- Latest articles

ഒരു രോഗിയുടെ വീണ്ടെടുപ്പിന് അനിവാര്യമായ ഏറ്റവും മര്‍മപ്രധാനമായ സംഗതിയാണ് ഡോക്ടര്‍ നടത്തുന്ന രോഗനിര്‍ണയം. ഡോക്ടര്‍മാര്‍ നടത്തുന്ന രോഗനിര്‍ണയം പാളിപ്പോയാല്‍ രോഗിയുടെ അവസ്ഥ വളരെ കഷ്ടത്തിലാകും. യഥാര്‍ത്ഥത്തില്‍ രോഗിക്കുള്ള രോഗത്തിന് തക്ക ചികിത്സ കിട്ടുകയില്ല എന്നുമാത്രമല്ല ഇല്ലാത്ത രോഗത്തിനുള്ള കാഠിന്യമേറിയ മരുന്നുകള്‍ കഴിച്ച് രോഗിയുടെ അവസ്ഥ മരണത്തോളം എത്തിച്ചേരുകയും ചെയ്യും. ഇങ്ങനെ മരണത്തിലെത്തിച്ചേര്‍ന്ന രോഗികള്‍ നമ്മുടെ നാട്ടില്‍ അനേകരുണ്ട്.
വേദപുസ്തകത്തിന്‍റെ താളുകളിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരത്തില്‍ രോഗശാന്തിശുശ്രൂഷ നടത്തിയ മൂന്നു ഡോക്ടര്‍മാരെ നമുക്ക് ജോബിന്‍റെ പുസ്തകത്തില്‍ കാണാന്‍ കഴിയും. അത് മറ്റാരുമല്ല ജോബിന്‍റെ ഉറ്റസ്‌നേഹിതന്മാരായ തേമാന്യനായ എലിഫാസ്, ഷൂഹ്യനായ ബില്‍ദാദ്, നാമാത്യനായ സോഫാര്‍ എന്നിവരാണ്. ഇവര്‍ മൂന്നുപേരും ജോബിനെ ഹൃദയം തുറന്നു സ്‌നേഹിക്കുന്നവരും ജോബിനെ അവന്‍റെ കഷ്ടസ്ഥിതിയില്‍നിന്നും എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചവരും അതിനുവേണ്ടി തങ്ങളുടെ അറിവും കഴിവും വിലയേറിയ സമയവുമെല്ലാം യാതൊരു ലോഭവും കൂടാതെ ചെലവഴിച്ചവരും ആയിരുന്നു. തിരുവചനങ്ങള്‍ ഇപ്രകാരം അവരുടെ നന്മയെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു. ”ദൂരെവച്ചു കണ്ടുപ്പോള്‍ അവര്‍ അവനെ തിരിച്ചറിഞ്ഞില്ല. അവര്‍ ഉറക്കെ നിലവിളിച്ചു. വസ്ത്രം കീറി. അവരുടെ ശിരസില്‍ പൂഴി വാരി വിതറി… ഒരക്ഷരം സംസാരിക്കാനാവാതെ ഏഴുരാവും പകലും അവര്‍ അവനോടൊപ്പം നിലത്തിരുന്നു” (ജോബ് 2/12-13).
പക്ഷേ പിശകു പറ്റി
പക്ഷേ… ഒരു കാര്യത്തില്‍ അവര്‍ക്ക് പിശകു പറ്റി. അവര്‍ നടത്തിയ രോഗനിര്‍ണയം തെറ്റിപ്പോയി. അതുവരെ തങ്ങള്‍ക്കറിവുള്ളതും സമൂഹത്തില്‍ നിലനിന്നിരുന്നതുമായ പൊതുധാരണകളും പൊതുവായ ആത്മീയ സത്യങ്ങളും അനുസരിച്ചാണ് അവര്‍ ജോബിനെ ബോധവല്‍ക്കരിക്കുന്നതും തിരുത്തുന്നതും രക്ഷപെടുത്തുവാന്‍ ശ്രമിക്കുന്നതും. അവര്‍ മൂന്നുപേരും മാറിമാറി ജോബിനോടു പറയുന്ന ധ്യാനപ്രസംഗങ്ങളുടെ ആകെത്തുക ഇതാണ്. ജോബിന്‍റെയോ ജോബിന്‍റെ മക്കളുടെയോ പൂര്‍വികരുടെയോ ജീവിതത്തില്‍ സംഭവിച്ചുപോയ കഠിനമായ പാപങ്ങളുടെയും അതിന്‍ഫലമായ ശാപങ്ങളുടെയും ഫലമായാണ് ഈ കഠിനങ്ങളായ കഷ്ടതകള്‍ ജോബിനും കുടുംബത്തിനും ഉണ്ടായത്. അനുതപിച്ച് മനസു തിരിഞ്ഞ് പാപങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവത്തോടു നിരപ്പായാല്‍ അവന്‍റെ കഷ്ടതകള്‍ നീക്കിക്കളഞ്ഞ് ദൈവമവനെ സമാധാനത്തിലേക്കും ഐശ്വര്യത്തിലേക്കും തിരികെ കൊണ്ടുവരും.
അവര്‍ ഒന്നുചേര്‍ന്ന് അവനെ ഉപദേശിച്ചു. ”ദൈവവുമായി രമ്യതയിലായി സമാധാനത്തില്‍ കഴിയുക. അപ്പോള്‍ നിനക്ക് നന്മ വരും. അവിടുത്തെ അധരങ്ങളില്‍നിന്ന് ഉപദേശം സ്വീകരിക്കുക; അവിടുത്തെ വാക്കുകള്‍ നിന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുക. സര്‍വശക്തന്‍റെ സന്നിധിയിലേക്ക് തിരിച്ചുവരികയും നിന്നെത്തന്നെ എളിമപ്പെടുത്തുകയും ചെയ്യുമെങ്കില്‍, നിന്‍റെ കൂടാരത്തില്‍നിന്ന് അനീതിയെ നീ അകറ്റിക്കളയുമെങ്കില്‍, സ്വര്‍ണത്തെ പൊടിയിലും ഓഫീര്‍പൊന്നിനെ നദീതടത്തിലെ കല്ലുകള്‍ക്കിടയിലും എറിയുമെങ്കില്‍, സര്‍വശക്തന്‍ നിനക്കു സ്വര്‍ണവും വിലപിടിച്ച വെള്ളിയും ആകുമെങ്കില്‍, നീ സര്‍വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്‍റെ നേരേ മുഖമുയര്‍ത്തുകയും ചെയ്യും. നീ അവിടുത്തോടു പ്രാര്‍ത്ഥിക്കുകയും അവിടുന്ന് ശ്രവിക്കുകയും ചെയ്യും. നിന്‍റെ നേര്‍ച്ചകള്‍ നീ നിറവേറ്റും. നീ തീരുമാനിക്കുന്ന കാര്യം നിനക്ക് സാധിച്ചുകിട്ടും. നിന്‍റെ പാതകള്‍ പ്രകാശിതമാകും. എന്തെന്നാല്‍ ദൈവം അഹങ്കാരിയെ താഴ്ത്തുകയും എളിയവനെ രക്ഷിക്കുകയും ചെയ്യും. നിരപരാധനെ അവിടുന്ന് രക്ഷിക്കുന്നു. നിന്‍റെ കരങ്ങളുടെ നൈര്‍മല്യംമൂലം നീ രക്ഷിക്കപെടും” (ജോബ് 22/21-30).
മൂന്നു സ്‌നേഹിതന്മാരും ജോബിനോട് ഇണങ്ങിയും പിണങ്ങിയും പരിഹസിച്ചും ആദ്യം സൗമ്യമായും പിന്നീട് രൗദ്രമായും പറയുന്ന ഏകകാര്യം ഇതാണ്.
എന്നാല്‍ നിഷ്‌കളങ്കനായ ജോബ് അവരുടെ വാക്കുകളെയും ന്യായവാദങ്ങളെയും അല്പംപോലും അംഗീകരിക്കുന്നില്ല. അദ്ദേഹമത് തുറന്നടിച്ചുതന്നെ തന്‍റെ സ്‌നേഹിതരോടു പറയുന്നു. ”ദൈവത്തിന്‍റെ ചൈതന്യം എന്‍റെ നാസികയില്‍ ഉള്ളിടത്തോളം കാലം എന്റെ അധരം വ്യാജം പറയുകയില്ല. എന്‍റെ നാവ് വഞ്ചന ഉച്ചരിക്കുകയില്ല. നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല. മരിക്കുവോളം ഞാന്‍ നിഷ്‌കളങ്കത കൈവെടിയുകയില്ല. നീതിനിഷ്ഠയെ ഞാന്‍ മുറുകെ പിടിക്കും. അതു കൈവിട്ടുപോകാന്‍ സമ്മതിക്കുകയില്ല. എന്‍റെ ഹൃദയം കഴിഞ്ഞുപോയ ഒരു ദിവസത്തെപ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല. എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും എതിരാളി അധര്‍മിയെപ്പോലെയും ആയിരിക്കട്ടെ” (ജോബ് 27/3-7).
പക്ഷേ ഈ മൂന്നു സ്‌നേഹിതന്മാരും വീണ്ടും ജോബിനെ വെറുതെ വിടാന്‍ തയാറാകുന്നില്ല. അവര്‍ വാദിച്ചു വാദിച്ച് നിഷ്‌കളങ്കനായ ജോബിന്‍റെ ദൈവത്തിലുള്ള പ്രത്യാശതന്നെ തകര്‍ത്തുകളയാന്‍ ശ്രമിക്കുന്നു. അവന്‍റെ പാപംനിമിത്തം ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നുവെന്നും ദൈവം നിന്‍റെ കൂടെയില്ലെന്നും പറഞ്ഞ് അവര്‍ അവന്‍റെ പ്രത്യാശയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ജോബ് അവരുടെ ആ ശ്രമങ്ങള്‍ക്ക് വിധേയപ്പെടാതെ തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു. ജോബ് അവരോട് വാദിക്കുന്നു. ”എനിക്ക് ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നുവെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു. എന്‍റെ ചര്‍മം അഴുകി ഇല്ലാതായാലും എന്‍റെ മാംസത്തില്‍നിന്ന് ഞാന്‍ ദൈവത്തെ കാണും. അവിടുത്തെ ഞാന്‍ എന്‍റെ പക്ഷത്തു കാണും. മറ്റാരെയുമല്ല, അവിടുത്തെത്തന്നെ എന്‍റെ കണ്ണുകള്‍ ദര്‍ശിക്കും” (ജോബ് 19/25-27). അവന്‍ തികഞ്ഞ പ്രത്യാശയോടെ തന്‍റെ സ്‌നേഹിതന്മാരോടു വാദിക്കുന്നു. ”അവിടുന്നെന്നെ പരീക്ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണംപോലെ പ്രകാശിക്കും” (ജോബ് 23/10).
ഇത് ദൈവത്തിന്‍റെ ശോധന
വാസ്തവത്തില്‍ നിഷ്‌കളങ്കനായ ജോബിന്‍റെ ജീവിതത്തില്‍ അഗ്നിപരീക്ഷണങ്ങളുടെ ചുഴലിക്കാറ്റ് അയക്കുവാന്‍ സാത്താനെ പ്രേരിപ്പിക്കുന്നതും ജോബിന്‍റെ ജീവനൊഴികെ മറ്റെല്ലാ തകര്‍ച്ചകള്‍ക്കും വിധേയമാക്കാന്‍ സാത്താന് അധികാരം കൊടുക്കുന്നതും ദൈവംതന്നെയാണ്. ഇതേ സംബന്ധിച്ചുള്ള ജോബിന്‍റെ വാക്കുകള്‍ തികച്ചും സത്യമാണ്. അദ്ദേഹം പറയുന്നു ”എന്‍റെ ദൈന്യം എനിക്കെതിരെ തെളിവായി നിങ്ങള്‍ സ്വീകരിക്കുന്നുവെങ്കില്‍ ദൈവമാണ് എന്നോട് ഇതു ചെയ്തതെന്നും എന്നെ വലയിലകപ്പെടുത്തിയതെന്നും നിങ്ങള്‍ മനസിലാക്കണം” (ജോബ് 19/5,6).
വാസ്തവത്തില്‍ നൂറുശതമാനം നീതിമാനും ദൈവഭക്തനുമായ ജോബിന്‍റെനേരെ ഒന്നു മിഴിയുയര്‍ത്തി നോക്കാന്‍പോലും സാത്താന് ധൈര്യമില്ലായിരുന്നു. ദൈവംതന്നെയാണ് ജോബിനെ എടുത്ത് കളിക്കളത്തിലിട്ടതും സാത്താന് ജോബിനെതിരെ പരീക്ഷണങ്ങളുടെ തീക്കാറ്റ് അയക്കാന്‍ പ്രേരണ നല്‍കിയതും അതിന് അധികാരം കൊടുത്തതുമെല്ലാം. ദൈവംതന്നെയാണ് ജോബിനും അവന്‍റെ കുടുംബത്തിനും വസ്തുവകകള്‍ക്കും അവന്‍റെ സര്‍വഐശ്വര്യങ്ങള്‍ക്കും പുറമെയുള്ള സംരക്ഷണത്തിന്‍റെ വേലി അഴിച്ചുമാറ്റി അവനെ അനാഥനും പീഡിതനും ഒറ്റപ്പെട്ടവനും ജീവനൊഴികെ സര്‍വം നഷ്ടപ്പെട്ടവനും ആക്കിത്തീര്‍ത്തത്.
ഇത് അവനെ അഗ്നിപരീക്ഷണങ്ങളുടെ ചൂളയില്‍ ശോധന ചെയ്ത് ദൈവമഹത്വത്തിനും വിശ്വാസികള്‍ക്ക് മാതൃകയുമായി എടുത്തുയര്‍ത്താന്‍വേണ്ടിയായിരുന്നു. ഈ സത്യം തിരിച്ചറിയാന്‍ കഴിയാത്ത ജോബിന്‍റെ സ്‌നേഹിതന്മാര്‍ ആത്മീയ ലോകത്തെ സാമ്യതത്വങ്ങളും പൊതുനിയമങ്ങളും അനുസരിച്ച് ജോബിനെ വിധിക്കുന്നു. അവന്‍റെ നിഷ്‌കളങ്കതയിലും ദൈവത്തിലുമുള്ള പ്രത്യാശ, തെറ്റായ രോഗനിര്‍ണയത്തിലൂടെയും ചികിത്സയിലൂടെയും അവര്‍ തകര്‍ത്തുകളയുന്നു. സത്യം പറഞ്ഞാല്‍ ജോബിന്‍റെ ജീവിതത്തിലെ ഏറ്റവും മനംതകര്‍ക്കുന്ന പൈശാചിക ആക്രമണം ഈ സ്‌നേഹിതന്മാര്‍ നടത്തിയ ധ്യാനപ്രസംഗങ്ങളും സൗഖ്യ ശുശ്രൂഷയുമായിരുന്നു. അവര്‍ നല്ലവരായിരുന്നെങ്കിലും വേണ്ടത്ര വിവേചനമില്ലാത്ത അവരുടെ രോഗനിര്‍ണയങ്ങള്‍ ജോബിനെ ദയനീയസ്ഥിതിയിലേക്ക് തള്ളിയിടുന്നതായിരുന്നു.
ഒരു തിരിഞ്ഞുനോട്ടം അനിവാര്യം
നമ്മിലേക്കുതന്നെ നമുക്കൊന്നു തിരിഞ്ഞുനോക്കാം. ഒരു തിരിച്ചറിവും തിരുത്തിക്കുറിക്കലും അനിവാര്യമല്ലേ? വളരെ ഉദ്ദേശ്യശുദ്ധിയോടെ നമ്മള്‍ മറ്റുള്ളവരെ രക്ഷപെടുത്താന്‍ ചെയ്യുന്ന ചില ശുശ്രൂഷകള്‍ അവരുടെ നിലവിലുള്ള പ്രത്യാശയെപ്പോലും തകര്‍ത്ത് കൂടുതല്‍ ഭീകരമായ ഗര്‍ത്തത്തിലേക്ക് അവരെ തള്ളിയിടാന്‍ പര്യാപ്തമായവയായിത്തീര്‍ന്നിട്ടില്ലേ? ആത്മീയലോകത്ത് നിലവിലുള്ള പൊതുവായ നിയമങ്ങള്‍ വച്ചുകൊണ്ട് നാം എല്ലാവരുടെയും ജീവിതത്തെ വിലയിരുത്തുകയും അവര്‍ക്കുവേണ്ടി തീരെ ഉചിതമല്ലാത്ത മരുന്നുകുറിപ്പടികള്‍ കുറിക്കുകയും ചെയ്യുന്നു. അത് അവരുടെ ജീവിതത്തെ കൂടുതല്‍ ശോചനീയമായ അവസ്ഥയിലേക്ക് തള്ളിയിടും.
ഉദാഹരണമായി വേദപുസ്തകത്തിലെതന്നെ ഒരു സംഭവം നമുക്ക് കാണാം.
യേശുവിന്‍റെ പരസ്യജീവിതകാലത്ത് ജന്മനാ അന്ധനായ ഒരുവനെ ചൂണ്ടി ചുറ്റും നിന്നിരുന്ന ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു ”ഗുരോ ആരുടെ പാപം നിമിത്തമാണ് ഇവന്‍ ജന്മനാ അന്ധനായിത്തീര്‍ന്നത്? ഇവന്‍റെയോ അവന്‍റെ മാതാപിതാക്കന്‍മാരുടെയോ? യേശു അവരോടു പറഞ്ഞു. അവന്‍റെയോ അവന്‍റെ മാതാപിതാക്കന്‍മാരുടെയോ പാപംനിമിത്തമല്ല. പ്രത്യുത, ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകുന്നതിനു വേണ്ടിയാണ്” (യോഹന്നാന്‍ 9/2-3). പാപംമൂലം രോഗവും അനര്‍ത്ഥങ്ങളും ഉണ്ടാകാം. പക്ഷേ ഉണ്ടാകുന്നതും ഉണ്ടാകാനിടയുള്ളതുമായ എല്ലാ രോഗങ്ങളുടെയും കാരണം പാപവും ശാപവും ഒന്നുമല്ല എന്ന് യേശു ഈ സംഭവത്തിലൂടെ നമ്മെ ബോധവല്‍ക്കരിക്കുന്നു.
അതുപോലെ ജോബിന്‍റെ ജീവിതത്തിലെ കഠിന ശോധനകള്‍ അവനെ ഉയര്‍ത്തുവാന്‍വേണ്ടിയും ശോധനകളിലൂടെ കടന്നുപോകുന്ന ദൈവജനത്തിന് പ്രചോദനവും മാതൃകയും ആയിത്തീരുവാന്‍വേണ്ടിയും ആയിരുന്നു. ദൈവനിയോഗപ്രകാരം അവന്‍റെ ജീവിതത്തില്‍ അനുവദിക്കപ്പെട്ട പൈശാചിക ആക്രമണങ്ങളുടെയും പീഡകളുടെയും ഫലമായി ഉണ്ടായതായിരുന്നു അവന്‍റെ കഷ്ടതകള്‍. ഇതു മനസിലാക്കാന്‍ കഴിയാത്ത ജോബിന്‍റെ സ്‌നേഹിതന്മാര്‍, ഉപദേശിച്ചും കുറ്റം വിധിച്ചും പരിഹസിച്ചും നിന്ദിച്ചും അവനെ മാനസാന്തരപ്പെടുത്തുവാന്‍ ശ്രമിക്കുന്നു.
ജോബിനുവേണ്ടി നിലകൊണ്ട ദൈവം
അവസാനം ജോബ് വാദിച്ചതുപോലെതന്നെ ദൈവം ജോബിനുവേണ്ടി നിലകൊണ്ടു. ദൈവനിയോഗപ്രകാരം കടന്നുപോകേണ്ട എല്ലാ ശോധനകളും കടന്നുപോയിക്കഴിഞ്ഞപ്പോള്‍ ജോബിനുവേണ്ടിമാത്രം നിലകൊള്ളുന്ന; ജോബിന്‍റെ മാത്രം പക്ഷത്തുനിന്ന ദൈവത്തെ ജോബ് കണ്ടു. ജോബ് മാത്രമല്ല ജോബിന്‍റെ ചുറ്റുംകൂടിയവരും കണ്ടു. ശോധനകളെയെല്ലാം അതിജീവിച്ചുകഴിഞ്ഞപ്പോള്‍ ജോബിന് നഷ്ടമായതെല്ലാം ദൈവം അവന് ഇരട്ടിയായി തിരികെ കൊടുത്തു. അക്കൂട്ടത്തില്‍ ജോബിനെ കുറ്റം വിധിച്ച സ്‌നേഹിതന്മാര്‍ക്ക് ഉചിതമായ ഒരു ശിക്ഷയും കൊടുത്തു. ”കര്‍ത്താവ് തോമാന്യനായ എലിഫാസിനോട് അരുളിച്ചെയ്തു.
എന്‍റെ ക്രോധം നിനക്കും നിന്‍റെ രണ്ടു സ്‌നേഹിതന്മാര്‍ക്കും എതിരെ ജ്വലിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെപ്പറ്റി എന്‍റെ ദാസന്‍ ജോബിനെപ്പോലെ ശരിയായിട്ടല്ല സംസാരിച്ചത്. അതിനാല്‍ ഇപ്പോള്‍ത്തന്നെ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയുംകൊണ്ട് ജോബിന്‍റെ അടുക്കല്‍ചെന്ന് നിങ്ങള്‍ക്കുവേണ്ടി ദഹനബലി അര്‍പ്പിക്കുവിന്‍. എന്‍റെ ദാസനായ ജോബ് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിച്ച് നിങ്ങളുടെ ഭോഷത്തത്തിന് നിങ്ങളെ ശിക്ഷിക്കുകയില്ല. നിങ്ങള്‍ എന്‍റെ ദാസനായ ജോബിനെപ്പോലെ എന്നെപ്പറ്റി ശരിയായതു സംസാരിച്ചില്ല” (ജോബ് 42/7-8).
”ജോബ് തന്‍റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരികെ കൊടുത്തു. അവിടുന്ന് അതു ഇരട്ടിയായി കൊടുത്തു” (ജോബ് 42/10).
പ്രിയപ്പെട്ട ദൈവശുശ്രൂഷകരേ, നമുക്ക് ജോബിന്‍റെ സ്‌നേഹിതന്മാരെപ്പോലെ ആകാതിരിക്കാം. അതിനുവേണ്ട വിവേചനാശക്തി പരിശുദ്ധാത്മാവ് നമുക്ക് തരട്ടെ. പ്രയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ.
'
ഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്. വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അധ്യാപകന്‍ ഒരിക്കല്‍ ചോദിച്ചു: “ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള്‍ തരാം.” ജോസഫ് ഉടന്‍ ചാടിയെണീറ്റ് പറഞ്ഞു: “ദൈവം ഇല്ലാത്തത് എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അച്ചന് രണ്ട് ആപ്പിള്‍ തരാം.” ദൈവസാന്നിധ്യത്തെക്കുറിച്ച് കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണ് പില്‍ക്കാലത്ത് സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വിശുദ്ധ പത്താം പിയൂസ് പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് സാലസ് ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ പതിനഞ്ചു മിനിറ്റിലും അരൂപിക്കടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയിരുന്നത്രേ!
ഈശോയുടെ സാന്നിധ്യാനുഭവത്തില്‍ ആത്മാവ് ഉറപ്പിക്കപ്പെടണം. അതുമാത്രമാണ് ശക്തമായ ആത്മീയ അടിത്തറ. തിന്മയ്ക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നമുക്ക് ബലം നല്‍കുന്നത് ദൈവസാന്നിധ്യാനുഭവമാണ്. ഒരിക്കല്‍ വിശുദ്ധ ക്ലാര ഈശോയുടെ പീഡാനുഭവത്തെയോര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് സാത്താന്‍ ഇങ്ങനെ പറഞ്ഞു: “നീ എന്തിനാണ് കരയുന്നത്? നീ ഒരുപാട് കരഞ്ഞിട്ടുള്ളവളല്ലേ? ഇങ്ങനെ കരഞ്ഞു കരഞ്ഞ് എന്തിന് നിന്‍റെ സൗന്ദര്യവും ജീവിതവും നശിപ്പിക്കുന്നു?” ക്ലാര മറുപടി പറഞ്ഞു: “എന്‍റെ രക്ഷകനായ ഈശോ സദാസമയവും എന്‍റെ കൂടെയുണ്ട്. അവിടുന്ന് എന്‍റെ കണ്ണീരൊപ്പും, എന്നെ ആശ്വസിപ്പിക്കും. സാത്താനേ നീ ദൂരെപ്പോവുക.” ഉടന്‍ സാത്താന്‍ ഓടി മറഞ്ഞു. മറ്റൊരവസരത്തില്‍ കപ്പേളയിലെ ക്രൂശിതരൂപം തന്നെ സൂക്ഷിച്ചു നോക്കുന്നതായി ക്ലാരയ്ക്ക് അനുഭവപ്പെട്ടു. ഇങ്ങനെ ഒരു സ്വരവും കേട്ടു: “നീ ഒരിക്കലും തനിച്ചല്ല, എല്ലാറ്റിനും ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ട്.” ആത്മാവിന്‍റെ ഏകവും സുനിശ്ചിതവുമായ ബലമാണ് ദൈവം കൂടെയുണ്ട് എന്ന അനുഭവം. അതില്ലാത്ത ആത്മാവ് ആത്മീയയാത്രയില്‍ തളര്‍ന്നുപോകുന്നു.
വിശുദ്ധ മരിയ ഗൊരേത്തിയുടെ അമ്മ അസൂന്താമ്മ തന്‍റെ മകളെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: “ഇന്നു നീ ഈശോയെ സ്വീകരിച്ചവളാണ്. ഇന്നു മുഴുവന്‍ ഈശോയുടെ കൂടെയാണെന്നു ബോധ്യമുണ്ടായിരിക്കണം.” മരിയ എന്നും എപ്പോഴും ആ ബോധ്യം നിലനിര്‍ത്തിയിരുന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തന്‍റെ ജീവിതത്തിന്‍റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ രോഗാവസ്ഥയില്‍, ഏകാന്തതയില്‍ ഒരു മുറിയില്‍ കഴിയുമ്പോള്‍, അദ്ദേഹം മുറിയുടെ വാതില്‍ക്കല്‍ ഇങ്ങനെ എഴുതി വച്ചിരുന്നു: “ഈ മുറിയില്‍ കയറുന്നവര്‍ ആത്മീയ കാര്യങ്ങളല്ലാതെ ഒന്നും സംസാരിക്കരുത്.” ദൈവസാന്നിധ്യമനുഭവിച്ച് ആനന്ദിച്ചിരുന്നതിനാല്‍ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേള്‍ക്കാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യമിതാണ്: ആത്മീയാനന്ദം രുചിച്ചു തുടങ്ങിയ മനുഷ്യാത്മാവ് ഭൗതികസുഖങ്ങളില്‍നിന്ന് അകന്നു തുടങ്ങും.
പരിശുദ്ധ ത്രിത്വത്തിന്‍റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: “കാര്‍മല്‍ മഠത്തില്‍ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഞങ്ങള്‍ അവിടുന്നില്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍!” അവള്‍ തുടരുന്നു: “പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും കര്‍മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പര്‍ക്കമാണ്… എല്ലായിടത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങള്‍ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സംവഹിക്കുന്നു. ആകയാല്‍ ഞങ്ങളുടെ ജീവിതം മുന്‍കൂട്ടിയുള്ള ഒരു സ്വര്‍ഗാസ്വാദനമാണ്.” ക്രിസ്തുശിഷ്യന്‍െറ ജീവിതം ലോകത്തില്‍ സ്വര്‍ഗീയാനുഭവം രുചിക്കുന്നതാണ്. ദൈവസാന്നിധ്യാനുഭവം കൂടാതെ ഇത് സാധ്യമല്ല.
വിശുദ്ധാത്മാക്കള്‍ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്ചുകൊണ്ടും, അവിടുന്നുമായി ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മബന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യാനുഭവത്തില്‍ വളര്‍ന്നുവന്നു. ഇപ്രകാരം ഒരു സ്നേഹൈക്യമാണ് ഈശോ തന്‍റെ വിശുദ്ധാത്മാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നതും.
ആത്മാവിന്റെ സ്നേഹദാഹം തീര്‍ക്കാന്‍ നാം അഭയം ഗമിക്കേണ്ടത് ദിവ്യകാരുണ്യസന്നിധിയിലാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാതെ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കാനും ആശ്വാസം പ്രാപിക്കാനും ആത്മാവ് വളരേണ്ടിയിരിക്കുന്നു. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാനും ആശ്വസിപ്പിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ ആന്തരികദാഹത്തിന് ഈശോ നല്‍കുന്ന ഉത്തരമാണ് ദിവ്യകാരുണ്യം.
'
ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്ന്, അതിനു ചേര്‍ന്നവിധത്തില്‍ നന്മകള്‍ ചെയ്ത യുവതിക്ക് ലഭിച്ച ദൈവാനുഭവങ്ങള്‍
എനിക്ക് വളരെ ചെറുപ്പം തൊട്ടേ ശാലോം വായിക്കാന്‍ ഇഷ്ടമായിരുന്നു, എന്നെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ശാലോം കാരണമായിട്ടുണ്ട്. നാടകീയമായ അത്ഭുതങ്ങളല്ല എന്‍റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത്. പക്ഷേ ദൈവം എന്നെ സ്നേഹിക്കുന്നുവെന്നും ദൈവഹിതപ്രകാരം ചെയ്യുന്ന സത്പ്രവൃത്തികള്‍ക്കെല്ലാം അവിടുന്ന് പ്രതിഫലം നല്കുന്നുവെന്നും എന്നെ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങള്‍ ഏറെയുണ്ട്.
തിരുഹൃദയവും സ്വര്‍ണലോക്കറ്റും
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂണ്‍ മാസത്തില്‍ കാന്‍സര്‍ ബാധിതയായ എന്‍റെ അമ്മയുടെ അമ്മ തീര്‍ത്തും കിടപ്പായി. ആ അമ്മ ഒറ്റക്കായിരുന്നു താമസം. തിരുഹൃദയത്തിനോടുള്ള വണക്കത്തിനായി ആ മാസം എല്ലാ ദിവസവും അമ്മയ്ക്കുവേണ്ട അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു കൊടുക്കാം എന്ന് വിചാരിച്ചു. അന്ന് ഞാന്‍ മാമോദീസ സ്വീകരിച്ചിട്ടില്ല. എങ്കിലും രാവിലെ വീട്ടിലെ ജോലികള്‍ കഴിഞ്ഞു വിശുദ്ധ കുര്‍ബ്ബാനക്കുപോകും. തിരികെ വന്നു കുട്ടികളെ സ്കൂളില്‍ അയച്ചതിനുശേഷം നാലഞ്ച് കിലോമീറ്റര്‍ അകലെ താമസിക്കുന്ന അമ്മയെ തുടച്ചു വൃത്തിയാക്കി, ഭക്ഷണവും മരുന്നും കൊടുത്ത് ജോലിസ്ഥലത്തേക്ക് യാത്രയാവും. അക്കാലത്ത് ഭര്‍ത്താവും ഒപ്പം ഉണ്ടാവുമായിരുന്നു. അപ്പോള്‍ അമ്മ പറയും ദൈവം ഇതിന് നിനക്ക് സമ്മാനം തരുമെന്ന്. ഈ ജോലികള്‍ എല്ലാം ചെയ്യാന്‍ എങ്ങനെ ശക്തി കിട്ടി എന്നുപോലുമറിയില്ല. ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് ആ ദിവസങ്ങള്‍ കടന്നു പോയി.
കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് കെ.എസ്.എഫ്.ഇ-യില്‍നിന്നും ഒരു ഫോണ്‍ കാള്‍. അത്തവണ കെ.എസ്.എഫ്.ഇ ചിട്ടിയുടെ സ്വര്‍ണനാണയം സമ്മാനമായി ലഭിച്ചിരിക്കുന്നത് എനിക്കാണെന്ന്. കുറേനാള്‍ കഴിഞ്ഞു സ്വര്‍ണനാണയം ലഭിച്ചപ്പോള്‍ അതുമാറ്റി ലോക്കറ്റ് വാങ്ങാന്‍ കടയില്‍ ചെന്നു. ഈശോയുടെ തിരുഹൃദയരൂപത്തിന്‍റെ ഒരേയൊരു ലോക്കറ്റേ ആ കടയിലുള്ളൂ. അത് ഞാന്‍ സ്വന്തമാക്കി. മുമ്പ് അങ്ങനെ ഒന്ന് കണ്ടിട്ടില്ലായിരുന്നു, അപ്പോഴാണ് അമ്മ പറഞ്ഞ ഈശോയുടെ സമ്മാനമാണ് അതെന്ന് ഓര്‍മ വന്നത്.
“നിന്‍റെ ഹൃദയത്തില്‍ മുദ്രയായും നിന്‍റെ കരത്തില്‍ അടയാളമായും എന്നെ പതിക്കുക” (ഉത്തമഗീതം 8/6) എന്ന വചനം ഓര്‍ത്ത് ഈ ലോക്കറ്റ് അണിഞ്ഞു നടക്കുന്നത് എനിക്കു ഭയങ്കര സന്തോഷമായിരുന്നു. വീട്ടില്‍ എന്നെ കാണാന്‍ ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട ഒരു ചേച്ചി വരാറുണ്ട്, അവരും ഞാന്‍ ചേര്‍ന്നിരുന്ന ചിട്ടിയില്‍ ചേര്‍ന്നിരുന്നു. “ഗോള്‍ഡ് കോയിന്‍ കിട്ടിയല്ലോ, അത് എന്തു ചെയ്തു?” വളരെ സന്തോഷത്തോടെ അവര്‍ എന്നോട് ചോദിച്ചു.
ഞാന്‍ എന്‍റെ കഴുത്തില്‍ കിടന്നിരുന്ന ഈശോയുടെ തിരുഹൃദയരൂപം ഉയര്‍ത്തിക്കാട്ടി, അത് കണ്ടതും അവരുടെ ഭാവം മാറി. എന്നെയും ഈശോയെയും മാതാവിനെയും കുറെ ചീത്ത പറഞ്ഞു. എനിക്കാകെ ദേഷ്യമായി. പക്ഷേ ഈശോ ഓര്‍മിപ്പിച്ചു, “തിരികെ ഒന്നും പറയണ്ട!” എന്നെപ്രതി അവഹേളിക്കപ്പെടാനുള്ള ഭാഗ്യം കൂടി (മത്തായി 5/11-12) നിനക്ക് ലഭിച്ചിരിക്കുന്നു എന്നായിരുന്നു അവിടുന്ന് പറഞ്ഞത്.
താലിയില്‍ ഒരു ‘ചോയ്സ്’
ഹൈന്ദവ അടയാളമുള്ള താലിയായിരുന്നു എന്‍റെ കഴുത്തില്‍. അത് കാണുമ്പോള്‍ എനിക്ക് എന്തോ വിഷമം തോന്നും, ഞാന്‍ വിചാരിക്കുമായിരുന്നു താലി വാങ്ങാന്‍ പോയവര്‍ക്ക് ഒരടയാളവും ഇല്ലാത്ത താലി വാങ്ങിയാല്‍ പോരായിരുന്നോ? എന്നാല്‍, വിവാഹ ഉടമ്പടിയുടെ അടയാളമായ താലി പവിത്രമായതിനാല്‍ അത് മാറ്റാനും ശ്രമിച്ചില്ല.
അങ്ങനെയിരിക്കേ ഒരിക്കല്‍ അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തോട് അനുബന്ധിച്ച് അവിടത്തെ മുറികള്‍ വൃത്തിയാക്കാന്‍ ചെല്ലണമെന്ന് ഞങ്ങളുടെ സുഹൃത്തായ വൈദികന്‍ പറഞ്ഞു. ഞായാറാഴ്ച ആയതുകൊണ്ട് അവിടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്നും തീരുമാനിച്ചു. ഭര്‍ത്താവും ഞാനും രാവിലെ വീട്ടില്‍നിന്നും ഇറങ്ങി. പക്ഷേ ഞങ്ങള്‍ എത്തിയപ്പോഴേക്കും ചില ചേച്ചിമാര്‍ മിക്കവാറും വൃത്തിയാക്കി കഴിഞ്ഞിരുന്നു, ഞങ്ങള്‍ക്ക് ചെറിയ ജോലിയേ ഉണ്ടായിരുന്നുള്ളൂ.
അതുകഴിഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്ന് കരുതിയിരുന്നെങ്കിലും രാവിലത്തെ കുര്‍ബാന കഴിഞ്ഞതിനാല്‍ പിന്നെ വൈകിട്ട് നാലുമണി മുതലേ വിശുദ്ധ കുര്‍ബാനകള്‍ ഉള്ളൂ. വീട്ടില്‍ തിരികെ ചെന്നിട്ട് വീണ്ടും വിശുദ്ധ കുര്‍ബാനക്ക് എത്തുക ബുദ്ധിമുട്ടായിരുന്നു. ഞങ്ങളെ ജോലി ഏല്‍പ്പിച്ച വൈദികനും അവിടെയില്ല, ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു നില്‍ക്കുമ്പോള്‍ അധികം ദൂരത്തല്ലാത്ത ഭരണങ്ങാനത്തേക്ക് പോകാന്‍ ഒരു തോന്നല്‍. എന്തായാലും പോയി നോക്കാമെന്ന് കരുതി. അവിടെ എത്തിയപ്പോള്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ കൃത്യം വിശുദ്ധ കുര്‍ബാന തുടങ്ങുന്നു!
മുഖവും കഴുത്തുമൊക്കെ ഒന്ന് തുടച്ച് വിശുദ്ധബലിയില്‍ പങ്കെടുക്കാനൊരുങ്ങിയപ്പോഴാണ് കഴുത്തിലെ മാല അഴിഞ്ഞുകിടക്കുന്നതായി കണ്ടത്. നോക്കിയപ്പോള്‍ മാലയില്‍ കൊളുത്തും ഈശോയുടെ തിരുഹൃദയത്തിന്‍റെ ലോക്കറ്റും ഉണ്ട്. മാല പൊട്ടിയിട്ടുമില്ല. സാധാരണ ഗതിയില്‍ താലിയെക്കാള്‍ വലിയ ലോക്കറ്റായിരുന്നു ഊരിപ്പോകേണ്ടിയിരുന്നത്. പക്ഷേ താലിമാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെയും, പോയ വാഹനത്തിലും ധ്യാനകേന്ദ്രത്തിലും തിരഞ്ഞുവെങ്കിലും താലി കണ്ടു കിട്ടിയില്ല.
വീണ്ടും താലി വാങ്ങിക്കാന്‍ ജ്വല്ലറിയില്‍ പോയി. ഇത്തവണ ഒരു അടയാളവുമില്ലാത്ത പ്ലെയിന്‍ ആയിട്ടുള്ള താലി വാങ്ങിക്കും എന്നു തീര്‍ച്ചപ്പെടുത്തിയിരുന്നു, പക്ഷേ കടയില്‍ രണ്ടു തരം താലി മാത്രം. ഒന്ന് ഓം എന്ന് എഴുതിയത്, അല്ലെങ്കില്‍ കുരിശ് അടയാളമുള്ളത്. ഞാന്‍ ആകെ വിഷമത്തിലായി. താമസിക്കുന്നത് ഹൈന്ദവവിശ്വാസം പുലര്‍ത്തുന്ന കൂട്ടുകുടുംബത്തില്‍. ഈശോ എന്‍റെ മുന്‍പില്‍ ഒരു തിരഞ്ഞെടുപ്പിനായി ആ താലികള്‍ വച്ചുതന്നിരിക്കുകയാണെന്ന് തോന്നി, ഏതു വേണം? എവിടെയോ മായിച്ചു മറന്ന വാചകം ഓര്‍മ വന്നു,
“നിനക്കുവേണ്ടി ഞാന്‍ കുരിശില്‍,
എനിക്കുവേണ്ടി നീ ലോകത്തില്‍”
“എന്‍റെ ഈശോയേ, എനിക്ക് നീ മതി” എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. കുരിശടയാളമുള്ള താലി നോക്കിയിട്ട് ഭര്‍ത്താവും അതുതന്നെ എടുത്തോളാന്‍ പറഞ്ഞു. അതൊരു മെയ്മാസം ആയിരുന്നു, ഞങ്ങളുടെ വിവാഹവാര്‍ഷികദിനത്തില്‍ത്തന്നെ ഞങ്ങളുടെ സുഹൃത്തായ വൈദികന്‍ താലി ആശീര്‍വദിച്ചു തന്നു. അതും അണിഞ്ഞ് ഈശോക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചു. രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് മറ്റൊരു മെയ് മാസത്തില്‍ ഞങ്ങള്‍ മാമോദീസയും സ്വീകരിച്ചു.
“തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവ് നല്കി” (യോഹന്നാന്‍ 1/12).
'
തുണസഹോദരനായ ജെറാര്‍ഡിന് ഒരു അവിഹിതബന്ധമുണ്ട്! ഈ കഥ കാട്ടുതീപോലെ പ്രചരിച്ചു. സംഭവം അവരുടെ സന്യാസസഭാസ്ഥാപകനായ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരിയുടെ ചെവിയിലുമെത്തി. അദ്ദേഹം ജെറാര്‍ഡിനെ വിളിച്ചു ചോദിച്ചു. പക്ഷേ ഒരു സ്ത്രീ പ്രചരിപ്പിക്കുന്ന നുണക്കഥയാണ് എന്നറിയാമായിരുന്നെങ്കിലും അവന്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ പോയില്ല. മൗനം പാലിക്കുകയാണ് ചെയ്തത്. അമ്പരന്നുപോയ അല്‍ഫോണ്‍സ് ലിഗോരി അവനെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതില്‍നിന്ന് വിലക്കി. ജെറാര്‍ഡിന് അത് മരണതുല്യമായിരുന്നു. പകരം ഇങ്ങനെ ചിന്തിച്ചു, “ഈശോ ഒരുപക്ഷേ എന്നില്‍ എഴുന്നെള്ളിവരാന്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കും. അങ്ങനെയല്ലെങ്കില്‍ എന്‍റെ നിരപരാധിത്വം ഈശോ തെളിയിക്കട്ടെ. ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും അവന്‍ എന്‍റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടല്ലോ.”
നാളുകള്‍ പിന്നിട്ടു. അവനില്‍ കുറ്റം വ്യാജമായി ആരോപിച്ച സ്ത്രീക്ക് മരണകരമായ രോഗം പിടിപെട്ടു. തന്‍റെ പാപത്തിന്‍റെ ഫലമാണ് അതെന്ന് ചിന്തിച്ച അവള്‍ ഉടന്‍തന്നെ അല്‍ഫോണ്‍സ് ലിഗോരിക്ക് സത്യം പറഞ്ഞ് കത്തെഴുതി. എന്തുകൊണ്ട് സത്യം പറഞ്ഞില്ലെന്ന് അദ്ദേഹം ജെറാര്‍ഡിനോട് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, “ഒരു വിശുദ്ധനാവാന്‍ യോജിച്ച സന്ദര്‍ഭമായിരുന്നു അത്. അതിനാല്‍ നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി.” ഈ പുണ്യത്തിന് വലിയ സമ്മാനം സ്വര്‍ഗത്തില്‍ ഉണ്ടാകുമെന്ന് വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി ജെറാര്‍ഡിനോട് പറഞ്ഞു. അത് അക്ഷരംപ്രതി ശരിയായിരുന്നു, ജെറാര്‍ഡ് വിശുദ്ധപദവിയിലെത്തി; വിശുദ്ധ ജെറാര്‍ഡ് മജെല്ല.
'
മനസുതളര്‍ന്ന് കിടന്നിരുന്ന മുറിയില്‍ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു…
നാളുകള്‍ക്കുമുമ്പ്, ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ച് ദൂരെയായി മാറി താമസിക്കേണ്ട ഒരു സാഹചര്യം വന്നു. 2013-ലായിരുന്നു അത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം ഏറെ പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയായിരുന്നു. അവിടെ താമസം തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ശാലോം ടൈംസ് മാസികയൊന്നും ലഭിച്ചിരുന്നില്ല. എനിക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു മാസികയായിരുന്നു ശാലോം ടൈംസ്. ഒരു മാസിക കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു.
അങ്ങനെയിരിക്കെ അടുത്ത വീട്ടിലെ ഒരു ചേട്ടന്‍ ഞങ്ങള്‍ക്ക് 2016 ലെ ശാലോം കലണ്ടര്‍ കൊണ്ടുവന്നു തന്നു. അത് ഒരു വലിയ സന്തോഷമായിരുന്നു. ജനുവരിമാസം മുതല്‍ ശാലോം ടൈംസ് തരാമെന്നും പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ അതിനായി കാത്തിരുന്നു.
ആയിടക്ക് ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് ഒരു ബന്ധുവിന്‍റെ വിവാഹത്തിന് പോയി. തിരിച്ച് വന്നപ്പോള്‍ ഞങ്ങള്‍ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരാള്‍ മറ്റ് പലരുടെയും വാക്കുകേട്ട് ഞങ്ങളെ തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്‍റെ അധീനതയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണമൂലമുണ്ടായ അസ്വസ്ഥതയാല്‍ അതുവരെ പറഞ്ഞ വ്യവസ്ഥകള്‍ എല്ലാം അദ്ദേഹം മാറ്റിപ്പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറിത്തരണമെന്ന് ആവശ്യപ്പെട്ടു.
വളരെ വേദനാജനകമായ അവസ്ഥ. ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമായി പെട്ടെന്ന് എങ്ങോട്ട് മാറും? ഞാനാകെ തളര്‍ന്നു. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എല്ലാ സമയവും കിടപ്പുതന്നെ.
“സാരമില്ല, എല്ലാം ദൈവം കാണുന്നുണ്ടല്ലോ. ജീവിതത്തില്‍ പ്രശ്നങ്ങളെ തരണം ചെയ്യണം” ഭാര്യ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നെങ്കിലും എനിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചതേയില്ല.
മാനസിക സംഘര്‍ഷം താങ്ങാനാകാതെ ഒരാഴ്ചയോളം ഞാന്‍ കിടപ്പായിരുന്നു. ഞാന്‍ കിടന്നിരുന്ന മുറിയിലാണ് 2016 ലെ ശാലോം കലണ്ടര്‍ കിടന്നിരുന്നത്. ആ കലണ്ടറിന്‍റെ മുന്‍പേജിലെ വചനം ഇതായിരുന്നു: “ഉണര്‍ന്നു പ്രശോഭിക്കുക; നിന്‍റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം നിന്‍റെ മേല്‍ ഉദിച്ചിരിക്കുന്നു” (ഏശയ്യാ 60/1). ആ വചനം പലയാവര്‍ത്തി വായിച്ചപ്പോള്‍ അതെന്നെ ധൈര്യപ്പെടുത്തി.
“ഈ വചനം നമുക്ക് ഉള്ളതാണ്!” ഞാന്‍ ഭാര്യയോട് പറഞ്ഞു.
അതുകേട്ട് അവള്‍ മറുപടി നല്കി, “ശരിയാണ്, നമ്മുടെ ഈ പ്രശ്നത്തെ ദൈവം നേരത്തേ അറിഞ്ഞാണ് ആ ചേട്ടനിലൂടെ നമുക്ക് ഈ കലണ്ടര്‍ തന്നത്.”
പിന്നീട് മൂന്നോ നാലോ ദിവസത്തോളം ഞങ്ങള്‍ എപ്പോഴും ഈ വചനം വായിച്ചു കൊണ്ടിരുന്നു. ആ വചനത്തിന്‍റെ ശക്തിയാല്‍ അപ്പോഴത്തെ പ്രശ്നത്തെ തരണം ചെയ്യാനും ആ വ്യക്തിയോട് വെറുപ്പില്ലാതിരിക്കാനും ദൈവം സഹായിച്ചു.
കാലം കടന്നുപോയപ്പോള്‍, ഒരു ശാലോം ടൈംസിനായി കൊതിച്ച ഞങ്ങളെ ശാലോം ഏജന്‍റായി കര്‍ത്താവ് മാറ്റി. ഇന്ന് 50 പേര്‍ക്ക് ശാലോം ടൈംസ് നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു. ജറെമിയ 29/11- “കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുളള പദ്ധതി എന്‍റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുളള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.”
'
ക്രിസ്മസിനായി എങ്ങനെ ഒരുങ്ങണമെന്ന് പരിശുദ്ധ ദൈവമാതാവ് എന്നെ പഠിപ്പിച്ചു. ഉണ്ണീശോയെക്കൂടാതെ പരിശുദ്ധ അമ്മ കാണപ്പെട്ട് എന്നോട് പറഞ്ഞു, “എന്‍റെ മകളേ, നിന്‍റെ ഹൃദയത്തില്‍ വസിക്കുന്ന ഈശോയ്ക്ക് എപ്പോഴും വിശ്രമിക്കാന്‍ സാധിക്കത്തക്കവിധം നിശബ്ദതയിലും എളിമയിലും നീ ജീവിക്കണം. നിന്‍റെ ഹൃദയത്തില്‍ നീ അവനെ ആരാധിക്കണം. നിന്‍റെ ആന്തരികതയില്‍നിന്ന് നീ ഒരിക്കലും പുറത്തുപോകരുത്. എന്‍റെ മകളേ, നിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിഷ്ഠയോടുകൂടി അനുഷ്ഠിക്കുമ്പോഴും ആന്തരികതക്ക് ഭംഗം വരാതിരിക്കാനുള്ള കൃപാവരം ഞാന്‍ നിനക്കായി നേടിത്തരാം. നീ നിന്‍റെ ഹൃദയത്തില്‍ എപ്പോഴും അവനോടൊന്നിച്ച് വസിക്കണം. അവനാണ് നിന്‍റെ ശക്തി…”
'
തിരഞ്ഞെടുക്കപ്പെട്ടവര്‍ മറിയത്തെ തങ്ങളുടെ മാതാവും ഗുരുനാഥയുമായി ബഹുമാനിക്കുന്നു, ഹൃദയപൂര്‍വ്വം സ്‌നേഹിക്കുന്നു. അവള്‍ക്ക് പ്രീതികരമെന്ന് വിചാരിക്കുന്നത് എന്തും അവര്‍ തീക്ഷ്ണതയോടെ ചെയ്യുന്നു. മറിയം പാപത്തോടും, തന്നോട് തന്നെയും മരിക്കാന്‍ (തന്നിഷ്ടത്തെ കീഴടക്കാന്‍) സഹായിക്കുന്നതിന് അവള്‍ അവരുടെ പാപങ്ങള്‍ ആകുന്ന ചര്‍മവും സ്വാര്‍ത്ഥസ്‌നേഹവും ഉരിഞ്ഞെടുക്കുന്നു.
അങ്ങനെ, തന്നോടുതന്നെ മരിച്ചവരെമാത്രം സ്വന്തം ശിഷ്യരും സ്‌നേഹിതരുമായി സ്വീകരിക്കുന്ന യേശുവിനെ തൃപ്തിപ്പെടുത്താന്‍ അവള്‍ അവരെ പ്രാപ്തരാക്കുന്നു. സ്വര്‍ഗീയ പിതാവിന്റെ അഭിരുചിക്കും ഉപരിമഹത്വത്തിനും അനുയോജ്യമാംവിധം അവരെ ഒരുക്കുക; അത് മറിയത്തിനാണ് മറ്റാരെക്കാള്‍ കൂടുതല്‍ അറിയാവുന്നത്.
'
മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ശാലോം വായനക്കാര്‍ക്ക് നല്കുന്ന ഈസ്റ്റര്‍ സന്ദേശം
നാം ഒരു വീട് പണിയുകയാണെങ്കില്‍ അതിനായി ഒരു പ്ലാന്‍ തയാറാക്കും. നമ്മുടെ ഇഷ്ടമനുസരിച്ചാണ് അത് തയാറാക്കുന്നത്, അതുപ്രകാരമായിരിക്കും വീട് പണിയുന്നത്. ആ പ്ലാനനുസരിച്ച് മുഴുവന്‍ പണിയുമ്പോഴേ വീടുപണി പൂര്‍ത്തിയാവുന്നുള്ളൂ. അതുപോലെതന്നെ ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. ആ പ്ലാനില്‍ സുഖവും ദുഃഖവും കഷ്ടപ്പാടും രോഗവുമെല്ലാം ഉണ്ട്. അതിനനുസരിച്ച് മുന്നോട്ടുപോകുമ്പോഴാണ് ആ പദ്ധതി പൂര്‍ത്തിയാകുന്നത്. പകുതിവച്ച് ഉപേക്ഷിച്ചുപോയാല്‍ ആ പദ്ധതി പൂര്‍ത്തിയാവുകയില്ല. ഒരു പ്രതീക്ഷയും ഇല്ലാത്തപ്പോഴും ദൈവത്തിന് ഒരു വഴിയുണ്ടെന്നും അതിലേക്ക് ദൈവം നമ്മെ എത്തിക്കുമെന്നും വിശ്വസിക്കണം. ധൈര്യമായി മുന്നോട്ടു
പോകണം, അപ്പോഴാണ് ക്രിസ്തുവിന്റെ ഉത്ഥാന അനുഭവത്തിലേക്കും ആനന്ദത്തിലേക്കും നാം പ്രവേശിക്കുക.
നമ്മുടെ സംഘര്‍ഷങ്ങളും സങ്കടങ്ങളും വേദനകളുമെല്ലാം പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചേക്കാം. എന്നാല്‍ ക്രിസ്തുവിനോടുകൂടെ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവിടുത്തെ ഉത്ഥാനാനുഭവവും സ്വന്തമാക്കാന്‍ സാധിക്കും. ക്രിസ്തുവില്‍ മരിച്ചവനാണ് ക്രിസ്തുവില്‍ ഉത്ഥാനം ചെയ്യുന്നത് എന്നോര്‍ക്കുക. ക്രിസ്തു മരിച്ചിട്ടാണ് ഉത്ഥാനം ചെയ്തത്. മരിക്കാതെയുള്ള ഒരു വഴി ക്രിസ്തുവിന് തിരഞ്ഞെടുക്കാമായിരുന്നില്ലേ? എന്നാല്‍ ഇതാണ് തന്റെ പിതാവിന്റെ പദ്ധതി എന്നറിഞ്ഞ് അത് ഏറ്റെടുത്തു. ”പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!” (ലൂക്കാ 22/42) എന്നാണ് അവിടുന്ന് പ്രാര്‍ത്ഥിച്ചത്. നാമും ഇത്തരത്തില്‍ ദൈവഹിതമനുസരിച്ച് ക്രിസ്തുവിനോട് ചേര്‍ന്ന് മരിക്കാതെ ഉത്ഥാനാനുഭവം
പ്രതീക്ഷിക്കാനാവില്ല.
ക്രൈസ്തവരുടെ ആദ്യത്തെ ആഘോഷമാണ് ഈസ്റ്റര്‍. ഉത്ഥാനം എന്നാല്‍ വലിയ സന്തോഷമാണ്. പക്ഷേ ഓര്‍ക്കണം അത് സഹിക്കുന്നവര്‍ക്കുള്ള സന്തോഷമാണ്. സഹനങ്ങള്‍ ഇല്ലാത്തിടത്ത് ഉത്ഥാനവും ഇല്ല. ഇന്ന് സഹനങ്ങളില്ലാത്ത ഉത്ഥാനത്തെക്കുറിച്ചാണ് നാമെല്ലാം ചിന്തിക്കുന്നത്. പക്ഷേ സഹനങ്ങളുടെ മുദ്ര പേറുന്നതാണ് ഉയിര്‍പ്പിന്റെ ലക്ഷണം. അതിനാല്‍ ഉയിര്‍പ്പ് സഹനങ്ങളുടെ വഴിയിലൂടെയുള്ള യാത്രയാണെന്ന് തിരിച്ചറിയാന്‍ പ്രാര്‍ത്ഥിക്കാം.
വ്യക്തിപരമായ ഈസ്റ്റര്‍ അനുഭവം
ഈസ്റ്റര്‍സമയങ്ങളില്‍ ഞാന്‍ എപ്പോഴും രോഗികളെ കാണാന്‍ പോകും. രോഗികളും സഹിക്കുന്നവരുമായവരെ സന്ദര്‍ശിക്കുന്നതാണ് വ്യക്തിപരമായ എന്റെ ഈസ്റ്റര്‍ അനുഭവം. മിഷന്‍ പ്രദേശത്തുനിന്ന് കേരളത്തിലെത്തുമ്പോഴാണ് കൂടുതലായും രോഗികളായി സഹിക്കുന്നവരെ സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. അവരോട് ഞാന്‍ പറയാറുള്ളത് നിങ്ങള്‍ ഈസ്റ്ററിന്റെ അടയാളങ്ങളാണെന്നാണ്.
കര്‍ത്താവ് മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുമെന്ന് ശിഷ്യന്മാര്‍പോലും കരുതിയിരുന്നില്ല. അതിനാല്‍ത്തന്നെ അവന്‍ ഉത്ഥാനം ചെയ്തു എന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാനും കഴിഞ്ഞില്ല. പക്ഷേ ഉത്ഥാനം ചെയ്ത കര്‍ത്താവിനെ അവര്‍ കണ്ടുകഴിഞ്ഞപ്പോള്‍, അത് കര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞത് അവിടുത്തെ മുറിവുകള്‍ നോക്കിയിട്ടാണ്. ”…അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു” (യോഹന്നാന്‍ 20/20). അതുകൊണ്ടാണ് പറയുന്നത് മുറിവുകള്‍ ഉത്ഥാനത്തിന്റെ അടയാളങ്ങളാണ് എന്ന്. ഉയിര്‍പ്പിന്റെ സന്തോഷത്തിന്റെ രഹസ്യം പേറുന്ന തിരുമുറിവുകള്‍…
കര്‍ത്താവിന്റെ തിരുവിലാവ് കാണണമെന്ന് തോമാശ്ലീഹാ ആവശ്യപ്പെട്ടപ്പോള്‍ ആ ആവശ്യം കര്‍ത്താവ് നിഷേധിച്ചില്ല. തന്റെ തിരുവിലാവ് കാണിച്ചുകൊടുക്കാന്‍ തിരുമനസായി. തന്റെ തിരുവിലാവിലെ ഉണങ്ങാത്ത മുറിവാണ് അവിടുന്ന് കാണിച്ചുകൊടുത്തത്. അതുകൊണ്ടുതന്നെ ഞാന്‍ വീണ്ടും പറയട്ടെ, നിങ്ങളുടെ ഉണങ്ങാത്ത മുറിവുകളെല്ലാം ഈസ്റ്ററിന്റെ അടയാളങ്ങളാണ്. അതിനാല്‍ ഒരിക്കലും നിരാശപ്പെടരുതേ… പ്രത്യാശയോടുകൂടി ദൈവത്തിങ്കലേക്ക് നോക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കും.
ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍..!

രാവിലെ ജോലിക്കു പോകാന്‍ തിരക്കിട്ട് ഇറങ്ങുകയാണ്. പെട്ടെന്ന് മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്നു. കോള്‍ അറ്റന്‍ഡ് ചെയ്താല്‍ സംസാരിച്ചു സമയം പോകും. ആരാണെന്നു നോക്കാം എന്ന് കരുതി ഫോണ്‍ കയ്യിലെടുത്തു. ഒരു വൈദികനാണ്. എന്തായാലും കോള്‍ അറ്റന്‍ഡ് ചെയ്തു. ”ചേച്ചി ഡ്യൂട്ടിക്ക് പോകാനുള്ള തിരക്കിലായിരിക്കും അല്ലേ, ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് വിളിച്ചത്.”
രണ്ടു മിനിറ്റില്‍ അദ്ദേഹം പെട്ടെന്ന് കാര്യങ്ങള്‍ പറഞ്ഞു. പ്രശ്‌നം ഇപ്രകാരമായിരുന്നു, അദ്ദേഹം വികാരിയായിരിക്കുന്ന ദൈവാലയത്തിലേക്കുള്ള വഴി മണ്ണിട്ട റോഡ് ആണ്. കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് റോഡ് കുഴിച്ചു പൈപ്പ് ഇറക്കാന്‍ പോവുകയാണ്. അതു വഴി പരിസരവാസികളായ പലര്‍ക്കും കുടിവെള്ള പരിഹാരം ഉണ്ടാകും. പക്ഷേ മഴയുടെ സമയമാണ്. റോഡില്‍ ചെളിയും മറ്റുമായി യാത്ര ദുസ്സഹമാകും. ഇടവക ജനങ്ങള്‍ക്കിടയിലും പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. പഞ്ചായത്തുകാരോട് എന്ത് മറുപടി പറയണം എന്ന് അറിയില്ല. ജനങ്ങളുടെ കുടിവെള്ളം തടയാനും കഴിയില്ല. ഒപ്പം ഇടവകജനത്തിന് ഉണ്ടാകുന്ന യാത്രാക്ലേശവും ഗൗനിക്കാതെ വയ്യ. എന്ത് ചെയ്യണം എന്ന് അറിയില്ല. കുറച്ചു സമയത്തിനുള്ളില്‍ അവര്‍ക്കു മറുപടി കൊടുക്കണം. ഇതൊരു തര്‍ക്കത്തില്‍ പോകാത്തവിധം ഈശോ പരിഹരിച്ചാല്‍ മതി.
എനിക്ക് ജോലിക്കു പോകാന്‍ ഇറങ്ങേണ്ട സമയം കഴിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മുറിയിലിരിക്കുന്ന ഈശോയുടെ തിരുഹൃദയ രൂപത്തിലേക്ക് നോക്കി ഞാന്‍ ചോദിച്ചു, ”ഈശോയേ എന്തു ചെയ്യണം?” ഈശോ മറുപടി നല്‍കി., ”എന്നെ ആ സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ പറയുക.” അച്ചനോട് ഈശോയുടെ മറുപടി അറിയിച്ചു, ”ദിവ്യകാരുണ്യ ഈശോയെ എടുത്തു കൊണ്ട് വഴിയിലൂടെ നടന്ന് ഈശോയെ ആ സ്ഥലം കാണിക്കുക. ബാക്കി ഈശോ ചെയ്തുകൊള്ളും.”
ഇത്രയും പറഞ്ഞു ഞാന്‍ ഫോണ്‍ സംഭാഷണം നിര്‍ത്തി ഇറങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അച്ചന്റെ വാട്‌സാപ്പ് സന്ദേശം ലഭിച്ചു. ”ചേച്ചീ, ഈശോ ഭയങ്കര സംഭവമാണ് കേട്ടോ. ഈശോയുടെ മറുപടി കേട്ട ഉടനെ ഞാന്‍ ദിവ്യകാരുണ്യ ഈശോയെ എടുത്തു വഴിയെല്ലാം കാണിച്ചു കൊടുത്തു. പത്തു മിനിറ്റില്‍ തിരിച്ചു വന്നു. ഈശോയെ സക്രാരിയില്‍ എടുത്തു വച്ചു. അല്‍പസമയത്തിനുള്ളില്‍ പഞ്ചായത്തു പ്രസിഡന്റ് ഫോണില്‍ വിളിച്ചു.
അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. കുടിവെള്ളത്തിന്റെ പൈപ്പ് ഇറക്കുന്നതിനായി റോഡ് കുഴിക്കുന്നതു മൂലം വഴിയില്‍ ചെളിയുണ്ടാവുകയും തന്മൂലം യാത്രക്ക് അസൗകര്യമുണ്ടാവുകയും ചെയ്യുന്നതിനാല്‍ അവ ഒഴിവാക്കും വിധം പഞ്ചായത്തു തന്നെ ക്രമീകരണങ്ങള്‍ ചെയ്തു നല്‍കാം.
അങ്ങനെ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ ഈശോ പ്രശ്‌നം പരിഹരിച്ചു. ദൈവാലയത്തിന്റെ ഉടമസ്ഥതയിലുള്ള വഴിയായിരുന്നിട്ടുകൂടി എല്ലാം പഞ്ചായത്ത് നേതൃത്വം എടുത്ത് ചെയ്തു നല്‍കി. സുവിശേഷങ്ങളില്‍ കാണുന്ന യേശു കൂടുതല്‍ സമയവും യാത്ര ചെയ്തിരുന്ന ആളായിരുന്നു. ഈശോക്ക് യാത്ര ഒരുപാട് ഇഷ്ടമാണെന്നു തോന്നിയിട്ടുണ്ട്. ഒരു ആത്മാവിനുവേണ്ടി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാന്‍ ഈശോ തയ്യാറായിരുന്നു എന്നതിന്റെ തെളിവാണല്ലോ സമരിയക്കാരി സ്ത്രീയുമായുള്ള ഈശോയുടെ കണ്ടുമുട്ടല്‍.
നമ്മുടെയൊക്കെ ഭവനങ്ങളില്‍ ഒരു സ്ഥലത്തു ഈശോയെ പ്രതിഷ്ഠിച്ചു വച്ചിട്ടുള്ളതല്ലാതെ എപ്പോഴെങ്കിലും നമ്മള്‍ ഈശോയെ ഒരു ഹോം ടൂറിനു ക്ഷണിച്ചിട്ടുണ്ടോ? വലിയ ഭവനങ്ങളും ഓഫീസുകളും ഒക്കെ പണിതുയര്‍ത്തിയിട്ട് ഈശോയുടെ സ്ഥാനം ഏതോ ഒരു മൂലയില്‍ ഒതുങ്ങിപ്പോയോ?
ഇതുവരെയും ഈശോയ്‌ക്കൊപ്പം ഒരു ഹോം ടൂര്‍ നടത്തിയിട്ടില്ലെങ്കില്‍ ഈ വര്‍ഷത്തിന്റെ ആരംഭമാസങ്ങളില്‍ ഈശോയ്ക്ക് കൊടുക്കുന്ന ഒരു മനോഹരമായ സമ്മാനം ആകട്ടെ നമ്മുടെ ഭവനത്തിന്റെ ഹോം ടൂര്‍. വീട്ടിലുള്ള ഒരു കുരിശുരൂപം കയ്യിലെടുത്തുകൊണ്ട് വീടിന്റെ അകവും പുറവും എല്ലാം ഈശോയെ കൊണ്ടുനടന്നു കാണിക്കണം. ഒരു പക്ഷേ അതിര്‍ത്തി തര്‍ക്കങ്ങള്‍, വസ്തു വില്പന തടസ്സം, ക്ഷുദ്രജീവികളുടെ ആക്രമണങ്ങള്‍, വീടിന്റെ കേടുപാടുകള്‍ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ഈശോയോടു പറയാന്‍ ഉണ്ടായിരിക്കും. എന്തുമാകട്ടെ ഈശോയെ കൊണ്ടുപോയി കാണിക്കുക.
കുടുംബത്തില്‍ കിടപ്പു രോഗികള്‍ ഉണ്ടെങ്കില്‍ അവരുടെ അടുത്ത് ഈശോയെ കൊണ്ടുപോവുക. മക്കളുടെ പഠനമുറികള്‍, അവരുടെ പുസ്തകങ്ങള്‍, കിടപ്പുമുറികള്‍ ഒന്നും ഒഴിവാക്കാതെ ഈശോയെ കാണിച്ചു കൊടുക്കുക. അവനുമാത്രം ചെയ്യാന്‍ കഴിയുന്ന പലതും ഈശോ അതിലൂടെ കണ്ടെത്തും.
കോറോണക്കാലത്തു നടന്ന ഒരു സംഭവം കൂടി പങ്കുവയ്ക്കുകയാണ്. എന്റെ രോഗാവസ്ഥ മൂലം തലമുടി ഉണക്കുന്നത് ഹെയര്‍ഡ്രയര്‍ ഉപയോഗിച്ചാണ്. പെട്ടെന്ന് ഒരു ദിവസം ഡ്രയര്‍ കേടായി. കറുത്ത നിറത്തില്‍ ചെറിയ തോതില്‍ പുക പുറത്തു വന്നു, ഉപയോഗിക്കാന്‍ ഓണ്‍ ചെയ്തപ്പോള്‍. അന്ന് തലമുടി ഉണക്കാന്‍ ബുദ്ധിമുട്ടി. പിന്നീട് രണ്ടു ദിവസം അവധിയായിരുന്നു. പുറത്തു പോയി മറ്റൊന്ന് വാങ്ങി വരിക ആ നാളുകളില്‍ ഏറെ ക്ലേശകരമായിരുന്നു ലോക്ക് ഡൗണ്‍ മൂലം. മൂന്നാം ദിവസം ഞാന്‍ ഈശോയുടെ കുരിശുരൂപം എടുത്തു കൊണ്ടു പോയി ഹെയര്‍ ഡ്രയര്‍ ഓണ്‍ ചെയ്തു കാണിച്ചു. വര്‍ക്ക് ചെയ്യുന്നില്ല .
ഈശോയോടു എന്റെ നിസ്സഹായ അവസ്ഥ വെളിപ്പെടുത്തി. കുളിച്ചു വരുമ്പോഴേക്കും എന്തെങ്കിലും വഴി കാണാന്‍ ഈശോക്ക് ഒരു കൊട്ടേഷനും കൊടുത്തു. കുരിശുരൂപം ഹെയര്‍ ഡ്രയറിനടുത്തു വച്ചിട്ട് ഞാന്‍ കുളിക്കാന്‍ പോയി. തിരിച്ചു വരുമ്പോള്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്ന് ഞാന്‍ കരുതിയിരുന്നു. കാരണം ഇതൊക്കെ ഈശോയുമായുള്ള എന്റെ കുസൃതികള്‍ മാത്രമാണ്.
‘ഒന്നും ചെയ്തില്ലല്ലോ ഈശോയേ’ എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ ഹെയര്‍ ഡ്രയര്‍ എടുത്തു ഓണ്‍ ചെയ്തു. ആ സെക്കന്‍ഡില്‍ അത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു. ഈശോയെ കൈകളില്‍ എടുത്തു. കെട്ടിപ്പിടിച്ചു പലതവണ ചുംബിച്ചു. ഈശോയുടെ ഹൃദയത്തിലൂടെ ഒഴുകി ഇറങ്ങിയ എന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ആയിരുന്നു ഞങ്ങള്‍ക്കിടയിലെ സ്‌നേഹ സംഭാഷണം. ഇന്നും അതേ ഹെയര്‍ ഡ്രയര്‍ ഒരു കേടുപാടും ഇല്ലാതെ ഞാന്‍ ഉപയോഗിക്കുന്നു.
ഈശോയുടെ ഒരു പ്രത്യേക സ്വഭാവവിശേഷമാണ് ക്ഷണിക്കപ്പെടുക എന്നുള്ളത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ കൂടാരത്തിരുനാളിനു പങ്കെടുക്കാന്‍ പോയ ഈശോയെ നാം കാണുന്നു. ഈശോയെ കണ്ടിട്ടുള്ളവരും അവനില്‍നിന്ന് അനുഗ്രഹങ്ങള്‍ നേടിയവരും അവന്റെ പ്രബോധനങ്ങള്‍ കേട്ടിട്ടുള്ളവരും ആയ പലരും തിരുനാളിന് ഉണ്ടായിരുന്നിട്ടും ഈശോയെ ആരും ഭവനങ്ങളിലേക്കു ക്ഷണിച്ചില്ല. ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് പോയി. യേശു ഒലിവുമലയിലേക്കു പോയി (യോഹന്നാന്‍ 7/53 & 8/1). നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ ഈശോയെ അവഗണിക്കാതിരിക്കാം. ചിന്തിക്കാം. നമ്മുടെ ആഘോഷങ്ങള്‍ക്കും തിരുനാളുകള്‍ക്കും ഒടുവില്‍ ഈശോ നമ്മുടെ ഭവനങ്ങളിലേക്ക് ക്ഷണിക്കപ്പെടുന്നുണ്ടോ അതോ അവന്‍ ഇന്നും ഒലിവുമലയില്‍ തനിച്ചാണോ….?
”ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും” (വെളിപാട് 3/19-20).
'
ഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് പങ്കുവച്ച കാര്യമാണിത്. എപ്പോഴോ ഒരു പാപചിന്ത പയ്യന്‍റെ മനസ്സില്‍ വന്നു. അതിലേക്കൊന്ന് ചാഞ്ഞ്, ദുര്‍മോഹത്തിലേക്ക് നീങ്ങിത്തുടങ്ങിയ നിമിഷങ്ങള്‍… പെട്ടെന്നതാ ആരോ ഫോണ്‍ വിളിക്കുന്നു!
ഒരു വൈദികനായിരുന്നു അത്. കാവല്‍മാലാഖ പയ്യന് അടയാളം കൊടുത്തു അപ്പോള്‍ത്തന്നെ. സുബോധം വീണ്ടെടുക്കാനായി. പൊടുന്നനെ ഈശോനാമം വിളിക്കാന്‍ അവന് ബലം കിട്ടി. ആ പാപചിന്ത എങ്ങോ പോയി മറയുകയും ചെയ്തു. അവന്‍ പറയുകയാണ്, “അച്ചാ, ശരിക്കും ആ വൈദികന്‍ ദൈവത്തിന്‍റെ ഉപകരണമായി പ്രവര്‍ത്തിക്കുവായിരുന്നു.”
അവന്‍ ഇത് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. എന്‍റെ ജീവിതത്തിലും ഇതുപോലെ പലരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്, തെറ്റില്‍നിന്നും എന്നെ രക്ഷിച്ച ഇടപെടലുകള്‍.
ആളുകളുടെ ‘ക്വാളിറ്റി’ അഥവാ ഗുണമേന്മ തിരിച്ചറിയാന്‍ ഇത് നല്ലൊരു ഉപാധിയാണെന്നാണ് എന്‍റെ ഒരു ഇത്. ഫലത്തില്‍നിന്നും വൃക്ഷത്തെ തിരിച്ചറിയാന്‍ സുവിശേഷം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് വേറൊന്നല്ല. കൂടെയുള്ളവരെ പാപത്തിലേക്കും തിന്മയിലേക്കും നയിക്കുന്ന ഇടപെടലുകള്‍ നല്ല വൃക്ഷത്തിന്‍റെ ലക്ഷണം അല്ല. അവരില്‍നിന്നും ദൂരം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒപ്പം, ഞാനാകുന്ന വൃക്ഷത്തിന്‍റെ ‘ക്വാളിറ്റി’യും പരിശോധിക്കുന്നത് നല്ലതാണ്. ചുറ്റുമുള്ളവരെ നന്മയിലേക്ക് നയിക്കാനും പാപത്തില്‍നിന്നും പിന്തിരിപ്പിക്കാനും എനിക്ക് സാധിക്കുന്നുണ്ടോ? നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളായി രൂപാന്തരപ്പെടാം.
“നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല… അവരുടെ ഫലങ്ങളില്‍നിന്ന് നിങ്ങള്‍ അവരെ അറിയും.” (മത്തായി 7/17- 20).
'
ജീവന്‍റെയും ശക്തിയുടെയും സൗഖ്യത്തിന്‍റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടാന്‍…
എയ്റോസ്പേസ് ശാസ്ത്രജ്ഞനാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു. ഫോര്‍ബ്സ് മാഗസിന്‍ ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായി തെരഞ്ഞെടുത്ത വ്യക്തികളിലൊരാള്‍. റൊമാനിയ സ്വദേശിയാണെങ്കിലും പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറി. ചൊവ്വാഗ്രഹത്തിലേക്കുള്ള റൊമേനിയയുടെ ആദ്യ സിമുലേഷന്‍ മിഷനില്‍ പങ്കാളിയുമാണ് അദ്ദേഹം. നാസയുമായി സഹകരിച്ചാണ് ഈ മിഷന്‍ നടത്തുന്നത്. ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍മാത്രമല്ല, ഗ്രന്ഥകര്‍ത്താവ്, പ്രസംഗകന്‍ എന്നീ നിലകളിലും ഡോ. ഡ്രാഗോസ് പ്രഗല്ഭനാണ്.
ബുദ്ധിയായിരുന്നു ഡ്രാഗോസിന്‍റെ ദൈവം. യുക്തിക്ക് നിരക്കാത്ത യാതൊന്നിനും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. അങ്ങനെ എല്ലാം സുഗമമായി പോകുമ്പോഴാണ് ഡ്രാഗോസിനെ പിടിച്ചുലയ്ക്കുകയും തളര്‍ത്തിക്കളയുകയും ചെയ്യുംവിധം വലിയ തകര്‍ച്ചകള്‍ കടന്നുവന്നത്. അതുവരെ കെട്ടിപ്പടുത്തതെല്ലാം തകര്‍ന്നടിഞ്ഞു. ബന്ധങ്ങള്‍ അറ്റു. സ്ഥാപനം പൂട്ടേണ്ടിവന്നു. മാതാപിതാക്കള്‍പോലും അകന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ പല തത്വശാസ്ത്രങ്ങളും വിശ്വാസങ്ങളും കൊണ്ട് ആത്മാവിന്‍റെ ദാഹത്തെ ശമിപ്പിക്കാന്‍ ഡ്രാഗോസ് ശ്രമിച്ചു. എല്ലാം വിഫലമായി. തെല്ലും മുന്നോട്ടുനീങ്ങാനാവില്ലെന്ന് തോന്നിയ നിസ്സഹായാവസ്ഥ. ആത്മഹത്യയെക്കുറിച്ചുമാത്രമായിരുന്നു ആ നാളുകളില്‍ ഡ്രാഗോസിന്‍റെ ചിന്ത.
ക്രിസ്ത്യാനിയായി വളര്‍ന്നെങ്കിലും ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞിരുന്നില്ല എന്നതായിരുന്നു അദേഹത്തിന്‍റെ നിസ്സഹായതയുടെ കാരണം. അതിനാല്‍ത്തന്നെ തനിക്ക് സഹായം ചോദിക്കാന്‍ ജീവിക്കുന്ന ഒരു ദൈവമുണ്ടെന്നത് ഡാഗോസിന് അറിയില്ലായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് ഡോ. ഡ്രാഗോസിനെ ഹവായിലെ ഫാമിലേക്ക് ക്ഷണിച്ചത്. അവിടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നാല് മാസക്കാലം ഒറ്റയ്ക്ക് താമസിച്ചു. പുസ്തകങ്ങള്‍ മാത്രമായിരുന്നു കൂട്ട്.
അങ്ങനെയിരിക്കേ, ഒരു പുസ്തകം വായിച്ചു തുടങ്ങിയ മാത്രയില്‍ ഡോ. ഡ്രാഗോസ് ബ്രറ്റസാനു മറിഞ്ഞുവീണു. വീഴാതിരിക്കുവാന്‍ ശ്രമിച്ചെങ്കിലും വായിച്ച ആ വാക്യത്തിന്‍റെ ശക്തി അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായില്ല. എങ്കിലും അതുവരെ ബാധിച്ചിരുന്ന നിരാശ നീങ്ങി ആ സമയം ആനന്ദം ഉള്ളില്‍ നിറയുന്നതായി തിരിച്ചറിഞ്ഞു. പരിശുദ്ധാത്മാവിന്‍റെ ശക്തമായ സാന്നിധ്യം അദ്ദേഹത്തിന്‍റെ ശരീരത്തെ പൊതിഞ്ഞു. ജീവിതത്തിലുണ്ടായ ചില വേദനകള്‍ നീങ്ങിപ്പോകുന്നതിനായി പ്രാര്‍ത്ഥിച്ചതിനുള്ള ഉത്തരമായിരുന്നു ആ അനുഭവം. കാതറിന്‍ കോള്‍മാന്‍ രചിച്ച ‘ദ ഗ്രേറ്റസ്റ്റ് പവര്‍ ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകമായിരുന്നു ഡോ. ഡ്രാഗോസ് വായിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പുസ്തകത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, അവതാരികയിലെ ഒരു വാചകത്തിലൂടെ അദ്ദേഹം വഴിയും സത്യവും ജീവനുമായവനെ തിരിച്ചറിഞ്ഞു. “ഇനിയും യേശുവിനായി നിന്‍റെ ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!” ഈ വാക്യമാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു എന്ന പ്രശസ്ത ശാസ്ത്രജ്ഞനെ ‘വീഴ്ത്തി’യത്.’ സാവൂള്‍ കുതിരപ്പുറത്തുനിന്ന് വീണ് പൗലോസ് ആയതുപോലെ പിന്നെ എല്ലാം മാറിമറിയുകയായിരുന്നു. ബുദ്ധികൊണ്ടു മാത്രം പ്രവര്‍ത്തിച്ചിരുന്ന ആ ശാസ്ത്രജ്ഞന്‍ പിന്നെ പൂര്‍ണ ഹൃദയവും ആത്മാവുംകൊണ്ട് ദൈവത്തെ തേടാന്‍ ആരംഭിച്ചു.
അദ്ദേഹം പറയുന്നു: തത്വശാസ്ത്രങ്ങളും മതങ്ങളുമൊക്കെയുണ്ടെങ്കിലും തുറന്ന മനസോടെ യേശുവിലേക്ക് വരുമ്പോള്‍ മുഴുവന്‍ സ്നേഹവും മുഴുവന്‍ ശക്തിയും സ്വര്‍ഗവും അവിടെയാണ് അടങ്ങിയിരിക്കുന്നത് എന്ന് മനസിലാകും. തുറന്ന ഹൃദയത്തോടെ യേശുവിനെ സമീപിക്കുന്നവര്‍ക്ക് ജീവന്‍റെയും ശക്തിയുടെയും സൗഖ്യത്തിന്‍റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടുന്നു. ചെയ്യേണ്ടത് ഇത്രമാത്രം.
പ്രാര്‍ത്ഥിക്കുക:
‘പരിശുദ്ധാത്മാവേ, എന്‍റെ ഹൃദയത്തിന്‍റെയും മനസിന്‍റെയും എല്ലാ വാതിലുകളും ഞാന്‍ അങ്ങേയ്ക്കായി തുറന്നുതരുന്നു. എന്നെത്തന്നെ ഞാന്‍ മുഴുവനായി യേശുവിന് സമര്‍പ്പിക്കുന്നു.’
ഡോ. ഡ്രാഗോസിനെ ‘വീഴ്ത്തിയ’ ചോദ്യം നമ്മോടും കര്‍ത്താവ് ചോദിക്കുന്നുണ്ട്, “ഇനിയും യേശുവിനായി ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!”
'