈവൈക്യത്തിനായി സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യനെന്നുമുള്ള സത്യം ക്രിസ്തുവില്‍ മാനവരാശിക്കു ലഭിച്ചു.

മനുഷ്യന്‍ ആരാണെന്നു മാത്രമല്ല, മനുഷ്യന്‍ ആരായിത്തീരുമെന്നും ക്രിസ്തുവില്‍ വെളിപ്പെട്ടു കിട്ടി. മാനവരാശിയുടെ ഭാവി ക്രിസ്തുവില്‍ വെളിപ്പെട്ടു. ദൈവം നമ്മുടെ പിതാവെങ്കില്‍ നാമെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നു തെളിയുന്നു; ക്രിസ്തുവിന്റെ സഹോദരരും. ആ സാഹോദര്യബന്ധമാണ് മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ പുലര്‍ത്തേണ്ടത് എന്നും വെളിവാക്കപ്പെട്ടു. ക്രിസ്തീയത പങ്കുവയ്ക്കുന്ന സാര്‍വ്വജനീന സാഹോദര്യത്തിന്റെ അടിസ്ഥാനമിതാണ്.

ദൈവം മനുഷ്യനായി അവതരിച്ചതാണ് ക്രിസ്തു. ആകയാല്‍ കുറവുകളില്ലാത്തതും പൂര്‍ണവുമായ മനുഷ്യപ്രകൃതി എങ്ങനെയായിരിക്കുമെന്നറിയാന്‍ ക്രിസ്തുവിലേക്ക് നോക്കിയാല്‍ മതി. ക്രിസ്തുവാണ് പരിപൂര്‍ണ മനുഷ്യന്‍. പൂര്‍ണനാകണമെങ്കില്‍ ക്രിസ്തുവിനെപ്പോലെയായിത്തീരണം എന്നു സാരം. മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്നും എങ്ങനെ പ്രതികരിക്കണമെന്നുമുള്ളതിന്റെ മാതൃകയാണ് ക്രിസ്തുവിന്റെ ജീവിതം. സമ്പൂര്‍ണ്ണ മനുഷ്യന്‍ ആരാണ് എന്ന ചോദ്യത്തിന് ദൈവം നല്‍കിയ ഉത്തരമാണ് ക്രിസ്തു.

നിത്യസത്യങ്ങളെക്കുറിച്ചും നിത്യജീവനെക്കുറിച്ചുമുള്ള വെളിപ്പെടുത്തല്‍ മനുഷ്യനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. മനുഷ്യന് നിത്യജീവന്‍ പ്രാപിക്കാനുള്ള മാര്‍ഗവും ക്രിസ്തു വെളിപ്പെടുത്തി. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവന്‍ മാത്രമല്ല, ക്രിസ്തുവിനാല്‍ രക്ഷിക്കപ്പെട്ടവനുമാണ് മനുഷ്യന്‍ എന്ന വസ്തുത വെളിപ്പെട്ടു.

മൂന്നാമതായി, ക്രിസ്തുവില്‍ മനുഷ്യനു ലഭിച്ച ജ്ഞാനം ഒരു പ്രപഞ്ചദര്‍ശനം ഉള്‍ക്കൊള്ളുന്നതാണ്. ഈ പ്രപഞ്ചം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും, ഇത് ക്രിസ്തുവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടതാണെന്നുമുള്ള ബോധ്യം ലഭിക്കുന്നു. അതോടൊപ്പം ഈ പ്രപഞ്ചത്തിന്റെ നശ്വരതയും വരാനിരിക്കുന്ന നിത്യതയും വെളിപ്പെട്ടു. പ്രപഞ്ചം സ്വയംഭൂവായ യാഥാര്‍ത്ഥ്യമല്ലെന്നും അതിന്റെ സ്രഷ്ടാവും പരിപാലകനും നിയന്താവും ദൈവമാണെന്നും വെളിവായിരിക്കുന്നു. മനുഷ്യന്‍ ഈ പ്രപഞ്ചത്തെ മൂല്യമുള്ളതായിക്കാണണമെന്നും അതിനെ പരിപാലിക്കാന്‍ നിയുക്തനാണെന്നും വെളിപ്പെട്ടു.

നാലാമതായി ക്രിസ്തുവില്‍ മനുഷ്യനു ലഭിച്ച ജ്ഞാനം ജീവിതദര്‍ശനവും ധാര്‍മ്മിക ദര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ്. ജീവിതം ധന്യമാകുന്നത് സ്‌നേഹത്താല്‍ നിറയപ്പെട്ട് സ്‌നേഹത്താല്‍ നയിക്കപ്പെടുമ്പോഴാണ്. അത് അപരനുവേണ്ടിയുള്ള ശുശ്രൂഷയും സ്വയം ത്യജിക്കലും ഉള്‍ക്കൊള്ളുന്നതാണ്. നാം നമുക്കുവേണ്ടി ജീവിക്കാതിരിക്കുകയും അപരനുവേണ്ടി ജീവിക്കുകയും ചെയ്യുന്നതാണ് ഔന്നത്യപൂര്‍ണമായ ജീവിതമെന്ന് ക്രിസ്തു കാണിച്ചുതന്നു. ശൂന്യവത്കരണത്തിലൂടെ അപരനുവേണ്ടി സ്വയം ത്യജിക്കുന്നതാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന് നാം അറിയാനിടയായി. ഇത് മാനവരാശിക്ക് യഥാര്‍ത്ഥ ജീവിതപന്ഥാവും ധാര്‍മിക ദര്‍ശനവും നല്‍കുന്നതാണ്. സ്‌നേഹത്തില്‍നിന്ന് വ്യതിചലിക്കുന്നതൊക്കെ യഥാര്‍ത്ഥ മനുഷ്യത്വത്തില്‍നിന്നുള്ള വ്യതിചലനമാണ്. ദൈവപ്രീതിക്കുള്ള യഥാര്‍ത്ഥ വഴിയും സ്‌നേഹംതന്നെയാണ് എന്നും, ബലികളും കാഴ്ചകളുമല്ല എന്നും തെളിയിക്കപ്പെട്ടു.

ഈവിധം സമ്പൂര്‍ണമായ ദൈവികജ്ഞാനത്താല്‍ മനുഷ്യന്‍ പ്രകാശിക്കപ്പെട്ടു. ഇതാണ് ക്രിസ്തുവില്‍ നമുക്കു ലഭിച്ച ജ്ഞാനപ്രകാശം. ഇതാണ് രക്ഷ. ഇതാണ് നിത്യജീവന്റെ വഴി.
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘കൃപ’ എന്ന ഗ്രന്ഥത്തില്‍നിന്ന്)

 

 

 

Share:

Rev.Dr. James Kiliyanikkal

Rev.Dr. James Kiliyanikkal

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles