• Latest articles
നവം 18, 2023
Evangelize നവം 18, 2023

ഡോക്ടര്‍ രോഗിയോട് മത്തങ്ങ തിന്നരുതെന്നും തിന്നാല്‍ മരിക്കുമെന്നും പറയുന്നുവെന്ന് കരുതുക. രോഗി അത് തിന്നാതിരിക്കും. പക്ഷേ ദുഃഖത്തോടെ തന്‍റെ പഥ്യത്തെക്കുറിച്ച് പറയുന്നു. സാധിക്കുമെങ്കില്‍ തിന്നാന്‍ കൊതിയും. അതിനാല്‍ മത്തങ്ങ കാണുകയോ മണക്കുകയോ എങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. അത് തിന്നാന്‍ സാധിക്കുന്നവരോടാകട്ടെ, അസൂയ. അതുപോലെയാണ് പലരും. നിവൃത്തിയില്ലാതെ, പാപം ഉപേക്ഷിക്കുന്നെങ്കിലും ശിക്ഷയുണ്ടാകില്ലെങ്കില്‍ പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നു. പാപം ചെയ്യാതിരിക്കുന്നതില്‍ ദുഃഖിക്കുന്നു. ഉപേക്ഷിക്കുന്ന പാപത്തെക്കുറിച്ച് സംസാരിക്കുന്നതാകട്ടെ ഏറെ താത്പര്യപൂര്‍വവും. മാത്രവുമല്ല, ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നതുപോലെ പാപം ചെയ്യുന്നവരെ ഇവര്‍ ഭാഗ്യവാന്‍മാരെന്ന് വിളിക്കുന്നു. ഇത്തരത്തിലാണ് പാപം ഉപേക്ഷിക്കുന്നതെങ്കില്‍ വിശുദ്ധിയില്‍ ഉയരുകയില്ല.

വിശുദ്ധ ഫ്രാൻസിസ് സലാസ്

 

'

By: Shalom Tidings

More
നവം 16, 2023
Evangelize നവം 16, 2023

എനിക്ക് പരിചയമുള്ള സമീപ മലയാളിദൈവാലയത്തില്‍ വാരാന്ത്യ ധ്യാനം ക്രമീകരിച്ച സമയം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേര്‍തിരിച്ചാണ് ധ്യാനം നടത്തുന്നത്.

കുട്ടികള്‍ക്കായി ധ്യാനക്രമീകരണങ്ങള്‍ ചെയ്യുന്നതെല്ലാം യുവജനങ്ങള്‍. യു.എസിലെ വളര്‍ന്നുവരുന്ന മലയാളി തലമുറക്കായി അവര്‍ ചെയ്യുന്ന ശുശ്രൂഷ നമ്മെ ആകര്‍ഷിക്കുന്നതായിരുന്നു. പ്രസ്തുതധ്യാനത്തിന് രണ്ട് ദിവസം മുമ്പേ അവര്‍ രണ്ടുമണിക്കൂര്‍ ആരാധനയും കുമ്പസാരവുംകൂടി ക്രമീകരിച്ചു.

അവരുടെ വ്യക്തിപരമായ ഒരുക്കം മാത്രമായിരുന്നില്ല ലക്ഷ്യം, മറിച്ച് ധ്യാനത്തിനെത്തുന്ന കുട്ടികളെ സഹായിക്കാനായി ഇവര്‍ കരം നീട്ടുമ്പോള്‍ ഈശോയുടെ കരസ്പര്‍ശം ഉണ്ടാവണമെന്ന ആഗ്രഹംകൂടിയാണ് അവരെ പ്രേരിപ്പിച്ചത്. സമാനമായൊരു സമര്‍പ്പണം യോഹന്നാന്‍ 12/1-8 വചനങ്ങളില്‍ കാണാനാവും. മുന്നൂറ് ദനാറ എന്നാല്‍ ഒരു ദിവസത്തെ ജോലിക്ക് കൂലി ഒരു ദനാറ എന്ന കണക്കില്‍ ഏതാണ്ട് ഒരു വര്‍ഷത്തെ കൂലിയാണ്. ഈശോയുടെ സാന്നിദ്ധ്യം മറിയത്തിന് മുന്നൂറ് ദനാറ വിലയുള്ള സുഗന്ധതൈലത്തെക്കാള്‍ ഏറെ വിലയുറ്റതായിരുന്നു. അതിനാല്‍ സര്‍വ്വവും അവന്‍റെ കാല്‍ക്കീഴില്‍ അവള്‍ സമര്‍പ്പിച്ചു. അവള്‍ പൂശിയ തൈലത്തിന്‍റെ പരിമളം കൊണ്ട് ആ ഭവനം നിറഞ്ഞു (യോഹന്നാന്‍ 12/3) എന്ന് സുവിശേഷകന്‍ സൂചിപ്പിക്കുന്നു.

മേല്‍ സൂചിപ്പിച്ച യുവാക്കളുടെ സമര്‍പ്പണം, ധ്യാനത്തിന് വരുന്ന കുട്ടികള്‍ക്ക് പരിമളമേകുമെന്നതില്‍ സംശയമില്ല. നാം ആലോചിക്കണം, എന്‍റെ കുടുംബത്തില്‍ വിശുദ്ധിയുടെ പരിമളം പരത്താന്‍ എന്‍റെ സമര്‍പ്പണത്തിന് സാധിക്കുന്നുണ്ടോ?

'

By: Father Joseph Alex

More
നവം 16, 2023
Evangelize നവം 16, 2023

ജപ്പാനിലെ അക്കിത്താ നഗരത്തിനടുത്തുള്ള ‘ദിവ്യകാരുണ്യത്തിന്‍റെ ദാസികള്‍’ എന്ന സന്യാസിനീസമൂഹത്തിലെ അംഗമായിരുന്നു സിസ്റ്റര്‍ ആഗ്നസ്. 1973 ജൂണ്‍ 24-ന് സിസ്റ്റര്‍ ആഗ്നസിന് ഒരു അനുഭവം ഉണ്ടായി. സിസ്റ്റര്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ അള്‍ത്താരയ്ക്ക് ചുറ്റും ഒരു നേരിയ വെളിച്ചം പരക്കുന്നതായി തോന്നി. മൂടല്‍മഞ്ഞുപോലെ അത് അവിടമാകെ നിറഞ്ഞു. അതിന്‍റെ ഉള്ളില്‍ മാലാഖമാരുടെ ഒരു വ്യൂഹം.

അവര്‍ സക്രാരിയിലെ ദിവ്യകാരുണ്യത്തിനുമുമ്പില്‍ നമിച്ചുകൊണ്ട് ശുദ്ധവും വ്യക്തവുമായ ശബ്ദത്തില്‍ ഉദ്ഘോഷിച്ചു- “പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍.” അവര്‍ അവസാനിപ്പിച്ചപ്പോള്‍ ഉടനെതന്നെ തന്‍റെ വലതുവശത്തുനിന്നായി കാവല്‍മാലാഖ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന ഒരു ശബ്ദം സിസ്റ്റര്‍ കേട്ടു.

“പരിശുദ്ധ കുര്‍ബാനയില്‍ സത്യമായും സന്നിഹിതമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ലോകമെങ്ങുമുള്ള അള്‍ത്താരകളില്‍ ബലിയായി, ദൈവപിതാവിനെ മഹത്വപ്പെടുത്തി, അവിടുത്തെ രാജ്യം വരാനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവിടുത്തെ ഹൃദയത്തോട് പൂര്‍ണമായി ഒന്നായിരിക്കാന്‍ എന്‍റെ ശരീരത്തെയും ആത്മാവിനെയും ഞാന്‍ സമര്‍പ്പിക്കുന്നു.

എന്‍റെ എളിയ സമര്‍പ്പണത്തെ അവിടുന്ന് സ്വീകരിക്കണമേ… ദൈവപിതാവിന്‍റെ മഹത്വത്തിനായും ആത്മാക്കളുടെ രക്ഷയ്ക്കായും അവിടുന്നെന്നെ ഉപയോഗിക്കണമേ.

പരിശുദ്ധ മറിയമേ, അവിടുത്തെ ദിവ്യകുമാരനില്‍നിന്ന് അകന്നുപോകാന്‍ എന്നെ ഒരിക്കലും അനുവദിക്കരുതേ. അവിടുത്തെ പ്രിയപുത്രിയായി എന്നെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണമേ, ആമ്മേന്‍.”

ദിവ്യകാരുണ്യത്തോടുള്ള അനാദരവുകള്‍ക്ക് മാപ്പ് ചോദിച്ച് പ്രാര്‍ത്ഥിക്കാന്‍ ഫാത്തിമാദര്‍ശനംപോലെതന്നെ അക്കിത്തായിലെ ഈ ദര്‍ശനവും
നമ്മെ ഓര്‍മിപ്പിക്കുന്നു.

'

By: Shalom Tidings

More
നവം 16, 2023
Evangelize നവം 16, 2023

ദൈവത്തിന് നാം നല്കുന്ന സമ്മതത്തിന്‍റെ മൂല്യവും ശക്തിയും വെളിപ്പെടുത്തുന്ന അനുഭവം

എന്‍റെ നിത്യവ്രതത്തിന്‍റെ മൂന്നാം വര്‍ഷം ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ എന്നെത്തന്നെ അവിടുത്തേക്ക് സമര്‍പ്പിക്കണമെന്ന് കര്‍ത്താവ് എനിക്ക് മനസിലാക്കിത്തന്നു. ഒരു ബലിവസ്തുവായി അവിടുത്തെ മുമ്പില്‍ എപ്പോഴും ഞാന്‍ നില്‍ക്കണം. ആദ്യമെല്ലാം വളരെ ഭയപ്പെട്ടു. ഞാന്‍ തീര്‍ത്തും നികൃഷ്ടയാണെന്ന് ഞാനറിഞ്ഞു. ഞാന്‍ കര്‍ത്താവിനോട് വീണ്ടും പറഞ്ഞു: “ഞാന്‍ ഒരു നികൃഷ്ടജീവിയാണ്; എങ്ങനെ എനിക്ക് മറ്റുള്ളവര്‍ക്കുവേണ്ടി ബലിയാകാന്‍ സാധിക്കും?” നാളെ നിന്‍റെ ദിവ്യകാരുണ്യ ആരാധനയുടെ സമയത്ത് ഞാനത് മനസിലാക്കിത്തരും. ഈ വാക്കുകള്‍ എന്‍റെ ആത്മാവില്‍ ആഴമായി പതിഞ്ഞു, എന്‍റെ ഹൃദയവും ആത്മാവും വിറകൊണ്ടു.

ആരാധനക്കായി വന്നപ്പോള്‍… ദൈവസാന്നിധ്യത്താല്‍ ഞാന്‍ പൂരിതയായി. ആ നിമിഷത്തില്‍ എന്‍റെ ബുദ്ധി അതിശയകരമാംവിധം പ്രകാശിതമായി. എനിക്ക് ഒരു ആത്മീയദര്‍ശനം ലഭിച്ചു; അത് ഒലിവുമലയില്‍ ഈശോക്കുണ്ടായ ദര്‍ശനംപോലെയായിരുന്നു. ആദ്യം ശാരീരികമായ സഹനം, തുടര്‍ന്ന് എല്ലാ സാഹചര്യങ്ങളും അതിന്‍റെ തീവ്രത കൂട്ടി; പിന്നീട് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കാത്ത ആത്മീയസഹനങ്ങള്‍ അതിന്‍റെ പൂര്‍ണവ്യാപ്തിയില്‍. എല്ലാം ഈ ദര്‍ശനത്തില്‍ കടന്നുവന്നു: തെറ്റിദ്ധാരണകള്‍, സല്‍പ്പേരിന് കളങ്കം, ഞാനിവിടെ ചുരുക്കിപ്പറയുകയാണ്, ഈ സമയത്ത് ഞാന്‍ മനസിലാക്കിയ കാര്യങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു പിന്നീട് ഞാന്‍ കടന്നുപോയ അനുഭവങ്ങള്‍. അവ അത്രക്ക് സുവ്യക്തമായിരുന്നു. എന്‍റെ പേര് ‘ബലി’ എന്നായി.

ദര്‍ശനം അവസാനിച്ചപ്പോള്‍ ഞാന്‍ വിയര്‍ത്തുകുളിച്ചു. ഇതിന് സമ്മതം നല്കിയില്ലെങ്കിലും, ഞാന്‍ രക്ഷിക്കപ്പെടുമെന്നും അവിടുത്തെ കൃപാവര്‍ഷം കുറയുകയില്ലെന്നും അവിടുന്നുമായി ഈ ഉറ്റസമ്പര്‍ക്കം തുടര്‍ന്നുകൊണ്ടുപോകുമെന്നും ഈശോ എനിക്ക് വെളിപ്പെടുത്തിത്തന്നു. ഞാന്‍ ഈ ബലിസമര്‍പ്പണത്തിന് തയാറായില്ലെങ്കിലും, അതുമൂലം ദൈവത്തിന്‍റെ ഔദാര്യം കുറയുന്നില്ല.

ബലിയര്‍പ്പണത്തിനായുള്ള ബോധപൂര്‍വവും സ്വതന്ത്രവുമായ എന്‍റെ സമ്മതത്തെ ഈ മുഴുവന്‍ രഹസ്യവും ആശ്രയിച്ചിരിക്കുന്നുവെന്ന് കര്‍ത്താവ് മനസിലാക്കിത്തന്നു. ദൈവത്തിന്‍റെ മഹിമപ്രതാപത്തിന്‍റെ മുമ്പില്‍ ഈ സ്വതന്ത്രവും ബോധപൂര്‍വവുമായ പ്രവൃത്തിയിലാണ് മുഴുവന്‍ ശക്തിയും മൂല്യവും അടങ്ങിയിരിക്കുന്നത്. ഞാന്‍ സമര്‍പ്പിച്ചിരിക്കുന്ന കാര്യങ്ങളൊന്നുംതന്നെ എന്നില്‍ നിറവേറിയില്ലെങ്കിലും, കര്‍ത്താവിന്‍റെ സമക്ഷം എല്ലാം പൂര്‍ത്തീകരിക്കപ്പെട്ടപോലെയാണ്.

ആ നിമിഷം, അഗ്രാഹ്യമായ മഹത്വത്തിലേക്ക് ഞാന്‍ ഉള്‍ച്ചേരുന്നതായി അനുഭവപ്പെട്ടു. എന്‍റെ സമ്മതത്തിനായി ദൈവം കാത്തിരിക്കുന്നതായി തോന്നി. എന്‍റെ ആത്മാവ് കര്‍ത്താവില്‍ നിമഗ്നമായി. ഞാന്‍ പറഞ്ഞു: “അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്നില്‍ സംഭവിക്കട്ടെ. അങ്ങേ തിരുമനസിന് ഞാന്‍ കീഴ്വഴങ്ങുന്നു. ഇന്നുമുതല്‍ അങ്ങേ തിരുമനസാണ് എന്‍റെ പോഷണം, അങ്ങേ കൃപയുടെ സഹായത്താല്‍ അവിടുത്തെ കല്പനകളോട് ഞാന്‍ വിശ്വസ്തയായിരിക്കും. അവിടുത്തെ ഇഷ്ടംപോലെ എന്നോട് വര്‍ത്തിക്കുക. ഓ കര്‍ത്താവേ, എന്‍റെ ജീവിതത്തിന്‍റെ എല്ലാ നിമിഷങ്ങളിലും എന്നോടുകൂടെ ഉണ്ടായിരിക്കണമെന്ന് ഞാന്‍ യാചിക്കുന്നു.”

പെട്ടെന്ന്, പൂര്‍ണഹൃദയത്തോടും പൂര്‍ണമനസോടും ബലിയര്‍പ്പണത്തിന് സമ്മതം നല്കിയപ്പോള്‍, ദൈവസാന്നിധ്യത്താല്‍ ഞാന്‍ പൂരിതയായി. എന്‍റെ ആത്മാവ് ദൈവത്തില്‍ നിമഗ്നയായി. പറഞ്ഞറിയിക്കാന്‍ വയ്യാത്തവിധം ആനന്ദത്താല്‍ ഞാന്‍ നിറഞ്ഞു കവിഞ്ഞൊഴുകി. അവിടുത്തെ മഹത്വം എന്നെ പൊതിയുന്നതായി എനിക്ക് അനുഭവപ്പെട്ടു. അസാധാരണമാംവിധം ദൈവവുമായി ഞാന്‍ സംയോജിക്കപ്പെട്ടു. ദൈവം എന്നില്‍ സംപ്രീതനായി എന്ന് ഞാനറിഞ്ഞു… ഞാന്‍ പ്രത്യേകമായി സ്നേഹിക്കപ്പെടുന്നതായി അനുഭവപ്പെട്ടു… ദൈവം തന്‍റെ പൂര്‍ണ ആനന്ദത്തോടെ അതില്‍ വസിക്കുകയായിരുന്നു. ഇത് ഒരു തോന്നലല്ല, ഒന്നിനും മറയ്ക്കാന്‍ സാധിക്കാത്ത ബോധപൂര്‍ണമായ സത്യമാണ്…

എന്‍റെ ആത്മാവില്‍ ധൈര്യവും ശക്തിയും സംജാതമായി. ആരാധന കഴിഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടിരുന്നതെല്ലാം ശാന്തമായി അഭിമുഖീകരിക്കാനുള്ള ശക്തി ലഭിച്ചു. ഞാന്‍ ഇടനാഴിയിലേക്ക് വന്നപ്പോള്‍ ഒരു പ്രത്യേകവ്യക്തിയില്‍നിന്ന് വലിയ സഹനവും എളിമപ്പെടുത്തലും എന്നെ കാത്തിരിക്കുകയായിരുന്നു. വളരെ മനോദാര്‍ഢ്യത്തോടുകൂടി അത് സ്വീകരിച്ചുകൊണ്ട് ഈശോയുടെ ഏറ്റം മാധുര്യമുള്ള തിരുഹൃദയത്തെ ഗാഢമായി ആലിംഗനം ചെയ്തു. ഞാന്‍ എന്തിനുവേണ്ടി സമര്‍പ്പിച്ചുവോ അതിന് ഞാന്‍ തയാറാണെന്ന് അവിടുത്തേക്ക് മനസിലാക്കിക്കൊടുത്തു.

'

By: Shalom Tidings

More
നവം 16, 2023
Evangelize നവം 16, 2023

ജീവിതസാഹചര്യങ്ങള്‍ പരിമിതമായതുകൊണ്ട് നാം പരാജയപ്പെടണമെന്നോ വലിയ സാമ്പത്തിക ചുറ്റുപാടില്‍ജീവിക്കുന്നതുകൊണ്ട് നമ്മുടെ ജീവിതം വിജയിക്കണമെന്നോ നിര്‍ബന്ധമില്ല.

ഏകദേശം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ആ ശുശ്രൂഷകനെ കണ്ടപ്പോള്‍ ശുശ്രൂഷാകേന്ദ്രത്തില്‍ അടുക്കളയിലും മറ്റും ക്ലീനിങ്ങ് ജോലികള്‍ യാതൊരു മടിയും കൂടാതെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടു. പിന്നീട് ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ നല്ല തീക്ഷ്ണതയോടെ, ഉത്സാഹത്തോടെ നിര്‍വഹിക്കുന്നത് കാണാന്‍ സാധിച്ചു. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ദൈവം ഇദ്ദേഹത്തെ വചനപ്രഘോഷണത്തിലേക്കും ശുശ്രൂഷാമേഖലയുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്വങ്ങളിലേക്കും കരംപിടിച്ചുയര്‍ത്തി. ഇന്ന് ദൈവവചനശുശ്രൂഷയുമായി ബന്ധപ്പെട്ട് അനേക രാജ്യങ്ങളില്‍ പോകാനും ശുശ്രൂഷകളെയും ശുശ്രൂഷകരെയുമൊക്കെ ഏകോപിപ്പിക്കാനും വലിയ ദൈവശാസ്ത്ര പാണ്ഡിത്യമില്ലാത്ത ഈ സഹോദരനെ ദൈവം എടുത്തുപയോഗിക്കുന്നത് കാണുമ്പോള്‍ വിശുദ്ധ ബൈബിളില്‍ പഴയ നിയമത്തിലെ ജോഷ്വായെ ഓര്‍മവരുന്നു.

മോശയുടെ സേവകനായ ജോഷ്വാ

പുറപ്പാട് 33/11 – “സ്നേഹിതനോടെന്നപോലെ കര്‍ത്താവ് മോശയോട് മുഖാഭിമുഖം സംസാരിച്ചിരുന്നു. അതിനുശേഷം മോശ പാളയത്തിലേക്ക് മടങ്ങിപ്പോകും. എന്നാല്‍ അവന്‍റെ സേവകനും നൂനിന്‍റെ പുത്രനുമായ ജോഷ്വാ എന്ന യുവാവ് കൂടാരത്തെ വിട്ട് പോയിരുന്നില്ല.” ജോഷ്വായുടെ ശുശ്രൂഷാജീവിതം ആരംഭിക്കുന്നത് മോശയുടെ വിശ്വസ്തനായ സേവകന്‍ ആയിട്ടാണ്.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും ജോഷ്വായെപ്പോലെ ചില ചെറിയ ഉത്തരവാദിത്വങ്ങളായിരിക്കും ദൈവം ഭരമേല്‍പിക്കുക. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ ചെറിയ ചുമതലകളെ എത്രമാത്രം വിശ്വസ്തതയോടെയാണ്, ആത്മാര്‍ത്ഥതയോടെയാണ് നാം ചെയ്യുന്നതെന്ന് ദൈവത്തിന്‍റെ ആത്മാവ് നമ്മെ പരിശോധിച്ചുകൊണ്ടേയിരിക്കും. സങ്കീര്‍ത്തകന്‍ പറയുന്നു: “കര്‍ത്താവേ, അവിടുന്നെന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. ഞാന്‍ ഇരിക്കുന്നതും കിടക്കുന്നതും…” (സങ്കീര്‍ത്തനങ്ങള്‍ 139/1-4).

നമ്മുടെ കുടുംബത്തിലും ജോലിസ്ഥലത്തും ബിസിനസിലുമെല്ലാം പരിശുദ്ധാത്മാവ് ഈ പരിശോധന അനുദിനം അനുനിമിഷം നടത്തിക്കൊണ്ടേയിരിക്കും. നമുക്ക് ലഭിച്ചിരിക്കുന്ന ജീവിതസാഹചര്യങ്ങള്‍ പരിമിതമായതുകൊണ്ട് നാം പരാജയപ്പെടണമെന്നോ വലിയ സാമ്പത്തിക ചുറ്റുപാടില്‍ ജീവിക്കുന്നതുകൊണ്ട് നമ്മുടെ ജീവിതം വിജയിക്കണമെന്നോ നിര്‍ബന്ധമില്ല. മറിച്ച് എളിമയോടെ, വിശ്വസ്തതയോടെ നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളും കടമകളും ചുമതലകളും നിര്‍വഹിക്കാന്‍ നാം തയാറായാല്‍ ദൈവം നമ്മെ തന്‍റെ ആത്മാവിനാല്‍ ശക്തിപ്പെടുത്തി കരംപിടിച്ച് ഉയര്‍ത്തും. മത്തായി 25/21- “യജമാനന്‍ പറഞ്ഞു, കൊള്ളാം നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും.”

തീക്ഷ്ണതയില്‍ ജ്വലിച്ചിരുന്ന ജോഷ്വാ

കര്‍ത്താവിന്‍റെ സാന്നിധ്യം നിറഞ്ഞുനിന്നിരുന്ന സമാഗമ കൂടാരത്തെ വിട്ടുപോകാന്‍ ജോഷ്വാ തയാറായിരുന്നില്ല എന്നതില്‍നിന്നും ജോഷ്വയ്ക്ക് ദൈവത്തോടും ദൈവിക കാര്യങ്ങളോടുമുള്ള തീക്ഷ്ണത വളരെ പ്രകടമാണ്. നമ്മുടെ ജീവിതത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നതും ധ്യാനശുശ്രൂഷകളില്‍ പങ്കെടുക്കുന്നതും പലപ്പോഴും എന്തെങ്കിലുമൊക്കെ ഭൗതികനേട്ടങ്ങള്‍, രോഗസൗഖ്യങ്ങള്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അനുഗ്രഹങ്ങള്‍ പ്രാപിക്കാനാണ്. എന്നാല്‍ ഏതെങ്കിലും ഭൗതിക അനുഗ്രഹങ്ങള്‍ക്കപ്പുറം ജോഷ്വായെപ്പോലെ തീക്ഷ്ണതയോടെ ദൈവത്തോടുകൂടെ ചേര്‍ന്നിരിക്കുന്നവര്‍ക്കാണ് പരിശുദ്ധാത്മാവിന്‍റെ വരദാന ഫലങ്ങളില്‍ നിറയാന്‍ സാധിക്കുക. ദൈവികപദ്ധതികള്‍ തിരിച്ചറിയാന്‍ സാധിക്കുക. ജീവിതവിജയം കൈവരിക്കാന്‍ സാധിക്കുക.

ജോഷ്വായെപ്പോലെ നമുക്കും നിരന്തരമായി ദൈവതിരുസന്നിധിയില്‍ ആയിരിക്കാം – പ്രാര്‍ത്ഥനയിലൂടെ, ദൈവാരാധനയിലൂടെ, ദൈവവചന വായനയിലൂടെ, കൂദാശകളിലൂടെ, കാരുണ്യപ്രവൃത്തികളിലൂടെ. റോമാ 12/11 വചനം നമ്മെ ഓര്‍മിപ്പിക്കുന്നു “തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍.”

സേവകന്‍ പ്രവാചകനായി മാറുന്നു

മോശയുടെ വിശ്വസ്തനായ ഭൃത്യനും ദൈവികകാര്യങ്ങളില്‍ തീക്ഷ്ണമതിയും ദൈവികപദ്ധതികളോട് പൂര്‍ണമായി സഹകരിക്കുകയും ചെയ്തിരുന്ന ജോഷ്വയില്‍ ദൈവം മോശയുടെ പിന്‍ഗാമിയെ കണ്ടെത്തി. ഇസ്രായേല്‍ജനത്തെ വാഗ്ദത്ത ഭൂമിയിലേക്ക് നയിക്കാന്‍ മോശയുടെ മരണശേഷം ജോഷ്വായെ ദൈവം അഭിഷേകം ചെയ്ത് ഉയര്‍ത്തി (സംഖ്യ 27/18-20). ഈജിപ്തില്‍നിന്നും വാഗ്ദത്ത ദേശത്തേക്ക് പുറപ്പെട്ട ഇസ്രായേല്‍ക്കാരില്‍ ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ ഉണ്ടായിരുന്നു (പുറപ്പാട് 12/37). എങ്കിലും അവരില്‍നിന്ന് ജോഷ്വാ എന്ന യുവാവ് മാത്രമാണ് ഇസ്രായേല്‍ ജനത്തിന്‍റെ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്.

ഇന്ന് ഞാനും നിങ്ങളും ചെയ്യുന്ന ശുശ്രൂഷ ഒരുപക്ഷേ കൃഷിയായിരിക്കാം, ബിസിനസായിരിക്കാം, ജോലിയായിരിക്കാം, വിദേശ രാജ്യത്തായിരിക്കാം – അതിന്‍റെ വലിപ്പമോ ചെറുപ്പമോ നമ്മുടെ സാമ്പത്തിക സ്ഥിതിയോ സ്ഥാനമാനങ്ങളോ ചുറ്റുപാടുകളോ സാഹചര്യങ്ങളോ ഒന്നും നോക്കിയല്ല ദൈവം നിങ്ങളെ തിരഞ്ഞെടുക്കുന്നതും അനുഗ്രഹിച്ച് ഉയര്‍ത്തുന്നതും.

ജോഷ്വായെപ്പോലെ വിശ്വസ്തതയോടെ, തീക്ഷ്ണതയോടെ, ദൈവിക പദ്ധതികളോടു ചേര്‍ന്ന് നമുക്കും പ്രയത്നിക്കാം. ഞാന്‍ ഇന്ന് എന്താണ്, ആരാണ് എന്നുള്ളത് അപ്രസക്തമാണ്. നാളെ ദൈവം തന്‍റെ കൃപകളാല്‍ എന്നെ എന്താക്കിത്തീര്‍ക്കും, ആരാക്കിത്തീര്‍ക്കും എന്നുള്ളതാണ് പ്രധാനം. ഈശോയോടൊപ്പം കണ്ണുകള്‍ ഉയര്‍ത്തി നോക്കാം, അനുഗ്രഹം പ്രാപിക്കാം.

'

By: Shibu Kurien

More
സെപ് 30, 2023
Evangelize സെപ് 30, 2023

ആശ്രമശ്രേഷ്ഠനായിരുന്ന പാഫ്നൂഷ്യസിന്‍റെ ജീവിതത്തിലുണ്ടായ ഒരു സംഭവം ഇങ്ങനെയാണ്. തായിസ എന്ന ഒരു സ്ത്രീ അദ്ദേഹത്തെ ശാരീരിക അശുദ്ധിയിലേക്കുള്ള പ്രലോഭനവുമായി സമീപിച്ചു. “ദൈവമല്ലാതെ മറ്റാരും നമ്മുടെ പാപപ്രവൃത്തി കാണാന്‍ പോകുന്നില്ല” എന്നായിരുന്നു അവളുടെ ന്യായം. ഇതിന് മറുപടിയായി വിശുദ്ധനായ ആ താപസന്‍ പറഞ്ഞു, “ദൈവം നിന്നെ കാണുന്നുവെന്ന് നീ വിശ്വസിക്കുന്നു. എന്നിട്ടും നീ പാപം ചെയ്യാന്‍ വിചാരിക്കുന്നോ?”

പുണ്യജീവിതത്തിന്‍റെ പിന്‍ബലത്തോടെയുള്ള ആ കരുത്തുറ്റ ചോദ്യം അവളെ തന്‍റെ പാപജീവിതത്തെക്കുറിച്ചുള്ള ഭീതിയിലേക്ക് നയിച്ചു. തന്‍റെ പാപങ്ങളിലൂടെ സമ്പാദിച്ച ആഭരണങ്ങളും വസ്ത്രങ്ങളും അവള്‍ പൊതുസ്ഥലത്ത് കൊണ്ടുവന്ന് തീയിട്ട് നശിപ്പിച്ചു. തുടര്‍ന്ന് ഒരു മഠത്തിലെ അന്തേവാസിയായിത്തീര്‍ന്ന് റൊട്ടിയും വെള്ളവുംമാത്രം ഭക്ഷിച്ച് മൂന്നുവര്‍ഷം ഉപവാസാരൂപിയില്‍ ജീവിച്ചു. അവള്‍ എപ്പോഴും ഒരു പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടിരുന്നു, “എന്നെ സൃഷ്ടിച്ചവനേ, എന്‍റെമേല്‍ കരുണയായിരിക്കണമേ”

അപ്രകാരമുള്ള ജീവിതം നയിച്ച മൂന്നുവര്‍ഷം കഴിഞ്ഞ് അവള്‍ മരിച്ചു. മരണശേഷം, അവള്‍ വിശുദ്ധരോടൊപ്പം മഹത്വകിരീടം നേടിയെന്ന് അവിടത്തെ ആശ്രമാധിപനായിരുന്ന വിശുദ്ധ ആന്‍റണിയുടെ ശിഷ്യന് ദൈവികവെളിപ്പെടുത്തല്‍ ലഭിക്കുകയും ചെയ്തു.

“ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞ് ജീവിക്കുന്നതിലാണ് എനിക്ക് സന്തോഷം” (എസെക്കിയേല്‍ 33/11)

'

By: Shalom Tidings

More
സെപ് 30, 2023
Evangelize സെപ് 30, 2023

ഒരു കൊച്ചുകുഞ്ഞ് വീടിന്‍റെ ജനാലയില്‍ ഇരുന്ന് കളിക്കുകയായിരുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന പെണ്‍കുട്ടിയും ഒപ്പമുണ്ട്. ആ ഉയര്‍ന്ന ജനാലയിലൂടെ നോക്കിയാല്‍ നഗരം മുഴുവന്‍ കാണാന്‍ സാധിക്കും. നയനമനോഹര നഗരകാഴ്ചകളില്‍ ഹരംപിടിച്ചിരിക്കുകയാണ് ആ രണ്ടു വയസുകാരി. ഒരുനിമിഷം, അവളുടെ സഹായി കുഞ്ഞിന്‍റെ അരികില്‍നിന്ന് തെല്ലൊന്നു മാറി. അപ്പോഴേക്കും ആ പിഞ്ചുകുഞ്ഞ് ജനാലയില്‍നിന്നും വഴുതി താഴെ മുറ്റത്തേക്കു പതിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വേറെ ആരും അവിടെയില്ല. മാതാപിതാക്കളാകട്ടെ, കുഞ്ഞിനെ പെണ്‍കുട്ടിയെ ഏല്പിച്ചിട്ട് പുറത്തുപോയിരിക്കുകയായിരുന്നു. ഇനിയെന്തുചെയ്യും..? ആ പെണ്‍കുട്ടി ആകമാനം വിറച്ചുനിന്നു…

അവളുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി, പെട്ടെന്നുതന്നെ അവിടം ജനനിബിഡമായി. വിവരമറിഞ്ഞ് മാതാപിതാക്കളും പറന്നെത്തി. ചോരവാര്‍ന്ന് നിശ്ചലമായി കിടക്കുന്ന തങ്ങളുടെ പൊന്നോമനക്കുഞ്ഞിനെ അവര്‍ വാരിയെടുത്തു നെഞ്ചോടണച്ചു. തകര്‍ന്നുപോയിരുന്നു ആ പിഞ്ചു ശരീരം. ഇല്ല, ഇനി കാണില്ല, അവളുടെ മധുവൂറുന്ന പുഞ്ചിരി… മനംകവരുന്ന കൊഞ്ചലുകളും കുഞ്ഞുവര്‍ത്തമാനങ്ങളും എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു… അവര്‍ക്ക് സങ്കടവും കോപവും അടക്കാന്‍ കഴിഞ്ഞില്ല.

പക്ഷേ, യാഥാര്‍ത്ഥ്യം അംഗീകരിച്ചല്ലേ പറ്റൂ. കണ്ണുനീരിനിടയിലും അവര്‍ കുട്ടിയെ വെള്ളത്തുണികൊണ്ട് പൊതിഞ്ഞു, ശിരസില്‍ ചെറിയ പുഷ്പകിരീടവും അണിയിച്ചു.

പോളണ്ടിലെ കസിമീറോയിലുള്ള മസിജിന്‍റെയും ജാഡ്വിക ക്ലിംസകിന്‍റെയും മകളാണ് മരണപ്പെട്ട ഏമ എന്ന രണ്ടു വയസുകാരി. പരിശുദ്ധ ദൈവമാതാവിന്‍റെ വലിയ ഭക്തരാണ് ഏമയുടെ മാതാപിതാക്കള്‍; പ്രത്യേകിച്ചും പോളണ്ടിന്‍റെ സ്വര്‍ഗീയ രാജ്ഞിയും പ്രത്യേക മധ്യസ്ഥയുമായ ഷെസ്റ്റോകോവ മാതാവിന്‍റെ.

ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്‍റെ (ഛൗൃ ഘമറ്യ ീള ഇ്വലീരെേവീംമ) ഒരു ഫോട്ടോകാര്‍ഡ് കുഞ്ഞിന്‍റെ ചലനമറ്റ കരങ്ങളില്‍ മാതാപിതാക്കള്‍ വച്ചു. അതിനുശേഷം ഇരുവരും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ആ രാത്രി മുഴുവന്‍ അല്പംപോലും ഉറങ്ങാതെ അവര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കാഴ്ചമറയ്ക്കുന്ന കണ്ണുനീര്‍ പ്രവാഹത്തിനിടയിലൂടെയും കുഞ്ഞിന്‍റെ കരങ്ങളിലെ പരിശുദ്ധ അമ്മയുടെ രൂപത്തിലേക്ക് പ്രത്യാശയോടെ നോക്കി അവര്‍ പ്രാര്‍ത്ഥന തുടര്‍ന്നു.

പെട്ടെന്ന് വലിയൊരു ഉള്‍പ്രേരണ ലഭിച്ചാലെന്നതുപോലെ ആ മാതാപിതാക്കള്‍ ഉച്ചത്തില്‍ നിലവിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: “ഷെസ്റ്റോകോവയിലെ ഞങ്ങളുടെ പരിശുദ്ധ അമ്മേ, അമ്മയെ വിളിച്ചപേക്ഷിക്കുന്നവരെ അമ്മ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. മരണപ്പെട്ടുപോയ അനേകരെ അമ്മയുടെ സ്നേഹത്താല്‍ അമ്മ ജീവനിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ടല്ലോ. അമ്മ ഞങ്ങളെയും കൈവിടില്ല, ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അമ്മ ഉത്തരം നല്കുകതന്നെ ചെയ്യും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.” ഈ പ്രാര്‍ത്ഥന വലിയ വിശ്വാസത്തോടെ അവര്‍ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട ദു:ഖം അവരെ വിഭ്രാന്തിയിലാഴ്ത്തിയോ എന്നുപോലും കണ്ടുനിന്നവര്‍ക്ക് തോന്നിപ്പോയി. അത്ര തീവ്രമായിരുന്നു അവരുടെ നിലവിളിയും പ്രാര്‍ത്ഥനയും.

പരിശുദ്ധ അമ്മയുടെ മധ്യസ്ഥത മരിച്ചവരെ ഉയിര്‍പ്പിക്കാന്‍തക്കവിധം ശക്തമാണെന്ന് പോളണ്ടുകാര്‍ വിശ്വസിച്ചിരുന്നു. കഴിഞ്ഞകാല അനുഭവങ്ങള്‍ ഏമയുടെ മാതാപിതാക്കളുടെ വിശ്വാസം ബലപ്പെടുത്തി. തങ്ങളുടെ ദൃഢമായ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ആ മാതാപിതാക്കള്‍ ഏമയുടെ മൃതദേഹം തങ്ങളുടെ വാഹനത്തിലെടുത്തുവച്ച് യാത്രയായി; ഷെസ്റ്റോക്കോവ മാതാവിന്‍റെ തീര്‍ത്ഥാടനകേന്ദ്രം നിലകൊള്ളുന്ന ജാസ്നഗോരയിലേക്ക്. അവരുടെ നടപടിയെ അനേകര്‍ എതിര്‍ത്തു, കുഞ്ഞിന്‍റെ മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് ബഹളംവച്ചു. എന്നാല്‍ മറ്റൊരുഭാഗം ആ മാതാപിതാക്കളുടെ വിശ്വാസത്തെ പിന്തുണച്ചു, കൂടെ നിന്നു.

ഹൃദയംനുറുങ്ങുന്നതായിരുന്നു ആ വിലാപയാത്ര. രണ്ടു-മൂന്നു ദിനരാത്രങ്ങള്‍ പിന്നിട്ടെങ്കിലും ഏമയുടെ മൃതദേഹത്തില്‍ ജീവന്‍റെ കണികപോലും കാണപ്പെട്ടില്ല. ഭക്ഷണവും ഉറക്കവുമില്ലാത്ത യാത്ര മാതാപിതാക്കളെ വല്ലാതെ തളര്‍ത്തി. എങ്കിലും വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയല്ലാതെ മറ്റൊരുവാക്കുപോലും അവര്‍ ഉരുവിട്ടിരുന്നില്ല.

നാലാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ദൈവാലയത്തിലേക്കുള്ള യാത്രയുടെ പകുതിയോളമേ അവര്‍ പിന്നിട്ടിരുന്നുള്ളൂ. എന്നിട്ടും അവര്‍ മുമ്പോട്ടുതന്നെ പോയി. പെട്ടെന്ന് ഏമയുടെ ശരീരം ചലിക്കാനാരംഭിച്ചു. ഉടന്‍ വാഹനം നിര്‍ത്തി, ഞെട്ടലോടെ എല്ലാവരും കുഞ്ഞിനെ സൂക്ഷിച്ചുനോക്കി. അതാ അവള്‍ കുഞ്ഞിക്കണ്ണുകള്‍ തുറക്കുന്നു. അതെ, കുഞ്ഞ് ഏമ ജീവനോടെ എഴുന്നേറ്റിരുന്നു. ആര്‍ക്കും സ്വനേത്രങ്ങളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏമയുടെ മാതാപിതാക്കള്‍ ആവേശത്തോടെ കുഞ്ഞിനെ വാരിപ്പുണര്‍ന്നു, ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും ഉച്ചത്തില്‍ നന്ദിപറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണുനീരിനും ഉത്തരം നല്കിയ പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞതയും സ്നേഹവും അര്‍പ്പിച്ചുകൊണ്ട് ദൈവമാതൃസ്തുതികള്‍ ആലപിക്കാനാരംഭിച്ചു.

കുഞ്ഞിന് ജീവന്‍ ലഭിച്ചെങ്കിലും അവര്‍ യാത്ര നിര്‍ത്തി വീട്ടിലേക്ക് തിരികെപോയില്ല; പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുതന്നെ യാത്ര തുടര്‍ന്നു. എന്നാല്‍ അത്, കണ്ണുനീരിന്‍റെയും നിലവിളിയുടെയുമല്ല, കൃതജ്ഞതാ സമര്‍പ്പണത്തിന്‍റെയും ആനന്ദഗീതങ്ങളുടെയും തീര്‍ത്ഥാടനമായി പരിണമിച്ചുവെന്നുമാത്രം. “അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണ വര്‍ഷിക്കും” (ലൂക്കാ 1/50) എന്ന പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം അവിടെ യാഥാര്‍ത്ഥ്യമായി.

മക്കളുടെ അപേക്ഷകള്‍ക്ക് വാത്സല്യത്തോടെ ഉത്തരം നല്കുന്ന അമ്മയാണ് പരിശുദ്ധ ദൈവമാതാവ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു 1598-ലെ ഈ സംഭവം. ഏതു പ്രതിസന്ധിയിലും പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചാല്‍, അത് എത്ര വലിയ പ്രശ്നമാണെങ്കിലും അമ്മ നമ്മെ സഹായിച്ചിരിക്കും. “അവര്‍ക്കു വീഞ്ഞില്ല,” എന്ന് അമ്മ ഈശോയോട് പറഞ്ഞ് അവശ്യമായത് ചെയ്തിരിക്കും (യോഹന്നാന്‍ 2/3). അത് പോളണ്ടുകാര്‍ക്ക് നന്നായറിയാം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്‍റെ ചിത്രത്തിന്. സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതാണ് ഈ ചിത്രമെന്ന പാരമ്പര്യവും നിലനില്ക്കുന്നു.
ഷെസ്റ്റോക്കോവയിലെ പരിശുദ്ധ ദൈവമാതാവിന്‍റെ ചിത്രത്തിന്‍റെ അത്ഭുതശക്തി പതിനൊന്നാം ക്ലമന്‍റ് മാര്‍പാപ്പ, 1717-ല്‍ ആധികാരികമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നഗരമായ ക്രാക്കോവില്‍ സ്ഥിതിചെയ്യുന്ന ഈ അത്ഭുതചിത്രത്തിനുമുമ്പില്‍, സമീപകാലങ്ങളില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനെക്കൂടാതെ പാപ്പാ ബനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.

എണ്ണമറ്റ അത്ഭുതങ്ങളാണ് നൂറ്റാണ്ടുകളായി ഈ അത്ഭുത ചിത്രത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവയെക്കുറിച്ചുള്ള വിവരണങ്ങള്‍ വായിക്കാം അടുത്ത ലക്കങ്ങളില്‍.

'

By: Ancimol Joseph

More
സെപ് 30, 2023
Evangelize സെപ് 30, 2023

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഒരിക്കല്‍ വളരെ ഭക്തയായ ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. അപമാനിക്കപ്പെടുകയോ ദ്രോഹിക്കപ്പെടുകയോ ചെയ്യുമ്പോഴൊക്കെ ദിവ്യകാരുണ്യത്തിന്‍റെ സവിധത്തിലേക്ക് ഓടിച്ചെല്ലുന്ന ശീലമുണ്ടായിരുന്നു അവള്‍ക്ക്. സക്രാരിക്കുമുമ്പില്‍ മുട്ടുകുത്തി അവള്‍ പറയും, “ഓ എന്‍റെ ദൈവമേ, ഞാന്‍ വളരെ ദരിദ്രയായതുകാരണം അമൂല്യമോ വിലപിടിപ്പുള്ളതോ ആയ എന്തെങ്കിലും അങ്ങേക്ക് സമര്‍പ്പിക്കാന്‍ എനിക്ക് സാധിക്കില്ല. അതിനാല്‍ എനിക്കിപ്പോള്‍ കിട്ടിയ ഈ കൊച്ചുസമ്മാനം അങ്ങേക്ക് കാഴ്ചവയ്ക്കുന്നു.”

വിശുദ്ധന്‍ തുടര്‍ന്ന് ഉദ്ബോധിപ്പിക്കുന്നു, അതിനാല്‍ ക്രിസ്തീയ ആത്മാവേ, വലിയ വിശുദ്ധി നേടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപമാനവും അവജ്ഞയും സഹിക്കാന്‍ തയാറായിരിക്കണം.

'

By: Shalom Tidings

More
സെപ് 30, 2023
Evangelize സെപ് 30, 2023

എപ്പോഴും പ്രാര്‍ത്ഥിക്കണമെങ്കില്‍ മഠത്തില്‍ ചേരണമായിരുന്നു എന്ന് പഴി കേട്ട വീട്ടമ്മ അടുക്കളയില്‍ പുണ്യം അഭ്യസിക്കാന്‍ തുടങ്ങിയപ്പോള്‍…

പാചകം ഒരു കലയാണ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും, ദിവസവും നേരിടേണ്ട ഒരു യുദ്ധം ആയിട്ടാണ് ഞാന്‍ അതിനെ വീക്ഷിച്ചുകൊണ്ടിരുന്നത്. ഭര്‍ത്താവിന്‍റെ ഹൃദയത്തിലേക്കുള്ള വഴി വായിലൂടെയാണ് എന്ന പഴമൊഴി ഉണ്ടല്ലോ! പക്ഷേ അതിന്‍റെ മറുവശമാണ് എന്‍റെ ജീവിതത്തില്‍ സത്യമായിക്കൊണ്ടിരുന്നത്. പഠനശേഷമുള്ള പരിശീലനത്തിന്‍റെ കാലത്തായിരുന്നു വിവാഹം. അതിനാല്‍ത്തന്നെ അടുക്കള എന്നത് ആദ്യനാളുകളില്‍ എന്‍റെ പരീക്ഷണശാല ആയിരുന്നു.
ഭര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ച് ചെയ്ത പാചക പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. അതോടൊപ്പം ചില പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടിയും വന്നു. ഇതൊന്നും കൂടാതെ ദീര്‍ഘനേരം നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ശാരീരികമായ ചില അസ്വസ്ഥതകള്‍ എനിക്കുണ്ടായിരുന്നു. അക്കാരണംനിമിത്തം പാചകവും അതിനെക്കാളുപരി പാചകശേഷമുള്ള ശുചീകരണങ്ങളും വലിയ ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടാന്‍ തുടങ്ങി.

സ്വതേ മന്ദഗതിക്കാരിയായ ഞാന്‍ പിന്നീടങ്ങോട്ട് സമയത്ത് കടമ തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ള അടുക്കള അഭ്യാസങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. ജോലിസമയം കഴിഞ്ഞുള്ള സമയത്തിന്‍റെ സിംഹഭാഗവും അപഹരിക്കുന്ന ഒരു വില്ലന്‍ ആയിട്ടാണ് അടുക്കളപ്പണിയെ ഞാന്‍ വീക്ഷിച്ചത്. പ്രാര്‍ത്ഥിക്കാനോ വായിക്കാനോ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനോ കഴിയാത്തതിന്‍റെ വിതുമ്പലും എന്‍റെയുള്ളില്‍ ഉണ്ടായിരുന്നു. എന്‍റെ ഈശോയെ വിട്ട് ഈ ലോകത്തിന്‍റെ പിടിയിലമര്‍ന്നോ എന്ന് വേദനിച്ച നാളുകള്‍…. ഈ ചിന്ത പങ്കു വയ്ക്കുമ്പോള്‍ ‘എപ്പോഴും പ്രാര്‍ത്ഥനയുമായി നടക്കണമായിരുന്നെങ്കില്‍ മഠത്തില്‍ ചേരണമായിരുന്നു’ എന്ന് പറഞ്ഞവരെ തെറ്റ് പറയാനുമില്ലല്ലോ!

കോളേജില്‍ എന്നും വിശുദ്ധ കുര്‍ബാനയ്ക്ക് പങ്കെടുക്കുകയും ആഴ്ചയില്‍ രണ്ട് പ്രെയര്‍ ഗ്രൂപ്പുകളില്‍ പങ്കെടുക്കുകയും ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളുമായി മറ്റിടങ്ങളിലേക്ക് യാത്രകള്‍ ചെയ്യുകയും ഒക്കെ ചെയ്ത നാളുകള്‍ എന്‍റെയുള്ളില്‍ നഷ്ടബോധത്തോടെ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. ഞാനിപ്പോള്‍ ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ലല്ലോ, ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി കുറച്ചു സമയം പ്രാര്‍ത്ഥിക്കാന്‍ പോലും ആവുന്നില്ലല്ലോ എന്നൊക്കെ ഉള്ളില്‍ വിങ്ങി നടന്ന നാളുകളായിരുന്നു അവ.

സോഷ്യല്‍ മീഡിയകളിലൂടെ കുറച്ചു മെസേജുകള്‍ ഒക്കെ തയാറാക്കി അയക്കുമായിരുന്നു. എങ്കിലും അത് എപ്പോഴും ദൈവഹിതത്തിന് അനുരൂപമായിട്ടാണോ ചെയ്തിരുന്നത് എന്ന് സംശയം തോന്നിയിരുന്നു. ആ സമയത്ത് ഒരു ഓണ്‍ലൈന്‍ പ്രയര്‍ഗ്രൂപ്പിലൂടെ സ്വര്‍ഗം എന്‍റെ പരിഭവങ്ങള്‍ പരിഹരിക്കാനായി കനിവോടെ ഇടപെട്ടു.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ക്രമമായി സങ്കീര്‍ത്തന ആരാധന നടത്തുന്ന Psalms Adoration Group UAEയില്‍ ഞാനും അംഗമായതോടെയാണ് അത് ആരംഭിച്ചത്. ഇതോടൊപ്പം സങ്കീര്‍ത്തന ആരാധന കൂടാതെ ആത്മവിശുദ്ധിക്കായുള്ള അവരുടെ മറ്റ് ഗ്രൂപ്പുകളിലും ഞാന്‍ പങ്കാളിയായി. അവിടെയായിരുന്നു ഫാസ്റ്റിംഗ് ക്ലബ്, വിമലഹൃദയപ്രതിഷ്ഠ തുടങ്ങിയ കാര്യങ്ങള്‍ ആഘോഷമായി നടത്തപ്പെടുന്നത്.

ഇവിടെ ഈശോയുടെ സഹനങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപവാസം മാത്രമല്ല, പുണ്യങ്ങള്‍ അഭ്യസിപ്പിക്കല്‍ (Virtue Training), ICU എന്ന ഇന്‍റെന്‍സീവ് ക്ലെന്‍സിങ് യൂണിറ്റ്, സാത്താനെ തോല്‍പിക്കല്‍, വചന വിചിന്തനങ്ങള്‍, ജപമാല നദി, കരുണക്കടല്‍ എന്ന് തുടങ്ങി എന്നും എല്ലായ്പോഴും കര്‍ത്താവിനോടു ചേര്‍ന്ന് നില്‍ക്കാനും ഒക്കെ ഞങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്. “ഏത് അവസ്ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്ഥയില്‍ ദൈവത്തോടൊത്ത് നിലനില്‍ക്കുവിന്‍” (1 കോറിന്തോസ് 7/24).

പുണ്യങ്ങള്‍ അഭ്യസിപ്പിക്കുന്നതിലൂടെ ജീവനുള്ള നന്മപ്രവൃത്തികള്‍ ചെയ്യാനും ഞങ്ങളെ ഒരുക്കിയിരുന്നു. അങ്ങനെ എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് നാം ചെയ്ത പുണ്യങ്ങള്‍ എണ്ണിയെടുത്ത് പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ പരിശുദ്ധ ത്രിത്വത്തിന്‍റെ സ്തുതിക്കായി സമര്‍പ്പിക്കുന്നു എന്ന് അതാത് ഗ്രൂപ്പുകളില്‍ ടൈപ്പ് ചെയ്ത് അയക്കുന്ന പതിവുമുണ്ട്.

അനുദിനജീവിതത്തിലെ മാറ്റം

ഗ്രൂപ്പില്‍ നല്കിയിരുന്ന ക്ലാസുകള്‍ കേട്ടപ്പോള്‍ അനുദിന ജീവിതത്തോടുള്ള മനോഭാവത്തിലും ആത്മീയ ജീവിതത്തെക്കുറിച്ചുള്ള ധാരണകളിലും വിപ്ലവാത്മകമായ ഒരു മാറ്റം വരേണ്ടതുണ്ട് എന്നെനിക്ക് ബോധ്യമായി. പുണ്യങ്ങളെക്കുറിച്ചുള്ള ധാരണയ്ക്കും മാറ്റം വന്നു. വീരോചിതമായ രീതിയില്‍ ചെയ്ത ദൈവസ്നേഹത്തിന്‍റെയും പരസ്നേഹത്തിന്‍റെയും പ്രവൃത്തികളെമാത്രമേ പുണ്യങ്ങള്‍ എന്ന് വിളിക്കാനാവൂ എന്നായിരുന്നു അതുവരെ എന്‍റെ ധാരണ. അതെല്ലാം വിശുദ്ധപദവിയില്‍ എത്തിയവര്‍ക്ക് മാത്രമേ സമ്പാദിക്കാനായിട്ടുള്ളൂ എന്നും…

എന്നാല്‍ അങ്ങനെയല്ല, നമ്മള്‍ ദൈവതിരുമനസിനൊത്തവിധം ചെയ്യുന്ന എല്ലാ പ്രവൃത്തികളും വാക്കുകളും, ചിന്തകള്‍ പോലും, ദൈവസ്നേഹത്തെപ്രതി നിര്‍വഹിക്കുമ്പോള്‍ അവയെല്ലാം പുണ്യങ്ങളായി മാറുന്നു എന്ന് ക്ലാസുകളിലൂടെ ബോധ്യമായി.

പക്ഷേ നാം അപൂര്‍ണരായതിനാല്‍ നമ്മുടേതായതെല്ലാം അപൂര്‍ണമായിരിക്കും. അവയെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിലൂടെ നല്‍കുമ്പോള്‍ അമ്മ അവയെ മനോഹരമാക്കിയാണ് ദൈവത്തിനു നല്‍കുക. സ്നേഹത്തിന്‍റെ പര്യായമായ ദൈവത്തിന്‍റെ പിതൃഹൃദയം അവയെ ആര്‍ദ്രതയോടെ കൈക്കൊള്ളുന്നു. അങ്ങനെ തങ്ങളുടെ സാധാരണ ജീവിതത്തെ, ഉന്നതമായ ദൈവസ്നേഹം കൊണ്ട് വിശുദ്ധീകരിച്ച് ദൈവത്തിന് സന്തോഷം നല്‍കുന്ന വ്യക്തികളുടെ സാക്ഷ്യങ്ങളും സ്ഥിരതയും എനിക്ക് പ്രചോദനം പകര്‍ന്നു.

മദര്‍ തെരേസ പറഞ്ഞത് പോലെ ചെറിയ പ്രവൃത്തികളിലെ വലിയ സ്നേഹം കൊണ്ട് നമുക്ക് ദൈവത്തെ സന്തോഷിപ്പിക്കാനാവും എന്ന ചിന്ത എന്നിലും വെളിച്ചമായി.

എല്ലാം കര്‍ത്താവിനോടൊപ്പം ചെയ്യാന്‍…

സാധാരണ നമ്മുടെ മിക്ക പ്രവൃത്തികളുടെയും വാക്കുകളുടെയും ചിന്തകളുടെയും ഉറവിടം ദൈവസ്നേഹമോ പരസ്നേഹമോ അല്ല മറിച്ച് സ്വയംസ്നേഹമാണ് അല്ലെങ്കില്‍ മറ്റു സൃഷ്ടികളോടുള്ള സ്വാര്‍ത്ഥത നിറഞ്ഞ സ്നേഹമാണ്. അവയുടെ ലക്ഷ്യമോ മിക്കപ്പോഴും ദൈവമഹത്വവുമല്ല, നമ്മുടെ അഹത്തിനും ജഡത്തിനും ലഭിക്കുന്ന സംതൃപ്തിയും ലോകത്തിന്‍റെ പ്രശംസയുമാണ്. അതായത്, നമ്മുടെ അനുദിനജീവിതത്തില്‍ നാം നിര്‍വഹിക്കുന്ന ഏറെക്കാര്യങ്ങളും സ്വര്‍ഗോന്‍മുഖമല്ല. കൂടാതെ, ഫരിസേയരോട് ഈശോ പറഞ്ഞതുപോലെ, അതിനുള്ള പ്രതിഫലമായ മനുഷ്യപ്രീതി ഈ ലോകത്തുവച്ച് ലഭിച്ചും കഴിഞ്ഞു. ദൈവപ്രീതി നേടുന്നതിനായിട്ടല്ലല്ലോ നാം അവയൊന്നും ചെയ്തത്? പൗലോസ് ശ്ലീഹ പറയുന്ന വയ്ക്കോല്‍പോലെ കത്തിപ്പോകുന്ന നിര്‍ജീവ പ്രവൃത്തികള്‍! (1 കോറിന്തോസ് 3/12-15).

എന്നാല്‍, ‘ദൈവത്തെപ്രതിമാത്രം’ എന്ന ശുദ്ധ നിയോഗത്തോടെ എല്ലാം നിര്‍വഹിക്കുമ്പോള്‍ നമ്മിലും വലിയ അളവില്‍ വിശുദ്ധീകരണം സംഭവിക്കുന്നു എന്നു ഞാന്‍ മനസിലാക്കി. കാരണം നമ്മുടെ എല്ലാ കര്‍മങ്ങളിലും മറ്റുള്ളവര്‍ക്ക് ഉളവാകുന്ന പ്രീതി- അപ്രീതികള്‍ക്കനുസരിച്ചാണ് നാം സന്തോഷിക്കുന്നത് അല്ലെങ്കില്‍ സങ്കടപ്പെടുന്നത്. എന്നാല്‍ എല്ലാം ദൈവത്തെ പ്രതി ഈശോയില്‍ ആയിരുന്നു കൊണ്ട് ചെയ്യുമ്പോള്‍ സൃഷ്ടികളുടെ പ്രതികരണമോ, അതിലെ ജയപരാജയങ്ങളോ നമ്മെ അലോസരപ്പെടുത്തുകയില്ല. എന്തു ചെയ്യുമ്പോഴും എപ്പോഴും കര്‍ത്താവുമായി ചേര്‍ന്നിരിക്കാനും സാധിക്കുന്നു!

പിതാവിന്‍റെ ഇഷ്ടത്തിനനുസരിച്ചു പുത്രനില്‍ വസിച്ച് എന്‍റെ ആത്മാവ് പരിശുദ്ധാത്മാവില്‍നിന്നും ശക്തി സ്വീകരിച്ച്; എന്‍റെ കുടുംബാംഗങ്ങള്‍ക്കായി അധ്വാനിക്കുമ്പോള്‍ അതിനുള്ള പ്രതിഫലം എനിക്ക് ലഭിക്കുന്നത് സ്വര്‍ഗത്തില്‍നിന്നാണ്. കാരണം സ്വര്‍ഗീയപിതാവിന്‍റെ മക്കളായി എനിക്ക് ഉത്തരവാദിത്വത്തോടെ ഏല്പിച്ചു തന്നവരാണ് ജീവിതപങ്കാളിയും മക്കളും മറ്റു കുടുംബാംഗങ്ങളുമെല്ലാം. എന്നെ നേടാന്‍ വന്ന ഈശോയുടെ സ്വപ്നം പൂവണിയുന്ന ഓരോ നിമിഷവും, സ്വര്‍ഗീയ പിതാവിന്‍റെ ഹൃദയം എത്രമാത്രം സന്തോഷിക്കുന്നു? എന്നില്‍ വസിക്കുന്ന എന്‍റെ സഹായകനായ പരിശുദ്ധാത്മാവിലൂടെ പരിശുദ്ധ ത്രിത്വത്തിന്‍റെ ആ ഹൃദയത്തുടിപ്പ് ഞാന്‍ അറിയാറുണ്ട്.

പരിശുദ്ധ ത്രിത്വത്തിന്‍റെ സന്തോഷത്തില്‍ പങ്കുചേരാനായി എന്‍റെ അടുക്കളയും എന്‍റെ ജോലി സ്ഥലവും അങ്ങനെ ഞാന്‍ ധൃതിപിടിച്ച് ഉപയോഗിക്കാന്‍ തുടങ്ങി. ദൈവത്തിന്‍റെ ഹിതം ചെയ്യുന്നതിലൂടെ, സാത്താന്‍ എന്നില്‍ നിക്ഷേപിച്ച എന്‍റെ ഇഷ്ടം ചെയ്യുക എന്ന ‘അഹം’ എന്നില്‍ ആടി ഉലയാന്‍ ആരംഭിച്ചു. ഒപ്പം കോപവും മറ്റു മൂല പാപങ്ങളും തകരാനും തുടങ്ങി. ഇതൊക്കെ കണ്ട് സാത്താന്‍ ഏഴ് ദുഷ്ടാരൂപികളെക്കൂടി കൂട്ടി അതിശക്തമായി രംഗത്തുണ്ട് എന്നുള്ളത് പറയാതിരിക്കാന്‍ വയ്യ. അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും വീണു പോകാറുമുണ്ട്. പക്ഷേ അപ്പോഴേക്കും പുതിയ തലങ്ങളിലേക്ക് കുമ്പസാരത്തിലൂടെയും പരിശുദ്ധ കുര്‍ബാനയിലൂടെയും ഗ്രൂപ്പിലെ ക്ലാസ്സുകളിലൂടെയും ഈശോ ഞങ്ങളെ എല്ലാവരെയും കൈപിടിച്ച് ഉയര്‍ത്തുന്നു. ഇഹലോകജീവിതം അസ്തമിക്കുന്നതുവരെയും ഈ സമരം തുടരും എന്നും, അവസാനം വരെ ഈ യുദ്ധം തുടരുന്നവര്‍ വിജയിക്കും എന്നുമുള്ള നാഥന്‍റെ വചനത്തില്‍ വിശ്വസിച്ചുകൊണ്ട്, ദിനം തോറും മുന്നോട്ട് പോവുകയാണ്… ഈയിടെ കേട്ട പാട്ടിലെ ഈരടികള്‍ പോലെ…

സ്നേഹമേ, എന്നില്‍ നീ വസിക്കൂ,
ഞാന്‍ നിന്നിലാകുവാന്‍..
നീ എന്നിലാകുവാന്‍…

'

By: Dr. Annamol Varghese

More
സെപ് 09, 2023
Evangelize സെപ് 09, 2023

തലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില്‍ ഞാന്‍ വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്‍ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില്‍ മുഴ വളരുവാന്‍ തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ് വരും എന്നും അദ്ദേഹം അറിയിച്ചു. ആ നിര്‍ധനകുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു ആ തുക.

കുട്ടിയുടെ അമ്മ കണ്ണീരോടെ ഈ കാര്യം എന്നോട് പറയുകയും കാര്യമായി എന്തെങ്കിലും ധനസഹായം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ രണ്ടായിരം രൂപ മാത്രമേ നല്‍കുവാന്‍ എനിക്ക് കഴിയുമായിരുന്നുള്ളൂ. ആ പിഞ്ചുബാലന്‍റെ തൊണ്ടയിലെ നീര് വലുതാകുന്നതും വേദന വര്‍ധിക്കുന്നതും എനിക്ക് മനസിലായി. ആ സാധുസ്ത്രീ വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും സഹായത്തിന്‍റെ കാര്യം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അപകടം അകലെയല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാനും ധര്‍മസങ്കടത്തിലായി. ഒരു വഴിയും മനസില്‍ തെളിഞ്ഞുവന്നില്ല.

ആ വര്‍ഷം ഞാന്‍ വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. ഉടനെതന്നെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. ആ കുഞ്ഞിന്‍റെ രോഗത്തിന് ഒരു സൗഖ്യവും പ്രതീക്ഷിച്ചാണ് പ്രാര്‍ത്ഥനാപൂര്‍വം ധ്യാനത്തിന് പോയത്. വലിയൊരു സമൂഹം ധ്യാനത്തിനായി അവിടെ എത്തിയിരുന്നു. പലര്‍ക്കും സൗഖ്യം ലഭിച്ചതിന്‍റെ സാക്ഷ്യം ഓരോ വ്യക്തികള്‍ വന്ന് വിശദീകരിച്ച് പോയി. മനസില്‍ ഞാനും സന്തോഷിച്ചു. പ്രതീക്ഷ വച്ചു. നല്ല തമ്പുരാന്‍ ആ കുടുംബത്തെ കൈവിടില്ല എന്ന് ഞാന്‍ വിശ്വസിച്ചു.

ധ്യാനം അവസാനിക്കുന്നതിന്‍റെ തലേരാത്രി അവിടുത്തെ ശുശ്രൂഷകരില്‍ ചിലരെ കണ്ട് വെഞ്ചരിച്ച എണ്ണ ലഭിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് അറിയിച്ചു. വട്ടായിലച്ചനെ കാണാനുമായില്ല. അതിരാവിലെ വെഞ്ചരിച്ച എണ്ണയുമായി പോരാമെന്ന് ഞാന്‍ കരുതി. അപ്പോള്‍ ശുശ്രൂഷികള്‍ പറഞ്ഞു, രാവിലെ എട്ടുമണിയോടെയാണ് ഇവിടുത്തെ പ്രവൃത്തിസമയം ആരംഭിക്കുന്നത്. അപ്പോള്‍ മാത്രമേ വെഞ്ചരിച്ച എണ്ണ ലഭിക്കൂ. എന്‍റെ ശ്രമവും പ്രാര്‍ത്ഥനയും നിഷ്ഫലമാകുന്നുവെന്ന് തോന്നി. കാരണം ഏഴുമണിക്കുള്ള ആദ്യബസിന് പുറപ്പെട്ടാലേ രാത്രിയോടെ എന്‍റെ ദൈവാലയത്തില്‍ എത്താനാകൂ. എണ്ണ വാങ്ങിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു.

അപ്പോഴാണ് അത്ഭുതംപോലെ മറ്റൊരു സംഭവം അവിടെ നടന്നത്. പിറ്റേ ദിവസം രാവിലെ ആറുമണിക്ക് ദിവ്യബലിയര്‍പ്പിക്കുവാന്‍ എത്തേണ്ട വൈദികന് എത്തിച്ചേരാന്‍ സാധിച്ചില്ല. ആദ്യത്തെ ദിവ്യബലിയര്‍പ്പിക്കാമോയെന്ന് അവര്‍ എന്നോട് ചോദിച്ചു. വെഞ്ചരിച്ച എണ്ണ ലഭിക്കുമെങ്കില്‍ ബലിയര്‍പ്പിച്ച് ഏഴുമണിയുടെ ബസിന് പോകാം. അതല്ലെങ്കില്‍ എനിക്ക് സാധിക്കില്ല എന്നു ഞാന്‍ തോമാശ്ലീഹായെപ്പോലെ ശാഠ്യം പിടിച്ചു. അവര്‍ സമ്മതിച്ചു. പിറ്റേന്ന് അതിരാവിലെ ബലിയര്‍പ്പിച്ച് ലഭിക്കില്ലെന്ന് വിചാരിച്ച വെഞ്ചരിച്ച എണ്ണയുമായി ഞാന്‍ നിശ്ചയിച്ച ബസില്‍തന്നെ സെഹിയോനില്‍നിന്ന് തിരികെ യാത്ര തിരിച്ചു.

പിറ്റേദിവസം രാവിലെ കുട്ടിയെയും അവന്‍റെ അമ്മയെയും വിളിച്ചുവരുത്തി മുട്ടില്‍നിര്‍ത്തി മുഴയുള്ള ഭാഗത്ത് എണ്ണ പുരട്ടി പ്രാര്‍ത്ഥിച്ചു. രണ്ടുദിവസം ഇങ്ങനെ ചെയ്തു. എന്താകും ഫലം… അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഓപ്പറേഷനുവേണ്ടി ഒരുങ്ങാമെന്നും അല്പം തുക കൂട്ടിക്കൊടുക്കാമെന്നും ഞാന്‍ മനസില്‍ കരുതി.

മൂന്നാം ദിവസം രാവിലെ പത്തുമണിയോടെ ആ കുട്ടിയുടെ അമ്മ എന്നെ കാണാന്‍ വന്നു. വളരെ സന്തോഷവതിയായിരുന്ന അവര്‍ എന്നോട് പറഞ്ഞു, മുഴ ചുരുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മുഴ പൂര്‍ണമായും അപ്രത്യക്ഷമായതായി എനിക്കുതന്നെ ബോധ്യപ്പെട്ടു. അങ്ങനെ വലിയൊരു അത്ഭുതത്തിന് ഞാന്‍തന്നെ സാക്ഷ്യവും കാരണവുമായി എന്ന് അവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളില്‍നിന്നും ഞാന്‍ വായിച്ചെടുത്തു.

ദൈവകൃപ അത്ഭുതമായി ഇന്നും നമ്മുടെ ഇടയില്‍ വ്യാപരിക്കുന്നു. വിശ്വാസവും പ്രാര്‍ത്ഥനയുമാണ് അതിനുള്ള കുറുക്കുവഴിയും എളിയ മാര്‍ഗവും. “ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും” (മത്തായി 7/7). മനുഷ്യരുടെ നൊമ്പരങ്ങള്‍ മായ്ക്കുന്ന ഈശോ, അങ്ങേക്ക് സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.

'

By: Fr. Mathew Manikathaza CMI

More
സെപ് 09, 2023
Evangelize സെപ് 09, 2023

ഫരിസേയന്‍ എന്ന് കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്…

ചെറുപ്പത്തിലുണ്ടല്ലോ, ചില സ്റ്റേജ് പ്രോഗ്രാമിലൊക്കെ തല കാണിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അത്ര വലിയ സംഭവമൊന്നുമല്ല, ഇടവകദൈവാലയത്തിലെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് ചെയ്ത ചില സ്കിറ്റ് നാടകങ്ങള്‍. അതില്‍ നല്ല അഭിനന്ദനം കിട്ടിയ ഒന്നായിരുന്നു, നരകവും ലൂസിഫറിനെയുമൊക്കെ കാണിച്ചു കൊണ്ട് ഞങ്ങള്‍ ചെയ്ത സ്കിറ്റ്. എന്‍റെ ചേട്ടനായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. 1001 ഫലിതങ്ങള്‍ എന്ന പുസ്തകത്തിലെ ഒരു തമാശയുടെ ചുവടുപിടിച്ചായിരുന്നു ആദ്യത്തെ സീന്‍. മരിച്ചുപോയ രണ്ട് പേര്‍ തമ്മില്‍ കണ്ട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തമാശ വച്ച്….

അന്ന് ഞാനാണ് ആ ആശയം ചേട്ടന് പറഞ്ഞ് കൊടുത്തത്. അതുകൊണ്ടുതന്നെ എനിക്കൊരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അതില്‍ കൗണ്ടര്‍ തമാശ പറയുന്ന കഥാപാത്രം എനിക്കാകണമെന്ന്.

പക്ഷേ ചേട്ടനും സമ്മതിച്ചില്ല, കൂടെയുള്ളവരും സമ്മതിച്ചില്ല. അവരെല്ലാം സനോഷ് ആ കഥാപാത്രം ചെയ്താല്‍ മതിയെന്ന് കട്ടായം പറഞ്ഞു.

കോമഡി നന്നായി കൈകാര്യം ചെയ്യുന്ന ഒരു കിടു ആര്‍ട്ടിസ്റ്റ് ആണ് സനോഷെങ്കിലും, എനിക്കതങ്ങ് വിട്ട് കൊടുക്കാന്‍ ഒരു വൈക്ലബ്യം…

എന്നിട്ടെന്താവാന്‍… മനസ്സില്ലാമനസ്സോടെ ഞാന്‍ എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. സനോഷിന്‍റെ കൂടെ നില്‍ക്കുന്ന കഥാപാത്രം ചെയ്തു.

റിഹേഴ്സല്‍ തുടങ്ങിയ ശേഷം, എനിക്ക് ഈഗോ ഇല്ലായിരുന്നു. സനോഷിന്‍റെ ഡയലോഗിന് ജനം ചിരിക്കുകയും കൈ കൊട്ടുകയും ചെയ്തപ്പോള്‍ എനിക്കും സന്തോഷമായിരുന്നു.

ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്, എനിക്ക് ‘ഷൈന്‍’ ചെയ്യാനും കൈയടി കിട്ടുന്നതിനും വേണ്ടിയായിരുന്നു ഞാനന്ന് വാശി പിടിച്ചതെന്ന്. ഒരു 13 വയസുകാരനില്‍ നിറഞ്ഞ് നിന്ന ഫരിസേയ മനോഭാവം കണ്ടില്ലേ.

ഫരിസേയന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്…

ഫരിസേയന്‍ ഞാനാണെന്ന തിരിച്ചറിവാണ് വിശുദ്ധീകരണത്തിലേക്കുള്ള ആദ്യ ചുവട്. സ്വാഭാവികമായി നമ്മിലെ നന്മ ആളുകള്‍ കണ്ടോട്ടെ, പക്ഷെ പ്രശംസ മാത്രം ലക്ഷ്യമാക്കി ‘നന്മമരം’ ആവരുത്.

“നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു” (മത്തായി 5/20).

നാമറിയാതെ നമ്മില്‍ കയറി വരുന്ന ഫരിസേയ മനോഭാവം തിരിച്ചറിയാനും, അവയെ അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ, ആമ്മേന്‍

'

By: Father Joseph Alex

More