- Latest articles
എന്നും രാവിലെ ആറരയ്ക്കുമുമ്പ് ദൈവാലയത്തിലെത്തുക, വിശുദ്ധബലിക്കായി അള്‍ത്താര ഒരുക്കുക, വിശുദ്ധബലിയില്‍ ശുശ്രൂഷിയാകുക, വേണമെങ്കില്‍ ഗായകനുമാകുക- ഇതെല്ലാം ചെയ്യുന്നത് ദൈവാലയത്തിലെ കപ്യാര് ആണെന്ന് കരുതാന്‍ സാധ്യതയുണ്ട് പക്ഷേ, അല്ല. ഇരിട്ടി എം.സി.ബി.എസ് ആശ്രമദൈവാലയത്തില്‍ അനുദിനബലിക്കെത്തുന്ന ലിയോ എന്ന ബാലന്റെ പ്രഭാതങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഏഴാം ക്ലാസുകാരനാണ് ലിയോ. ലിയോയുടെ വീടിനടുത്തുള്ള ആശ്രമദൈവാലയത്തിലാണ് ലിയോയുടെ ഈ ശുശ്രൂഷ. ലിയോയെ ഈ ശീലത്തിലേക്ക് നയിച്ചത് മാതാപിതാക്കളുടെ പ്രചോദനവും പ്രോത്സാഹനവുമാണ്.
ലിയോയുടെ അമ്മ പറയുന്നു, ”നഴ്സിംഗ് പഠനകാലത്ത് എസ്.എ.ബി.എസ് സന്യാസിനികളുടെ മേല്‍നോട്ടത്തിലുള്ള ഹോസ്റ്റലിലായിരുന്നു എന്റെ താമസം. അവിടെ എപ്പോഴും പ്രാര്‍ത്ഥനയുടെ അന്തരീക്ഷമായിരുന്നു. ആദ്യം എനിക്കത്ര താത്പര്യം തോന്നിയില്ലെങ്കിലും പിന്നീട് ഞാന്‍ കുറെയൊക്കെ അതിനോടുചേര്‍ന്നു.
പില്ക്കാലത്ത്, പ്രാര്‍ത്ഥനയില്‍ കൂടുതല്‍ താത്പര്യം കാണിച്ചിരുന്നവരുടെ ജീവിതം കൂടുതല്‍ ഐശ്വര്യപൂര്‍ണമാകുന്നത് എന്റെ ശ്രദ്ധയാകര്‍ഷിച്ചു. അതോടെ എന്റെ മക്കളെയും ഇതുപോലെ പ്രാര്‍ത്ഥനയോടും കൂദാശകളോടും പ്രത്യേകിച്ച് വിശുദ്ധ കുര്ബാനയോടും ചേര്ത്തുനിര്ത്തണമെന്ന് ചിന്തിക്കാന്‍ തുടങ്ങി.
മൂത്ത മകനാണ് ലിയോ. ഇളയ രണ്ട് മക്കള്‍കൂടിയുണ്ട്. കുടുംബത്തിലെല്ലാവര്‍ക്കും എല്ലാ ദിവസവും ദിവ്യബലിക്ക് പോകാന്‍ സാധിക്കുകയില്ല. എന്നാല്‍ ലിയോയെ ദിവ്യബലിക്ക് അയക്കാന്‍ സാധിക്കും. അതിനാല്‍ അനുദിനം ദിവ്യബലിക്ക് പോകണമെന്നും എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവന് പറഞ്ഞുകൊടുത്തു. അവനത് താത്പര്യത്തോടെ ചെയ്യാനും തുടങ്ങി. അതിന്റെ വ്യത്യാസം അവന്റെ ജീവിതത്തില്‍ കാണാനും കഴിയുന്നുണ്ട്.”
ലിയോയുടെ പിതാവ് മകനെക്കുറിച്ച് പറയുന്നതിങ്ങനെ: ”ലിയോയെ ആദ്യം കുറച്ച് ദിവസങ്ങളില്‍മാത്രമേ നിര്‍ബന്ധിച്ച് രാവിലെ വിളിച്ചെഴുന്നേല്പിക്കേണ്ടിവന്നിട്ടുള്ളൂ. പിന്നെ അവന് വിശുദ്ധ കുര്‍ബാനയ്ക്കായി താത്പര്യത്തോടെ എഴുന്നേല്ക്കാന് തുടങ്ങി.
ഇപ്പോള്‍ ഞങ്ങള്‍ അവനെ വിളിക്കാന്‍ താമസിച്ചാല്‍ എന്താണ് വിളിക്കാതിരുന്നത് എന്ന് ഇങ്ങോട്ട് ചോദിക്കും. എഴുന്നേറ്റാല്‍ പെട്ടെന്ന് തയാറായി ദൈവാലയത്തിലേക്ക് പോകും. ആറരയ്ക്കുള്ള വിശുദ്ധബലിയില്‍ സജീവമായി പങ്കെടുക്കും. തിരിച്ചുവന്നാല്‍ ഞങ്ങള്‍ ഒന്നിച്ച് പ്രാതല്‍ കഴിക്കും. ദൈവാലയത്തിലെ അന്നത്തെ വിശേഷങ്ങള്‍ എന്നോടും അവന്റെ അമ്മയോടുമെല്ലാം പറയും. ഇന്ന വൈദികനാണ് ബലിയര്‍പ്പിച്ചത്, ഞാന്‍ പാട്ടുപാടി എന്നിങ്ങനെ… പിന്നെ പഠിക്കാനുണ്ടെങ്കില്‍ പഠിച്ച് ഒരുങ്ങി സ്കൂളിലേക്ക് പോകും. സാധാരണയായി വൈകിട്ടാണ് ലിയോയുടെ പഠനം. എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍മാത്രം പിറ്റേന്ന് രാവിലെ ചെയ്യും. മിടുക്കനായി പഠിക്കാനും അവന് കഴിയുന്നുണ്ട്.”
മാതാപിതാക്കള്‍ പിന്തുണ നല്‍കിയതോടെ വിശുദ്ധബലി അനുദിനം അര്‍പ്പിച്ച് അനുഗ്രഹം നേടുന്ന ലിയോയ്ക്ക് ഭാവിയില്‍ പൈലറ്റാകണമെന്നാണ് ആഗ്രഹം. അതിനെക്കുറിച്ച് ലിയോ പറയുന്നത് അവന് ആദ്യം പൈലറ്റാകണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ, എന്നാല്‍ പിന്നീട് വിശുദ്ധനായ പൈലറ്റാകണം എന്ന് ആഗ്രഹം തോന്നിത്തുടങ്ങി എന്നാണ്. അന്നുമുതല്‍ താന്‍ ബലിയര്‍പ്പണം മുടക്കിയിട്ടില്ല എന്നും ലിയോ പങ്കുവയ്ക്കുന്നു. ദൈവാലയത്തില്‍ പോകുന്നതുകൊണ്ട് കൂട്ടുകാര്‍ക്കൊപ്പം പഠിക്കാനും കളിക്കാനും എല്ലാം ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്നാണ് ലിയോയുടെ വാക്കുകള്‍.
ലിയോ പോകുന്ന ആശ്രമദൈവാലയത്തിലെ വൈദികര്‍ക്കും ലിയോയുടെ ഈ വിശുദ്ധബലിയോട് ചേര്‍ന്നുള്ള ജീവിതത്തെക്കുറിച്ച് പറയാന്‍ നൂറുനാവാണ്. വിശുദ്ധ കുര്‍ബാനയ്ക്കായി വിശുദ്ധവസ്തുക്കള്‍ അള്‍ത്താരയില്‍ എടുത്തുവയ്ക്കുന്നതും ബലി കഴിഞ്ഞാല്‍ തിരികെ കൊണ്ടുപോയി വയ്ക്കുന്നതുമെല്ലാം ലിയോ ആണെന്ന് അവര്‍ വാത്സല്യത്തോടെ പങ്കുവയ്ക്കുന്നു. ലേഖനം വായിക്കാനും പ്രാര്‍ത്ഥനകള്‍ ചൊല്ലാനും, ആവശ്യമെങ്കില്‍, ഗാനങ്ങള്‍ ആലപിക്കാനും അവന് തയാര്‍. വൈദികര്‍ക്ക് അണിയാനുള്ള തിരുവസ്ത്രങ്ങള്‍ എടുത്തുകൊടുക്കാനും അവന് ഏറെ തത്പരനാണത്രേ. ‘കുട്ടിക്കപ്യാര്’ എന്നാണ് ആ വൈദികര്‍ അവനെ സ്നേഹപൂര്‍വം വിശേഷിപ്പിക്കുന്നത്.
കുട്ടികള്‍ വിശുദ്ധിയില്‍ വളരുന്നതിന് ഏറെ തടസങ്ങളുള്ള ഈ കാലഘട്ടത്തില്‍ ദൈവാലയത്തോടും വിശുദ്ധബലിയോടും ചേര്‍ത്തുനിര്‍ത്തി വളര്‍ത്തിയാല്‍ അത് കുട്ടികള്‍ക്ക് ഏറെ അനുഗ്രഹമാകുമെന്ന് ലിയോയുടെ മാതാപിതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. അത് പഠനമികവിനും സഹായകമാകുമെന്നാണ് അവരുടെ സാക്ഷ്യം.
തലശേരി അതിരൂപതയിലെ വട്ടിയറ ഇടവകയിലുള്ള തറയില്‍ റോയ് ഫിലിപ്- ജോയിസ് റോയ് ദമ്പതികളുടെ മകനാണ് ലിയോ. ലിയോണ, ലിന്‍സ്റ്റണ്‍ എന്നിവരാണ് സഹോദരങ്ങള്‍.
'പോളണ്ടിലെ ഓസ്ട്രോഗില്‍ 1627-ലാണ് ഈ സംഭവം നടന്നത്. അവിടത്തെ ഒരു മാന്യകുടുംബത്തില്‍നിന്നുള്ള ഒരു സ്ത്രീ ദുഷ്ടാരൂപിയുടെ സ്വാധീനത്തിന്റെ പല ലക്ഷണങ്ങളും കാണിക്കാന്‍ തുടങ്ങി. അങ്ങനെയാണ് പ്രൊട്ടസ്റ്റന്റ് കാല്‍വിനിസ്റ്റ് വിശ്വാസികളായ കുടുംബാംഗങ്ങള്‍ സ്വന്തം സഭയിലെ ശുശ്രൂഷകരെ സമീപിച്ചത്. അവര്‍ വന്ന് പ്രാര്‍ത്ഥനകള്‍ നടത്തിയെങ്കിലും ആര്‍ക്കും അവളെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ അവര്‍ സമീപത്തുള്ള കത്തോലിക്കാ ജസ്യൂട്ട് ആശ്രമത്തിലെത്തി.
ആശ്രമത്തിന്റെ റെക്ടറായ വൈദികന് ആരാഞ്ഞു, ”നിങ്ങളുടെ വൈദികരെയും ശുശ്രൂഷകരെയും ആ സ്ത്രീക്കരികിലേക്ക് അയക്കാമല്ലോ?” അതെല്ലാം ചെയ്തുകഴിഞ്ഞതാണെന്നായിരുന്നു അവരുടെ മറുപടി. എങ്കില്‍പ്പിന്നെ തങ്ങള്‍ ചെല്ലാമെന്ന് റെക്ടര്‍ സമ്മതിച്ചു. അങ്ങനെ അവരുടെ സംഘം പ്രസ്തുത സ്ത്രീക്കരികിലെത്തിയപ്പോള് അവര്‍ അവളുടെമേല്‍ വിശുദ്ധജലം തളിക്കുകയും തങ്ങളുടെ സന്യാസസഭാസ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുശേഷിപ്പുകൊണ്ട് അവളുടെമേല്‍ സ്പര്‍ശിക്കുകയും ചെയ്തു. ആ തിരുശേഷിപ്പ് എന്താണെന്ന് മനസിലാക്കാന്‍ യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടും ആ സ്ത്രീ പുളഞ്ഞുതിരിഞ്ഞുകൊണ്ട് വിളിച്ചുകൂവി, ”ഇഗ്നേഷ്യസിന്റെ അസ്ഥി എന്നെ ക്ലേശിപ്പിക്കുന്നു!” അതോടെ അവള് പിശാചുബാധിതയാണെന്ന് അവര്‍ ഉറപ്പുവരുത്തി.
ആ സ്ത്രീയുടെ ശരീരത്തെക്കാളുപരി അവിടെ കൂടിയവരുടെ ആത്മാവിനെ സുഖപ്പെടുത്താന്‍ ആഗ്രഹിച്ച റെക്ടര്‍ നിര്‍ദേശിച്ചു, ”കാല്വിന്റെ ഗ്രന്ഥങ്ങളേതെങ്കിലും കൊണ്ടുവരിക.”
കൊണ്ടുവന്ന ഗ്രന്ഥം അവള്‍ക്ക് കൊടുത്തപ്പോള്‍ അവള് അത് സ്വീകരിച്ച് ഒരു പാവനഗ്രന്ഥത്തിന് നല്‍കേണ്ട ആദരവോടെ ചുംബിച്ചു. അപ്പോള്‍ റെക്ടര്‍ അത് തിരികെ വാങ്ങിയിട്ട് അവള് കാണാതെ അതില്‍ വിശുദ്ധ ഇഗ്നേഷ്യസിന്റെ ചിത്രം വച്ചിട്ട് അവള്‍ക്കുനേരെ നീട്ടി. ഉടനെ അവളിലെ പിശാച് കോപത്തോടെ അലറിക്കൊണ്ട് പറഞ്ഞു, ”ഞാനത് തൊടുകപോലുമില്ല!”
അതിലെന്താണ് നിന്നെ ഭയപ്പെടുത്തുന്നതെന്ന് പറയാന്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടപ്പോള്‍ അവളിലെ പിശാച് നിസ്സഹായനായി വെളിപ്പെടുത്തി, ”നിങ്ങള്‍ അതില്‍ വച്ചിരിക്കുന്ന ഇഗ്നേഷ്യസിന്റെ ചിത്രം!”
ഇതെല്ലാം കണ്ട് അരിശം വന്ന അവിടത്തെ ഒരാള്‍ പുലമ്പി, ”പാപ്പാ അനുഭാവികളായ നിങ്ങള്‍ക്ക് സാത്താനുമായി ഒത്തുകളിയുള്ളതുകൊണ്ടാണ് ഇങ്ങനെയെല്ലാം പറയുന്നത്.” ഉടനെ റെക്ടര്‍ അവരോട് പറഞ്ഞു, ”ഇക്കണ്ടതൊന്നും നിങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെങ്കില്‍ ഒരു കാര്യം ചെയ്യാം. നിങ്ങളുടെ വിശ്വാസമാണ് ശരിയെങ്കില്‍ ഈ പിശാച് എന്നില്‍ പ്രവേശിക്കട്ടെ. അല്ല, കത്തോലിക്കാവിശ്വാസമാണ് ശരിയെങ്കില്‍ ഒരു മണിക്കൂര്‍നേരത്തേക്ക് ഈ പിശാച് നിങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. എങ്കില്‍ നിങ്ങള്‍ തൃപ്തിപ്പെടുമോ?”
ചോദ്യം ചെയ്തയാള്മാത്രമല്ല, ആരും അതിന് തയാറായില്ല. പകരം എല്ലാവരും ചേര്‍ന്ന് ആ പാവം സ്ത്രീയെ വിമോചിപ്പിക്കണമെന്ന് അപേക്ഷിച്ചു. റെക്ടറിനും സംഘത്തിനും സമ്മതിക്കാതെ വയ്യെന്ന സ്ഥിതി. അങ്ങനെ സമ്മതം നല്കി യാത്രയായ അവര്‍, ഉപവസിച്ചും പരിഹാരം ചെയ്തും അവള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഭൂതോച്ചാടകനായ വൈദികന് അവള്‍ക്കായി വിശുദ്ധബലി അര്‍പ്പിച്ചു. ഒടുവില്‍ ഭൂതോച്ചാടനകര്മങ്ങള് നടത്തുകയും ചെയ്തു. അതോടെ അവള് വിമോചിതയായി. തുടര്‍ന്ന് അവള് ചെയ്തത് മറ്റൊന്നുമല്ല, തന്റെ പിഴവുകള്‍ ഏറ്റുപറഞ്ഞു. താമസിയാതെ കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും ചെയ്തു.
'വാഴ്ത്തപ്പെട്ട ആന്‍ കാതറിന് എമറിച്ചിന് ലഭിച്ച ദര്‍ശനങ്ങളനുസരിച്ച് തിരുക്കുടുംബം ഈജിപ്തിലേക്ക് പലായനം ചെയ്യുന്ന സമയത്ത് ഏതാണ്ട് 12 ആഴ്ച പ്രായമായിരുന്നു ഉണ്ണീശോയ്ക്ക്. ഈജിപ്തില്‍ ചെറിയ യഹൂദസമൂഹത്തോടുചേര്ന്ന് തിരുക്കുടുംബവും താമസമാരംഭിച്ചു. ഒരു ചെറുഗു ഹയായിരുന്നു താമസത്തിനായി കണ്ടെത്തിയത്. അവര്‍ എത്തിയപ്പോള്‍ അവിടത്തെ ഒരു വിജാതീയക്ഷേത്രത്തില് പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം താനേ തകര്‍ന്നുവീണു. ജോസഫ് അതിനെ ഒരു സിനഗോഗുപോലെയാക്കി മാറ്റി.
പതിയെ അവര്‍ക്കുചുറ്റും യഹൂദരും വിജാതീയരില്‍നിന്ന് യഹൂദവിശ്വാസം സ്വീകരിച്ചവരുമായി കുറച്ചുപേര്‍ കൂടി. അവരെല്ലാംതന്നെ തികച്ചും ദരിദ്രരും വിശ്വാസത്തില്‍ ക്ഷയം സംഭവിച്ചവരുമായിരുന്നു. ജോസഫിനെക്കുറിച്ച് അവര്‍ക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ദൈവം അദ്ദേഹത്തിന് നല്കിയ സ്ഥാനത്തിനനുസൃതമായി ആ സമൂഹത്തില്‍ ഒരു മഹത്പിതാവിനെപ്പോലെ അദ്ദേഹം പരിഗണിക്കപ്പെട്ടു. ജോസഫ് അവരെ സങ്കീര്‍ത്തനങ്ങള്‍ ശരിയായി ചൊല്ലാന്‍ പഠിപ്പിച്ചു.
തിരുക്കുടുംബത്തിന്റെ ജീവിതവും ഏറെ ക്ലേശം നിറഞ്ഞതായിരുന്നു. ശുദ്ധമായ വെള്ളമോ ആവശ്യത്തിന് വിറകോ ലഭ്യമായിരുന്നില്ല. എങ്കിലും ജോസഫിന്റെ പെരുമാറ്റം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. അദ്ദേഹത്തിന് ഏറെ ജോലികള്‍ ലഭിച്ചു. തികച്ചും മോശമായ താമസസ്ഥലങ്ങള്‍ അദ്ദേഹം മോടിയാക്കിനല്കി. പക്ഷേ പലരും അദ്ദേഹത്തെ അടിമയെപ്പോലെയാണ് കരുതിയത്, അതിനാല്‍ത്തന്നെ വേണ്ടത്ര പ്രതിഫലം നല്‍കിയില്ല. പക്ഷേ ജോസഫ് അസംതൃപ്തനായി ഒരിക്കലും കാണപ്പെട്ടില്ല.
തിരുക്കുടുംബത്തിന് അവശ്യംവേണ്ട മരഉരുപ്പടികള്‍ ജോസഫുതന്നെ നിര്‍മിച്ചു. ആന്‍ കാതറിന് എമറിച്ച് കണ്ടതനുസരിച്ച് അവരുടെ കൊച്ചുഭവനത്തില്‍ പാനപാത്രംപോലുള്ള കൊച്ചുപാത്രങ്ങളില്‍ ചെടികള്‍ വച്ചിരുന്നു. അതിലൊന്ന് ജോസഫിന്റെ പുഷ്പിച്ച വടിയായിരുന്നു. അതിനുമുകളിലെ തണ്ട് പച്ചയായി കാണപ്പെട്ടു, അത് പുഷ്പിച്ചാണ് നിന്നിരുന്നത്. ജോസഫിന്റെ ദൗത്യത്തിന്റെയും വിശുദ്ധിയുടെയുമെല്ലാം അടയാളംപോലെ ഒരു അസാധാരണ പുഷ്പാലങ്കാരം.
ഏറെനാള്‍ വേണ്ട വെള്ളമില്ലാതെ കഷ്ടപ്പെട്ടെങ്കിലും അതിനുശേഷം മാലാഖയിലൂടെ മാതാവിന് ലഭിച്ച ദര്‍ശനമനുസരിച്ച് ഒരു ഉറവ കണ്ടെത്തി. അത് സന്തോഷപൂര്‍വം ജോസഫിനെ അറിയിച്ചപ്പോള്‍ അദ്ദേഹം അവിടത്തെ ഭൂമിയുടെ പുറംപാളി നീക്കുകയും ഒരു പഴയ കിണര്‍ കണ്ടെത്തുകയും ചെയ്തു. അത് ശുചിയാക്കി അവര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇപ്രകാരം കഠിനാധ്വാനിയായ ജോസഫിന്റെ നേതൃത്വത്തില്‍ തിരുക്കുടുംബം ലളിതമെങ്കിലും കൃപാപൂര്‍ണമായ ജീവിതം നയിച്ചു.
തിരുക്കുടുംബത്തിന്റെ കാവല്‍ക്കാരനും തൊഴിലാളികളുടെ മധ്യസ്ഥനുമായ വിശുദ്ധ ജോസഫിന്റെ സംരക്ഷണത്തിന്കീഴില് നമുക്കും നമ്മെത്തന്നെ സമര്‍പ്പിക്കാം.
'തഞ്ചാവൂരില്‍ ഒരു ധ്യാനപരിപാടിക്കായി ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സന്യാസിനി, സിസ്റ്റര്‍ ലിറ്റില്‍ തെരേസ, പങ്കുവച്ച അനുഭവമാണിത്. സിസ്റ്ററിന് നാളുകള്‍ക്കുമുമ്പ് തഞ്ചാവൂരില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഒരു വൃദ്ധസദനത്തിന്റെ ചുമതലയാണ് നല്കപ്പെട്ടത്. അവിടെയായിരിക്കേ 2004 സെപ്റ്റംബര്‍ മാസത്തിലെ എട്ടുനോമ്പ് ദിവസങ്ങള്‍ വന്നു. പരിശുദ്ധ കുര്‍ബാനയുടെ മുമ്പിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന വേളയില്‍ ജീവിതത്തിലാദ്യമായി സിസ്റ്ററിന് ഒരു ദര്‍ശനം ലഭിക്കുകയാണ്! തന്റെ ചുമതലയിലുള്ള വൃദ്ധസദനത്തിന് മുമ്പിലുള്ള ഒരു തെങ്ങിന്റെ മുകളിലൂടെ കടല്‍വെള്ളം വരുന്നു. തുടര്‍ന്ന് ഒരു ബോട്ട് വന്ന് വീഴുന്നു, അതില്‍നിന്ന് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും വെള്ളത്തിനടിയിലേക്ക് പോകുന്നു…!
അതിനുശേഷം സിസ്റ്ററിന് വല്ലാത്ത ഒരു ഉള്‍ഭയം. സിസ്റ്റര്‍ പതുക്കെ ഒരു സ്ഥലംമാറ്റത്തിനായി ശ്രമിക്കാന്‍ തുടങ്ങി. പക്ഷേ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയാണുണ്ടായത്. പിന്നീട് ഒക്ടോബര്‍ മാസാവസാനം ജപമാല ചൊല്ലുന്നതിനിടെ പരിശുദ്ധ അമ്മ മറ്റൊരു സന്ദേശം കൊടുത്തു, ”കുമ്പസാരിച്ച് ഒരുങ്ങിയിരിക്കുക.”
അതെത്തുടര്‍ന്ന് സിസ്റ്റര്‍ തുടരെ കുമ്പസാരിക്കുകയും വൃദ്ധസദനത്തിലെ മുഴുവന്‍ അന്തേവാസികളെയും കുമ്പസാരിച്ച് പ്രാര്‍ത്ഥനയില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി.
അല്പനാള് കഴിഞ്ഞ് 2004 ഡിസംബര്‍ 25-ന് സിസ്റ്ററും സഹപ്രവര്‍ത്തകരും വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുകയാണ്. ഏതാണ്ട് രണ്ടുമണിയോടുകൂടി ഒരു ഫോണ്‍കോള്‍ വന്നു. തിണ്ടുകല്‍ എന്ന സ്ഥലത്തുനിന്ന് ഒരു വൈദികനാണ് വിളിക്കുന്നതെന്നും അമ്മയെയും കൂട്ടി ഒരു മകന് അവിടെ വരുമെന്നും അവര്‍ക്ക് അവിടെ താമസിക്കാന്‍ അനുമതി കൊടുക്കണമെന്നും പറഞ്ഞു.
ഫോണ്‍ കട്ട് ചെയ്ത് അല്പം കഴിഞ്ഞ് ആ നമ്പര്‍ കോളര്‍ ഐഡിയില്നിന്നെടുത്ത് തിരിച്ചു വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ ആ നമ്പര്‍ നിലവിലില്ല എന്നാണ് കേള്‍ക്കുന്നത്. ഇതെല്ലാം സംഭവിച്ചപ്പോള്‍ സിസ്റ്ററിന് ഉത്കണ്ഠയും ഭയവും വര്‍ധിച്ചു. ആ ദിവസം അങ്ങനെ നീങ്ങി. രാത്രി ഏതാണ്ട് പത്തുമണി സമയമടുത്തപ്പോള്‍ കോളിങ്ങ് ബെല്‍ മുഴങ്ങുന്നു! സിസ്റ്റര്‍ നോക്കിയപ്പോള്‍ മുപ്പതോ മുപ്പത്തിയഞ്ചോ വയസ് തോന്നിക്കുന്ന ഒരു യുവാവും പ്രായമായ ഒരു സ്ത്രീയും… ആ യുവാവ് പറഞ്ഞു, ”രാവിലെ അച്ചന് പറഞ്ഞിരുന്നില്ലേ. അത് ഞങ്ങളെപ്പറ്റിയാണ്.”
അത് കേട്ടപ്പോള്‍ വിശ്വാസ്യമായി തോന്നി. അതിനാല്‍ പെട്ടെന്നുതന്നെ താക്കോല്‍ എടുക്കാനായി സിസ്റ്റര്‍ അകത്തേക്ക് പോയി. തിരികെ വന്നപ്പോള്‍ ആ സ്ത്രീമാത്രമേയുള്ളൂ!
”നിങ്ങളുടെ മകന് എവിടെ?” സിസ്റ്റര്‍ തിരക്കി, പക്ഷേ അവര്‍ മറുപടിയൊന്നും പറയുന്നില്ല. സിസ്റ്ററിന്റെ ഭയം പിന്നെയും വര്‍ധിക്കുകയാണ്. എന്തായാലും അവരെ ഒരു മുറിയില്‍ താമസിപ്പിച്ചു. അവിടെയെത്തിയപ്പോള്മുതല് അവര്‍ കരയാന്‍ തുടങ്ങി. ”എന്റെ മക്കളാരും ഒരുക്കമല്ല, അവരെല്ലാം നശിക്കാന്‍ പോകുന്നു,” ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടാണ് കരച്ചില്!
സിസ്റ്റര്‍ എത്ര ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും ആ സ്ത്രീ ഒന്നും ശ്രദ്ധിക്കുന്നില്ല. പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഏതാണ്ട് വെളുപ്പിന് മൂന്നുമണി സമയത്ത് ആ സ്ത്രീ കരച്ചില് നിര്‍ത്തി സിസ്റ്ററിനോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. സിസ്റ്റര്‍ പോയി വെള്ളമെടുത്ത് തിരിച്ചുവന്നപ്പോള്‍ മുറിയില്‍ അവരെ കാണുന്നില്ല. അവിടം മുഴുവന്‍ നോക്കിയിട്ടും കണ്ടില്ല. ആ ഭവനത്തിന്റെ മുന്‍വശത്തെ വാതില്‍, ഗ്രില്‍ മുഴുവന്‍ പൂട്ടിയിരുന്നു. എങ്കിലും വീണ്ടും ആ വൃദ്ധസദനം മുഴുവനും അന്വേഷിച്ചു. പക്ഷേ ആ സ്ത്രീയെ കണ്ടുകിട്ടിയില്ല. ഈ സംഭവവുംകൂടെ കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വല്ലാത്ത ഒരു അവസ്ഥയിലെത്തി.
പിറ്റേ ദിവസം, 2004 ഡിസംബര്‍ 26. ഏതാണ്ട് ഒമ്പതരമണി സമയം. വൃദ്ധസദനത്തിന് പുറത്ത് വലിയ ഒരു ശബ്ദം കേട്ടു. സിസ്റ്റര്‍ പുറത്തേക്ക് വന്നപ്പോള്‍ മുമ്പ് ദര്‍ശനത്തില്‍ കണ്ടതുപോലെ കടല്‍വെള്ളം സദനത്തിന് മുമ്പിലുള്ള തെങ്ങിനു മുകളിലൂടെ എത്തി ഒരു ബോട്ടില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും വന്ന് സദനത്തിന് മുമ്പിലേക്ക് മൂക്കുകുത്തി വീഴുന്നു. പിന്നീടൊന്നും ഓര്‍ക്കുന്നില്ല. ബോധം നഷ്ടപ്പെട്ടു. ബോധം വന്നപ്പോള്‍ വെള്ളത്തിനടിയില്‍ മരങ്ങള്‍ക്കിടയിലൂടെ ഒലിച്ചുപോവുകയായിരുന്നു. മരണം അടുത്തു എന്ന് സിസ്റ്റര്‍ ഉറപ്പിച്ചു. പെട്ടെന്ന് സിസ്റ്ററിന് ക്ഷമിച്ച് പ്രാര്‍ത്ഥിക്കണമെന്ന് തോന്നി. ”ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം; എന്നാല്‍ നീ പാപം ചെയ്യുകയില്ല”(പ്രഭാഷകന്‍ 7/36).
ജീവന്റെ അവസാനഘട്ടമെത്തി എന്നു തോന്നിയ നിമിഷം. പെട്ടെന്ന്, തലേദിവസം രാത്രി അമ്മയുമായി വന്ന യുവാവ് സിസ്റ്ററിന്റെ മുടിയില്‍ ചുരുട്ടിപ്പിടിച്ച് വലിച്ച് മറ്റൊരു ദിശയിലേക്ക് കൊണ്ടുപോവുന്ന അനുഭവം! മുട്ടോളം വെള്ളത്തിലാണ് കൊണ്ടുപോയി നിര്‍ത്തിയത്. എന്നിട്ട് മുന്നോട്ട് തള്ളിനീക്കി. വേഗം സിസ്റ്റര്‍ പുറകോട്ട് നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. പെട്ടെന്ന് കാതുകളില്‍ ഒരു സ്വരം: ”സമുദ്രത്തിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ നിന്റെകൂടെ ഉണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അത് നിന്നെ മുക്കിക്കളയുകയില്ല” (ഏശയ്യാ 43/2).
എവിടെനിന്നോ ലഭിച്ച ശക്തിയില്‍ സാവധാനം സിസ്റ്റര്‍ നടക്കാന്‍ ശ്രമിച്ചു, പക്ഷേ അവിടം മുഴുവന്‍ ശവശരീരങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു. എങ്കിലും പലരുടെയും സഹായത്തോടെ അവിടെനിന്ന് സുരക്ഷിതസ്ഥാനത്തെത്തി. അതിനുശേഷം ഏതാണ്ട് നാല് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞു. ശാരീരികമായും മാനസികമായും വളരെ ക്ഷതമേറ്റിരുന്നു. ഏറെ പ്രാര്‍ത്ഥനകള്‍ക്കുശേഷമാണ് എല്ലാം ശരിയായത്. ദൈവം നല്കിയ രണ്ടാം ജീവിതത്തില്‍ പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും സിസ്റ്റര്‍ മുന്നോട്ട് പോകുന്നു.
അതിനെക്കാള്‍ അതിശയിപ്പിച്ച കാര്യം മറ്റൊന്നാണ്, സിസ്റ്റര്‍ ശുശ്രൂഷ ചെയ്തിരുന്ന വൃദ്ധസദനം മുഴുവന്‍ നശിച്ചുപോയി. പക്ഷേ അതിലെ ഒരൊറ്റ അന്തേവാസിപോലും മരണപ്പെട്ടില്ല! ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലെനിന്ന് അവരെ മുഴുവന്‍ ജീവനോടെ വീണ്ടെടുത്ത് തിരികെ കൊണ്ടുവരികയാണ് ഉണ്ടായത്.
ആ അനുഭവം എന്നെയും ഏറെ ചിന്തിപ്പിച്ചു. കൂടെക്കൂടെയുള്ള കുമ്പസാരത്തിനും അനുതാപത്തിനും എന്തുമാത്രം വിലയുണ്ടെന്ന് പരിശുദ്ധ അമ്മ മനസിലാക്കിത്തന്നു. ”കര്‍ത്താവ് തന്റെ അടുക്കലേക്ക് തിരിയുന്നവരോട് പ്രദര്‍ശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്ര വലുതാണ്!” (പ്രഭാഷകന്‍ 17/29).
'യേശുക്രിസ്തു തന്റെ പരസ്യജീവിതം തുടങ്ങുന്നതിനുമുമ്പ് കടന്നുപോയ മൂന്നു പ്രലോഭനങ്ങളെക്കുറിച്ച് നമുക്ക് വ്യക്തമായി അറിയാം. മരുഭൂമിയിലെ പരീക്ഷ എന്ന പേരില്‍ അവ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മൂന്നു പരീക്ഷകളെയും യേശു അതിജീവിച്ചശേഷം ”പിശാച് പ്രലോഭനങ്ങള്‍ എല്ലാം അവസാനിപ്പിച്ച് നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി” (ലൂക്കാ 4/13) എന്നും എഴുതപ്പെട്ടിരിക്കുന്നു.
മുന്‍പറഞ്ഞ വചനത്തില്‍നിന്നും ഒരു കാര്യം നമുക്ക് വ്യക്തമാണ്. പിശാച് നിശ്ചിത കാലത്തേക്കുമാത്രമേ യേശുവിനെ വിട്ടുപോയിട്ടുള്ളൂ. തന്റെ പരസ്യജീവിതകാലത്ത് പിന്നീടും പലവട്ടം അവന് പ്രലോഭനങ്ങളുമായി യേശുവിനെ സമീപിച്ചിട്ടുണ്ട്. പിതാവായ ദൈവം എന്തുകൊണ്ട് ഇത് യേശുവിന്റെ ജീവിതത്തില്‍ അനുവദിച്ചു എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് ഇതാണ് – പ്രലോഭനങ്ങളിലൂടെ കടന്നുപോകേണ്ട തന്റെ പിന്‍ഗാമികളെ അവര്‍ സ്ത്രീയോ പുരുഷനോ ആകട്ടെ താങ്ങിത്തുണച്ചുയര്ത്തുക എന്നതുതന്നെ. തിരുവചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. ”അവന് പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവന് സാധിക്കുമല്ലോ” (ഹെബ്രായര്‍ 2/18).
നാലാമത്തെ പ്രലോഭനം
പിതാവായ ദൈവം തന്റെ പുത്രനായ യേശുവിനെ ഈ ലോകത്തിലേക്കയച്ചപ്പോള്‍ വളരെ വ്യക്തമായി പറഞ്ഞിരുന്നു. അവന് അയക്കപ്പെട്ടിരിക്കുന്നത് ഇസ്രായേല്‍വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണെന്ന്. വിജാതീയയായ കാനാന്‍കാരി യേശുവിനെ സമീപിച്ച് പിശാചുബാധിതയായ തന്റെ മകളെ സുഖപ്പെടുത്തണമേയെന്ന് യാചിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ യേശു ആദ്യമത് ചെവിക്കൊള്ളുന്നില്ല. എന്നാല്‍ വീണ്ടും വീണ്ടും അവള് കരഞ്ഞു യാചിക്കുമ്പോള്‍ ശിഷ്യന്മാര് യേശുവിനോട് പറഞ്ഞു ”കര്‍ത്താവേ അവളെ പറഞ്ഞയച്ചാലും, അവള് നമ്മുടെ പിന്നാലെ വന്ന് നിലവിളിക്കുന്നുവല്ലോ.” അപ്പോള്‍ യേശു അവരോട് മറുപടി പറഞ്ഞു ”ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കുമാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്” (മത്തായി 15/24).
സമസ്ത ലോകത്തിന്റെയും സകല ജനതകളുടെയും രക്ഷ യേശുക്രിസ്തുവിലൂടെതന്നെ നിര്‍വഹിക്കപ്പെടണം എന്നതുതന്നെയായിരുന്നു പിതാവായ ദൈവത്തിന്റെ പദ്ധതി. പക്ഷേ ഈ ലോകത്തിലായിരുന്ന സമയത്ത് തന്റെ പരസ്യജീവിതത്തിന്റെ മൂന്നു വര്‍ഷത്തെ കാലഘട്ടത്തില്‍ പിതാവായ ദൈവത്തിന്റെ പദ്ധതിപ്രകാരം യേശു അയക്കപ്പെട്ടത് ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണ്. ഇതാണ് മൂന്നു വര്‍ഷക്കാലത്തെ തന്റെ ശുശ്രൂഷാജീവിതത്തെ സംബന്ധിച്ച പിതാവിന്റെ ഹിതം എന്ന് യേശു വ്യക്തമായി അറിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ ഏറെ കഴിവുറ്റവനും അഭിഷേകത്താല്‍ ജ്വലിച്ചവനും എങ്കിലും പിതാവ് വരച്ചുകാട്ടിയ മാര്ഗരേഖവിട്ട് തന്റെ ശുശ്രൂഷ വ്യാപിപ്പിക്കുവാന്‍ യേശു തയാറാകുന്നില്ല. യേശു തന്റെ ശിഷ്യന്മാരെ സുവിശേഷവേലക്ക് അയക്കുമ്പോഴും ഈ മാര്‍ജിന്‍ അതിലംഘിക്കുവാന്‍ അവിടുന്ന് അനുവദിക്കുന്നില്ല. അവിടുന്ന് തന്റെ ശിഷ്യന്മാരോട് മുന്നറിയിപ്പു നല്കുന്നു. ”നിങ്ങള്‍ വിജാതീയരുടെ അടുത്തേക്ക് പോകരുത്. സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്ക് പോകുവിന്‍. പോകുമ്പോള്‍ സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍” (മത്തായി 10/5-7).
വിജാതീയര്‍ രക്ഷ പ്രാപിക്കേണ്ടതില്ല എന്നുള്ള കാഴ്ചപ്പാടില്‍നിന്നും അല്ല സ്നേഹംതന്നെയായ പിതാവ് ഇങ്ങനെയൊരു മാര്‍ജിന്‍ കൊടുക്കുന്നത്. വിജാതീയരുടെ രക്ഷ പന്തക്കുസ്തായ്ക്കുശേഷം ശിഷ്യന്മാരുടെ ശുശ്രൂഷയിലൂടെ പ്രത്യേകിച്ചും വിജാതീയരുടെ അപ്പസ്തോലനായ വിശുദ്ധ പൗലോസ് ശ്ലീഹായുടെ ശുശ്രൂഷയിലൂടെ യേശുവിന്റെ നാമത്തില്‍ ലോകത്തില്‍ സംഭവിക്കേണ്ട കാര്യമായതുകൊണ്ടാണ് പിതാവ് തന്റെ സ്വന്തജനമായ ഇസ്രായേലിന് മുന്‍ഗണന കൊടുക്കുകയും വിജാതീയരെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയും ചെയ്തത്. അതായിരുന്നു പിതാവിന്റെ പദ്ധതി! യേശു പിതാവിന്റെ ഈ ആജ്ഞ അക്ഷരംപ്രതി പാലിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്രായേല്‍ ഭവനം യേശുവിനെ സ്വീകരിച്ചതിനെക്കാള്‍ പത്തിരട്ടി തീക്ഷ്ണതയോടെ യേശുവിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ചവര്‍ വിജാതീയരായ സമരിയാക്കാരായിരുന്നു (യോഹന്നാന് 4/39-42).
ഇസ്രായേല്യര്‍ അധികംപേരും യേശുവിനെ തിരസ്കരിച്ചവരും സംശയദൃഷ്ടിയോടെ വീക്ഷിച്ചവരുമായിരുന്നു. വചനങ്ങളിതു സാക്ഷ്യപ്പെടുത്തുന്നു. ”അവന് സ്വജനത്തിന്റെ അടുത്തേക്കുവന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല” (യോഹന്നാന് 1/11). ആ ശുശ്രൂഷ വിജാതീയരുടെ ഇടയില്‍ ചെയ്തിരുന്നുവെങ്കില്‍ ഇസ്രായേല്‍ ഭവനത്തിനുമുമ്പില്‍ ചെയ്യുന്നതിനെക്കാള്‍ അനേകമടങ്ങ് എളുപ്പവും സ്വീകാര്യതയുള്ളതുമാകുമായിരുന്നു. തന്നെ തിരസ്കരിച്ച കൊറസീനോടും ബത്സയ്ദായോടും കഫര്ണാമിനോടും യേശു പറയുന്നു. ”കൊറസീന്‍, നിനക്കു ദുരിതം! ബത്സയ്ദാ, നിനക്കു ദുരിതം. നിങ്ങളില്‍ നടന്ന അത്ഭുതങ്ങള്‍ ടയറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവിടുത്തെ ജനങ്ങള്‍ ചാക്കുടുത്തും ചാരം പൂശിയും പണ്ടേതന്നെ പശ്ചാത്തപിക്കുമായിരുന്നു… കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും” (ലൂക്കാ 10/13-15).
അത്രയേറെ തിരസ്കരണാനുഭവങ്ങള് നിറഞ്ഞതായിരുന്നു ഇസ്രായേല്‍ ജനത്തിന്റെ ഇടയിലുള്ള യേശുവിന്റെ ശുശ്രൂഷാജീവിതം. പക്ഷേ യേശു പിതാവിന്റെ ഇഷ്ടം മറികടക്കുന്നില്ല. തന്നെ രണ്ടുകൈയും നീട്ടി സ്വീകരിക്കാനിടയുള്ള വിജാതീയനഗരങ്ങളിലേക്ക് നീങ്ങുന്നില്ല. ശിഷ്യന്മാരെ അങ്ങോട്ട് പറഞ്ഞയക്കുന്നില്ല. പിതാവായ ദൈവം നിശ്ചയിച്ചു കൊടുത്ത അതിര്‍വരമ്പ് കൃത്യമായും അവിടുന്ന് പാലിക്കുന്നു. പിതാവിന്റെ ഇഷ്ടമല്ലാതെ സ്വന്ത ഇഷ്ടങ്ങള്‍ ഒന്നും തന്റെ ശുശ്രൂഷാജീവിതത്തില്‍ അവിടുന്ന് നിര്‍വഹിക്കുന്നില്ല. അവിടുന്ന് പറയുന്നു ”എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം” (യോഹന്നാന് 4/34)
കയ്യടിക്കുവേണ്ടി നിലകൊള്ളാതെ…!
ലോകത്തിന്റെ അംഗീകാരവും കയ്യടിയും നേടാനുള്ള പ്രലോഭനങ്ങള്‍ എല്ലായ്പ്പോഴും തന്റെ അഭിഷേകത്തികവാര്ന്ന ശുശ്രൂഷാവഴികളില്‍ ഉണ്ടായിട്ടും അവയില്‍ ഒന്നിനുപോലും യേശു വിധേയനാകുന്നില്ല. തന്റെ ശുശ്രൂഷാജീവിതത്തെ സംബന്ധിച്ച പിതാവിന്റെ തിരുവിഷ്ടം മാത്രം അവിടുന്ന് നിവര്‍ത്തിക്കുന്നു. അതിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ പിതാവ് തന്റെ സ്വന്തം പദ്ധതിപ്രകാരം നിവര്ത്തിച്ചുകൊള്ളും എന്ന നിലപാടായിരുന്നു യേശുവിന്റേത്!
തന്നിഷ്ടങ്ങളെ പിന്തള്ളുന്ന ജീവിതം
ജീവിതത്തിലെ തന്നിഷ്ടങ്ങളെ പിന്തള്ളി ദൈവേഷ്ടങ്ങളെ മാത്രം അനുവര്‍ത്തിക്കുക എന്നത് ധീരതയുള്ള ഒരു മനസിന്റെ ഉടമയായവനേ കഴിയൂ. നമ്മുടെ ഇഷ്ടങ്ങള്‍ മിക്കപ്പോഴും കൂടുതല്‍ എളുപ്പം, കൂടുതല്‍ പ്രശസ്തി, കൂടുതല്‍ കയ്യടി, കൂടുതല്‍ സ്വീകാര്യത, കൂടുതല്‍ പ്രതിഫലം, കൂടുതല്‍ സുഖം എന്നിവയെ ചുറ്റിപ്പറ്റി നിലകൊള്ളുന്നതാകും. എന്നാല്‍ യേശു ഈ പ്രലോഭനത്തിലും വിജയം വരിച്ചു. യേശു ഇവയെല്ലാം പിന്തള്ളിക്കൊണ്ടാണ് തന്റെ പിതാവിന്റെ തിരുഹിതം തന്റെ ജീവിതത്തില്‍ ഓരോ നിമിഷങ്ങളിലും നിറവേറ്റിയത്.
നാം ഒരുപക്ഷേ നമ്മുടെ ശുശ്രൂഷാജീവിതത്തില്‍ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ നിര്വഹിക്കുന്നവരെന്ന് അഭിമാനിക്കുന്നവരാകാം. എന്നാല്‍ നാം നിര്‍വഹിക്കുന്നു എന്ന് നാം അഭിമാനിക്കുന്ന ഈ ഒത്തിരിയൊത്തിരി കാര്യങ്ങള്‍ നമ്മെ സംബന്ധിച്ച ദൈവഹിതമാണോ എന്ന് നാം മിക്കപ്പോഴും ചിന്തിക്കാറുണ്ടോ? എന്തിലും എല്ലാറ്റിലും ദൈവഹിതം തേടുകയും അത് അനുവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ജീവിതം – അതാണ് ദൈവപിതാവ് നമ്മില്‍നിന്നും ആവശ്യപ്പെടുന്നത്. ”അവിടുന്ന് പറയുന്നു. ”കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്തായി 7/21).
യേശുവിന്റെ ഈ ഭൂമിയിലെ പരസ്യശുശ്രൂഷാജീവിതം വെറും മൂന്നുവര്‍ഷം മാത്രമായിരുന്നു. അത്രയേറെ അഭിഷേകാഗ്നി കത്തിപ്പടര്‍ന്ന അവിടുത്തെ ജീവിതം കുറെയേറെ വര്‍ഷങ്ങള്‍ക്കൂടി ഈ ഭൂമിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എത്രയേറെ അനുഗ്രഹം ഈ ഭൂമിയ്ക്കുണ്ടായേനെ എന്ന് ചിലപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടാകാം. ഈ രംഗത്തല്ല മറ്റേതെങ്കിലും രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ അധികാരികള്‍ എന്നെ അനുവദിച്ചിരുന്നെങ്കില്‍ എന്റെ ശുശ്രൂഷാജീവിതം എത്രമേല്‍ ഫലം ചൂടുമായിരുന്നുവെന്ന് വിലപിക്കുന്ന ഒത്തിരി സമര്‍പ്പിതജീവിതങ്ങള്‍ നമുക്കു ചുറ്റുമുണ്ടാകാം. ഇത്രയേറെ കഴിവുകളും സാധ്യതകളും അഭിഷേകവുമുള്ള എന്റെ ജീവിതം ഈയൊരു മലമൂട്ടില്‍ കൊട്ടിയടയ്ക്കപ്പെട്ട് നിഷ്പ്രയോജനമായിത്തീര്ന്നല്ലോ എന്ന് വിലപിക്കുന്ന അല്മായ ശുശ്രൂഷകരും നമുക്കു ചുറ്റുമുണ്ടാകാം.
‘എനിക്കെന്തിന്റെ കുറവാ, ഞാന്‍ പണ്ടത്തെ എം.എക്കാരിയാ. കഴുത്തേല് മിന്നുവന്നു വീണ് പിറ്റേദിവസം തുടങ്ങിയതാ എന്റെ അടുക്കളഭരണം. വച്ചും വിളമ്പിയും കുട്ടികളെ പ്രസവിച്ചും വളര്‍ത്തിയും കെട്ടിയവനെ ശുശ്രൂഷിച്ചും അമ്മായപ്പനെയും അമ്മായിയമ്മയെയും നോക്കിയും ഒരു പ്രയോജനവും ഇല്ലാതെ ഇവിടംവരെ എത്തിയല്ലോ. എന്റെയൊരു ഗതികേട് നോക്കണേ’ എന്നു വിലപിക്കുന്ന ഒത്തിരി വീട്ടമ്മമാര്‍ നമുക്കു ചുറ്റിലുമുണ്ടാകാം. ‘ഈ പണിയല്ല, മറ്റേതെങ്കിലും പണി കിട്ടിയിരുന്നെങ്കില്‍ എനിക്കെന്റെ കുടുംബം നേരെചൊവ്വേ നോക്കാന്‍ കഴിയുമായിരുന്നു’വെന്ന് സ്വയം പഴിക്കുന്ന കുടുംബനാഥന്മാരും നമുക്കു ചുറ്റുമുണ്ടാകാം.
‘മറുതലിക്കുന്ന ജനങ്ങളുള്ള ഈ ഇടവകയല്ലാതെ വേറെയേതെങ്കിലും ഇടവക പിതാവെനിക്കു തന്നിരുന്നെങ്കില്‍ ഫലപ്രദമായി ശുശ്രൂഷ ചെയ്യാമായിരുന്നു’വെന്ന് ഉള്ളില്‍ വിലപിക്കുന്ന വികാരിയച്ചന്മാരും നമ്മുടെ ചുറ്റുപാടും ഉണ്ടായിരിക്കാം.
നാം ആരുതന്നെയുമാകട്ടെ, എന്തുതന്നെയുമാകട്ടെ, യേശുവിന്റെ ജീവിതത്തില്‍ യേശു നേരിട്ട് വിജയം വരിച്ച ഈ നാലാമത്തെ പ്രലോഭനം നമ്മെയും അലട്ടുന്നുണ്ടെങ്കില്‍ അതിനെ അതിജീവിക്കാനുള്ള കൃപക്കായി പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.
വിശുദ്ധ കൊച്ചുത്രേസ്യയുടെ ഏറ്റവും വലിയ ആത്മീയ ദര്‍ശനമായിരുന്നു ”ആയിരിക്കുന്നിടത്ത് പ്രശോഭിക്കുക” എന്നത്. നമുക്ക് ഇഷ്ടമുള്ളിടത്തല്ല ദൈവം നമ്മെ ആക്കിയിരിക്കുന്നിടത്ത് പ്രശോഭിക്കുമ്പോഴാണ് നമ്മുടെ ജീവിതം നമുക്കും നമുക്കു ചുറ്റുമുള്ള ലോകത്തിനും പ്രകാശം നല്‍കുന്നതായി പരിണമിക്കുന്നത്.
യേശുവിന്റെ ജീവിതം നമുക്ക് മാതൃകയായിരിക്കട്ടെ. ”ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യന്റെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ, അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവമവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു” (ഫിലിപ്പി 2/6-9).
ഈവിധത്തില്‍ ദൈവകരങ്ങളാല്‍ നമ്മുടെ ജീവിതവും ഉയര്‍ത്തപ്പെടുന്നതിന് ദൈവം ആക്കിയിരിക്കുന്നിടത്ത് പ്രശോഭിച്ച് നമ്മുടെയും നമുക്കു ചുറ്റുമുള്ളവരുടെയും ജീവിതം നമുക്ക് അനുഗ്രഹപൂര്ണമാക്കാം. അതിനുള്ള കൃപ പരിശുദ്ധാത്മാവ് നമുക്ക് തരട്ടെ. പ്രെയ്സ് ദ ലോര്‍ഡ്, ആവേ മരിയ.
ടോക്കിയോ: ഭര്‍ത്താവ്, ജുങ്കോ കസനഗിയെ ഫോണില്‍ വിളിച്ച് സങ്കടകരമായ ആ വാര്‍ത്ത പങ്കുവച്ചത് 2022 ഒക്ടോബറിനുശേഷമായിരുന്നു. അദ്ദേഹത്തിന് പാന്‍ക്രിയാറ്റിക് കാന്‍സറാണ്! ജുങ്കോയ്ക്ക് അത് വല്ലാത്ത ഞെട്ടലുളവാക്കിയെന്നുമാത്രമല്ല, ആ അസ്വസ്ഥതയില്‍നിന്ന് അവള്‍ക്ക് മോചനം നേടാനുമായില്ല. പക്ഷേ രോഗിയായിത്തീര്‍ന്നിട്ടും ഭര്‍ത്താവ് തകരാതെ നില്ക്കുന്നതും ശാന്തതയോടെ ആ സാഹചര്യത്തെ നേരിടുന്നതും അവളെ തെല്ലൊന്ന് അമ്പരപ്പിച്ചു. ദയാലുവും സ്നേഹവാനുമായ ഭര്‍ത്താവ് എന്നതില്‍ക്കവിഞ്ഞ് വലിയ പ്രത്യേകതകളൊന്നും അവള് ഭര്‍ത്താവില്‍ കണ്ടിരുന്നില്ല. അതിനാല്‍ അങ്ങനെ ശാന്തതയോടെ തുടരാന്‍ സാധിക്കുന്നതെങ്ങനെയെന്ന് അന്വേഷിച്ചു. ‘ദൈവം എപ്പോഴും കൂടെയുണ്ടല്ലോ’ എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കത്തോലിക്കാസ്കൂളില്‍ പഠിക്കുകയും ആ വിശ്വാസത്തെക്കുറിച്ച് അറിയുകയുമൊക്കെ ചെയ്തിരുന്നെങ്കിലും ജുങ്കോ ഒരിക്കലും വിശ്വാസം സ്വീകരിച്ചിരുന്നില്ല. വിവാഹത്തിനൊരുങ്ങുന്ന സമയത്ത് താനൊരു കത്തോലിക്കനാണ് എന്ന ഭാവിവരന്റെ വാക്കുകളെ അവളത്ര ഗൗരവമായി കണ്ടതുമില്ല. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് മകന് ജനിച്ചപ്പോള്‍ സാവധാനമാണ് അവന് മാമ്മോദീസ നല്കാന് അവള് അനുവാദം നല്കിയതുതന്നെ.
ഈ സാഹചര്യത്തിലാണ് രോഗവേളയിലെ ഭര്‍ത്താവിന്റെ സ്ഥൈര്യം അവളെ ചിന്തിപ്പിച്ചത്. ക്രിസ്തുവിശ്വാസം ഇത്ര ശക്തമാണോ എന്ന ആ ചിന്ത പതുക്കെ ജുങ്കോയെ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. 2024 ഈസ്റ്റര്‍തലേന്ന് ടോക്കിയോ അതിരൂപതയുടെ കീഴിലുള്ള സെക്കിമാച്ചി ദൈവാലയത്തില്‍വച്ച് റാഫേലാ എന്ന പേര് സ്വീകരിച്ച് ജുങ്കോ ജ്ഞാനസ്നാനം കൈക്കൊണ്ടു. തനിക്ക് കാന്‍സര്‍ വന്നത് നന്നായി എന്നാണത്രേ ഇതേക്കുറിച്ച് 53കാരനായ ഭര്‍ത്താവ് അവളോട് പറഞ്ഞത്. ദൈവാലയശുശ്രൂഷകളില്‍ സജീവമായി പങ്കെടുക്കുന്ന ജുങ്കോ അവിടത്തെ വൈദികരുടെയും സഹവിശ്വാസികളുടെയും പിന്തുണയില്‍ ഏറെ സന്തുഷ്ടയാണ്. ‘നിങ്ങള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു’ എന്ന വാക്കുകള്‍ ഇത്രമാത്രം ആശ്വാസദായകമാണ് എന്ന് മുമ്പ് മനസിലാക്കിയിരുന്നില്ല എന്നാണ് അവള് സാക്ഷ്യപ്പെടുത്തുന്നത്.
നദി അതിന്റെ ജലം പാനം ചെയ്യുന്നില്ല.
വൃക്ഷങ്ങള്‍ അവയുടെ ഫലം ഭക്ഷിക്കുന്നില്ല.
സൂര്യന് പ്രകാശിക്കുന്നത് അതിനുവേണ്ടിയല്ല.
പുഷ്പങ്ങള്‍ സുഗന്ധം ചൊരിയുന്നത്
അവയ്ക്കുവേണ്ടിയല്ല. പ്രകൃതിയിലെ
ഒന്നും അതിനുവേണ്ടി നിലനില്ക്കുന്നില്ല.
ദൈവം എന്തിനുവേണ്ടി സൃഷ്ടിച്ചുവോ,
ആ ദൗത്യം നിറവേറ്റുകയാണ് ഓരോ സൃഷ്ടിയും.
എത്ര ത്യാഗം സഹിച്ചും അത് നിര്‍വഹിക്കണം.
ദൈവഹിതം അനുവര്‍ത്തിച്ച്, അപരനുവേണ്ടി ജീവിക്കുക
എന്നതാണ് പ്രകൃതി നല്കുന്ന പാഠം.
നമ്മിലെ നന്മയിലൂടെ ദൈവവും മറ്റുള്ളവരും
സന്തോഷിക്കുന്നതാണ് നമ്മുടെ യഥാര്‍ത്ഥ സന്തോഷം.”
ഫ്രാന്‍സിസ് മാര്‍പാപ്പ
'ജലപ്രളയത്തിന്റെ കാലത്ത് ദുഷ്ടമൃഗങ്ങള്ക്കുള്പ്പെടെ നോഹയുടെ പെട്ടകത്തില്‍ അഭയം നല്കി. അതുവഴി അവ നാശത്തില്‍നിന്ന് രക്ഷപ്പെട്ടു. വിശുദ്ധ ജര്‍ത്രൂദിന് ഒരിക്കല്‍ ലഭിച്ച ദര്‍ശനം ഇതിന് സമാനമായിരുന്നു. പരിശുദ്ധ മറിയത്തിന്റെ വിരിച്ചുപിടിച്ച മേലങ്കിക്കുകീഴെ അനേകം വന്യമൃഗങ്ങള്‍- സിംഹങ്ങള്‍, കരടികള്‍, പുലികള്‍ തുടങ്ങിയവ സ്വയം അഭയം തേടിയിരിക്കുന്നതായി വിശുദ്ധ കണ്ടു. മറിയം അവയെ തള്ളിക്കളഞ്ഞില്ലെന്നുമാത്രമല്ല, കരുണയോടെ അവയെ സ്വീകരിക്കുകയും ലാളിക്കുകയും ചെയ്തു.
എന്താണിതിനര്‍ത്ഥം? മറിയത്തില്‍ അഭയം തേടുമ്പോള്‍, കഠിനപാപികള്‍പോലും, ഉപേക്ഷിക്കപ്പെടുന്നില്ല. മറിച്ച് നോഹയുടെ പെട്ടകത്തിലേക്കെന്നപോലെ അവര്‍ സ്വീകരിക്കപ്പെടുകയും നിത്യമരണത്തില്‍നിന്ന് രക്ഷിക്കപ്പെടുകയും ചെയ്യുന്നു. സഭാപഠനങ്ങളും പരിശുദ്ധ ദൈവമാതാവിനെ നോഹയുടെ പെട്ടകമെന്ന് വിളിക്കുന്നുണ്ട്. നമുക്കും യാചിക്കാം…
നോഹയുടെ പെട്ടകമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…
'കത്തോലിക്കാ വിശ്വാസത്തെ ആഴത്തില്‍ പുല്കിയതിനാല് ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന് രാജാവിനാല്‍ വധിശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് ഇംഗ്ലണ്ടിന്റെ ലോര്‍ഡ് ചാന്‍സലറായിരുന്ന സര് തോമസ് മൂര്‍. ഹെന്റി എട്ടാമന് അദ്ദേഹത്തെ തടവിലിട്ട ലണ്ടന്‍ ടവറിലെ സെല്ലില്‍ നിന്ന്, വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് അദേഹം തന്റെ പുത്രി മാര്‍ഗരറ്റിന് എഴുതി:
‘മാര്‍ഗരറ്റ്, നല്ല വിശ്വാസത്തോടെ, ഉത്തമമായ പ്രതീക്ഷയോടെ ഞാന്‍ ഈശോയില്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. എനിക്ക് നന്നായി അറിയാം, മെഗ്, അവിടുത്തെ ആര്‍ദ്രമായ അനുകമ്പ എന്റെ പാവപ്പെട്ട ആത്മാവിനെ സുരക്ഷിതമായി സൂക്ഷിക്കുകയും ആ കാരുണ്യം എന്നെ മഹത്വപ്പെടുത്തുകയും ചെയ്യുമെന്ന്. ഈ സഹനം എന്റെ ആത്മാവിന്റെ വിശുദ്ധീകരണത്തിന് കാരണമായിത്തീരും.
അതിനാല്‍, എന്റെ നല്ല മകളേ, ഈ ലോകത്ത് എനിക്ക് സംഭവിക്കുന്ന ഒന്നിനെക്കുറിച്ചും നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകരുത്. ദൈവം ഉദ്ദേശിക്കുന്നതല്ലാതെ മറ്റൊന്നും സംഭവിക്കില്ല. അത് എന്തുതന്നെയായാലും, എത്ര മോശമായി തോന്നിയാലും, അത് തീര്‍ച്ചയായും ഏറ്റവും മികച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഏറ്റവും ശ്രേഷ്ഠമായത് മാത്രമേ നമ്മുടെ ദൈവം നമുക്ക് നല്‍കുകയുള്ളൂ.’
'2022 സെപ്റ്റംബര്‍ ലക്കം ശാലോം ടൈംസില്‍ 100 മാസിക വാങ്ങി വിതരണം ചെയ്തപ്പോള്‍ ഒരു വ്യക്തിയുടെ മകന് ജോലി കിട്ടി എന്ന സാക്ഷ്യം വായിച്ചു. എനിക്ക് എത്ര ശ്രമിച്ചിട്ടും ജോലി കിട്ടുന്നുïായിരുന്നില്ല. ഞാനും 100 മാസിക വാങ്ങി വിതരണം ചെയ്യാമെന്ന് നേര്‍ന്ന് പ്രാര്‍ത്ഥിച്ചു. ആ എളിയ സുവിശേഷ പ്രവര്‍ത്തനത്തിന് പകരമായി വലിയ അനുഗ്രഹമാണ് ദൈവം തന്നത്. എന്റെ പ്രായമോ വിദ്യാഭ്യാസയോഗ്യതയോ പരിഗണിക്കാതെ ദൈവം എനിക്ക് നല്ലൊരു ജോലി നല്കി. അത്ഭുതം
പ്രവര്‍ത്തിച്ച ദൈവത്തിന് നന്ദി.
'2016-ലെ യു.എസ് ഇലക്ഷന് നടക്കുമ്പോള്‍ ഞാന്‍ സാന്‍ ഫ്രാന്‍സിസ്കോയിലാണ് താമസിച്ചിരുന്നത്. അന്ന്, ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ആസ്വദിക്കാന്‍ കൊതിക്കുന്ന നിരീശ്വരവാദിയായിരുന്നു. പക്ഷേ ട്രംപ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാത്രി എന്റെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്ന ചിലത് സംഭവിച്ചു.
ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകനായി ഫ്ളോറിഡായില്‍ ടാംപാ ബേ പ്രദേശത്തിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലാണ് എന്റെ ജനനം. ക്രൈസ്തവികതയുമായി സ്കൂള്പഠനത്തിലൂടെയും അയല്ക്കാര്വഴിയും പരിചയം ഉണ്ടായിരുന്നെങ്കിലും സുവിശേഷസന്ദേശം വ്യക്തമായി എന്നോട് പ്രഘോഷിക്കപ്പെട്ടിരുന്നില്ല. മാത്രവുമല്ല എന്റെ കുടുംബം പിന്തുടര്ന്നുവന്നിരുന്ന ഹിന്ദു വിശ്വാസം എനിക്ക് വളരെ പ്രധാനപ്പെട്ടതും ആയിരുന്നു. കോളേജിലെ ഹിന്ദു വിദ്യാര്‍ത്ഥി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഞാന്‍.
കോളേജ് വിദ്യാഭ്യാസത്തിനുശേഷം സോഫ്റ്റ്വെയര് ഡവലപ്പര്‍ എന്ന നിലയില്‍ എന്റെ കരിയര്‍ ആരംഭിക്കുന്നതിനായി സാന്‍ ഫ്രാന്‍സിസ്കോയിലേക്ക് മാറി. ആ സമയത്ത് ഹിന്ദുവിശ്വാസമനുസരിച്ച് എനിക്ക് ദൈവത്തോടുണ്ടായിരുന്ന ബന്ധമെല്ലാം ആവിയായിപ്പോയി. പാര്‍ട്ടികളും ഒരു ചിന്തയുമില്ലാതെയുള്ള ഡേറ്റിംഗും തുടങ്ങി ആസ്വദിക്കാവുന്ന എല്ലാ സന്തോഷങ്ങളുടെയും പുറകെയായി പിന്നെ ജീവിതം. പല സൈഡ് ബിസിനസുകളും തുടങ്ങിയെങ്കിലും എല്ലാം പരാജയപ്പെട്ടു, ജീവിതത്തില്‍ എങ്ങുമെത്താത്ത അവസ്ഥ.
ട്രംപിന്റെ ഷോക്ക് ട്രീറ്റ്
ആ സമയത്താണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. പിറ്റേന്ന് ഞാന്‍ സുഹൃത്തിന് അയച്ച മെസേജ് ഇങ്ങനെയായിരുന്നു, ”ഞാനൊരു പുതിയ അമേരിക്കയിലേക്ക് ഉറക്കമുണരുന്നതുപോലെയാണ് തോന്നുന്നത്.” കാരണം അതെനിക്ക് തികച്ചും അപ്രതീക്ഷിതമായ സംഭവമായി തോന്നി. എന്തുകൊണ്ട് എല്ലാവരും ട്രംപിന് വോട്ട് ചെയ്തുവെന്ന് ഞാന്‍ ചിന്തിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന സാന്‍ ഫ്രാന്‍സിസ്കോ പോലെയൊരു നഗരത്തില്‍ ജീവിക്കുന്ന ആളെന്ന നിലയില്‍, ആരും ട്രംപിനെ ഗൗരവത്തിലെടുത്തിരുന്നതായി എനിക്ക് തോന്നിയിട്ടില്ല. അതിനാല്‍ത്തന്നെ ഫ്ളോറിഡായില്‍, ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലത്തുചെന്ന് ആളുകള്‍ ട്രംപിന് വോട്ട് ചെയ്യാനുള്ള കാരണത്തെക്കുറിച്ച് ഒരു അന്വേഷണം നടത്തി.
എനിക്കറിയാവുന്ന ആളുകളോട് സംസാരിക്കുംതോറും ക്രൈസ്തവമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതാണ് ട്രംപിന്റെ വിജയകാരണം എന്ന് വ്യക്തമായിക്കൊണ്ടിരുന്നു. അതിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയസംഹിതകളിലും ധാര്‍മികതയെക്കുറിച്ചുള്ള ചിന്തകളിലും ഞാന്‍ കൂടുതല്‍ ആകൃഷ്ടനാവാന്‍ തുടങ്ങി. പക്ഷേ യേശുക്രിസ്തുവെന്ന വ്യക്തിയെ ഞാനത്ര സ്വീകരിച്ചില്ല. ഞാനൊരു നിരീശ്വരനായിരുന്നു അപ്പോള്‍. അതിനാല്‍ത്തന്നെ ദൈവമെന്നല്ല, യേശുക്രിസ്തു എന്നൊരു മനുഷ്യന്‍പോലും ഈ ഭൂമിയില്‍ ജീവിച്ചിരുന്നതായി ഞാന്‍ വിശ്വസിച്ചിരുന്നില്ല. ക്രൈസ്തവികത എന്ന ആശയംതന്നെ ഒരു തമാശയായിട്ടാണ് കരുതിയത്. എന്നാല്‍, ഒടുവില്‍ എന്റെ അന്വേഷണത്തിന്റെ മറ്റെല്ലാ വഴികളും അടയുകയും മുന്നോട്ടുനീങ്ങാനാവാത്തവിധം ഞാന്‍ നിന്നുപോവുകയും ചെയ്തു. തുടര്‍ന്ന് മുന്നോട്ടുള്ള വഴി തുറക്കണമെങ്കില്‍ ക്രൈസ്തവികത സ്വയം എന്താണ് പറയുന്നത് എന്ന് പഠിക്കാതെ തരമില്ലെന്നുവന്നു.
തോല്‍വി സമ്മതിച്ച ഡവലപ്പര്‍
മയക്കുമരുന്നും മദ്യവും അതിരുവിട്ട ലൈംഗികതയും സമാനമായ മറ്റ് പ്രലോഭനങ്ങളും വലച്ചിരുന്നവര്‍ എങ്ങനെ മാറ്റത്തിലേക്ക് വന്നു എന്ന സാക്ഷ്യങ്ങള്‍ ആ സമയത്ത് എന്നെ വളരെ സ്വാധീനിച്ചു. എന്റെ അവസ്ഥകളുമായി അവരുടെ വിവരണങ്ങള്‍ക്ക് നല്ലവണ്ണം സാമ്യമുണ്ടായിരുന്നു. കാരണം അത്തരം പ്രലോഭനങ്ങളോടൊന്നും ‘നോ’ പറയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. മനുഷ്യരെന്ന നിലയില്‍ ഉത്ഭവപാപം വഴി നാം ദുര്‍ബലരാണെന്നും ശത്രുവിന്റെ പ്രലോഭനങ്ങളെ തനിയെ നേരിടാനാവില്ലെന്നും ഒരിക്കലും ഞാന്‍ മനസിലാക്കിയിരുന്നില്ല. എങ്കിലും എന്റെ പാപങ്ങളില്‍നിന്നും പരാജയങ്ങളില്‍നിന്നും പുറത്തുകടക്കാനുള്ള ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. എന്നെത്തന്നെ നശിപ്പിക്കുന്ന അവസ്ഥയില്‍നിന്ന് എങ്ങനെയെങ്കിലും പുറത്തുവരണമെന്ന ആശ.
കത്തോലിക്കാസഭയ്ക്ക് പുറത്തുനിന്നുകൊണ്ട് ദൈവത്തോട് ‘യെസ്’ പറയാന്‍ ഞാന്‍ ശ്രമിക്കുംതോറും ജീവിതത്തിലെ കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങി. ഒടുവില്‍, തകര്‍ന്ന ബന്ധങ്ങളും തകര്‍ന്ന ബിസിനസ് സംരംഭങ്ങളും എന്നില്‍നിന്നുതന്നെ സംഭവിച്ച തെറ്റുകളും എല്ലാം കണ്ട് സ്വയം പറഞ്ഞു, ”എനിക്ക് മതിയായി, എന്നെത്തന്നെ നശിപ്പിച്ച് എനിക്ക് മതിയായി. ദൈവത്തോട് ‘യെസ്’ പറയാന്‍ എന്ത് ചെയ്യാനും ഞാന്‍ തയാറാണ്.” അതൊരു നിര്‍ണായക തീരുമാനമായിരുന്നു. അതോടൊപ്പം, കത്തോലിക്കാസഭയില്‍ ചേരാനും ചാരിത്ര്യശുദ്ധി, ഗര്‍ഭഛിദ്രം എന്നിവയെക്കുറിച്ചെല്ലാമുള്ള സഭയുടെ ഉറച്ച പഠനങ്ങള്‍ അനുസരിച്ച് ജീവിക്കാനും ആഗ്രഹം തോന്നിത്തുടങ്ങി.
ആ സമയങ്ങളില്‍ എന്റെ ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് എന്നിലുണ്ടായ മാറ്റങ്ങള്‍ മനസിലായി. അതിനാല്‍ ഒരു ദിവസം അവള് എന്നോട് പറഞ്ഞു, ”നിങ്ങള്‍ കത്തോലിക്കനാകാന് തീരുമാനിച്ചു. ഇനി നിങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാം അല്ലേ? അതെനിക്ക് അംഗീകരിക്കാനാവില്ല. ഞാന്‍ ഈ ബന്ധം ഉപേക്ഷിക്കുകയാണ്!” താമസസ്ഥലത്ത് ഉണ്ടായിരുന്ന മിക്കവാറും സാധനങ്ങളും എടുത്തുകൊണ്ട് അവള് പോയി. ആ ബന്ധവും അങ്ങനെ തകര്‍ന്നു.
എന്റെ വേദന ദൈവത്തിന്റേതുമോ?
തുടങ്ങിയിരുന്ന സ്റ്റാര്‍ട്ടപ്പ് പരാജയപ്പെട്ടു, വാടക നല്‍കാന്‍പോലും കൈയില്‍ പണമില്ല, ബന്ധങ്ങളാകട്ടെ തകരുന്നു- ഇങ്ങനെയൊരു അവസ്ഥ. ആ ദിവസങ്ങളിലൊന്നില്‍ ഉറക്കമുണര്‍ന്ന ഞാന്‍ ചിന്തിച്ചത് ഇങ്ങനെയാണ്, ”ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസം…” വാസ്തവത്തില്‍ അത്തരം ദിവസങ്ങള്‍ ആദ്യമായല്ല ഞാന്‍ നേരിടുന്നത്. പക്ഷേ അന്ന് മനസില്‍ ഞാനിങ്ങനെ പറഞ്ഞു, ”ദൈവമേ, അങ്ങയുടെ ഏറ്റം കഠിനമായ ദിവസം അങ്ങ് എന്നെ സ്വീകരിച്ചു. ഇന്ന് എന്റെ ഏറ്റം കഠിനമായ ഈ ദിവസം ഞാന്‍ അങ്ങയെ സ്വീകരിക്കുന്നു.” കുരിശുമരണം അവിടുത്തെ മനുഷ്യജീവിതത്തിന്റെ ഏറ്റം കഠിനമായ ദിവസമായിരുന്നു എന്ന ചിന്തയിലാണ് അപ്രകാരം പറഞ്ഞത്.
അന്ന് ഞാന്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്നിട്ടില്ല, പക്ഷേ യേശു കുരിശുമരണത്തിലൂടെ കത്തോലിക്കാസഭയെ നമുക്ക് നല്കി എന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു. ”അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹന്നാന് 3/16) എന്നാണല്ലോ വചനം ഉറപ്പുനല്‍കുന്നത്.
എന്തായാലും അന്നുമുതല്‍ ഞാനൊരു നല്ല ക്രൈസ്തവവിശ്വാസിയാകാന് ശ്രമം തുടങ്ങി. താമസിയാതെ RCIA- Rite of Christian Initiation of Adults എന്ന മാമ്മോദീസയ്ക്ക് ഒരുക്കമായുള്ള പരിശീലനത്തിന് ചേര്‍ന്നു. കുറച്ച് മാസങ്ങള്‍ക്കകം സാന്‍ ഫ്രാന്‍സിസ്കോ സെയ്ന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍വച്ച് മാമ്മോദീസയും സ്വീകരിച്ചു.
അതിശയങ്ങള്‍ക്ക് ആരംഭമായി…
പിന്നീടങ്ങോട്ട് ജീവിതം മാറുകയായിരുന്നു. ജീവിതം എങ്ങനെ ശരിയായി കൊണ്ടുപോകണമെന്ന് എനിക്കറിയില്ലെന്ന് ബോധ്യമായതോടെ എന്റെ ജീവിതം ഞാന്‍ ദൈവത്തിന് ഭരമേല്പിച്ചു. തുടര്‍ന്ന് ബിസിനസില്‍ വിജയം കണ്ടു. അങ്ങനെ കത്തോലിക്കാവിശ്വാസത്തില്‍ ആഴപ്പെട്ട് ജീവിക്കാന്‍ തുടങ്ങിയ നാളുകളില്‍, ഞാന്‍ മാമ്മോദീസ സ്വീകരിച്ച ദൈവാലയത്തില്‍ത്തന്നെ മാമ്മോദീസ സ്വീകരിച്ച ലിലിയെ കണ്ടുമുട്ടി. വിവിധ ക്രൈസ്തവപരിപാടികളില് ഞങ്ങള്‍ ആവര്‍ത്തിച്ച് പരസ്പരം കാണാനിടയാവുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീടാണ് വിശുദ്ധിയുള്ള ഒരു വിവാഹജീവിതത്തിലേക്ക് കടക്കാന്‍ ആഗ്രഹിച്ചത്. അതോടെ ദിവ്യകാരുണ്യ ആരാധനക്കായി ഞങ്ങള്‍ ഒന്നിച്ചുപോകാന്‍ തുടങ്ങി.
ദിവ്യകാരുണ്യ ഈശോയെ ഒരുമിച്ച് ആരാ ധിച്ചാണ് ഞങ്ങള്‍ വിവാഹത്തിന് ഒരുങ്ങിയത്. 2022 ഡിസംബര്‍ 10-ന് ലൊറെറ്റോ മാതാവിന്റെ തിരുനാള്‍ദിനത്തില്‍ ഞങ്ങള്‍ വിവാഹമെന്ന കൂദാശ സ്വീകരിച്ചു.വഴിവിട്ട ബന്ധങ്ങളിലായിരുന്നപ്പോള്, ലഭിക്കുമെന്ന് പ്രതീക്ഷിച്ച ആനന്ദമോ സംതൃപ്തിയോ ലഭിച്ചിരുന്നില്ല. പകരം അതെല്ലാം തകര്‍ച്ചയിലേക്ക് നയിച്ചുകൊണ്ടിരുന്നു. എന്നാല്‍ വിവാഹകൂദാശ നല്കുന്ന കൃപാവരങ്ങളുടെ പിന്‍ബലത്തോടെയുള്ള ജീവിതം എത്ര മനോഹരമാണെന്ന് ഞാനിന്ന് മനസിലാക്കുന്നു.
വീഴാതെ ജയിപ്പിക്കുന്ന ഈശോ
വാസ്തവത്തില്‍, 2016-ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച ‘ഷോക്ക്’ ആണ് എനിക്ക് അനുഭവപ്പെടുന്ന ശൂന്യതയുടെ കാരണം ബോധ്യപ്പെടുത്തിയത്. ട്രംപിന്റെ വിജയമാണ് അതിനുള്ള പരിഹാരത്തിലേക്കും ഉത്തരത്തിലേക്കുമുള്ള പാതയില്‍ എന്നെ എത്തിച്ചത്. ആ യാത്ര കത്തോലിക്കാസഭയാണ് എന്റെ ഭവനം എന്ന ബോധ്യത്തിലേക്കും ദൈവവുമായുള്ള ബന്ധത്തിലേക്കും നയിച്ചു എന്നതില്‍ അവിടുത്തോട് നന്ദിയുണ്ട്.
ശത്രു എന്നെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രലോഭനങ്ങളോട് ‘നോ’ പറയാന്‍ എന്നെ ശക്തിപ്പെടുത്തിയത് ദൈവത്തോടുള്ള ബന്ധമാണ്. ഇന്ന് വര്‍ഷങ്ങളായി മദ്യത്തിലും മയക്കുമരുന്നുകളിലുംനിന്ന് മോചിതനായി ജീവിക്കാനും സാധിക്കുന്നതില്‍ ദൈവത്തിന് നന്ദി. മറ്റുള്ളവരെയും ദൈവത്തിന്റെ മക്കളായി കാണാനും ആദരവോടെ പരിഗണിക്കാനും ഇപ്പോള്‍ കഴിയുന്നുണ്ട്. പരാജയങ്ങള്‍ സംഭവിക്കാറില്ലെന്നല്ല. എന്നാല്‍ വീണിടത്തുനിന്ന് എഴുന്നേറ്റ് പ്രത്യാശയോടെ മുന്നോട്ടുനീങ്ങാന്‍ എന്റെ കത്തോലിക്കാവിശ്വാസം എന്നെ സഹായിക്കുന്നു. ”സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍ വിശ്വസിക്കുന്ന ഏവര്‍ക്കും…. അത് രക്ഷയിലേക്ക് നയിക്കുന്ന ദൈവശക്തിയാണ്” (റോമാ 1/16).
സാമ്പത്തിക ഉപദേഷ്ടാക്കള്‍ക്ക് വളരെ പ്രയോജനകരമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം- Pantenix(പാന്റെണിക്സ്)ന്റെ സ്ഥാപകനാണ് സോഫ്റ്റ്വെയര് എന്‍ജിനീയറായ കൈലാഷ്. ദൈവരാജ്യവിസ്തൃതിക്കായി അധ്വാനിക്കുന്ന ശുശ്രൂഷകനുംകൂടിയാണ് ഇപ്പോള്‍ അദ്ദേഹം.
'